ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തിരിച്ചു. ആറുമണിക്കൂറിനുള്ളില്‍ ശശികലയോട് തിരിച്ചിറങ്ങണമെന്നും പോലീസ് ആവശ്യപ്പെട്ടു. നാമജപ പ്രതിഷേധം പാടില്ലെന്നും ശശികലയോട് പോലീസ് നിര്‍ദേശിച്ചു. കൊച്ചു മക്കള്‍ക്ക് ചോറു കൊടുക്കുന്നതിനാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്. ശശികലയുടെ കൈയ്യില്‍ കൊച്ചുകുട്ടിയുമുണ്ട്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് എന്ന നിലയിലല്ല കൊച്ചുമക്കളുടെ അച്ചമ്മ എന്ന നിലയിലാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു.ഇതിനിടെ ബസ് തടഞ്ഞ് നിര്‍ത്തി എസ്പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നിധാനത്ത് തങ്ങാനാവില്ലെന്ന് ശശികലയെ അറിയിച്ചു. അക്കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അപ്പോള്‍ തീരുമാനിക്കുമെന്നും ശശികല മറുപടി നല്‍കി.
കെപി ശശികലയെ നിലയ്ക്കലില്‍ ബസില്‍ വച്ച് പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ എസ്പി യതീഷ് ചന്ദ്ര ശശികലയെ ധരിപ്പിച്ചു. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചെന്ന ഉറപ്പിലാണ് ശശികലയ്ക്ക് പോകാന്‍ അനുമതി നല്‍കിയതെന്ന് യതീഷ് ചന്ദ്ര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശബരിമലയിലേക്ക് തിരിച്ചു. നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ലെന്നും കണ്ണന്താനം പറയുന്നു. ശബരിമലയെ സര്‍ക്കാര്‍ യുദ്ധഭൂമിയാക്കിയെന്നും കണ്ണന്താനം പറഞ്ഞു.
യുവതികളെ കെണിയില്‍പ്പെടുത്തി വിദേശത്ത് എത്തിച്ച് ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്ന ബോളിവുഡ് നൃത്ത സംവിധായിക ആഗ്നസ് ഹാമില്‍ട്ടനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്ധേരിയില്‍ നൃത്ത വിദ്യാലയം നടത്തുന്ന ഇവര്‍ നൃത്ത, അഭിനയ ക്ലാസുകള്‍ ഇവര്‍ പെണ്‍വാണിഭത്തിന് മറയായി ഉപയോഗിക്കുകയായിരുന്നു.
ഇവര്‍ക്ക് ബോളിവുഡിലെ ധാരാളം സൂപ്പര്‍താരങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശത്തെ് ഡാന്‍സ് ബാറുകളില്‍ നിന്ന് ഒരുപാട് പണം സമ്പാദിക്കാം എന്നായിരുന്നു വിദ്യാര്‍ത്ഥികളോട് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എത്തിച്ചിരുന്നതാകട്ടെ വിദേശത്തെ വേശ്യാലയങ്ങളിലും. ഒരാള്‍ക്ക് 40,000 രുപ വീതമായിരുന്നു ഹാല്‍മില്‍ട്ടന്റെ പ്രതിഫലം. നിരവധി പെണ്‍കുട്ടികള്‍ ഇവരുടെ ചതിയില്‍ പെട്ടതായാണ് സൂചന.
ആഗ്‌നസ് വേശ്യാവൃത്തിക്കായി അയച്ച യുവതികളില്‍ ൊരാളെ കെനിയന്‍ സര്‍ക്കാര്‍ പുറത്താക്കിയതോടെയാണ് ആഗ്‌നസിന് പിടി വീണത്. കെനിയയിലെ നല്ല ഹോട്ടലില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഹാല്‍മില്‍ട്ടന്‍ പരിചയത്തിലുളള യുവതിയെ കെനിയയിലേയ്ക്ക് അയക്കുകയായിരുന്നു. നെയ്റോബില്‍ ഒരു റസിയാ പട്ടേല്‍ ഇവരെ സ്വീകരിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബ്ബന്ധിക്കുകയും ചെയ്തതായിട്ടാണ് യുവതി പോലീസിന് നല്‍കിയിട്ടുളള മൊഴി.
സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നടി അവതരിപ്പിച്ച ‘തേപ്പുകാരി’യുടെ വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വനിതയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട പ്രതിസന്ധിയും മാനസിക വിഷമവും പങ്കുവെച്ചിരിക്കുകയാണ് നടി. സിനിമകളൊന്നില്ലാതിരുന്ന ഒരു സമയത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി,
”സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെയായിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടര്‍ന്ന് തമിഴില്‍ മൂന്നു സിനിമകള്‍ ചെയ്തു. എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി. നടി പറയുന്നു.
പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാല്‍ അതില്‍ ഒന്നും ആകാന്‍ പറ്റുന്നില്ല. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ചിലര്‍ ജോലിക്കു പോകുന്നു. ഞാന്‍ മാത്രം രാവിലെ എഴുന്നേല്‍ക്കുക വീട്ടില്‍ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.
. ‘ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു’ എന്നു വീട്ടുകാരും പറയാന്‍ തുടങ്ങി. ചുറ്റും കുത്തുവാക്കുകള്‍. ആരുടെയും മുഖത്തു നോക്കാന്‍ പറ്റുന്നില്ല. മെഡിറ്റേഷന്‍ – യോഗ ക്ലാസിനു പോയിത്തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു. ആ മൂന്നു വര്‍ഷം വേസ്റ്റായി എന്നു പറയാം. ആ സമയത്താണ് ‘മഴവില്‍ മനോരമ’യിലെ ‘ദത്തുപുത്രി’ എന്ന സീരിയലിലേക്കു വിളിക്കുന്നത്. മൂന്നു വര്‍ഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയല്‍ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയല്‍ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനും’ ‘സ്വര്‍ണ്ണക്കടുവയും’ ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്.
ബിജെപിയുടെ അപ്രതീക്ഷിത ഹർത്താലിനെത്തുടർന്നു വലഞ്ഞ യാത്രികർക്കു സദ്യയൊരുക്കി ഡിവൈഎഫ്ഐ പ്രവർത്തകർ. കോട്ടയ്ക്കൽ ചങ്കുവെട്ടി അതിഥിമന്ദിര പരിസരത്താണ് ഇരുന്നൂറ്റൻപതോളം പേർക്ക് ഭക്ഷണം നൽകിയത്. ഭക്ഷണം തയാറാക്കിയ വിവരം അതിഥിമന്ദിരത്തിനുപുറത്ത് ബോർഡ് വച്ചാണ് യാത്രികരെ അറിയിച്ചത്.

റെസ്റ്റ് ഹൗസ് പരിസരത്ത് മേശകളും കസേരകളും നിരത്തിയിട്ടായിരുന്നു ഭക്ഷണവിതരണം. ബിജെപി ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം നല്‍കുന്നുവെന്ന് എഴുതിയ ബാനറുമായി പ്രവര്‍ത്തകര്‍ റോഡില്‍ നിന്നാണ് ആവശ്യക്കാരെ കണ്ടെത്തിയത്.

കൂടാതെ, അതുവഴി കടന്നുപോയ വാഹനങ്ങൾ കൈകാട്ടി നിർത്തി വിവരം പറയുകയും ചെയ്‍തു. ടി.പി.ഷമിം, കെ.സുബ്രഹ്‍മണ്യൻ, ശ്രീജിത് കുട്ടശ്ശേരി, കെ.നിസാർ, ടി.പി.സുബൈർ, വില്ലൂർ നാണി എന്നിവർ നേതൃത്വം നൽകി. അപ്രതീക്ഷിത ഹർത്താൽ ജനംജീവിതത്തെ വലച്ചിരുന്നു. ഭക്ഷണം വെള്ളവും കിട്ടാതെ നിരവധിപ്പേരാണ് വഴിയിൽ കുടുങ്ങിയത്.

