പത്തനംതിട്ട: പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ താമര ചിഹ്നത്തിന് മാത്രം വോട്ട് വീഴുന്നില്ലെന്ന പരാതിയുമായി കെ.സുരേന്ദ്രന്‍. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥി കൂടിയാണ് കെ.സുരേന്ദ്രന്‍. പല മണ്ഡലങ്ങളിലും താമര ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏനാദി മംഗലം, കോന്നി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റില്‍ താമര ചിഹ്നം കാണാനില്ലെന്ന പരാതിയും ഉയര്‍ന്നു. ഇവിടെയും പോളിങ് നിര്‍ത്തിവച്ച് തകരാര്‍ പരിശോധിച്ചുവരികയാണ്.
അതേസമയം, കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 51-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വീഴുന്നു എന്ന് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചു. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ കെ.വാസുകി അറിയിച്ചു.
ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തിലെ പിഴവ് അസാധ്യമാണെന്നും ഇക്കാര്യം ജില്ലാ കലക്ടര്‍ പരിശോധിച്ച് ബോധ്യപ്പെട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയും അറിയിച്ചു.
കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോള്‍ ലൈറ്റ് തെളിയുന്നത് താമരയ്ക്കാണെന്നാണ് പരാതി ഉയര്‍ന്നത്. 76 പേര്‍ വോട്ട് ചെയ്തശേഷം 77-ാമതായി വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇത്തരമൊരു പരാതിയുമായി പ്രിസൈഡിങ് ഓഫീസറെ സമീപിച്ചത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവര്‍ക്കൊപ്പം എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഇതുവരെ രേഖപ്പെടുത്തിയ 76 വോട്ടുകളുടേയും വിവി പാറ്റ് സ്ലിപ്പ് പരിശോധിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം രേഖാമൂലം നല്‍കാനും വിശദമായി പ്രശ്‌നം പരിശോധിക്കുമെന്നും പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിച്ചു.
ആലപ്പുഴ ചേര്‍ത്തലയിലെ 40-ാം ബൂത്തിലും ഇതേ പ്രശ്‌നം ഉണ്ടായി. മോക് പോളിങ്ങിലാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിങ് മെഷീനിലെ ഏതു ബട്ടണില്‍ അമര്‍ത്തിയാലും തമാരയ്ക്ക് തെളിയുന്നതാണ് കണ്ടത്. വോട്ടിങ് മെഷീന്‍ മാറ്റിയാണ് ഇവിടെ വോട്ടിങ് തുടങ്ങിയത്.
സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഏഴുപേര്‍ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി കാഞ്ഞൂര്‍ പാറപ്പുറം കുമാരനാശാൻ സ്മാരക യുപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ എഴുപത്തൊമ്പതുകാരി പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാമ്മയാണ് മരിച്ചത്.
കണ്ണൂരില്‍ ചൊക്ലി രാമവിലാസം ഹൈസ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ മൂടോള്‍ വിജയ മരിച്ചു. കണ്ണൂര്‍ ചുഴലിയില്‍ വോട്ടുചെയ്ത് വീട്ടില്‍ മടങ്ങിയെത്തിയ വേണുഗോപാലമാരാര്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ പോളിങ് ബൂത്തിലെത്തിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
കൊല്ലം കിളികൊല്ലൂരില്‍ 59കാരനായ മണി ആണ് ബൂത്തില്‍ കുഴഞ്ഞുവീണത്. മാവേലിക്കര കണ്ടിയൂര്‍ ശ്രീരാമകൃഷ്ണ യു.പി സ്കൂളില്‍ വോട്ട് ചെയ്യാന്‍ വന്ന മറ്റംവടക്ക് പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍ ആണ് മരിച്ചത്. തലയോലപ്പറമ്പ് 91–ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ പോകുന്നതിനായി വാഹനത്തില്‍ കയറുന്നതിനിടെ മുളക്കുളം കാലായില്‍ റോസമ്മ ഔസേഫ് കുഴഞ്ഞുവീണ് മരിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പ്രതികരണം വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയശേഷമാണ്. ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാനസര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ മികച്ച പോളിങ് തുടരുന്നു. ഒരു മണിവരെ 35 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. കോട്ടയം, വയനാട് ജില്ലകളിലാണ് കൂടുതല്‍പേര്‍ വോട്ടു രേഖപ്പെടുത്തിയത്. എറണാകുളത്താണ് കുറവ് പോളിങ്. 30 ശതമാനം. വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് പല ബൂത്തുകളിലും വോട്ടിങ് വൈകാന്‍ കാരണമായി.
