ജക്കാർത്ത: ഭൂകമ്പത്തിലും സുനാമിയിലും നാശനഷ്ടമുണ്ടായ ഇന്തോനേഷ്യയിലെ പാലു നഗരത്തിൽ 5000 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ദുരന്തമേഖലയിൽ അധികൃതർ തെരച്ചിൽ തുടരുകയാണ്. പൂർണമായി നശിച്ച പെട്ടാബോ, ബലറാവോ പട്ടണങ്ങളിൽ ആയിരത്തോളം മൃതദേഹങ്ങൾ പുറത്തെടുക്കാനായിട്ടില്ല.
സെപ്റ്റംബർ 28നാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചത്. ദുരന്തത്തിൽ ഇതുവരെ 1763 മൃതദേഹങ്ങൾ കണ്ടെടുത്തു. വീടുകൾ താണുപോയ സ്ഥലങ്ങൾ പാർക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സർക്കാരിന്റെ നീക്കം.
അജ്മീർ: രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് മിഷൻ പദ്ധതി നടപ്പാക്കുന്നതിനിടെ രാജസ്ഥാനിലെ മന്ത്രി മൂത്രശങ്ക തീർത്തത് സ്വന്തം മുഖ്യമന്ത്രിയുടെ പോസ്റ്ററിനു സമീപം. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി പങ്കെടുക്കാനെത്തിയ മന്ത്രിയാണ് വേദിക്കരികിൽ മൂത്രമൊഴിച്ചത്.
മന്ത്രി ശംഭു സിംഗ് ഖതേസറാണ് വേദിക്കരികിലെ പ്രചരണ പോസ്റ്ററിനു സമീപം പരസ്യമായി മൂത്രമൊഴിച്ചത്. എന്നാൽ ഇത് വിവാദമാക്കാനൊന്നുമില്ലെന്നും പണ്ട് മുതലേ ഇങ്ങനെയൊകെയല്ലേ അതിനിപ്പം എന്താണ് ഇത്ര തെറ്റെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രി മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലാകുകയും ചെയ്തു. ഇതോടെ റാലി വേദിക്ക് സമീപം ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ലെന്നും രാവിലെ മുതൽ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാൻ കിലോമീറ്ററുകൾ പോകാൻ കഴിയില്ലായിരുന്നുവെന്നും ശംഭു സിംഗ് പിന്നീട് വ്യക്തമാക്കി.
അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ചിത്രമുള്ള പോസ്റ്ററിനു സമീപം മൂത്രമൊഴിച്ചതും വിമർശനത്തിനിടയായിട്ടുണ്ട്.
ന്യൂഡല്ഹി: ശബരിമല ക്ഷേത്രത്തിനുള്ളില് സ്ത്രീകള് പ്രവേശിക്കുന്നതിനെ വിലക്കുന്ന നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ന് വിവിധ ഹരജികള് സമര്പ്പിക്കപ്പെടുമെന്ന് സൂചന. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ നേതൃത്വത്തില് പ്രതിഷേധം കനക്കുന്നതിനിടെയാണ് റിവ്യു ഹര്ജികളുമായി സംഘടനകള് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പീപ്പിള് ഫോര് ധര്മ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നീ സംഘടനകളാണ് ഹര്ജികള് നല്കാന് തയ്യാറെടുക്കുന്നത്.
അടിയന്തരമായി ഹര്ജി പരിഗണിക്കണമെന്നായിരിക്കും ഇരു സംഘടനകളുടെയും അഭിഭാഷകര് ആവശ്യപ്പെടുക. എന്നാല് വിഷയത്തില് അടിയന്തര ഇടപെടല് ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യമായാല് മാത്രമെ ഹര്ജി വേഗത്തില് പരിഗണിക്കുകയുള്ളു. ക്ഷേത്രാചാരങ്ങളില് കടന്നു കയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള് ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്ജിയില് ചൂണ്ടിക്കാണിക്കുക. വര്ഷങ്ങള് പഴക്കമുള്ള ആചാരങ്ങളില് മാറ്റം വരുത്തുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ഹര്ജിയില് വ്യക്തമാക്കും.
അതേസമയം നേരത്തെ സ്ത്രീകള്ക്ക് ക്ഷേത്രത്തില് പ്രവേശിക്കാന് അനുമതി നല്കിയിട്ടുണ്ടെങ്കിലും അതിനായുള്ള പ്രത്യേക സുരക്ഷ ഒരുക്കുന്നതില് നിന്ന് സര്ക്കാര് പിന്തിരിഞ്ഞു. ഈ മാസം നട തുറക്കുമ്പോള് വനിതാ പോലീസിനെ വിന്യസിക്കില്ലെന്നാണ് സൂചനകള്. മണ്ഡല-മകരവിളക്ക് തീര്ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസിനെ വിന്യസിക്കൂവെന്നാണ് സര്ക്കാര് നിലപാട്. വിഷയത്തില് പോലീസ് മേധാവിയും ദേവസംബോര്ഡും തമ്മില് ചര്ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.
മലയാളി പ്രേക്ഷകര്ക്ക് പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. വിവാഹമോചനം തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നെന്ന് താരം മനസുതുറന്നു. വളരെ നേരത്തെ എന്റെ ജീവിതത്തില് നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി.
ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്ക്ക് ക്ലൗഡ് അല്ലെങ്കില് ബ്ലാക് മാര്ക്ക് ആയി ഒന്നും ഞാന് കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങള് നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന് അതില് കാണുന്നുള്ളൂ.
എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന് സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതിന് ശേഷമാണ് ഞാന് എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത്.
തിരുവനന്തപുരം: ഏറ്റവും കൂടുതല് അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ‘ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും’(GNPC-ജിഎൻപിസി) എന്ന ഗ്രൂപ്പിന് ഗിന്നസ് റെക്കോര്ഡ്. ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്റുകളുടെ എണ്ണത്തിലെ ലോക റെക്കോര്ഡാണ് ജിഎന്പിസി മറികടന്നതെന്ന് അണിയറപ്രവര്ത്തകര് പറഞ്ഞു. രണ്ട് കോടിയോളം കമന്റുകള് നേടിയാണ് സ്യഷ്ടിച്ചത്.
അതേസമയം ലോക റെക്കോർഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില് രണ്ട് കോടി കമന്റു നേടിയ മറ്റൊരു ഫെയ്സ്ബുക്കിലെ പേജിലെ പോസ്റ്റാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. ഇതോടെ ഫെയ്സ്ബുക്ക് പേജിലെയും ഗ്രൂപ്പിലെയും ഏറ്റവും കൂടുതൽ കമന്റ് കിട്ടിയ പോസ്റ്റായി ഇത് മാറി.
ലോക റെക്കോര്ഡിന്റെ കാര്യത്തില് ജിഎന്പിസിക്ക് ഇപ്പോള് തന്നെ രണ്ട് റെക്കോര്ഡുകള് കൂടിയുണ്ട്. ഏറ്റവും കൂടുതല് കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില് 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്ഡുകളാണ് ഇപ്പോള്തന്നെ ജിഎന്പിസിയുടെ പേരിലാണ്. 21 ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പ് ഇപ്പോള് തന്നെഏറ്റവും കൂടുതല് അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്ഡിന് ഉടമയാണ്.
സെപ്റ്റംബർ 29ന് ഇട്ട് പോസ്റ്റ് 8 ദിവസം കൊണ്ടാണ് ലോക റെക്കോഡിൽ എത്തിയത്. പോസ്റ്റിലേക്ക് കമന്റുകളാകര്ഷിക്കാന് ട്രോളന്മാരും രംഗത്ത് ഉണ്ടായിരുന്നു. ഒരാൾ പലതവണ കമന്റ് ചെയ്താണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ജിഎൻപിസി ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില് എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും നേരിട്ടിരുന്നു.
കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ ഗ്യാസ് ബലൂണുകള് പൊട്ടിത്തെറിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല് നടത്തിയ റോഡ് ഷോയ്ക്ക് ഇടെയാണ് വന് സുരക്ഷാ വീഴ്ചയുണ്ടായത്. ഗ്യാസ് ബലൂണ് പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് സമീപം തീ ആളിപ്പടര്ന്നു. അപകടത്തില് നിന്നും രാഹുല് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
മധ്യപ്രദേശിലെ ജബല്പൂര് ജില്ലയിലെ റോഡ് ഷോയ്ക്കിടെയാണ് സംഭവം. പരിപാടിയോടനുബന്ധിച്ച് വഴിയിലുടനീളം ബലൂണുകള്ക്കൊണ്ട് അലങ്കരിച്ചിരുന്നു. പ്രവര്ത്തകുടെ കൈയ്യിലുണ്ടായിരുന്ന ഒരു കൂട്ടം ബലൂണുകളാണ് പൊട്ടിത്തെറിച്ച് തീ പടര്ന്നത്. വന് ജനാവലിയായിരുന്നു അദ്ദേഹത്തെ അനുഗമിച്ചത്. രാഹുല് ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന് തയ്യാറാക്കി വെച്ചിരുന്ന തട്ടില് നിന്ന് ബലൂണില് തീ പടരുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരെത്തി ജനങ്ങളെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി.
നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന വാഹനത്തില് സഞ്ചരിക്കുന്ന രാഹുല് ഗാന്ധിക്കൊപ്പം നിരവധി സുരക്ഷാ ഉദ്യോഗസ്ഥര് ഉണ്ടായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മില് രണ്ട് മുന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തിന്റെ ദൃശ്യം സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്.
നര്മ്മദ നദീ തീരത്തു നിന്നും ആരംഭിച്ച് എട്ട് കിലോമീറ്റര് ദൈര്ഘ്യമുള്ള റോഡ് ഷോയാണ് രാഹുല് ഗാന്ധി ജബല്പൂരില് നടത്തിയത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അപകടത്തില് ആര്ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കൊച്ചി: കൊച്ചിയിൽ 200 കോടിയുടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെത്തിലിൻ ഡൈ ഓക്സി മെത്താംഫീറ്റമിൻ) പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിൽ. കണ്ണൂർ കടന്പൂർ കുണ്ടത്തിൽ മീരാ നിവാസിൽ ഉത്തമൻ മകൻ പ്രശാന്ത്കുമാർ (36) ആണ് പിടിയിലായത്.
എക്സൈസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ വളർന്നതും പഠിച്ചതും താമസിക്കുന്നതും ചെന്നൈയിലാണ്. പ്രശാന്ത്കുമാറും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേർന്നാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. അലി വിദേശത്തേക്കു കടന്നതായാണ് സൂചന. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ 29നാണ് പാഴ്സൽ പായക്കറ്റിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പർവീണ് ട്രാവൽസ് എന്ന പാഴ്സൽ സർവീസ് വഴി എഗ്മൂറിൽനിന്ന് എറണാകുളം എംജി റോഡിൽ രവിപുരത്തു സ്ഥിതി ചെയ്യുന്ന പാഴ്സൽ സെന്ററിലേക്കു സാരികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ എത്തിക്കുകയായിരുന്നു. എംജി റോഡിൽത്തന്നെ സ്ഥിതി ചെയ്യുന്ന വേൾഡ് വൈഡ് എന്ന എയർ കാർഗോ വഴി മലേഷ്യയിലേക്കു കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
എന്നാൽ, ചെന്നൈയിൽനിന്നു നേരിട്ട് അയയ്ക്കാമെന്നിരിക്കെ കൊച്ചി വഴി അയയ്ക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ കൊറിയർ ഉടമ വിവരം എക്സൈസിൽ അറിയിച്ചു. മലേഷ്യയിലെ അഡ്രസും കൊറിയർ ചാർജും ഇവർ നൽകിയതുമില്ല. തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. മലേഷ്യയിൽ എത്തിക്കേണ്ട മേൽവിലാസം ശരിയായില്ല എന്നാണ് കൊറിയർ ഉടമയോട് അറിയിച്ചതെങ്കിലും എയർ കാർഗോ വഴി അവർ ഉദ്ദേശിച്ച രീതിയിൽ കടത്താനുളള ക്രമീകരണം ആകാത്തതിനാലാണു കാലതാമസം ഉണ്ടായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൊച്ചിയിൽ ഇവർക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ ഇതേരീതിയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ചു മലേഷ്യയിലേക്കു മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് അസി. എക്സൈസ് കമ്മീഷണർ ടി. എ. അശോക്കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ആദ്യ ഉദ്യമം വിജയിച്ചതിനാലാണു വീണ്ടും കടത്താൻ ശ്രമിച്ചത്.
എംഡിഎംഎ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം രൂപ പാതിതോഷികം നൽകുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അറിയിച്ചു. എറണാകുളം ഡിവിഷണൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്. രഞ്ജിത്ത്, അസി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി. അശോക് കുമാർ, സിഐ ബി. സുരേഷ്, ഇൻസ്പെക്ടർമാരായ ശ്രീരാജ്, പ്രിവന്റീവ് ഓഫീസർ സത്യനാരായണ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മുംബൈ: വാക്കുതർക്കത്തിനിടെ അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവ മോഡൽ അറസ്റ്റിൽ. മുംബൈയിലാണു സംഭവം. ലക്ഷ്യ സിംഗ് എന്ന ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ അമ്മ സുനിത സിംഗാണ് മരിച്ചത്.
