പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കിളിമാനൂര്‍ അയ്യപ്പന്‍കാവ് നഗര്‍ സ്വദേശിയായ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കിളിമാനൂര്‍ പോലീസ് കേസ്സെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ശിശു ദിനത്തിലായിരുന്നു ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.വയറിംഗ് പ്ലംബിംഗ് തൊഴിലാളിയായ ഇയാൾ ഇക്കഴിഞ്ഞ ശിശുദിനത്തില്‍ വയറിംഗ് ജോലിക്കെത്തിയതായിരുന്നു.
എന്നാൽ വിദ്യാര്‍ത്ഥിനി വിവരം പ്രഥമാധ്യാപികയെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പി. അനില്‍കുമാര്‍ അറിയിച്ചു.
വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ചരിത്ര സ്വർണവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച മേരി കോം, ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ് സ്വന്തമാക്കിയത്. ഇതോടെ, ലോകചാംപ്യന്‍ഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരമായി മുപ്പത്തഞ്ചുകാരിയായ മേരി കോം മാറി. ലോക ചാംപ്യൻഷിപ്പിലെ ഏഴാം മെഡൽ ഇടിച്ചിട്ട മേരി കോം മെഡലെണ്ണത്തിലും റെക്കോർഡിട്ടു.
വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. മേരി കോമിന്റെ സ്വർണ നേട്ടത്തോടെ ഈ വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വർണത്തിനു പുറമെ സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം നേടിയിരുന്നു.
57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ചാഹലും ഫൈനലിൽ ഇറങ്ങുന്നതിനാൽ മെഡൽനേട്ടം നാലാക്കി വർധിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയിൽ നടക്കുന്ന മൽസരത്തിൽ ജർമനിയുടെ വാണർ ഓർനെല്ലയാണ് സോണിയയുടെ എതിരാളി
ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ സോണിയ കൂടി ഫൈനൽ ജയിച്ചാൽ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാൽ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008ലായിരുന്നു. അന്ന് നാലു സ്വർണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്
നിയന്ത്രണങ്ങൾ മറികടന്ന് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നോർത്ത് സെന്റിനൽ കടന്ന് ഗോത്രവർഗക്കാർ കൊലപ്പെടുത്തിയ അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഈ ദ്വീപു നിവാസികളെ ബന്ധപ്പെട്ടാൻ 1967-മുതൽ സർക്കാർ മുൻകൈയ്യെടുത്ത് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ എല്ലാ തരം ഇടപെടലുകളും അവർ നിരസിക്കുകയും പുറംലോകവുമായി ഉണ്ടാവുന്ന ഇടപെടൽ അവരുടെ വംശനാശത്തിന് തന്നെ കാരണമായേക്കും എന്ന സാധ്യത കണക്കിലെടുത്തും 1996-ൽ ദ്വീപ് നിവാസികളെ പുറത്തു നിന്നുള്ളവർ ബന്ധപ്പെടുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.

എന്നാൽ 12 വര്‍ഷം മുന്‍പ് ദ്വീപ് നിവാസികളുടെ കയ്യിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്‍റ് പ്രവീണ്‍ ഗൗർ പങ്കുവയ്ക്കുന്ന അനുഭവും ലോകത്തിന്റെ ശ്രദ്ധനേടുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ദ്വീപിലെത്തിയത്. പോര്‍ട്ട് ബ്ലെയറിലെ ഒരു ഗ്രാമത്തില്‍ നിന്നും മോട്ടോര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മൽസ്യത്തൊഴിലാളികളെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് തിരച്ചിലിനിറങ്ങിയത്. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിന് സമീപം വ്യോമനിരീക്ഷണം നടത്തുന്നതിനിടയിലാണ് ദ്വീപിനോട് ചേർന്ന് ഒരു ബോട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഹെലികോപ്ടര്‍ താഴ്ന്നു പറത്തി അവർ ബോട്ടിനടുത്തേക്ക് എത്തി. എന്നാല്‍ ഹെലികോപ്ടര്‍ നിലം തൊടാനൊരുങ്ങുന്നതിനിടെ പെട്ടെന്ന് ദ്വീപിനുള്ളില്‍ നിന്നും അമ്പുകൾ പ്രവഹിക്കാന്‍ തുടങ്ങി. ബോട്ടിനടുത്തേക്ക് കുതിച്ചെത്തിയ സെന്‍റിനല്‍ നിവാസികള്‍ ഹെലികോപ്ടര്‍ ലക്ഷ്യമാക്കി തുടരെ അമ്പെയ്ത്തു. നൂറടി ഉയരത്തിൽ വരെ ആ അമ്പുകൾ എത്തി.
