Latest News

വേതനം വെട്ടിക്കുറച്ച സ്പോൺസറെ കൊലപ്പെടുത്തിയ തൊഴിലാളിക്കു വധശിക്ഷ. അബുദാബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും ഏഷ്യക്കാരാണ്. മുസഫയിലുള്ള വാഹന വർക്ക്ഷോപ്പിലേക്ക് വീസ നൽകി കൊണ്ടുവന്ന തൊഴിലുടമയെയാണു പ്രതി കൊലപ്പെടുത്തിയത്.

1500 ദിർഹം പ്രതിമാസ വേതനം നിശ്ചയിച്ചായിരുന്നു ഇയാൾക്കു നിയമനം.ഇതിൽ നിന്ന് 500 ദിർഹം കുറച്ചതിൽ പ്രകോപിതനായ പ്രതി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാചകക്കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. തൊഴിലുടമയുടെ രണ്ടു മൊബൈൽ ഫോണുകളും ലാപ്ടോപ്പും പ്രതി കവർന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ ജോലിക്കു പോയ ഇയാളെ ഒരു വ്യാപാര സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണ് കുടുക്കിയത്.

‘കൊല്ലത്ത് ഒാവർബ്രിഡ്ജിന് സമീപത്തുകൂടി പോകുമ്പോഴാ താഴെ റയിൽവെ ട്രാക്കിൽ ഒരാൾക്കൂട്ടം കണ്ടത്. പെട്ടെന്ന് ഒാടി െചന്ന് കാര്യം തിരക്കിയപ്പോൾ കൂടിനിന്നവർ പറഞ്ഞു, ഒരു കുട്ടി ആത്മഹത്യ ചെയ്തതാണെന്ന്.

ഞാൻ നോക്കിയപ്പോൾ അതെന്റെ മോളായിരുന്നു..എന്റെ പൊന്നുമോളായിരുന്നു സാറേ…. എന്റെ മോളെന്തിനാ ഇതു ചെയ്തത്… അവർ എന്റെ കുഞ്ഞിനെ..’

ഇൗ അച്ഛന്റെ ഉള്ളുപ്പൊള്ളിക്കുന്ന വാക്കുകൾ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളില്‍ വേദനയോടെ പങ്കുവയ്ക്കുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിലും അണയാത്ത അഗ്നി അവരുടെ ഉള്ളിൽ കൊളുത്തിയാണ് രാഖി മരണം. ഇന്നലെയാണ് ഫാത്തിമ മാതാ കോളജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

പരീക്ഷയ്ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നു ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയുന്നു. ഇതേ തുടർന്ന് ക്ലാസിലുണ്ടായിരുന്ന അധ്യാപിക ഇൗ വിവരം മുതിർന്ന അധ്യാപകർ അടങ്ങുന്ന സ്ക്വാഡിന് കൈമാറി. കോപ്പിയടിച്ചതിനെ കുറിച്ചുള്ള ചോദ്യം ചെയ്യൽ രാഖിയെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. അധ്യാപകർ ഇൗ വിവരം രക്ഷർത്താവിനെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലും അപമാനിക്കപ്പെട്ടതും രാഖിയെ ആകെ തളർത്തി. നന്നായി പഠിക്കുന്ന കുട്ടിയാണ് രാഖിയെന്നും സഹപാഠികൾ പറയുന്നു. കോളജിൽ നിന്ന് ഡീബാർ ചെയ്യുമോ എന്ന് അടക്കം രാഖി ഭയപ്പെട്ടിരുന്നതായും കൂട്ടുകാർ വ്യക്തമാക്കുന്നു. സുഹൃത്തുക്കളോട് ഇൗ കാര്യങ്ങൾ പറഞ്ഞശേഷമാണ് രാഖി കോളജിന് പുറത്തുപോകുന്നത്.

ഇതിന് പിന്നാലെ കോളജിന്റെ വൈസ് പ്രിൻസിപ്പാളും മറ്റൊരു അധ്യാപകനും ചേർന്ന് കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. കർബല ജംങ്ഷനിലും റയിൽവെ സ്റ്റേഷൻ പരിസരത്തും രാഖിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ലെന്ന് അധ്യാപകൻ  പറഞ്ഞു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിനു സമീപത്തെ റയിൽപാളത്തിൽ നിന്ന് രാഖിയുടെ മൃതദേഹം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുന്നത്.

