ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെയായിട്ടും വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. തുടർന്നാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാർപാപ്പയ്ക്കും പരാതി നൽകിയവരിൽ ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോൾ കഴിഞ്ഞ മെയ് മാസം ഫാ.കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദർ കുര്യാക്കോസിന് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും പറഞ്ഞിരുന്നു.
ചാപ്പലിൽ ഫാദർ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോൺകോളുകൾ വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭീഷണികൾ ശക്തമായ സാഹചര്യത്തിൽ ഒരു ഘട്ടത്തിൽ സമരത്തിൽ നിന്ന് ഫാദർ പിൻവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് ചിറ്റൂരില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മകന്‍ മനോജ് ,മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയത്.പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ചിറ്റൂർ കൊഴഞ്ഞാമ്പാറ എന്ന സ്ഥലത്താണ് സംഭവം. പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാരും ദുരന്തം അറിയുന്നത്.
ഒരു വർഷമായി കുടുംബം ഇവിടെ വാടകയ്ക്കു താമസിക്കുന്നവരാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ‘ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി, ഞാൻ സ്റ്റേഷനിൽ എത്തിയിരിക്കുന്നു’ എന്നാണ് സ്റ്റേഷനിലെത്തി ഭർത്താവ് പൊലീസുകാരോടു പറഞ്ഞത്. തുണി തേച്ചു കൊടുക്കുന്ന തൊഴിലാണ് ഇയാൾക്ക്.
ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി. മലകയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് കറുകച്ചാല്‍ സ്വദേശിയായ യുവതി എരുമേലി പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് താമസിക്കുന്ന ബിന്ദുവാണ് രണ്ടു കുട്ടികളുമായി സ്റ്റേഷനിലെത്തിയത്. എന്നാൽ എരുമേലിയിൽ നിന്നും സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇവരോടു പമ്പ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്നു പൊലീസ് നിർദേശിച്ചതായാണു വിവരം. യുവതി മടങ്ങിപ്പോയതായും സൂചനയുണ്ട്.
തുലാമാസ പൂജക്കായി തുറന്ന ശബരിമല നട വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ ഇന്ന് അടക്കുകയാണ്. നാല് ദിവസത്തിനിടെ പത്ത് യുവതികൾ ദർശനത്തിനെത്തിയെങ്കിലും പ്രതിഷേധം കാരണം സുപ്രീം കോടതി വിധി ഇതുവരെ നടപ്പായില്ല. അവസാന ദിനവും യുവതികളെത്തിയേക്കാമെന്ന വിലയിരുത്തലിൽ പൊലീസ് കനത്ത കാവൽ തുടരുമ്പോൾ എന്ത് വില കൊടുത്തും തടയണമെന്ന വാശിയിൽ സന്നിധാനത്തടക്കം തമ്പടിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ. അതേസമയം എരുമേലിയില്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
പാലക്കാട്: പാലക്കാട ചിറ്റൂരില്‍ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യന്‍ ആണ് ഭാര്യ കുമാരിയെയും മക്കളായ മനോജ്, ലേഖ എന്നിവരെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മാണിക്യന്‍ പോലീസില്‍ കീഴടങ്ങി.
രാവിലെ ഏഴരയോടെ മാണിക്യന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് ഇവര്‍ താമസിക്കുന്ന കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിലേക്ക് പോയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിയെടുക്കുന്ന മൊയ്തീൻ ഇന്നലെ നാട്ടിലെത്തിയത് സ്വന്തം മക്കളുടെ മരണവിവരം അറിയാതെ. തൃക്കണാപുരം കച്ചേരിപറമ്പ് സ്വദേശി ചെറുവത്തൂർ മൊയ്തീന്റെയും ഖദീജയുടെയും മക്കളായ ഷാക്കിർ (20), ജുമാന (14) ജാസിം (12) എന്നിവരാണ് ഭാരതപ്പുഴയിലെ ഉമ്മത്തൂർ കടവിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.മൊയ്തീനും ഖദീജയ്ക്കും നഷ്ടമായത് 10 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുട്ടികൾ. ഖദീജയ്‌ക്ക് അസുഖമാണെന്ന് വിവരം നൽകിയാണ് മൊയ്തീനെ നാട്ടിലെത്തിച്ചത്.
