തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദിച്ചു മൃതപ്രായനാക്കിയ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ്. കൊലക്കേസ് ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയായ ഇയാൾ തലസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല കുപ്രസിദ്ധ ഗൂണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. നഗരത്തിലെ വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ഗൂണ്ടാ സംഘങ്ങൾക്കിടയിൽ ‘കോബ്ര’യെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇയാൾ മറ്റു ജില്ലകളിൽ കേസുകളിൽ പ്രതിയാണോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.
അരുണിന്റെ മാതാപിതാക്കൾ ബാങ്ക് ജീവനക്കാരായിരുന്നു. ഇയാളുടെ സഹോദരൻ സൈനികനും. സർവീസിൽ ഇരിക്കവേ അച്ഛൻ മരണപ്പെട്ടു. തുടർന്ന് ആശ്രിതനിയമനത്തിൽ ഒരു വർഷം ജോലി ചെയ്തു. ഇത് ഉപേക്ഷിച്ചു തിരികെ നാട്ടിൽ എത്തി. ഇവിടെയുള്ള കുപ്രസിദ്ധ ഗൂണ്ടയുമായി ചേർന്നു മണൽ കടത്ത് ആരംഭിച്ചു.
സുഖലോലുപതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇയാൾ തിരുവനന്തപുരത്തെ ഗൂണ്ടാസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതായി പൊലീസ് പറയുന്നു. ഇതിനു പിന്നാലെ പണത്തിനായി ലഹരി കടത്തിലും ഇയാൾ പങ്കാളിയായി. നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
മദ്യത്തിന്റെയും ലഹരിയുടെയും ബലത്തിൽ എന്തും കാണിക്കുന്ന ആളായിരുന്നു അരുണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറുന്ന, വാഹനങ്ങളിൽ മദ്യവും കഞ്ചാവുമായി നടക്കുന്ന ആളായിരുന്നു അരുൺ. മ്യൂസിയം സ്റ്റേഷനിൽ മൂന്നു ക്രിമിനൽ കേസുകളും ഫോർട്ടിൽ രണ്ടും വലിയതുറയിൽ ഒന്നും വിഴിഞ്ഞം സ്റ്റേഷനിലും കേസുകൾ ഉണ്ട്.
വധശ്രമം, അടിപിടി, പണം തട്ടൽ, ഭീഷണി തുടങ്ങിയവ ‘ഹോബി’ ആക്കി മാറ്റിയ അരുൺ ശത്രുത തോന്നിയാൽ ക്രൂരമായി ആക്രമിക്കുന്നതും പതിവാക്കിയിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. ഏഴുവയസ്സുകാരനെ മർദിച്ച കേസിൽ ബാലാവകാശകമ്മിഷനും ഇയാൾക്കെതിരെ കേസെടുത്തു. ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അരുണിനെ യുവതി പരിചയപ്പെടുന്നത്. യുവതിയുടെ ഭർത്താവിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അരുൺ.
കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാൾ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. ഭർത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാൾ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നു. കുട്ടികളെ കാണാതെ ഇരിക്കാൻ വയ്യെന്ന പേരിൽ അടുത്തു കൂടി വിശ്വാസം നേടിയെടുത്തതോടെ യുവതി ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ഇയാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.
ഭർത്താവ് മരിച്ച് ആറു മാസം കഴിയുന്നതിന് മുൻപായി ഒളിച്ചോടിയ യുവതിയും അരുണും പേരൂർക്കടയിൽ വാടകയ്ക്കു താമസിച്ചിരുന്നു. പേരൂർക്കട സ്കൂളിൽ പഠിച്ചിരുന്ന ഇപ്പോൾ ആക്രമണത്തിന് വിധേയനായ കുട്ടി ഒറ്റയ്ക്കാണു സ്കൂളിൽ എത്തിയിരുന്നത്. ബന്ധം സ്കൂളിൽ ചർച്ചയായതോടെ കുട്ടിയുടെ അമ്മ നേരിട്ട് എത്തി സ്കൂളില്‍ നിന്ന് ടിസി വാങ്ങിക്കുകയും ചെയ്തു.
അന്നേ ദിവസം രാത്രി യുവതിയുടെയും അരുണിന്റെയും കാർ തൊടുപുഴയ്ക്കു സമീപം പൊലീസ് പട്രോൾ സംഘം കണ്ടിരുന്നു. മദ്യപിച്ചു ലക്കുകെട്ടുള്ള അരുണിന്റെ രാത്രി യാത്രകളിൽ മിക്കവാറും കാർ ഡ്രൈവ് ചെയ്തിരുന്നത് യുവതിയാണ്. അന്നു വൈകിട്ട് ഏഴു മുതൽ തൊടുപുഴയിലെ ഹോട്ടലിൽ അരുൺ രണ്ടു സുഹൃത്തുക്കളുമൊത്തു മദ്യപാനത്തിലായിരുന്നു. യുവതിയും കുട്ടികളും ഒപ്പമുണ്ടായിരുന്നു.
യുവതിയാണു കൗണ്ടറിൽനിന്ന് മദ്യം എടുത്തുകൊടുത്തത്. പത്തുമണിയോടെ അരുൺ യുവതിയോടു മടങ്ങാൻ പറഞ്ഞു. ഇത് ഓർമയില്ലാതെ അൽപസമയം കഴിഞ്ഞു തിരിച്ചുവന്ന് കൗണ്ടറിൽ അന്വേഷിച്ചു. പുറത്തിറങ്ങിയപ്പോൾ യുവതി കാറിലുണ്ടായിരുന്നു. ഗ്ലാസ് താഴ്ത്തി അവിടെവച്ചുതന്നെ യുവതിയുടെ മുഖത്തടിച്ചു. തുടർന്നു വീട്ടിലെത്തി. കുട്ടികളെ പൂട്ടിയിട്ട ശേഷം രാത്രി ഒന്നരയോടെ തിരികെ വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു മൂന്നുമണിയോടെ മടങ്ങിവന്നു. അതിനുശേഷമായിരുന്നു കുട്ടിയെ അർധപ്രാണനാക്കിയ മർദനം.
ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ചില്ല എന്ന പേരിലാണ് ഏഴുവയസ്സുകാരനെ ഉറക്കത്തിൽനിന്നുണർത്തി മർദനം തുടങ്ങിയത്. എന്നാൽ, പിന്നീട് സ്കൂൾ ടീച്ചറുടെ അടുത്ത് തന്നെക്കുറിച്ച് എന്തോ മോശമായി പറഞ്ഞു എന്നതിന്റെ പേരിലായി ചോദ്യം ചെയ്യൽ. ഇതു ചോദിച്ചപ്പോൾ കുട്ടി പരുങ്ങി. സ്കൂളിലെ കാര്യങ്ങളെല്ലാം അറിഞ്ഞെന്നും കള്ളം പറഞ്ഞാൽ കൊന്നുകളയുമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു അരുണിന്റെ മർദനം.
