Latest News

കാരൂര്‍ സോമന്‍

ഒരു എഴുത്തുകാരന്റെ കൃതി വായിച്ചു വിലയിരുത്തുന്നത് പോലെയാണ് ഓരോ ഭരണങ്ങളെ ജനങ്ങള്‍ വിലയിരുത്തുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും ഒരു ചില്ലി കാശു പോലും ചിലവാക്കാതെ നമ്മുടെ നികുതി പണം കൊണ്ട് എം.എല്‍.എ, എം.പി.ഫണ്ട് വാങ്ങി അവരുടെ പേരെഴുതി ചുവരുകളില്‍ പ്രദര്‍ശിപ്പിച്ച് അധികാരികളാകുന്ന, മറ്റുള്ളവര്‍ക്ക് വഴി മാറികൊടുക്കാതെ മരണംവരെ തെരഞ്ഞടുപ്പില്‍ മത്സരിച്ച് അധികാരഭ്രാന്തില്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ മത-രാഷ്ട്രീയത്തിന്റ പരിക്കുകളേറ്റു കാലത്തിന്റ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന ഒരു ജനതയുടെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ 2019 ലോക സഭാ തെരഞ്ഞടുപ്പില്‍ പുറത്തു വന്നു. ഒന്ന് മുതിര്‍ന്ന നേതാക്കന്മാര്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നു. ഈ മാതൃക നേതാക്കന്മാരുടെ കണ്ണു തുറന്നതില്‍ വരും തലമുറയ്ക്ക് സന്തോഷിക്കാം. രണ്ടാമത് മതത്തിന്റെ, ദൈവത്തിന്റ പേരില്‍ വോട്ടു പിടിക്കരുതെന്ന തെരെഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മുന്നറിയിപ്പ്. ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പുകളില്‍ ഓഫീസര്‍ അത് കണ്ടിരിക്കുന്നു. ഇത് രണ്ടും മനുഷ്യന്റെ മനസ്സ് തറക്കുന്ന കുളിരളം വാക്കുകള്‍. ഇത് വടക്കേ ഇന്ത്യയില്‍ ഒന്നു നടപ്പാക്കി തരുമോ തെരഞ്ഞടുപ്പില്‍ കടന്നു വരുന്ന കള്ളപ്പണത്തിന്റ സ്രോതസ്സിനെപറ്റി എന്താണ് ഒന്നും പറയാത്തത്.

കേരള നിയമസഭ 1957 മാര്‍ച്ച് 16ന് നിലവില്‍ വരികയും ഏഷ്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തുകയും ചെയ്തു. ആ മന്ത്രിസഭയിലെ അംഗങ്ങള്‍ സി.അച്യുതമേനോന്‍, ജോസഫ് മുണ്ടശ്ശേരി, ടി.വി.തോമസ്, വി.ആര്‍.കൃഷ്ണയ്യര്‍, കെ.പി.ഗോപാലന്‍, കെ.സി.ജോര്‍ജ്, ടി.എ.മജീദ്, കെ.ആര്‍.ഗൗരി, പി.കെ.ചാത്തന്‍, ഡോ.എ.ആര്‍. മേനോന്‍. എന്തിനു ഇതെഴുതി എന്ന് ചോദിച്ചാല്‍ ഇവര്‍ ആരും തന്നെ അധികാരത്തില്‍ വന്നത് മത-ആള്‍ ദൈവങ്ങളുടെ പേരിലല്ലായിരുന്നു. ഇതുപോലുള്ള വ്യക്തിത്വങ്ങളും, ആദര്‍ശാലികളും ഇതിന് ശേഷമുള്ള മന്ത്രിസഭകളില്‍ എന്തുകൊണ്ട് വന്നില്ല അല്ലെങ്കില്‍ എത്രപേരുണ്ട് എന്നത് കാലം അടയാളപ്പെടുത്തേണ്ടതാണ്. അധികാരത്തില്‍ അഭയം തേടുന്ന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ 72 വര്‍ഷങ്ങളായി സ്വാതന്ത്ര്യം കിട്ടിയിട്ടും പാവങ്ങള്‍ വിലാപങ്ങളോടെയാണ് ജീവിക്കുന്നത്. ഇതിന് ഒരു മാറ്റം ഈ തിരെഞ്ഞടുപ്പില്‍ സംഭവിക്കുമോ?

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇരകളുടെ, വോട്ടു ചെയ്യുന്നവന്റെ സ്ഥാനം എന്നും മുകളിലല്ല താഴെയാണ്. അതിനാല്‍ അവര്‍ എന്നും ഇരകളായി മാറുന്നു. പുഴുവിനെപോലെ ഇഴഞ്ഞു നടക്കുന്നു. കാട്ടിലെ വേട്ടക്കാര്‍ പള്ള നിറക്കാനായി ഇര തേടുമ്പോള്‍ നാട്ടിലെ വേട്ടക്കാര്‍ അല്ലെങ്കില്‍ അധികാരിവര്‍ഗ്ഗം പാവപ്പെട്ട ഇരകളുടെ നൊമ്പരം, ദയനീയാവസ്ഥ, വിശപ്പ് മാറ്റാനായി കള്ളപ്പണവും, മതം പുരണ്ട മധുരകിഴങ്ങുമായി പാവങ്ങളെ തേടിയെത്തുന്നു. എല്ലാ അഞ്ചുവര്‍ഷം കുടുമ്പോഴും ഇരകളെ തേടിയവര്‍ മാവേലിയെപ്പോലെ വരുന്നു, യാചകരെപോലെ വോട്ട് ചോദിക്കുന്നു. മാവേലി മന്നന്മാര്‍ വോട്ട് പെട്ടിയിലാക്കിയിട്ടും പാവങ്ങളുടെ ദുഃഖദുരിതത്തിന് യാതൊരു മാറ്റവുമില്ല. അവര്‍ ജീവിക്കുന്നത് ആഴത്തില്‍ മുറിവേറ്റ മനസ്സുമായിട്ടാണ്. വിശപ്പില്‍ നിന്നും വിശപ്പിലേക്കുള്ള ദുരം കുടുകയല്ലാതെ കുറയുന്നില്ല. കാരണം ഇന്ത്യന്‍ ഭരണയന്ത്രം നീങ്ങുന്നത് കാളയില്ലാത്ത കലപ്പപോലെയാണ്. ആ കലപ്പയുടെ നുകത്തില്‍ കെട്ടി വലിക്കുന്നത് പാവങ്ങളെയാണ്. കാള, കലപ്പ അങ്ങനെ പല ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ ഇതിനൊരു മാറ്റം വരുത്തുമോ?

മതമെന്ന വൈകാരിക ഭാവം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടന്നു വരികയും ജനാധിപത്യത്തിന്റ മറവില്‍ വിനാശം വിതക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മതമെന്ന മയക്കുമരുന്ന് ഒരു കാരണവശാലും തെരഞ്ഞെടുപ്പുകളില്‍ വരാന്‍ പാടില്ലാത്തതാണ്. അതിന് മരണത്തിന്റ മണമാണ്. ആ മരണം ചിറകുകളിലേന്തി പറക്കുന്ന കഴുകന്മാര്‍ നമ്മുടെ വീടുകളിലെ മരങ്ങളിരുന്ന് നമ്മെ ഉറ്റു നോക്കുന്നു. മൃഗങ്ങള്‍ ഇരകളെ തേടിയിറങ്ങുന്നതുപോലെ മതഭ്രാന്തന്‍മാര്‍, മതമൗലികവാദികള്‍, കസേര കൊതിയന്മാര്‍ മതമെന്ന അപ്പക്കഷ്ണവുമായി സമൂഹത്തില്‍ ഇരകളെ തേടിയിറങ്ങുന്നു. മതഭ്രാന്ത് ഒരു ഹിംസയാണ്. ആ ഹിംസ മതഭൂതങ്ങളില്‍ ആണിയടിച്ച് ഉറപ്പിച്ചതാണ്. ആ ആണി വലിച്ചൂരിയെറിയാന്‍ അധികാരവും അത്യാഗ്രവുമില്ലാത്തവര്‍ക് മാത്രമേ സാധിക്കു. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും. അറിവോ, തിരിച്ചറിവൊ, രാഷ്ട്രീയബോധമോയില്ലാത്ത ഒരു ജനത ഇരകളായി നിന്ന് വോട്ടുപ്പെട്ടി നിറക്കുന്നു. വോട്ട് കൊടുത്തവന് പിന്നീട് കിട്ടുന്നത് മുഖത്തു ചവിട്ടാണ്. ചുമക്കുന്നവന്റെ തലയില്‍ വീണ്ടും ചുമട് അതാണ് ഇന്നത്തെ പാവങ്ങളുടെ ജീവിതം. ചുട്ട ചട്ടിക്ക് അറിയില്ല അപ്പത്തിന്റ സ്വാദ് എന്നതുപോലെ വോട്ടു ചെയ്തവന് അറിയില്ല അതിന്റ മഹത്വം എന്തെന്ന്. അറിയണമെങ്കില്‍ അറിവും തിരിച്ചറിവവും വിവേകമുള്ള ജനങ്ങളും ഭരണവും ഇന്ത്യയിലുണ്ടാകണം. സ്വയം പുകഴ്ത്തിപ്പറയാത്ത, വാനോളം വാചകമടിക്കാത്ത ഭരണാധികാരികളുണ്ടാകണം, അനീതി ആക്രമമില്ലാത്തവരാകണം. ദേശസ്‌നേഹം പ്രസംഗിക്കാതെ ദേശീയത വളര്‍ത്തുന്നവരാകണം. സംഘടിതശക്തികളുടെ താളത്തിന് തുള്ളുന്നവരാകരുത്. ദുര്‍ബലരായ പൗരന്മാരുടെ ന്യായമായ ആവശ്യങ്ങളില്‍ ബോധപൂര്‍വമായി ഇടപെടുന്നവരാകണം. പരസ്പരം പോരാടിക്കാനും വെട്ടികൊല്ലാനും ജനങ്ങളെ പഠിപ്പിക്കുന്നവരാകരുത്. ഇതുപോലുള്ള കുറെ മൂല്യങ്ങള്‍ നമ്മുടെ ഭരണാധിപന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എത്രയോ ഉയരങ്ങളില്‍ പറക്കുമായിരിന്നു. കാത്തു കാത്തിരിക്കുന്ന പ്രധാനമന്ത്രിയില്‍ ഈ മൂല്യങ്ങള്‍ കാണുമോ

കൃഷിക്കാര്‍, തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു, വിദ്യാസമ്പന്നര്‍ തൊഴില്ലാതെ തെണ്ടി തിരിയുന്നു, വിലകയറ്റത്താല്‍ പാവങ്ങള്‍ നട്ടം തിരിയുന്നു, സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു ഇങ്ങനെ എല്ലാം മേഖലകളിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റ ജീര്‍ണ്ണിച്ച മുഖം ലോകം കണ്ടുകൊണ്ടിരിക്കുന്നു. മനുഷ്യനെ ചുഷണം ചെയ്ത് ജീവിക്കുന്ന അധികാരിവര്‍ഗ്ഗം ഇന്നും മേലാളന്മാരും കിഴാളന്മാരുമായി നിന്ന് ജനങ്ങളെ തമ്മില്‍ തല്ലിച്ചുല്ലസിക്കുന്നു. മതമെന്ന അപ്പക്കഷണമാണ് ഈ ഹിംസയ്ക്ക് പ്രധാന കാരണം. മതവികാരം ഒരു പറ്റം മനുഷ്യരില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ഇശ്വരജ്ഞാനമോ, വിവേകമോ ഇല്ലാത്ത മനുഷ്യരാണ് ഈ മതഭ്രാന്തിന് അടിമകളാകുന്നത്. എല്ലാ മതങ്ങളുടേയും സൃഷ്ഠികര്‍ത്താക്കള്‍ ആള്‍ദൈവങ്ങളും പുരോഹിതവര്‍ഗ്ഗവുമാണ്. ബുദ്ധനോ, യേശുക്രിസ്തുവോ, ശ്രീരാമകൃഷ്ണനോ, വിവേകാനന്ദനോ, രമണമഹര്‍ഷിയോ, നാരായണഗുരുവോ ഒരു മതവും മണ്ണില്‍ മുളപ്പിച്ചിട്ടില്ല. അവരറിയാതെ ആ പേരുകളില്‍ അത് വളര്‍ന്നു. അതിന് ചുറ്റും വര്‍ഗ്ഗിയതയെന്ന മതിലുകളുയര്‍ന്നു. അതിനുള്ളില്‍ വളരുന്നത് കഞ്ചാവാണ്. നാം കാണുന്ന എല്ലാ മതങ്ങളിലും ഈ ജീര്‍ണ്ണതയുണ്ട്. രാഷ്ട്രീയക്കാര്‍ അവരുടെ കാവല്‍ക്കാരാകുന്നു. വികസിത രാജ്യങ്ങള്‍ അനുനിമിഷം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി സഞ്ചരിക്കുമ്പോള്‍ ഇന്ത്യക്കാരന്‍ കാണാത്ത ദൈവത്തിന്റ മറവില്‍ വന്യമൃഗങ്ങളെപോലെ ഇരകളെ തേടുന്നു. അങ്ങനെയവര്‍ അധികാരത്തിലെത്തി സമ്പന്നന്മാരാകുന്നു. എവിടുന്നുണ്ടായി ഈ സമ്പത്ത്

ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജാതി-മതങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ അവരുടെ ജാതി കാര്‍ഡ് കളിച്ചാണ് കൊള്ളക്കാരെയും , കൈകൂലികരെയും, കൊലപാതകികളെയും, സ്ത്രീകളെ പിഡിപ്പിച്ചവരെയും, സമ്പന്നരെയും അധികാരത്തിലെത്തിക്കുന്നത്. കേരളവും ഇതില്‍ നിന്ന് മുക്തമല്ല. പുരോഹിതവര്‍ഗ്ഗം സൃഷ്ടിച്ച ദൈവങ്ങളില്‍ പൂജകളും പ്രതിഷ്ടകളും, പ്രാര്‍ത്ഥനകളും നടത്തി സ്വന്തം സുഖത്തിനുവേണ്ടി ദൈവ -രാജ്യ സേവനം നടത്തുന്നവരെയല്ലേ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സമുഹത്തില്‍ ദുഷ്ടതകള്‍ ചെയ്തു ജീവിക്കുന്ന ഈ പകല്‍ മാന്യന്മാരെ ഈ തെരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള്‍ തിരിച്ചറിയണം. ഈശ്വരന്‍ എന്ന സങ്കല്പത്തില്‍ മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യുന്നവരും സഹ ജീവികളോട് കാരുണ്യം കാണിക്കുന്നവരുമാണ് യഥാര്‍ത്ഥ മത ഭക്തര്‍ അല്ലെങ്കില്‍ ജനസേവകര്‍ അല്ലാതെ ആ പേരില്‍ വോട്ടു ചോദിക്കുന്നവരും ശുഭ്രവസ്ത്രധാരികളുമല്ല. അധികാരത്തിന്റ താക്കോല്‍ കിട്ടി കഴിഞ്ഞാല്‍ മാന്‍പേടയുടെ മുഖം മാറി സിംഹത്തിന്റ മുഖമായി സമൂഹത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കും. അപരാധി നിരപരാധിയായി മാറും. മതത്തിനായി മരകായുധങ്ങള്‍ നിര്‍മ്മിക്കും. ഒരു ഈശ്വരനിലും മതമില്ല എന്നത് ഈ കൂട്ടര്‍ തിരിച്ചറിയുന്നില്ല. ഈ പുണ്യവാന്‍മാരെ തിരിച്ചറിയാന്‍ ശ്രമിക്കുമോ

ഈ തെരഞ്ഞെടുപ്പ് മനുഷ്യ പുരോഗതിയെ മുന്നില്‍ കണ്ടുകൊണ്ടാകണം നാം നേരിടേണ്ടത്. പ്രവര്‍ത്തിയില്ലാതെ ആദര്‍ശം പ്രസംഗിക്കുന്നവരുടെ മര്‍മ്മ സ്ഥാനത്തടിക്കാന്‍ ഇന്ത്യകാരന് കിട്ടിയ അവസരമാണിത്. മതത്തില്‍ നിന്നും പടുത്തുയര്‍ത്തിയ രാഷ്ട്രീയപാര്‍ട്ടികളെ അടിച്ചു തകര്‍ത്ത് അവിടെ മതേതര മതിലുകളാണ് പടുത്തുയര്‍ത്തേണ്ടത്. അവര്‍ക്ക് മാത്രമേ മനുഷ്യ ജീവിതത്തിന്റ ഉപ്പും, ഉറപ്പും സുരക്ഷിതത്വവും നല്കാന്‍ സാധിക്കു. നമ്മുടെ തെരെഞ്ഞടുപ്പുകളില്‍ ദരിദ്രര്‍ ധനികരുടെ നക്കാപ്പിച്ച അനുകുല്യങ്ങള്‍ വാങ്ങി വോട്ടു ചെയ്തതുകൊണ്ടാണ് പട്ടിണി, ദാരിദ്ര്യം മുതലായവ ഇന്നും തുടരുന്നത്. അതിനാല്‍ ശ്വാസം ദീര്‍ഘശ്വാസം വലിക്കുന്നു. മനുഷ്യനെ ജാതി മതത്തിന്റ പേരില്‍ വേറിട്ടു കാണുന്ന ചൂഷകവര്‍ഗ്ഗത്തിന് ഈ തെരഞ്ഞടുപ്പ് ഒരു ചാട്ടവാറടിയാകണം. ചാണകം തളിച്ച് മുറ്റമൊന്നു കഴുകിയാലും തെറ്റില്ല. ഇന്ത്യയിലെ വോട്ടര്‍മാര്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും ഈ ചൂഷകരുടെ മുന്നിലെ കഴുതകളും ഭാവിയുടെ അനന്തരഫലങ്ങളറിയാത്ത മണ്ണിലെ വെറും പുഴുക്കളും ചുമടുതാങ്ങികളുമാകരുത്. തിരഞ്ഞെടുപ്പുകളിലെ അജ്ഞാത കാമുകി കാമുകന്മാരെ നാം തിരിച്ചറിയണം. ഈ തെരഞ്ഞടുപ്പ് കാലത്തേ അമര്‍ത്തി ചുംബിക്കുന്ന ജീവന്റെ തുടുപ്പുകളാകട്ടെ.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി തൃപ്രയാറില്‍. രാവിലെ പത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ദേശീയ മല്‍സ്യ തൊഴിലാളി സമ്മേളനത്തിൽ രാഹുല്‍ പങ്കെടുക്കും. ഇന്നലെ രാത്രി രാമനിലയത്തിലെത്തിയ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനമായിരുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.

സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞില്ലെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ഥ തിരഞ്ഞെടുപ്പ് കാഹളമായി മാറും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോഴിക്കോട്ടെ ജനമഹാറാലി. ദേശീയ നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരും വേദി പങ്കിടും. ഇടത് മുന്നണി പ്രചാരണത്തില്‍ നേടിയ മേല്‍ക്കൈ രാഹുലെത്തുന്നതോടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

തര്‍ക്കങ്ങളില്ലാതെ ഇടത് സ്ഥാനാര്‍ഥി നിര്‍ണയം. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചരണത്തിന്റെ അവസാന ലാപ്പില്‍. മലബാറില്‍ യു.ഡി.എഫിന്റെ ചുവരെഴുത്ത് വ്യക്തമായത് മലപ്പുറത്തും പൊന്നാനിയിലും മാത്രം. കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റായിക്കരുതുന്ന വയനാട്ടിലും തര്‍ക്കം ചുരമിറങ്ങിയില്ല. ധാരണയായ സീറ്റുകളില്‍ പ്രഖ്യാപനം വൈകുന്നതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് വോട്ടര്‍മാരെ സമീപിക്കാനാകുന്നില്ല. വോട്ടഭ്യര്‍ഥന സ്ഥാനാര്‍ഥിയുടെ പേരില്ലാതെ കൈപ്പത്തിയിലൊതുങ്ങുന്ന കാഴ്ച. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ആശങ്ക ചെറുതല്ല. രാഹുല്‍ ഗാന്ധിയുടെ ഒറ്റ സന്ദര്‍ശനത്തിലൂടെ അണികള്‍ക്കിടയിലുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയുമെന്ന് നേതൃത്വം.

ജനമഹാറാലിയില്‍ ലക്ഷത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനാണ് ശ്രമം. മലബാറിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവരുള്‍പ്പെെട പ്രധാന നേതാക്കള്‍ പങ്കെടുക്കും.

വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്താൻ താരങ്ങൾ മുന്നിട്ടിറങ്ങണമെന്നു അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാലിനോടും നാഗാർജ്ജുനയോടുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യർത്ഥന. ചലനാത്മകമായ ജനാധിപത്യമായിരിക്കും അതിനു പുരസ്കാരമായി ലഭിക്കുകയെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോഹൻലാലിനോടും നാഗാർജ്ജുനയോടും ബോധവത്ക്കരണ നടത്താൻ സഹായം അഭ്യർത്ഥിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ: ‘നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിനു പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി പുരസ്കാരങ്ങളും നിങ്ങൾ നേടി. എനിക്കൊരു അഭ്യർത്ഥനയുണ്ട്. കൂടുതൽ ജനങ്ങൾ വോട്ടു ചെയ്യാൻ എത്തുന്നതിന് നിങ്ങൾ അവരെ ബോധവത്ക്കരിക്കണം. ഊർജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്കാരം.’

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നുവെന്നും ബോധവത്ക്കരണശ്രമങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കണക്കാക്കുന്നുവെന്നും മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ഉറപ്പായും സര്‍ എന്ന മുഖവുരയോടെയാണ് മോഹന്‍ലാലിന്റെ മറുപടി. ‍

 

മോഹൻലാലിനെയും നാഗാര്‍ജുനയെയും കൂടാതെ സിനിമാ–കായിക രംഗത്തെ മറ്റു പ്രമുഖരോടും ട്വീറ്റിലൂടെ മോദി പിന്തുണ ആവശ്യപ്പെടുന്നുണ്ട്.

 

തിരഞ്ഞെടുപ്പ് പ്രവചനവുമായി സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍ ഇറങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥി ചിത്രം പൂര്‍ണമല്ലാത്തതിനാല്‍ നിലവില്‍ ചില മണ്ഡലങ്ങളിലാണ് പ്രവചനം സാധ്യമായിരിക്കുന്നത്. നടേശന്‍ ചേട്ടന്‍റെ സ്വന്തം ആലപ്പുഴ മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ എ.എം.ആരിഫിനാണ് നറുക്ക്. വെറും പ്രവചനമല്ല. ആരിഫെങ്ങാനും തോറ്റാല്‍ ആകെയുള്ള ഇത്തിരി മുടി പോലും ഇല്ലാത്ത നടേശന്‍ ചേട്ടനെ കാണേണ്ടിവരും മലയാളി. അതുകൊണ്ട്, ആരിഫ് ജയിക്കണോ തോല്‍ക്കണോ എന്നൊക്കെ വോട്ടര്‍മാര്‍ ഒന്നുകൂടെ ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണ്.

സത്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.സി.വേണുഗോപാല്‍ തോല്‍ക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ആ കണക്കിന് എ.എം. ആരിഫ് പ്രാര്‍ഥനയൊക്കെ ഒന്നു ഇരട്ടിയാക്കുന്നത് നന്നാവും. വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നവരൊക്കെ തോറ്റിട്ടേയുള്ളു എന്നൊക്കെ ചില കരക്കാര്‍ കുശുമ്പ് പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കരുത്. 2011 നിയസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറിയാല്‍ രണ്ടോ മൂന്നോ സീറ്റേ അധികം കിട്ടുകയുള്ളു എന്ന് പ്രവചിച്ചതിന് വക്കം പുരുഷോത്തമന്‍റെ കൈയ്യില്‍ നിന്ന് സ്വര്‍ണമോതിരം സമ്മാനം കിട്ടിയ കക്ഷിയാണ് വെള്ളാപ്പള്ളി. അതുകൊണ്ട് ഒരൊറ്റ ചോദ്യം മകന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി വിജയിക്കുമോ ഇല്ലയോ?