ഇന്നലെ രാവിലെ വീട്ടിലെത്തിയ മൊയ്തീൻ കുട്ടികളെ അന്വേഷിക്കുമ്പോഴാണ് ബന്ധുക്കൾ അപകടവിവരം അറിയിക്കുന്നത്. സ്കൂൾ അവധിയെ തുടർന്ന് തൃക്കണാപുരം കച്ചേരിപറമ്പിലെ വീട്ടിൽനിന്നു ബുധനാഴ്ച വൈകിട്ടാണ് ഷാക്കിറും ജുമാനയും ജാസിമും മാതാവ് ഖദീജയ്ക്കൊപ്പം ഉമ്മത്തൂരിലെ ബന്ധുവീട്ടിലേക്ക് പോയത്. ബെംഗളൂരുവിൽ പഠിക്കുന്ന ഷാക്കിർ നവരാത്രി ആഘോഷത്തിന്റെ അവധിയെ തുടർന്ന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഷാക്കിറിന്റെയും ജുമാനയുടെയും മൃതദേഹങ്ങൾ വൈകിട്ടോടെയും ജാസിമിന്റെ മൃതദേഹം രാത്രിയും കബറടക്കി
ന്യൂഡൽഹി: എമർജൻസി ബ്രേക്ക് ഉപയോഗിച്ചിട്ടും ആളുകൾക്കു മേൽ ട്രെയിൻ പാഞ്ഞുകയറിയെന്ന് അമൃത്സർ ദുരന്തത്തിനു കാരണമായ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രാക്കിൽ ജനങ്ങൾ കൂടിനിൽക്കുന്നതുകണ്ട് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. എന്നാൽ ട്രെയിൻ പാളത്തിലുണ്ടായിരുന്ന ആളുകൾക്കു മുകളിലൂടെ കയറിയിറങ്ങി. ട്രെയിൻ നിന്നതോടെ അക്രമാസക്തരായ ജനക്കൂട്ടം കല്ലേറ് ആരംഭിച്ചു. ഇതോടെ തന്റെ യാത്രക്കാരുടെ സുരക്ഷയെ കരുതി ട്രെയിൻ മുന്നോട്ടെടുത്തെന്നും ലോക്കോ പൈലറ്റ് അരവന്ദ് കുമാർ പറഞ്ഞു.
ദസറ ആഘോഷങ്ങൾക്കിടെ ട്രെയിനിടിച്ച് 61 പേർ മരിക്കാനിടയായ സംഭവം ഡ്രൈവറുടെ അനാസ്ഥമൂലമല്ലെന്നു കേന്ദ്ര റെയിൽവേ സഹമന്ത്രി മനോജ് സിൻഹ പറഞ്ഞിരുന്നു. ദസറ ആഘോഷം നടക്കുന്നതായി റെയിൽവേ അധികാരികൾക്കു വിവരം ലഭിച്ചിരുന്നില്ലെന്നും അതിനാൽ, ഡ്രൈവർക്കെതിരേ നിയമനടപടി എ ടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ട്രെയിനിടിച്ചു മരിച്ച 61 പേരിൽ 39 പേരെ മാത്രമാണു തിരിച്ചറിയാനായത്. 72 പേർ ചികിത്സയിലാണ്. ട്രാക്കിനു സമീപം ആഘോഷങ്ങൾ നടത്തുന്നതിൽനിന്നു ജനങ്ങൾ മാറി നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ ഗാനം പണ്ടാരാണ്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രഞ്ജിതിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പുനല്‍കുന്നത്.
ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും എന്നാല്‍ അതോടൊപ്പം വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്നമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.
നവംബര്‍ ഒന്നിനാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.
സർക്കാരിനെ കളിയാക്കുന്ന പോസ്റ്റുമായി അഡ്വ. ജയശങ്കർ. സരിതാനായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്. ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ. ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുളളവർക്കെതിരെയും ഇതുപോലുളള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.
അഡ്വ. ജയശങ്കറുടെ ഫേസ്ബുക് പോസ്റ്റിലൂടെ….
സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.
സരിതാനായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.
ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുളളവർക്കെതിരെയും ഇതുപോലുളള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.
മീടൂവിൽ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് ഹൈക്കമാൻഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മൻചാണ്ടിയെയും വേണുഗോപാലിനെയും വർക്കിങ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.
നമ്മൾ അതിജീവിക്കും, സഖാവ് സരിതയ്ക്കൊപ്പം.
ഡല്‍ഹിക്ക് സമീപം ഫരീദാബാദില്‍ മലയാളി കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചതോടെ വിവരം പുറംലോകം അറിഞ്ഞത്. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍. സാമ്പത്തിക ബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഫരീദാബാദ് ദയാല്‍ബാഗിലെ സി 31ലെ വാടക വീട്ടിലാണ് മലയാളി കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദീപ് മാത്യു, സഹോദരിമാരായ മീന, ബീന, ജയ എന്നിവരാണ് മരിച്ചത്. 37 നും 45നുമിടയിലാണ് ഇവരുടെ പ്രായം.
സാമ്പത്തികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയിലെ തിയതിയാണ് രേഖപ്പെടുത്തിയിരുന്നത്. ഇരുപത് വര്‍ഷമായി ഫരീദാബാദില്‍ താമസിച്ചു വരികയായിരുന്നു കുടുംബം. മലയാളിയായ അച്ഛന്‍ ജെ.ജെ.മാത്യു ആറു മാസം മുന്‍പ് മരിച്ചു. ഉത്തരേന്ത്യന്‍ സ്വദേശിയായ അമ്മ രണ്ടുമാസം മുന്‍പ് മരിക്കുകയും ചെയ്തതോടെ അവിവാഹിതരായ സഹോദരങ്ങള്‍ ദയാല്‍ബാദിലേക്ക് മാറുകയായിരുന്നു.
ഹരിയാന സര്‍ക്കാരില്‍ ജീവനക്കാരായിരുന്നു മാത്യുവും ഭാര്യയും. സഹോദരങ്ങളില്‍ ചിലര്‍ രോഗബാധിതരായിരുന്നെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മൃതദേഹങ്ങള്‍ ബുറാഡി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹവും എഴുതിവച്ചിട്ടുണ്ട്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാണ് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. ബി.കെ.എസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രാദേശിക പള്ളി വികാരിക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ശബരിമല കയറാൻ ആന്ധ്രയിൽ നിന്നെത്തിയ രണ്ട് യുവതികളെയും മടക്കിയയച്ചു. ആചാരങ്ങളും ഇവിടുത്തെ പ്രശ്നങ്ങളും അറിയാതെ എത്തിയവരാണ് ഇവരെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു.
മല കയറണമെന്നുണ്ടെങ്കില്‍ സംരക്ഷണം നല്‍കാമെന്ന് ഇവരെ പൊലീസ് അറിയിച്ചെങ്കിലും ആചാരങ്ങൾ ലംഘിച്ച് മലചവിട്ടാൻ താൽപര്യമില്ലെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. യുവതികളെ നിലയ്ക്കലിലേക്ക് മാറ്റി. മടങ്ങിപ്പോകാൻ തയാറാണെന്ന് പൊലീസിനെ ഇവർ അറിയിച്ചു. കുടുംബത്തോടൊപ്പം പല തീർഥാടന കേന്ദ്രങ്ങളും സന്ദർശിച്ച ശേഷമാണ് 40 അംഗ സംഘത്തില്‍പ്പെട്ട ഇവർ ശബരിമലയിൽ എത്തുന്നത്. വാസന്തി(41) ആദിശേഷി(42) എന്നിവരാണ് മലകയറിയത്. ഇരുവരും ഗുണ്ടൂര്‍ സ്വദേശികളാണ്.
നീലിമലയില്‍ വച്ച് ഭക്തര്‍ ശരണംവിളികളോടെ ഇവരെ തടയുകയായിരുന്നു. പമ്പയില്‍ നിന്ന് ഇവര്‍ മലകയറുന്നത് ആദ്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടില്ല. അതിനാല്‍ ഇവര്‍ക്ക് സുരക്ഷയുമില്ലായിരുന്നു. പ്രതിഷേധം കണ്ടതോടെയാണ് പൊലീസ് ഇടപെട്ട് തിരിച്ചെത്തിച്ചത്. ഇനിയും സ്ത്രീകൾ ദർശനത്തിന് എത്തിയാൽ സുരക്ഷയൊരുക്കൽ പൊലീസിന് വെല്ലുവിളിയാണ്. എന്നിരുന്നാലും കഴിയുന്ന രീതിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമെന്ന് ഐ.ജി ശ്രീജിത്ത് അറിയിച്ചു. എന്നാൽ അത് വിശ്വാസികളെ അവഗണിച്ചുകൊണ്ടായിരിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
തുലാമാസ പൂജയ്്ക്കു ശേഷം നാളെ നട അടയ്ക്കാനിരിക്കെ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ യുവതികൾ എത്തിയേക്കാമെന്ന പ്രചാരണം ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. . യുവതികളെത്തിയാൽ അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച ശേഷം സുരക്ഷ ഒരുക്കിയാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.
അതേസമയം പ്രവേശനം തടയുകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്തും ശരണപാതകളിലും പ്രതിഷേധക്കാരും കൂടുതലായി തമ്പടിച്ചിട്ടുണ്ട്. വനത്തിലും ഇവർ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. ഇതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് വനത്തിൽ പരിശോധന നടത്തും.
ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളും നടപടികളും സംബന്ധിച്ച് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് നടയടച്ചശേഷം പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്‌റ. പൊലീസിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ സമയമാണ്. ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.