Latest News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ത്രാലില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിലില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ത്രാലില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന.

ഇന്ന് പുലര്‍ച്ചയോടെയാണ് രണ്ട് ഭീകരരും കൊല്ലപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെ കുപ്വാരയില്‍ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭീകരരുടെ ഒളിത്താവളങ്ങളില്‍ സൈന്യം തകര്‍ത്തിരുന്നു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. രണ്ട് ദിവസം മുന്‍പ് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ മാസം 3-ാം തിയതി ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രദേശവാസിയും നാല് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയോടെ സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തുന്നത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി പ്രദേശത്ത് സൈന്യം വലിയ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം 18ലധികം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.

പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ദിവസം ഉറിയില്‍ നാല് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്.

മലയാളസിനിമാ പ്രേക്ഷകരില്‍ ഇപ്പോള്‍ കാത്തിരിപ്പില്‍ ഏറ്റവും മുന്നിലുള്ള ചിത്രം ലൂസിഫര്‍ ആവും. പൃഥ്വിരാജ് കരിയറില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതുതന്നെ കാരണം. ഈ മാസം 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പ്രചരണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

ഫേസ്ബുക്ക് പോസ്റ്റ് ഇത്തരത്തിലായിരുന്നു. ‘കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കൈയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നു. സൈലന്റ് മോഡില്‍ സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന ശബ്ദം മാത്രം. (ബിജിഎം/ ബാക്ക്‌ഷോട്ട്). അതുകഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോംഗ് ഷോട്ട്). എജ്ജാതി ഐറ്റം’ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ചോളൂ എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പോസ്റ്റില്‍ പറയുന്നത് വ്യാജമാണെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപിയും നായകനെ അവതരിപ്പിക്കുന്ന മോഹന്‍ലാലും വ്യക്തമാക്കുന്നത്. കള്ള പ്രചാരണങ്ങളാണ് ലൂസിഫറിനെപ്പറ്റി നടക്കുന്നത് ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.

കാര്‍ നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞു കയറി രണ്ട് പേര്‍ മരിച്ചു. സഹോദരിമാരാണ് മരിച്ചത്. പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ ചിറക്ക് സമീപത്താണ് അപകടമുണ്ടായത്.

അനു(19), സഹോദരി നീനു (16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പേരൂര്‍ സ്വദേശികളാണ് ഇവര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കെ താരങ്ങളുടെ ഐപിഎല്‍ സാനിധ്യം സംബന്ധിച്ച് ആശയ കുഴപ്പം നിലനില്‍ക്കുകയാണ്. ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പല ദേശീയ ടീമുകളും തങ്ങളുടെ താരങ്ങളെ എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ചേക്കാന്‍ സാധ്യതയറെയാണ്. ഇതിനോടകം ഐപിഎല്‍ ടീമുകള്‍ മത്സരങ്ങള്‍ക്കായുള്ള മുന്നൊരുക്കം
ആരംഭിച്ച് കഴിഞ്ഞു.നേരത്തെ ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ ബോളര്‍മാര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യന്‍ നായകന്‍ കോഹ്ലി അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് ഇത് വിവാദമാകുകയും ചെയ്തു.

താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി രംഗത്ത് വന്നിരിക്കുകയാണ്. ചില താരങ്ങള്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനിവാര്യമാണെന്ന നിലപാടിലാണ് അമിതാഭ് ചൗധരി. താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതോടെ ‘ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഏതൊക്കെ താരങ്ങളാവും ഉണ്ടാവുക ഏകദേശം ഉറപ്പിക്കാം. എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകള്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതില്‍ ശക്തമായ എതിര്‍പ്പാണ്. വലിയ തുകയ്ക്കാണ് താരങ്ങളെ ടീമിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ താരങ്ങളുടെ അഭാവം മത്സര ഫലത്തെ കാര്യമായി ബാധിക്കുമെന്നും ടീം മാനേജ്‌മെന്റുകള്‍ പറയുന്നു.