കല്ലട ട്രാവൽസില്‍ യാത്രക്കാരെ മർദിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ സ്ഥാപനത്തെ തുണച്ച് സംഘപരിവാർ ഗ്രൂപ്പുകള്‍ രംഗത്ത്. കല്ലടക്കെതിരിയുള്ള പരാതികൾ ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.സ്ഥാപനത്തിനും ജീവനക്കാർക്കുമെതിരെയുള്ള നടപടികളും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമൊക്കെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് പ്രചാരണം.
ഏകപക്ഷീയമായ പ്രചാരണങ്ങളണെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് തന്റെ ഫെയ്‍സ്ബുക്കിൽ പറഞ്ഞു. ”കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശം എന്താണ് ? .:: ജീവനക്കാർ തെറ്റ് ചെയ്താൽ നിയമപരമായ ശിക്ഷ ഉറപ്പാക്കണം ..അതിനു സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങൾ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു … ലുലുവിലെ ജീവനക്കാർ മോശമായി പെരുമാറിയാൽ യൂസഫലിയെ ഇങ്ങനെ കാണുമോ ?”, പ്രദീഷ് ഫെയ്‍സ്ബുക്ക് കുറിപ്പിൽ പറയുന്നു.
കല്ലടക്കെതിരെ നടക്കുന്ന നീക്കങ്ങൾ ആസൂത്രിതമാണെന്ന് ഭാരതീയ ജനത പാര്‍ട്ടി എന്ന ഗ്രൂപ്പിലും വാദമുയർന്നിട്ടുണ്ട്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ആഹ്വാനമുണ്ട്. നെഹ്‌റു ഗ്രൂപ്പ്, നിറപറ, അറ്റല്‌സ് എന്നിവയ്‌ക്കെതിരേ നടന്നതുപോലെയുള്ള ഗൂഢാലോചനയാണെന്നും ഇത് ഹിന്ദു വിരുദ്ധതയാണെന്നും ഇവർ വാദിക്കുന്നു. നെഹ്‌റു ഗ്രൂപ്പിനെയും നിപറയയേയും അറ്റ്‌ലസിനെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കല്ലടയേയും തകര്‍ക്കാന്‍ നോക്കുന്നതെന്നും ഇക്കൂട്ടർ പറയുന്നു.
ശനി രാത്രി പത്തോടെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. ബസ് തകരാറിലായതിനെത്തുടർന്ന് മൂന്നുമണിക്കൂറോളം പെരുവഴിയിലായ യാത്രക്കാർ ഗതികെട്ട് പൊലീസിനെ വിളിച്ചുവരുത്തി ഉണ്ടാക്കിയ സമ്മർദ്ദത്തിനൊടുവിൽ പകരം ബസെത്തിച്ച് യാത്ര തുടർന്നു. ഈ യാത്ര കൊച്ചി വൈറ്റില എത്തിയപ്പോഴാണ് ഒരുസംഘം ജീവനക്കാർ കടന്നുകയറി അതിക്രമം കാട്ടിയത്.
തിരുവനന്തപുരം: കോവളത്ത് വോട്ടിംഗ് മെഷീനില്‍ ഗുരുതരമായ ക്രമക്കേടെന്ന് ആരോപണം. കോവളത്ത് 151-ാം നമ്പര്‍ ബൂത്തിലാണ് ആരോപണമുയര്‍ന്നത്. കൈപ്പത്തിക്ക് വോട്ടു ചെയ്തപ്പോള്‍ താമരയില്‍ ലൈറ്റ് തെളിഞ്ഞുവെന്നായിരുന്നു പരാതി. ചൊവ്വര മാധവ വിലാസം സ്‌കൂളിലെ ബൂത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം മോക്ക് പോളിംഗിനിടെയാണ് തകരാറ് ശ്രദ്ധയില്‍പ്പെട്ടതെന്നും തകരാറ് കണ്ടെത്താനാണ് മോക്ക് പോളിംഗ് നടത്തുന്നതെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി പറഞ്ഞു. വോട്ടിംഗ് യന്ത്രത്തില്‍ തകരാറെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കളക്ടര്‍ വ്യക്തമാക്കി. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അത് പരിഹരിച്ചുവെന്നും അവര്‍ പറഞ്ഞു.
ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്തതിനു ശേഷമാണ് പരാതി ഉയര്‍ന്നത്. അതുവരെ ചെയ്ത വോട്ടുകളുടെ കാര്യത്തില്‍ എന്തു ചെയ്യണമന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിക്കും.
https://www.facebook.com/kvasukiias/videos/2284771875067637/
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നിയമം നിയോജക മണ്ഡലത്തിലെ മുടവന്‍മുകളിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് മോഹന്‍ലാല്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. യുവനടന്‍ ടൊവിനോ തോമസും വോട്ട് രേഖപ്പെടുത്തി.
വോട്ട് തങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണെന്ന് അടിക്കുറിപ്പോടെ വോട്ട് ചെയ്ത ഫോട്ടോയും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
സംവിധായകൻ ഫാസിലും അദ്ദേഹത്തിന്റെ മകനും നടനുമായ ഫഹദ് ഫാസിലും ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്താൻ എത്തി. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എല്ലാ തവണയും വോട്ട് ചെയ്യാറുണ്ടെന്നും ഫഹദ് ഫാസിൽ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിങ്കളാഴ്ച മോഹന്‍ലാലിനെ കാണാന്‍ കൊച്ചിയിലെ വീട്ടില്‍ എത്തിയിരുന്നു. തികച്ചും സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
സുരേഷ് ഗോപി തന്റെ വളരെ അടുത്ത സുഹൃത്താണെന്നും എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. നാളെ വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനാവില്ലെന്നും സസ്‌പെന്‍സില്‍ ഇരിക്കട്ടെയെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ മണ്ഡലം തിരുവനന്തപുരമാണ്.
പിണറായിയില്‍ മുഖ്യമന്ത്രിയുടെ ബൂത്തില്‍ വോട്ടിങ് യന്ത്രം പണിമുടക്കി, വോട്ടെടുപ്പ് വൈകുന്നു. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വടകര തിക്കോടി തൃക്കോട്ടൂര്‍ എയുപി സ്കൂളിലെ വോട്ടെടുപ്പ് തടസപ്പെട്ടു.
ഈ തിരഞ്ഞെടുപ്പോടെ ചിലരുടെയൊക്കെ അതിമോഹം തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വോട്ടിങ് യന്ത്രങ്ങളുടെ ക്ഷമത നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പു വരുത്തണമായിരുന്നുവെന്നും മുഖ്യമന്ത്രി
കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട്കോടി അറുപത്തിയൊന്ന് ലക്ഷം വോട്ടര്‍മാര്‍ ഇരുനൂറ്റി ഇരുപത്തിയേഴ് സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കും. വോട്ടടുപ്പിന് മുന്നോടിയായി ബൂത്തുകളില്‍ മോക് പോളിങ് നടത്തി. ചിലയിടത്ത് വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായി. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. 24,970 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുളളത്.
ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രശ്നസാധ്യതയുള്ള 3621 ബൂത്തുകളാണുള്ളത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 219 ബൂത്തുകളുണ്ട്. 57 കമ്പനി കേന്ദ്രസേനയും കേരള, തമിഴ്നാട്, കര്‍ണ്ണാടക പോലീസും സുരക്ഷ ഒരുക്കും. കേരളത്തിനു പുറമെ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
സിനിമാ ഓഫറിൽ നിന്നനുഭവിച്ച മോശം അനുഭവം പങ്കുവെച്ച് നടി സജിത മഠത്തിൽ. തമിഴ്നാട്ടിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ കോളിന്റെ വിശദാംശങ്ങൾ സജിത ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി. വിളിച്ചയാളുടെ ഫോൺ നമ്പറും സജിത പങ്കുവെച്ചിട്ടുണ്ട്.
സജിത പറയുന്നതിങ്ങനെ:
തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !
കാവല്‍ക്കാരന്‍ കള്ളനെന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് ആവര്‍ത്തിച്ച് പറഞ്ഞത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതിയും സമ്മതിച്ചുവെന്ന പ്രസ്താവനയ്ക്ക് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ആവര്‍ത്തിച്ചത്.
അതേസമയം, 2014ൽ ഇച്ഛാശക്തിയുള്ള ‘കാവൽക്കാരൻ’ അധികാരമേറ്റശേഷമാണ് ഇന്ത്യയിലെ ഭീകരവാദത്തിന് അറുതിയായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികളെ ഇന്ത്യയിലേക്ക് അയച്ചിരുന്ന പാകിസ്ഥാന് ഇപ്പോൾഭയമാണ്. കശ്മീരിലെ ഏതാനുംജില്ലകളിലേക്ക് ഭീകരവാദപ്രവർത്തനം ചുരുങ്ങി. ഇതും അവസാനിപ്പിക്കേണ്ടതുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണം സൂചിപ്പിച്ചുകൊണ്ടാണ് മോദിയുടെ പരാമർശം. മഹാരാഷ്ട്രയിലെ ദിന്ദോരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.