Latest News

പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്‍റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ജയ്ഷെയാണെന്ന ലോകരാജ്യങ്ങളുടെ നിലപാടിനെയും തള്ളിപ്പറയുകയാണ് ഇസ്ലമാബാദ്. ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് ഷാ മഹമ്മുദ് ഖുറേഷി അവകാശപ്പെട്ടത്. ജെയ്ഷെ നേതൃത്വവുമായി ബന്ധപ്പെട്ടെഭങ്കിലും പുല്‍വാമ സംഭവത്തില്‍ പങ്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ആശയക്കുഴപ്പമുണ്ട്, വിദേശമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. വിവിധ ജെയ്ഷെ പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് രണ്ടു വര്‍ഷമായി നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങളും ഈ രേഖയില്‍ ഉണ്ടെന്നാണ് സൂചന. പുല്‍വാമയില്‍ സൈനിക വാഹനം തകര്‍ത്ത ചാവേര്‍ ആദില്‍ അഹമ്മദ് ധറിന് ജെയ്ഷുമായുള്ള ബന്ധവും രേഖകളിലുണ്ട്. എന്നാല്‍ ഈ തെളിവുകളൊന്നും സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറല്ല എന്നാണ് ഖുറേഷിയുടെ വാക്കുകളിലൂടെ വ്യക്തമാവുന്നത്.

പുല്‍വാമ ആക്രമണത്തെ അപലപിച്ചുള്ള യുഎന്‍ പ്രമേയത്തിലും ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്ക് എടുത്തു പറഞ്ഞിരുന്നു. 2002 മുതല്‍ പാക്കിസ്ഥാനില്‍ നിരോധനമുള്ള സംഘടനയുമായി സര്‍ക്കാര്‍ ബന്ധം പുലര്‍ത്തുന്നു എന്ന് പറയുന്നതിലും ഇസ്ലമാബാദിന്‍റെ ഇരട്ടത്താപ്പ് വ്യക്തം. ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയാറാവണമെന്ന് പാക് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ഭീകരസംഘടനകളോടുള്ള നിലപാട് മാറാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയാറല്ല എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു.

ജമ്മു കാശ്മീരില്‍ ശ്രീനഗറിന് സമീപം ബഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന കൊല്ലപ്പെട്ട ആറ് സൈനികരില്‍ ഒരാള്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ് ആണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പ്രളയമുണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തയാളാണ് സിദ്ധാര്‍ത്ഥ് വസിഷ്ഠ്.

ഭാര്യ ആരതിയും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറാണ്. 31 കാരനായ സിദ്ധാര്‍ത്ഥിന്റെ കുടുംബം ഛണ്ഡിഗഡിലാണ് താമസം. ഹരിയാനയിലെ നാരായണ്‍ഗഡ് സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിദ്ധാര്‍ത്ഥിനും ആരതിയ്ക്കും ശ്രീനഗറില്‍ പോസ്റ്റിംഗ് ലഭിച്ചത്. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്.

Shiv Aroor

@ShivAroor

Squadron Leader Siddharth Vashisht, pilot of the Mi-17 that crashed in Budgam on Wednesday, had received commendation for his role in rescue ops in Kerala floods last year. Leaves behind his wife (a serving officer) and infant child. RIP Siddharth & his crew.

1,202 people are talking about this

എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്ന് സിദ്ധാര്‍ത്ഥിന് പുറമെ മരിച്ചത് സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനനാദ് മാണ്ഡവ്ഗാനെ, സെര്‍ജന്റ് വിക്രാന്ത് സെഹ്രാവത്, കോര്‍പറല്‍ പങ്കജ് കുമാര്‍, കോര്‍പ്പേല്‍ ദീപക് പാണ്ഡെ, കുമാര്‍ പാണ്ഡെ എന്നിവരാണ്. നിയന്ത്രണ രേഖ കടന്ന് ജമ്മു കാശ്മീരില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തുകയും ഇരു സേനനകളും പരസ്പരം വിമാനങ്ങള്‍ വെടിവച്ചിടുകയും ഇന്ത്യന്‍ പൈലറ്റ് ആയ വിംഗ് കമാന്‍ഡന്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുകയും ചെയ്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്നതിന് ഇടയിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. പാകിസ്താന്റെ നിയന്ത്രണരേഖ ലംഘനവുമായി ഹെലികോപ്റ്റര്‍ അപകടത്തിന് യാതൊരു ബന്ധമില്ലെന്ന് സൈന്യം പറയുന്നു.

പുൽവാമ ആക്രമണത്തിൽ വീര മൃത്യു വരിച്ച സിആര്‍പിഎഫ് ജവാൻ എച്ച്‌ ഗുരുവിന്റെ ഭാര്യ കലാവതിയെ ഭർത്താവിന്റെ സഹോദരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നിർബന്ധിപ്പിക്കു ന്നുവെന്ന വാർത്തയാണ് ദേശിയ മാധ്യമം പുറത്തുവിടുന്നത്. സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് എച്ച്‌ ഗുരുവിന്‍റെ കുടുംബം കലാവതിയെ ഭര്‍ത്താവിന്‍റെ സഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് ആ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

അന്തരിച്ച നടന്‍ അംബരീഷിന്‍റെ ഭാര്യ സുമലത അരയേക്കര്‍ ഭൂമിയും കലാവതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുവിന്‍റെ കുടുംബം താമസിക്കുന്നതിന് മൂന്ന് കിലോമീറ്ററിനുള്ളിലാണ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

കലാവതി ഇത് സംബന്ധിച്ച്‌ മാണ്ഡ്യ പൊലീസില്‍ സഹായം തേടി. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്നം പരിഹരിക്കണമെന്നും പൊലീസ് ഗുരുവിന്‍റെ കുടുംബത്തെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

പ്രധാനമന്ത്രിയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തതിനു മുന്‍പേ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയുടെ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദന പുലിവാലുപിടിച്ചിരുന്നു. വീണ്ടും മോദിയെ പരിഹസിച്ച് ദിവ്യ രംഗത്തുവന്നു.

കാണാതായ സൈനികനെ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും തന്നെ പറയാതെ മൗനം അവലംബിക്കുന്ന മോദിയുടെ നടപടിയെ വിമര്‍ശിച്ചാണ് ദിവ്യ സ്പന്ദന രംഗത്ത് വന്നിരിക്കുന്നത്. നമ്മുടെ വിംഗ് കമാന്ററെ ഇന്നലെ മുതല്‍ കാണാതായി, ബിജെപി ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. തങ്ങള്‍ ഈ യുദ്ധം കാരണം തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് യെദിയൂരപ്പ പറയുന്നത്. വാക്കുകള്‍ കൊണ്ട് ഈ അരോചകമായ പ്രസ്താവനയെ കുറിച്ച് വിവരിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇത് മറക്കില്ലയെന്നും ദിവ്യ സ്പന്ദന ട്വിറ്ററിലെഴുതി.

‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ തുടങ്ങിയവ ഞങ്ങള്‍ക്ക് അറിയാന്‍ താത്പര്യമില്ല. രാജ്യത്തിന് അറിയാന്‍ താത്പര്യമുള്ളത് എപ്പോള്‍ വിംഗ് കമാന്ററെ സുരക്ഷിതമായി തിരികയെത്തിക്കുമെന്നാണ്. ആരോഗ്യശീലങ്ങള്‍ പോലും വിവരിക്കാന്‍ ട്വിറ്ററില്‍ അടിക്കടി പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി ഇന്നലെ കാണാതായ സൈനികനെ കുറിച്ച് ഒന്നും മിണ്ടാന്‍ തയ്യാറായിട്ടില്ല. തിരിച്ചടിച്ച സൈന്യത്തെ മോദി അഭിനന്ദിച്ചു. അതേസമയം ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ പാകിസ്ഥാന്‍ പിടികൂടിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുള്ള മറ്റൊരു സൈനികനെ കാണാതായിട്ടുണ്ട്.

കൊല്ലത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്ന കേസില്‍ ജില്ലാ ജയില്‍ വാര്‍ഡര്‍ പിടിയില്‍. തേവലക്കര സ്വദേശി വിനീതാണ് പിടിയിലായത്. പെണ്‍കുട്ടിയെ കളിയാക്കിയെന്ന് ആരോപിച്ച് വിനീതും ബന്ധുക്കളും ചേര്‍ന്ന് കഴിഞ്ഞ 14ന് മര്‍ദിച്ച അരിനല്ലൂരിലെ ഐടിഐ വിദ്യാര്‍ഥി രഞ്ജിത് ഇന്നലെ വൈകിട്ടാണ് മരിച്ചത്. ആളുമാറിയാണ് മർദ്ധിച്ചതെന്ന് ബന്ധുക്കൾ അന്ന് തന്നെ പറഞ്ഞിരുന്നു.

കൊല്ലം ചവറയിൽ വച്ചായിരുന്നു സംഭവം.ഐടിഐ വിദ്യാർത്ഥിയായ രജ്ഞിത് ജയിൽ വാർഡന്റെ ബന്ധുവിനെ ശല്യം ചെയ്തു എന്നാരോപിച്ചാണ് ജയിൽ വാർഡൻ വിനീതും മറ്റൊരു ബന്ധുവും രഞ്ജിത്തിനെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ വിനീത് രഞ്ജിത്തിനെ മർദിക്കുകയും ചെയ്തു. തുടർന്ന് രഞ്ജിത്ത് ബോധരഹിതനായി വീണു. കൊല്ലം ജില്ലാ ആശുപത്രിയിലും അവിടുന്ന് തിരുവനതപുരം സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു

ഒസാമ ബിൻലാദന്റെ മകൻ ഹംസയ്ക്ക് വലവിരിച്ച് യുഎസ്. അൽക്വയ്ദ തലവനായിരുന്ന ബിൻലാദിന്റെ മകന്റെ തലയ്ക്ക് ഏഴര കോടി രൂപയാണ് അമേരിക്ക ഇട്ടിരിക്കുന്ന വില. ഹംസയെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 70800000 രൂപ) തുകയാണ് വാഗ്ദാനം.

പാകിസ്ഥാൻ– അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഹംസ ഒളിത്താവളത്തിലാണെന്നാണ് യുഎസിന്റെ നിഗമനം. അവിടെ നിന്നും ഇറാനിലേക്ക് കടന്നതായും യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ ടി. ഇവാനോഫ് ആശങ്ക പ്രകടിപ്പിച്ചു.

അമേരിക്കയ്ക്ക് നേരെ വളർന്നുവരുന്ന ഭീഷണിയാണ് ഹംസ. അൽക്വയ്ദ നേതാവായി ഹംസ വളർന്നുവരുന്നത് തടയിടാനാണ് യുഎസിന്റെ നീക്കം. യുഎസിനും സഖ്യകക്ഷികള്‍ക്കും നേരെ ഹംസ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വിഡിയോ ടേപ്പുകൾ പുറത്തുവന്നിരുന്നു. ഇതോടെ ഹംസയെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

തന്റെ പിന്‍ഗാമിയായി ലാദന്‍ കരുതിയിരുന്നത് ഹംസയെയാണ്. ഇത് സംബന്ധിച്ച കത്തുകള്‍ യുഎസിന് ലഭിച്ചിരുന്നു. അബോട്ടാബാദില്‍ കൊല്ലപ്പെടുമ്പോള്‍ ഹംസയും അമ്മയും ലാദന്‍ ഒപ്പം താമസിച്ചിരുന്നതായി യുഎസ് കണ്ടെത്തിയതാണ്.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാനൊരുങ്ങി രാജ്യം. പാക് തടവിലുളള അഭിനന്ദനെ ഉച്ചയോടെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് കൈമാറും. കൃത്യമായ സമയം അടക്കമുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്നും അഭിനന്ദനെ പ്രത്യേക വിമാനത്തില്‍ ലാഹോറിലും അവിടെ നിന്ന് വാഗയിലും എത്തിക്കും.

റെഡ് ക്രോസിനാകും അഭിനന്ദനെ കൈമാറുക. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ മാതാപിതാക്കളടക്കമുളളവര്‍ വാഗയില്‍ എത്തുന്നുണ്ട്. രാവിലെ മുതല്‍ ആളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗാ അതിര്‍ത്തിയിലെത്തുന്നുണ്ട്.

പാക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടപ്പിക്കുന്ന ധൈര്യവും രാജ്യസ്നേഹവും ലോകത്തെ അമ്പരപ്പിക്കുകയാണ്. പിടിയിലാകുന്നതിനു മുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കുറ്റത്തെയും പുകഴ്ത്തുകയാണ് പാക് മാധ്യമങ്ങൾ.
അഭിനന്ദന്‍ പാക് ഭൂപ്രദേശത്ത് വീണപ്പോള്‍ പിടികൂടിയ പാക്കിസ്ഥാന്‍കാരെ അഭിമുഖം നടത്തി പാക് മാധ്യമം ഡോൺ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അഭിനന്ദന്റെ ധൈര്യത്തില്‍ ഡോണ്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വിമാനത്തില്‍ നിന്ന് പാക് പ്രദേശത്ത് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ റസാഖ് എന്ന പ്രദേശവാസിയാണ് ആദ്യം കാണുന്നത്. ഉടന്‍തന്നെ അദ്ദേഹം ചെറുപ്പക്കാരെ കൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടെങ്കിലും കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല.

ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. പാക്കിസ്ഥാൻ ആണെന്ന് മനസിലായതോടെ അഭിനന്ദൻ ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക്ക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തു.
ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാന്‍ ശ്രമിച്ചതായും, കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറി കളയാനും, വെള്ളത്തില്‍ ഒഴുക്കിക്കളയാനും ശ്രമിച്ചതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയിൽ ആള്‍ക്കുട്ടത്തില്‍ നിന്നൊരാള്‍ അഭിനന്ദന്റെ കാലില്‍ വെടിവയ്ച്ചതായും റിപ്പോർട്ടുണ്ട്. ഇതിന് ശേഷമാണ് സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുക്കുന്നത്.

പാക്കിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പങ്കുവയ്ക്കുന്നുമില്ല. വിങ്ങ് കമാന്ററുടെ മിഗ് 21 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരില്‍ നിന്നുള്ള ചിത്രം പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇത് ഇന്ത്യ വെടിവച്ചിട്ട പാക് പോര്‍ വിമാനമായ മിഗ് 16 ന്‍റേതാണെന്നതിന്‍റെ തെളിവും പുറത്തു വന്നു.

 

കാശ്മീര്‍: കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഇന്നലെ വൈകീട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സൈന്യം തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നതായിട്ടാണ് സൂചന. ഇതു വരെ ആരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാനായിട്ടില്ല. കുപ്‌വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് ഏറ്റുമുട്ടവല്‍ ഉണ്ടായിരിക്കുന്നത്.

അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഉറിയില്‍ നാല് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ തീവ്രവാദ ക്യാംപുകളില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ പാക് സൈന്യം പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ വെടിവെപ്പാണ് നടത്തുന്നത്. ഇന്ത്യ കനത്ത തിരിച്ചടി നല്‍കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഏതാണ്ട് 18 ഓളം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് ആക്രമണം ഉണ്ടായി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നിലധികം പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായിട്ടാണ് വിവരം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിഭാഗങ്ങളെ ഇന്ത്യ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂസ് ഡെസ്ക്

ഭീകരരെ തീറ്റിപ്പോറ്റി ചാവേറുകളായി ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്ത് സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ കൂട്ടുനിന്ന പാക്കിസ്ഥാന് ഇന്ത്യ നല്കിയത് ചുട്ട മറുപടി. ഇന്ത്യൻ സൈനികരെ ചാവേറാക്രമണത്തിൽ കൊന്നൊടുക്കിയ ശേഷം കൈയും കെട്ടി കളി കണ്ടിരുന്ന പാക് ഭരണകൂടം ഉറക്കം വിട്ടെണീറ്റു. ഇന്ത്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കത്തിൽ വിരണ്ട ഭീകര പ്രസ്ഥാനങ്ങളുടെ പിന്തുണക്കാർ സ്വന്തം മാനം കാക്കാൻ ഇന്ത്യയോട് ചർച്ചയ്ക്ക് തയ്യാറാവുന്നു.

ഇന്ത്യൻ അതിർത്തി കടന്ന് ബോംബ് വർഷിക്കാൻ പാക് സൈനിക വിമാനങ്ങൾ ശ്രമിച്ച സമയത്തും ഇന്ത്യയോട് കൊമ്പുകോർക്കാൻ തന്നെയായിരുന്നു പാക്കിസ്ഥാന്റെ ഭാവം. തങ്ങളുടെ തടവിൽ രണ്ടു  ഇന്ത്യൻ പൈലറ്റുമാർ ഉണ്ടെന്ന് വെളിപ്പെടുത്തിയ പാക് സൈനിക വക്താവ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു പൈലറ്റ് മാത്രമേ ഉള്ളു എന്ന് അറിയിച്ചു. കസ്റ്റഡിയിലുള്ള വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വച്ച് വിലപേശാനായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആദ്യ ശ്രമം.

സമാധാന ചർച്ചയ്ക്ക് തയ്യാറാവുകയാണെങ്കിൽ ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇമ്രാന്റെ ഓഫർ. തകർന്നു വീണ ഫൈറ്ററിൽ നിന്നും പാരച്യൂട്ടിൽ പറന്നിറങ്ങിയ അഭിനന്ദനെ വളഞ്ഞിട്ട് പിടിക്കാൻ ജനക്കൂട്ടം ആർത്തിരമ്പുകയായിരുന്നു. പാക്കിസ്ഥാന്റെ ഇരുപതുകോടി വരുന്ന ജനത ഇന്ത്യയുടെ ഒരു സൈനികനെതിരെ എന്ന സ്ഥിതിവിശേഷം. ഭാരതാംബയുടെ വീരയോദ്ധാവിനെ കൈകളും കാലുകളും ബന്ധിച്ച് ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ച് ലോക മനസാക്ഷിക്കു മുൻപിൽ പാക്കിസ്ഥാൻ വീണ്ടും നാണം കെട്ടു.  ജനീവ കൺവൻഷൻ എന്നതു പോയിട്ട് നിരായുധനായ ഒരാളോട് എങ്ങനെ മനുഷ്യത്വപരമായി പെരുമാറണമെന്ന് പോലും ഒരു രാജ്യത്തിന്റെ ഭരണാധികാരികൾക്ക് അറിയില്ലെന്ന് ആ രാജ്യം ലോകത്തെ മുഴുവൻ അറിയിച്ചു. അഭിനന്ദനെ ജനക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ പ്രചരിക്കുന്നത് തടയാൻ പാക് ഭരണകൂടം ഒരു നടപടിയുമെടുത്തില്ല.

ഭാരതത്തിന്റെ അഖണ്ഡതയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പോരിനിറങ്ങി തടവിലായ അഭിനന്ദൻ വർധമാൻ ലോകത്തിനു മുൻപിൽ ഇന്ത്യയുടെ അഭിമാനമുയർത്തിപ്പിടിച്ചു. ജനീവ കൺവൻഷൻ ധാരണയനുസരിച്ച് പൈലറ്റിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ, സമാധാനം പുനസ്ഥാപിക്കാൻ ഒരു ഔദാര്യമെന്ന നിലയിൽ അക്കാര്യം പരിഗണിക്കാമെന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്.

ഇതിനിടയിൽ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ എന്തു നടപടിയും സ്വീകരിക്കാൻ ഇന്ത്യൻ സൈന്യത്തിന് ഇന്ത്യാ ഗവൺമെന്റ് സ്വാതന്ത്ര്യം നല്കുമെന്ന് പാക്കിസ്ഥാൻ മനസിലാക്കി. ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ള ഭരണരംഗത്തെ പ്രമുഖരാരും പ്രതികരിക്കാതെയിരുന്നതും ഇന്ത്യൻ വ്യോമ കര നാവിക സേനാ മേധാവികൾ സംയുക്തമായി വാർത്താ സമ്മേളനം വിളിച്ചതും പെട്ടെന്ന് മനസ്സു മാറ്റാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചു. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ സമനിലയ്ക്കായി അങ്ങനെ ഇമ്രാൻഖാൻ എന്ന സ്പിന്നർ ഓഫർ വച്ചു, വെള്ളിയാഴ്ച അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറുമെന്ന്.

ഷിബു മാത്യൂ

പുല്‍വാമയില്‍ ഇന്ത്യന്‍ സൈനീകരുടെ നേരെ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് മറുപടി പറഞ്ഞ ഇന്ത്യയുടെ നിലപാടിനെ യുകെയിലെ പാക്കിസ്ഥാന്‍ വംശജരുടെ രൂക്ഷ വിമര്‍ശനം. പാകിസ്ഥാന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന യുകെയുടെ പ്രധാന നഗരങ്ങളായ ബര്‍മ്മിംഗ്ഹാം, മാഞ്ചെസ്റ്റര്‍, ഡെര്‍ബി, ബ്രാര്‍ഡ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടത്തും ഇന്ത്യാക്കാരോടുള്ള പാക്കിസ്ഥാനികളുടെ സമീപനം പ്രകോപനപരമായിരുന്നു. പാകിസ്ഥാനികളുടെ  അധീനതയില്‍ ഉള്ളതും അവര്‍ ജോലി ചെയ്യുന്നതുമായ ടെയ്‌കെവേകളിലും ബാര്‍ബര്‍ഷോപ്പുകളിലും ഓഫ് ലൈസന്‍സ് ടാക്‌സി സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലുമാണ് പ്രധാനമായും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്ത്യക്കാര്‍ പാക്കിസ്ഥാനികളുമായി കൂടുതല്‍ ഇടപഴകുന്നതും ഈ മേഖലകളിലാണ്. ഒരു ഇന്ത്യന്‍ വംശജനാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഇന്ത്യയുടെ നിലപാടിനെ അതിനീചമായ രീതിയില്‍ അവര്‍ സംസാരിച്ചു തുടങ്ങും. കാലങ്ങളായിട്ട് നേരിട്ടറിയാവുന്നവരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരുമായിട്ടുള്ളവരുമാണെങ്കില്‍ പോലും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ ഉന്നയിക്കുക. ഒരു പരിധിവരെ മൗനംപാലിക്കുന്നവര്‍ പോലും താനേ പ്രതികരിച്ചു പോകുമെന്ന് ബര്‍മ്മിംഗ്ഹാമില്‍ നിന്നുള്ള നിഷാ പട്ടേല്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോഴുണ്ടായ തന്റെ അനുഭവത്തില്‍ നിന്നു പറഞ്ഞു.

വെസ്റ്റ് യോര്‍ക്ഷയറിലെ ബാര്‍ബര്‍ ഷോപ്പില്‍ ഇന്ന് മുടി വെട്ടാനെത്തിയ  (പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത) മലയാളിക്കുണ്ടായ  അനുഭവം തികച്ചും ഭീതിജനകമായിരുന്നു. പതിമൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം പരിചയമുള്ള പാകിസ്ഥാനികള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനെത്തിയത് രാവിലെ പത്തു മണിക്ക്. മൂന്നു ജോലിക്കാരും ഒരു ട്രെയിനിയുമുള്‍പ്പെടെ നാല് പേര്‍ ഷോപ്പിലുണ്ട്. മുടിവെട്ടുന്നതിനാവശ്യമായ ഡ്രസ്സുകള്‍ ധരിപ്പിച്ച് ജോലി ആരംഭിച്ച ഉടനെ ബാര്‍ബര്‍ ആദ്യം സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. ‘ ഭയ്യാ, ഇന്ത്യാ വാലാ ബഹുത് ഹറാമിയാര്‍ ‘ ഇന്ത്യാക്കാര്‍ വളരെ കുഴപ്പക്കാരാണ് എന്നര്‍ത്ഥം. സാധാരണ മുടി എങ്ങനെയാണ് വെട്ടേണ്ടത് എന്നതായിരുന്നു ആദ്യ ചോദ്യം. പക്ഷേ ഈ ചോദ്യത്തില്‍ തന്നെ കസ്സേരയില്‍ ഇരുന്നമലയാളി തെല്ലുമൊന്നു പരിഭ്രമിച്ചു. പിന്നീടങ്ങോട്ടുള്ള അരമണിക്കൂര്‍ ഇന്ത്യയെ ചീത്ത പറയുക മാത്രമാണ് അയാള്‍ ചെയ്തത്. ബാക്കി മൂന്നു പേരും അതിനെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുകയും ചെയ്തു. കത്രികയും ബ്ലേഡും ഉള്‍പ്പെട്ട പണിയായുധങ്ങള്‍ കഴുത്തിന് ചുറ്റും വെച്ച് ആക്രോശിക്കുന്നത് ഭീതിയോടെ കേട്ട് മൂളുക മാത്രം ചെയ്ത അയാള്‍ക്ക് എത്രയും വേഗം സ്ഥലം വിടുക എന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളുവെന്ന് മലയാളം യുകെയോട് പറഞ്ഞു. ഇന്ത്യയെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ കുടിയേറ്റത്തിന്റെ മൂന്നും നാലും തലമുറയിലുള്ള ഇക്കൂട്ടര്‍ക്കുള്ളൂ. അതില്‍ കൂടുതല്‍ യാതൊരു അറിവും ഇന്ത്യാ പാക് ബന്ധത്തേക്കുറിച്ച് ഇവര്‍ക്കില്ല. ഒടുവില്‍ നമ്മള്‍ പിടിച്ച ഹിന്ദുസ്ഥാന്‍ വൈമാനികനെ സമാധാനമുദ്രയായി മോചിപ്പിക്കുന്നുവെന്ന് പാര്‍ലമെന്റില്‍ ഉറക്കെ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും ചീത്ത വിളിയും ഇക്കൂട്ടര്‍ ആരംഭിച്ചു.

ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ തകരാറിലായാല്‍ ഒരു വംശീയ കലാപം പൊട്ടി പുറപ്പെടാനുള്ള സാധ്യത തള്ളിക്കളായാനാകില്ല എന്ന് കഴിഞ്ഞ ദിവസം യുകെയിലുണ്ടായ സംഭവവികാസങ്ങള്‍ തെളിയ്ക്കുന്നു.

Copyright © . All rights reserved