ഏലൂർ: എറണാകുളം ഏലൂരിടുത്തുള്ള മേത്താനത്ത് ബെഡ് കമ്പനിയ്ക്ക് തീ പിടിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് ബെഡ് കമ്പനിയിൽ തീ പടർന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടിത്തം നടന്ന കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ന് ഹർത്താലായതിനാൽ കമ്പനിയിൽ ജോലിക്കാരുണ്ടായിരുന്നില്ല. പിന്നീട് വൈകിട്ട്, അഞ്ചേമുക്കാലോടെ ലോഡ് ഇറക്കാൻ ലോറി എത്തിയതിന് ശേഷമാണ് തീ പിടിത്തമുണ്ടായത്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ആലുവ, എറണാകുളം ഫയർസ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്സിന്‍റെ എട്ട് യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടം പൂർണമായും കത്തി നശിച്ചു. മുകളിലത്തെ നിലയിലെ തീ അണച്ചു. എന്നാൽ താഴത്തെ നിലയിൽ ഇപ്പോഴും തീ ഉണ്ട്. ഷട്ടറുകൾ അടഞ്ഞ് കിടക്കുന്നതിനാൽ തീയണക്കാൻ ബുദ്ധിമുട്ടുണ്ട്. ജനവാസമേഖലയായതിനാൽ എത്രയും പെട്ടെന്ന് തീയണക്കാനുള്ള ശ്രമത്തിലാണ് പൊലീസും ഫയർഫോഴ്സും.
കോഴിക്കോട്; സിനിമാ- നാടക രംഗത്ത് സജീവസാന്നിധ്യമായിരുന്ന നടന്‍ കെ ടി സി അബ്ദുളള അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് കോഴിക്കോട് പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് കെ ടി സി അബ്ദുളള അഭിനയരംഗത്തെത്തിയത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുളള എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
1959ല്‍ കെടിസിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെയാണ് അദ്ദേഹത്തിന്‍റെ പേര് കെടിസി അബ്ദുളള എന്നായി മാറിയത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു അബ്ദുളള.
തിരുവനന്തപുരം: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിക്കാൻ ബിജെപി നേതാവ് കെ.സുരേന്ദ്രൻ ആചാരം ലംഘിച്ചെന്ന് ആരോപണം. ശബരിമല ആചാരം അനുസരിച്ച് അടുത്ത ബന്ധുക്കൾ മരിച്ചാൽ ഒരു വർഷത്തിനിടെ ശബരിമല സന്ദർശനം പാടില്ല. എന്നാൽ അമ്മ മരിച്ച് ഒരു വർഷം തികയുന്നതിനിടെയാണു കെ. സുരേന്ദ്രൻ ശബരിമലയിലെത്തിയത്. ഈ വര്‍ഷം ജൂലൈ അഞ്ചിനാണു സുരേന്ദ്രന്റെ അമ്മ കല്യാണി മരിച്ചത്. ആചാരം അനുസരിച്ച് 41 ദിവസത്തെ കർശന വ്രതാനുഷ്ഠാനത്തോടെയേ ശബരിമലയിലെത്താവൂ. കറുത്ത വസ്ത്രം ധരിക്കണം. എന്നാൽ ഇതൊന്നും സുരേന്ദ്രൻ പാലിച്ചിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.
എംബി രാജേഷ് എംപിയും സുരേന്ദ്രന്റെ ആചാരലംഘനം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ശബരിമലയിൽ അലന്പുണ്ടാക്കാൻ വന്ന സുരേന്ദ്രൻ 41 ദിവസം വ്രതമെടുത്തോ? ശബരിമലയ്ക്കു മാലയിട്ടാൽ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂർണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലിൽ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ എന്നിങ്ങനെ എംപി ചോദ്യങ്ങളുയർത്തുന്നു. സ്ത്രീ പ്രവേശനത്തിൽ ഏത് സുപ്രീം കോടതി പറഞ്ഞാലും ഒരു അഡ്ജസ്റ്റ്മെന്റുമില്ലെന്നു പറയുന്ന സുരേന്ദ്രൻ നടത്തിയ ആചാരലംഘനങ്ങളുടെ തെളിവുകളും രാജേഷ് നിരത്തുന്നു.