വേറെ എന്തുവിഷയം. പച്ചക്ക് പറഞ്ഞാല്‍ മോന്‍ വെള്ളാപ്പള്ളി നല്ല അന്തസ്സായി തോല്‍ക്കുമെന്നല്ലേ പറ‌ഞ്ഞത്. ആട്ടെ, ബിജെപിക്ക് വല്ല സാധ്യതയും ഉണ്ടോ?

അപ്പോ കേരളത്തില്‍ ബിജെപിയെ വേണ്ട, ഇക്കണക്കിന് മോദിയെ പിണക്കാന്‍ വല്ല ഉദ്ദേശ്യവുമുണ്ടോ?

ഗംഭീരം. രാഷ്ട്രീയ നടേശന്‍ ചേട്ടനില്‍ നിന്ന് തന്നെ പഠിക്കണം. എന്തൊരു മെയ്വഴക്കമാണ് പ്രവചനത്തിന് പോലും.

2000 രൂപയുടെ നോട്ട് എടുക്കുന്നതിനായി യുവതി മെട്രോയുടെ ട്രാക്കിലേക്ക് ചാടി. ഡല്‍ഹിയിലെ ദ്വാരക മോര്‍ മെട്രോ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 26 കാരിയായ ചേത ശര്‍മ്മയെന്ന യുവതിയാണ് 2000 രൂപയുടെ നോട്ടിനായി ട്രാക്കിലേക്ക് ചാടിയത്.

രണ്ടു കോച്ചുകള്‍ മെട്രോ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് ചേത ശര്‍മ്മ നോട്ട് എടുക്കാനായി ചാടിയത്. യുവതി ട്രാക്കില്‍ നില്‍ക്കുന്നതിനിടെ രണ്ട് കോച്ചുകള്‍ കടന്നുപോയി. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (സി.ഐ.എസ്.എഫ്) മാപ്പ് എഴുതി കൊടുത്തിട്ടാണ് ചേത ശര്‍മ്മയെ വിട്ടയച്ചത്.

ട്രാക്കിലേക്ക് ചാടിയ യുവതി ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കിന് മധ്യഭാഗത്ത് നിന്നതാണ് രക്ഷപ്പെട്ടതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുജനങ്ങള്‍ അപായ അലറാം മുഴുക്കിയതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. സി.ഐ.എസ്.എഫും സ്റ്റേഷന്‍ കണ്‍ട്രോളറും പാഞ്ഞെത്തി യുവതിയെ ട്രാക്കില്‍ നിന്നും കയറ്റി.

മാപ്പ് എഴുതി വാങ്ങിയ ശേഷം സഹോദരനോടൊപ്പം പോകാന്‍ യുവതിക്ക് അനുവാദം നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എത്യോപ്യന്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് 737 MAX 8 വിമാനങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചു. ഇന്ന് നാല് മണി മുതല്‍ ഈ വിമാനങ്ങള്‍ എല്ലാം നിരോധിക്കുന്നതായി ഗവണ്‍മെന്റ് അറിയിച്ചു. ഇന്ത്യന്‍ വ്യോമപരിധിയില്‍ പറക്കുന്ന ബോയിങ് 737 MAX 8 വിമാനങ്ങള്‍ നാല് മണിക്കുള്ളില്‍ താഴെയിറക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്നലെ ഈ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കണമെന്ന് DGCA നിര്‍ദേശം നല്‍കിയിരുന്നു. എത്യോപ്യന്‍ വിമാനാപകടത്തിനു പിന്നാലെ പല രാജ്യങ്ങളും അമേരിക്കയുടെ ഏറ്റവും പുതിയ മോഡലായ ബോയിംഗ് 737 MAX 8 വിമാനങ്ങള്‍ നിരോധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമപരിധിയില്‍ നിന്നും ഇവ നിരോധിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് 157 യാത്രക്കാരുമായി പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണത്. മുഴുവന്‍ പേരും അപകടത്തില്‍ മരിച്ചിരുന്നു. ഇന്ത്യക്കാരും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യയുടെ സ്‌പൈസ് ജെറ്റിന് 13 ബോയിംഗ് 737 MAX 8 വിമാനങ്ങളുണ്ട്. ജെറ്റ് എയര്‍വെയ്‌സിന് അഞ്ച് വിമാനങ്ങളുമാണ് ഉള്ളത്. ഇവ നിരോധിക്കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വിമാനക്കമ്പനികളുടെയും ഒരു യോഗം ഇന്ന് വൈകുന്നേരം നാല് മണിക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ന്യൂഡല്‍ഹി: വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയ സാധ്യത കല്‍പ്പിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളില്‍ ആതിഥേയര്‍ കപ്പുയര്‍ത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രസ്താവന.

കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണം പുറത്തുവന്നത്. 2011 ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തി. ഇന്ത്യയായിരുന്നു ആതിഥേയര്‍. 2015ല്‍ ഓസ്‌ട്രേലിയയായിരുന്നു ആതിഥേയര്‍. ഇവിടെയും ആതിഥേയര്‍ക്ക് തന്നെയായിരുന്നു വിജയം. ഇതെല്ലാം കണക്കിലെടുത്ത് വരുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന് ജയിക്കാനുളള സാധ്യത കൂടുതലാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

2019 ലോകകപ്പില്‍ ഇംഗ്ലണ്ട് വിജയകിരീടം ചൂടാന്‍ വലിയ സാധ്യതയുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അവര്‍ ജയിക്കുമെന്ന്് താന്‍ പറയുന്നില്ല. ഇംഗ്ലണ്ടിന് അനുകൂലമായ സാഹചര്യം ഉണ്ടെന്നു മാത്രമേ പറയാന്‍ സാധിക്കുകയുളളുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

എന്നെ ഏതെങ്കിലും ആശുപത്രിയിലെത്തിക്കൂ…. എന്തെങ്കിലും അപകടം പറ്റിയതാണെന്നു ഞാൻ പറഞ്ഞോളാം’. 2 മണിക്കൂർ നീണ്ട ക്രൂര മർദനമേറ്റു ബോധം മറയും മുമ്പ് ജിബിൻ അവസാനമായി പറഞ്ഞ വാക്കുകളാണിത്. കാക്കനാട്ടെ ക്രൂരമായ ആൾക്കൂട്ട കൊലപാതകത്തില്‍ ജീവനായി ജിബിന്റെ അവസാനത്തെ കേഴല്‍. പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്കു ചോദ്യം ചെയ്തപ്പോഴാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ വ്യക്തമായത്. കുണ്ടുവേലിയിലെ വീട്ടിലെത്തിയ ജിബിനെ ഗോവണിയുടെ മുകളിൽ നിന്നു ചവിട്ടി താഴേക്കിടുകയായിരുന്നു. വീടിനു പുറത്തു കൂടിയാണ് ഗോവണി. കുടുംബം താമസിക്കുന്നത് മുകൾ നിലയിലാണ്. പടവുകളിലൂടെ താഴേക്കു തെറിച്ചു വീണ ജിബിനെ ഗോവണിയുടെ താഴത്തെ ഗ്രില്ലിൽ കെട്ടിയിട്ടു വലിയ ചുറ്റികയും അമ്മിപ്പിള്ളയും ഉപയോഗിച്ചായിരുന്നു മർദനം.

നല്ല ശാരീരിക ശേഷിയുള്ള ജിബിൻ അപ്രതീക്ഷിത ചവിട്ടേറ്റു തെറിച്ചു വീണതിനാൽ ചെറുത്തു നിൽക്കാനായില്ല. ഞായറാഴ്ചയും ഇന്നലെയുമായി അറസ്റ്റിലായ 13 പ്രതികളെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. സംഭവത്തിന് ദൃക്സാക്ഷിയായ സ്ത്രീയുടെ മൊഴി പൊലീസിനു വിലപ്പെട്ട തെളിവായി. പ്രതികളിൽ 11 പേർ സംഭവം നടന്ന വീടിന്റെ പരിസരത്തുള്ളവരാണ്. ബന്ധുക്കളായ മൂന്നു പേരെ പുറമേ നിന്നു വിളിച്ചു വരുത്തിയതാണ്.

പാലച്ചുവട് പാലത്തിനു സമീപം റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ട വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിനെ (34) കൊലപ്പെടുത്തിയതാണെന്നു വ്യക്തമായതോടെയാണ് പ്രതികളെ രണ്ടു ഘട്ടമായി അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ അസീസിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഈ വീട്ടിലെ സ്ത്രീയുമായുള്ള അടുപ്പത്തെ തുടർന്നു ജിബിനും വീട്ടുകാരുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി ജിബിനെ തന്ത്രപൂർവം അസീസിന്റെ വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അസീസിന്റെ മകളുടെ ഭർത്താവാണ് ഇന്നലെ അറസ്റ്റിലായ ശ്രീഭൂതപുരം സ്വദേശി അനീസ്. അസീസിന്റെ ഇളയ മകൻ മനാഫ് ഞായറാഴ്ച പിടിയിലായിരുന്നു. അവശേഷിക്കുന്ന പ്രതികൾ അസീസിന്റെ ബന്ധുക്കളും അയൽവാസികളുമാണ്. ജിബിന്റെ മൃതദേഹം വഴിയിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോയ്ക്കു പിന്നാലെ കാറിൽ സഞ്ചരിച്ച സംഘത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ഇയാൾക്കു മർദനത്തിൽ പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെല്ലാം തിങ്കളാഴ്ച കസ്റ്റഡിയിലായവരാണ്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കും.

‘നേരം പോയി കിട്ടുമല്ലോ, ഞാനും പോരാം’– ജിബിന്റെ മൃതദേഹം കിടത്തിയ ഓട്ടോറിക്ഷക്കു പിന്നാലെ കാറിൽ പോയ പ്രതികൾക്കൊപ്പം കയറിക്കൂടിയ ആളാണ് പതിനാലാം പ്രതിയായി പട്ടികയിലുള്ളത്. ജിബിന്റെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഉടനെ ഇടവഴിയിലെ ആൾത്തിരക്കും വർത്തമാനവും കേട്ട് ഇറങ്ങിവന്ന അടുത്ത വീട്ടിലെ ഗൃഹനാഥനാണിത്. ഇയാൾ മർദിച്ചില്ലെന്നാണ് മറ്റു പ്രതികൾ നൽകിയ മൊഴി. ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

വാഴക്കാല കുണ്ടുവേലിയിലെ ആൾക്കൂട്ട കൊലപാതക കേസിൽ 6 പ്രതികൾക്കൂടി അറസ്റ്റിലായി. കുണ്ടുവേലി ഓലിക്കുഴി സലാം (42), ഓലിക്കുഴി പടന്നാട്ട് അസീസ് (47), ശ്രീമൂലനഗരം ശ്രീഭൂതപുരം മണപ്പാടത്ത് അനീസ് (34), കുണ്ടുവേലി ഓലിക്കുഴി ഹസൈനാർ (37), ഓലിമുകൾ ഉള്ളംപിള്ളി ഷിഹാബ് (33), ചിറ്റേത്തുകര കണ്ണങ്കേരിയിൽ നിസാർ (30) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. 7 പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

പാലച്ചുവട് പാലത്തിനു സമീപം റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ട വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിനെ (34) കൊലപ്പെടുത്തിയതാണെന്നു വ്യക്തമായതോടെയാണ് പ്രതികളെ രണ്ടു ഘട്ടമായി അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ അസീസിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഈ വീട്ടിലെ സ്ത്രീയുമായുള്ള അടുപ്പത്തെ തുടർന്നു ജിബിനും വീട്ടുകാരുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി ജിബിനെ തന്ത്രപൂർവം അസീസിന്റെ വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അസീസിന്റെ മകളുടെ ഭർത്താവാണ് ഇന്നലെ അറസ്റ്റിലായ ശ്രീഭൂതപുരം സ്വദേശി അനീസ്. അസീസിന്റെ ഇളയ മകൻ മനാഫ് ഞായറാഴ്ച പിടിയിലായിരുന്നു. അവശേഷിക്കുന്ന പ്രതികൾ അസീസിന്റെ ബന്ധുക്കളും അയൽവാസികളുമാണ്. ജിബിന്റെ മൃതദേഹം വഴിയിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോയ്ക്കു പിന്നാലെ കാറിൽ സഞ്ചരിച്ച സംഘത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ഇയാൾക്കു മർദനത്തിൽ പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെല്ലാം തിങ്കളാഴ്ച കസ്റ്റഡിയിലായവരാണ്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കും.

 

സംസ്ഥാനം എസ്എസ്എല്‍സി പരീക്ഷാ ചൂടിലേക്ക് നീങ്ങുകയാണ്. ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളും നാളെ ആരംഭിക്കും. 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്.

കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഇതിന് പുറമേ ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ.

സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും എഴുതുന്നുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്ക്കെത്തും. മാര്‍ച്ച് 28ന് പരീക്ഷ അവസാനിക്കും.

ഇത്തവണ കനത്ത ചൂട് വിദ്യാര്‍ത്ഥികളെ വല്ലതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തവണ ചൂട് കാരണം സമയക്രമത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. സമയക്രമം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് ശേഷവും പരീക്ഷ നടക്കും.

ചെങ്ങന്നൂര്‍: ആര്‍ ബാലകൃഷ്ണപിള്ള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കൊടിക്കുന്നില്‍ സുരേഷ് കള്ളനെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന പ്രചരണം തെറ്റെന്ന് ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കി. മുല്ലപ്പള്ളിയും കെ സി വേണുഗോപാലും കെ വി തോമസും സ്വന്തം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയക്കുന്നു.

പി ജെ ജോസഫ് ഇനിയും കേരള കോണ്‍ഗ്രസില്‍ തുടരുന്നതെന്തിനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള ചോദിച്ചു. ജോസഫ് മത്സരിക്കാന്‍ തയ്യാറായി മുന്നോട്ട് വരണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. പരമാത്മാവിനെ വിട്ട് ജീവാത്മാവ് പോയ അവസ്ഥയാണെന്നും ബാലകൃഷ്ണപിള്ള ചെങ്ങന്നൂരില്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള. ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള.

Copyright © . All rights reserved