ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന റെജു സോബിൻ്റെ പിതാവ് പി ജെ എബ്രഹാം , പഴൂർ (രാജു, 75 ) നിര്യാതനായി. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭൗതികശരീരം നവംബർ 4-ാം തീയതി രാവിലെ 9 .30-ന് റാന്നിയിലെ സ്വഭവനത്തിൽ എത്തിക്കും.പൊതുദർശനത്തിന് ശേക്ഷം ഉച്ചകഴിഞ്ഞ് 3 PM – ന് ഐത്തല കുര്യാക്കോസ് ക്നാനായ ചർച്ചിൽ മൃത സംസ്കാര ശുശ്രൂഷകൾ നടക്കും. കിഴക്കയ്ക്കൽ കുടുംബാംഗമായ മോളി വർഗീസ് ആണ് പരേതന്റെ ഭാര്യ.
മക്കൾ : റോഷ് മനോ ( മാഞ്ചസ്റ്റർ , യുകെ) , റെജു സോബിൻ (സ്റ്റോക്ക് ഓൺ ട്രെൻ്റ്, യുകെ) , റിഷു എബ്രഹാം (ഇന്ത്യ).
മരുമക്കൾ : മനോ തോമസ്, വലിയവീട്ടിൽപടിക്കൽ (യു കെ) ,സോബിൻ സോണി, കുന്നുംപുറത്ത് (യുകെ),ബിയ റിഷു, തോമ്പുമണ്ണിൽ (ഇന്ത്യ).
കൊച്ചുമക്കൾ : ടാനിയ മനോ, അലിനിയ മനോ. ലിയോൺ മനോ , റയോൺ സോബിൻ , സാന്ദ്ര സോബിൻ,
നിവാൻ ഋഷു, നൈതാൻ റിഷു
റെജു സോബിൻ്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടി യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്‍ക്കുള്ള സാധ്യത മുൻനിർത്തിയാണ് നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തേക്ക് വീശുന്ന തുലാവർഷക്കാറ്റിന്‍റെയും മാന്നാർ കടലിടുക്കൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് വീണ്ടും മഴ കനക്കുന്നത്.
നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
റെയില്‍വേ പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഷൊര്‍ണൂരില്‍ നാല് പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള കരാര്‍ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്മണ്‍ എന്നിവരും ലക്ഷമണന്‍
എന്ന പേരുള്ള മറ്റൊരാളുമാണ് മരിച്ചത്.
ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് കേരള എക്സ്പ്രസ് കടന്നുവരികയായിരുന്നു. ഇവരില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടുകയും ഒരാള്‍ പുഴയിലേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് നടന്നതിരച്ചിലിലാണ് പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് വിഴിപുരം സ്വദേശികളാണ് മരിച്ചവര്‍. ട്രാക്കില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ പെട്ടെന്ന് ട്രെയിന്‍ എത്തുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. മൂന്ന് പേരുടെ മൃതദേഹം പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 26 ശനിയാഴ്ച കേരള ആർട്ട് നൈറ്റ് നടത്തി. വൻ വിജയമായിരുന്ന പരിപാടി ലിവർപൂൾ കാർഡിനൽ ഹീനൻ ഹൈസ്കൂളിൽ വെച്ച് ആണ് നടന്നത്. പരിപാടികളുടെ ഭാഗമായ എല്ലാവർക്കും മലയാളി ഹിന്ദു സമാജം (LMHS ) നന്ദി രേഖപ്പെടുത്തി .
കേരളത്തിൻ്റെ തനത് സംസ്കാരത്തിൻ്റെ മൂല്യവും പ്രൗഢിയും വിളിച്ചോതുന്ന പാരമ്പര്യ കലകളെ ബ്രിട്ടീഷ് സമൂഹത്തിലും ഇവിടെ വളർന്നു വരുന്ന നമ്മുടെ സ്വന്തം കുഞ്ഞുങ്ങൾക്കും പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ (LMHS ) സ്ഥാപക ലക്ഷ്യങ്ങളിൽ ഒന്നു തന്നെയാണ്.

നമ്മുടെ കുഞ്ഞുങ്ങളിൽ കേരള സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറ പാകുന്നതിൽ കേരള തനത് കലകൾക്കുള്ള പങ്കുകൾ നിസ്തുലമാണ് എന്നിരിക്കേ തുടർന്നും ഇതു പോലുള്ള പരിപാടികൾ ലിവർപൂളിൽ സംഘടിപ്പിക്കാൻ ലിവർപൂൾ മലയാളി ഹിന്ദു സമാജം (LMHS ) പ്രതിജ്ഞാബദ്ധമാണ്.
ഈ ശ്രേണിയിലെ ആദ്യ പരിപാടിയായ കേരള ആർട്ട് നൈറ്റ് കലാചേതനയുടെ അമരക്കാരൻ ആയ ശ്രീ കലാമണ്ഡലം വിജയകുമാർ ആശാനും , കലാചേതന കുട്ടികൃഷ്ണൻ ആശാനും ,കലാചേതന ബാലകൃഷ്ണൻ ആശാനും ചേർന്ന് അവതരിപ്പിച്ച ദക്ഷയാഗം കഥകളിയും, നവധാര ലണ്ടൻ ൻ്റെ അമരക്കാരൻ ആയ വിനോദ് നവധാരയുടെ നേതൃത്വത്തിൽ നടന്ന വിവിധ ചെണ്ടമേളങ്ങളും ശ്രീമതി ഹിദ ശശിധരൻ്റെ മോഹിനിയാട്ടവുമായി കലാ ആസ്വാദകർക്ക് ഒരു മികച്ച കലാ വിരുന്ന് തന്നെയായിരുന്നു.

കലാചേതനയുടെ അമരക്കാരിയായ കലാമണ്ഡലം ബാർബറ വിജയകുമാറിൻ്റെ കഥകളിക്ക് വേണ്ടിയുള്ള ആത്മ സമർപ്പണത്തെ കുറിച്ച് പരാമർശിക്കാതെ ഈ കുറിപ്പ് പൂർണമാവില്ല. ഇംഗ്ലണ്ടിലെ ലങ്കാഷയറിനടുത്തുള്ള റോഷ്ഡെയിൽ ജനിച്ച് ഒരു നിയോഗമോ അതോ ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാലോ എന്ന പോലെ കരമാർഗം ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, തുർക്കി,ഇറാൻ , അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ വഴി ഇന്ത്യയിൽ എത്തിയ കലാമണ്ഡലം ബാർബറ പിന്നീട് ഭാരതം മുഴുവനും യാത്ര ചെയ്ത് അവസാനം ദൈവ നിശ്‌ചയം എന്ന പോലെ കേരള കലാമണ്ഡലത്തിൽ എത്തിച്ചേർന്നു . കലാമണ്ഡലം ബാർബറ അവിടെ വെച്ച് കലാമണ്ഡലം ഗോപി ആശാൻ്റെ സഹായത്തോടെ കഥകളിയും അഭ്യസിച്ചു .ഈ സമയം തൻ്റെ ജന്മനിയോഗം ചുട്ടി ആണെന്ന് തിരിച്ചറിഞ്ഞ ബാർബറ കഥകളിയുടെ പ്രധാന ഭാഗം ആയ 3D മേക്കപ്പ് എന്നറിയപ്പെടുന്ന ചുട്ടിയിലേക്ക് എത്തിപ്പെട്ടു. അങ്ങിനെ ലോകത്തിലെ ആദ്യത്തെ വനിതാ ചുട്ടി കലാകാരിയായി മാറിയ കലാമണ്ഡലം ബാർബറ കഥകളി കലാകാരൻ ആയ ശ്രീ കലാമണ്ഡലം വിജയകുമാറിനെ കല്യാണം കഴിച്ച് കേരളത്തിൻ്റെ മരുമകൾ ആയി മാറി. ഇപ്പോൾ ഈ ദമ്പതികൾ ലോകം മുഴുവനും കഥകളി പ്രചരിപ്പിക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ മണ്ണിൽ തൃശ്ശൂർ പൂരത്തിനെ പോലെ ആവേശം നിറച്ചുകൊണ്ട് മട്ടന്നൂരിനെയും ജയറാമിനെയും അണിനിരത്തി ‘മേള പ്പെരുമ’ ചെണ്ടമേളം അവതരിപ്പിച്ച നവധാര ലണ്ടൻ കേരള ആർട്ട് നൈറ്റിന്റെ ഭാഗമായി LMHS കേരള ആർട്ട് നൈറ്റ് വേദിയിൽ കാഴ്ചവെച്ച ചെണ്ടമേളങ്ങൾ ആസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു . നവധാര വിനോദിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളവും പാണ്ടിമേളവും ഫ്യൂഷൻ ചെണ്ടമേളവും . കൂടാതെ ഇംഗ്ലണ്ടിലെ കലാവേദികളിൽ നിറസാന്നിധ്യവും വലിയ ഒരു ആരാധക വൃന്ദത്തിന്റെ ഉടമയുമായ ശ്രീ ഹിദാ ശശിധരന്റെ ലാസ്യലയങ്ങൾ നിറഞ്ഞ മോഹിനിയാട്ടവും കൂടെ ചേർന്നപ്പോൾ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ‘കേരള ആർട്ട് നൈറ്റ് ‘ ആസ്വാദകരുടെ ഹൃദയത്തിലേക്ക് തന്നെ കടന്ന് കയറി എന്ന് തന്നെ പറയാം.

പാലാഴി മഥനം കഴിഞ്ഞ അമൃത് അസുരന്മാരിൽ നിന്നും തട്ടിയെടുക്കാൻ വേണ്ടി മഹാവിഷ്ണു അണിഞ്ഞ സുന്ദരിയായ സ്ത്രീ വേഷം ആണ് മോഹിനി എന്നാണ് ഐതിഹ്യം. ഈ പുരാണ സന്ദർഭത്തെ അനുസ്മരിക്കാൻ ക്ഷേത്ര നർത്തകിമാർ ആണ് പതിഞ്ഞ താളത്തിൽ ഉള്ള സംഗീതത്തിന് ഒത്ത് കൺകോണുകളിലും , ഉടലിലും ലാസ്യ ലാവണ്യം നിറച്ച് ലളിതമായ വേഷവും കേരളീയ ആഭരണങ്ങളും അണിഞ്ഞ് മോഹിനിയാട്ടം ആടിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

കഥകളി പോലുള്ള ഒരു കഠിനമായ കലാരൂപം മുതിർന്നവർക്കും കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കാൻ വേണ്ടി മലയാളി ഹിന്ദു സമാജം എടുത്ത നടപടികളും വളരെ സഹായകമായി . ദക്ഷയാഗം കഥ പ്രിൻറ് ചെയ്ത് ആദ്യമേ തന്നെ കാണികൾക്ക് നൽകിയതും , കഥകളിയുടെ മുമ്പായി വലിയ സ്ക്രീനിൽ കഥകളിയെ കുറിച്ചും, ദക്ഷയാഗം കഥയെ കുറിച്ചും, കഥകളി മുദ്രകളെ കുറിച്ചും സംക്ഷിപ്ത വിവരങ്ങൾ കാണികൾക്ക് നൽകിയതും തുടർന്ന് കഥകളിക്ക് മുമ്പായി ശ്രീമതി ബാർബറ വിജയകുമാറിന്റെ അവതരണവും കൂടെ ആയപ്പോൾ ആളുകൾക്ക് വളരെ നന്നായി കഥകളി അതിൻ്റെ പൂർണ്ണ രൂപത്തിൽ തന്നെ ആസ്വദിക്കാൻ പറ്റി. അതുപോലെതന്നെ കഥകളി എന്ന പ്രൗഢ കലാരൂപത്തിൻ്റെ ലോകപ്രശസ്തമായ ത്രിമാന മുഖ ചമയങ്ങളും , വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ വസ്ത്രങ്ങളും , മികച്ച ഭാവരസങ്ങളും ആയപ്പോൾ വലിയവരെപ്പോലെ തന്നെ നമ്മുടെ കുട്ടികളെയും കഥകളി അരങ്ങിലേക്കും കഥകളിയിലേക്കും കണ്ണിമ ചിമ്മാതെ ശ്രദ്ധയോടെ പിടിച്ചിരുത്തി.

രൂപികരിച്ചു രണ്ടു വർഷം പോലും ആയിട്ടില്ലാത്ത ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ കേരള ആർട് നൈറ്റ് ന് യുകെയിലെ കലാസാംസ്‌കാരികരംഗത്ത് ലഭിച്ച പിന്തുണക്കും അംഗീകാരത്തിനും LMHS വിനയത്തോടെ നന്ദി പറയുന്നു . തുടർന്നും കേരളത്തിന്റെ സാംസ് കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾ സംഘടിപ്പിക്കാൻ ലിവർപൂളിലെ കലാസ്വാദന സമൂഹം തരുന്ന നിർലോഭമായ പിന്തുണ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നമ്മുടെ കുഞ്ഞുങ്ങൾക്കും, ബ്രിട്ടീഷ് കലാസമൂഹത്തിനും കേരള കലാരൂപങ്ങളിൽ പ്രധാനമായ മൂന്ന് കലാരൂപങ്ങൾ വീണ്ടും പരിചയപ്പെടുത്താൻ ആയി എന്ന സംതൃപ്തിയോടെ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ (LMHS) കേരള ആർട്ട് നൈറ്റ് ന് സമാപനം ആയി.

പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടൂർ പൊലീസ് അന്വേഷണം തുടങ്ങി.
പട്ടാപ്പകലായിരുന്നു മോഷണം. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. വൈദികൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വീട്ടിലെത്തി. സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ട്. അത് ലഭ്യമാകാൻ ആയിരം രൂപ നൽകാൻ ആവശ്യപ്പെട്ടു.
പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാലയും പൊട്ടിച്ചോടി. വിവരമറിഞ്ഞ് വാർഡ് മെമ്പർ അനൂപ് ഉടൻ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.
കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ടാണ് മന്ത്രി കെ. രാജന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയത്.
എ.ഡി.എം കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന് ഒരു തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റി’യെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. കലക്ടര്‍ ആദ്യംനല്‍കിയ വിശദീകരണ കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല.
ചോദ്യം ചോദിച്ച് ഉത്തരം പറയുന്ന രീതിയിലല്ല അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കലക്ടര്‍ക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ വിശദീകരണ കുറിപ്പിലാണ് മേല്‍പറഞ്ഞ പരാമര്‍ശമുള്ളത്. എ.ഡി.എം കൈക്കൂലി വാങ്ങി, പെട്രോള്‍ പമ്പിന് അനുമതി വൈകിപ്പിച്ചു തുടങ്ങിയവയായിരുന്നു ആരോപണം.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ടെന്നും ഉടന്‍ അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി കെ. രാജന്‍ ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്.
2021 ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി കേരളത്തിലേക്ക് കടത്തിയത് 41 കോടി രൂപയുടെ ഹവാലപ്പണമെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.
ധര്‍മ്മരാജന്‍ എന്നയാള്‍ വഴി പണം കൊടുത്തു വിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പണമെത്തിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
14.4 കോടി കര്‍ണാടകയില്‍ നിന്നും എത്തിയപ്പോള്‍, മറ്റ് ഹവാല റൂട്ടുകളിലൂടെയാണ് 27 കോടി എത്തിയത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7 കോടി 90 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വിതരണം ചെയ്തത് 33.50 കോടി രൂപയും. പണം എത്തിയ ഹവാല റൂട്ടുകളുടെ പട്ടികയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വി.കെ രാജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, ഗിരീശന്‍ നായര്‍ എന്നിവരാണ്. എം. ഗണേശന്‍ ബിജെപി സംഘടനാ സെക്രട്ടറിയും ഗിരീശന്‍ നായര്‍ ഓഫീസ് സെക്രട്ടറിയുമാണ്.
പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മ്മരാജനാണ് ഈ മൊഴി നല്‍കിയത്. 2021 ല്‍ പൊലീസ് ഇ.ഡിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.
അതേസമയം കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ പറഞ്ഞു. തനിക്ക് അറിവുള്ള എല്ലാക്കാര്യങ്ങളും അന്വേഷണ സംഘത്തോട് പറയും.
നേരത്തെ നല്‍കിയ മൊഴി നേതാക്കള്‍ പറഞ്ഞു പഠിപ്പിച്ചതാണ്. ചാക്കില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്ന് മൊഴി നല്‍കാന്‍ നിര്‍ദേശിച്ചത് നേതാക്കളാണ്. ചാക്കില്‍ നിന്നും പണം എടുക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിനും അറബിക്കടലിലെ കേരള തീരത്തെ ചക്രവാതചുഴിക്ക് ശേഷം ദുര്‍ബലമായ തുലാവര്‍ഷ കാറ്റ് വരും ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ സജീവമാകും.
ഇടി മിന്നലോടു കൂടിയ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമാറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കുടുംബബന്ധങ്ങൾ അറ്റുപോകുന്ന ഈ കാലഘട്ടത്തിൽ എല്ലാ കുടുംബങ്ങൾക്കും മാതൃകയായി ഡെവോൺ കൗണ്ടിയിലുള്ള മനാട്ടൻ എന്ന സ്ഥലത്തെ ഹീട്രി ആക്ടിവിറ്റി സെന്ററിൽ വെച്ച് ഒക്ടോബർ 25-ാം തീയതി മുതൽ ഒക്ടോബർ 28-ാം തീയതി വരെ താമസിച്ചു കുടുംബസംഗമം നടത്തി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 400 മൈലുകൾ സഞ്ചരിച്ചു സകുടുംബം 17 കുടുംബങ്ങൾ എത്തിച്ചേർന്നു. ഞാവള്ളി എന്ന മൂലകുടുംബത്തിൽ നിന്നും പല തായ് വഴികളിലുള്ള മറ്റ് കുടുംബങ്ങളിൽ നിന്നും അപ്പൻ വഴിയും, അമ്മ വഴിയും, വല്യമ്മ വഴിയും ഞാവള്ളി കുടുംബവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള എല്ലാവരും ഒരു കുടക്കീഴിൽ ഒത്തുകൂടുന്ന കാഴ്ച ഞാവള്ളികുടുംബത്തിന്റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായിരുന്നു.

