Latest News

സ്റ്റീവനേജ്: ഷോപ്പിംഗ് കഴിഞ്ഞു സൈക്കിളില്‍ ഭവനത്തിലേക്ക് പോകവേ സ്റ്റീവനേജില്‍ മലയാളി യുവാവിനെ വഴിയില്‍ തടഞ്ഞു നിറുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും സാധനങ്ങളും പേഴ്സും ബാങ്ക് കാര്‍ഡുകളും കൈക്കലാക്കി മുഖം മൂടി സംഘം കടന്നു കളഞ്ഞു. രക്തം വാര്‍ന്ന് അവശനിലയില്‍ വഴിയില്‍ കിടന്ന യുവാവിന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ കൊള്ളക്കാര്‍ കാണാതെ കിടന്ന മൊബൈല്‍ ഫോണെടുത്തു വിളിച്ചറിയിച്ച ശേഷം പോലീസും ആംബുലന്‍സും എത്തിയിട്ടാണ് ഗുരുതരമായ പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. മുഖത്തും നെഞ്ചത്തും തലയിലും കനത്ത ഇടിയുടെ ആഘാതം ഏറ്റിട്ടുണ്ട്. കൂടാതെ ബിയര്‍ കുപ്പികൊണ്ട് കാലില്‍ തലങ്ങും വിലങ്ങും തല്ലി കാര്യമായ പരിക്കും ഏല്‍പ്പിച്ചിരുന്നു. ആംബുലന്‍സെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു മലയാളി യുവാവ്.

വൈകുന്നേരം ഒമ്പതു മണിയോടെ ടെസ്‌കോയില്‍ നിന്നും ഷോപ്പിംഗ് നടത്തി അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചേര്‍ന്നുള്ള ഗ്രൗണ്ടിനരികിലുള്ള സൈക്കിള്‍ പാതയിലൂടെ വീട്ടിലേക്കു പോകുമ്പോഴാണ് നിനച്ചിരിക്കാതെ മുഖം മൂടികള്‍ ചാടി വീണത്. കാശ് ആവശ്യപ്പെട്ടു കൊണ്ട് നിറുത്താതെ മര്‍ദ്ദിക്കുകയായിരുന്നു. പോക്കറ്റുകള്‍ തപ്പി ബലമായി പേഴ്സും, സാധനങ്ങളുമായിട്ടാണ് മുഖം മൂടി സംഘം കടന്നു കളഞ്ഞത്. നീരു വന്നു മൂടിയ മുഖത്തും കവിളിലും കാലിലും ഒക്കെയായി ചെറിയ സര്‍ജറികള്‍ ചെയ്യേണ്ടി വന്നു. മുപ്പതില്‍പ്പരം തുന്നല്‍ക്കെട്ടുകളുമായാണ് പിന്നീട് മലയാളി യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തത്.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഈ മലയാളി യുവാവ് ഡിപ്പന്‍ഡന്റ് വിസയില്‍ തന്റെ കുഞ്ഞു കുട്ടിയുമായി യു.കെയില്‍ എത്തിച്ചേര്‍ന്നത്. പോലീസ് കേസ് നിലവില്‍ ഉള്ളതിനാലും, വാര്‍ദ്ധക്യവും രോഗങ്ങളും അലട്ടുന്ന മാതാപിതാക്കള്‍ വിവരങ്ങള്‍ അറിയാതിരിക്കുവാനും മറ്റുമായി മലയാളി യുവാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തിന്റെ പേര് ഇവിടെ വെളിപ്പെടുത്തുവാന്‍ നിര്‍വ്വാഹമില്ല.

സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷഹന്‍ ഭാരവാഹികള്‍ യുവാവിനെ സന്ദര്‍ശിക്കുകയും, സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിജനമായ വീഥികളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുവാനും, പരമാവധി രാത്രി നേരങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുവാനും ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ മലയാളി സമൂഹത്തിന്റെ പൊതുവായ അറിവില്‍ എത്തിക്കുവാനും അഭ്യര്‍ത്ഥിച്ചു.

വൈകുന്നേരത്തോടെ മുഖം മൂടി സംഘത്തെ കസ്റ്റഡിയില്‍ എടുത്തുവെന്നു പോലീസ് പിന്നീട് അറിയിച്ചു. ഭീതിയുടെ ആവശ്യം ഇല്ല എന്നും, ഇതൊറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്നും, വീഥികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും എന്നും പോലീസ് അറിയിച്ചു. എന്നിരുന്നാലും സ്റ്റീവനേജിലെ വിവിധ അണ്ടര്‍ ഗ്രൗണ്ട് പാസ്സേജുകളില്‍ വെച്ച് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ അക്രമങ്ങള്‍ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മുന്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു പോലീസ് നടപടി. എന്നാല്‍ അറസ്റ്റിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ബിഷപ്പിനെ പ്രസ് ക്ലബിലേക്കും പിന്നീട് പതിനൊന്നുമണിയോടെ പാലാ കോടതിയില്‍ ഹാജരാക്കും. ഫ്രാങ്കോയ്ക്ക് വേണ്ടി ജാമ്യഹരജി സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

മുന്‍കൂട്ടി തയ്യാറാക്കിയ 150 ചോദ്യങ്ങള്‍ക്കും അതിന്റെ അനുബന്ധ ചോദ്യങ്ങള്‍ക്കും ഫ്രാങ്കോയുടെ മറുപടി കേട്ടതിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ ഫ്രാങ്കോ ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്ന രീതിയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നടി ആക്രമണ കേസില്‍ നടന്‍ ദിലീപിനെ സമാന രീതിയിലാണ് ചോദ്യം ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വലിയ സംഘം തന്നെ തൃപ്പൂണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലുണ്ടായിരുന്നു.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിന് ശേഷം തൃപ്പൂണിത്തറ ജനറല്‍ ഹോസ്പിറ്റലിലെ വൈദ്യ പരിശോധന കഴിഞ്ഞ് പൊലീസ് ക്ലബിലേക്ക് പോകവേയാണ് ഫ്രാങ്കോയ്ക്ക് നെഞ്ച് വേദന വന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് എട്ട് മണിയോടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ബലാത്സംഗം, സ്വവര്‍ഗ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിഷപ്പിന്റെ മൊഴികളിലുള്ള വൈരുധ്യമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. തനിക്കെതിരെ ഗൂഡാലോചന നടന്നു എന്ന ബിഷപ്പിന്റെ വാദം പൊളിഞ്ഞതായും എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കൃത്രിമമായി തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ്. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിനു ശേഷമാണ് പി.സി.ജോർജ് ആക്ഷേപമുന്നയിച്ചത്. പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറ് ഫോട്ടോകളും വിഡിയോയും തന്റെ പക്കലുണ്ടെന്നും പി.സി.ജോർജ് പറഞ്ഞു. ഫോട്ടോകൾ മാധ്യമ പ്രവർത്തകരെ ഉയർത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാനിൽ നിന്ന് കന്യാസ്ത്രീ ദു:ഖിതയായി ഇരിക്കുന്നതായി കണ്ടുവെന്ന് വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോർജ് ആരോപിച്ചു.

വയനാട്ടില്‍ നവദമ്പതികളെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് സ്വദേശി പിടിയിലായി. വെള്ളമുണ്ട മക്കിയാട് പൂവരഞ്ഞി വാഴയില്‍ മൊയ്തുആയിഷ ദമ്ബതികളുടെ മകന്‍ ഉമ്മറും (26), ഭാര്യ ഫാത്തിമ (19)യുമാണ് കഴിഞ്ഞ ജൂലായ് ആറിന് കിടപ്പ്മുറിയില്‍ അതിക്രൂരമായി വീട്ടില്‍ വെട്ടേറ്റ് മരിച്ചത്. വിവാഹം നടന്ന മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദമ്ബതികള്‍ കൊല ചെയ്യപ്പെടുന്നത്.

കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലം മരുതോറയില്‍ കലണ്ടോട്ടുമ്മല്‍ വിശ്വനാഥനെയാണ് (45) അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് വിശ്വനാഥന്‍ ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. കറപ്പസാമി പറഞ്ഞു. പ്രതിയെ ഇന്നലെ ദമ്പതികളുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് വടി വീട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ മാറി കവുങ്ങില്‍ തോട്ടത്തിലെ ചാലില്‍ നിന്ന് കണ്ടെടുത്തു.

തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കമ്പിവടി. പ്രതി വിശ്വനാഥന്‍ നിരവധി മോഷണക്കേസില്‍ പ്രതിയാണ്. മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ടെന്ന് പൊലീസ് പറയുന്നു. ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അഞ്ച് മാസം മുമ്പായിരുന്നു ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം. മാനന്തവാടി ചെറ്റപ്പാലം സ്വദേശിയാണ് ഫാത്തിമ. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ 28 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.

