കൂറ്റൻ തിമിംഗിലത്തിന്റെ ജഡം ചാവക്കാട് ബീച്ചില്‍ കരയ്ക്കടിഞ്ഞു. എടക്കഴിയൂര്‍ തെക്കേമദ്രസയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് തിമിംഗിലത്തിന്റെ ജഡം തിരയ്‌ക്കൊപ്പം കരയ്ക്കടിഞ്ഞത്. 25 അടി നീളവും 15 അടി വീതിയുമുള്ള തിമിംഗിലത്തിന് 10 ടണ്ണിനടുത്ത് ഭാരമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
കാറ്റിന്റെ ഗതി കരയിലേക്കായതിനാലാണ് ഇത് കരയ്ക്കടിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. താവക്കാട് പുന്നയൂര്‍ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കരയിലേക്ക് വലിച്ചുകയറ്റി. ഏറെ നേരം ശ്രമപ്പെട്ടാണ് ജഡം തീരത്തുനിന്ന് കയറ്റിയത്. തുടര്‍ന്ന് കരയില്‍ കുഴിയെടുത്ത് ജഡം മറവുചെയ്തു.
ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസിൽ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല. സുരേഷ് കല്ലടയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുമെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസിൽ തെളിവെടുപ്പ് പൂര്‍ത്തിയായി. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ പിടികൂടിക്കഴിഞ്ഞുവെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
സംഭവം നടന്ന കൊച്ചി വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്താണ് തെളിവെടുപ്പ്. ഇതിനായി പ്രതികളെ എഴുപേരെയും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അന്വേഷണ ചുമതലയുള്ള തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രതികളെ ഇന്നലെ ചോദ്യം ചെയ്തു. അക്രമത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ഇരകളായവരുടെ മൊഴിയുണ്ട്. ഇവർ ആരൊക്കെ എന്നത് സംബന്ധിച്ചും പ്രതികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.
കൊച്ചി: ബസിനുള്ളില്‍ നിന്ന് വലിച്ചിറക്കി യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ട്രാവല്‍സിന്റെ വൈറ്റിലയിലെ ഓഫീസില്‍ ഇന്ന് തെളിവെടുപ്പ്. കേസില്‍ റിമാന്‍ഡിലായ പ്രതികളെ ഓഫീസിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. ഏഴു പേരാണ് കേസില്‍ റിമാന്‍ഡിലായത്. ഇവരെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും.
ചൊവ്വാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. യാത്രക്കാരെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തില്‍ കമ്പനി ഉടമ സുരേഷ് കല്ലടയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ആദ്യം സുരേഷ് കല്ലട ഒഴിവുകഴിവ് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് നടപടി ഭയന്ന് ഹാജരാവുകയായിരുന്നു.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട ആദ്യം പൊലീസിനെ അറിയിച്ചത്. ഇതോടെ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് നോട്ടീസ് നല്‍കിയിരുന്നത്.
ബിജോ തോമസ് അടവിച്ചിറ
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പോലും മറന്ന് പമ്പയാറ്റിൽ ചാടി രക്ഷിച്ചു ധീരനായി ഓട്ടോക്കാരനായ യുവാവ്. ഇന്നലെ രാവിലെ പത്തുമണിയോടെ പുളീംകുന്നു താലൂക്ക് ആശുപതിക്കു സമീപം പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടിയത്. ഒരുവർഷം മുൻപ് വിവാഹിതയായ യുവതി ഭർത്താവുമായുള്ള സൗന്ദര്യ പിണക്കം മൂലം ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടിയത്.
പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ സിന്ഗ്നൽ കത്ത് കിടന്ന ഓട്ടോ ഡ്രൈവർ കായൽപുറം സ്വദേശി ഷിജോയുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പാലത്തിന്റെ മധ്യത്തിലേക്ക് ഓടിയെത്തി പുറകെ ചാടി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ മുടിയിൽ പിടുത്തം കിട്ടിയ ഷിജോ പാലത്തിന്റെ തൂണിൽ പിടിച്ചു കിടന്നതിനാൽ ആണ് രക്ഷപ്പെട്ടത്.
സംഭവം കണ്ടുകൊണ്ടിരുന്ന മറ്റു രണ്ടുപേരും കൂടി ആറ്റിൽ ചാടി യുവതിയെ പാലത്തിന്റെ ബീമിൽ കയറ്റി ഇരുത്തിയ ശേഷം വള്ളം എത്തിച്ചാണ് കരയിലെത്തിച്ചത്. തൊട്ടടുത്തുള്ള പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രാഥമിക ശിശുരൂഷകൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. പുളിങ്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കൊണ്ടൂരേത്ത് പടീറ്റതിൽ രാജനെ (75) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികളിലൊരാൾ കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കൾക്കൊപ്പം പരാതി നൽകാനെത്തി അന്വേഷണം വഴി തിരിച്ചുവിടാനും ശ്രമിച്ചു. പ്രതികളിലൊരാളായ രാജേഷാണ് പൊലീസിനെ വഴിതെറ്റിക്കാൻ വിദഗ്ധമായി ശ്രമിച്ചത്. വഴിത്തിരിവായതു സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും. ഹരിപ്പാട്ട് പണമിടപാടു നടത്തിയിരുന്ന വിമുക്തഭടന്റെ തിരോധാനം കൊലപാതകമെന്നു തെളിഞ്ഞതിനു പിന്നിൽ പൊലീസിന്റെ പഴുതടച്ച അന്വേഷണം
രാജനെ (75) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടിയത് ദൃശ്യം സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം. പ്രതികളായ ശ്രീകാന്ത്, രാജേഷ്, വിഷ്ണു എന്നിവർ ഒരാഴ്ചകൾക്കു മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സിനിമാ രംഗവുമായി ബന്ധമുള്ള വിഷ്ണുവിനെ ശ്രീകാന്തും രാജേഷും സഹായത്തിനായി കൂടെ കൂട്ടുകയായിരുന്നു.
വണ്ടി ഇടിച്ച് കൊല്ലാനും, ക്വട്ടേഷൻ നൽകി കൊലപ്പെടുത്താനും പദ്ധതി തയ്യാറാക്കിയെങ്കിലും പിന്നീട് തട്ടികൊണ്ട് പോയി ക്ലോറോഫാം മണപ്പിച്ചശേഷം കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ശ്രമിക്കുന്നതിനിടെ രാജൻ ക്ലോറോഫാം തട്ടി മാറ്റി. തുടർന്നാണു പിന്നിൽ നിന്നു വയറും തോർത്തും ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. ശേഷം കാറിന്റെ മുമ്പിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് സീറ്റ് ബെൽറ്റ് ഇട്ട് രാജനെ കിടത്തി ഹരിപ്പാട് നഗരത്തിലൂടെ പല തവണ സഞ്ചരിച്ചു.സന്ധ്യയോടെ രാജേഷിന്റെ വീടിനു സമീപം എത്തിച്ച് പിൻസീറ്റുകളുടെ ഇടയിലായി ബെഡ്ഷീറ്റ് ഉപയോഗിച്ചു മൃതദേഹം ഒളിപ്പിച്ചു
രാത്രിയോടെ കുരീക്കാട് ജംക്‌ഷനു സമീപം എത്തി. ഇവിടെയുള്ള പാടത്ത് കുഴിച്ച് മൂടാനായിരുന്നു തീരുമാനം. എന്നാൽ മഴ പെയ്തു വെള്ളം കയറി മൃതദേഹം പുറത്ത് വരുമെന്നതിനാൽ ഉപേക്ഷിച്ചു. തുടർന്നു പാടത്തിനു സമീപത്തെ ആൾ താമസമില്ലാത്ത മതിൽകെട്ടുള്ള വീട് തിരഞ്ഞെടുത്തു.
മൃതദേഹം പാടത്തുകൂടി കൊണ്ടുപോയി മതിലിന് മുകളിൽ കൂടി പറമ്പിലേക്കിട്ടു.തുടർന്നു കുഴിയെടുത്തു മൂടി മുകളിൽ ഹോളോബ്രിക്സ് കട്ടകൾ വച്ചു. ഇവിടെ നികത്താനായി വീട്ടുകാർ ഗ്രാവൽ ഇറക്കിയിരുന്നു. ഗ്രാവൽ നിരത്തുന്നതോടെ ദൃശ്യം സിനിമയിലെ പോലെ അന്വേഷണം എങ്ങും എത്തില്ലെന്നായിരുന്നു കരുതിയത്. രാജനു ഫോൺ ചെയ്ത ശേഷം രാജേഷ് ഫോൺ വീട്ടിൽ തന്നെ വെച്ചാണു പുറപ്പെട്ടത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നു രക്ഷനേടാനാണ് ഇങ്ങനെ ചെയ്തത്.
പിന്നീടു വിഷ്ണുവിന്റെ മൊബൈൽ ഫോണിൽ നിന്നാണു വിളിച്ചത്. ചോദ്യം ചെയ്യലിൽ നിന്നു വിദഗ്ധമായി ഒഴിഞ്ഞു മാറിയിരുന്ന പ്രതികൾ സിസിടിവി ദൃശ്യത്തിലെ കാർ കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രിയിൽ വീട് വളഞ്ഞാണ് മൂന്നു പ്രതികളെയും പിടികൂടിയത്. രാജേഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു.
ചിറയിൻകീഴിൽ നിന്ന് ഒന്നര വർഷത്തോളം മുൻപാണ് രാജൻ പള്ളിപ്പാട്ട് ആദ്യ ഭാര്യയുടെ വീട്ടിൽ താമസത്തിനെത്തിയത്. രാജൻ കുറെക്കാലം വിദേശത്തും ജോലി ചെയ്തിരുന്നു. പലിശയ്ക്കു പണം കൊടുക്കാൻ തുടങ്ങിയ രാജനിൽ നിന്നു രാജേഷ് 25 ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു
പലതവണ ആവശ്യപ്പെട്ടെങ്കിലും പലിശയോ മുതലോ നൽകിയില്ല. നിർബന്ധം മുറുകിയപ്പോഴാണു കഴുത്തിൽ കയർ മുറുക്കാനുള്ള തീരുമാനത്തിലേക്കു രാജേഷ് എത്തിയത്. സഹായത്തിന് സുഹൃത്തുക്കളായ ശ്രീകാന്തും വിഷ്ണുവുമെത്തി. പലിശ നൽകാമെന്നു പറഞ്ഞ് കഴിഞ്ഞ് 10 ന് ഉച്ചയ്ക്കു 2ന് രാജനെ രാജേഷ് വിളിച്ചുവരുത്തി. പിന്നീടു രാജനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒഴിവാക്കാൻ സാധിക്കുന്ന യാത്രകൾ നിർബന്ധമായും ഒഴിവാക്കാനാണ് നിർദേശം.
അത്യവശ്യമായി പോകേണ്ട സാഹചര്യമുണ്ടെങ്കിൽ കോളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടാവുന്നതാണ്. കാണ്ഡിയിലുള്ള അസിസ്റ്റന്റ് ഹൈക്കമ്മീഷന്റെയും ഹാമ്പട്ടോട്ട, ജാഫ്ന എന്നിവടങ്ങളിലുള്ള കോൺസലേറ്റുകളുടെയും സഹായം തേടാവുന്നതാണ്. ഹെൽപ്പ്ലൈൻ നമ്പറുകൾ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ അടിയന്തരാവസ്ഥയും രാത്രികാലങ്ങളിൽ നിരോധനാഞ്ജ നിലനിൽക്കുന്നത് യാത്രയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഈസ്റ്റർ ദിനത്തിൽ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയിൽ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. രാവിലെ 8.45 ന് ഈസ്റ്റർ പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പളളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സ്‌ഫോടനമുണ്ടായി.
ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്‌ഫോടനം. കൊളംബോയിലെ വടക്കൻ മേഖലയിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്‌ഫോടനം.
കോട്ടയം നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനായി രണ്ടു സ്ഫോടനം നടത്തിയിട്ടു ഫലമുണ്ടായില്ലെന്ന് വാര്‍ത്ത സൈബര്‍ ലോകത്ത് ചിരിപൂരം ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ വിവിധ ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ പാലം തകരാത്തതിനെ തുടര്‍ന്ന് പൊളിക്കാനുള്ള ശ്രമം റെയില്‍വേ ഉപേഷിച്ചു. പാലം പൊളിക്കാനുള്ള ദിവസവും സമയം പിന്നീട് അറിയിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.40 നും വൈകിട്ട് 5.15നുമാണ് സ്ഫോടനം നടത്തിയത്. എന്നാല്‍ പാലത്തിന്റെ കൈവരികള്‍ മാത്രമാണ് തകര്‍ന്നുവീണത്. ഇതോടെ സ്ഫോടനം നടത്താനെത്തിയവരെ നാട്ടുകാര്‍ കൂവി ഓടിക്കുകയായിരുന്നു.
ഇന്ന് 11 മണിയോടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പാലം പൊളിക്കാന്‍ ശ്രമം ആരംഭിച്ചത്. . പൊട്ടിത്തെറിക്കുന്നതിന് പകരം പാലം താഴേക്ക് ഇടിഞ്ഞ് വീഴുന്ന രീതിയിലാണ് പാലം പൊളിക്കാന്‍ ഉദേശിച്ചിരുന്നത്. . കോട്ടയം വഴി രാവിലെ മുതല്‍ വൈകിട്ട് 6.30 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
എംസി റോഡില്‍ നാഗമ്പടം പാലത്തിലൂടെ രാവിലെ 11 മുതല്‍ 12 വരെ വാഹന ഗതാഗതം നിരോധിച്ചിരുന്നു പാലത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ കാല്‍നടയാത്ര നിരോധിച്ചിട്ടുണ്ട്. കോട്ടയം റൂട്ടിലെ 12 പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്തു.
പാലത്തിലും കോണ്‍ക്രീറ്റ് ബീമുകളിലും സുഷിരങ്ങളുണ്ടാക്കി സ്‌ഫോടക വസ്തു ഇന്നലെ നിറച്ചിരുന്നു. പാലം മുഴുവന്‍ രാത്രിയോടെ പ്ലാസ്റ്റിക് വല കൊണ്ടു മൂടിയിരുന്നു. സ്‌ഫോടനത്തിന്റെ പൊടി പുറത്തു വരാതിരിക്കാനാണ്.
പാശ്ചാത്യ നഗരങ്ങളില്‍ സുപരിചിതമായ നിയന്ത്രിത സ്‌ഫോടന സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്ഫ്രാ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. വന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷിതമായ ഇംപ്ലോസീവ് മാര്‍ഗമാണ് നാഗമ്പടത്തും നടപ്പാക്കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും പാലം കുലുങ്ങിയില്ല.



















മണിപ്പൂരിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ കത്തോലിക്കാ മിഷണറി സ്കൂളായ സുഖ്നുവിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. ആറു വിദ്യാർഥികൾക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് സ്കൂൾ അഗ്നിക്കിരയാക്കിയതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്കൂളിന്റെയും വിദ്യാർഥികളുടെയും സുപ്രധാനമായ രേഖകളും പഠനോപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു മുറികൾ ഉൾപ്പെടെ 10 മുറികൾ പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സ്കൂളിനും ക്ലാസ് ടീച്ചർക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനകരമായ പോസ്റ്റിട്ടതിനാണ് ആറ് വിദ്യാർഥികൾക്കെതിരേ ഒരാഴ്ച മുന്‍പ് അധികൃതർ അച്ചടക്ക നടപടികൾ സ്വീകരിച്ചത്. എന്നാൽ, ഇവരെ ക്ലാസുകളിൽ ഇരിക്കാൻ അനുവദിച്ചിരുന്നുവെന്നു പ്രിൻസിപ്പൽ ഫാ. ഡോമിനിക് പറഞ്ഞു.
അച്ചടക്ക നടപടികളിൽ രോഷംപൂണ്ട ഒരു പ്രാദേശിക വിദ്യാർഥി സംഘടനയും ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നു. വിദ്യാർഥികൾക്കെതിരേ സ്വീകരിച്ച നടപടികൾ റദ്ദാക്കാൻ അവർ സമ്മർദം ചെലുത്തി വരുകയായിരുന്നു. സ്കൂൾ അഗ്നിക്കിരയാക്കിയത് തീവ്രവാദികളാണെന്നു പറഞ്ഞ സംസ്ഥാന മന്ത്രി ലെറ്റ്പാവോ ഹോക്കിപ്, സംഭവത്തെ ശക്തമായി അപലപിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പുനർനിർമിക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇംഫാലിൽ നിന്ന് 65 കിലോമീറ്റർ അകലെ ചാണ്ഡൽ ജില്ലയിലെ സുഖ്നുവിലെ ഇൗ സ്കൂളിൽ 1,400 വിദ്യാർഥികളുണ്ട്.
ലാ ലിഗയുടെ രാജാക്കൻമാരായി വീണ്ടും ബാഴ്സലോണ. ലവാന്തയെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി കറ്റാലൻമാർ കിരീടം ചൂടി. എതിരാളികളില്ലാതെ മുന്നേറിയ ബാഴ്സ മൂന്നു മത്സരങ്ങൾ കൂടി അവശേഷിക്കെയാണ് 26 ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തി ഗോൾ നേടിയ സൂപ്പർ താരം ലയണൽ മെസിയാണ് ബാഴ്സയ്ക്കു കിരീടം സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം കളത്തിലെത്തിയ മെസി 62 ാം മിനിറ്റിൽ വലചലിപ്പിച്ചു. ബോക്സിൽ തന്നെ മാർക്ക് ചെയ്ത രണ്ട് ലവാന്ത ഡിഫണ്ടർമാരെയും ഗോളിയേയും പരാജയപ്പെടുത്തിയാണ് പന്ത് വലയിൽ നിക്ഷേപിച്ചത്. എന്നാൽ ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങൾ തുലച്ച ലവാന്തെ ബാഴ്സയുടെ ജയം അനായാസമാക്കുകയായിരുന്നു. ബാഴ്സയോടൊപ്പം മറ്റൊരു നാഴികക്കല്ലുകൂടി മെസി താണ്ടി.
ബാഴ്സയ്ക്കൊപ്പം ഏറ്റവും കൂടുതൽ ലാ ലിഗ കിരീടം നേടിയ താരമെന്ന റിക്കാർഡാണ് മെസി സ്വന്തമാക്കിയത്. ഒമ്പത് ലാ ലിഗ കിരീടം ചൂടിയ ആന്ദ്രേ ഇനിയേസ്റ്റയുടെ റിക്കാർഡ് മെസി മറികടന്നു. ലീഗിൽ ഏറ്റവും കൂടുതൽ ഗോളും മെസിയുടെ പേരിലാണ്. ഈ സീസണിൽ ഇതുവരെ 34 ഗോളുകളാണ് മെസി നേടിയത്. മെസിക്കു പിന്നിൽ 21 ഗോളുമായി റയൽ മാഡ്രിഡിന്റെ കരിം ബെൻസേമയും ബാഴ്സയുടെ ലൂയി സുവാരസുമാണുള്ളത്. ഇതുവരെ 13 അസിസ്റ്റുകളും മെസി നടത്തിയിട്ടുണ്ട്. ഇക്കണക്കിലും മെസിയാണ് മുന്നിൽ. സെവിയ്യയുടെ പാബ്ലോ സരാബിയയും 13 അസിസ്റ്റുകൾ ചെയ്തിട്ടുണ്ട്.
ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലേറുമെന്ന് പ്രവചിച്ച് അമേരിക്കൻ വൈബ്സൈറ്റായ മീഡിയം ഡോട്ട്കോം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 213 സീറ്റുകൾ നേടുമെന്നും രാജ്യത്ത് പോൾ ചെയ്യുന്ന വോട്ടുകളുടെ 39 ശതമാനവും കോൺഗ്രസ് നേടുമെന്നും സർവേ പ്രവചിക്കുന്നു. അധികാരതുടർച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേട്ടം 170 സീറ്റിൽ ഒതുങ്ങുമെങ്കിലും 2014ൽ അധികാരത്തിലെത്തിയപ്പോൾ സ്വന്തമാക്കിയ 31 ശതമാനം വോട്ട് ഇത്തവണയും അതുപോലെ നിലനിർത്തുെമന്നും സർവേ പറയുന്നു.
രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ നിന്നും 20,500 പേരെ നേരിൽ കണ്ട് ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ റിപ്പോർട്ടിനെ ആധാരമാക്കിയാണ് സൈറ്റിന്റെ പ്രവചനം. വിവരശേഖരണം നടത്തിയവരിൽ 52 ശതമാനം പുരുഷൻമാരും 48 ശതമാനം സ്ത്രീകളുമാണെന്നും മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നു.
എന്നാൽ ഇൗ സർവേയുടെ ആധികാരികത ചോദ്യം ചെയ്ത് ഒട്ടേറെ പേർ രംഗത്തെത്തി. ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ പഠനത്തെ ആധാരമാക്കിയുള്ള പ്രവചനമാണെന്ന് പറയുമ്പോഴും ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നില്ല. ഇത്തരത്തിൽ ഒരു സർവേ വൈറലാകുന്നത് ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തിരഞ്ഞെടുപ്പിന്റെ നടക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ ഒരു സർവേ പുറത്ത് വരുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത സർവേ വൈറൽ ആകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിലെ പോരായ്മകളാണ് പുറത്ത് കൊണ്ട് വരുന്നതെന്നും യശ്വന്ത് ദേശ്മുഖ് കുറിച്ചു.
This is precisely what I was arguing when ECI was pressing for such rules. Today’s media landscape is digital and global, and can not be controlled by whatsoever means, unless you are Chinese Govt. Best approach is self-regulation and open discussion. Rest is useless bureaucracy. https://t.co/rwZyC7n4H4
— Yashwant Deshmukh 🇮🇳 (@YRDeshmukh) April 27, 2019