കേരളത്തിലെ സമീപകാല സംഭവവികാസങ്ങളില്‍‌ ആധിയും ആശങ്കയും പങ്കിട്ട് മമ്മൂട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും. സിനിമയുടെ ലൊക്കേഷനിലെ സൗഹൃദസംഭാഷണത്തിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍‌ ഹൃദ്യമായ ചെറുകുറിപ്പായി ചുള്ളിക്കാട് തന്നെയാണ് സുഹൃത്തിന് അയച്ചുകൊടുത്തത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് അതിവേഗം വായനക്കാരെ നേടി. രണ്ടുവരിയില്‍ കേരളത്തിലെ ഓരോ മനുഷ്യന്റെയും ആധിയാണിതെന്നാണ് സമൂഹമാധ്യമത്തിലെ വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കുറിപ്പ് ഇങ്ങനെ:

വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:

“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”

“അതെ.”

ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”

– ബാലചന്ദ്രൻ ചുള്ളിക്കാട്