തലയിലേറ്റ അതിശക്തമായ അടി കാരണം ദമ്പതികളുടെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. തെളിവുകള്‍ ഒന്നും ലഭിക്കാത്ത തരത്തിലായിരുന്നു കൊലപാതകം. വീടും പരിസരവും മുളക് പൊടി വിതറുകയും ചെയ്തു. ഫാത്തിമയുടെ മാല, മൂന്ന് വളകള്‍, ബ്രേസ്ലെറ്റ്, രണ്ട് പാദസരങ്ങള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. കേസിലെ പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ പൊലീസിന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

യു.ഡി.എഫിന്റെ നേതൃത്വത്തില്‍ തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ ഹര്‍ത്താലും നടത്തുകയുണ്ടായി. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുമ്പോഴാണ് പ്രതിയെ പിടികൂടുന്നത്. കവര്‍ന്ന സ്വര്‍ണം കണ്ടെടുക്കാന്‍ പ്രതിയെ കുറ്റ്യാടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റ്യാടിയിലെ സ്വര്‍ണപ്പണിക്കാരനാണ് പ്രതി സ്വര്‍ണം വിറ്റത്. ഈ സ്വര്‍ണവും കണ്ടെത്തി.

സംഭവം നടന്ന ദിവസം ഹോള്‍സെയില്‍ ആയി ലോട്ടറി വിറ്റു വരികയായിരുന്നു. രാത്രി മദ്യ ലഹരിയില്‍ മടങ്ങുമ്പോള്‍ വെള്ളമുണ്ടയിലെ വീട്ടില്‍ വെളിച്ചം കണ്ടു. അന്യരുടെ കിടപ്പു മുറികളില്‍ ഒളിഞ്ഞു നോക്കുന്ന സ്വഭാവമുള്ള പ്രതി ഈ ലക്ഷ്യവുമായാണ് ഇവിടെ ഇറങ്ങിയത്. വീട്ടിലെത്തി നോക്കുമ്പോള്‍ ദമ്പതികള്‍ ഉറങ്ങിക്കിടക്കുന്നതു കണ്ടു. വീടിനു പിറകിലെത്തി ബലക്ഷയമുള്ള വാതില്‍ തള്ളിതുറന്ന് അകത്തു കയറി ഫാത്തിമയുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ എടുക്കുമ്പോള്‍ യുവതി നിലവിളിച്ചു. ഉറക്കമുണര്‍ന്ന ഉമ്മര്‍ വിശ്വനാഥനെ തടയാന്‍ ശ്രമിച്ചു. ഈ സമയം ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ലോകചരിത്രം തന്നെ തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. എറണാകുളത്ത് 2014 മെയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പിന്റെ ആദ്യപീഡനം എന്നാണ് കന്യാസ്ത്രീയുടെ പരാതി. രാത്രി 10.45നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു.
പിന്നീടു 2016 വരെ, 13 തവണ മഠത്തിലെത്തിയ ബിഷപ് ഇതേ ഉപദ്രപം ആവര്‍ത്തിച്ചു. ചെറുത്തുനിന്നതോടെ മാനസികമായി പീഡിപ്പിച്ചു. ദൈനംദിനജോലികള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയായതോടെ സഭയ്ക്ക് കന്യാസ്ത്രീ പരാതി നല്‍കി. വീണ്ടും മാനസികപീഡനം തുടര്‍ന്നപ്പോഴാണു കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. അതെ സമയം ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം.
ജൂണ്‍ 28ന് സിസ്റ്ററുടെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. ഉടനെത്തന്നെ പരാതിക്കാരിയുടെ മെഡിക്കല്‍ പരിശോധന നടത്തുന്നു. ജൂണ്‍ 29 കേസ് വൈക്കം ഡി വൈ എസ് പിയ്ക്ക് കൈമാറുന്നു. സീന്‍ മഹസ്സര്‍ തയാറാക്കുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിക്കുന്നു. പീഡിപ്പിച്ചതായി കന്യാസ്ത്രി പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് അവിടെ താമസിച്ചിട്ടുണ്ടെന്നു കണ്ടെത്തുന്നു. രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകള്‍ പിടിച്ചെടുക്കുന്നു. പീഡിപ്പിക്കപ്പെട്ടു എന്ന് കന്യാസ്ത്രി പറയുന്ന 20ആം നമ്പര്‍ മുറിയില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നു.
ജൂണ്‍ 30 പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നു. ജൂലൈ 5 സി ആര്‍ പി സി സെക്ഷന്‍ 164 പ്രകാരം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. മൊഴി പരിശോധിച്ചതില്‍നിന്നു പരാതിക്കാരിയെ ബിഷപ്പ് ബലാല്‍സംഗം നടത്തിയതായി മനസിലാകുന്നു. ജൂലൈ 10 ബിഷപ്പ് ഇന്ത്യ വിട്ടുപോകാതിരിക്കാനുള്ള ലുക്ക് ഔട്ട് നോട്ടീസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുന്നു. വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി എടുക്കുന്നു. ലൈംഗികാതിക്രമണം നടന്നതായി ഡോക്ടര്‍ മൊഴി നല്‍കുന്നു. മിഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂരിലുള്ള കന്യാസ്ത്രീകളുടെ മൊഴിയെടുക്കുന്നു. ജൂലൈ 14ന് കന്യാസ്ത്രി പരാതി പറഞ്ഞ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് വികാരിയുടെയും മൊഴിയെടുക്കുന്നു. അതെ ദിവസം തന്നെ ജലന്ധര്‍ രൂപതയില്‍ സേവനം അനുഷ്ഠിക്കുകയും പിന്നീട് സഭ വിടുകയും ചെയ്ത ഒരു കന്യാസ്ത്രിയുടെയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴികള്‍ എടുക്കുന്നു.ജൂലൈ 16ന് സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെ മൊഴിയെടുക്കുന്നു.
ജൂലൈ 17ന് സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്റെ മൊഴിയെടുക്കുന്നു. കന്യാസ്ത്രി അച്ഛനെഴുതിയ കത്തില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്കെന്തിലും സംഭവിച്ചാല്‍ ബിഷപ്പ് ഫ്രാങ്കോ ആണ് ഉത്തരവാദി എന്നും എഴുതിയിരുന്നു. ജൂലൈ 19ന് കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് ഫോണില്‍ പരാതി പറഞ്ഞതിനെപ്പറ്റി പരാതിക്കാരിയോട് വിശദമായി ചോദിക്കുന്നു.
ജൂലൈ 20ന് സംഭവം നടക്കുമ്പോള്‍ കുറവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്ന രണ്ടു കന്യാസ്ത്രീകളുടെ ബാംഗ്ലൂരില്‍ ചെന്നെടുക്കുന്നു. അവര്‍ രണ്ടുപേരും ഇപ്പോള്‍ സഭ വിട്ടു. ജൂലൈ 24ന് ഒരു കന്യാസ്ത്രീയുടേയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴിയെടുക്കുന്നു. കന്യാസ്ത്രീകള്‍ രണ്ടുപേരും ഇപ്പോള്‍ സഭ വിട്ടു. ജൂലൈ 27ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രത്ത്യേക ദൂതന്‍ വഴി എത്തിച്ച രേഖകള്‍ കസ്റ്റഡിയിലെടുക്കുന്നു