ലോകകപ്പിന് മുന്‍പ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കുകയെന്നലക്ഷ്യം ബിസിസിഐയ്ക്ക് മുന്നിലുണ്ട്. സെലക്ടര്‍മാര്‍ ടീം പ്രഖ്യാപിച്ചതിന്ശേഷം ടീമിന്റെ പരിശീലകരുടേയും അഭിപ്രായം നോക്കിയാകും ഐപിഎല്ലിനിടയിലെ താരങ്ങളുടെ വിശ്രമം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തുക.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇത്തവണ ഭാഗ്യം തേടി എത്തിയത് മലയാളി കുടുംബത്തിനരികെയാണ്. 1.2 കോടി ദിര്‍ഹം(ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് മലയാളിക്ക് അടിച്ചത്. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലാണ് ആലപ്പുഴ ജില്ലക്കാരന്‍ റോജി ജോര്‍ജിന് ഭാഗ്യം തുണച്ചത്.

12 വര്‍ഷത്തിലധികമായി കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിക്കുകയാണ് റോജി. മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേയ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് റോജി. അഞ്ചാമത്തെയോ ആറാമത്തെയോ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നതെന്ന് റോജി പറയുന്നു.

അബുദാബി എയര്‍പോര്‍ട്ടില്‍ നടന്ന നറുക്കെടുപ്പിന് ശേഷം സമ്മാനവിവരം അറിയിച്ചുകൊണ്ട് വിളിച്ചപ്പോള്‍, പതിവുപോലെ ഒരു മലയാളി വിജയിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നറുക്കെടുപ്പ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ ആര്‍ക്കാണ് സമ്മാനം എന്നറിയാന്‍ വെബ്സൈറ്റില്‍ പരിശോധിച്ചു. തന്റെ പേര് കണ്ട് ഞെട്ടിയപ്പോയി. സമ്മാനവിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഫോണ്‍വിളിയുമെത്തി. അപ്രതീക്ഷിതമായിരുന്നുവെന്നും കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ ആദ്യത്തെ ഏഴ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഒരു ശ്രീലങ്കക്കാരനും വിജയികളുടെ പട്ടികയില്‍ ഇടം നേടി. ഈ വര്‍ഷം ഇതുവരെ നടന്ന മൂന്ന് നറുക്കെടുപ്പുകളിലും ഒന്നാം സമ്മാനം മലയാളികള്‍ക്ക് തന്നെയാണ് ലഭിച്ചിരുന്നത്.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനകം നാട്ടിലേക്ക് മടങ്ങണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിക്കുന്ന തുക കൊണ്ട് വലിയ ലക്ഷ്യങ്ങളൊന്നും നേടണമെന്ന് മനസിലില്ല. കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും ചെയ്യാനുദ്ദേശിച്ചല്ല ടിക്കറ്റെടുത്തതെന്നും സാധാരണക്കാരനായിത്തന്നെ ജീവിതം തുടരുമെന്നും റോജി പറഞ്ഞു.

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പിനായി പ്രാദേശിക സഹായം ഒരുക്കിയ ശൃംഖലയിലെ പ്രധാന കണ്ണിയെ തിരിച്ചറിഞ്ഞു. ഇയാളുടെ വീടുകൾ അടക്കം രണ്ട് കേന്ദ്രങ്ങൾ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തു. ലുക്ക്ഔട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കും. വെടിവയ്പിന് ചുക്കാൻപിടിച്ച മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘം രണ്ടുമാസം മുന്‍പാണ് പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചത്.

നടിയും ബ്യൂട്ടിപാർലർ ഉടമയുമായ ലീന മരിയ പോളിന് ഭീഷണിയുണ്ടെന്ന് വെടിവയ്പ് ഉണ്ടായ ഡിസംബർ 15ന് മുൻപ് തന്നെ കൊച്ചി സിറ്റി പൊലീസ് അറിഞ്ഞു. വിവരം നൽകിയത് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട കൊല്ലംകാരനായ ഡോക്‌ടർ. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിരിക്കുന്നതായും കൊടുത്തില്ലെങ്കിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് കൂടി ഇയാൾ തന്നെ രഹസ്യവിവരം നൽകിയിരുന്നു. സംശയിക്കാൻ ആദ്യ കാരണം ഇതായി. വെടിവയ്പിനെക്കുറിച്ച് മുൻകൂർ വിവരം അറിയാൻ ഇടയായത് എങ്ങനെയെന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല.

