ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ വിനിമയ മൂല്യം 73.24ലെത്തി. ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി. വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കാമെന്ന അഭ്യൂഹങ്ങളും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
യുഎഇ ദിര്‍ഹത്തിന്റെ വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 20 രൂപയില്‍ എത്തിയിട്ടുമുണ്ട്. ഒരു ദിര്‍ഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്.
അസംസ്‌കൃതഎണ്ണ വിലയും നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും കണക്കിലെടുത്താല്‍ കുറച്ചുനാള്‍കൂടി ഈ സ്ഥിതി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അമേരിക്ക-ചൈന വ്യാപാരബന്ധത്തിലെ ഉലച്ചില്‍, ലിറയുടെ മൂല്യത്തിലുള്ള ഇടിവ്, അമേരിക്കയിലെ ബാങ്ക്പലിശ വര്‍ധന തുടങ്ങിയ ഘടകങ്ങളെല്ലാം ഇന്ത്യന്‍ രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
കേരളത്തിന്റെ നെഞ്ചുരുകിയുള്ള പ്രാര്‍ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ബാലഭാസ്‌കറിനെ തിരികകൊണ്ടുവരാനായില്ല. മകള്‍ തേജസ്വിനിയ്ക്ക് പിന്നാലെ ബാലുവും വിട പറയുമ്പോള്‍ വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ആ സംഗീതത്തിന്റെ ആരാധകരും സുഹൃത്തുക്കളും കണ്ണിരിലാണ്. സെപ്റ്റംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്‌കര്‍ (40) ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അന്തരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ പതിനൊന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
തിങ്കളാഴ്ച പൂര്‍ണമായ ബോധം വീണ്ടെടുത്തതോടെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഉറ്റവര്‍ ആശ്വസിച്ചിരുന്നപ്പോഴാണ് ഹൃദയാഘാതത്തിലൂടെ മരണമെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി കോളജിലും കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ആരാധകരും സുഹൃത്തുക്കളും സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തൃശൂരില്‍നിന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തില്‍ ഇടിച്ചത്. അപകടത്തില്‍ ഏകമകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ്രെഡെവര്‍ അര്‍ജുനും ചികിത്സയിലാണ്.
ബാലഭാസ്‌കറെന്ന കഴിഞ്ഞ പതിറ്റാണ്ടിന്റെ വയലിന്‍ ചക്രവര്‍ത്തി മലയാളികളുടെ മനവും കാതുംകവര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഗുരുവും വല്ല്യമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാറാണ് ബാലയ്ക്ക് ഈ സംഗീതവില്ലിന്റെ മാസ്മരിക ശക്തി പകര്‍ന്നു നല്‍കിയത്. പരമ്പര്യം മുത്തച്ഛന്‍ നാഗസ്വര വിദ്വാന്‍ ഭാസ്‌കര പണിക്കരില്‍ നിന്നു ലഭിച്ചു. സപ്തസ്വരങ്ങള്‍ വഴങ്ങിയ കാലം മുതല്‍ വയലിനോട് ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല ബാല. എങ്ങനെ ഇത്ര സുന്ദരമായി വയലിന്‍ വഴങ്ങുന്നുവെന്നു പലകുറി ആവര്‍ത്തിച്ച ചോദ്യത്തിന് ‘എനിക്കു വയലിനെ പേടിയില്ലെന്ന’ മറുപടിയാണ് എപ്പോഴും ബാല നല്‍കിയിരുന്നത്
ബാലഭാസ്‌കറിന്റെ സംഗീതംപോലെ സുന്ദരമായിരുന്നു ബാലുവിന്റെ പ്രണയവും ഒന്നരവര്‍ഷത്തോളം നീ പ്രണയത്തിനൊടുവിലാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ത്തന്നെ വിവാഹത്തിന് ബാലഭാസ്‌കര്‍ തയ്യാറായി. 22ാം വയസില്‍ എം.എ. സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ കുടുംബനാഥനായത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലഭാസ്‌കറിനും ലക്ഷ്മിയ്ക്കും തേജസ്വിനിയെ ലഭിച്ചത്.
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ബാലഭാസ്‌കര്‍ തുടങ്ങിയ ‘കണ്‍ഫ്യൂഷന്‍’ ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളില്‍ ആദ്യത്തെ മ്യൂസിക് ബാന്‍ഡ്. ‘കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍’ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്.. ‘നിനക്കായി’, ‘നീ അറിയാന്‍’ തുടങ്ങി അന്ന് കലാലയങ്ങളില്‍ ഹിറ്റായ ആല്‍ബങ്ങളാണ് ‘കണ്‍ഫ്യൂഷന്‍’ പുറത്തിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍ ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ‘ആരു നീ എന്നോമലേ…..’ എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു.
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തിയ ക്രാന്തി യാത്ര യു.പി-ഡല്‍ഹി അതിര്‍ത്തിയായ ഗാസിയാബാദില്‍ വച്ച് പോലീസ് തടയുകയും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. ഇതേതുടര്‍ന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രിമാരുടെ സമിതിയെ നിയമിക്കുമെന്ന് കൃഷിസഹമന്ത്രി ഉറപ്പ് നല്‍കി.
എന്നാല്‍ മന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് യുധ്‌വീര്‍ സിംഗ് അറിയിച്ചു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ 11 വിഷയങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. ഇതില്‍ 7 ആവശ്യങ്ങള്‍ മന്ത്രി അംഗീകരിച്ചു. നാല് വിഷയങ്ങളില്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം നിലപാട് അറിയിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്ടറുകള്‍ നിരോധിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് മറികടക്കാന്‍ കോടതിയില്‍ പോകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കുറഞ്ഞ വേതന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തും. കൃഷി മേഖലയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചനയിലാണെന്നും കൃഷി മന്ത്രി അറിയിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആറ് മുഖ്യമന്ത്രിമാരുടെ സമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
അതേസമയം മന്ത്രിയുടെ ഉറപ്പുകളില്‍ തങ്ങള്‍ അതൃപത്‌രാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പോലീസ് മാര്‍ച്ച് തടഞ്ഞ ഡല്‍ഹി അതിര്‍ത്തിയില്‍ തന്നെ തുടരുമെന്നും കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ചര്‍ച്ച ചെയ്ത് തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് ബാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ നരേഷ് തികെയ്ത് പറഞ്ഞു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍കഷര്‍ ആരംഭിച്ച മാര്‍ച്ച് യു.പി-ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടയുകയായിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി ജയിലില്‍ സന്ദര്‍ശിച്ചു. കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു സുവിശേഷ ശുശ്രൂഷയാണെന്നും ആ നിലയ്ക്കാണ് താന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും മാണി മാധ്യമങ്ങളോടു പ്രതികരിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. ‘യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റ് ചെയ്തിട്ടാണോ’ എന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കണ്ട ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കയ്ക്കല്‍ പ്രതികരിച്ചത്. പ്രാര്‍ത്ഥനാസഹായത്തിന് വന്നതാണെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
അതിനും മുമ്പ് പി സി ജോർജ്, ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. പിതാവ് നിരപരാധിയാണെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിന് ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം ആയിരം കവിഞ്ഞു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തുടര്‍ചലന സാധ്യതയുള്ളതിനാല്‍ ജനം ഭീതിയിലാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് താഴെ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ മരിച്ചു കഴിഞ്ഞതായാണ് സൂചന. ഇപ്പോഴും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല കെട്ടിടങ്ങളില്‍ നിന്നും നിലവിളികള്‍ കേട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ഇന്നലെ വരെ 844 പേരായിരുന്നു മരിച്ചത്. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് പുതിയ മരണ സംഖ്യ പുറത്തുവിട്ടത്. 7.5 തീവ്രതയിലുണ്ടായ ഭൂമികുലുക്കം ആറ് മീറ്ററോളം ഉയരത്തിലുള്ള സുനാമിയിലേക്ക് നയിച്ചതോടെ സുലവേസി ദ്വീപ് ദുരന്തഭൂമിയായി മാറുകയായിരുന്നു.
തെക്കന്‍ പ്രവിശ്യാ തലസ്ഥാനമായ പാലുവിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇവിടെയാണ് കൂടുതല്‍ മരണം. പലരെയും ടെന്റുകളിലും തുറസ്സായ സ്ഥലത്തും കിടത്തിയാണു ചികിത്സ . നിരത്തില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേ സമയം ഭൂകമ്പവും സുനാമിയും ഉണ്ടായ പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും ഭക്ഷണ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഹോട്ടലുകള്‍, ഷോപ്പിങ് മാള്‍ തുടങ്ങിയവ തകര്‍ന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകര്‍ന്നതോടെ ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്‍വലിച്ച് അധികം കഴിയും മുമ്പേ സുനാമി ആഞ്ഞടിച്ചു. നേരത്തെ കരുതിയിരുന്നതിനേക്കാളും കൂടുതല്‍ ഭാഗങ്ങളില്‍ സുനാമി ആഞ്ഞടിച്ചിട്ടുണ്ടെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ മൈഗ്രേഷന്‍ ഏജന്‍സി വക്താവ് അറിയിച്ചു. 20 അടിയോളം ഉയരത്തിലെത്തിയാണ് സുനാമി കരയെ വിഴുങ്ങിയത്.
രക്ഷപ്പെട്ടവര്‍ കൂട്ടം ചേര്‍ന്ന് പലായനം നടത്തുന്ന സാഹചര്യത്തില്‍ പ്രേതഭൂമിയായി മാറിയിരിക്കുകയാണ് സുലാവെസി. രക്ഷാപ്രവര്‍ത്തകര്‍ ഇനിയും ചില മേഖലകളില്‍ എത്താന്‍ ബാക്കിയുള്ളതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
വയലിൻ കൊണ്ട് മായാജാലം തീർത്ത ബാലു ഓർമ്മയാകുമ്പോൾ നിറവോടെ തിരുവനന്തപുരത്തുകാരുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതൊരു പ്രണയമുണ്ട്. ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും പ്രണയം. 22–ാം വയസ്സിൽ വിദ്യാർഥിയായിരിക്കെയാണ് ബന്ധുക്കളുടെ എതിർപ്പിനെ വകവെയ്ക്കാതെ ബാലഭാസ്ക്കർ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. അപ്പോൾ ലക്ഷ്മിയും വിദ്യാർഥിനിയായിരുന്നു. ഒരു കയ്യില്‍ വയലിനും മറുകയ്യില്‍ ലക്ഷ്മിയെയും ചേര്‍ത്തുപിടിച്ച് കാമ്പസിലൂടെ നടന്നുനീങ്ങുന്ന ബാലുവിന്‍റെ ചിത്രം സുഹൃത്തുക്കളുടെ മനസ്സില്‍ ഇനി നീറ്റലായി ബാക്കിയാകും.
പ്രണയം നൽകിയ ധൈര്യവും സംഗീതം ഒപ്പമുണ്ടെന്ന ആത്മവിശ്വാസവും മാത്രമായിരുന്നു അന്ന് ബാലഭാസ്ക്കറിനും ലക്ഷ്മിക്കും കൂട്ടായി ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കോളജിലെ എംഎ സംസ്കൃത വിദ്യാർഥിയായ ബാലഭാസ്ക്കറും എംഎ ഹിന്ദി വിദ്യാർഥിനിയായ ലക്ഷ്മിയും ഒന്നരവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. പിന്നീട് കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ എന്ന മ്യൂസിക് ബാൻഡിലൂടെയും പ്രണയം തുളുമ്പുന്ന ആൽബങ്ങളിലൂടെയും ക്യാംപസിന്റെ ഹരമായി മാറുകയായിരുന്നു ബാലഭാസ്കർ. പ്രണയിനി ലക്ഷ്മിക്കായി എഴുതിയ ആരു നീ എന്നോമലേ എന്ന ഗാനം ഹിറ്റ് ചാർട്ടിലിടം പിടിക്കുകയും ക്യാംപസിന്റെ ഹൃദയം കവരുകയും ചെയ്തു.