ജൂലൈ 28ന് ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുക്കാന്‍ പോയി എങ്കിലും കാര്‍ അപ്പോള്‍ ഇല്ലായിരുന്നതിനാല്‍ അതിന്റെ ആര്‍ സി ഉടമസ്ഥന് കാര്‍ ഹാജരാക്കാന്‍ നോട്ട്‌സ് കൊടുത്തു. ജൂലൈ 30ന് എറണാകുളം രൂപതയിലെ ഒരു വൈദികനെ ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു. ജൂലൈ 31ന് കാര്‍ ഹാജരാക്കിയപ്പോള്‍ ആര്‍ സി ഉടമസ്ഥനെയും ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ചപ്പോള്‍ ഉണ്ടായിരുന്ന ്രൈഡവരെയും ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു. കാര്‍ കസ്റ്റഡിയിലെടുക്കുന്നു. ഇതിനിടയില്‍ മുഖ്യ സാക്ഷിയായ ഒരു സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിന്റെയും മൊഴിയെടുക്കുന്നു. ഉജ്ജെയിനിലെത്തി ഉജ്ജെയിന്‍ ബിഷപ്പിനെ കണ്ടു വിശദമായി ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു. ഓഗസ്റ്റ് 3ന് കേസ്അന്വേഷണത്തിനായി ഡല്‍ഹിയിലേക്ക് പോകുന്നു. ഈ സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ ഡല്‍ഹിയിലാണ്.

ഇതുവരെ നടത്തിയ അന്വേഷണത്തില്‍നിന്നും ലഭ്യമായ തെളിവുകളില്‍ നിന്നും ബിഷപ്പ് ഫ്രാങ്കോ പരാതിക്കാരിയെ ജലന്ധര്‍ ബിഷപ്പ് എന്ന അധികാരം ദുരുപയോഗിച്ച് പലപ്രാവശ്യം ബലാല്‍സംഗം ചെയ്തു എന്ന് വെളിപ്പെട്ടിട്ടുണ്ട്. കേസ് നിക്ഷ്പക്ഷമായും കാര്യക്ഷമമായും അന്വേഷിക്കുമെന്നു ഉറപ്പു പറഞ്ഞാണ് സത്യവാംഗ്മൂലം അന്വേഷണോദ്യോഗസ്ഥന്‍ ഉപസംഹരിക്കുന്നത്.പരാതിക്കാരിയെ ബിഷപ്പ് ബലാല്‍സംഗം ചെയ്തു എന്ന് അന്വേഷണത്തില്‍നിന്നും കണ്ടെടുത്ത തെളിവുകളില്‍നിന്നും താന്‍ മനസിലാക്കി എന്ന് ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥന്‍ ഒരു മാസം മുന്‍പ് കോടതിയില്‍ പറഞ്ഞ കേസിലാണ് പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും മൊബൈല്‍ ഫോണ്‍ കിട്ടിയില്ലെന്നും ആയിരുന്നു ആദ്യ വാദം.

സഭാഅധികാരികള്‍ തൊട്ട് മാര്‍പാപ്പയ്ക്ക് വരെ കന്യാസ്ത്രീകള്‍ പരാതി നല്‍കി. ആരും ഞങ്ങളെ പിന്തുണച്ചില്ല, ഭംഗിവാക്കായിട്ടുപോലും ഞങ്ങളെ സഹായിക്കാമെന്നു പറഞ്ഞില്ല. സര്‍ക്കാരിനെ വിശ്വസിച്ചു. അവിടെ നിന്നും ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല. അതോടെ കന്യാസ്ത്രീകള്‍ ജലന്ധറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം തുടങ്ങി. സമരത്തില്‍ പലരും അവര്‍ക്കൊപ്പം പങ്കാളികളായി. കര്‍ത്താവിന്റെ മണവാട്ടികള്‍ക്ക് നീതി കിട്ടണമെന്ന് ഉറച്ച് വിശ്വസിച്ചു. കന്യാസ്ത്രീകളുടെ സമരം ഏഴാം ദിവസം കടന്നപ്പോഴേക്കും ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവധിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങള്‍ ഉള്ളതിനാല്‍ മാറി നില്‍ക്കാന്‍ അനുവദിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
സമരം തുടങ്ങി പന്ത്രണ്ടാംദിവസം തുടരുമ്പോള്‍ ജലന്ധര്‍ ബിഷപ് സ്ഥാനം മാറ്റിവെച്ച് ചോദ്യം ചെയ്യലിനായി ഇന്നലെ കേരളത്തിയിരുന്നു. ഇന്നലെ രാവിലെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. പൂര്‍ണമായി മറച്ച കാറിലാണ് അദ്ദേഹം എത്തിയത്. തൃപ്പൂണിത്തുറയിലെെ്രെ കംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി, ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷിപ്പിനുള്ള ചോദ്യാവലിക്ക് അന്തിമരൂപം നല്‍കിയത്. ഇന്നും ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം ആറരയോടെയാണ് അവസാനിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതാണ് ഉചിതമെന്നാണ് ഇന്നലെ അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് അറസ്റ്റുണ്ടാകുമെന്നായിരുന്നു ഏവരുടെയും നിഗമനം. അറസ്റ്റുണ്ടായാല്‍ തിരുവസ്ത്രം ഇട്ട് അറസ്റ്റ് വരിക്കരുതെന്ന് വിശ്വാസികള്‍ പറഞ്ഞിരുന്നു.
അതേസമയം താന്‍ നിരപരാധിയെന്ന് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുകയായിരുന്നു ബിഷപ്പ്. ഇന്നലെ ചോദ്യം ചെയ്യലില്‍ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. ഫോറന്‍സിക് മെഡിക്കല്‍ സംഘവും ഒപ്പമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ബിഷപ് സഹകരിക്കുന്നുണ്ടെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാലേ അടുത്ത തീരുമാനം ഉണ്ടാകൂവെന്നും എസ്പി ഇന്നലെ പറഞ്ഞിരുന്നു.
അതേ സമയം ബിഷപ്പിന് നല്‍കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്‍. ബിഷപ്പ് എന്ന പദം ഫ്രാങ്കോയ്ക്ക് മുമ്പില്‍ ഇനി ചേര്‍ക്കേണ്ടതില്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ തല്‍സ്ഥാനത്ത് നിന്ന് താല്‍കാലികമായി മാറ്റി. ഫ്രാങ്കോ മുളയ്ക്കല്ലിന് പകരം ജലന്ധര്‍ ബിഷപ്പിന്റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗെ്‌നോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി വത്തിക്കാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കല്ലിന്റെ അഭ്യര്‍ത്ഥ പ്രകാരമാണ് ഇത്തരമൊരു ഭരണമാറ്റം വരുത്തുന്നതെന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ ചുമതലകളില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് ബിഷപ്പ് കത്തു നല്‍കിയിരുന്നു.
പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. കന്യാസ്ത്രീമാരുടെ സമരം ഇന്ന് പതിനാലാം ദിവസവും തുടരുകയാണ്. ഫ്രാങ്കോയെ ഇന്നലെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി നഗരത്തില്‍ പ്രതിഷേധക്കാര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഏതായാലും ചോദ്യംചെയ്യലിന്റെ മൂന്നാംദിവസം ഫ്രാങ്കോയ്ക്ക് കുരുക്കുവീണു. താരപരിവേഷങ്ങള്‍ അഴിച്ചുമാറ്റി ഫ്രാങ്കോയ്ക്ക് ജയിലില്‍ കിടക്കാം.

