ടോക്കിയോ: ലോകത്തെ ഏറ്റവും പ്രായമുളള വനിതയെന്ന ഗിന്നസ് റെക്കോര്‍ഡ് 116കാരിയായ ജാപ്പനീസ് വൃദ്ധയ്ക്ക്. 1903 ജനുവരി 2നാണ് കൈന്‍ ടനാക്ക ജപ്പാനില്‍ ജനിച്ചത്. അന്ന് തന്നെയാണ് റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തിയതും. ജപ്പാനിലെ ഫുക്കുവോക്കയില്‍ ടനാക്ക താമസിക്കുന്ന നഴ്സിങ് ഹോമില്‍ ആഘോഷങ്ങള്‍ നടന്നു.
മേയറായ സൊയിച്ചിറോ തകാഷിമ അടക്കമുളളവര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ നിമിഷം ഏതാണെന്ന ചോദ്യത്തിന് ‘ഇപ്പോള്‍’ എന്നായിരുന്നു കൈന്‍ മറുപടി പറഞ്ഞത്. 1922ല്‍ വിവാഹിതയായ കൈന്‍ നാല് മക്കള്‍ക്കാണ് ജന്മം നല്‍കിയത്. ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. എന്നും രാവിലെ 6 മണിക്ക് ഉണരുന്ന കൈനിന് കണക്ക് പഠിക്കാനാണ് ഏറെ ഇഷ്ടം.
കനെ തനാക്കയ്ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വനിത എന്ന ഖ്യാതി സ്വന്തമാക്കിയത് ചിയോ മിയാക്കോ എന്ന സ്ത്രീയാണ്.117 വയസ്സായിരുന്ന ഈ മുത്തശ്ശി 2003 ജൂണിലാണ് മരിക്കുന്നത്.
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിനുള്ള കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാർലമെന്‍ററി പാർട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.
കോട്ടയത്ത് പി.ജെ.ജോസഫിനെ തന്നെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയാക്കിയേക്കും. യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെയാണ് പി.ജെ.ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെ.എം.മാണി തയ്യാറായേക്കുക. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ.ജോസഫ് മല്‍സരിക്കട്ടെയെന്ന് മാണി നിലപാട് എടുത്തേക്കും.
പാർലമെന്‍ററി പാർട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടത് സ്ഥാനാര്‍ത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇന്ന് തന്നെ അന്തിമ തീരുമാനമാകുമെന്നാണ് വിവരം.
നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3 .30ഓടെ ചെങ്ങന്നൂരിലെ സെഞ്ചുറി ആശുപത്രിയില്‍ വെച്ചാണ് മരണം.
സംവിധായകനും തിരക്കഥാകൃത്തുമായ നിതിൻ രഞ്ജി പണിക്കർ, നിഖിൽ രഞ്ജി പണിക്കർ എന്നിവർ മക്കളാണ്.
ഈ റിപ്പബ്ലിക്ക് ദിനത്തിൽ ബ്രിട്ടീഷ് റിയാലിറ്റി ടീവീ അവതാരകനായ ബിയർ ഗ്രിൽസ് സമൂഹ മാധ്യമത്തിൽ ഒരു ത്രിവർണ പതാക പോസ്റ്റ് ചെയ്തു കൊണ്ട് തന്റെ ആരാധകർക്ക് വേണ്ടി ഇങ്ങനെ എഴുതി “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല്‍ ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്. . .”, തുടർന്ന് രഹസ്യ സ്വഭാവം സൂചിപ്പിക്കുന്ന ഒരു ഇമോജിയും അദ്ദേഹം ചേർത്തു.
ഈ പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും, അതിനെപ്പറ്റി അവതാരകൻ അസാധാരണമായ മൗനം പാലിക്കുകയും ചെയ്തു. പുൽവാമയിൽ ഭീകരാക്രമണം നടന്ന ഫെബ്രുവരി മാസം പതിനാലാം തീയതിയോട് അടുപ്പിച്ച്, ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസേർവിലെ ധിക്കാല എന്ന സ്ഥലത്ത് ബിയർ ഗ്രിൽസ് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം പ്രമാണിച്ച്, അന്നേ ദിവസം ധിക്കാല വനം വകുപ്പ് വിശ്രമ കേന്ദ്രത്തിലേക്കുള്ള എല്ലാ വിനോദ സഞ്ചാര ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് വനം വകുപ്പ് റദ്ദാക്കിയിരുന്നു.