‘ഒന്നുകൊണ്ടും പേടിക്കേണ്ട.നിങ്ങൾ വാതിൽ അടച്ചിട്ടിരിക്കൂ. ഞാൻ ഉടനെത്താം..’ ആദൂർ സിഐ എം.എ.മാത്യു മാധവൻ നായരോട് ഇതു പറഞ്ഞ് തീരുന്നതിന് മുൻപ് ശ്യംകുമാർ വീട്ടിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ കുത്തി വീഴ്ത്തിയിരുന്നു. കാസർകോട് മുള്ളേരിയെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. സ്വത്തുതർക്കമാണ് ഇത്തരത്തിൽ ഒരു അരുംകൊലയിലേക്ക് നയിച്ചത്. കോൺഗ്രസ് കാറഡുക്ക ബ്ലോക്ക് ജനറൽ സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് റിട്ട.മാനേജരുമായ ശാന്തിനഗറിലെ പി.മാധവൻ നായരാണ്കൊല്ലപ്പെട്ടത്.
മാധവൻ നായരുടെ ഭാര്യയുടെ സഹോദരനും മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ ശ്യാംകുമാറാണ് കൊലനടത്തിയത്. കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിലെ വിരോധം മൂലം വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.10 നാണു സംഭവം. കുത്തിയ വിവരം ആദൂർ സിഐ എം.എ.മാത്യുവിനെ ഫോണിൽ അറിയിച്ച ശ്യാംകുമാർ, സിഐ വരുന്നതു വരെ സമീപത്തെ ബസ് സ്റ്റാൻഡിൽ കാത്തിരുന്നു കീഴടങ്ങുകയായിരുന്നു.ശ്യാംകുമാറിന്റെ അമ്മയുടെ കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിന്റെ പേരിൽ മാധവൻ നായരുമായി തർക്കമുണ്ടായിരുന്നു.
അതുമായി ബന്ധപ്പെട്ടു മാധവൻ നായരുടെ വീടിന്റെ ജനൽ എറിഞ്ഞു തകർത്തതിന് ആദൂർ സിഐ ഇന്നലെ ശ്യാംകുമാറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. തിരികെ വീട്ടിലെത്തി കത്തിയെടുത്തു മാധവൻനായരെ കൊല്ലാൻ പോകുകയാണെന്ന് അമ്മയെ അറിയിച്ച ശേഷം ഇയാൾ ബൈക്കിൽ കയറി പോകുകയായിരുന്നു. ഈ വിവരം അപ്പോൾ തന്നെ ശ്യാംകുമാറിന്റെ അമ്മ, സഹോദരിയും മാധവൻ നായരുടെ ഭാര്യയുമായ രുദ്രകുമാരിയെ ഫോണിൽ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ മാധവൻ നായർ ഇക്കാര്യം സിഐയെ വിളിച്ചു പറഞ്ഞു. വാതിലുകൾ അടച്ചു അകത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
ശ്യാംകുമാർ വിളിച്ചാൽ വാതിൽ തുറക്കരുതെന്നും അപ്പോഴേക്കും താൻ എത്താമെന്നും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സിഐ. വിഷയം സിഐയുമായി സംസാരിക്കുന്നതിനിടെയാണു വാതിൽ ചവിട്ടിത്തകർത്ത് അകത്തു കടന്ന ശ്യാംകുമാർ, മാധവൻ നായരുടെ നെഞ്ചിൽ കുത്തിയത്. രുദ്രകുമാരിക്കും തടയാൻ കഴിഞ്ഞില്ല. ബഹളം കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും ശ്യാംകുമാർ ബൈക്കിൽ കടന്നുകളഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന മാധവൻ നായരെ അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ആഴത്തിലായിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. എല്ലാറ്റിനും സാക്ഷിയായി ഫോണിന്റെ മറുതലയ്ക്കൽ നിസ്സഹായനായി നിൽക്കുകയായിരുന്നു ആദൂർ സിഐ എം.എ.മാത്യു. അൽപസമയത്തിനകം മറ്റൊരു ഫോൺകോളും അദ്ദേഹത്തിന്റെ ഫോണിലെത്തി. മാധവൻ നായരെ താൻ കുത്തിയെന്നു പറഞ്ഞു ശ്യാംകുമാറിന്റെ വിളി. ആദൂരിൽ നിന്നു പൊലീസ് എത്തുമ്പോഴേക്കും കൃത്യം നടത്തി ശ്യാംകുമാർ ശാന്തിനഗർ ബസ് സ്റ്റാൻഡിനു സമീപം നിൽക്കുകയായിരുന്നു.
ശ്യാംകുമാറിന്റെ അമ്മയുടെ മാതാപിതാക്കളുടെ പേരിലാണു സ്ഥലമുള്ളത്. ഇരുവരും മരിച്ചതിനാൽ അവകാശികളായ എല്ലാ മക്കളും ചേർന്നാൽ മാത്രമേ വീതം വയ്ക്കാൻ കഴിയുമായിരുന്നുള്ളൂ. മാധവൻ നായരുടെ ഭാര്യക്കുപുറമെ 7 മക്കൾ വേറെയുമുണ്ട്. മാധവൻ നായർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ശ്യാംകുമാറിന് എല്ലാവരോടും വൈരാഗ്യമായി. പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, ഡിവൈഎസ്പി എം.വി.സുകുമാരൻ എന്നിവർ സ്ഥലത്തെത്തി.
രാജസ്ഥാൻ ഇറച്ചിയെന്ന പേരിൽ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ച ഇറച്ചിയും. രാജസ്ഥാനിൽ നിന്നു ട്രെയിനിൽ കൊണ്ടുവന്ന 2100 കിലോഗ്രാം പട്ടിയിറച്ചി ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ പിടികൂടി. ജോധ്പുർ- മന്നാർഗുഡി എക്സ്പ്രസിൽ 11 പാഴ്സൽ പാക്കറ്റുകളിലായി കൊണ്ടുവന്ന ഇറച്ചിയാണു പിടികൂടിയത്. ആർക്കു വേണ്ടി കൊണ്ടുവന്നതാണെന്ന അന്വേഷണം തുടങ്ങി. ചെന്നൈയിലെ ഹോട്ടലുകളിൽ പട്ടിയിറച്ചി വിളമ്പുന്നെന്നു നേരത്തേ പരാതിയുയർന്നിരുന്നു.

മാസങ്ങൾക്കു മുൻപ് ട്രെയിനിൽ കൊണ്ടുവന്ന പൂച്ചയിറച്ചി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയിരുന്നു. അതേസമയം, ഇറച്ചികൊണ്ടുപോകാനെത്തിയവർ ഇത് ആട്ടിറച്ചിയാണെന്നും ലാബിൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സ്റ്റേഷനിൽ പ്രതിഷേധിച്ചു. ആർപിഎഫ് വഴങ്ങാതായതോടെ, സംഘം പാഴ്സൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

ഇന്നലെ ട്രെയിനിൽ കൊണ്ടുവന്ന പെട്ടികൾ എഗ്മൂറിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഇറക്കിയത്. പെട്ടികളിൽ നിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പാഴ്സൽ നീക്കാൻ അനുവദിച്ചില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ പട്ടിയിറച്ചിയാണെന്നു കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി മദ്രാസ് വെറ്ററിനറി കോളജിലേക്കയച്ചു.
രാജസ്ഥാൻ ഇറച്ചിയെന്ന പേരിൽ ചെന്നൈയിൽ കുറഞ്ഞ വിലയ്ക്കു വിൽക്കാൻ കൊണ്ടുവന്നതാണെന്നാണു നിഗമനം. കഴിഞ്ഞ മാസം ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് 1600 കിലോഗ്രാം പട്ടിയിറച്ചി പിടിച്ചെടുത്തിരുന്നു. രാജസ്ഥാനിൽ നിന്നു ട്രെയിൻ വഴി വൻതോതിൽ പട്ടിയിറച്ചികൊണ്ടുവരുന്നുവെന്ന പരാതി നേരത്തേയുണ്ട്.
ഭാര്യയെ തിരികെ കിട്ടണമെന്ന അഭ്യർഥനയുമായി ഭർത്താവ് ലൈവിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എഡ്‌വിൻ ഫിലിപ്പ് സാം എന്ന യുവാവാണ് സഹായാഭ്യർഥനയുമായി ഫെയ്സ്ബുക്ക് ലൈവിൽ എത്തിയത്. നാഗർകോവിൽ സ്വദേശിനിയായ ആരതി ചന്ദ്രനുമായി എഡ്‌വിൻ പ്രണയത്തിലായിരുന്നു.
നവംബർ 16ന് ഇരുവരും വിവാഹം റജിസ്റ്റർ ചെയ്ത ശേഷം എഡ്‌വിനൊപ്പം ഹരിപ്പാട് എത്തി. ഇത് അറിഞ്ഞെത്തിയ വീട്ടുകാർ പൊലീസിന്റെ സഹായത്തോടെ ആരതിയെ നാഗർകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കാം എന്ന ഉറപ്പിലാണ് ഹരിപ്പാട് പൊലീസ് ആരതിയെ വീട്ടുകാർക്കൊപ്പം നാഗർകോവിലിൽ എത്തിച്ചത്. എന്നാൽ അതിനുശേഷം ആരതിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് എഡ്‌വിൻ പറയുന്നത്.
ആരതിയുടെ പേരിൽ എഫ്ഐആർ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിൽ നിന്നും പിടിച്ചുകൊണ്ട് പോയത്. ഞാൻ ഇപ്പോൾ നാഗർകോവിലിലാണ്. പൊലീസ്‌സ്റ്റേഷന്റെ മുമ്പിലാണ്, അവിടെ അവൾ ഇല്ല. എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ല, ഇനി കൊന്നു കളഞ്ഞോ എന്നും അറിയില്ല. ദയവായി സഹായിക്കണം. ഇപ്പോൾ ഇവിടെ പൊലീസും ഇല്ല. നാട്ടിലെ പൊലീസ് മനപൂർവ്വം ചതിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് വനിതാപൊലീസ് പോലുമില്ലാതെയായിരുന്നു അവർ വന്നത്.
ഞങ്ങൾ വാശിപിടിച്ചപ്പോൾ സിഐ മനോജ് വിയപ്പുരത്തുള്ള രണ്ട് വനിതാ പൊലീസുകാരെ അവൾക്കൊപ്പം വിട്ടു. അവിടെ മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കി തിരികെ എത്തിക്കാമെന്നാണ് പറഞ്ഞത്. ആരതിയെ നാഗർകോവിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു, പക്ഷെ അവിടെ നിന്നും എവിടേക്ക് മാറ്റിയെന്ന് അറിയില്ല. ഇപ്പോൾ ഇങ്ങനെയൊരു കേസ് തന്നെയില്ല എന്നാണ് പറയുന്നത്.
തമിഴ്നാട്ടിൽ നിന്നുതന്നെ ആരതിയെ കിട്ടിയെന്നാണ് ഇവിടുത്തെ പൊലീസ് പറയുന്നത്. ഇവിടെ നിയമവും വ്യവസ്ഥിതിയും ഒന്നുമില്ലേ? –നിസ്സഹായതയോടെ എഡ്‌വിൻ ചോദിക്കുന്നു.
വിവാഹം രജിസ്റ്റർ ചെയ്ത അന്ന് ആരതിയും തന്റെ ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കേരളപൊലീസും വീട്ടുകാരുമാണെന്നായിരുന്നു ആരതിയുടെ വെളിപ്പെടുത്തൽ.