Latest News

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന ഡോ. പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സരിന്‍ സിപിഎമ്മിനോട് സമ്മതം അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. നാളെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പി. സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ ഇന്ന് രാവിലെ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സരിന്‍ രംഗത്തെത്തിയത്. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ സാധ്യതകല്‍പിക്കപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു സരിന്‍.

സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സരിനുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിലെ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കാമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും പുറത്തുപോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നുമാണ് വിവരം.

കൈരളിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്താനും ഭാവി മാർഗരേഖകൾ തയ്യാറാക്കുന്നതിനുമായി ‘ദ്യുതി’ അഥവാ പ്രകാശം പരത്തുന്നത്‌ എന്ന അർത്ഥത്തിൽ നാമകരണം ചെയ്ത ക്യാമ്പിനു നോർത്താംപ്ടണിലെ റോക്ക്‌ യുകെ ഫ്രോന്റിയർ സെന്ററിൽ തിരശീല വീണു. ഒക്ടോബർ നാലു മുതൽ ആറു വരെ റീകണക്ട്, റിഫ്ലെക്ട്, റിജോയിസ് എന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങൾ മുന്നിർത്തി നടന്ന ക്യാമ്പിൽ യുകെയുടെ പലഭാഗങ്ങളിലുള്ള യൂണിറ്റുകളിലെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന 70 പേർ പങ്കെടുത്തു. യുകെ പോലെയുള്ള വിശാലമായ ഭൂപ്രദേശത്ത് പല കോണുകളിൽ പ്രവർത്തിക്കുന്ന കൈരളിയുടെ വിവിധ ഭാരവാഹിത്വങ്ങൾ ഉള്ളവരെ ഒരുമിച്ചു കൊണ്ടു വരിക എന്നുള്ളതായിരുന്നു ക്യാമ്പിന്റെ ഒരു പ്രധാന ലക്ഷ്യം. പല കാലഘട്ടങ്ങളിൽ യുകെയിൽ എത്തിയവർ, ലോകത്തിന്റെ പല ഭാഗങ്ങളിൽ സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർ, വിദ്യാർത്ഥികളായി എത്തിയവർ, ഇങ്ങനെ വിവിധ അനുഭവ സമ്പത്തുള്ള എല്ലാവരെയും ഒരുമിച്ച് കൂട്ടിയിണക്കുവാൻ ക്യാമ്പിനു കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് കൊല്ലം കൈരളി എന്തായിരുന്നു, വരും വർഷങ്ങളിൽ എന്തായിരിക്കണം എന്ന് വിവിധ വീക്ഷണകോണുകളിൽ നിന്ന് ‘ദ്യുതി 24’ ക്യാമ്പിൽ ഏറെ ഗൗരവകരമായി ചർച്ച ചെയ്തു. യൂണിറ്റ്‌ കമ്മറ്റി മുതൽ, ഉപരികമ്മറ്റികൾ വരെ നേരിടുന്ന പ്രശ്നങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ, തുടരേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടന്ന ചർച്ചകൾ ബിജോയ് സെബാസ്റ്റ്യൻ, ബിജു ഗോപിനാഥ്, ദിവ്യ ക്ലെമൻ്റ്, എൽദോ പോൾ, നോബിൾ തെക്കേമുറി , പാഷ്യ എം, ജോസൻ ജോസ്‌ എന്നിവർ നേതൃത്വം നൽകി.

കൈരളിയുടെ പ്രവർത്തനത്തെ പറ്റിയുള്ള വൈവിദ്ധ്യമായ വീക്ഷണങ്ങൾ സ്വരൂപിക്കുവാൻ നടത്തിയ ‘ഡിഫറന്റ്‌ പെർസ്സ്പെക്ടീവ്‌’ എന്ന സെഷൻ പ്രാതിനിധ്യം കൊണ്ടും കാഴ്ചപാടുകൾ കൊണ്ടും ശ്രദ്ധേയമായി. കല കുവൈറ്റ് മുൻ സെക്രട്ടറി സൈജു റ്റി കെ, കൈരളി ഒമാൻ മുൻ കമ്മിറ്റി അംഗം ലൈലാജ് രഘുനാഥ്‌, IWA സെക്രട്ടറി ലിയോസ്‌ പോൾ, AIC എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗം ആഷിക്ക്‌ മുഹമ്മദ്‌, രേഖ ബാബുമോൻ, വരുൺ ചന്ദ്രബാലൻ, നിഖിൽ, സനത്ത്‌ എന്നിവർ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.

വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ചവരെ നടന്ന ക്യാമ്പിൽ എത്തിയവർക്ക് സന്തോഷിക്കുവാനും സൗഹൃദങ്ങൾ പങ്കുവെക്കുവാനും വിവിധതരം കളികൾ, പാട്ടുകൂട്ടം, ക്യാമ്പ് ഫയർ ഉൾപ്പെടെ മറ്റ് പരിപാടികളും ഒരുക്കിയിരുന്നു. ദ്യുതിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, സൗകര്യങ്ങൾ ഒരുക്കിയ റോക്ക്‌ യുകെ, ഭക്ഷണം ഒരുക്കിയ നോട്ടിങ്ഹാം നാലുകെട്ട് കേറ്ററേഴ്സ്‌ എന്നിവർക്ക്‌‌ കൈരളി UK നന്ദി അറിയിച്ചു.

മലയാളം യുകെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ 2022-ൽ യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹനായ ഫെർണാണ്ടസ് വർഗീസിന് യുക്മ ദേശീയ കലാമേള 2024 ലോഗോ മത്സരത്തിലും വിജയിയായി . നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ലോഗോ ഡിസൈൻ മത്സരത്തിൽ ശ്രദ്ധേയമായ നിരവധി ഡിസൈനുകളിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്.

കലാമേള നഗർ നാമനിർദ്ദേശക മത്സരത്തിൽ വിജയിയായ റാണി ബിൽബിയ്ക്ക് ഫലകവും ലോഗോ മത്സരത്തിൽ വിജയിയായ ഫെർണാണ്ടസ് വർഗീസിന് ക്യാഷ് അവാർഡും ഫലകവും നവംബർ 2ന് ചെൽറ്റൻഹാമിലെ ദേശീയ കലാമേള വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്.

സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയിൽ പിടിയില്‍. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ പറയുന്നു.

അതിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ​ഗതാ​ഗത പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോ​ഗം ചേർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതില്‍ ചില വിമാനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കുള്ളതായിരുന്നു.

ഇന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയര്‍, മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എന്നിവയ്ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തര ലാന്‍ഡിങ് നടത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രശസ്ത യുകെ മലയാളി എഴുത്തുകാരിയും മലയാളം യുകെ ന്യൂസിന്റെ 2022ലെ ബെസ്റ്റ് സോഷ്യൽ റീഫോമറിനുള്ള അവാർഡ് ജേതാവുമായ ജോസ്നാ സാബു സെബാസ്റ്റ്യൻ്റെ പിതാവ് ജോസഫ് മൈക്കിൾ നിര്യാതനായി.

വള്ളോകരിയിൽ കുടുംബാംഗമായ ജോസ് മൈക്കിൾ ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയിൽ ഇരിക്കയാണ് മരണമടഞ്ഞത്. 69 വയസ്സായിരുന്നു പ്രായം. മൃതസംസ്കാര ശുശ്രൂഷകൾ 18-ാം തീയതി വെള്ളിയാഴ്ച 2 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടത്തപ്പെടും.

മക്കൾ: ജോസ്‌ന സാബു സെബാസ്റ്റ്യൻ , മെൽബിൻ ജോസഫ് . മരുമക്കൾ: സാബു സെബാസ്റ്റ്യൻ ,ബിനീത മെൽബിൻ . കൊച്ചുമക്കൾ : ജസ്റ്റിൻ ,ജോവിറ്റ , ഹെലൻ മേരി

ജോസ്‌ന സാബു സെബാസ്റ്റ്യൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന ‘മ്യൂസിക് &, ഡീ ജെ നൈറ്റ്’ നവംബർ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മുതൽ രാത്രി എട്ടുമണിവരെ നീണ്ടു നിൽക്കുന്ന ലൈവ് സംഗീത നിശയിൽ, സ്റ്റീവനേജിൽ നിന്നുള്ള അനുഗ്രഹീത പ്രതിഭകളും, പ്രശസ്തരായ അതിഥി ഗായകരും ഗാനങ്ങൾ ആലപിക്കും. അസ്സോസ്സിയേഷൻ മെംബർമാർക്കായി സൗജന്യമായിട്ടാവും ‘സർഗം സ്റ്റീവനേജ്’ സംഗീത നിശയൊരുക്കുന്നത്.