ലോകന്ദ്വാലയിലെ ക്രോസ് ഗേറ്റ് ബിൽഡിംഗിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്ന പെണ്കുട്ടിയും ഇവർക്കൊപ്പം താമസിച്ചിരുന്നു.
കഴിഞ്ഞ ദിവസം ലക്ഷ്യയും അമ്മയും തമ്മിലുണ്ടായ തർക്കത്തിനിടെ സുനിതയെ ലക്ഷ്യ ബാത്ത്റൂമിലേക്കു തള്ളി. ഇതിനുശേഷം മുറി പുറത്തുനിന്നു പൂട്ടി. തൊട്ടടുത്ത ദിവസം രാവിലെ മുറി തുറന്നപ്പോഴാണ് സുനിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബാത്ത്റൂമിലെ വാഷ്ബേസിനിൽ തലയിടിച്ചാണ് മരണമെന്നാണു പ്രാഥമിക നിഗമനം.
സുനിതയും ലക്ഷ്യയും ലഹരിമരുന്നിന് അടിമകളായിരുന്നെന്നും ലഹരി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സുനിതയുടെ മരണത്തിലേക്കു നയിച്ചതെന്നും പോലീസ് അറിയിച്ചു. ലക്ഷ്യ കുറ്റം സമ്മതിച്ചെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്.
കണ്ണൂർ: നടൻ കുഞ്ചാക്കോ ബോബനുനേരേ വധഭീഷണിയും അസഭ്യവർഷവും. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് വരുന്നതിനായി മാവേലി എക്സ്പ്രസ് കാത്തുനിൽക്കുന്നതിനിടെയാണ് യുവാവ് കുഞ്ചാക്കോ ബോബന്റെ സമീപത്തെത്തിയത്. ആദ്യം നടനുനേരേ അസഭ്യവർഷം നടത്തിയ ഇയാൾ കൈയിൽ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ശബ്ദംകേട്ട് മറ്റു യാത്രക്കാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ട്രെയിനിൽ കണ്ണൂരിലെത്തിയ നടൻ പാലക്കാട് റെയിൽവേ പോലീസ് ഡിവിഷനിൽ ഫോണിലൂടെ പരാതി പറയുകയും ചെയ്തു. കണ്ണൂർ റെയിൽവേ എസ്ഐ സുരേന്ദ്രൻ കല്യാടൻ തളിപ്പറന്പിലെ ഹോട്ടലിൽ താമസിച്ചിരുന്ന നടന്റെ മൊഴി രേഖപ്പെടുത്തി.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിൽനിന്ന് എറണാകുളം റെയിൽവേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഞായറാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
പന്തളം: ശബരിമല വിഷയത്തില് ചര്ച്ചക്കില്ലെന്ന് താഴമണ് തന്ത്രി കുടുംബം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നല്കിയിരിക്കുന്ന പുനഃപരിശോധനാ ഹര്ജിയില് തീരുമാനമായതിനു ശേഷം മാത്രമേ ചര്ച്ചയ്ക്കുള്ളൂവെന്നാണ് താഴമണ് തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബം തീരുമാനം അറിയിച്ചിരിക്കുന്നത്. ആചാരങ്ങള്ക്കും അനുഷ്ഠാനങ്ങള്ക്കും എതിര് നില്ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂവെന്ന് കണ്ഠരര് മോഹനര് പറഞ്ഞു.
തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്നും തന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചര്ച്ചയ്ക്കായി മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നു.
സ്ത്രീപ്രവേശനത്തില് വിധി വന്ന ഘട്ടത്തില് തന്നെ താഴമണ് കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാര്ത്താസമ്മേളനത്തില് കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് താഴമണ് കുടുംബവുമായി ചര്ച്ചയ്ക്ക് സര്ക്കാര് തയ്യാറായത്.
ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തന്ത്രി കുടുംബത്തെ ചര്ച്ചക്കായി ക്ഷണിച്ചിരുന്നു. ഭരണഘടനാ ബെഞ്ച് വിധി നിയമമായതിനാല് അത് നടപ്പാക്കേണ്ട ബാധ്യത ബോധ്യപ്പെടുത്തുന്നതിനായാണ് തന്ത്രി കുടുംബത്തെ ചര്ച്ചക്കായി ക്ഷണിച്ചത്. തന്ത്രികുടുംബത്തെ ചര്ച്ചയ്ക്ക് വിളിച്ചത് സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കുന്നതിലെ പ്രായോഗികവശങ്ങള് പരിശോധിക്കുന്നതിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.