Latest News

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മതവും വിശ്വാസവും ആചാരവും പറഞ്ഞ് വോട്ടുപിടിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകി. ആന്ധ്ര മുഖ്യമന്ത്രിയുടെ എൻ ചന്ദ്രബാബു നായ്ഡുവിന്റെ വിശ്വസ്തനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി.

ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് താക്കീത്. ഇത്തരം പ്രയോഗങ്ങൾ ആവർത്തിക്കരുതെന്ന് കമ്മിഷൻ നിർദേശിച്ചു. കോൺഗ്രസിന്റെ മിനിമം വേതന വാഗ്ദാനത്തെ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വിമർശിച്ചത് മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് താക്കീത്.രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നതിന് ഉദ്യോഗസ്ഥർക്കുള്ള വിലക്ക് രാജീവ് കുമാർ ലംഘിച്ചുവെന്നാണ് കമ്മിഷൻ വിലയിരുത്തൽ. മതം, വിശ്വാസം, ആചാരങ്ങൾ എന്നിവ പറഞ്ഞ് വോട്ടുപിടിക്കരുതെന്നും രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം നൽകി. ആരാധനാലയങ്ങളുടെ പേരോ, ചിത്രമോ പ്രചാരണത്തിന് ഉപയോഗിക്കരുത്.

സമൂഹത്തിൽ ഭിന്നതയോ സാമുദായിക സ്പർധയോ ഉണ്ടാക്കുന്ന പ്രസംഗങ്ങളും പ്രചാരണവും പാടില്ലെന്നും കമ്മിഷൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തിയിരുത്തി മാതൃക പെരുമാറ്റച്ചട്ടത്തിൽ സമയോചിതമായ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് മാർഗനിർദേശം നൽകിയിട്ടുള്ളത്. ആരുടെയും സ്വകാര്യ ജീവിതം ആയുധമാക്കരുത്. തെളിയക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിക്കുത്. സൈന്യത്തിന്റെ നേട്ടങ്ങൾ, സൈനികരുടെ ചിത്രം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കമ്മിഷൻ നിർദേശിക്കുന്നു. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായ്ഡുവിന്റെ വിശ്വസ്തൻ അനിൽ ചന്ദ്ര പുനേതയെ മാറ്റി എൽ വി സുബ്രഹ്മണ്യത്തെയാണ് ആന്ധ്ര ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. കമ്മിഷനുമായ ഏറ്റുമുട്ടിയ അനിൽ ചന്ദ്ര പുനേതയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നും നിർദേശിച്ചു.

ജലന്തർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതതിരായ പീഡനക്കേസിലെ കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിന് ഡിജിപി അനുമതി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ അനിശ്ചിതികാല സമരം ആരംഭിക്കാനിരിക്കെയാണ് പൊലീസിന്‍റെ നടപടി.

2014നും 16നും ഇടയില്‍ നാടുക്കുന്ന് മഠത്തില്‍വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നുപരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായി. ഇരുപത്തിയഞ്ച് ദിവസം ജയിലില്‍ കിടന്ന ബിഷപിന് പിന്നീട് ജാമ്യം ലഭിച്ചു. ബിഷപ് പുറത്തിറങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും കേസിന്‍റെ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. ഒരുമാസം മുന്‍പ് അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കിയെങ്കിലും ഡിജിപിയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോടതിയില്‍ സമര്‍പ്പിക്കാനായില്ല. ഇതോടെ പ്രതിഷധവും ശക്തമായി. പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ നേരില്‍ കണ്ട് പരാതി അറിയിച്ചു.

ഒടുവില്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡിജിപി അനുമതി നല്‍കിയത്. ഏറെ വിവാദമായ കേസായതിനാല്‍ അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വിശദമായി പരിശോധിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശങ്ങളും പരിഗണിച്ച് തിരുത്തലുകള്‍ വരുത്തിയ ശേഷമായിരിക്കും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. എണ്‍പത് പേജിലേറെയുള്ള കുറ്റപത്രത്തിനോടൊപ്പം ലാപ്ടോപ്, മൊബൈല്‍ ഫോണ്‍. എന്നിവയ്ക്ക് പുറമെ മുപ്പതിലധികം രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബിഷപുമാര്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 90പേരുടെ സാക്ഷിമൊഴികളും ഉള്‍പ്പെടും. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതും കുറ്റപത്രം പൂര്‍ത്തിയാക്കുന്നതിന് തടസമായി. തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം എതിരാകുമെന്ന സാധ്യതകണ്ടാണ് കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ ആന്ദ്രേ റസലിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ചുവിക്കറ്റിന് തോല്‍പിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. 13 പന്തില്‍ 48 റണ്‍സെടുത്താണ് ആന്ദ്രേ റസലാണ് കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

നാലോവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 75 റണ്‍സ് .ദിനേശ് കാര്‍ത്തിക് കൂടി പുറത്താതയതോടെ ബാംഗ്ലൂര്‍ വിജയമാഘോഷിക്കാനുള്ള ഒരുക്കത്തില്‍ .എന്നാല്‍ ആറാമനായി ക്രീസിലെത്തിയ ആന്ദ്രേ റസല്‍ അവിശ്വസനീയമെന്ന് തോന്നിച്ച ലക്ഷ്യത്തിലേയ്ക്ക് അഞ്ചുപന്ത് ശേഷിക്കെ കൊല്‍കത്തയെ എത്തിച്ചു. ടിം സൗത്തി എറിഞ്ഞ 19ാം ഓവറില്‍ നാല് കൂറ്റന്‍ സിക്സറുകള്‍ അടക്കം റസല്‍ നേടിയത് 29 റണ്‍സ് .

13 പന്തില്‍ 48 റണ്‍സ് നേടി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റസല്‍ ഷോ . അകമ്പടിയായത് ഏഴു സിക്സറുകള്‍. വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്സിന്റെയും അര്‍ധസെഞ്ചുറി മികവിലാണ് ബാംഗ്ലൂര്‍ 205 റണ്‍സ് നേടിയത് . കോഹ്ലി 84 റണ്‍സെടുത്തതോടെ സുരേഷ് റെയിനയെ കോഹ്‍ലി ഐപിഎല്‍ റണ്‍നേട്ടത്തില്‍ ഒന്നാമതെത്തി.

ന്യൂസ് ഡെസ്ക്

ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന അപകടത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ടായി. കഴിഞ്ഞ രാത്രി അദ്ദേഹം സഞ്ചരിച്ച വാഹനം നിറുത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

ഫാ.സെബാസ്റ്റ്യൻ ശൗര്യാംമാക്കൽ, ഫാ. വിൽസൺ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവർക്കും നിസാര പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അറിയുന്നു.

വൈശാഖ് സംവിധാനം ചെയ്‍ത പോക്കിരിരാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജയില്‍ പൃഥ്വിരാജ് ഇല്ല. എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത് എന്നതിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. പോക്കരിരാജയില്‍ തന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തമാശ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

എല്ലാത്തരം സിനിമകളിലും അഭിനനയിക്കണം എന്നതാണ് ആഗ്രഹമെന്നും മമ്മൂട്ടി പറയുന്നു. നടനാകുമ്പോൾ എല്ലാ കഥാപാത്രങ്ങളും പരിശ്രമിക്കണമെന്നുണ്ട്. അതിനുള്ള ധൈര്യം 36 വർഷമായി രംഗത്തുള്ള തനിക്ക് പ്രേക്ഷകർ തന്നിട്ടുണ്ട്. സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. നന്മയുടെ ഭാഗത്തുള്ള സിനിമയാണ് മധുരരാജയെന്നും മമ്മൂട്ടി പറയുന്നു.

ന്യൂസ് ഡെസ്ക്

യുഡിഎഫ് കൺവീനറും ചാലക്കുടിയിലെ സ്ഥാനാർഥിയുമായ ബെന്നി ബെഹ്നാന്റ ഹൃദയധമനികളിലൊന്ന് 90 ശതമാനവും രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ. മരണം വരെ സംഭവിക്കാമായിരുന്ന അവസ്ഥയിലായിരുന്നു ബെന്നി ബെഹ്നാൻ എന്നും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായത് ഗുണകരമായെന്നും ഡോക്ടർമാർ പറയുന്നു.

കാക്കനാടുള്ള സൺറൈസേഴ്സ് ആശുപത്രിയിലാണ് ബെന്നി ബെഹ്നാനെ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് 90 മിനിറ്റുള്ളിൽ ആൻജിയോ പ്ലാസ്റ്റി നടത്തിയതിനാൽ ആരോഗ്യനില പൂർവസ്ഥിതിയിൽ ആക്കാൻ സാധിച്ചുവെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ഡോക്ടർ ബാലകൃഷ്ണൻ, ഡോക്ടർ ബ്ലെസൻ വർഗീസിന്റെയും നേതൃത്വത്തിലാണ് ആൻജിയോ പ്ലാസ്റ്റി നടത്തിയത്. ആശുപത്രിയിൽ കഴിയുന്ന ബെന്നി ബെഹ്നാനെ എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന ഇന്നസെന്റ് ആശുപത്രിയിലെത്തി സന്ദർശിച്ചു. കോൺഗ്രസ് നേതാവ് എം.എം ഹസനും ആശുപത്രിയിലെത്തി ബെന്നി ബെഹ്നാന്റെ കുടുംബാംഗങ്ങളെ കണ്ടു.

നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ബെന്നി ബെഹ്നാൻ. വെള്ളിയാഴ്ച പുലർച്ചെ 3.30 നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബെന്നി ബെഹ്നാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രചാരണ തിരക്കുകൾ കഴിഞ്ഞ് രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതിന് ശേഷമാണ് അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

ബിടെ​ക് വി​ദ്യാ​ർ​ഥി​നി നീ​തു​വി​​നെ യുവാവ് തീകൊളുത്തി കൊന്നത് ബുള്ളറ്റില്‍ നിന്ന് ഊറ്റിയ പെട്രോള്‍ ഉപയോഗിച്ചെന്ന് പൊലീസ്. നീതുവിന്റെ ദിനചര്യകള്‍ നന്നായി അറിയാവുന്ന പ്രതി പുലര്‍ച്ചെയാണ് എത്തിയത്. നീതു എഴുന്നേല്‍ക്കുന്നതും കാത്ത് പ്രതി പിന്നാമ്പുറത്ത് കാത്തിരുന്നു. നീതു ഭക്ഷണം പാചകം ചെയ്യാന്‍ എഴുന്നേറ്റ സമയത്താണ് വീടിന്റെ പിന്‍ വാതിലിന് അടുത്തെത്തിയത്.

പിന്നാമ്പുറത്ത് എത്തിയ പ്രതി നീതു വാതില്‍ തുറന്നയുടനെ കയറിപ്പിടിച്ചതായാണ് നിഗമനം. തുടര്‍ന്ന് നീതുവിനെ വായ പൊത്തി കുളിമുറിയിലേക്ക് കൊണ്ടു പോയി. യുവാവിന്റെ കൈയില്‍ കത്തിയും ബുളളറ്റില്‍ നിന്ന് ഊറ്റിയ പെട്രോളും ഉണ്ടായിരുന്നു. വായ പൊത്തിപ്പിടിച്ച പ്രതി നീതുവിനെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. കഴുത്തില്‍ കുത്തേറ്റ നീതു നിലവിളിക്കാന്‍ കഴിയാതെ താഴെ വീണു. അപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതിനിടെ ശബ്ദം കേട്ട് അമ്മൂമ്മയും ഇവരുടെ മകനും ഓടിയെത്തി പ്രതിയെ പിടികൂടി. നാട്ടുകാര്‍ എത്തിയതോടെ പ്രതിയെ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചു.

കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നതിന് സാഹചര്യ തെളിവുകള്‍ ഉണ്ട്. പ്രതിക്ക് യാതൊരു വിധ പരുക്കും പറ്റിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യുവാവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് തന്നെയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താ​മെന്ന്​ എറണാകുളം സി.ബി.ഐ വിചാരണ കോടതി ഉത്തരവ്​. കേസി​​​​​ന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ്​ കോടതി തീരുമാനം. ദിലീപ്​ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അതിൽ തടസമില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ ഏതൊക്കെ രേഖകളാണ്​ കൈമാറാൻ കഴിയാത്തതെന്ന്​ പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരായില്ല. കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഇന്നലെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഹർജി തീർപ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നാണിത്.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യമടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ്​ ആവശ്യ​പ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നത്​ അടുത്ത മാസം ഒന്നാം തീയതിയിലേക്ക്​ മാറ്റി. നേരത്തെ ഹൈക്കോടതിയിൽ ഈ ആവശ്യമുന്നയിച്ചെങ്കിലും മെമ്മറി കാർഡ് കേസിലെ​ തൊണ്ടിയാണെന്നും നൽകാൻ സാധിക്കില്ലെന്നും കാണിച്ച്​ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.

ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻറണി പിടിയിലായി. സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കൽസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. ആലുവ പൊലീസ് ക്ലബിൽവെച്ച് ദിലീപിനെ വൈകിട്ട് ആറരയോടെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം 90 ശതമാനം നിലച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒമ്പതാം ദിവസമാണ് കുട്ടി വെന്റിലേറ്ററില്‍ തുടരുന്നത്. സ്വന്തമായി ശ്വാസമെടുക്കുന്ന രീതിയിലേക്ക് കുട്ടിയുടെ ആരോഗ്യനില മാറിയിട്ടില്ല. കോലഞ്ചേരിയിലെ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ പ്രവേശിപ്പിക്കുന്നത്.

ശരീരത്തിലെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഡോക്ടര്‍മാര്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്.

കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാന്‍ സാധിച്ചില്ല.

കോഴിക്കോട് എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉറക്കെംകെടുത്തി മരപ്പട്ടി. ബുധനാഴ്ച രാത്രി വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിൽ നാടകീയ രംഗങ്ങൾ ഉണ്ടായത് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്റ്റ്ഹൗസിന്‍റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി.

ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചർച്ചകൾക്കുശേഷം പതിനൊന്നരയോടെയാണ് മുറിയിൽ ഉറങ്ങാനെത്തിയത്. പുലർച്ചെ രണ്ടരയോടെ തട്ടിൻമുകളിൽനിന്ന് ശബ്ദംകേട്ട് പ്രിയങ്ക ഉണർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മരപ്പട്ടി തട്ടിന്മുകളിൽ ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അലട്ടിയെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷ ഉദ്യോഗസ്ഥര്‍ മരപ്പട്ടിയുടെ ശല്യം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മരപ്പട്ടി ശല്യം കൂടിയതോടെ റൂം നഗരത്തിലെ ഒരു ഹോട്ടലിലേക്ക് മാറുവാന്‍ പ്രിയങ്ക ആലോചിച്ചു. അവിടേക്ക് പോകാൻ എസ്.പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ പൊലീസിന് നിർദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തന്‍റെ ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചു. ഇതോടെ മുറിമാറുന്ന കാര്യം പ്രിയങ്ക ഉപേക്ഷിച്ചു. അപ്പോഴേക്കും സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു.

Copyright © . All rights reserved