ബെന്നി തെരുവൻകുന്നേൽ, സതീഷ് ഞാവള്ളിൽ, സക്കറിയാസ് ഞാവള്ളിൽ, മാത്യൂ ആണ്ടുകുന്നേൽ എന്നിവരുടെ കൂട്ടായ പരിശ്രമ ഫലമായി 2017 ജൂൺ 10-ാം തീയതി ബെർമിംഗ്ഹാമിൽ വെച്ച് യുകെ സീറോ മലബാർ സഭയുടെ പ്രഥമ ബിഷപ്പ് ബഹുമാനപ്പെട്ട ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്ഘാടനം ചെയ്ത് തുടങ്ങിയ ഞാവള്ളി കുടുംബസംഗമം ഇന്നും അതേ ആവേശത്തോടെ രക്ഷാധികാരി ഡോ. ജോൺ അബ്രഹാം കോട്ടവാതുക്കലിന്റെ നേതൃത്വത്തിൽ കുടുംബസംഗമം തുടർച്ചയായി നടന്നു വരുന്നു.
ഞാവള്ളി കുടുംബകൂട്ടായ്മയുടെ ഒത്തൊരുമയുടെ ഏറ്റവും പ്രധാനമായ വി. കുർബ്ബാനയ്ക്ക് യുകെയിലെ ആദ്യത്തെ മലയാളി വൈദികൻ പ്ലൈമോത്ത് രൂപതയിലെ ഫാ. സണ്ണി പോൾ അരഞ്ഞാനിലച്ചനും, ഫാ. ജോസഫ് കൊട്ടുകാപ്പള്ളിയച്ചനും നേതൃത്വം നൽകി.

മിസിസ്സ് ജിനി ജോബിന്റെ നേതൃത്വത്തിൽ വിവിധതരം ആക്ടിവിറ്റി മത്സരങ്ങളിൽ പ്രായഭേദമന്യേ എല്ലാവരും ഉത്സാഹത്തോടെ പങ്കെടുക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകുകയുമുണ്ടായി, അത് കൂടാതെ ഹോപ്പ് മൂവി പ്രദർശിപ്പിക്കുകയും, കുടുംബക്കാർ എല്ലാവരും ചേർന്ന് ക്യാംപ് ഫയർ നടത്തുകയും പാട്ടും മേളവുമായി കുട്ടികളും മുതിർന്നവരും വളരെ ആഘോഷമായി കുടുംബസംഗമം കെങ്കേമമാക്കി. മുതിർന്നവരെല്ലാവരും അടുത്തവർഷങ്ങളിലെ കുടുംബ കൂട്ടായ്മയെ കുറിച്ചു ചർച്ച ചെയ്യുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
മൂന്ന് മാസം പ്രായമായ കുഞ്ഞു മുതൽ മുതിർന്നവരായവർ വരെ ഒരേ മനസ്സോടെ എല്ലാ കളികളിലും പങ്കെടുത്തും തമ്മിൽ തമ്മിൽ തമാശപറഞ്ഞു ചിരിക്കുന്നതും എല്ലാവരും ചുറ്റുവട്ടങ്ങളിലൂടെ ഓടിച്ചാടി നടക്കുന്നതും ഞാവള്ളി കൂട്ടായ്മയുടെ പ്രത്യേകതയായിരുന്നു.


റോമി കുര്യാക്കോസ്
ബോൾട്ടൻ: ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം’ സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി – റീജിയണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
ഒ ഐ സി സി (യു കെ) നാഷണൽ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വക്താവ് & മീഡിയ സെൽ റോമി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, ബിന്ദു രാജു തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.

രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര നിർമാർജ്ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭരണാധികാരിയും ദേശസ്നേഹം നെഞ്ചിലേറ്റിയ മഹാവ്യക്തിത്വമായിരുന്നെന്നും അനുസ്മരണ യോഗം ഉദഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
അനുസ്മരണ യോഗത്തിന് ശേഷം പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.
