Latest News

ആലപ്പാട് നടക്കുന്ന ജനകീയ സമരത്തിന് ഒപ്പം ചേർന്ന് വിജയ് ആരാധകർ. ജില്ലയിലെ ‘കൊല്ലം നൻപൻസ്’ എന്ന് ഫാൻസ് സംഘടനയാണ് ആരാധകരെ അണിനിരത്തി പ്രതിഷേധിച്ചത്. വിജയ്‍യുടെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ഫ്ളക്സുകളും പ്ലക്കാർഡുകളും കയ്യിലേന്തിയായിരുന്നു പ്രതിഷേധപ്രകടനം. പ്രതിഷേധക്കാരിൽ ചിലർ വായ മൂടിക്കെട്ടിയാണ് എത്തിയത്.

ചവറ ശങ്കരമംഗലത്ത് പ്രവർത്തിക്കുന്ന ഐ ആർ ഇ ( ഇന്ത്യൻ റയർ എർത്ത് ലിമിറ്റഡ് ) എന്ന സ്ഥാപനം വർഷങ്ങളായി നടത്തുന്ന മണൽ ഖനനത്തിനെതിരെയാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം പോരാടുന്നത്. അറബിക്കടലിനും കായംകുളം കായലിലും ഇടക്കായി വീതി വളരെക്കുറഞ്ഞ ഒരു പ്രദേശം ആണ് ഇത്.

കൂടാതെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശ്ശൂരിൽ നിന്നും ബൈക്ക് റാലിയും ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെയാണ് ബൈക്ക് റാലി കടന്നുപോകുന്നത്. അരുൺ സ്മോക്കിയാണ് നേതൃത്വം. #savealapadu എന്ന ഹാഷ്ടാഗ് ബൈക്കുകളിലൊട്ടിച്ചാണ് യാത്ര. 200 കിലോമീറ്ററോളം സഞ്ചരിച്ച് റാലി നടത്താനാണ് നീക്കം.

കാത്തിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ എത്തി. ഇതെന്താ ബ്ലാക് ആന്റ് വൈറ്റ് ചിത്രമാണോ എന്ന് തോന്നിപ്പോകാം. ദൂരദര്‍ശന്‍ ശബ്ദത്തിന്റെ പശ്ചാത്തലം ഉള്‍പ്പെടുത്തിയാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ കടന്നുപോകുന്നത്. വ്യത്യസ്ഥമാര്‍ന്ന ഒരു ടീസര്‍. എന്താണ് കഥാസാരം എന്ന് കണ്ടുപിടിക്കാന്‍ പറ്റാത്തവിധം തിട്ടപ്പെടുത്തിയെന്നു തന്നെ പറയാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇറക്കിയിരിക്കുന്നത്.

ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ടീസറിലുള്ളത്. ആഫ്രിക്കന്‍ നായികയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ മധു.സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് ഒരുക്കുന്നത്. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് നിര്‍മ്മാണം.

ഭീമന്‍ ട്യൂണ മത്സ്യങ്ങളെ കോടികള്‍ നല്‍കി വാങ്ങുന്നത് ജപ്പാനിലെ സുഷി വ്യാപാരിയായ കിയോഷി കിമുറ ഇതാദ്യമായല്ല. എന്നാല്‍ ഇത്തവണ കിയോഷി വാങ്ങിയ മീനിന്‍റെ വില കേട്ടാല്‍ ശരിക്കും ഞെട്ടും. 31 ലക്ഷം ഡോളര്‍ അഥവാ 21.55 കോടി രൂപ. ടോക്കിയോവിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് വിലകൂടിയ മത്സ്യത്തെ കിയോഷി സ്വന്തമാക്കിയത്.


278 കിലോയാണ് കിയോഷി വാങ്ങിയ ട്യൂണ മത്സ്യത്തിന്‍റെ ഭാരം. ജപ്പാനിലെ വടക്കന്‍ തീരത്ത് നിന്നാണ് ഈ ഭീമന്‍ മത്സ്യത്തെ പിടികൂടിയത്. 2013ല്‍ അദ്ദേഹം 10 കോടിയോളം മുടക്കി ഭീമന്‍ ട്യൂണ മത്സ്യത്തെ വാങ്ങിയത് വാര്‍ത്തയായിരുന്നു.