കോളജിലെ ഗസ്റ്റ് അധ്യാപികയാണ് പരീക്ഷയെഴുതിക്കൊണ്ടിരുന്ന രാഖിയുടെ വസ്ത്രത്തിൽ എന്തോ എഴുതിയിരുന്നതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് അന്നത്തെ പരീക്ഷയുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നെന്ന് ക്ലാസിലുണ്ടായിരുന്ന കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഖി വസ്ത്രത്തിൽ എഴുതിയതിന്റെ ചിത്രം അധ്യാപകർ മൊബൈലിൽ പകർത്തിയിരുന്നു. തെളിവിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് ലഭിക്കുന്ന വിശദീകരണം. രാഖിയ്ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഇന്നലെ കോളജിന്റെ പ്രവേശനകവാടം അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥി രോഷത്തിൽ ഭയന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.

അച്ചടക്കത്തിന്റെ കാര്യത്തിൽ ആവശ്യമില്ലാത്ത പിടിവാശിയാണ് കോളജ് മാനേജ്മെന്റിനെന്ന് ചൂണ്ടിക്കാണിച്ച് ഇതിന് മുൻപും വിദ്യാർഥികൾ സമരം നടത്തയിരുന്നു. കോളജ് സമയം കഴിയാതെ പുറത്തുപോകണമെങ്കിൽ പ്രത്യേക പാസ് വേണമെന്നിരിക്കെ രാഖി പുറത്തുപോയതെങ്ങനെ എന്ന് സഹപാഠികൾ ചോദിക്കുന്നു. പരീക്ഷാ സമയമായതിനാൽ പരീക്ഷ കഴിഞ്ഞ് കുട്ടികൾ പോകുന്ന രീതിയിൽ രാഖി പുറത്തു പോയി എന്നാണ് ഇൗ ചോദ്യത്തിന് അധികൃതര്‍ നൽകുന്ന വിശദീകരണം. ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.

ഗുജറാത്തിലാണ് സംഭവം.ഭീകരമായി കൊലപാതകം ഒളിപ്പിച്ച് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. അതും ഒന്ന് അല്ല രണ്ട് കൊലപാതകങ്ങൾ. വാട്ടർ ടാങ്കിൽ ഇട്ട മൃതദേഹം മറയ്ക്കാനായി 260 കിലോ സിമന്റുള്ള 14 ചാക്കുകളാണ് ഇവർ ഇതിലേക്ക് നിക്ഷേപിച്ചത്. മഞ്ജു ബാബർ എന്ന യുവതിയും ഭർത്താവ് ദിലീപുമാണ് പിടിയിലായത്.

മഞ്ജുവിന്റെ കൂടെ അംഗനവാടിയിൽ ജോലി ചെയ്യുന്ന നന്ദ സിസോദിയ എന്ന യുവതിയുടെയും മൂന്ന് വയസുകാരി മകൾ ഷിയോന അലിയാസ് ഏൻജലിന്റെയും തിരോധാനത്തോടെയാണ് സംഭവം തുടങ്ങുന്നത്. ആദ്യം ഇതൊരു കാണാതായ കേസായിട്ടാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

തുടരന്വേഷണത്തിൽ ഇവർ അവസാനമായി കൂടിക്കാഴ്ച നടത്തിയത് മഞ്ജുവുമായിട്ടാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

നന്ദയുടെ അടുത്ത സുഹൃത്തായിരുന്നു മഞ്ജു. അതിനാൽ ആദ്യം പൊലീസിന് സംശയം തോന്നിയില്ല. എന്നാൽ ചില വ്യക്തിവൈരാഗ്യം സൗഹൃദത്തിന് വിള്ളലുണ്ടാക്കിയെന്ന വിവരം ലഭിച്ചതോടെ അന്വേഷണം മഞ്ജുവിലേക്ക് തിരിഞ്ഞു. വീട്ടിലെത്തിയ നന്ദയെയാണ് ആദ്യം വകവരുത്തിയത്. നന്ദയുടെ മരണത്തിന് മകൾ ഷിയോണ ദൃക്സാക്ഷിയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ ആദ്യം കുട്ടിയെ കൊന്ന് അടുത്തുള്ള പുഴയിലെറിഞ്ഞു. അതിനുശേഷം നന്ദയുടെ മൃതദേഹം വാട്ടർടാങ്കിൽ ഇട്ട് സിമന്റ് ചാക്കുകൾ കൊണ്ട് മൂടുകയായിരുന്നു.

മൃതദേഹം അഴുകുന്ന ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരുന്നു ഇത്. നവംബർ 17നായിരുന്നു സംഭവം. സിമന്റ് വെള്ളത്തിൽ കിട്ടന്ന് കട്ടിയായി മൃതദേഹം സിമന്റിനൊപ്പം ഉറച്ചനിലയിലാണ് പൊലീസ് കണ്ടെടുത്തത്.

കുവൈറ്റിൽ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോബിന്‍ കെ. ജയിംസ് (29) നാണ് മരിച്ചത്. ജയിംസിനെ ജോലി ചെയ്യുന്ന തൊഴിലുടമയുടെ വീട്ടിലായിരുന്നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കുവൈറ്റ് സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത വരികയായിരുന്ന ഇദ്ദേഹം മരിക്കാനിടയായതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അഞ്ചുവർഷമായി ജോബിൻ കെ. ജയിംസ്കുവൈത്തിലെത്തിയിട്ട്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.സംസ്കാരം നാട്ടില്‍ നടക്കും. സഹോദരങ്ങള്‍: ജോമോന്‍, ജോസന്‍.

കോഴിക്കോട് സ്വദേശിയായ തുഫൈല്‍ ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തെഹല്‍ക്കയിലൂടെയാണ് മാധ്യമ മേഖലയില്‍ സാന്നിധ്യമറിയിച്ചത്. ജയരാജിന്റെ ഒറ്റാല്‍ എന്ന സിനിമയിലടക്കം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധേയനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ തുഫൈല്‍ പിടിയെയാണ് ആംആദ്മി കേരള ഘടകത്തെ നയിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

29 വയസ് മാത്രമുള്ള ഒരു വ്യക്തി സംസ്ഥാനത്ത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ദിവസം എഎപി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരള എഎപിയുടെ സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്.

പ്രമുഖ ദേശീയ മാസികയായ ഔട്ട്‌ലുക്കില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് തുഫൈല്‍ വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് ഭരണം പിടിച്ചിട്ടും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അത്രശക്തിയില്‍ ഇറങ്ങി ചെല്ലാന്‍ സാധിക്കാത്ത ആം ആദ്മി പാര്‍ട്ടി വന്‍ മാറ്റത്തിന് തയ്യാറെടുക്കുന്നു.

പുരോഗമന ആശയങ്ങളെ എന്നും പിന്തുണച്ചിട്ടുള്ള കേരളത്തില്‍ വേണ്ടത്ര വിധത്തില്‍ വളരാനാകാത്തത് പാര്‍ട്ടിയെ തളര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ആപ്പ്.

ന്യൂഡല്‍ഹിയില്‍ ഒന്നരവര്‍ഷം കൊണ്ട് അഴിമതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ ചൂലെടുത്ത് മുന്‍നിരയിലേക്ക് വന്ന അരവിന്ദ് കെജരിവാളും ആം ആദ്മിയും ഏവരെയും ഞെട്ടിച്ചിരുന്നു. ഈ നേട്ടം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

സാറാ ജോസഫ്, സിആര്‍ നീലകണ്ഠന്‍, എം എന്‍ കാരശ്ശേരി തുടങ്ങി എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ കേരളനിരയില്‍ അണിനിരന്നിട്ടും മുഖ്യധാരയില്‍ ചര്‍ച്ചയാകുന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ആം ആദ്മിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ യുവാക്കളെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി തീരുമാനം.

കൊച്ചിയിൽ 3 അസം സ്വദേശികള്‍ പോലീസ് പിടിയിൽ . ബോഡോ തീവ്രവാദികളെന്ന സംശയത്തെത്തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കൊച്ചി മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ആണ് ഇവരെ പിടികൂടിയിരിക്കുന്നത്. ഇരുന്നൂറോളം പൊലീസുകാര്‍ കമ്പനി വളഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

എയര്‍ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ച് അപകടം. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തിലാണ് വിമാനത്തിന്റെ ചിറക് ഇടിച്ചത്. കെട്ടിടത്തില്‍ തട്ടിയെങ്കിലും യാത്രക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.

179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്.

രജനീകാന്തിന്റെ ബ്രഹാമണ്ഡ ചിത്രം 2.0 തിയറ്ററുകളിലെത്തി. ആര്‍പ്പുവിളികളും ആഘോഷങ്ങളുമായാണ് ആരാധകര്‍ സ്റ്റെല്‍ മന്നന്‍റെ ചിത്രത്തെ വരവേറ്റത്. കേരളത്തില്‍ 450 തിയറ്ററുകളിലാണ് ഇന്ന് ശങ്ക ര്‍ രജനി ചിത്രം 2.0 പ്രദര്‍ശിപ്പിക്കുന്നത്. 2ഡിയിലും 3ഡിയിലും ചിത്രം എത്തുന്നുണ്ട്.

ഏറെനാളായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹിന്ദിയില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ ചിത്രം വിതരണത്തിനെത്തിക്കും. എമി ജാക്സനാണ് നായിക. നീരവ് ഷാ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുന്ന ചിത്രത്തിന്‍റെ അണിയറയിലും മികച്ച ടീമാണ് അണിനിരന്നിരിക്കുന്നത്.

ആന്റമാന്‍ ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന ദ്വീപില്‍ പ്രവേശിക്കുകയും , ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തുകയും ചെയ്ത അമേരിക്കന്‍ സുവിശേഷ പ്രവര്‍ത്തകന്‍ ജോണ്‍ അലന്‍ ചൗ വിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് അവസാനിപ്പിച്ചു. ദ്വീപ് നിവാസികളുെട പ്രതിരോധം ശക്തമായതോടെയാണ് പൊലീസ് ശ്രമം ഉപേക്ഷിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കൂട്ടരായതിനാല്‍ മൃതദേഹം വീണ്ടെടുക്കുന്നതിനായി ദ്വീപിലേക്ക് കടക്കരുതെന്നും അവരെ ആക്രമിക്കരുതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് മതപ്രചാരകനായ ജോണ്‍ ആലന്‍ ചൗ സെന്റിനെന്റല്‍ ദ്വീപിലെത്തുന്നത്. ദ്വീപിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മല്‍സ്യ തൊഴിലാളികളുടെ സഹായത്തോടെ ജോണ്‍ ദ്വീപിലെത്തുകയായിരുന്നു. തീരത്തേക്കടുക്കാന്‍ ശ്രമിച്ച ജോണിനെ പലതവണ ദ്വീപ് വാസികള്‍ കുന്തങ്ങളെറിഞ്ഞും അമ്പെയ്തും വിരട്ടിയോടിച്ചിരുന്നു. എങ്കിലും ശ്രമം തുടര്‍ന്ന ജോണിനെ ഗോത്ര വര്‍ഗക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. ജോണിന്റെ മൃതദേഹം കെട്ടിവലിച്ചു കൊണ്ടു പോകുന്നത് കണ്ടെന്ന് മല്‍സ്യത്തൊഴിലാളികളാണ് ജോണിന്റെ സുഹൃത്തുക്കളെ ആഅറിയിച്ചത്.

തുര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാന്‍ പൊലീസും നേവിയും ശ്രമം തുടങ്ങിയത് എന്നാല്‍ ഗോത്ര വര്‍ഗക്കര്‍ ആരെയും ദ്വീപിലേക്ക് പ്രവേശിപ്പിച്ചില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നവരാണ് ഗോത്ര വര്‍ഗക്കാര്‍. പുറത്തു നിന്ന് ആരെങ്കിലും ദ്വീപിലേക്ക് വന്നാല്‍ ആക്രമിക്കാറുണ്ട്. ജോണിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് ദ്വീപുകാര്‍ക്കും പുറത്തു നിന്നെത്തുന്നവര്‍ക്കും ഒരു പോലെ ദോഷകരമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. വംശനാശഭീഷണി നേരിടുന്ന വീഭാഗമാണെന്നും അതിനാല്‍‌ ദ്വീപ് നിവാസികളെ ആക്രമിക്കരുതെന്നും സംരക്ഷണമൊരുക്കണമെന്നും നരവംശശാസ്ത്രഞ്ജന്‍മാരും ഗവേഷകരും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചത്

തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള സമയമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ തുറസായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്നും പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കി മാത്രമേ കഴിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

വിഷയത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണം. ചുമ പോലെയുള്ള നിപ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധിക്കാന്‍ ആശുപത്രികളില്‍ പ്രത്യേക മേഖല സജ്ജീകരിക്കണം. ഇവിടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക മാസ്‌കുകള്‍ നല്‍കണം. ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

സംസ്ഥാനത്തെ മെഡി.കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നു. പഴം തിന്നുന്ന വവ്വാലുകളില്‍ നിന്നാണ് നിപ്പ മനുഷ്യരിലേക്ക് എത്തിയതെന്ന് നേരത്തേ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 2018-മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച നിപ വൈറസ് ബാധയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം 17 മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

Copyright © . All rights reserved