സ്വന്തം സംഗീതപരിപാടികളുമായി ലോകം ചുറ്റുന്നതിനിടെ ഹിന്ദിയിൽ കൈയൊപ്പു പതിപ്പിക്കാനും അദ്ദേഹം മറന്നില്ല. സംഗീതത്തിലുള്ള അഭിരുചി ബാലഭാസ്കറിന് പാരമ്പര്യമായി കിട്ടിയതാണ്. ബാലഭാസ്ക്കറിന്റെ അമ്മയുടെ സഹോദരൻ വയലിനിൽ പ്രാവീണ്യം തെളിയിച്ചയാളാണ്. മൂന്നാം വയസ്സു മുതൽ വയലിൻ അഭ്യസിച്ച ബാലഭാസ്കറിന് ശാസ്ത്രീയ സംഗീതവും ഫ്യൂഷനും ഒരുപോലെ വഴങ്ങിയിരുന്നു. 17 വയസ്സുള്ളപ്പോഴാണ് മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന് ബാലഭാസ്ക്കർ സംഗീത സംവിധാനം നിർവഹിച്ചത്. സംഗീത സംവിധാനത്തിനു പുറമേ അഭിനയത്തിലും മാറ്റുരച്ചിട്ടുണ്ട് ബാലഭാസ്കർ. രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനേതാവായത്.
നീണ്ട പ്രണയത്തിനൊടുവിൽ 2000 ൽ ആണ് ബാലഭാസ്കറും ലക്ഷ്മിയും വിവാഹിതരായത്. നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു മകളെ ലഭിച്ചത്. തേജസ്വിനി ബാല എന്ന മകൾ ജനിച്ചതിനു ശേഷം ഏറെ സമയവും ബാലഭാസ്കർ മകൾക്കൊപ്പമാണ് ചിലവഴിച്ചിരുന്നത്. മകളുടെ പേരിലുള്ള വഴിപാടുകൾക്കായാണ് സെപ്റ്റംബർ 23 ന് ബാലഭാസ്കറും കുടുംബവും തൃശ്ശൂരിൽ പോയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് 24 ന് രാത്രിയിൽ തിരുമലയിലെ വീട്ടിലേക്ക് മടക്കയാത്രയാരംഭിച്ചു. 25 ന് പുലർച്ചെ അപകടസമയത്ത് ബാലഭാസ്കറും മകളും വാഹനത്തിന്റെ മുൻസീറ്റിലായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിനു വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബാലഭാസ്കറിനെയും ലക്ഷ്മിയെയും അർജുനെയും ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അപകടത്തിൽ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു.
അപകടത്തിൽ മകളെ നഷ്ടപ്പെട്ട വിവരം അപകടത്തിൽ സാരമായി പരുക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും അറിഞ്ഞിരുന്നില്ല. പോസ്റ്റുമാർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. ഇന്ന് പുലർച്ചെ ബാലഭാസ്കറും മരിച്ചതോടെ പാട്ടീണങ്ങൾ നിറഞ്ഞ കുടുംബത്തിൽ ലക്ഷ്മി തനിച്ചായി. പ്രിയകലാകാരന്റെ വേർപാടിൽ നെഞ്ചുവിങ്ങുമ്പോഴും ഈ കൊടിയ ദുരന്തത്തെ അതിജീവിക്കാനുള്ള ശക്തി ആ പെൺകുട്ടിക്ക് നൽകണേയെന്ന പ്രാർഥനയിലാണ് കുടുംബവും ആരാധകരും
നഷ്ടങ്ങളുടെ ആഴം നമ്മൾ മനസിലാക്കുക, നഷ്ടപ്പെടുമ്പോൾ മാത്രം…….
സംവിധായകനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം (65) കൊച്ചിയില്‍ അന്തരിച്ചു. കച്ചവട സിനിമകള്‍ക്ക് തന്‍റേതായ ഭാഷ തീര്‍ത്ത സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. ഐവി ശശിക്ക് ശേഷം ആള്‍ക്കൂട്ട സിനിമകളുടെ സംവിധായകന്‍. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്‌ചകൾ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, മാസ്‌മരം, ഒന്നാമന്‍ എന്നിവ പ്രശസ്ത സിനിമകള്‍. അഞ്ച് സിനിമകള്‍ നിര്‍മിച്ചു, ജനനം കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ 1953 ഡിസംബര്‍ 11നായിരുന്നു. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ ‘രാജാവിന്റെ മകന്‍’ ആണ് ഇക്കൂട്ടത്തില്‍ പ്രധാനചിത്രം. 1983ലാണ് അദ്ദേഹം തന്‍റെ കരിയര്‍ ആരംഭിക്കുന്നത്.
പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില് നടക്കും.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ’ ആണ് പ്രശസ്തനാക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമിച്ചതും തമ്പിയായിരുന്നു.
മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ൽ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.
സംവിധാനം ചെയ്ത സിനിമകൾ: പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004)
കോട്ടയം: മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പോലീസ് കോസെടുത്തു. കന്യാസ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കുറവിലങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഐപിസി 509 അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ എം.എല്‍.എയ്ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിച്ചേക്കും.
പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ ജോര്‍ജ് സംസാരിച്ചത്. 12 തവണ പീഡനത്തിനിരയായിട്ട് 13ാം തവണ മാത്രമാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ബിഷപ്പിനെതിരെ സമരം നയിച്ച കുറവിലങ്ങാട് മഠത്തിലെ മറ്റു കന്യാസത്രീകളെയും അപമാനിക്കുന്ന രീതിയില്‍ എം.എല്‍.എ പ്രസ്താവന ഇറക്കിയിരുന്നു.
കോട്ടയം എസ്.പിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. പിന്നീട് കുറവിലങ്ങാട് പോലീസ് സ്റ്റേഷന് കീഴില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മുന്‍പും ജോര്‍ജ് സംസാരിച്ചിട്ടുണ്ട്. കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കേസില്‍ ജോര്‍ജിനോട് ഹാജരാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വരാനുള്ള പണം നല്‍കിയാല്‍ ഹാജരാകാം എന്നായിരുന്നു എം.എല്‍.എയുടെ നിലപാട്.
“ഞാൻ മരിക്കണമെങ്കിൽ എന്നെ ആരെങ്കിലും കൊല്ലണം, അത്ര പെട്ടന്ന് ഒന്നും ചാകില്ല, ഇരട്ടചങ്കനാണ്.” – എന്ന സിനിമയിലെ ഡയലോഗും ഇതിനകം ചർച്ചയായിക്കഴിഞ്ഞു.
ഒരു കലാകാരൻ അനശ്വരനാകുന്നത് മരണശേഷവും അദ്ദേഹത്തിന്റെ സംഭാവനകൾ ജനങ്ങൾ ഓർക്കുമ്പോഴാണ്. കലാഭവൻ മണിയെന്ന കലാകാരൻ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് രണ്ടുവർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രം പുറത്തുവരുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ മണിയോടുള്ള പ്രേക്ഷകരുടെ സ്നേഹം കൂടിയാണ്.
സംവിധായകൻ വിനയൻ മണിയുടെ ഗോഡ്ഫാദറും സുഹൃത്തും കൂടിയാണെന്ന വസ്തുതയും കാണികളെ സിനിമ കാണാൻ പ്രേരിപ്പിച്ചു. രണ്ടരമണിക്കൂറിലധികം നീളമുള്ള ചിത്രം കലാഭവൻ മണിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ചാലക്കുടിയിലെ സാധാരണതെങ്ങുകയറ്റക്കാരനിൽ താരത്തിന്റെ സിംഹാസനത്തിലേക്കുള്ള ജൈത്രയാത്ര അതിഭാവുകത്വമില്ലാതെയാണ് വെള്ളിത്തിരയിലെത്തുന്നത്. മണി ജീവിച്ച കാലഘട്ടത്തിലുള്ള പ്രേക്ഷകർക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിലുമുള്ളത്.
സിനിമയുടെ ക്ലൈമാക്സിലെ വിവാദ രംഗങ്ങൾ കണക്കിലെടുത്ത് സംവിധായകൻ വിനയന്റെ മൊഴിയോടുക്കാനൊരുങ്ങുകയാണ് സിബിഐ. പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ വിനയൻ.
സിനിമയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ അന്വേഷണത്തിൽ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാൻ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കാണിച്ചത്. പിന്നെ സിനിനമയ്ക്ക് വേണ്ടതായ ചിലകാര്യങ്ങളും ചേർത്തിട്ടുണ്ട്. മണിയുടെ മരണം കൊലപാതകമായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അതാണ് സിബിഐക്ക് സംശയമുണ്ടാക്കിയിരിക്കുന്നത്. എനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബുധനാഴ്ച സിബിഐക്കുമുമ്പിൽ ഹാജരാകും.
താൻശക്തനാണെന്നും പെട്ടെന്ന് മരിക്കില്ലെന്നും അല്ലെങ്കിൽ ആരെങ്കിലും കൊല്ലണമെന്നും സിനിമയിൽ മണി പറയുന്നരംഗമുണ്ട്. അതേതുടർന്നുണ്ടാകുന്ന മണിയുടെ മരണവും വ്യക്തമായി സിനിമയിൽ കാണിക്കുന്നുണ്ട്. മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാൻ കഴിയില്ല. ക്ലൈമാക്സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്.
മണിയുടെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കരിയറിൽ മണിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പരാമർശിക്കുന്ന ചിത്രത്തിലെ പല സംഭാഷണങ്ങളും വലിയ ചർച്ചയായിരുന്നു. രാജാമണിയാണ് സിനിമയിൽ കലാഭവൻമണിയുടെ വേഷം ചെയ്തിരിക്കുന്നത്. സിനിമ കണ്ട് എല്ലാവരും നിറകണ്ണുകളോടെയാണ് പുറത്തിറങ്ങുന്നത്.
ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്നു തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ്, സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്, വിനയൻ പറഞ്ഞു.
മണിയുടെ മരണം ദുരൂഹമായി ചിത്രീകരിക്കില്ല എന്ന് സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിനയൻ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ വിനയനെ ചോദ്യം ചെയ്യാൻ വിളിച്ചതിനുള്ള കാരണവും ശക്തമായ ആ വ്യക്തമാക്കൽ തന്നെയാണ്. തിരക്കഥയുടെ പിൻബലത്തോടെ വിനയൻ ചുരളഴിക്കാൻ ശ്രമിച്ചത് മണിയുടെ മരണകാരണത്തിലേക്കുള്ള തുമ്പാകുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി മെത്രാന്‍മാര്‍ ജയിലിലെത്തി. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് ബിഷപ്പ് ഫ്രാങ്കോയെ കണ്ടശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിച്ചത്. പാലാ സബ് ജയിലിലെത്തി കണ്ടശേഷം പ്രാര്‍ത്ഥനാ സഹായത്തിന് വന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി സഭ മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വേദനിപ്പിച്ചെന്ന് സിബിസിഐ. ഇത്തരം പ്രചാരണങ്ങള്‍ സത്യത്തിന് നിരക്കാത്തതാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നടന്ന സിബിസിഐ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബിഷപ്പിനെതിരായ പരാതി സഭ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. സത്യം പുറത്തുവരാന്‍ പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോട് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. കേസ് നടപടികള്‍ കോടതിയില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു