Latest News

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടി പരിഗണിക്കുന്നതായി സ്ഥിരീകരിച്ച് ബി.ജെ.പി എംഎല്‍എ ഒ.രാജഗോപാല്‍. നേരത്തെ നരേന്ദ്ര മോഡിയുമായി ലാല്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബി.ജെ.പി ടിക്കറ്റില്‍ അദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ലാല്‍ നിഷേധിക്കുകയാണ് ഉണ്ടായത്. തല്‍ക്കാലം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ലാലിന്റെ പ്രതികരണം.

അതേസമയം പൊതുവിഷയങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാലെന്നും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നും ഒ. രാജഗോപാല്‍ വ്യക്തമാക്കി. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. അദ്ദേഹം തീരുമാനമൊന്നും പറഞ്ഞിട്ടില്ല’ രാജഗോപാല്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസും തിരുവനന്തപുരം സീറ്റില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ലെന്ന് നയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ പ്രമുഖനെ തിരുവനന്തപുരത്ത് ഇറക്കാനാവും ബി.ഡി.ജെ.എസ് ശ്രമിക്കുക.

തിരുവനന്തപുരം: 13 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മനശാസ്ത്രജ്ഞൻ ഗിരീഷ് അറസ്റ്റില്‍. ഇയാളെ ഫെബ്രുവരി 13 വരെ റിമാൻഡ് ചെയ്തു. പഠനവൈകല്യത്തിന് കൗൺസിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയിൽ ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷ് പ്രതിയാകുന്നത്.

ഉന്നത ഇടപടൽ ഉണ്ടയാതിനെ തുടർന്ന് ആദ്യ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നൽകിയ ജാമ്യം തള്ളിയതിനാൽ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ എഫ്ഐആർ റദ്ദാക്കുകയായിരുന്നു.

കോഴിക്കോട് അഴിയൂരിൽ അടച്ചിട്ട സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി.  ബുധനാഴ്ച വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ചില്ലി പറമ്ബില്‍ സി പി മുജീബ് (36) എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളെ കാണാതായതായി പോലീസില്‍ പരാതി ലഭിച്ചിരുന്നു. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. വേഷം, മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് മരിച്ചത് മുജീബ് ആണെന്ന് തിരിച്ചറിഞ്ഞത്. ജനുവരി 12 മുതലാണ് ഇയാളെ കാണാതായത്. മാഹിയിലും ടാക്കീസ് പരിസരത്തും നിത്യ സന്ദര്‍ശകനാണ് ഇയാള്‍. രണ്ട് ദിവസം മുമ്ബ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ടാക്കീസ് പരിസരത്ത് ദുര്‍ഗന്ധം വ്യാപിച്ചപ്പോള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.

“ഞങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.” മോഹൻലാൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ഒ രാജഗോപാലിന്‍റെ ഈ വാക്കുകൾ. കേന്ദ്രസര്‍ക്കാരിന്‍റെയും നീക്കങ്ങളെ പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ആലപ്പുഴ അമ്പലപ്പുഴയിൽ പീഡനത്തെതുടർന്നു മൂന്ന് പ്ലസ്‌വൺ വിദ്യാർഥിനികൾ ക്ലാസുമുറിയിൽ വിഷംകഴിച്ചു മരിച്ച കേസിലെ രണ്ടുപ്രതികളെയും കോടതി വെറുതെ വിട്ടു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പെണ്‍കുട്ടികളുടെ സഹപാഠികളായിരുന്ന യുവാക്കളെ കുറ്റവിമുക്തരാക്കിയത്. പീഡനം നടന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല

2008 നവംബര്‍ ഏഴിനായിരുന്നു സ്കൂളിലെ ക്ലാസുമുറിയില്‍ കൂട്ടമരണം നടന്നത്. ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സഹപാഠികൾ ബ്ലാക്ക്മെയിൽ ചെയ്തതാണ് ആത്മഹത്യയ്ക്കു കാരണമെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പെൺകുട്ടികളുടെ സഹപാഠികളായ അമ്പലപ്പുഴ സ്വദേശികളായ ഷാനവാസ് (19), സൗഫർ (20) എന്നിവരെ പ്രതിചേര്‍ത്തായിരുന്നു കേസ് അന്വേഷണം. മരിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് ഷാനവാസുമായി പ്രണയമുണ്ടായിരുന്നു. ഇത് മുതലെടുത്ത് ആലപ്പുഴ ബീച്ചിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ചു പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാല്‍ പ്രസ്തുത ദിവസം പെണ്‍കുട്ടികള്‍ ബീച്ചിലെത്തിയതിന് തെളിവ് നല്‍കാനായില്ല.

പ്രതികള്‍ ഇരുവരും അന്നേദിവസം വ്യത്യസ്ത ഇടങ്ങളിലായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകന്‍ തെളിയിക്കുകയും ചെയ്തു. 107 സാക്ഷികളില്‍ 87പേരെ കോടതി വിസ്തരിച്ചു. 91 രേഖകളും ഹാജരാക്കി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈബ്രാഞ്ചിന്റെ പ്രത്യേക സംഘവും അന്വേഷിച്ച കേസില്‍ കൂട്ട ബലാല്‍സംഘം, ആത്മഹത്യാപ്രേരണ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. 2008 നവംബർ 17നാണു പതിനേഴു കാരികളായ മൂന്നുപെൺകുട്ടികളും അമ്പലപ്പുഴയിലെ സ്വന്തം സ്കൂളിലെ ക്ലാസുമുറിയില്‍ വിഷംകഴിച്ചു മരിച്ചത്.

പ്രളയകാലത്ത് കൈയ്മെയ് മറന്നിറങ്ങി രക്ഷാപ്രവർത്തന രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന നടനാണ് ടൊവീനോ. പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയായിരുന്നു ഇതെന്ന് വിമർശനമുയര്‍ന്നെങ്കിലും പലരും ആ നല്ല മനസിന് കയ്യടിച്ചു. പ്രളയകാലത്തെ ടൊവീനോയുടെ ഇടപെട‌ലിനെ നർമരസത്തോടെ അവകരിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി.

പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലർ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന ടൊവീനോ പൊട്ടിച്ചിരിച്ചു, പിന്നെ പ്രതികരിച്ചു.
ഇത്തരം വിമർശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന പിഷാരടിയുടെ ചോദ്യത്തിന് അത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകുന്ന കാര്യമാണെന്നായിരുന്നു ടൊവീനോ മറുപടി പറഞ്ഞത്. നോക്കിനിൽക്കുമ്പോളാണ് വെള്ളം ഉയർന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയിൽ എന്തു സിനിമ? എന്തു പ്രൊമോഷന്‍?” ടൊവീനോ വിഡിയോയിൽ പറയുന്നു.

 

കൊച്ചിയില്‍ ആളെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ച കാര്‍ ഇടിപ്പിച്ച് ബൈക്ക് യാത്രികനെ കൊന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ചൊവ്വാഴ്ച പനമ്പിളളി നഗറിനടുത്ത് കൊച്ചി ഷിപ്്യാര്‍ഡിന്‍റെ പുതിയ കെട്ടിടത്തിനു സമീപം പൊലീസിന്‍റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ അരങ്ങേറിയ ദാരുണ കൊലപാതകത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

തട്ടിക്കൊണ്ടു പോകപ്പെട്ട വിനീത് പൊലീസിനെ കണ്ട് കാറില്‍ നിന്ന് ചാടുന്നതും വിനീത് ചാടിയതിനു പിന്നാലെ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് പായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ പാച്ചിലിനിടെയാണ് കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റുന്നത്.