ഗ്രിൽസ് ഇന്ത്യയിലെ അസൈന്‍മെന്റ് എന്താണ് എന്നതിനെക്കുറിച്ച് സൺഡേ എക്സ്പ്രസ്സ് അദ്ദേഹത്തിന്റെ യു.കെ ഓഫീസിൽ നടത്തിയ അന്വേഷണം ഫലം കണ്ടില്ല. ഫെബ്രുവരി മാസം പതിനാലാം തീയതി ജിം കോർബെറ്റ് ടൈഗർ റിസേർവിന്റെ ഉള്ളിലേക്ക് ‘സിനിമ സംഘത്തെ കയറാൻ അനുവദിച്ചോ?’ എന്ന്‍ ഉത്തരാഖണ്ഡ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കാൻ വിസമ്മതിച്ചു. സംസ്ഥാന മുഖ്യ വന്യമൃഗപാലകന്റെ അനുവാദം കൂടാതെ പരിരക്ഷിത പ്രദേശത്തു ആർക്കും ചിത്രീകരണം നടത്താൻ സാധിക്കില്ല.
ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി ഗ്രിൽസ് വിമാനയാത്രയ്ക്കിടെ എടുത്ത സെൽഫി സമൂഹ മാധ്യമത്തിൽ ഷെയര്‍ ചെയ്യുന്നു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രക്ക് പോകുന്നു” എന്ന് കുറിച്ചിരുന്നു പോസ്റ്റും പിന്നെ പിൻവലിക്കപ്പെട്ടു.
തുടർന്ന് അദ്ദേഹത്തിന്റെ ആരാധകരുടെ ഇൻസ്റ്റഗ്രാം പേജ്, അദ്ദേഹം സംഘത്തോടൊപ്പം ഉത്തരാഖണ്ഡിലെ താല്കാലികോപയോഗത്തിനു നിർമിച്ച ഹെലിപാഡിന് സമീപം ചിത്രീകരണം നടത്തുന്ന ഒരു വീഡിയോ ശകലവും, അഞ്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി. മറ്റൊന്നിൽ ഫെബ്രുവരി പതിനാലാം തീയതി അദ്ദേഹം തന്റെയൊരു ആരാധകനൊപ്പം ധിക്കാലയിലെ വനം വകുപ്പ് വിശ്രമകേന്ദ്രത്തിൽ നിന്നുമെടുത്ത ചിത്രമാണ്.
ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേ, ഡൽഹിയിലെ രോഹിണി ഹെലിപോർട്ടിൽ വച്ചെടുത്ത ഒരു സെൽഫി മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹം ഡൽഹിയിൽ ഫെബ്രുവരി പതിനഞ്ചാം തീയതി എത്തുമെന്ന വിവരമാണ് മറ്റൊരാൾ പങ്കു വെച്ചത്.
ഡൽഹിയിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിലെ (BSG) അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂടെയെടുത്ത ഒരു ഗ്രൂപ്പ് ചിത്രം ഗ്രിൽസ് ‘കഴിഞ്ഞ ആഴ്ച്ച’ എടുത്ത ചിത്രമെന്ന് പറഞ്ഞു ഫെബ്രുവരി മാസം പത്തൊൻപതാം തീയതി റീട്വീറ്റ് ചെയ്യുകയുണ്ടായി.
ഗ്രിൽസിന്റെ സന്ദർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിഎസ്ജിയുടെ മുഖ്യ ദേശീയ കമ്മിഷണറായ ഡോ. കെ.കെ. ഖണ്ഡേൽവാൾ പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാന മന്ത്രിയെ സന്ദർശിക്കാനായി ഗ്രിൽസ് ഇന്ത്യയിൽ എത്തിയിരുന്നു. ആഗോള സ്കൗട്ട് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രതിനിധി എന്ന നിലയ്ക്ക് ഏതു രാജ്യം സന്ദർശിച്ചാലും അദ്ദേഹം സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാറുണ്ട്. അതിനാൽ ജെ ഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ വെച്ച് ബിഎസ് ജി അദ്ദേഹത്തിന് യുവതലമുറയിലെ സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാൻ ഫെബ്രുവരി മാസം പതിനഞ്ചിന്, അദ്ദേഹം പ്രധാന മന്ത്രിയെ സന്ദർശിച്ചതിന്റെ അടുത്ത ദിവസം, ഒരു ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. സമയം ലാഭിക്കാനായി ഡൽഹിയിലെ സ്‌കൗട്ട് ഓഫീസിൽ ചടങ്ങ് നടത്തുന്നതിന് പകരം വിമാനത്താവളത്തിന് സമീപമാണ് ചടങ്ങ് നടത്തിയത്”.
എഡ്‌വേഡ് മൈക്കിൾ ഗ്രിൽസ് അഥവാ ബിയർ ഗ്രിൽസ്, ഡിസ്‌കവറി ചാനലിലെ ‘മാന്‍ Vs വൈല്‍ഡ്’ തുടങ്ങിയവ ഉള്‍പ്പടെയുള്ള അതിജീവന പരമ്പരകളുടെ അവതാരകനാണ്. 2016-ൽ അന്നത്തെ യു എസ് പ്രെസിഡന്റായ ബരാക്ക് ഒബാമയോടൊപ്പം ‘റണിംഗ് വൈല്‍ഡ്’ എന്ന ജനപ്രിയ പരിപാടിയും ചിത്രീകരിച്ചിരുന്നു. 2017-ൽ ബൾഗേരിയയിലെ റില ദേശീയോദ്യാനത്തിൽ, ക്യാമറയുടെ സാന്നിധ്യത്തിൽ ഒരു തവളയെ അറുത്ത് പാകം ചെയ്തതിനു ഈ വർഷത്തിന്റെ തുടക്കത്തിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.
ഗ്രിൽസ് ഇന്ത്യയിൽ ചിത്രീകരണത്തിന് വന്നിരുന്നോ എന്നന്വേഷിച്ചു കൊണ്ടു സൺഡേ എക്പ്രസ് അയച്ച ഈമെയിലുകൾക്കോ, ഫോൺ വിളികൾക്കോ, സന്ദേശങ്ങൾക്കോ ഡിസ്‌കവറി ചാനലിന്‍റെ ഇന്ത്യന്‍ ആശയവിനിമയ വിഭാഗം ഉത്തരം നൽകിയില്ല.
ഫെബ്രുവരി മാസം പതിനാറാം തീയതി, പ്രധാനമന്ത്രി പുൽവാമ ആക്രമണത്തിൽ അന്തരിച്ച സൈനികർക്ക് ആദരാഞ്‌ജലികൾ അർപ്പിച്ച ചിത്രമിട്ട പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിലെ പോസ്റ്റിനു മറുപടിയായി ‘തീർത്തും ദുരന്തപൂര്‍ണ്ണമായ ദിവസം- എന്റെ ഹൃദയം ഇന്ത്യയുടെ ഒപ്പം’ എന്ന് ഗ്രിൽസ് കുറിക്കുകയുണ്ടായി. ഒരു ഹൃദയവും, കൈകൾ കൂപ്പി നിൽക്കുന്നൊരു ഇമോജിയോടും ഒപ്പമാണ് അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.
ഇസ്‌ലാമാബാദ്: പര്‍വ്വതാരോഹണം നടത്തുന്നതിനിടെ കാണാതായ രണ്ട് സഞ്ചാരികളുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാനിലെ പർവ്വതനിരകളില്‍ നിന്നും കണ്ടെത്തി. ബ്രിട്ടീഷുകാരനായ ടോം ബല്ലാര്‍ഡ്, ഇറ്റലിക്കാരനായ ഡാനിയേല്‍ നര്‍ദി എന്നിവരുടെ മൃതദേഹമാണ് രണ്ട് ആഴ്ചയ്ക്ക് ശേഷം കണ്ടെത്തുന്നത്. ലോകത്തിലെ കൊടുമുടികളിൽ വലിപ്പത്തിൽ ഒമ്പതാം സ്ഥാനത്തുളള കൊടുമുടിയായ നംഗ പര്‍ബാദ് കീഴടക്കാന്‍ എത്തിയതായിരുന്നു ഇരുവരും. സമുദ്രനിരപ്പില്‍ നിന്നും 26,660 അടി ഉയരത്തിലുളള കെടുമുടിയിലെ ഇന്ന് വരെ ആരും കടന്ന് പോവാത്ത പാതയിലൂടെയാണ് ഇരുവരും കയറാന്‍ ശ്രമിച്ചത്.
രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയതായി പാക്കിസ്ഥാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ വ്യക്തമാക്കി. തിരച്ചില്‍ അവസാനിപ്പിച്ചെന്ന് വളരെ ഖേദപൂർവ്വം അറിയിക്കുന്നതായി സ്റ്റിഫാനോ പോന്റെകോര്‍വോ പറഞ്ഞു. 5900 അടി ഉയരത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സ്പീനിഷ് സംഘം അടക്കമുളളവര്‍ ദിവസങ്ങളായി ഇരുവർക്കുമായി തിരച്ചില്‍ നടത്തുകയായിരുന്നു.
പാക് പർവ്വതാരോഹകനായ റഹ്മതുളള ബൈഗിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടന്നിരുന്നത്. റഹ്മതുളള രണ്ട് പേരുടേയും കൂടെ നേരത്തേ കൊടുമുടി കയറാനെത്തി പിന്നീട് പിന്തിരിഞ്ഞിരുന്നു. ആകാശമാര്‍ഗം നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം കനത്തതാണ് തിരച്ചില്‍ വൈകിപ്പിച്ചത്. പാക്കിസ്ഥാന്‍ വ്യോമമാര്‍ഗത്തിന് നിയന്ത്രണം വച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കമൽഹാസന്റെ ‘മക്കൾ നീതി മയ്യം’ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ബാറ്ററി ടോർച്ച്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബാറ്ററി ടോർച്ച് ചിഹ്നമായി അനുവദിച്ചെന്ന് കമൽഹാസൻ ട്വിറ്റർ പേജിലൂടെയാണ് അറിയിച്ചത്.
തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ 40 ലോക്സഭാ സീറ്റുകളിലും മക്കൾ നീതി മയ്യം സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് കമൽഹാസൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെ, ഡിഎംകെ എന്നിവരുമായി സഖ്യത്തിനില്ലെന്നും തന്റെ പാർട്ടി ഒറ്റയ്ക്കാവും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും കമൽഹാസൻ പറഞ്ഞിരുന്നു. ശുദ്ധമായ കൈകളാൽ തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കാനാണ് തന്റെ ശ്രമമെന്നും അതിനാൽ തന്നെ തങ്ങളുടെ കൈകൾ കളങ്കമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മക്കൾ നീതി മയ്യത്തിന്റെ ആശയവുമായി യോജിക്കുന്ന പാർട്ടികളുമായി കൈകോർക്കുമെന്നാണ് കമൽഹാസൻ പറഞ്ഞത്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തിയതോടെ മക്കൾ നീതി മയ്യം കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
MNM thanks the Election commision for granting us the “Battery Torch” symbol for the forthcoming elections. So appropriate. @maiamofficial will endeavour to be the “Torch-Bearer” for a new era in TN and Indian politics.
— Kamal Haasan (@ikamalhaasan) March 10, 2019
മൊഹാലി: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ നാലാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റാഞ്ചിയിൽ കൈവിട്ട ജയം മൊഹാലിയിൽ സ്വന്തമാക്കി പരമ്പര നേടാനാകും ഇന്ത്യ ഇറങ്ങുക. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ മൊഹാലിയിൽ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലുള്ളത്.
സീനിയർ താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ യുവതാരം ഋഷഭ് പന്ത് വിക്കറ്റിന് പിന്നിൽ ഗ്ലൗസണിയും. മൂന്നാം ഏകദിനത്തിൽ പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയ്ക്ക് പകരം ഭുവനേശ്വർ കുമാർ ടീമിലിടം പിടിച്ചു. അമ്പാട്ടി റയിഡുവിന് പകരം കെഎൽ രാഹുലും ജഡേജയ്ക്ക് പകരക്കാരനായി യുസ്‌വേന്ദ്ര ചാഹലും ടീമിൽ ഇടം പിടിച്ചു.
01.28 PM: ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, ശിഖർ ധവാൻ, രോഹിത് ശർമ്മ, കെ എൽ രാഹുൽ, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഋഷഭ് പന്ത്.
ശബരിമല പ്രശ്നം കേരളത്തില്‍ ലോക്സഭാതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മുതിര്‍ന്ന ബിജെപിനേതാവ് കുമ്മനം രാജശേഖരന്‍. എല്ലാ വിഭാഗങ്ങളുടേയും മതവിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമായി ശബരിമല മാറിയെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു. ഗവര്‍ണര്‍ പദവി ഒഴിഞ്ഞത് ഭരണഘടനാസ്ഥാപനങ്ങളോടുള്ള അവഹേളനമല്ല.
കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് കുമ്മനം മറുപടി നല്‍കി. മിസോറാം ഗവര്‍ണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകാൻ തയാറെടുക്കുകയാണ് കുമ്മനം
ഇന്ത്യ–പാക് പ്രശ്നത്തില്‍ സൗദി മധ്യസ്ഥശ്രമം. സൗദി വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്തും, വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തും. എന്നാൽ മധ്യസ്ഥത ആഗ്രഹിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം പാകിസ്ഥാന്റെ ഒരു നിരീക്ഷണവിമാനം കൂടി സൈന്യം വെടിവച്ചിട്ടു. രാജസ്ഥാനിലെ ഗംഗാനഗറില്‍ വ്യോമാതിര്‍ത്തി ലംഘിച്ച ആളില്ലാവിമാനമാണ് തകര്‍ത്തത്. രാത്രി ഏഴരയോടെയാണ് പാക് വിമാനം കണ്ടതെന്ന് കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ഗുജറാത്ത് അതിര്‍ത്തിയിലും പാകിസ്ഥാന്റെ നിരീക്ഷണവിമാനം തകര്‍ത്തിരുന്നു.
സ്ത്രീയെ വിൽപ്പനച്ചരക്കാക്കുന്നത് സ്ത്രീകൾ തന്നെയാണെന്ന വാദവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബാലചന്ദ്രമേനോൻറെ വിമർശനം. വനിതാ ദിനവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കിടയിലെ സ്വയംഭോഗം എന്ന വിഷയത്തിൽ നടന്ന ഒരു മാധ്യമചർച്ചയെ മുൻനിർത്തിയാണ് കുറിപ്പ്. സ്ത്രീപുരുഷ സമത്വം, ശബരിമലയിലെ സുപ്രീം കോടതി വിധി, തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്.
വനിതാദിനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമം സംഘടിപ്പിച്ച ചർച്ചയുടെ വിഷമായി സ്വയംഭോഗം തിരഞ്ഞെടുത്തത് തന്നെ ഞെട്ടിച്ചു. പലരും ഗോപ്യമായി കൈകാര്യം ചെയ്യുന്ന ഒന്നിനെ ഒരു കൂസലുമില്ലാതെ മഹിളകൾ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതുകൊണ്ട് പുരുഷന് തുല്യമാകുമെന്ന് കരുതുന്നുണ്ടോ? എന്നാൽ, സ്വകാര്യതയിൽ ആവോളം ആസ്വദിക്കാൻ പറ്റുന്ന കിടക്കറവിവരങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ യൂ റ്റിയൂബിൽ സുലഭമാണ്. ആ പ്രവണതയെ നാം എങ്ങിനെ ന്യായീകരിക്കും ? ബാലചന്ദ്രമേനോൻ ചോദിക്കുന്നു.
ആർത്തവത്തിൽ തുടങ്ങിയാണ് ഈ അപഥസഞ്ചാരം . സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആർത്തവം എന്ന നിരുപദ്രവമായ , ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവൽക്കരിച്ചു ‘ആർപ്പോ ആർത്തവം ‘ എന്ന ഒരു പ്രതിഭാസം വരെയാക്കി ! ആർത്തവം ഇന്നലെ ആരും കണ്ടുപിടിച്ചതല്ല .പണ്ടുകാലത്ത് . ‘പുറത്തുമാറി ‘ എന്നും ‘തീണ്ടാരിയാ ‘ എന്നുമൊക്കെ അടക്കിപറഞ്ഞിരുന്ന ഒന്നിന് ബുദ്ധിജീവികൾക്കിടയിൽ ഇടം കിട്ടിയത് ഇടക്കാലഘട്ടത്തിൽ ഏതോ പുരോഗമനസാഹിത്യകാരൻ (‘?)’ആർത്തവരക്തത്തിന്റെ ചുവപ്പു നിറത്തെ അസ്തമയ സന്ധ്യയുമായി താരതമ്യം ചെയ്തപ്പോഴാണ്..ആർത്തവത്തെപ്പറ്റി സമൂഹത്തിൽ വനിതകൾ അധരവ്യായാമം നടത്തിയാൽ സ്ത്രീ ശാക്തീകരണം ഉറപ്പായും ഉണ്ടാകുമോ ?