ഇതോടെ ഡോക്‌ടർ നിരീക്ഷണത്തിലായി. കൊച്ചിയും പെരുമ്പാവൂരും കേന്ദ്രീകരിച്ച ചില ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ വീണ്ടും വിളിപ്പിച്ചു. എന്നാൽ അവിടം മുതൽ പൊലീസിന് പിടികൊടുക്കാതെ ഒളിച്ചുകളിക്കുന്ന സ്ഥിതിയായി. ഇതോടെയാണ് പുതുതായി അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം വീടുകൾ റെയ്ഡ് ചെയ്ത് തെളിവ് ശേഖരിക്കാൻ ഇറങ്ങിയത്.

കൊല്ലം അഞ്ചലിലെ ഡോക്‌ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും വെള്ളിയാഴ്ച ഒരേ സമയം പരിശോധന നടന്നു. ഏതാനും ദിവസം മുൻപ് വീട്ടിലെത്തിയ ഡോക്‌ടർ പാസ്പോർട്ട് ശേഖരിച്ച് പോയതായി വിവരം ലഭിച്ചു. വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിൽ ആണ്. മലയാളത്തിൽ ഏതാനും സിനിമകളും നിർമ്മിച്ചിട്ടുള്ള ഡോക്‌ടർക്ക് ലീന മരിയ പോളുമായി പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ ചെക്ക് കേസും വാഹനപണയങ്ങളുമായി കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിനാൽ ആ നിലയ്ക്കാണ് അന്വേഷണം.

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നുവെന്ന് നടി ഷക്കീല. ഒടു ടിവി ഷോക്കിടെയാണ് ഷക്കീല ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് പ്രേമലേഖനം അയച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

മണിയൻപിള്ള രാജു നിർമിച്ച മോഹൻലാൽ നായകനായ ഛോട്ടാ മുംബൈയുടെ സെറ്റിൽ വെച്ചാണ് തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതെന്നും താരം പറയുന്നു. ചിത്രത്തിൽ ഷക്കീല അതിഥി വേഷത്തിൽ എത്തിയിരുന്നു.
” 2007ൽ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു.

ഞാൻ ഉടനെ നിർമാതാവ് മണിയൻപിള്ള രാജുവിനെ പോയി കണ്ടു. ഞാൻ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുൻകൂറായി നൽകി. എനിക്കത് വലിയൊരു സഹായമായിരുന്നു”, ഷക്കീല പറയുന്നു.താനയച്ച പ്രണയലേഖനത്തിന് ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ലെന്നും താരം പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളായി. തിരുവനന്തപുരത്ത് സി. ദിവാകരനും വയനാട് പിപി. സുനീർ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, തൃശൂർ രാജാജി മാത്യു തോമസ് എന്നിവരാണ് മത്സരിക്കുക.

മത്സരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സെക്രട്ടറിയെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു സിപിഐ സംസ്ഥാനനിര്‍വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിലാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. ഇതോടെയാണ് ദിവാകരനു നറുക്ക് വീണത്.

നാലു മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ഥി പാനല്‍ നിശ്ചയിക്കാനാണ് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി ഇന്നുചേർന്നത്. സംസ്ഥാന നിര്‍വാഹകസമിതി നാലു മണ്ഡലങ്ങളിലേക്കും മൂന്നുപേര്‍ വീതമടങ്ങുന്ന പാനലുകള്‍ തയാറാക്കി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.

എന്നാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഇന്ദിര ഭവനിൽ ചേർന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പേരെടുത്തുള്ള ചർച്ചകളിലേക്ക് കടക്കാതെ പിരിഞ്ഞു. കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി .

ഡിസിസികൾ നൽകിയ പട്ടിക കൂടി പരിഗണിച്ച് ഈയാഴ്ച അവസാനത്തോടെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് നല്‍കും. സിറ്റിങ് സീറ്റുകളില്‍ നിലവിലുള്ള എംപിമാരുടെ പേരുകള്‍ തന്നെ നല്‍കാനാണ് കെപിസിസി തീരുമാനം. എന്നാല്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ പേര് ജില്ലാ നേതൃത്വത്തിന്റെ പട്ടികയില്‍ ഇല്ല. പത്തനംതിട്ട ‍ഡിസിസിക്ക് കെപിസിസിയുടെ വിമര്‍ശനം നേരിടേണ്ടി വന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് ഡിസിസിക്ക് നിര്‍ദേശം നൽകി.

എറണാകുളത്ത് കെ.വി.തോമസിന് പകരം പുതിയ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചാലക്കുടിയില്‍ പി.സി.ചാക്കോയുടെ പേര് ഉയര്‍ന്നുവന്നതും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മല്‍സരിക്കണമെന്ന അഭിപ്രായം ശക്തമായതും സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വി.എം. സുധീരന്‍ വ്യക്തമാക്കി. ഇക്കാര്യം കെ.പി.സി.സി തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ചു. തന്റെ പേര് യോഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു പ്രതികരണം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് അസ്ഹര്‍ മരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. ഉര്‍ദു ദിനപത്രമായ ജിയോയാണ് മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ച് മരണവാര്‍ത്ത വ്യാജമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മൗലാന മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്നും വിവിധ രോഗങ്ങള്‍ ബാധിച്ച് വീടുവിട്ട് പുറത്തുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വൃക്ക രോഗബാധിതനായ മസൂദ് റാവല്‍പിണ്ടിയിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തുവന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രം മസൂദ് അസദാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തല്‍. ഇന്ത്യയിലെ ജയിലില്‍ നിന്നും തീവ്രവാദികള്‍ മോചിപ്പിച്ച ശേഷമാണ് മസൂദ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ച് പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറുങ്ങത്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്.

ലണ്ടന്‍: പൊലീസ് ഹെലികോപ്റ്ററില്‍ ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ബ്രിട്ടനിലാണ് ഈ ലജ്ജിപ്പിക്കുന്ന സംഭവം. യോര്‍ക്ക്ഷയര്‍ പോലീസ് സേനയില്‍ ഉദ്യോഗസ്ഥരായ പിസി മാത്യു ലൂക്കാസ് (43), അഡ്രിയാന്‍ പോഗമര്‍, മുന്‍ ഉദ്യോഗസ്ഥന്‍ ലീ വാല്‌സ് (48) എന്നിവരാണ് സംഭവത്തിന് പിന്നില്‍.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ധാരാളം അശ്ലീല ചിത്രങ്ങളാണ് പകര്‍ത്തിയിട്ടുള്ളത്. ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയാണ് ഇവര്‍ ഇതുപോലുള്ള ചിത്രങ്ങളെടുക്കുന്നത്. ദമ്പതികള്‍ അവരുടെ പൂന്തോട്ടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഒരു സ്ത്രീ നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രങ്ങളും ഇവര്‍ പകര്‍ത്തിയവയില്‍ പെടുന്നു.

ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. 2007 മുതല്‍ 2012 വരെയാണ് ഇവര്‍ അനധികൃതമായി ഇത്തരം വീഡിയോകളും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയത്. 2007ലാണ് ബിക്കിനിയിട്ട 18ഉം 15ഉം വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം യുവതി നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രവും വീഡിയോയും ഉദ്യോഗസ്ഥര്‍ പകര്‍ത്തിയത്. അതേസമയം, മറ്റ് ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരുടെ ഈ പ്രവർത്തിയെ കുറിച്ച് അറിഞ്ഞിരുന്നില്ല.ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Copyright © . All rights reserved