സുഷി ഭക്ഷണങ്ങള്‍ വിളന്പുന്ന റസ്റ്റോറന്‍റ് ശ്യംഖലയുടെ ഉടമയാണ് കിയോഷി. 1935ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുകിജിയില്‍ എല്ലാ ദിവസവും ട്യൂണ മത്സ്യങ്ങള്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ട്യൂണ മത്സ്യങ്ങള്‍ ഉപയോഗിക്കുന്നത് ജപ്പാന്‍കാരാണ്. കറുത്ത നിറമുളള ട്യൂണയ്ക്കാണ് ജപ്പാനില്‍ ആവശ്യക്കാരേറെ. ഇത് കിട്ടാന്‍ പ്രയാസമുളളതിനാല്‍ കറുത്ത വജ്രം എന്നാണ് ഇത്തരം ട്യൂണകളെ അവര്‍ വിളിക്കുന്നത്.

സംസ്ഥാനത്ത് ശബരിമലയുടെ പേരിലുണ്ടായ കലാപത്തിന് കാരണം സര്‍ക്ക‍ാരാണെന്ന് എന്‍എസ്എസ്. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല പ്രശ്നത്തില്‍ വിട്ടുവീഴ്ചയ്ക്കുള്ള വിദൂരസാധ്യതപോലുമില്ല എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിക്കൊണ്ടാണ് എന്‍എസ്എസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജനം നല്‍കിയ അധികാരം ഉപയോഗിച്ച് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ഭരണകൂടം നിറവേറ്റാതിരിക്കുമ്പോള്‍ വിശ്വാസികള്‍ ചുമതല ഏറ്റെടുക്കുന്നതിനെ തെറ്റുപറയാനാകുമോ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു.

അത്തരം പ്രതിഷേധങ്ങളെ രാഷ്ട്രീയനിറം കൊടുത്ത് പ്രതിരോധിക്കുന്നത് ശരിയല്ല. യുവതീപ്രവേശത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സര്‍ക്കാരാണ്. ആദ്യംതന്നെ സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. അനാവശ്യമായ നിരോധനാജ്ഞ, കള്ളക്കേസുകള്‍, വിശ്വാസികളെ പരിഹസിക്കല്‍, ഹൈന്ദവാചാര്യന്മാരെ അധിക്ഷേപിക്കല്‍ എന്നിവയെല്ലാം ജനാധിപത്യസര്‍ക്കാരിന് ചേര്‍ന്നതാണോയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിച്ചു. വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളും സമാധാനപരമായി പ്രതിഷേധിക്കേണ്ടസമയം അതിക്രമിച്ചെന്നും എന്‍എസ്എസ് നേതൃത്വം ആഹ്വാനം ചെയ്തു.

കേരളത്തിലെ സമീപകാല സംഭവവികാസങ്ങളില്‍‌ ആധിയും ആശങ്കയും പങ്കിട്ട് മമ്മൂട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും. സിനിമയുടെ ലൊക്കേഷനിലെ സൗഹൃദസംഭാഷണത്തിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍‌ ഹൃദ്യമായ ചെറുകുറിപ്പായി ചുള്ളിക്കാട് തന്നെയാണ് സുഹൃത്തിന് അയച്ചുകൊടുത്തത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് അതിവേഗം വായനക്കാരെ നേടി. രണ്ടുവരിയില്‍ കേരളത്തിലെ ഓരോ മനുഷ്യന്റെയും ആധിയാണിതെന്നാണ് സമൂഹമാധ്യമത്തിലെ വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കുറിപ്പ് ഇങ്ങനെ:

വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:

“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”

“അതെ.”

ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”

– ബാലചന്ദ്രൻ ചുള്ളിക്കാട്

 

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിന്റെ ബിജെപിക്കെതിരായ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്. കമ്പനിയെ കരിമ്പട്ടികയിൽ നിന്നൊഴിവാക്കാൻ പ്രമുഖ ബിജെപി നേതാവ് സഹായിച്ചെന്നാണ് മിഷേൽ വെളിപ്പെടുത്തിയത്.

നിലവിലെ രാജ്യസഭാംഗവും മുൻകേന്ദ്രമന്ത്രിയുമായ ബിജെപി നേതാവിനെതിരെയാണ് ആരോപണമെന്നാണ് സൂചന. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിയെ മോദി സർക്കാരിന്റെ കാലത്താണ് പട്ടികയിൽ നിന്നൊഴിവാക്കിയത്.

അഗസ്റ്റ വെസ്റ്റ്ലാന്‍റിനു പുറമെ മറ്റു പ്രതിരോധ ഇടപാടുകളിലും ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടപെട്ടുവെന്നതിന്‍റെ തെളിവുകള്‍ ഉണ്ടെന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മിഷേല്‍ ഇറ്റാലിയന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ ആവശ്യമായ ഒരു തെളിവുകളും മിഷേലില്‍ നിന്ന് സി.ബി.ഐക്കോ, ഇ.ഡിക്കോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മിഷേലിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.

എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡി പൂര്‍ത്തിയായ സാഹചര്യത്തില്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 26 വരെയാണ് ഡല്‍ഹി പട്യാലഹൗസ് കോടതി മിഷേലിനെ റിമാന്‍ഡ് ചെയ്തത്. ദുബായില്‍ അറസ്റ്റിലായിരുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ മുഖ്യഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡിസംബര്‍ അഞ്ചിനാണ് ഇന്ത്യയിലെത്തിച്ചത്.

ചോദ്യം ചെയ്യലിൽ മിഷേൽ മിസിസ് ഗാന്ധി എന്ന് പറഞ്ഞതായി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ എൽഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. മിസ്സിസ് ഗാന്ധി എന്ന് മിഷേൽ ഉദേശിച്ചത്‌ സോണിയ ഗാന്ധിയെയാണെന്ന് വ്യക്തമാക്കി ബിജെപി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദുബായിൽ അറസ്റ്റിലായ മിഷേലിനെ ഡിസംബർ അഞ്ചിനാണ് ഇന്ത്യയിലെത്തിച്ചത്.

 

പാലക്കാട്: ഹര്‍ത്താലിന് പിന്നാലെയുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു. സംസ്ഥാനത്തെ വിവിധ ഭഗങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് രാവിലെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ സിപിഎം ബി.ജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും അക്രമസംഭവങ്ങളില്‍ അയവില്ലാതെ തുടരുകയാണ്.

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് യുവാവിനെ വീട്ടില്‍ കയറി വെട്ടിയത്. ഹര്‍ത്താലിന്റെ ഭാഗമായിട്ടുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അട്ടപ്പാടി കള്ളമലയില്‍ ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

വെള്ളിയാഴ്ച്ച പകല്‍ ചില ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായെങ്കിലും ഗുരുതരമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രാത്രിയായതോടെ കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. തലശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍, മുന്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി എന്നിവരുടെ വീടിന് നേരേ ബോംബേറുണ്ടായി.

ബോംബേറുണ്ടായതിന് പിന്നാലെ പെരുവരമ്പില്‍ സിപിഎം പ്രവര്‍ത്തകന് വേട്ടേറ്റിട്ടുണ്ട്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വി.കെ.വിശാഖി(28)നാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും വെട്ടേറ്റ വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചയോടെ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. സിപിഎം-ബിജെപി സംഘര്‍ഷം ഇന്നും തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവലുണ്ട്.

പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ മകരവിളക്ക് നടക്കുന്ന ജനുവരി 14 വരെ നീട്ടി. നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. സന്നിധാനം. പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നിരോധനാജ്ഞ പ്രകാരം ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല. യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

എന്നാല്‍ പുറത്തെ സംഘര്‍ഷങ്ങള്‍ ശബരിമലയെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. സംഘര്‍ഷം കൊണ്ട് ഭക്തരുടെ വരവിലും കുറവ് വന്നിരുന്നില്ല. അതേസമയം തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ഇവിടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കൂടുതല്‍ പൊലീസിനെ നിയോഗിച്ച് സുരക്ഷ ഒരുക്കാന്‍ തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 1400 ല്‍ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 500 പൊലീസുകാരെക്കൂടി അധികമായി വിന്യസിക്കും.

പതിനഞ്ച് വയസുള്ള പെൺകുട്ടിയും പതിനാറ് വയസുള്ള ആൺകുട്ടിയും കല്യാണം കഴിക്കുന്നുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിക്കുന്നു. ടെലിഫിലിം ഷൂട്ടിങ്ങിന്റെ പേരിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ എടുത്ത വീഡിയോയുടെ ഒരുഭാഗം മാത്രമാണ് തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ കേസ് കൊടുത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാർത്തുന്ന ദൃശ്യം ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു.

അതേ സമയം സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നത് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ വിദ്യാർഥിനിയുടെ കഴുത്തിൽ താലി ചാർത്തിയെന്ന തരത്തിലായിരുന്നു. ഇതോടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഒരു മാസം മുൻപാണ് പ്രതീകാത്മക വിവാഹം നടന്നതെന്നും, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്കൂളിലെ വിദ്യാർഥിനിയാണ് ദൃശ്യങ്ങളിലുള്ളതെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.

കൂടെയുണ്ടായിരുന്ന വിദ്യാർഥിനികളിൽ നിന്നു വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ അറിയിക്കുകയും, ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കൾ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കണ്ടതോടെ പൊലീസിൽ പരാതി നൽകി. ഇതോടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു പരാതി. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

പ്രശസ്ത സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി.പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു.

Copyright © . All rights reserved