ലോകകപ്പ് ടീമില്‍ നിന്നും പരുക്ക് മൂലം പുറത്താക്കപ്പെട്ടതിന് പിന്നാലെ വികാരഭരിതനായി ശിഖര്‍ ധവാന്‍. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായി താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.

”ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അറിയിക്കുന്നത് വളരെ വികാര ഭരിതനായാണ്. നിര്‍ഭാഗ്യവശാല്‍ തള്ളവിരല്‍ സമയത്ത് ശരിയാകില്ല. പക്ഷെ, ഷോ മസ്റ്റ് ഗോ ഓണ്‍. എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജയ് ഹിന്ദ്” ധവാന്‍ പറഞ്ഞു.

പരുക്കേറ്റ ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയിലായിരുന്ന ധവാന്റെ തള്ളവിരലിന് പരുക്കേല്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ പന്തുകൊണ്ടായിരുന്നു പരുക്കേറ്റത്.

നാല് ആഴ്ചക്കുള്ളില്‍ ധവാന്‍ സുഖം പ്രാപിക്കുമെന്നും തിരികെ വരുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ താരത്തിന്റെ പരുക്ക് ഉടന്‍ ഭേദമാകില്ലെന്നും അതിനാല്‍ പന്തിനെ പകരം ടീമിലെടുക്കുകയാണെന്നും ബിസിസിഐ അറിയിക്കുകയായിരുന്നു.

ധവാന് പരുക്കേറ്റതിന് പിന്നാലെ തന്നെ ബിസിസിഐ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിലെത്തിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ കളിക്ക് ശേഷമായിരുന്നു പന്തിനെ വിളിച്ചു വരുത്തിയത്. പക്ഷെ ആ മത്സരം മഴമൂലം ഉപേക്ഷിച്ചു. തൊട്ടടുത്ത മത്സരത്തില്‍ കെഎല്‍ രാഹുലിനെ ധവാന് പകരം ഓപ്പണില്‍ ഇറക്കി. വിജയ് ശങ്കറിനെ നാലാമതും ഇറക്കി. അപ്പോഴും പന്തിനെ ലോകകപ്പ് ടീമിലേക്ക് എടുത്തിരുന്നില്ല.

സെമിയ്ക്ക് മുമ്പ് തന്നെ ധവാന്‍ തിരികെ വരുമെന്നായിരുന്നു നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത്. എന്നാല്‍ താരത്തിന്റെ പരുക്ക് ഉടന്‍ ഭേദമാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ പന്തിന് ഭാഗ്യം തെളിയികുകയായിരുന്നു.