ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം 90 ശതമാനം നിലച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒമ്പതാം ദിവസമാണ് കുട്ടി വെന്റിലേറ്ററില്‍ തുടരുന്നത്. സ്വന്തമായി ശ്വാസമെടുക്കുന്ന രീതിയിലേക്ക് കുട്ടിയുടെ ആരോഗ്യനില മാറിയിട്ടില്ല. കോലഞ്ചേരിയിലെ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ പ്രവേശിപ്പിക്കുന്നത്.

ശരീരത്തിലെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഡോക്ടര്‍മാര്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്.

കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാന്‍ സാധിച്ചില്ല.