Latest News

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു. വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്കരന്‍ ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിലെത്തിയ പ്രതി ഇടിച്ചുവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സൗമ്യ മരിച്ചു.

മലപ്പുറം സ്വദേശിയായ ഒരു പോലീസുകാരന്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പോലീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് ജോലി ചെയ്യുന്ന അജാസ് എന്ന പോലീസുകാരനാണ് പോലീസിന്‍റെ പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന കാറും കൊല്ലാനുപയോഗിച്ച ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കാറിടിപ്പിച്ച ശേഷം വടിവാളുപയോഗിച്ച് സൗമ്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് റോഡിലിട്ട് തീ കൊളുത്തിയത്.

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സൗമ്യ ജോലി കഴിഞ്ഞ് ഇങ്ങുന്ന സമയം ഉള്‍പ്പെടെ നിരീക്ഷിച്ച ശേഷം ആയുധങ്ങളുമായി പിന്തുടര്‍ന്നെത്തിയാണ് പ്രതി കൃത്യം നടത്തിയിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

കൊട്ടാരക്കര വാളകത്ത് കെഎസ്.ആര്‍.ടി.സി.ബസും ലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു. സംഭവത്തില്‍ 7 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രണ്ട്‌ പേരുടെ നില ഗുരുതരമാണ്.

ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ തിരുവനന്തപുരം-മൂവാറ്റുപുഴ ദേശീയപാതയിൽ എംസി റോഡ് വളവില്‍ വെച്ചാണ് റെഡിമികസ് ലോറിയും ബസ്സും കൂട്ടിയിടിക്കുന്നത്. ബസ് ലോറിയുടെ ഡീസല്‍ ടാങ്കിലാണ്‌ ഇടിച്ചത്. ഉടൻ തന്നെ പൊട്ടിത്തെറിച്ച് തീ ബസിലേക്ക്‌ ആളിപ്പടരുകയായിരുന്നു. ആളുകള്‍ പെട്ടെന്ന് തന്നെ ബസ്സില്‍ നിന്ന് ഇറങ്ങിയാതിനാല്‍ വന്‍ അപകടം ഒഴിവായി. കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള കൊട്ടരക്കര- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസാണ് കത്തി നശിച്ചത്.

റെഡിമികസ് ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇരുവാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

കൊട്ടാരക്കര വാളകത്ത് വാനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ്സിന് തീപിടിച്ചു.

ബസ്സിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പൊള്ളലേറ്റു.പതിനൊന്ന് പേർക്ക് പരിക്കേറ്റു.

കെഎസ്‌ആര്‍ടിസി ബസും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഒരു മണിക്കൂര്‍ മുമ്പാണ്‌ അപകടം സംഭവിച്ചതെന്നാണ്‌ വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വണ്ടികള്‍ രണ്ടും കത്തിനശിച്ച അവസ്ഥയിലാണ്‌. ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്താന്‍ വൈകിയെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്

പരിക്കേറ്റവരെ പൊലീസിന്റെ നേതൃത്വത്തിലാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തമിഴ്നാട് ചെന്നൈയില്‍ യുവാവിനെ പൊലീസ് വെടിവച്ചുകൊന്നു. ഇന്നുപുലര്‍ച്ചെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവച്ചു വീഴ്ത്തിയത്. തിരിച്ചിലിനിടെ ആക്രമിച്ചപ്പോഴാണ് വെടിവച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ എസ്.ഐ അടക്കം രണ്ടു പൊലീസുകാര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു.

നഗരത്തിലെ വ്യാസര്‍പാടിയിലെ മാധവരം ബസ് സ്റ്റാന്‍ഡിനു സമീപം പുലര്‍ച്ചെ ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. വടിവാളു വീശി ആളുകളെ ഭീഷണിപെടുത്തുന്നത് അറിഞ്ഞെത്തിയതായിരുന്നു പൊലീസ്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനായ പൗണ്‍രാജിനു വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു ശേഷം പുലര്‍ച്ചയോടെ കൂടുതല്‍ പൊലീസുകാര്‍ എസ്. ഐ. പ്രേം കുമാര്‍ ദീപന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു.

ഒളിച്ചിരിക്കുകയായിരുന്ന പ്രതി വള്ളറസ് കയ്യില്‍ കരുതിയിരുന്ന വാളുമായി എസ്.ഐയെ ആക്രമിച്ചു. ഇതുകണ്ട മറ്റൊരു പൊലീസുകാരനനാണ് സര്‍വീസ് തോക്കു ഉപയോഗിച്ചു വെടിവെച്ചത്. വെടിയേറ്റു വീണ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്ത് വന്‍ പൊലീസ് സംഘം നിയോഗിച്ചിട്ടുണ്ട്.

കൊലപാതകവും കൊള്ളയുമടക്കം വ്യാസര്‍പാടി പൊലീസ് സ്റ്റേഷനില്‍ തന്നെ പത്തുകേസുകളിലെ പ്രതിയാണ് മരിച്ച വെള്ളറസ്. ഇയാളുടെ കൂട്ടാളികള്‍ വെടിവയ്പ്പുണ്ടായതോടെ ഓടിരക്ഷപെട്ടു. സംഭവത്തില്‍വിശദമായ അന്വേഷണത്തിനു വ്യാസര്‍പാടി മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

വി.മുരളീധരനാണ് ഏറ്റവും ഒടുവില്‍‌ സംഘടനാ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷപദവിയിലെത്തിയത്. മുരളീധരന് രണ്ടാമൂഴം കിട്ടിയത് നോമിനേഷനിലൂടെയും. മുരളീധരന് ശേഷം ആര്‍എസ്എസ്സ് പ്രചാരകനായിരുന്ന കുമ്മനം രാജശേഖരനെ ദേശീയനേതൃത്വം അധ്യക്ഷപദവിയിലേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. കാലാവധി പൂര്‍ത്തായിക്കും മുമ്പ് കുമ്മനം പദവിയൊഴിഞ്ഞ് ഗവര്‍ണറായപ്പോള്‍ പിഎസ് ശ്രീധരന്‍പിള്ള നോമിനേറ്റ് ചെയ്യപ്പെട്ടു. ഫലത്തില്‍ 8 വര്‍ഷമായി പാര്‍ട്ടിയില്‍ സംഘടനാതിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

ഒരിടവേളയ്ക്ക് േശഷം വീണ്ടും സംഘടനാതിരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ കരുത്ത് തെളിയിച്ചില്ലെങ്കില്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് അധ്യക്ഷപദവി നഷ്ടപ്പെടും. ഗ്രൂപ്പ് നേതാക്കള്‍ക്ക് പാര്‍ട്ടി പിടിയ്ക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് സംഘടാനാതിരഞ്ഞെടുപ്പ്.

മുരളീധരന് ശേഷം അധ്യക്ഷനെ നിശ്ചയിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കാതെ വന്നപ്പോഴാണ് ആര്‍എസ്എസ്സ് കുമ്മനത്തെ നിര്‍ദേശിച്ചത്. കെ.സുരേന്ദ്രനെ ആയിരുന്നു വി മുരളീധരന്‍ പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചത്. പക്ഷെ എം.ടി. രമേശിനായിരുന്നു മറ്റ് നേതാക്കളുടെ പിന്തുണ. കുമ്മനം പദവിയൊഴിഞ്ഞപ്പോഴും പാര്‍ട്ടിയില്‍ കേട്ട രണ്ടുപേരുകള്‍ സുരേന്ദ്രന്റെയും എംടി രമേശിന്റെയും തന്നെ ആയിരുന്നു. അപ്പോഴും സമവായമുണ്ടായില്ല. അങ്ങിനെയാണ് നറുക്ക് ശ്രീധരന്‍പിള്ളയ്ക്ക് വീഴുന്നത്. സംഘടനാതിരഞ്ഞെടുപ്പ് വരുന്നതോടെ ബൂത്ത്തലത്തില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. പാര്‍ട്ടിപിടിയ്ക്കാനുള്ള ഒാട്ടമായിരിക്കും ഇനി ഗ്രൂപ്പ് നേതാക്കള്‍.

ശ്രീധരന്‍പിള്ളയ്ക്ക് അധ്യക്ഷപദവിയില്‍ തുടരണമെങ്കില്‍ സംഘടനയില്‍ കരുത്ത്തെളിയിക്കണം. തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടിയ കെ സുരേന്ദ്രനും ശോഭാസുരേന്ദ്രനും തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ച എംടി രമേശിനും സാധ്യതകളേറെയാണ്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ സാധാരണ ആര്‍എസ്എസ് ഇടപെടാറില്ല പക്ഷെ ഇത്തവണ അതുണ്ടാകും. കെപി ശ്രീശനാണ് മെമ്പര്‍ഷിപ്പ്
പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ചുമതല. പാര്‍ട്ടി പിടിയ്ക്കാനുള്ള നീക്കങ്ങള്‍ വിമതവിഭാഗവും ശക്തിപ്പെടുത്തും ചുരുക്കിപറഞ്ഞാല്‍ ഉപതിരഞ്ഞെടുപ്പിനേക്കാള്‍ സംഘടനാ തിരഞ്ഞെടുപ്പായിരിക്കും നേതാക്കള്‍ക്ക് മുഖ്യം.

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 57 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ലിച്ചി പഴമാണെന്ന് ആരോഗ്യ വിദഗ്ധര്‍. 2015- ല്‍ അമേരിക്കന്‍ ഗവേഷകര്‍ ലിച്ചി പഴത്തില്‍ മരണം വരെ സംഭവിക്കാന്‍ കഴിയുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലിച്ചി പഴത്തിലുള്ള വിഷാംശമാണ് കുട്ടികളില്‍ മസ്തിഷ്‌ക രോഗത്തിന് കാരണമായതെന്നും മരണത്തിലേക്ക് നയിച്ചതെന്നും വിദഗ്ധര്‍ പറയുന്നു.

ബിഹാറിലെ മുസാഫര്‍പൂരിലുള്ള രണ്ട് ആശുപത്രികളിലായി 179 കേസുകള്‍ കഴിഞ്ഞ ജനുവരി മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മരണം സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ചകള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെയാണ്. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. ഇവിടെ മാത്രമായി 47 പേരാണ് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചത്. മറ്റ് 10 കേസുകള്‍ സ്വകാര്യ ആശുപത്രികളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മരിച്ച എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞു.

ബംഗ്ലാദേശിലും വിയറ്റ്നാമിലുമാണ് ലിച്ചി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. ലിച്ചി സീസണായ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന ഈ അസുഖം ‘ചാംകി ബുഖാര്‍’ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ഇവിടെത്തെ ജനങ്ങളില്‍ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയിൽ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച.

മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് പിണറായി മോദിയെ കാണുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പിണറായി പങ്കെടുത്തിരുന്നില്ല. കേരളത്തിന്റെ വിവിധ വികസന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ സഹായം കേരളം അഭ്യർത്ഥിക്കും. പ്രളയ പുനരധിവാസത്തിന് കൂടുതൽ സഹായം, മഴക്കെടുതിയിൽ ഉള്ള സഹായം എന്നിവ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക. തീരുമാനം പിൻവലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല.

സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ സ്തംഭിച്ചസാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദില്ലി യാത്ര. മന്ത്രി ജി.സുധാകരൻ, ചീഫ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരനും ചർച്ചയിൽ പങ്കെടുക്കാനിടയുണ്ട്.

കോപ്പ അമേരിക്കയിൽ ജയത്തുടക്കവുമായി വമ്പന്മാരായ ബ്രസീൽ. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ ബ്രസീലിന്റെ 100-ാം ജയം കൂടിയാണ് സാവോ പോളയിൽ പിറന്നത്.

പരമ്പരാഗത മഞ്ഞ ജേഴ്സിക്ക് പകരം വെള്ളയും നീലയും ജേഴ്സിയിൽ ഇറങ്ങിയ ബ്രസീൽ മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം കണ്ടെത്തി. എന്നാൽ വിരസമായ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ ഫിർമിഞ്ഞോയും കുട്ടിഞ്ഞോയും അടങ്ങുന്ന വമ്പന്മാരുടെ നിരക്ക് സാധിച്ചില്ല. പരിക്കേറ്റ് പുറത്തായ നായകൻ നെയ്മറിന്റെ അഭാവം മത്സരത്തിൽ വ്യക്തമായിരുന്നു. കളി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ബ്രസീൽ തുടർച്ചയായി പരാജയപ്പെട്ടു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോളിലൂടെയും ബ്രസീൽ കളിയിൽ ആധിപത്യം സൃഷ്ടിച്ചു. 50-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ബ്രസീൽ മത്സരത്തിൽ മുന്നിലെത്തിയത്. ബൊളീവിയയുടെ മധ്യനിര താരം ജസ്റ്റീനിയായുടെ കൈയ്യിൽ പന്ത് തട്ടിയതോടെ റഫറി അനുവദിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കുട്ടിഞ്ഞോ കോപ്പയിലെ ആദ്യ ഗോൾ സ്വന്തം അക്കൗണ്ടിൽ ചേർത്തു.

രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടി വന്നത് മൂന്ന് മിനിറ്റ്. 53-ാം മിനിറ്റിൽ വീണ്ടും കുട്ടിഞ്ഞോയുടെ ഗോൾ. ബൊളീവിയൻ പ്രതിരോധം തകർത്ത് ഫിർമിഞ്ഞോ നൽകിയ പാസ് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലെത്തിച്ച് ബ്രസീലിന്റെ ലീഡ് കുട്ടീഞ്ഞോ രണ്ടായി ഉയർത്തി. രണ്ട് ഗോൾ വഴങ്ങിയതോടെ സമ്മർദ്ദത്തിലായ ബൊളീവിയയെ ഞെട്ടിച്ച് എവർട്ടന്റെ വക മൂന്നാം ഗോൾ. മത്സരത്തിന്റെ 85-ാം മിനിറ്റിലായിരുന്നു എവർട്ടന്റെ വലംകാൽ ഷോട്ട് ബ്രസീൽ ഗോൾ പട്ടിക പൂർത്തിയാക്കിയത്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ മലയാളി യുവാവ് കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.തഴക്കര അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനത്തില്‍ സാജു ശാമുവല്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ 11 മണിക്ക് ശേഷം മുത്തൂറ്റ് ബാങ്ക് ജോര്‍ജ്ജ് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം.

മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സാജു ഇന്‍സ്‌പെക്ഷന് വേണ്ടിയാണ് നാസിക്കിലെത്തിയത്. ഈ സമയം ബാങ്കില്‍ എത്തിയ കവര്‍ച്ചക്കാര്‍ ജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അപായമണി മുഴക്കാന്‍ അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവര്‍ച്ചക്കാര്‍ പിന്നില്‍ നിന്നും വെടിവെക്കുകയായിരുന്നു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു.

രണ്ടരവര്‍ഷം മുമ്പ് അഹമ്മദാബാദില്‍ ജോലിക്ക് കയറിയ സാജു ഒരു വര്‍ഷം മുമ്പാണ് ന്യൂബോംബേയിലെത്തിയത്. വ്യാഴാഴ്ച ബാങ്കില്‍ ഇന്‍സ്‌പെക്ഷന് വരേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയതു കാരണം വ്യാഴാഴ്ച വരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടര മാസം മുമ്പ് കുഞ്ഞിന്റെ മാമോദീസക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ: ജെയ്‌സി. മകന്‍: ജര്‍മി (9 മാസം)

 

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം ഐപിസി 506, 294ബി, കെപിഎ 120, 120 -ഒ എന്നീ നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കല്‍പറ്റ സിഐക്കാണ് അന്വേഷണ ചുമതല.
വിനായകനില്‍നിന്നുണ്ടായ മോശമായ പെരുമാറ്റത്തെകുറിച്ച് യുവതി നേരത്തെ ഫേസ്ബുക്കിലും വെളിപ്പെടുത്തിയിരുന്നു.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല എഴുതി.

മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.

ഇനിയുള്ള 23 നാള്‍ ലോകം സാംബ താളത്തിനൊത്ത് ചുവടുവയ്ക്കും.കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം . ആദ്യമല്‍സരത്തില്‍ ബ്രസീല്‍ ബൊളീവിയയെ നേരിടും. പുലര്‍ച്ചെ ആറുമണിക്കാണ് മല്‍സരം. നെയ്മറില്ലാതെ ബൊളീവിയക്കെതിരെ ഇറങ്ങുന്ന ബ്രസീലിനെ നയിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗോളടിവീരന്‍മാരായ ഗബ്രിയല്‍ ജിസ്യൂസ്, ഫിര്‍മിനോ റിച്ചാര്‍ലിസന്‍ എന്നിവരിലാണ് . ഹോണ്ടുറാസിനെ എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രസീലിന്റെ മുന്നൊരുക്കം .

കുട്ടിഞ്ഞോയ്ക്കൊപ്പം മധ്യനിരയില്‍ കളിനിയന്ത്രിക്കേണ്ട ആര്‍തറിന് പരുക്കേറ്റെങ്കിലും ആദ്യമല്‍സരത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഒന്‍പത് മാസത്തിനിടെ കളിച്ച ആറുമല്‍സരങ്ങളു ബൊളീവിയ പരാജയപ്പെട്ടിരുന്നു . അതിഥിടീമുകളായി എത്തുന്ന ജപ്പാന്‍ ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലെയെയും ഖത്തര്‍ പരാഗ്വായെയും നേരിടും . ഞായറാഴ്ച പുലര്‍ച്ചെ 3.30ന് നടക്കുന്ന അര്‍ജന്റീന കൊളംബിയ മല്‍സരമാണ് കോപ്പയിലെ ആദ്യ സൂപ്പര്‍ പോരാട്ടം

Copyright © . All rights reserved