തിരക്കുപിടിച്ച പ്രവാസ ജീവിത പിരിമുറുക്കങ്ങളിലും സമ്മർദ്ധങ്ങളിലും നിന്ന് മനസ്സിന് സന്തോഷവും ശാന്തതയും ആഹ്ളാദവും പകരാൻ അവസരം ഒരുക്കുന്ന മ്യൂസിക്ക് നൈറ്റിൽ, സംഗീത സാന്ദ്രമായ മണിക്കൂറുകൾ ആണ് ആസ്വാദകർക്കായി ക്രമീകരിച്ചിരിക്കുന്നത്. സംഗീത നിശയോടനുബന്ധിച്ചു നടത്തുന്ന ഡീ ജെ യിൽ മനസ്സൂം ശരീരവും സംഗീത രാഗലയ താളങ്ങളിൽ ലയിച്ച് ആറാടുവാനും, ഉള്ളം തുറന്ന് ആഹ്ളാദിക്കുവാനുമുള്ള സുവർണ്ണാവസരമാവും സംജാതമാവുക.

കൂടുതൽ വിവരങ്ങൾക്ക്:
സജീവ് ദിവാകരൻ : 07877902457,
വിത്സി പ്രിൻസൺ : 07450921739
നീരജ പടിഞ്ഞാറയിൽ : 07493859312
പ്രവീൺ തോട്ടത്തിൽ : 07917990879

Venue: Oval Community Centre
Vardon Road, SG1 5RD,
Stevenage.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം. ജീവനക്കാര്‍ മിക്കയിടത്തും അവധിക്ക് അപേക്ഷ നല്‍കി.

മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയും പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുക. അതേസമയം, കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ പ്രതികരിച്ചത്.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പിപി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു. തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ദിവ്യക്കെതിരെ ഉയരുന്നത്.

ശബരിമല ഡ്യൂട്ടിയിൽനിന്ന് എ.ഡി.ജി.പി. എം.ആർ. അജിത്ത്കുമാറിനെ മാറ്റി ഡി.ജി.പി.യുടെ ഉത്തരവ്. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ശ്രീജിത്തിനാണ് ചുമതല നൽകിയത്. എ.ഡി.ജി.പി. അജിത്ത്കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവാദസംഭവത്തിനും നടപടികൾക്കും പിന്നാലെയാണ് ഇപ്പോഴത്തെ മാറ്റം. ശബരിമല കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോർഡും ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്​സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ.

പ്രിയങ്കയുടേയും രാഹുല്‍ മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. നവംബര്‍ 13 നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ഷാഫി പറമ്പില്‍ എംപിയുടേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പിന്തുണ രാഹുലിന് നേട്ടമായി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട രമ്യാ ഹരിദാസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അവസരം നല്‍കുകയായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ട കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് വിഴിഞ്ഞം സീപോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍. ദിവ്യ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിവരം പങ്കുവെച്ചത്. തന്നോടൊപ്പം പത്തനംത്തിട്ടയില്‍ തന്റെ കീഴില്‍ തഹസില്‍ദാറായി പ്രവര്‍ത്തിച്ച കാലത്തെ കുറിച്ചും ദിവ്യ പോസ്റ്റില്‍ പറയുന്നുണ്ട്. നവീൻ ബാബു ഏത് പാതിരാത്രിയിലും ഏതു വിഷയത്തിലും കര്‍മ്മനിരതനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘വിശ്വസിക്കാനാകുന്നില്ല നവീനേ!

പത്തനംതിട്ടയില്‍ എന്റെ തഹസീല്‍ദാരായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീനായ റവന്യു മന്ത്രി കെ രാജന്‍, റാന്നി എം എല്‍ എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതുവശം എന്റെ പുറകെ ഇളം പച്ച ഷര്‍ട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞു നവീന്‍ നില്‍ക്കുമ്പോള്‍ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇല്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.

എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍… ??അമ്മ മരണപ്പെട്ട തരുണത്തില്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട്.’

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved