Latest News

തൃശൂര്‍ മാളയില്‍ നാട്ടുകാരുടെ കണ്‍മുമ്പില്‍ യുവതി കിണറ്റില്‍ചാടി ജീവനൊടുക്കി. നാട്ടുകാരില്‍ ചിലര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാള മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യയാണ് ജീവനൊടുക്കിയത്. ഇരുപത്തിമൂന്നു വയസായിരുന്നു.

ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ കണ്ട പുരുഷ സുഹൃത്തിനെ പൊലീസിനെ വിളിച്ചുവരുത്തി കൈമാറിയിരുന്നു. ഈ സംഭവത്തിനു ശേഷം ധന്യയെ അമ്മയെത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. അമ്മയോടൊപ്പം വീടിനു പുറത്തേയ്ക്കിറങ്ങിയ ധന്യ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട അയല്‍വാസികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പൊയ്യയില്‍ നിന്ന് അഗ്നിശമന േസനയെത്തി മൃതദേഹം പുറത്തെടുത്തു. ധന്യ-രാജേഷ് ദമ്പതികള്‍ക്ക് ഒന്നരവയസുള്ള മകനുണ്ട്. മൃതദേഹം മാള സർക്കാർ ആശുപത്രിയിലെത്തിച്ചു. ചാലക്കുടി തഹസിൽദാർ എത്തിയാണ് ഇൻക്വസ്റ്റ് നടത്തിയത്.

മഹാരാഷ്ട്രയിൽ ആൾക്കുട്ടം അഞ്ചുപേരെ തല്ലിക്കൊന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുവാൻ എത്തിയവരെന്ന് സംശയിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു. മഹാരാഷ്ട്രയിലെ റെയിൻപാഡയിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനാണ് സംഘം ഗ്രാമത്തിലെത്തിയതെന്ന് ഗ്രാമവാസികൾക്കിടയിൽ അഭ്യൂഹം പരന്നിരുന്നു.

കൊല്ലപ്പെട്ട അഞ്ചുപേരും കുറച്ചു സുഹൃത്തുക്കളും ബസിൽ നിന്നിറങ്ങുന്നത് ആളുകൾ കണ്ടിരുന്നു. ഇതിലൊരാൾ സമീപത്തുണ്ടായിരുന്ന പെൺകുട്ടിയോട് ദീർഘനേരം സംസാരിച്ചതാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വിവരം കാട്ടതീ പോലെ പടർന്നതോടെ ജനക്കൂട്ടം ഇവരെ വിചാരണ ചെയ്യുകയായിരുന്നു. സംഘം കുറ്റം നിഷേധിച്ചതോടെ പ്രകോപിതരായ ജനക്കൂട്ടം അക്രമം അഴിച്ചു വിടുകയായിരുന്നു. അക്രമത്തിൽ സാരമായി പരിക്കേറ്റ സംഘം മരണത്തിനു കീഴടങ്ങി. ഈ ഭാഗത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാകുന്നതായി ഗ്രാമവാസികൾക്ക് പരാതിയുണ്ടായിരുന്നു.

 

ബെംഗളൂരുന്മ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ ചലച്ചിത്ര പ്രവര്‍ത്തകര്‍. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി സംവിധായിക കവിത ഉള്‍പ്പെടെ 50 പേര്‍ ഒപ്പിട്ട കത്ത് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് അയച്ചിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ അമര്‍ഷവും നിരാശയും രേഖപ്പെടുത്തിയ കത്തില്‍ കന്നഡ ഫിലിം ഇന്‍ഡസ്ട്രി (കെഎഫ്‌ഐ), ഫിലിം ഇന്‍ഡ്‌സ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി (എഫ്‌ഐആര്‍ഇ) സംഘടനകളിലെ അംഗങ്ങളാണ് ഒപ്പിട്ടിരിക്കുന്നത്.

ബഹുമാനം അര്‍ഹിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത സംഘടനയാണ് ‘അമ്മ’. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അവരുടെ ജനറല്‍ ബോഡി തീരുമാനം ഞെട്ടിക്കുന്നതും ദൗര്‍ഭാഗ്യകരവുമായി. 2017ല്‍ ദിലീപിനെ പുറത്താക്കിയത് നടിയെ തട്ടിക്കൊണ്ടു പോയതിനു നിയമനടപടി നേരിടുന്നതിന്റെ പേരിലാണ്. ലൈംഗികാക്രമണ ആരോപണവും നിയമപ്രകാരം നിലനില്‍ക്കുന്നുണ്ട്.

കുറ്റക്കാരനെന്നു നിയമം മൂലം തെളിയുന്നതു വരെ നിരപരാധിയാണെന്നു ഭരണഘടന വിഭാവനം ചെയ്യുന്നതിനൊപ്പം തന്നെയാണ് കെഎഫ്‌ഐയും എഫ്‌ഐആര്‍ഇയും. എന്നാല്‍ കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ ഇപ്പോഴും കുറ്റവിമുക്തനായിട്ടില്ല. ആക്രമണം ഉണ്ടായിരിക്കുന്നതാകട്ടെ അമ്മയിലെ തന്നെ ഒരംഗത്തിനെതിരെയും. ഈ സാഹചര്യത്തില്‍ അയാളെ തിരിച്ചെടുത്തത് തികച്ചും അസാന്ദര്‍ഭികമായിപ്പോയി.

സ്ത്രീസുരക്ഷയും ലിംഗസമത്വവും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോള്‍ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ട പ്രവര്‍ത്തനങ്ങളാണ് ചലച്ചിത്ര മേഖലയില്‍ നിന്നുണ്ടാകേണ്ടത്. ഈ സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതു വരെ ദിലീപിനെ പുറത്തു തന്നെ നിര്‍ത്താന്‍ ‘അമ്മ’ തയാറാകണം.

ചലച്ചിത്രമേഖലയിലെ എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിന് അമ്മയ്‌ക്കൊപ്പം കന്നഡ ചലച്ചിത്ര പ്രവര്‍ത്തകരും ഉണ്ടാകും. ഈ സാഹചര്യത്തില്‍ ദിലീപ് വിഷയത്തില്‍ ഉചിതമായ നടപടിയാണു പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു.

ശ്രുതി ഹരിഹരന്‍, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ്, ദിഗ്‌നാഥ്, രൂപ നടരാജ്, മേഘ്‌ന രാജ്, സംഗീത ഭട്ട്, കാവ്യ ഷെട്ടി, സംയുക്ത ഹൊര്‍ണാഡ്, ഭാവന റാവു, നിവേദിത, വീണ സുന്ദര്‍, ചേതന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

‘അമ്മ’യുടെ തീരുമാനത്തിനെതിരെ നേരത്തേ ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ (എന്‍ഡബ്ല്യുഎംഐ)യും രംഗത്തു വന്നിരുന്നു.

മട്ടന്നൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഇടവേലിക്കല്‍ ലതീഷ്, ലനീഷ്, സായിത്ത് എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൂന്നു ബൈക്കുകളിലെത്തിയ അക്രമിസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച വാള്‍ മട്ടന്നൂര്‍ ആശ്രയ ആശുപത്രിക്കു മുന്‍വശം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു സിപിഎം ആരോപിച്ചു.

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു. പൗരി ഗാഡ്‌വാലിലെ ദൂമകോട്ടില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.  രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാവിലെ 8.45നായിരുന്നു അപകടം നടന്നത്.

പരിക്കേറ്റ എട്ട് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

28 സീറ്റുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. എത്ര യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. 60 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് വീണത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടന്ന് ഗഡ്‌വാല്‍ കമ്മീഷണര്‍ ദിലിപ് ജവാല്‍കര്‍ പറഞ്ഞു.

ഹൈദരാബാദ്: സഹപാഠിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ മകളെ അച്ഛന്‍ തലയ്ക്കടിച്ചു കൊന്നു. 22 കാരിയായ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ജില്ലയിലെ ചന്ദര്‍ലാപാഡു മണ്ടാലിലാണ് സംഭവം. െ്രെപവറ്റ് കോളേജില്‍ ഫാര്‍മസിക്ക് പഠിക്കുന്ന ചന്ദ്രികയ്ക്ക് 22 വയസ്സ് തികഞ്ഞ പിറ്റേ ദിവസമായിരുന്നു ദാരുണ സംഭവം ഉണ്ടായത്.

പിറന്നാള്‍ ആഘോഷത്തിനിടെയാണ് ചന്ദ്രിക തന്റെ പ്രണയം മാതാപിതാക്കളോട് പറഞ്ഞത്. തന്റെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാണെന്നും അയാളുമായുളള വിവാഹം നടത്തി തരണമെന്നും പറഞ്ഞു. പക്ഷേ ചന്ദ്രികയുടെ അച്ഛന്‍ കൊട്ടയ്യ അതിന് സമ്മതിച്ചില്ല. താന്‍ കണ്ടെത്തുന്ന ആളെ വേണം ചന്ദ്രിക വിവാഹം കഴിക്കേണ്ടതെന്നായിരുന്നു പിതാവ് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹപാഠിയുമായി സംസാരിക്കരുതെന്നും മറ്റൊരാളുമായി വിവാഹം ഉറപ്പിക്കാന്‍ പോവുകയാണെന്നും കൊട്ടയ്യ ചന്ദ്രികയോട് പറഞ്ഞു.

അന്നേ ദിവസം പുറത്തുപോയി മടങ്ങിയെത്തിയ കൊട്ടയ്യ കണ്ടത് ചന്ദ്രിക സഹപാഠിയുമായി ഫോണില്‍ സംസാരിക്കുന്നതാണ്. ഇതില്‍ കുപിതനായ അയാള്‍ കോടാലിയുടെ പിടികൊണ്ട് മകളുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

 

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ നല്‍കിയ പരാതി മുക്കിയെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരാതി. വിശ്വാസി സംഘടനയായ എഎംടി കര്‍ദിനാളിനെതിരെ ഐജിക്ക് പരാതി നല്‍കി. എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെയ്ക്കാണ് പരാതി നല്‍കിയത്.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാനോ അന്വേഷണം നടത്താനോ കര്‍ദിനാള്‍ തയ്യാറായില്ലെന്നാണ് സംഘടന പരാതിയില്‍ ആരോപിക്കുന്നത്. ലൈംഗിക പീഡനം സംബന്ധിച്ച പരാതി മുക്കുക മാത്രമല്ല, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തുവെന്നും വിശ്വാസികള്‍ പറയുന്നു.

എന്നാല്‍ കന്യാസ്ത്രീ കര്‍ദിനാളിന് പരാതി നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. മാര്‍ ആലഞ്ചേരി വത്തിക്കാനിലായതിനാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണവും ലഭിച്ചിട്ടില്ല. വിഷയത്തില്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശമൃനവുമായി രംഗത്തെത്തിയ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടും കര്‍ദിനാളാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതെന്ന് പറഞ്ഞിരുന്നു.

പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ നടന്ന ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടത്തില്‍ ഫ്രഞ്ച് പടയ്ക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചത്. ഫ്രഞ്ച് ടീനേജ് സെന്‍സേഷന്‍ കെയിലന്‍ എംബാപ്പെയില്‍ വജ്രായുധമൊളിപ്പിച്ച ദിദിയര്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങളാണ് ഫ്രാന്‍സിന് തുണയായത്. രണ്ട് ഗോള്‍ നേടിയ എംബാപ്പെ ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്തു. ഗ്രീസ്മാനും പവാര്‍ഡുമാണ് ഫ്രാന്‍സിന്റെ മറ്റു ഗോള്‍ നേട്ടക്കാര്‍. എയ്ഞ്ചല്‍ ഡി മരിയ, ഗബ്രിയേല്‍ മെര്‍കാഡോ എന്നിവരാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്.

കഴിഞ്ഞ മൂന്ന് ഗ്രൂപ്പ് മത്സരത്തിലും കണ്ട് ഫ്രാന്‍സായിരുന്നില്ല അര്‍ജന്റീനയ്‌ക്കെതിരേ പ്രീ ക്വാര്‍ട്ടറില്‍ ഇറങ്ങിയിരുന്നത്. മറുപക്ഷത്തും ഇതേ പോരാട്ടവീര്യമായിരുന്നു. എങ്കിലും പ്രതിഭകളുടെ കൂട്ടമായ ഫ്രാന്‍സിനായിരുന്നു കളിയില്‍ മേധാവിത്വം. പിന്‍നിരയില്‍ ഉംറ്റിറ്റിയും വരാനെയും ഉറച്ച് നില്‍ക്കുകയും മധ്യനിരയില്‍ പോഗ്ബയും കാന്റെയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ അര്‍ജന്റീന എല്ലാ അര്‍ത്തത്തിലും പലതവണ പിന്നിലായി.

പതിമൂന്നാം മിനുട്ടില്‍ എംബാപ്പെയുടോ സോളോ റണ്‍ കലാശില്ല പെനാല്‍റ്റിയില്‍ അന്റോണിയോ ഗ്രീസ്മാന്‍ ഫ്രാന്‍സിന് ആദ്യ ഗോള്‍ നേടി ലീഡെടുത്തു. സ്വന്തം ബോക്‌സിനടുത്ത് നിന്നും സ്വീകരിച്ച് പന്ത് സോളോ റണ്ണിലൂടെ അര്‍ജന്റീന പോസ്റ്റിലേക്ക് കുതിച്ച എംബാപ്പെയെ ബോക്‌സില്‍ വെച്ച് റോഹോ ഫൗള്‍ ചെയ്തതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചത്.

എന്നാല്‍, ആദ്യ പകുതിയുടെ 41ാം മിനുട്ടില്‍ കിടിലന്‍ ഗോളിലൂടെ ഡി മരിയ ഫ്രാന്‍സിന്റെ പോസ്റ്റില്‍ പന്തെത്തിച്ചു. പോസ്റ്റിന്റെ 30 വാര അകലെ നിന്നുള്ള ഡി മരിയയുടെ ഉഗ്രന്‍ ഷോട്ടിന് ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസിന് മറുപടി ഉണ്ടായിരുന്നില്ല. ആദ്യ പകുതി 1-1ന് അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയായിരുന്നു സംഭവബഹുലം.

48ാം മിനുട്ടില്‍ മെകാഡോയിലൂടെ അര്‍ജന്റീന ലീഡെടുത്തപ്പോള്‍ കളി വീണ്ടും നാടകീയ രംഗങ്ങളിലേക്ക് വഴിതിരിഞ്ഞു. ഇതോടെ, ആക്രമണം ശക്തമാക്കിയ ഫ്രാന്‍സ് പവാര്‍ഡിലൂടെ മറുപടി ഗോള്‍ നേടി. സ്‌കോര്‍ 2-2. എന്നാല്‍, ഫ്രാന്‍സിനെ അപേക്ഷിച്ച് അതൊരു തുടക്കമായിരുന്നു. കെയിലന്‍ എംബാപ്പെയുടെ പ്രതിഭ കണ്ട രണ്ട് ഗോളില്‍ ഫ്രാന്‍സ് 4-2ന് മുന്നിലെത്തി. ഫ്രാന്‍സിന്റെ ആധികാരിക ജയത്തിലേക്ക് നീങ്ങവെ 93ാം മിനുട്ടില്‍ അഗ്യൂറോ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി. ജയത്തോടെ റഷ്യ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടുന്ന ആദ്യ ടീമായി ഫ്രാന്‍സ് മാറി.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്. താര സംഘടനയുടെ തീരുമാനത്തിനെതിരെ രാജിവെച്ച നടിമാര്‍ക്കും പിന്തുണ നല്‍കി കൊണ്ട് 98 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവെച്ച പ്രസ്താവന പുറത്തിറക്കി.

അഭിനേതാക്കളായ വിനായകന്‍, അനുമോള്‍, സൃന്ദ, കുക്കു സരിത, അലന്‍സിയര്‍, അര്‍ച്ചന പദ്മിനി തുടങ്ങിയവരും സംവിധായകരായ ദിലീഷ് പോത്തന്‍, അമല്‍ നീരദ്, രാജീവ് രവി, ഡോ.ബിജു, സമീര്‍ താഹിര്‍, വിധു വിന്‍സെന്റ് തുടങ്ങിയവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകും സാങ്കേതിപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് ഒപ്പിട്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍.

ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷഫ്യൂഡല്‍ ലോകത്തിന്റെ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദവാഭിവാദ്യങ്ങള്‍

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.

തിരുവനന്തപുരം കോവളം പോറോട് പാലത്തിനു സമീപo നിയന്ത്രണം വിട്ട ലോറി സ്കൂട്ടറുകളിലിടിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. സഹോദരിയും മുത്തച്ഛനുമടക്കം ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ലോറി അമിത വേഗതിയിലായിരുന്നുവെന്നും റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു. ആഴാകുളം ബദ് ലഹേo സ്കൂൾ വിദ്യാർഥിനി ചന്ദന ഷിബുവാണ് മരിച്ചത് . കുട്ടിയുടെ സഹോദരി നന്ദനയും മുത്തച്ഛൻ സുകുമാരനുമടക്കം ഒൻപത് പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടിലേയ്ക്ക് പോകുകയായിരുന്ന ലോറി രണ്ട് സ്കൂട്ടറുകളിലും ഒരു ബൈക്കിലുമിടിച്ചാണ് അപകടം. നിർമ്മാണത്തിലിരിക്കുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്. ട്യൂഷന്‍ കഴിഞ്ഞ് പേരക്കുട്ടികളുമായി വീട്ടിലേയ്ക്കു പോകുകയായിരുന്ന സുകുമാരന്റെ സ്കൂട്ടര്‍ പ്രധാന റോഡിലേയ്ക്ക് ഇടിക്കാതിരിക്കാനായി ലോറി വെട്ടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ക്ക്  പകരം ഉടമയാണ് ഒാടിച്ചിരുന്നതെന്നും ആരോപണമുണ്ട്….

RECENT POSTS
Copyright © . All rights reserved