തുരുതുരാ വരുന്ന അമ്പുകൾ ഹെലികോപ്ടറിന്‍റെ പ്രൊപ്പലറില്‍ കുടുങ്ങി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്നും പറന്നു. അവരെ അവിടെ നിന്നും മാറ്റാതെ ബോട്ടും പരിസരവും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. തീരത്തോട് ചേര്‍ന്ന് ഞാന്‍ ഹെലികോപ്ടര്‍ പറത്തി. ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് കൊണ്ട് അവര്‍ തീരത്ത് കൂടെ ഓടി. ബോട്ട് നില്‍ക്കുന്ന ഇടത്ത് നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്ററോളം അവരെ കൊണ്ടു വന്ന ശേഷം ഞാന്‍ പെട്ടെന്ന് ഹെലികോപ്ടര്‍ തിരിച്ചു വിട്ടു. ദ്വീപുകാര്‍ എത്തും മുന്‍പ് ബോട്ടിനടുത്ത് എത്തി പരിശോധന നടത്തി.
അപ്പോഴാണ് കടൽക്കരയിൽ രണ്ട് മണല്‍കൂനകള്‍ കാണുന്നത്. കാണാതായ മൽസ്യത്തൊഴിലാളികളുടെ മൃതദേഹങ്ങളായിരുന്നു ആ മണൽക്കൂനയിൽ. പക്ഷേ ഒരാളുടെ മൃതദേഹം വീണ്ടെടുക്കുമ്പോഴേക്കും നിവാസികൾ തിരിച്ചെത്തിയിരുന്നു. ഉടൻ തന്നെ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഹെലികോപ്ടറിലേക്ക് കയറ്റി ഞങ്ങള്‍ പറന്നുയര്‍ന്നു. രണ്ടാമത്തെ ആളുടെ മൃതദേഹവും വീണ്ടെടുക്കണം എന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും സെന്‍റിനല്‍ ദ്വീപിലേക്ക് തിരികെ പറന്നു. എന്നാല്‍ ഇക്കുറി സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ കൂടുതൽ കരുത്തരായിരുന്നു. സംഘങ്ങളായി തിരിഞ്ഞയിരുന്നു അവരുടെ ആക്രമണം.
ഒരു സംഘം ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് അമ്പെയ്ത്തു. അടുത്ത സംഘം ബോട്ടിനും കുഴിമാടത്തിനും കാവലിരുന്നു. ഒരുപാട് സമയം ദ്വീപിനും ചുറ്റും പറന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവിൽ പരാജയം സമ്മതിച്ചു തിരിച്ചുപോകേണ്ടി വന്നു. പിന്നീട് ആ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുക്കാനായില്ലെന്നും പ്രവീണ്‍ ഗൗർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ കടലില്‍ കുടുങ്ങി പോയ മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി രക്ഷിക്കാൻ അവർക്ക് സാധിച്ചു. സാഹസികമായ ഈ രക്ഷാദൗത്യത്തിന്റെ പേരിൽ 2006-ലെ സ്വാതന്ത്യദിനത്തില്‍ തന്ത്രക്ഷക് പുരസ്കാരം നല്‍കി രാഷ്ട്രം ഗൗറിനേയും സംഘത്തേയും ആദരിച്ചിരുന്നു.
