പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും തൊട്ടു പുറകെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. പൂരത്തില്‍ പങ്കാളികളാകുന്ന മറ്റ് ദേശക്ഷേത്രങ്ങളിലും കൊടികളുയരും. ഈ മാസം പതിമൂന്നിനാണ് തൃശൂര്‍ പൂരം.
രാവിലെ 11.15നും 11.45നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. കാനാട്ടുകര താഴത്തുപുരയ്ക്കൽ കുടുംബമാണ് രാജകാലം മുതല്‍ പൂരക്കൊടിമരത്തിന്‍റെ ആശാരി. 10 കോലും ആറ് വിരലുമാണ് തിരുവമ്പാടി കൊടിമരത്തിന്‍റെ ഉയരം. ഭൂമി പൂജ കഴിഞ്ഞ് രാശി നോക്കി ലക്ഷണം പറഞ്ഞ ശേഷമാണ് കൊടി ഉയർത്തുക. മുകളിൽ നിന്ന് 13 വിരൽ താഴെയാണ് കൊടിക്കൂറ കെട്ടുന്നത്.
ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടവര്‍ക്ക് പ്രത്യേക പാസ്സ് ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യൂണിഫോമുമുണ്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
സരിത എസ് നായരെ കൊച്ചിയില്‍ വച്ച് ആക്രമിച്ചതായി പരാതി. കാറില്‍ സഞ്ചരിക്കുമ്പോള്‍ ചക്കരപ്പറമ്പില്‍ വെച്ച് ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായാണ് സരിതാ എസ് നായരുടെ പരാതി. കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് തന്റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് സരിത പരാതിയില്‍ പറയുന്നു. ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാറിന് മുന്നിലെത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ത്തുവെന്നും സരിത പൊലീസിനോട് പറഞ്ഞു.
ആക്രമണത്തില്‍ കാറിന്റെ ഇടതുവശത്തെ ഗ്ലാസ് തകര്‍ന്നുവെന്നും പല ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും സരിത പറഞ്ഞു. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്.
ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും അയാളെ വ്യക്തമായി തിരിച്ചറിഞ്ഞെന്നും സരിത പൊലീസിന് മൊഴി നല്‍കി. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബുള്ളറ്റിന്റെ നമ്പറും പൊലീസിന് കൈമാറി.
തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും സരിത പരാതിയില്‍ ആവശ്യപ്പെടുന്നു.
സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചസംഭവത്തില്‍ തെളിവെടുപ്പിന് ഹാജരാകാന്‍ ബസുടമയ്ക്കും ഡ്രൈവര്‍മാര്‍ക്കും നോട്ടീസ്. എറണാകുളം ആര്‍ടിഓയാണ് ബസ് ഉടമ കെ.ആര്‍.സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും നോട്ടീസ് നല്‍കിയത്.എറണാകുളം റീജിണൽ ട്രാൻസ്‌പോർട് ഓഫീസറാണ് നോട്ടീസ് നല്‍കിയത്.
യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസ് ഡ്രൈവറും പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്റെ ഡ്രൈവറുമാണ് ബസ് ഉടമയ്ക്കൊപ്പം ഹാജരാകേണ്ടത്. അഞ്ചുദിവസത്തിനുള്ളില്‍ എറണാകുളം ആര്‍ടിഓയ്ക്കു മുന്നില്‍ ഹാജരാകാരാണ് നിര്‍ദേശം. നേരത്തേ ബസുടമ സുരേഷിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. യാത്രക്കാരെ ആക്രമിച്ചതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു സുരേഷിന്റെ പ്രതികരണം.
ആവശ്യമെങ്കില്‍ സുരേഷിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് പൊലീസിന്റെ നിലപാട്. സുരേഷിന്റേയും ബസ് ജീവനക്കാരുടേയും ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തിനു പുറമേയാണ് ആര്‍ടിഓയും സുരേഷില്‍ നിന്നും ജീവനക്കാരില്‍ നിന്നും തെളിവെടുക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിച്ച ശ്രീനിവാസന്‍ വനിതാക്കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ ശക്തമായി വിമര്‍ശിച്ചും ശ്രീനിവാസന്‍. പുതിയ ചിത്രമായ കുട്ടിമാമയുടെ പ്രചാരണാര്‍ഥം പ്രമുഖ പത്ര ദൃശ്യ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസന്‍ നിലപാട് വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസന്‍ ആരോപിക്കുന്നു. ഒന്നരക്കോടിരൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ലെന്നാണ് ശ്രീനീവാസൻ പറഞ്ഞു
അസുഖബാധിതനായി ചികില്‍സകഴിഞ്ഞ് ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ശ്രീനിവാസന്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെയും തുറന്നവിമര്‍ശനം ഉന്നയിച്ചു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ല. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെയും ശ്രീനിവാസന്‍ തള്ളി.
ഒരു സംഘടനയേയും നശിപ്പിക്കാനല്ല താന്‍ സംസാരിക്കുന്നതെന്നും ചിലകാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.
ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെയും കേസെടുക്കാന്‍ പൊലീസിന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ട ഏഴുവസുകാരന്റെ അമ്മയ്ക്കെതിരെയും കേസെടുക്കാനാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം.
എന്നാല്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് പലതവണ കണ്ടുനിന്നിട്ടും കുട്ടികളുടെ അമ്മ പ്രതികരിച്ചില്ലെന്നും, പരാതി നല്‍കിയില്ലെന്നും, പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതി അരുണ്‍ ആനന്ദിനെ ഭയന്നിട്ടാണ് പ്രതികരിക്കാത്തതെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. വീണ്ടും രഹസ്യമൊഴിയെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
അതേസമയം ഇളയ കുട്ടിയെ, കുട്ടിയുടെ പിതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൈമാറി. അമ്മയുടെ അടുത്ത് ഇളയകുട്ടി സുരക്ഷിതനല്ലെന്ന ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇളയ കുട്ടി ഒരു മാസം മുത്തശ്ശനും, മുത്തശ്ശിക്കുമൊപ്പം കഴിയും.
ബ്രിട്ടീഷ് രാജകൊട്ടാരത്തിൽ നടന്ന പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സൈബർ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. വില്യം രാജകുമാരന്‍- കേറ്റ് മിഡില്‍ടണ്‍ ദമ്പതികളുടെ മകള്‍ ഷാര്‍ലറ്റിന്റെ പിറന്നാൾ ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ പുതിയ ചർച്ച. നാലുവയസുകാരി രാജകുമാരിയും മുത്തശി എലിസബത്ത് രാജ്ഞിയും തമ്മിലുള്ള അമ്പരപ്പിക്കുന്ന രൂപസാദൃശ്യമാണ് സോഷ്യൽ ലോകത്തെ ഒരു കൂട്ടർ പങ്കുവയ്ക്കുന്നത്.
എലിസബത്ത് രാജ്ഞിയുടെ അതേ കണ്ണുകളാണ് ഷാര്‍ലറ്റിനും കിട്ടിയിരിക്കുന്നതെന്നാണ് പ്രധാന കണ്ടെത്തല്‍. രണ്ടുപേരും നോക്കുന്നത് ഏതാണ്ട് ഒരുപോലെതന്നെയെന്നും മുടിയുടെ നിറത്തിൽ പോലും സാദൃശ്യമുണ്ടെന്നും കണ്ടെത്തി കമന്റ് ചെയ്യുന്നവരേറെയാണ്. ഇതോടെ രാജകുമാരിയുടെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലായി.
കെൻസിങ്ടൺ കൊട്ടാരത്തിലെ നോര്‍ഫോള്‍ക് വസതിയില്‍ വച്ചാണ് ഷാര്‍ലറ്റിന്റെ ഇൗ ചിത്രങ്ങള്‍ എടുത്തത്. ചിരിച്ചുകൊണ്ട് ക്യാമറയ്ക്കു നേരെ ഓടിവരുന്നതുള്‍പ്പെടെയുള്ള കുസൃതിച്ചിത്രങ്ങള് ഒൗദ്യോഗികമായി പങ്കുവച്ചതാണ്‍. ഏപ്രിലില്‍ രാജകൊട്ടാരത്തില്‍ വച്ച് അമ്മ കേറ്റ് തന്നെയാണ് മകളുടെ ചിത്രങ്ങളെടുത്തതെന്നും കൊട്ടാരം വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
The Duke and Duchess of Cambridge are very pleased to share three new photographs
of Princess Charlotte ahead of her fourth birthday tomorrow.The photographs were taken in April by The Duchess at Kensington Palace and at
their home in Norfolk. pic.twitter.com/skf95Z44EZ— Kensington Palace (@KensingtonRoyal) May 1, 2019
Princess Charlotte is so much like her father Prince William & great Gand mother The Queen. Lotte is very cute. pic.twitter.com/ZFcEz8NcNh
— Crown Pandora 👑 (@CrownPandora) May 1, 2019
റഷ്യയിൽ സുഖോയ് സൂപ്പർജെറ്റ് വിമാനം തീപിടിച്ച് തകരുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് വിമാനം തകർന്നുവീണത്. മോസ്കോയിലെ ഷെറെമെറ്റിയേവോ രാജ്യാന്തര വിമാനത്താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയ വിമാനം കത്തിയത്.
നിലത്തടിച്ചു പൊങ്ങിയ വിമാനം തൊട്ടുപിന്നാലെ തകർന്നുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വലിയ വേഗതയിലായിരുന്നു ലാൻഡിങ്ങ്. റണ്‍വേ തൊട്ട വിമാനം ബൗൺസ് ചെയ്യുന്നതും നിമിഷങ്ങൾക്കുള്ളിൽ തീഗോളമായി മാറുന്നതും വിഡിയോയിൽ കാണാം.
അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള ആദ്യശ്രമം പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു രണ്ടാം ശ്രമം. വിമാനത്തിനു എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ധന ടാങ്കുകൾ ഉപേക്ഷിക്കാൻ പൈലറ്റിനു സാധിച്ചില്ല.
വിമാനത്തിലുണ്ടായിരുന്നു 78 യാത്രക്കാരിൽ 41 പേർ മരിച്ചെന്നാണ് റിപ്പോർട്ട്.
Видео с камер Шереметьево: “Суперджет” на большой скорости ударяется о полосу, подскакивает, после чего бьётся ещё раз и загорается. pic.twitter.com/zAncjmzBg5
— baza (@bazabazon) May 5, 2019
കൊച്ചി: മഹാപ്രളയത്തിനു ശേഷമുള്ള ആദ്യ എസ്എസ്എല്‍സി ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പത്തനംതിട്ടയും കുട്ടനാടുമാണ് ഇത്തവണത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല എന്ന സ്ഥാനം പത്തനംതിട്ടയ്ക്ക് (99.33 ശതമാനം) ലഭിച്ചപ്പോള്‍ വിജയശതമാനം ഏറ്റവും കൂടുതലുളള വിദ്യാഭ്യാസ ജില്ല കുട്ടനാട്, 99.9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുളള വിദ്യാഭ്യാസ ജില്ല വയനാട്, 93.22 ശതമാനം. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 2499 കുട്ടികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയത്.
പ്രളയത്തെ തുടര്‍ന്ന് നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുകയും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നശിക്കുകയും ചെയ്ത നിരവധി വിദ്യാര്‍ഥികളാണ് പത്തനംതിട്ടയിലും കുട്ടനാട്ടിലുമുണ്ടായിരുന്നത്. പ്രളയത്തെ അതിജീവിച്ച് നേടിയ വിജയമായതിനാല്‍ ഈ ഫലപ്രഖ്യാപനം പത്തനംതിട്ടയ്ക്കും കുട്ടനാടിനും അഭിമാന നിമിഷം കൂടിയാണ്. 2018 ലെ പ്രളയത്തെ തുടര്‍ന്ന് പത്തനംതിട്ടയിലെയും കുട്ടനാടിലെയും നിരവധി വിദ്യാലയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്നു. ഓണം അവധി കഴിഞ്ഞ് പലയിടത്തും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോഴും പ്രളയം രൂക്ഷമായി ബാധിച്ച പത്തനംതിട്ടയിലും കുട്ടനാട്ടിലും സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാകാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു. വീടുകളില്‍ വെള്ളം കയറിയത് വിദ്യാര്‍ഥികളുടെ പാഠപുസ്‌കങ്ങളും പഠനോപകരണങ്ങളും നശിക്കാനും കാരണമായി. ഇത്തവണത്തെ SSLC ഫലം പത്തനംതിട്ടയ്ക്കും കുട്ടനാടിനും അതിജീവനത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണെന്നതില്‍ സംശയമില്ല.
ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടന്നത്. 98.11 ശതമാനമാണ് വിജയശതമാനം. കേരളത്തിലും ലക്ഷദ്വീപിലും, ഗള്‍ഫ് മേഖലകളിലുമായി 2939 സെന്ററുകളില്‍ 4,34,729 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം 4,26,513 ആണ്. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ്, 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂ ജില്ല വയനാട്, 93.22 ശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 37,334 ആണ്. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 34,313 ആയിരുന്നു. ഈ വർഷം 3,021 കുട്ടികൾക്ക് കൂടുതലായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ആഭരണമോഷണക്കേസിൽ അറസ്റ്റിലായ വീട്ടമ്മയുടെ ഭർത്താവിനെ ചിറയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടാന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ നാലുപവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാൽപവൻ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വടാന്തോൾ കോക്കാടൻ കുര്യൻ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 29-ന് രാത്രി 12-നായിരുന്നു മോഷണം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ജോൺസന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങൾ ആലീസ് ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നാണ് പ്രതി അകത്തുകയറിയത്. ആലീസിനെ ഞായറാഴ്‌ച വൈകീട്ട് കോടതിയിൽ ഹാജരാക്കി.
സംഭവത്തിൽ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പോലീസ് കുര്യനെയും ആലീസിനെയും ശനിയാഴ്‌ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ ആലീസ് കുറ്റം സമ്മതിക്കുകയും കുര്യനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെ ഭാര്യാവീട്ടിലെത്തിയ കുര്യൻ ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ ചെറുവത്തൂർച്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മക്കൾ: ആൽബിൻ, അർണോൾഡ്. ശവസംസ്കാരം തിങ്കളാഴ്ച പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.
ആയിരത്തിലധികം വേദികളില്‍ പടര്‍ന്ന ആ മധുര ശബ്ദം അസ്തമിച്ചു. മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 75 വയസ്സായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം.
നാട്ടിലും വിദേശത്തുമായി ആയിരത്തിലധികം വേദികളില്‍ പാടിയ ഗായകനാണ് എരഞ്ഞോളി മൂസ. ഒരു മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസാരിക്കാന്‍ പറ്റാത്ത വിധം അവശതയിലായിരുന്നു. കല്യാണവീടുകളില്‍ പെട്രോമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. അദ്ദേഹം ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരിഞ്ഞോളിയിലാണ് ജനനം. പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ച അദ്ദേഹം നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ ആലപിക്കുകയും രചിക്കുകയും ചെയ്തിട്ടുണ്ട്.