അമേരിക്കയെ ചുറ്റിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിനു ശേഷം പ്രളയക്കെടുതിയെ അതിജീവിക്കുകയാണ് രാജ്യം. ഇപ്പോള്‍ത്തന്നെ മുപ്പതിലേറെ പേര്‍ മരിച്ചു കഴിഞ്ഞു. ആയിരങ്ങളാണ് അഭയകേന്ദ്രത്തിലേക്കു മാറിയത്. അപകട മുന്നറിയിപ്പു നല്‍കിയ ഇടങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ഇതിനിടയിൽ ഒരു പ്രേതകഥയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പേര് ഗ്രേമാന്‍. ഗ്രേമാന്റെ വിഡിയോയും വ്യപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

ഇത് സാധാരണ പ്രേതത്തേപ്പോലെ ഉപദ്രവകാരിയല്ല. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുതരുന്ന പ്രേതമാണ്. കൊടുംനാശം വിതയ്ക്കുന്ന കാറ്റും പേമാരിയും എത്തും മുന്‍പ് ഗ്രേമാന്‍ വിവരമറിയിക്കുമെന്നാണ് സൗത്ത് കാരലൈനയിലെ ചിലരെങ്കിലും വിശ്വസിക്കുന്നത്. അതിന് ശക്തിപകർന്ന് ഇവർക്കിടയിൽ ഒറു കഥയും പരക്കുന്നുണ്ട്.

വളരെ പണ്ടാണു സംഭവം. ഒരു നാവികന്‍ തന്റെ കാമുകിയെ കാണാൻ പോവുകയായിരുന്നു. അവളോട് തന്റെ ഇഷ്ടം തുറന്നു പറയാനാണു യാത്ര. ആ നേരം കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയിരിക്കുന്നു. അത് ദ്വീപിലെത്തും മുൻപേ അവളോടുള്ള ഇഷ്ടം അറിയിക്കാൻ കുതിരപ്പുറത്തു പാഞ്ഞു പോയിക്കൊണ്ടിരിക്കുകയായിരുന്നു നായകൻ.

ദൂരെ നിന്നുതന്നെ പെണ്‍കുട്ടി ആ ചെറുപ്പക്കാരനെ കണ്ടു. പക്ഷേ അപ്പോഴേക്കും കടലും കാറ്റും കലിതുള്ളിക്കഴിഞ്ഞിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് കുതിരപ്പുറത്തു നിന്ന് ചെറുപ്പക്കാരന്‍ തെറിച്ചു വീണു. കടല്‍ത്തീരത്തെ ഒരു മണല്‍ച്ചതുപ്പിലേക്കായിരുന്നു ആ വീഴ്ച. വീണാലുടന്‍ മണലിനടിയിലേക്കു വലിച്ചു കൊണ്ടുപോകുന്ന തരം ചതുപ്പായിരുന്നു അത്. അപകടം കണ്ട് വാവിട്ടുകരഞ്ഞ പെണ്‍കുട്ടി കൊടുങ്കാറ്റിന്റെ ഭീകരതയും അങ്ങനെയാണു തിരിച്ചറിഞ്ഞത്. എത്രയും പെട്ടെന്നു വീട്ടിലേക്ക് ഓടിയെത്തിയ അവള്‍ വീട്ടുകാരെയും കൂട്ടി സുരക്ഷിതസ്ഥാനത്തേക്കു മാറി. കൊടുങ്കാറ്റെല്ലാം അടങ്ങി തിരികെയെത്തിയപ്പോള്‍ കണ്ടതാകട്ടെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയും. അവര്‍ താമസിക്കുന്ന ദ്വീപില്‍ സകലതും കൊടുങ്കാറ്റില്‍പ്പെട്ടു താറുമാറായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീടിനു മാത്രം യാതൊരു കുഴപ്പവുമില്ല. ആ വിശ്വാസം സൗത്ത് കാരലൈനയിലുള്ളവര്‍ക്ക് ഇപ്പോഴുമുണ്ട്. ഗ്രേമാനെ കണ്ടു കഴിഞ്ഞാല്‍ തങ്ങളുടെ വീടിനു കൊടുങ്കാറ്റില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസം. ഇപ്പോഴും ഗ്രേമാൻ തന്റെ പ്രിയപ്പെട്ട പെൺകുട്ടിയോട് ഇഷ്ടം പറയാൻ പൗലീ ദ്വീപിലേക്ക് വരാറുണ്ടെന്നാണു പ്രേതവിശ്വാസികൾ കരുതുന്നത്.

എന്നാല്‍ അധികമാകും ഗ്രേമാനെ കണ്ടിട്ടില്ല. 1822ലാണ് ആദ്യമായി ഗ്രേമാനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുട്ടില്‍ ഗ്രേ നിറത്തില്‍, മണലില്‍ നിന്നെഴുന്നേറ്റു നടക്കും പോലൊരു രൂപമാണതെന്നാണു പറയപ്പെടുന്നത്. 1954ല്‍ ഹസെല്‍ ചുഴലിക്കാറ്റിനും 1989ല്‍ ഹ്യൂഗോ ചുഴലിക്കാറ്റിനും മുന്‍പേ ഗ്രേമാന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണു മറ്റൊരു കഥ. ഇത്തവണ ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനു മുന്നോടിയായും ഗ്രേമാന്‍ വന്നതായാണു പറയപ്പെടുന്നത്. അതിനുള്ള തെളിവുമായി ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ എന്ന യൂട്യൂബ് ചാനലില്‍ ഒരു വിഡിയോയും പ്രത്യക്ഷപ്പെട്ടു. കാറ്റിലും മഴയിലും കനത്ത തിരയിലും ആടിയുലയുന്ന ഒരു കടല്‍പ്പാലത്തിലൂടെ ഗ്രേമാന്‍ നടക്കുന്നതായിരുന്നു വിഡിയോ. സൂക്ഷിച്ചു നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കാണാം കനത്ത കാറ്റിനെയും കൂസാതെ ഒരു സുതാര്യമായ രൂപം പാലത്തിലൂടെ നടക്കുന്നത്. മനുഷ്യന്റെ ആകൃതിയുമായിരുന്നു അതിന്.

വിഡിയോ തട്ടിപ്പാണെന്നു പറഞ്ഞു പലരും രംഗത്തെത്തിയിട്ടുണ്ട്. അതോടെ, എവിടെ നിന്നാണ് വിഡിയോ ലഭിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈയാഴ്ച തന്നെ പുറത്തുവിടുമെന്ന് ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ ചാനലും അറിയിച്ചിട്ടുണ്ട്.

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച. പാണമ്പ്രയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെ പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. പിന്നാലെ ടാങ്കറില്‍ നിന്ന് വാതകച്ചോര്‍ച്ച ആരംഭിച്ചു. ഇതോടെ അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.

പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് വീടുകളില്‍ അടുപ്പുകള്‍ കത്തിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയാണ് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ വാതകചോര്‍ച്ച അടയ്ക്കാനായി മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

ബിഷപ് ഫ്രാങ്കോ മുളക്കലിനെ ജലന്തര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താത്ക്കാലികമായി നീക്കി. മുംബൈ മുൻ സഹായമെത്രാൻ റവ. ആഗ്നെലോ റുഫീനോ ഗ്രേഷ്യസിനാണ് ചുമതല. കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യംചെയ്യലിനു ഹാജരാകാനുള്ള പൊലീസിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ബിഷപ്പ് ഭരണച്ചുമതലകൾ ഒഴിഞ്ഞിരുന്നു. വികാരി ജനറൽ മോൺ.മാത്യു കോക്കണ്ടത്തിനാണു പകരം ചുമതലയും നൽകിയിരുന്നു.

അതേസമയം പീഡനക്കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതായാണ് സൂചന. അറസ്റ്റ് എപ്പോൾ വേണമെന്ന കാര്യത്തിൽ പൊലീസ് തലപ്പത്ത് ചർച്ചകൾ നടക്കുകയാണ്. മുഖ്യമന്ത്രി തിരിച്ചെത്തുന്ന തിയതിയും കണക്കിലെടുത്താകും തീരുമാനം. അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചന ഡിജിപി ലോക്നാഥ് ബെഹ്റ പങ്കുവെച്ചിരുന്നു.

അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ഡിജിപി പറഞ്ഞിരുന്നു. തൃപ്പൂണിത്തുറയിലെ അത്യാധുനിക സംവിധാനങ്ങളുള്ള മുറിയിൽ രണ്ടാംദിവസും ചോദ്യം ചെയ്യൽ തുടരുകയാണ്. കുണ്ടന്നൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് അകമ്പടിയോടെയാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത്. ആദ്യ ദിനത്തിലെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മറുപടി തൃപ്തികരമല്ല എന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് അനിവാര്യമെന്നും കോടതി അത് തടഞ്ഞിട്ടില്ല എന്നതുമാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാക്കുന്നത്.

ബിഷപ്പിന്റെ ഇന്നലത്തെ മറുപടികളെ പ്രതിരോധിച്ചു കൊണ്ട് തെളിവുകൾ ചൂണ്ടിക്കാട്ടിയായിരിക്കും ഇന്നത്തെ നടപടികൾ. ഇതിൽ ബിഷപ്പിന്റെ മറുപടി പ്രധാനമാണ്. ഇന്നലത്തെ അദ്ദേഹത്തിന്റെ തന്നെ വാദങ്ങളെ ഖണ്ഡിക്കാൻ പാകത്തിൽ തെളിവുകളെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർ ഇന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നതോടെ ബിഷപ് പ്രതിരോധത്തിലാകുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. പിന്നെ വൈകാതെ അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം അറസ്റ്റ് സമയം സംബന്ധിച്ച കാര്യത്തിൽ പൊലീസ് മേധാവി അടക്കമുള്ളവരുടെ നിലപാട് പ്രധാനമാണ്. രാവിലെ 10.50നാണ് കൊച്ചി മരടിലെ നോട്ടലിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറയിലെ ചോദ്യംചെയ്യൽ കേന്ദ്രത്തിലേയ്ക്ക് പുറപ്പെട്ടത്. KL39E 9977 നമ്പറിലുള്ള വാഹനത്തിന്റെ പിൻസീറ്റിലാണ് ബിഷപ്പും ജലന്തർ രൂപതയിലെ പി ആർ ഒ ഫാദർ പീറ്റർ കാവുംപുറവും.

മുൻ സീറ്റിൽ മറ്റൊരു വൈദികനും ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. പൊലീസ് ജീപ്പിന്റെ അകമ്പടിയിൽ കുണ്ടന്നൂരിൽ നിന്നും പുറപ്പെട്ട ബിഷപ്പും സംഘവും കൃത്യം പതിനൊന്ന് മണിക്ക് തന്നെ സ്ഥലത്തെത്തി. ഉടൻ തന്നെ ചോദ്യം ചെയ്യൽ മുറിയിലേയ്ക്ക് പ്രവേശിച്ച ബിഷപ്പിനെ കോട്ടയം എസ് പി ഹരിശങ്കറും വൈക്കം dysp കെ.സുഭാഷും അടങ്ങുന്ന അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അതിന് മുന്നോടിയായി പൊലീസ് ഉന്നതർ യോഗം ചേർന്നിരുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. തന്നെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പയ്ക്ക്‌ കത്ത് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകുന്നതിനാല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് പരിഗണിച്ചാണ് മാര്‍പാപ്പയുടെ തീരുമാനം എന്നാണ് വിവരം. മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ ആഗ്നെലോ റൂഫിനൊ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ പകരം ചുമതല നല്‍കിയിരിക്കുന്നത്.

ഇതിനിടെ കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീര്‍ച്ചയായും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved