ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ പോര്‍മുന ഘടിപ്പിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 5 ഒഡിഷയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാന്‍ കഴിയുന്നവയാണ്. ഒഡിഷയിലെ ഭദ്രക് ജില്ലയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് മിസൈല്‍ വിജയകരമായി വക്ഷേപിച്ചത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്‌സാണ് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള മിസൈല്‍ വികസിപ്പിച്ചത്.
അഗ്‌നി 5 മിസൈലിന്റെ വിജയകരമായ ഏഴാമത്തെ പരീക്ഷണമാണിത്. ചൈനയിലെ പ്രമുഖ നഗരങ്ങളായ ബെയ്ജിംഗ്, ഷാങ്ഹായ്, ഗുവാന്‍ഷു എന്നിവ അഗ്‌നി 5 ന്റെ ദൂരപരിധിയില്‍വരുമെന്ന് പ്രതരോധമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ ഭാഗികമായും ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നീ രാജ്യങ്ങളും അഗ്‌നി 5ന്റെ പ്രഹര പരിധിയില്‍ വരും. നിലവില്‍ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്കുമാത്രമേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുള്ളൂ. ഇനി ഈ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും.അഗ്‌നി 5 നെ റെയില്‍ വാഹനത്തിലും പടുകൂറ്റന്‍ ട്രക്കിന്റെ ട്രെയിലറില്‍ ഘടിപ്പിച്ചും സ്ഥാനം മാറ്റാം. കനിസ്റ്ററിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുപോകുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ക്ക് ഇതിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല. ഇന്ത്യയിലെ എവിടെ നിന്ന് വിക്ഷേപിച്ചാലും ചൈനയുടെ ഏത് കോണിലും പറന്നെത്തും. ‘ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്’ വിഭാഗത്തില്‍പെട്ട അഗ്‌നി 5 ഒരിക്കല്‍ തൊടുത്തു കഴിഞ്ഞാല്‍ മിസൈല്‍വേധ മിസൈലുകള്‍ ഉപയോഗിച്ച് മാത്രമേ തടുക്കാനാകൂ.
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. മല്യക്ക് ലണ്ടനിലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. വിധി നിര്‍ഭാഗ്യകരമെന്നായിരുന്നു വിജയ് മല്യയുടെ പ്രതികരണം. ഭീമമായ തുക വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്. മല്യക്കെതിരെ തട്ടിപ്പുള്‍പ്പെടെയുള്ള കേസുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. ഇത്രയും പണം വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. വായ്പയെടുത്ത പണം മുഴുവന്‍ തിരികെ നല്‍കാന്‍ തയാറാണെന്ന് വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രൂപ പോലും താന്‍ വായ്പ എടുത്തിട്ടില്ല. കിങ്ഷ്ഫിഷര്‍ എയര്‍ലൈന്‍സാണ് കടമെടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടുവെന്ന പ്രചാരണം അവസാനിപ്പിക്കുകയാണ് ഉദ്യേശമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മല്യ വ്യക്തമാക്കി.
കോടതിവിധിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സ്വാഗതം ചെയ്തു. മേല്‍ക്കോടതിെയ സമീപിക്കാന്‍ സാവകാശമുള്ളതിനാല്‍ മല്യയെ ഉടന്‍ രാജ്യത്തേക്ക് കൊണ്ട് വരാനാകില്ല. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്‍റ് ഡയറക്ടര്‍ എം. സായിമനോഹറിന്‍റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും ലണ്ടനിലെത്തിയിരുന്നു. അതേസമയം ഒത്തുതീര്‍പ്പിന് വേണ്ടി വിജയ് മല്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഈ മാസം പതിനേഴിന് പരിഗണിക്കാനായി മാറ്റി.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉർജിത് പട്ടേല്‍ രാജിവച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാജി സംഭവിച്ചത്.
കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിടെയാണ്. ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ്. ഇത് പ്രയോഗിച്ച് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ബാങ്ക് തലപ്പത്ത് കടുത്ത ഭിന്നതകളുയര്‍ന്നിരുന്നു. മുന്‍കാലങ്ങളിലൊരു സര്‍ക്കാരും ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിച്ചിട്ടില്ല.
ബാങ്കുകളുടെ കിട്ടാക്കടവും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും റിസര്‍വ് ബാങ്കിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെയും ആര്‍ബിഐയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ബാങ്കുകളുടെ മൂലധനമുയര്‍ത്തുന്ന കാര്യത്തിലും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതും ആര്‍ബിഐ തലപ്പത്ത് വിയോജിപ്പുയര്‍ത്തി.
പളളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് സംഘടിച്ചവരെ നീക്കാന്‍ പൊലീസ് ശ്രമം. പിറവം പള്ളിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പൊലീസ് പള്ളിയുടെ അകത്ത് കയറാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് വിശ്വാസികള്‍ അറിയിച്ചു.
പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.
കണ്ണൂർ വിമാനത്താവളം ചിറകു വിടർത്തിയപ്പോൾ ട്രോളർമാർക്കും ചാകരയാണ്. കണ്ണൂർ ഭാഷ, ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫ്, കണ്ണൂരിൽ വിമാനം പറന്നുയരുന്നതു കാണുന്ന പ്രവാസി, ആദ്യമായി വിമാനത്താവളം കാണുന്നവർ തുടങ്ങി ട്രോളർമാരുടെ ആയുധം പലതാണ്.
കണ്ണൂർ എത്തീനി, എല്ലാരും ബേം കീ എന്നാണ് ട്രോളിലെ പൈലറ്റ് പറയുന്നത്. വിമാനത്താവളത്തിലെത്തി തലശ്ശേരിക്ക് രണ്ട് ടിക്കറ്റ് എടുക്കുന്ന ഗ്രാമവാസിയെയും ട്രോളിൽ കാണാം. മാപ്പിളപ്പാട്ടു പാടി ആദ്യയാത്ര ആഘോഷമാക്കിയ യാത്രക്കാർക്കുമുണ്ട് ട്രോൾ. ഈ ട്രോൾ വിഡിയോ രൂപത്തിലാണ്, ഒന്നു മിണ്ടാതിരിക്കുവോ എൻറെ കോൺസണ്‍ട്രേഷൻ പോകുന്നു എന്നാക്രോശിച്ച പൈലറ്റാണ് ഇവിടെ താരം.
കണ്ണൂരിന് ഇത് ചരിത്രത്തിലേക്കുള്ള ടേക്ക് ഒാഫ് ആണ്. കണ്ണൂരിന്റെയും ഒപ്പം കേരളത്തിന്‍റെയും 12 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ആയിരങ്ങളെത്തിയ ചടങ്ങില്‍ വിവിധ കലാപരിപാടിരളും ഒരുക്കിയിരുന്നു. ഒരുക്കി. പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസ് കിയാല്‍ തയ്യാറാക്കിയിരുന്നു. മന്ത്രിമാരായ കെ.കെ ശെലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ എംപിമാരായ പി കെ ശ്രീമതി, വ്യവസായിയായ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ മുതൽ വൈറലായ ഒരു ചിത്രത്തെ അനുകൂലിച്ചും പരിഹസിച്ചും ഒട്ടേറെ പേരാണ് രംഗത്ത് വന്നത്. കണ്ണൂരിൽ നിന്ന് വിമാനം പറന്നുയരുന്നത് കാണാൻ മതിലിന് മുകളിൽ ചാടി കയറുന്ന യുവാക്കളുടെ ചിത്രമാണ് വൈറലായത്. ഇൗ ചിത്രത്തെ ആധാരമാക്കി ട്രോളുകളും സജീവമായി. എന്നാൽ ആ കൗതുകത്തിന്റെ സ്പിരിറ്റിനെ പുകഴ്ത്തുകയാണ് ഒരുവിഭാഗം.
‘കുറച്ചാളുകൾ സോഷ്യൽ മീഡിയയിൽ പുച്ഛിക്കുന്നത് കണ്ടിരുന്നു ഈ ചിത്രത്തെ. ആദ്യമായി കണ്ണൂരു പറന്നിറങ്ങിയ വിചിത്രജീവിയെ കാണാനിറങ്ങിയോരാണത്രേ. ഞാനേതായാലും പുച്ഛിക്കാൻ പോകുന്നില്ല. വിമാനവും കടലും തീവണ്ടിയുമെല്ലാം തീർത്താലും കണ്ടാലും തീരാത്ത കൗതുകങ്ങളാണ്. അന്നുതൊട്ടിന്നോളം ആകാശത്തുകൂടി പറന്നുപോകുന്ന വിമാനത്തിന്റെ ശബ്ദം കേട്ടാൽ ഓടിയിറങ്ങി കണ്ണിനു മുകളിൽ കൈ വച്ച് അതു പറന്നുമറയുവോളം നോക്കിനിന്നിട്ടുണ്ട്. നോക്കിനിൽക്കാറുമുണ്ട്. ആർക്കും ഉപദ്രവമില്ലാതെ ആഗ്രഹങ്ങൾ സാധിക്കുന്ന കുറച്ചാളുകളെ പുച്ഛിച്ചിട്ട് എന്തു നേട്ടമാണുള്ളത്? നിങ്ങളു കൺ നിറയെ കാണു ബ്രോസ്’ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ നെൽസൺ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രിമാരായ കെ.കെ ശെലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ എംപിമാരായ പി കെ ശ്രീമതി, വ്യവസായിയായ എംഎ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
വടകര സ്വദേശിയായ കുട്ടിയെയാണ് മാളില്‍ മറനന്ന് കുടുബം വീട്ടിലേക്ക് പോയത്. കോഴിക്കോട്ടെ ഹൈലറ്റ് മാലില്‍ ശനിയാഴ്ചയാണ് സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെയാണ് കുടുംബം അഞ്ചു വയസ്സുകാരിയെ മാളില്‍ മറന്നു. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയതായിരുന്നു സംഘം. എട്ട് കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
വീട്ടിലെത്തിയ ഇവര്‍ കുട്ടി കൂടയില്ലായെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോളാണ്. കുട്ടിയുടെ പിതാവ് വിദേശത്തായതിനാല്‍ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11-ന് മാള്‍ അടയ്ക്കുമ്പോള്‍ സുരക്ഷ ജീവനക്കാരാണ് കുട്ടയെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വനിത ഹെല്‍പ് ലൈനില്‍ വിവരമറിയിച്ചു. പൊലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്‌കൂളിന്‍റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ.
ഇതേതുടര്‍ന്ന് കുറ്റ്യാടി എസ്.ഐ. സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്‍റെ സഹോദരന്‍റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു.പൊലീസ് കുട്ടിയുടെ പിതാവിന്റെ സഹോദരനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് കുട്ടി കാറില്‍ ഇല്ലാത്തവിവരം ഇവര്‍ അറിയുന്നത്.
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ വിജയം. ഇതോടെ നാല് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 291 റണ്‍സിന് ഓൾഒൗട്ടായി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും (123) രണ്ടാം ഇന്നിംഗ്സിൽ അർധ സെഞ്ചുറിയും (71) നേടിയ ചേതേശ്വർ പൂജാരയാണ് മാൻ ഓഫ് ദ മാച്ച്.
ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യാമായാണ് വിജയം നേടുന്നത്. ഓസീസ് മണ്ണിലെ ആറാം വിജയമാണ് വിരാട് കോഹ്‌ലിയും സംഘവും നേടിയത്. അഡ്‌ലെയ്ഡിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് മുൻപ് ടെസ്റ്റ് ജയിച്ചിട്ടുള്ളത്.
104/4 എന്ന നിലയിൽ അവസാനദിനം തുടങ്ങിയ ഓസീസിന്‍റെ പ്രതീക്ഷകളത്രയും ക്രീസിലുണ്ടായിരുന്ന ട്രാവിസ് ഹെഡ്-ഷോണ്‍ മാർഷ് സഖ്യത്തിലായിരുന്നു. എന്നാൽ ലഞ്ചിന് മുൻപ് തന്നെ ഇരുവരെയും ഇന്ത്യൻ ബൗളർമാർ മടക്കിയയച്ചു. ക്ഷമയോടെ ബാറ്റ് ചെയ്ത മാർഷ് 166 പന്തുകൾ നേരിട്ട് 60 റണ്‍സ് നേടി. ലഞ്ചിന് ശേഷം ഓസീസ് വാലറ്റം നടത്തിയ ചെറുത്തുനിൽപ്പ് അവർക്ക് വിജയ പ്രതീക്ഷ നൽകി.
ലഞ്ചിന് പിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച നായകൻ ടിം പെയ്ൻ (41) പുറത്തായതാണ് ഓസീസിന് തിരിച്ചടിയായത്. എന്നാൽ എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്ക്-പാറ്റ് കമ്മിൻസ് സഖ്യം 41 റണ്‍സ് കൂട്ടിച്ചേർത്തു. സ്റ്റാർക്ക് 28 റണ്‍സ് നേടി ഷമിക്ക് മുന്നിൽ വീണതോടെ പോരാട്ടം ലയണ്‍-കമ്മിൻസ് സഖ്യം ഏറ്റെടുത്തു. ഇരുവരും ചേർന്ന് 31 റണ്‍സ് സ്കോർ ചെയ്തു. 121 പന്തുകൾ ബാറ്റ് ചെയ്ത് 28 റണ്‍സ് നേടിയ കമ്മിൻസാണ് ഒൻപതാമത് വീണത്.
അവസാന വിക്കറ്റിൽ 64 റണ്‍സായിരുന്നു ഓസീസിന് വേണ്ടിയിരുന്നത്. ഹേസിൽവുഡിനെ കൂട്ടുപിടിച്ച് പോരാട്ടം തുടരാൻ ലയണ്‍ തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് സമ്മർദ്ദം അനുഭവപ്പെട്ടു. സിംഗിളുകളും ഡബിളുകളും ഇടയ്ക്ക് ഓരോ ബൗണ്ടറിയുമായി സ്കോർ മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ഹേസിൽവുഡ് വിക്കറ്റ് കളയാതെ ഒരുവശം കാത്തതോടെ ലയണ്‍ സ്കോർ ചെയ്തുകൊണ്ടിരുന്നു.
അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയക്ക് വിജയം സമ്മാനിച്ചത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ മുന്നോട്ടുവന്ന് കളിക്കാൻ ശ്രമിച്ച ഹേസിൽവുഡ് രണ്ടാം സ്ലിപ്പിൽ രാഹുലിന് ക്യാച്ച് സമ്മാനിച്ചതോടെ കോഹ്‌ലിയും സംഘവും അഡ്‌ലെയ്ഡ് ഓവലിൽ തുള്ളിച്ചാടി. 38 റണ്‍സുമായി തോൽക്കാതെ ഒരുവശത്ത് ലയണ്‍ അടിയുറച്ചു നിൽക്കുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ആർ.അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി. ഇഷാന്ത് ശർമയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. മത്സരത്തിൽ 11 ക്യാച്ചുകളുമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ശ്രദ്ധേയ പ്രകടനം നടത്തി. ഒരു മത്സരത്തിൽ ഏറ്റവും അധികം ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർ എന്ന റിക്കോർഡിന് ഒപ്പമെത്താനും പന്തിന് കഴിഞ്ഞു. ജാക്ക് റസൽ (ഇംഗ്ലണ്ട്), എ.ബി.ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് മുൻപ് ഒരു മത്സരത്തിൽ 11 ക്യാച്ചുകൾ നേടിയിട്ടുള്ളത്.
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 250, രണ്ടാം ഇന്നിംഗ്സ് 307. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 235, രണ്ടാം ഇന്നിംഗ്സ് 291. പരന്പരയിലെ രണ്ടാം മത്സരം 14ന് പെർത്തിൽ തുടങ്ങും.
നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങി. ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിപ്രഷധിച്ചാണ് സമരം. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും ജീവിക്കാൻ വഴിയില്ലാത്തതിനാലാണ് സമരമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു.
ഒരു തെറ്റും ചെയ്യാതെ ഒരു നിമിഷം കൊണ്ട് ജീവിതം നഷ്ടമായതാണ് ഇവർക്ക്. ഒപ്പമുണ്ടാകുമെന്ന് പറഞ്ഞവർ കയ്യൊഴിഞ്ഞതോടെയാണ്, ഭർത്താവ് നഷ്ടമായ വേദന മാറും മുൻപ് കുഞ്ഞുങ്ങളുമായി അധികാരികളുടെ മുന്നിലെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.
ഒരു മാസം മുൻപാണ് വാഹനത്തിന് ഗതാഗത തടസം സൃഷ്ടിച്ചെന്ന കാരണം പറഞ്ഞ ഡിവൈ.എസ്.പി ഹരികുമാർ സനലിനെ തളളിയിട്ട് കൊലപ്പെടുത്തിയത്. പൊലീസുകാരനാൽ കൊല്ലപ്പെട്ടത് കൊണ്ട് തന്നെ ഭാര്യക്ക് സർക്കാർ ജൊലി നൽകണമെന്ന് ഡി.ജി.പി ഗുപാർശ ചെയ്തിരുന്നു. സഹായം തേടി വിജി രണ്ട് തവണ മുഖ്യമന്ത്രിയെ കണ്ടു. മൂന്ന് മന്ത്രിമാർ വീട്ടിലെത്തി ഉറപ്പ് നൽകി. പക്ഷെ കേസും ബഹളവും അവസാനിച്ചതോടെ സർക്കാർ എല്ലാം മറന്നു. പ്രതിപക്ഷ നേതാവ് സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
23 ലക്ഷത്തിന്റെ കടബാധ്യതയുള്ളപ്പോൾ വരുമാനമെല്ലാം നിലച്ച കുടുംബം ജപ്തി ഭീഷണിയിലാണ്. അതിനാൽ സർക്കാർ സഹായിച്ചില്ലങ്കിൽ നിരാഹാര സമരമാണ് ഈ കുടുംബത്തിന്റെ അടുത്ത വഴി.
ബിജെപി– യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് വന്‍ സംഘര്‍ഷം. ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കല്ലേറിഞ്ഞതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് . ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും സംഘർഷത്തിൽ കലാശിച്ചു. പ്രകോപനത്തെ തുടർന്ന് പൊലീസ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെതിരെ വ്യാപക അക്രമമാണ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. എന്നാല്‍ തുടര്‍ച്ചയായുള്ള പ്രകോപനങ്ങളെ പൊലീസ് സംയമനത്തോടെയാണ് നേരിടുന്നത്. പൊലീസിന്റെ ഷീൽഡ് പ്രവർത്തകർ തകർത്തു. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തകയ്ക്ക് തലയ്ക്ക് പരിക്കേറ്റു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതേസമയം ശബരിമലയിലെ നിരോധനാഞ്ജ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍റെ നിരാഹരസത്യാഗ്രഹം 7 ദിവസം പിന്നിട്ടു.
ന്യൂഡല്‍ഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അഗ്‌നിപരീക്ഷയായിട്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ കാണുന്നത്. 2019ല്‍ ആര് ഭരിക്കുമെന്നതിന്റെ സൂചകമായിട്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുക. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനൊപ്പമാണ്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ച്ചവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ കാഴ്ച്ചപ്പാടില്‍ നിര്‍ണായക പങ്കുള്ളവയാണ്. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ രാഷ്ട്രീയവല്‍ക്കരിച്ച കോണ്‍ഗ്രസിന് വലിയ മുന്നേറ്റമാണ് നിരീക്ഷകരും പ്രവചിച്ചിരിക്കുന്നത്.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61-ഉം ബി.ജെ.പി.ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര സുഖകരമല്ല ബി.ജെ.പിക്ക്. പ്രദേശിക പാര്‍ട്ടികളുമായി ഉണ്ടാക്കിയ ധാരണയും ബി.ജെ.പിയിലെ കൊഴിഞ്ഞുപോക്കും കോണ്‍ഗ്രസിന് ഗുണം ചെയ്യും. എല്ലാ സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധി നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.