‘ഒന്നും പറഞ്ഞില്ല’ എന്നു കുട്ടി കരഞ്ഞുപറഞ്ഞു. ചുവരിന്റെയും അലമാരിയുടെയും ഇടയ്ക്ക് വീണ കുട്ടിയെ അവിടെയിട്ടു പലതവണ ആഞ്ഞു തൊഴിച്ചു. കാലിൽ വലിച്ചെറിഞ്ഞു. കട്ടിലിന്റെ കാലിന്റെ താഴെ തലയിടിച്ചാണ് തലയോട്ടിക്കു നീളത്തിൽ പൊട്ടലുണ്ടായത്. മാർച്ച് ഒന്നിനാണ് കുട്ടിയെ കുമാരമംഗലത്തെ സ്കൂളിൽ രണ്ടാം ക്ലാസിൽ ചേർത്തത്. അരുണിന്റെ മർദനമേറ്റും പറയുന്നതു പോലെ അനുസരിച്ചുമാണു യുവതി കഴിഞ്ഞിരുന്നതെന്നാണു സൂചന
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ. ഖഷോഗിയെ വധിച്ചവർക്ക് പരിശീലനം ലഭിച്ചത് അമേരിക്കയിൽ നിന്നാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സൗദി ഭരണകൂടത്തിന്റെ നിരന്തര വിമർശകനായിരുന്ന ഖഷോഗി കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. റിയാദിൽ നിന്നെത്തിയ പതിനഞ്ചംഗ സംഘമാണ് കൊലക്ക് പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയായിരുന്നുവെന്ന ആരോപണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ആരോപണങ്ങളെ സൗദി നിഷേധിച്ചു. കേസിൽ 11 പേർ വിചാരണ നേരിടുകയാണെന്നും നിയമനടപടികൾ തുടരുകയാണെന്നും സൗദി ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി.
ഖഷോഗി വധം ചർച്ചയായതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെയും ആരോപണങ്ങളുയർന്നിരുന്നു.
മമ്മൂട്ടി ചിത്രം മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റിലീസിംഗ് അടുത്തതോടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും പൊടിപൊടിക്കുകയാണ്. ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നാണ് നടന്‍ സലിം കുമാര്‍ പറയുന്നത്. മധുരരാജയുടെ പ്രമോഷന്റെ ഭാഗമായി ഉള്ള റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമ ഇത് വരെ കാണാത്ത വമ്പന്‍ ഗ്രാഫിക്സ് വിസ്മയം ആണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. പോക്കിരിരാജയില്‍ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റാവും.’ സലിം കുമാര്‍ പറഞ്ഞു. ചിത്രത്തില്‍ മനോഹരന്‍ മംഗളോദയം എന്ന കഥാപാത്രമായി സലിം കുമാറുമുണ്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു.
ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, രേഷ്മ അന്ന രാജന്‍, തെസ്നി ഖാന്‍, പ്രിയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎ സ്ഥാനാർഥിയേയും മാറ്റിയേക്കുമെന്ന് സൂചന. നിലവിലെ എൻഡിഎ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം ആലോചിക്കുന്നതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കേന്ദ്ര നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നിലവിൽ വയനാട്ടിലെ സ്ഥാനാർഥിയായി പൈലി വാദ്യാട്ടിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, രാഹുൽ ഗാന്ധിയെ നേരിടാൻ സുരേഷ് ഗോപിയെ രംഗത്തിറക്കിയേക്കുമെന്നും ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. രാഹുലിനെതിരേ ജനഹൃദയങ്ങളിൽ സ്ഥാനമുള്ള നേതാവുതന്നെ വേണമെന്നാണ് എൻഡിഎ നേതാക്കളുടെ ആവശ്യം.
വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിനെതിരല്ലെന്ന് എഐസിസി. നരേന്ദ്രമോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരാണ് പോരാട്ടമെന്ന് സുര്‍ജേവാല വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മൂല്യംസംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു.
എന്നാൽ നടക്കുന്നത് ഇടതുമുന്നണിക്കെതിരായ പോരാട്ടമാണന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ് ക്ലബിലെ മുഖാമുഖം പരാപാടിയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയൻ പറഞ്ഞു. രാഹുലിന്‍റേത് ഇടതുപക്ഷത്തെ നേരിടാനുള്ള നീക്കമാണ്. ഇത് തെറ്റായ സന്ദേശം നൽകും. മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.
രാഹുലിനെ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയും. ഇനിയുള്ള പരിശ്രമമെന്നും അതിനു വേണ്ടിയെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത് കൊണ്ട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചത് ചോദ്യംചെയ്ത തിരഞ്ഞെടുപ്പ് നിരീക്ഷകനെ ശകാരിച്ച് കേന്ദ്രമന്ത്രി അശ്വിനികുമാര‍്‍ ചൗബേ. രാത്രി വൈകി കാറില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. ഇതില്‍ പ്രകോപിതനായ മന്ത്രി ഉദ്യോഗസ്ഥനായ കെ.കെ. ഉപാധ്യായ്ക്കുനേരെ തട്ടിക്കയറി. ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് പിന്തുണയും നല്‍കി.
കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. സ്ഥാനാര്‍ഥിത്വം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത് എ.കെ. ആന്‍റണിയാണ്. വയനാട് രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമെന്ന് വിലയിരുത്തലെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ആന്റെണി പറഞ്ഞു.രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ നിലപാട് സ്വീകരിക്കുമെന്നും ജയരാജനെ തോല്‍പ്പിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. കേസുകളുടെ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ സിപിഎം പാളയത്തില്‍ പുതിയ തലവേദനയാണുണ്ടായിരിക്കുന്നത്.
സംഘപരിവാര്‍ നേതാവായിരുന്ന കതിരൂര്‍ മനോജ്, മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ജയരാജന്‍ പ്രതിയായിട്ടുള്ളത്. മനോജിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ജയരാജന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമാനം. ഷൂക്കൂറിനെ കൊല്ലാനുള്ള പദ്ധതിയെക്കുറിച്ച് വിവരം ഉണ്ടായിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളും ഉയര്‍ത്തി കാണിച്ചാവും യു.ഡി.എഫ് പ്രചാരണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയരാജന് പങ്കുണ്ടെന്ന് നേരത്തെ ആര്‍.എം.പി ആരോപിച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുക തുടങ്ങിയ കേസുകളും ജയരാജനെതിരെയുണ്ട്. ഈ കേസില്‍ ഒരെണ്ണത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവിനും പിഴ അടക്കാനുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
ഐപിഎല്‍ 12-ാം എഡിഷനിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ വിജയം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം. സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയെ പേസര്‍ റബാഡ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. റസലും കാര്‍ത്തികും ഉത്തപ്പയും അടക്കുള്ള വമ്പന്‍മാര്‍ക്ക് കൊല്‍ക്കത്തയെ ജയിപ്പിക്കാനായില്ല. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയെ പേസര്‍ പ്രസിദ് കൃഷ്‌ണ 10 റണ്‍സിലൊതുക്കിയിരുന്നു. പന്ത്, ശ്രേയാസ്, ഷാ നിരയാണ് ക്രീസിലിറങ്ങിയത്.
നേരത്തെ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അവസാന പന്തില്‍ സമനില പിടിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പ്രവേശിക്കുകയായിരുന്നു. പൃഥ്വി ഷായുടെ വമ്പന്‍ ഇന്നിംഗ്‌സും ഡല്‍ഹിയെ ജയിപ്പിച്ചില്ല. ഇതേസമയം അവസാന ഓവറില്‍ കുല്‍ദീപിന്‍റെ മാസ്‌മരിക ബൗളിംഗ് കൊല്‍ക്കത്തയ്ക്ക് രക്ഷയായി. സ്‌കോര്‍: കൊല്‍ക്കത്ത 185-8, ഡല്‍ഹി 185-6നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത റസല്‍ വെടിക്കെട്ടില്‍ നിശ്‌ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 185 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കാര്‍ത്തിക്- റസല്‍ സഖ്യമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സന്ദര്‍ശകര്‍ക്ക് 44 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നിഖില്‍(7), ക്രിസ് ലിന്‍(20), ഉത്തപ്പ(11), റാണ(1) എന്നിവരാണ് പുറത്തായത്. ഹര്‍ഷാല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റബാഡയും ലമിച്ചാനെയും ഓരോ വിക്കറ്റ് വീഴ്‌ത്തി. നാല് റണ്‍സെടുത്ത ഗില്‍ റണ്‍ഔട്ടായതോടെ കൊല്‍ക്കത്ത 13 ഓവറില്‍ 96-5.
എന്നാല്‍ ക്രീസില്‍ ഒന്നിച്ച കാര്‍ത്തിക്കും റസലും കൊല്‍ക്കത്തയെ കരകയറ്റി. കാര്‍ത്തിക് കരുതലോടെ കളിച്ചപ്പോള്‍ റസല്‍ കഴിഞ്ഞ മത്സരങ്ങളിലെ വെടിക്കെട്ട് മൂഡിലായിരുന്നു. 23 പന്തില്‍ റസലിന്‍റെ സൂപ്പര്‍ അര്‍ദ്ധ സെഞ്ചുറി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ മോറിസ് പുറത്താക്കുമ്പോള്‍ 28 പന്തില്‍ 62 റണ്‍സെടുത്തിരുന്നു റസല്‍. റസലും കാര്‍ത്തിക്കും കൂട്ടിച്ചേര്‍ത്ത് 95 റണ്‍സ്. റസല്‍ പുറത്തായ ശേഷം ഹിറ്റ് ചെയ്ത് കളിച്ച കാര്‍ത്തിക് 36 പന്തില്‍ 50 റണ്‍സെടുത്തു. 19-ാം ഓവറില്‍ മിശ്രക്കായിരുന്നു വിക്കറ്റ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ചൗളയും(5 പന്തില്‍ 12) കുല്‍ദീപും(5 പന്തില്‍ 10) കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായി. ചൗള എറിഞ്ഞ മൂന്നാം ഓവറില്‍ ധവാന്‍, റസലിന്‍റെ കൈകളില്‍ ഒതുങ്ങി. പുറത്താകുമ്പോള്‍ ധവാന്‍റെ അക്കൗണ്ടില്‍ 8 പന്തില്‍ 16 റണ്‍സ്. മറ്റൊരു ഓപ്പണറായ പൃഥ്വി ഷായും നായകന്‍ ശ്രേയാസ് അയ്യരും ക്രീസില്‍ ഒന്നിച്ചതോടെ കണ്ടത് യുവ താരങ്ങളുടെ കളിയഴക്. ഇരുവരും മികച്ച ഷോട്ടുകളുമായി ഡല്‍ഹിയെ 100 കടത്തി. എന്നാല്‍ 12-ാം ഓവറില്‍ റസലിന്‍റെ പന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ബൗണ്ടറിലൈനില്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ അയ്യര്‍(32 പന്തില്‍ 43) അപ്രതീക്ഷിതമായി മടങ്ങി.
അവിടംകൊണ്ട് അടി നിര്‍ത്താന്‍ ഉദേശിച്ചിരുന്നില്ല പൃഥ്വി ഷാ. 30 പന്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. അയ്യര്‍ പുറത്തായ ശേഷമെത്തിയ ഋഷഭ് പന്ത് വേഗം മടങ്ങി. 15 പന്തില്‍ 11 റണ്‍സെടുത്ത ഋഷഭ് പന്തിനെ 18-ാം ഓവറില്‍ കുല്‍ദീപ് പറഞ്ഞയച്ചു. അവസാന രണ്ട് ഓവറില്‍ 15 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ഐപിഎല്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ഷാ വീണു. ഫെര്‍ഗൂസന്‍റെ 19.3 ഓവറില്‍ കാര്‍ത്തിക്കിന് ക്യാച്ച്. 55 പന്തില്‍ മൂന്ന് സിക്‌സും 12 ഫോറും അടങ്ങിയ ഇന്നിംഗ്‌സിന് വിരാമം. കളിതീരാന്‍ ഒരു ബോള്‍ ബാക്കിനില്‍ക്കേ വിഹാരിയെ(2) കുല്‍ദീപ് മടക്കി. അവസാന പന്തില്‍ ഡല്‍ഹിക്ക് രണ്ട് റണ്‍ നേടാനാകാതെ വന്നതോടെ കളി സമനിലയില്‍. പിന്നെ കണ്ടത് സൂപ്പര്‍ ഓവര്‍ യുദ്ധം.
മറ്റൊരു മത്സരത്തിൽ കിങ്സ് ഇലവന്‍ പഞ്ചാബിനോട് മുംബൈ എട്ട് വിക്കറ്റിന് തോറ്റു. കെ.എല്‍.രാഹുൽ അര്‍ധസെഞ്ചുറി നേടി. ഈ സീസണിൽ പഞ്ചാബിന്റെ രണ്ടാം ജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിനായി കളത്തിലിറങ്ങിയവരെല്ലാം റൺസ് കണ്ടെത്തിയതോടെ 12 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് വിജയത്തിലെത്തി. ഓപ്പണറായിറങ്ങിയ രാഹുൽ 55 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 66 റൺസുമായി പുറത്താകാതെ നിന്നു.
ക്രിസ് ഗെയ്‍ൽ (24 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതം 40), മായങ്ക് അഗർവാൾ (21 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43), ഡേവിഡ് മില്ലർ (എട്ടു പന്തിൽ രണ്ടു ബൗണ്ടറി സഹിതം പുറത്താകാതെ 14) എന്നിങ്ങനെയാണ് പഞ്ചാബ് താരങ്ങളുടെ പ്രകടനം.
177 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ കരുത്തിലാണ് വിജയത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ–ഗെയ്ൽ (7.2 ഓവറിൽ 53), രണ്ടാം വിക്കറ്റിൽ രാഹുൽ–അഗർവാൾ (6.1 ഓവറിൽ 64), പിരിയാത്ത മൂന്നാം വിക്കറ്റിൽ രാഹുൽ–ഡേവിഡ് മില്ലർ (5.1 ഓവറിൽ 50) എന്നിങ്ങനെയാണ് പഞ്ചാബ് ഇന്നിങ്സിലെ കൂട്ടുകെട്ടുകൾ. മുംബൈയ്ക്കായി ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
ചുറ്റും മരങ്ങള്‍ നിറഞ്ഞ ഒറ്റപ്പെട്ട റോഡ്. സമയം അര്‍ദ്ധരാത്രി. പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍. ഇരുട്ടിനെ വകഞ്ഞുമാറ്റി റോഡിലൂടെ നീങ്ങുകയാണ് ഒരു കാര്‍. പെട്ടെന്നാണ് അത് സംഭവിച്ചത്. നടുറോഡില്‍ പൊടുന്നനെ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. സഡന്‍ ബ്രേക്കിട്ട കാറിനു നേരെ വെളുത്ത വസ്ത്രമിട്ട ആ രൂപം പതിയെ നടന്നടുക്കുന്നു. കാറിന്‍റെ ഡോര്‍ ആ ഭീകര രൂപം വലിച്ചുതുറന്നു. പക്ഷേ അകത്തേക്ക് നോക്കിയ ആ പ്രേതരൂപത്തിന്‍റെ മുഖത്ത് ഭയം നിറഞ്ഞു. ഡ്രൈവിങ്ങ് സീറ്റില്‍ ആരുമില്ല. പേടിച്ച് വിരണ്ട പ്രേതം നിലവിളിച്ച് തിരിഞ്ഞ് ഒരൊറ്റ ഓട്ടം!
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പരസ്യചിത്രമാണിത്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഓട്ടോണമസ് കാറിന്‍റെ പരസ്യമാണിത്. ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് രസകരമായ വീഡിയോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ഓട്ടോണമസ് കാറുകളുടെ കണ്‍സെപ്റ്റ് മോഡലുകളുടെ പരീക്ഷണത്തിലാണ് കമ്പനി. എത്രയും പെട്ടെന്ന് തന്നെ ഇത്തരം കാറുകള്‍ കമ്പനി നിരത്തിലെത്തിക്കുമെന്നാണ് വാഹന ലോകത്തിന്‍റെ പ്രതീക്ഷ.