സ്ത്രീയെ വില്പനച്ചരക്കാക്കുന്നത് സ്ത്രീകൾ തന്നെയാണ് . സ്ത്രീകൾക്കു പരസ്യമായി സംവദിക്കാൻ ആർത്തവവും സ്വയംഭോഗവും വിഷയങ്ങളായി കണ്ടെത്തുന്നവരുടെ കെണിയിൽ ‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ കൈമോശം വരരുത്. വനിതകളുടെ സജീവമായ ശ്രദ്ധ പതിയേണ്ട എന്തെന്തു വകകൾ നമ്മുടെ സമൂഹത്തിലുണ്ട്? യൊവ്വനയുക്തയായ ഒരു വനിതയുടെ തുറന്ന മാറിടത്തിൽ ഒട്ടിച്ചേർന്നു പാലുകുടിക്കുന്ന ഒരു ദൃശ്യം കവർ ഫോട്ടോ ആയി കാണിച്ചു നാല് കാശ് ഉണ്ടാക്കാനുള്ള കച്ചവട ശ്രമത്തെ മുലയൂട്ടൽ വാരത്തിന്റെ പെടലിക്ക് കെട്ടിവെക്കുന്ന അധമമായ ചിന്തയോട് യോജിക്കാൻ കഴിയുന്നില്ല .
ചിലർ സ്ത്രീകളെ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് . പുരുഷ സമത്വം എന്ന മോഹം കൊതിപ്പിച്ചു മാധ്യമങ്ങ്ങളും സംഘടനകളും ചുടു ചോറ് വാരിക്കുകയാണ് . മുക്ക് ഇടയിൽ അതായത് ആണിനും പെണ്ണിനും ഇടയിൽ ഒരു പ്രശ്‌നവുമില്ല . അഥവാ ഉണ്ടായാൽ തന്നെ നാം അത് ഒരു നോട്ടം കൊണ്ട് അല്ലെങ്കിൽ കള്ളച്ചിരി കൊണ്ട് പരിഹരിക്കും . ‘ ചേട്ടന് പണ്ടത്തെപ്പോലെ എന്നെ ഇഷ്ട്ടമല്ല ‘ എന്ന് പറഞ്ഞു കേൾക്കുമ്പോൾ വഴക്കുണ്ടാക്കി ഫാമിലി കോർട്ടിൽ പോകണ്ട . കൂടുതൽ സ്നേഹവും പരിചരണവും കൊടുത്താൽ മാത്രം മതി .പുരുഷന് ചെയാവുന്ന എന്തും സ്ത്രീക്ക് പുഷ്പ്പം പോലെ ചെയ്യാൻ പറ്റുമെന്ന് ഞാൻ ശിരസ്സു കുനിച്ചു പറയുന്നു.
യാദൃച്ഛികമാവാം വനിതാദിനത്തിൽ തന്നെ വനിതാ പൈലറ്റിനോട് ഒരു ടാക്സി ഡ്രൈവർ അപമര്യാദയായി പെരുമാറി എന്ന വാർത്തയും വായിച്ചുകണ്ടു. സ്ത്രീകൾ മാത്രം മേധാവിത്വം വഹിക്കുന്ന ഒരു സിനിമയെപ്പറ്റിയും വായിച്ചു. പുരുഷ സാന്നിധ്യം വർജ്യമാണെന്നൊരു സന്ദേശം നൽകുന്നതിൽ എന്താണർത്ഥം ?
അല്ലെങ്കിലും പെണ്ണായാൽ ‘ഇച്ചിരി’ നാണം വേണം. കാവ്യഭാവന പറയുന്ന പോലേ ‘കാലുകൊണ്ട് നഖം ‘ വരയ്ക്കണം എന്നൊക്കെ പറയാൻ ഞാൻ ‘പോഴനൊ’ ന്നുമല്ല. എപ്പോഴും നാണിക്കണമെന്നുമില്ല . നാണം വരുമ്പോൾ അതിനെ തടയാതിരുന്നാൽ മതി . നാണിച്ചാൽ എന്റെ ‘മൂച്ചൊക്കെ’ പോകും എന്ന അബദ്ധധാരണ വേണ്ട .അല്ലെങ്കിൽ തന്നെ നാണമില്ലാത്ത പെണ്ണ് ഉണ്ടോ എന്ന് എനിക്ക് സംശയമാണ്”- ബാലചന്ദ്രമേനോൻ ചോദിക്കുന്നു.