കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും മുല്ലപ്പളളി രാമചന്ദ്രനും മത്സരിക്കില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് വയ്ക്കാൻ സാധിക്കാത്ത അത്രയും മികച്ച പട്ടികയാണ് കേരളത്തിൽ വരുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.

കെ.സി.വേണുഗോപാലിന് കേന്ദ്ര നേതൃത്വത്തിൽ തിരക്കുകളുണ്ടെന്നും ഉമ്മൻ ചാണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരള രാഷ്ട്രീയത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിൽ ഫാസിസ്റ്റ് ഭരണത്തിനും, സംസ്ഥാനത്ത് ആയിരം ദിവസം പൂർത്തിയാക്കിയ പിണറായി സർക്കാരിന്റെ ദുർഭരണത്തിനും എതിരായാണ് ജനം വോട്ട് ചെയ്യുകയെന്ന് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.

വൈകുന്നേരം 6.30 ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഉമ്മൻ ചാണ്ടിയെ സ്ഥാനാർത്ഥിയാക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. സ്ക്രീനിങ് കമ്മിറ്റി ചാണ്ടിയെ ഡൽഹിക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം പോയില്ല. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകില്ലെന്ന് ചെന്നിത്തലയും മുല്ലപ്പളളിയും വ്യക്തമാക്കിയത്.

വയനാട് സീറ്റിൽ ടി.സിദ്ദിഖോ, ഷാനിമോൾ ഉസ്മാനോ എന്ന തർക്കം നിലനിൽക്കുകയാണ്. ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ മത്സരിക്കില്ല. ഇടുക്കിയിൽ ജോസഫ് വാഴക്കനോ അല്ലെങ്കിൽ ഡീൻ കുര്യാക്കോസോ സ്ഥാനാർത്ഥിയാകും. എറണാകുളത്ത് കെ.വി.തോമസോ, ഹൈബി ഈഡനോ എന്ന കാര്യത്തിലും തീരുമാനമായില്ല.

പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെയാകും സ്ഥാനാർത്ഥി. ടി.എൻ.പ്രതാപൻ തൃശ്ശൂരിലും ബെന്നി ബെഹനാൻ ചാലക്കുടിയിലും മത്സരിച്ചേക്കും. കണ്ണൂരിൽ കെ.സുധാകരൻ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. വേണുഗോപാലിന്റെ ഒഴിവിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലിൽ അടൂര്‍ പ്രകാശാവും സ്ഥാനാർത്ഥി. പാലക്കാട്ട് വി.കെ.ശ്രീകണ്ഠനും ആറ്റിങ്ങലിൽ രമ്യ ഹരിദാസിനുമാണ് സാധ്യത.