മാണ്ഡ്യ: കര്‍ണാടകയില്‍ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അഞ്ചു പേര്‍ കുട്ടികളാണ്. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. ബസില്‍ 35ഓളം യാത്രക്കാരുണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്.
അപകടം നടന്നയുടനെ തന്നെ സമീപത്തുണ്ടായിരുന്ന കര്‍ഷകരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. മുങ്ങിക്കിടക്കുന്ന ബസില്‍ നിന്നും ആളുകളെ കരക്കെത്തിക്കുമ്പോഴേക്കും ഭൂരിപക്ഷം പേരും മരിച്ചിരുന്നു.
ബസ് വടം ഉപയോഗിച്ച് കരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഡ്രൈവര്‍ അലക്ഷ്യമായാണ് ബസ് ഓടിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ശനിയാഴ്ച തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അപലപിച്ചു.
ഹൈദരാബാദ്: സി.ബി.ഐയെ വിലക്കിയ ആന്ധ്രാപ്രദേശില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായ നികുതി വകുപ്പിനെയും ഇറക്കി കേന്ദ്രസര്‍ക്കാര്‍. തെലുങ്കുദേശം പാര്‍ട്ടിയിലെ പ്രമുഖനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ വൈ.എസ് ചൗധരി എം.പിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കലും മറ്റ് സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ചാണ് റെയ്ഡ് നടക്കുന്നത്. ആന്ധ്രയില്‍ സി.ബി.ഐയ്ക്കും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാന്‍ നല്‍കിയിരുന്ന പൊതുധാരണ പിന്‍വലിച്ച് കഴിഞ്ഞ എട്ടിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
എം.പിയുടെ വീട്ടിലും റെയ്ഡ് നടക്കുന്ന വിവരം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭമായ സുജന ഗ്രൂപ്പ് സ്ഥിരീകരിച്ചു. സുജന ഗ്രൂപ്പുമായി ബന്ധപ്പെട്ട് മുന്‍പ് സിബിഐ നടത്തിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് സൂചനയുണ്ട്. സുജന ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തിയിരുന്ന കടലാസ് കമ്പനി ഡയറക്ടര്‍മാരുടെ ഇമെയില്‍ സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്തിയിരുന്നു. നാഗര്‍ജുന ഹില്‍സിലും ജൂബിലി ഹില്‍സിലുമുള്ള ചൗധരിയുടെ കമ്പനികളില്‍ രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത്.
നരേന്ദ്ര മോഡി സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന ചൗധരി മാര്‍ച്ചില്‍ സര്‍ക്കാരിന് ടിഡിപി പിന്തുണ പിന്‍വലിച്ചതോടെയാണ് രാജിവച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് സഹായിക്കും. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അഛന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡി.ജി.പി വിശദമായ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്.
കുടുംബം നൽകിയ പരാതിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. ബാലഭാസ്കറിനു ശത്രുക്കളൊന്നും ഉള്ളതായി കുടുംബത്തിന് വ്യക്തതയില്ല. എന്നാൽ പരാതിയിൽ ചൂണ്ടിക്കാണിക്കുന്ന സംശയങ്ങളിലൂടെ ബാലഭാസ്കറിനോട് ആർക്കെങ്കിലും ശത്രുതയുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണം നടക്കേണ്ടതുണ്ട്.
പത്തുവർഷമായി ബാലഭാസ്കറിനു പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു എന്ന വിവരമാണു കുടുംബാംഗങ്ങൾ നല്‍കുന്നത്. ഒരു പ്രോഗ്രാമിനിടെയാണ് ബാലഭാസ്കറിനെ ഡോക്ടര്‍ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് ബാലഭാസ്കറിനു വജ്രമോതിരം സമ്മാനമായി നൽകി എന്നാണു ലഭിക്കുന്ന വിവരം. പിന്നീട് പാലക്കാട്ടെ വീട്ടിൽ ബാലഭാസ്കറിനു വയലിൻ പരിശീലനത്തിനായി അദ്ദേഹം സൗകര്യവും ഒരുക്കി നൽകി.
പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രിയുമായുള്ള ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം എന്നാണു കുടുംബത്തിന്റെ പ്രധാന ആവശ്യം. എവിടെ നിന്നാണ് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ ആരംഭിക്കുന്നത്? എങ്ങനെയാണ് പാലക്കാടുള്ള ആയുർവേദ ആശുപത്രി ഉടമയുമായി ബാലഭാസ്കറിനു ബന്ധം തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഡോക്ടറുടെ കുടുംബത്തിലെ അംഗമാണ് അപകടസമയത്ത് കാറോടിച്ചിരുന്ന അർജുൻ. എന്നാൽ ബാലഭാസ്ക്കറാണ് കാറോടിച്ചിരുന്നതെന്ന അർജുന്റെ മൊഴിയും, അർജുനാണ് കാറോടിച്ചിരുന്നതെന്ന ലക്ഷ്മയിടെ മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
അപകടവുമായി ബന്ധപ്പെട്ടാണു സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു സംശയം ഉയർന്നത്. ഈ കുടുംബവുമായി ബന്ധപ്പെട്ടു വലിയ സാമ്പത്തിക ഇടപാടുകൾ ബാലഭാസ്കർ നടത്തിയിരുന്നു. അപകടം ഉണ്ടായതിനു പിന്നാലെ ബാലഭാസ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടാൻ ബാലഭാസ്കറിന്റെ അച്ഛനും അമ്മയും ശ്രമം നടത്തിയിരുന്നു.
സംഗീതജ്ഞൻ ബാലഭാസ്കറും മകളും വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘത്തിനു നിര്‍ദേശം നൽകി. ബാലഭാസ്കറിന്‍റെ പിതാവും ബന്ധുക്കളും ഡിജിപിയെ സന്ദര്‍ശിച്ചു മരണത്തില്‍ സംശയം ഉന്നയിച്ചു പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണു നടപടി. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നൽകാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്
രാത്രി താമസിക്കാന്‍ മുറി ബുക്ക് ചെയ്ത ബാലഭാസ്കര്‍, എന്തിനാണു തിടുക്കപ്പെട്ടു ബാലഭാസ്കർ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചതെന്ന് അന്വേഷിക്കണമെന്നും പിതാവ് സി.കെ.ഉണ്ണി നല്‍കിയ പരാതിയിൽ പറഞ്ഞിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്.
വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിന്റെ മകൾ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകടദിവസം മരിച്ചിരുന്നു. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ 2 ശസ്ത്രക്രിയകൾക്കു വിധേയനാക്കി. മകളുടെ പേരിലുള്ള വഴിപാടുകൾക്കായി സെപ്റ്റംബർ 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനത്തിനു ശേഷം 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടവരവ് കുറഞ്ഞത് സര്‍ക്കാരിന് ഒരിക്കലും പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ ഇത് ബാധിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ ഇത് പ്രയാസമുണ്ടാക്കും. എന്നാല്‍ ദേവസ്വം ബോര്‍ഡിന് പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വരുംദിവസങ്ങളില്‍ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. മുന്‍വര്‍ഷങ്ങളിലും നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ നോക്കാമെന്നും മന്ത്രി പറഞ്ഞു. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോടതി തീരുമാനം എന്തായാലും അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ പിന്നീട് ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവര്‍ക്ക് വേണ്ടി തന്നെയാണ്. സര്‍ക്കാര്‍ എക്കാലവും ബോര്‍ഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരൻ മരണം മുന്നിൽക്കണ്ടിരുന്നെന്ന് റിപ്പോർട്ട്. വിദേശമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദ്വീപിലുള്ളവരെ മതപരിവർത്തനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ ഇവിടെയെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
”എനിക്ക് പേടിയാകുന്നു. ഈ സൂര്യാസ്തമയക്കാഴ്ച മനോഹരമാണ്, കരച്ചിൽ വരുന്നു എനിക്ക്. ഞാൻ കാണുന്ന അവസാനത്തെ സൂര്യാസ്തമയമാകുമോ ഇതെന്ന് ഞാൻ ഭയക്കുന്നു”, ഇരുപത്തിയാറുകാരനായ ജോൺ അലൻ ചൗ അവസാനമായി കുറിച്ചു.

പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാരാണ് സെന്റിനൽ ദ്വീപിലേത്. ആദ്യതവണയെത്തിയപ്പോൾ അലനെ കണ്ട ഗോത്രവർഗ്ഗക്കാരിൽ ഒരാൾ അമ്പെയ്തിരുന്നു. അലന്റെ ബൈബിളിലാണ് അമ്പ് കൊണ്ടത്. അന്ന് മടങ്ങിയ അലൻ വീണ്ടും ദ്വീപിലേക്ക് മടങ്ങിച്ചെല്ലാൻ തീരുമാനിക്കുകയായിരുന്നു.
ദ്വീപിലെ ഗോത്രവർഗ്ഗക്കാരെ മതപരിവർത്തനം ചെയ്യുകയായിരുന്നു അലന്റെ ഉദ്ദേശ്യം. ”ദൈവമേ, ഇവിടെയുള്ള ആരും നിന്റെ നാമം കേട്ടിട്ടില്ല. ഇത് സാത്താന്റെ അവസാനത്തെ കോട്ടയാണോ?” അലന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ നൽകി, അവരുടെ സഹായത്തോടെയാണ് അലൻ ദ്വീപിലെത്തിയത്. അലനെ ഗോത്രവർഗ്ഗക്കാർ അമ്പെയ്യുന്നതും മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചുമൂടുന്നതും കണ്ടത് ഇതേ മത്സ്യത്തൊഴിലാളികൾ തന്നെയാണ്. ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരന്റെ മൃതദേഹം വീണ്ടെടുക്കാൻ ഉൗർജ്ജിത ശ്രമം
മൃതദേഹം വീണ്ടെടുക്കാൻ നിർദേശങ്ങൾ മുന്നോട്ടു വച്ച് പ്രശസ്ത നരവംശ ശാസ്ത്രഞ്ജനായ ടി.എൻ പണ്ഡിറ്റ് മുന്നോട്ടു വന്നു. 1966ലും 1991ലും ആന്‍ഡാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുളള അനുഭവത്തിന്റെ വെളിച്ചത്തിലാണ് 83 കാരനായ പണ്ഡിറ്റ് നിർദ്ദേശങ്ങളുമായി മുന്നോട്ടു വന്നത്. ഇന്ത്യയുടെ നരവംശശാസ്ത്ര സര്‍വേയുടെ ഭാഗമായിട്ടായിരുന്നു അതിസാഹസികമായ ദൗത്യത്തിന് അദ്ദേഹം അന്ന് മുതിർന്നത്. നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ ആദ്യനിർദേശം.

1991ൽ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ടി.എൻ പണ്ഡിറ്റ് ഇടപെടുന്നു.
ഉച്ചയ്ക്കോ വൈകുന്നേരമോ ചെറിയ സംഘം തീരത്തേക്ക് പോയാൽ ഗോത്രവർഗ്ഗക്കാർ തീരത്ത് ഉണ്ടാകില്ലെന്നും ആ സമയത്ത് തേങ്ങയും ഇരുമ്പും സമ്മാനമായി നൽകിയാൽ മൃതദേഹം എടുക്കാൻ നമ്മളെ അവർ അനുവദിക്കുമെന്നും പണ്ഡിറ്റ് പറയുന്നു. അമ്പെയ്ത്ത് എത്താത്ത ദൂരത്ത് ബോട്ട് നിര്‍ത്തണം.പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായവും തേടുന്നത് നന്നായിരിക്കും പണ്ഡിറ്റ് പറഞ്ഞു. 2015 വരെ കേന്ദ്ര ആദിവാസി വികസന മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന പണ്ഡിറ്റിനെ കേൾക്കുന്നത് ഉചിതമായിരിക്കുമെന്നാണ് നിലപാടിലാണ് നരവംശ ശാസ്തജ്ഞർ.
ഈ ആദിവാസി വിഭാഗത്തെ ശത്രുവായി കാണുന്നതിലും പണ്ഡിറ്റ് എതിർ അഭിപ്രായം രേഖപ്പെടുത്തി. നമ്മളാണ് കയ്യേറ്റക്കാർ. അവരുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. അവർ അവരുടെ രക്ഷ നോക്കുകയാണ് ചെയ്തത്. ആദ്യത്തെ തവണ അമ്പെയ്തപ്പോൾ തന്നെ അദ്ദേഹം ശ്രദ്ധിക്കണമെന്നായിരുന്നു. സംഭവിച്ചത് ദൗർഭാഗ്യകരമായി പോയി. പണ്ഡിറ്റ് പറഞ്ഞു.
നൂറ്റാണ്ടുകളായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ദ്വീപിലെ നിവാസികൾ. ഇന്ത്യൻ നിയമവും ദ്വീപിൽ സന്ദർശകരെ വിലക്കുന്നു. തന്റെ യാത്ര നിയമവിരുദ്ധമാണെന്ന് അലനറിയാമായിരുന്നു. ദ്വീപിന് സമീപത്ത് പട്രോൾ നടത്തുന്ന നാവികസേനയെ അകറ്റിനിർത്താനുള്ള ആസൂത്രിതശ്രമങ്ങൾ അലൻ നടത്തിയതായും ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. ”ദൈവം തന്നെയാണ് നാവികസേനയില്‍ നിന്ന് അവരുടെ പട്രോളിൽ നിന്നും ഞങ്ങളെ മറച്ചുപിടിക്കുന്നത്”, അലൻ കുറിച്ചു.

മത്സ്യങ്ങളും കത്രികകളും സേഫ്റ്റി പിന്നുകളും ഉൾപ്പടെ ഗോത്രവർഗ്ഗക്കാർക്കുള്ള സമ്മാനങ്ങളുമായാണ് അലൻ ദ്വീപിലേക്കെത്തിയത്. അവരുടെ ഭാഷയും ആംഗ്യങ്ങളും അലൻ മനസ്സിലാക്കിയിരുന്നു.
ജോൺ അല്ലൻ ചൗവിന്റെ മരണത്തിനു കാരണക്കാരായവരോട് തങ്ങൾ ക്ഷമിച്ചതായി ചൗവിന്റെ കുടുംബം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. മരണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഏഴു മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഉത്തര സെന്റിനൽ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ അവർ അമ്പെയ്ത് സന്ദര്‍ശകരെ പ്രതിരോധിക്കും. 2004–ൽ സുനാമി രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ദ്വീപിനു മുകളിൽ കൂടി പറന്ന ഹെലികോപ്റ്ററിനു നേരേയും ഇവർ അമ്പേയ്തിരുന്നു.
ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഉത്തര സെന്റിനൽ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ അവർ അമ്പെയ്ത് സന്ദര്‍ശകരെ പ്രതിരോധിക്കും.
മി ടൂ പരാമർശത്തിൽ മോഹൻലാലിനെതിരെ ആഞ്ഞടിച്ച് രേവതിക്ക് പിന്നാലെ പത്മപ്രിയയും. നടൻ മോഹൻലാലിൻറെ പേരെടുത്തു പറയാതെയായിരുന്നു രേവതി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമർശനം.
മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും. അഞ്ജലി മേനോന്‍ പറഞ്ഞ പോലെ, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുന്നുവെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റംവരുത്തുമെന്നും അറിയില്ലെന്നുമായിരുന്നു രേവതി ട്വിറ്ററില്‍ കുറിച്ചത്.
ഇതിനു പിന്നാലെയാണ് നടി പത്മപ്രിയയും രംഗത്തെത്തിയിരിക്കുന്നത്.മീ ടു വിഷയത്തിലെ മോഹന്‍ലാലിന്റെ കാഴ്ച്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്മപ്രിയ.വലിയൊരു കൂട്ടം മനുഷ്യര്‍, സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ച്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുള്ള നിലപാടാണത്.
മീ ടുവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ടൈംലൈന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും എനിക്കറിയാം.എന്നാല്‍ അത്തരമൊരു മൂവ്‌മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ എനിക്ക് അത്ഭുതമാണ്. ആരോപണങ്ങള്‍ ആനുകൂല്യമാക്കുന്ന ഉഴപ്പൻ പുരുഷ മനസിനെയാണ് അദ്ദേഹം പ്രതിഫലിപ്പിക്കുന്നതെന്നും പത്മപ്രിയ വ്യക്തമാക്കുന്നു.
മി ടൂ ഒരു പ്രസ്ഥാനമല്ലെന്നും ചിലർക്കതൊരു ഫാഷൻ മാത്രമാണ് എന്നായിരുന്നു മോഹൽലാൽ പറഞ്ഞിരുന്നത്.പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുന്ന ‘ഒന്നാണ് നമ്മള്‍’ എന്ന ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മി ടൂ വിനെതിരെയുള്ള മോഹൻലാലിന്റെ പരാമർശം.
സലീമ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാന്‍ കഴിയും. ആരണ്യകത്തിലെ അമ്മിണ്ണിയെ മറക്കാനാകുമോ? അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍. വിടര്‍ന്ന കണ്ണുള്ള ആ സുന്ദരിയാണോ ഇതെന്ന് തോന്നിപ്പോകാം. അത്രമാത്രം രൂപമാറ്റം ഇപ്പോള്‍ സലീമയ്ക്ക് വന്നിട്ടുണ്ട്.
വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും സിനിമയോടുള്ള ഇഷ്ടം മാറിയിട്ടില്ല. മലയാളത്തിലേക്ക് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സലീമ അരങ്ങേറ്റം നടത്തിയത്. മോഹന്‍ലാലിന്റെ വന്ദനത്തിലും ചെറിയൊരു വേഷത്തില്‍ സലീമ അഭിനയിച്ചിരുന്നു. മഹായാനം എന്ന മമ്മൂട്ടി സിനിമയായിരുന്നു സലീമ അഭിനയിച്ച അവസാന ചിത്രം. ഇടക്കാലത്ത് നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം സലീമ സിനിമയിലേക്ക് തിരികെ എത്തുകയാണ്.
രണ്ടാം വരവിനൊരുങ്ങുന്ന സലീമ തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ലിസ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് സലീമ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. ചിത്രത്തില്‍ അഞ്ജലിയാണ് നായിക. ഹൊറര്‍ ചിത്രമായി ഒരുക്കുന്ന ലിസയില്‍ അഞ്ജലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമയിലെ സലീമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, എന്നിങ്ങനെ മൂന്ന് ഭാഷകളിലുമായിട്ടാണ് ലിസ നിര്‍മ്മിക്കുന്നത്. മറ്റൊരു കാര്യം ലിസ ത്രിഡിയിലാണ് നിര്‍മ്മിക്കുന്നതെന്നാണ്. പുതുമുഖ സംവിധായകനായ രാജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ ഛായാഗ്രാഹകനും സംവിധായകനുമായ പിജി മുത്തയ്യയാണ് നിര്‍മ്മിക്കുന്നത്.