ബൈക്ക് യാത്രികനായ കുമ്പളങ്ങി സ്വദേശി തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് ജീവന്‍ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജോണ്‍ പോള്‍,ലൂതര്‍ ബെന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തിനു വേണ്ടി പെരുമ്പാവൂര്‍ സ്വദേശി വിനീതിനെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിനീത് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണമായ കൊലപാതകം.

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രവി പൂജാരിയെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണിമുഴക്കുകയും ചെയ്തതിന് രവി പൂജാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റിലെന്നാണ് വിവരം.

മുബൈയിലെ ചെമ്പൂരിൽ ഉദയം കൊണ്ടു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജൻ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെയാണു പൂജാരി മാധ്യമ ശ്രദ്ധ നേടുന്നത്. തുടർന്നു ഹോട്ടൽ ഉടമകളിൽ നിന്നു ഹഫ്‌ത പിരിവു പതിവാക്കിയ പൂജാരി 2000ൽ ഛോട്ടാരാജൻ ബാങ്കോക്കിൽ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്‌തനായ ഛോട്ടാ ഷക്കീലുമായി ചേർന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടിങ്ങോട്ടുള്ള പ്രവർത്തനങ്ങൾ.

2007ൽ ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിനെയും 2009ൽ നിർമാതാവ് രവികപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വർഷം ഏപ്രിലിൽ മുതിർന്ന അഭിഭാഷകൻ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തിയിരുന്നു. ചതിയന്മാരും കുബുദ്ധികളുമായവർക്കു നിയമ സഹായം ചെയ്യരുതെന്നായിരുന്നു അഭിഭാഷകനു കത്തു വഴി വന്ന ഭീഷണി.

പൂജാരിയുടെ നേതാവായിരുന്ന ഛോട്ടാ രാജന്റെ വീഴ്‌ച 2000ലെ ബാങ്കോക്ക് ആക്രമണത്തോടെയാരംഭിച്ചിരുന്നെങ്കിലും അടുത്തിടെ രാജൻ സംഘാംഗങ്ങളെ കൂട്ടത്തോടെ പൊലീസ് അറസ്‌റ്റ് ചെയ്‌തത് സംഘത്തെ തളർത്തി. സംഘാംഗങ്ങളായ അശോക് സാതാർഡേക്കർ, പോൾസൺ ജോസഫ്, ജഗദീഷ് ബെൽനേക്കർ, രമേശ് പവാർ, ചിന്താമൻ ബേലേകർ എന്നിവരെ മുൻപ് ചെമ്പൂർ തിലക് നഗർ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ടൈംസ് നൗ നടത്തിയ അഭിപ്രായസര്‍വെ പ്രവചനം. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിയേക്കാളും 100ലധികം സീറ്റുകള്‍ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സര്‍വ്വേ പറയുന്നു. പതിവിലും വിപരീതമായി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ 144 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ പ്രവചിരിക്കുന്നത്.

എന്‍ഡിഎ സഖ്യം ആകെ 252 സീറ്റ് നേടാനാണ് സാധ്യത. ഇത് വലിയ തിരിച്ചടി നല്‍കുന്നതാണെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് അധികാരം പിടിക്കാന്‍ ബി.ജെ.പിക്ക് 252 സീറ്റുകള്‍ ധാരാളമാണ്. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 147 സീറ്റും മറ്റുള്ളവര്‍ക്ക് 144 സീറ്റും ലഭിക്കുമെന്ന് സര്‍വെ ഫലം പറയുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഫലം കാണില്ലെന്നാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നാണ് പ്രവചനം. 16 സീറ്റുകളില്‍ യു.ഡി.എഫിന് സാധ്യത കല്‍പ്പിക്കുന്ന സര്‍വ്വെ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും പറയുന്നു. വെറും മൂന്ന് സീറ്റുകളിലാണ് എല്‍.ഡി.എഫിന് സാധ്യതയെന്നാണ് സര്‍വ്വെ.

സര്‍വെ പ്രകാരം പ്രധാന സംസ്ഥാനങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍

ഉത്തര്‍ പ്രദേശ് (80 സീറ്റ്): എസ്പി-ബിഎസ്പി മഹാസഖ്യം 51, എന്‍ഡിഎ 27, യുപിഎ 2, മറ്റുള്ളവര്‍ 0

മഹാരാഷ്ട്ര (48 സീറ്റ്): എന്‍ഡിഎ 43, യുപിഎ 5, മറ്റുള്ളവര്‍ 0

പശ്ചിമ ബംഗാള്‍ (42 സീറ്റ്): ടിഎംസി 32,എന്‍ഡിഎ 9, യുപിഎ 1, മറ്റുള്ളവര്‍ 0

ബീഹാര്‍ (40 സീറ്റ്): എന്‍ഡിഎ 25, യുപിഎ 15, മറ്റുള്ളവര്‍ 0

തമിഴ്നാട് (39 സീറ്റ്): യുപിഎ 35, എഐഎഡിഎംകെ 4, എഡിഎ ഒരു സീറ്റും നേടില്ല എന്നാണ് സര്‍വെ ഫലം

മധ്യപ്രദേശ് (29 സീറ്റ്): എന്‍ഡിഎ 23, യുപിഎ 6, ബിഎസ്പിയും മറ്റുള്ളവരും 0

കര്‍ണാടക (28 സീറ്റ്): യുപിഎയും എന്‍ഡിഎയും 14 സീറ്റ് വീതം നേടി തുല്യനില നേടുമെന്ന് സര്‍വെ സൂചന

ആന്ധ്രപ്രദേശ് (25 സീറ്റ്): വൈഎസ്ആര്‍സിപി 23, ടിഡിപി 2. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും എന്‍ഡിയ്ക്കും തിരഞ്ഞെടുപ്പ് വന്‍നഷ്ടമായിരിക്കുമെന്നാണ് പ്രവചനം

രാജസ്ഥാന്‍ (25 സീറ്റ്): എന്‍ഡിഎ 17, യുപിഎ 8, ബിഎസ്പിയും മറ്റുള്ളവരും 0

ഒഡിഷ (21 സീറ്റ്): എന്‍ഡിഎ 13, ബിജെഡി 8, യുപിഎയും മറ്റുള്ളവരും 0

കേരളം (20 സീറ്റ്): യുഡിഎഫ് 16, എല്‍ഡിഎഫ് 3, എന്‍ഡിഎ 1

രണ്ടാമത്തെ ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ പി.ജെ ജോസഫ് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കാളിയായി പി.സി ജോര്‍ജ് എംഎല്‍എയും. സമാധാനസന്ദേശമെന്ന പേരില്‍ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറിലാണ് ജോസഫ് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നത്.

ജോര്‍ജിനെ കൂടാത കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പ് പക്ഷക്കാരായ കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ്, തോമസ് ഉണ്ണിയാടന്‍, സി.എഫ് തോമസ് എംഎല്‍എ എന്നിവരും പ്രാര്‍ത്ഥനാ യജ്ഞത്തിന് പിന്തുണയുമായി വേദിയിലെത്തി.

ജോസഫ് ഗ്രൂപ്പുകാരായ മോന്‍സ് ജോസഫ് എംഎല്‍എ, ടി.യു കുരുവിള അടക്കമുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ മാണി കേരള യാത്ര നടത്തുമ്പോള്‍ തന്നെയാണ് ജോസഫ് ഈ പരിപാടി തലസ്ഥാനത്ത് സംഘടിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ജോര്‍ജും ജോസഫും ഒരേ വേദി പങ്കിട്ടിരിക്കുന്നതിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി സീറ്റികളിലേതെങ്കിലുമൊന്ന് കൂടി പാര്‍ട്ടി ആവശ്യപ്പെടണമെന്നാണ് ജോസഫിന്റെ ആവശ്യം. ഇതിനോട് മാണി അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved