Latest News

ന്യുഡല്‍ഹി: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ നിന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി. ജൂണ്‍ 13നാണ് ഇഫ്താര്‍ വിരുന്ന്. പ്രണബ് മുഖര്‍ജിക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ക്ഷണമില്ല. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ ശക്തമാകുന്ന കാലഘട്ടത്തില്‍ കെജ്‌രിവാളിനെ ഒഴിവാക്കിയതും ശ്രദ്ധേയമായി.

ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ ജൂണ്‍ 13നാണ് രാഹുലിന്റെ ഇഫ്താര്‍ വിരുന്ന്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും ഇഫ്താറിലേക്ക് ക്ഷണിച്ചിട്ടില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ നേതാക്കള്‍ നടത്തുക്ക ഇഫ്താര്‍ വിരുന്നുകള്‍ക്ക് രാഷ്ട്രീയ മാനം കൂടിയുണ്ട്. പുതിയ രാഷ്ട്രീയ സഖ്യങ്ങളുടെ സൂചനകള്‍ പോലും ഇത്തരം ഇഫ്താര്‍ വിരുന്നുകള്‍ രാജ്യതലസ്ഥാനത്ത് നിന്ന് നല്‍കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രമുഖരെ ഒഴിവാക്കിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്.

കഴിഞ്ഞ വ്യാഴാഴ്ച ആര്‍.എസ്.എസിന്റെ നാഗ്പുരിലെ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഡേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച പ്രണബ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ മറികടന്നാണ് ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പ്രണബ് പങ്കെടുത്തത്.

 

കൊച്ചി മരടില്‍ സ്കൂള്‍ വാൻ കുളത്തിലേക്ക് മറിഞ്ഞു മൂന്നുമരണം. രണ്ടു കുട്ടികളും ആയയുമാണ് മരിച്ചത്. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്‍ററിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പെട്ടത്. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ലതാ ഉണ്ണി എന്ന ആയയുമാണ് മരിച്ചത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. ഡ്രൈവറെയും പരുക്കേറ്റ മറ്റുകുട്ടികളെയും പി.എസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആയ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുമ്പോള്‍ തന്നെ കുട്ടികള്‍ അവശ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. വെള്ളത്തില്‍ വീണ അഞ്ച് കുട്ടികളെ പരിസരവാസികള്‍ ഉടന്‍ തന്നെ രക്ഷപെടുത്തി. ഇവര്‍ക്ക് പരുക്കുകളില്ല.

പരുക്കേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന വിവരമാണ് കിട്ടിയതെന്ന് എം.സ്വരാജ് എംഎഎല്‍എ പറഞ്ഞു. ഡ്രൈവര്‍ ഇപ്പോള്‍ അബോധാവസ്ഥയിലാണ്.

കൊടുങ്ങല്ലൂരില്‍ പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ പ്രതി ബിജെപി പ്രവര്‍ത്തകനായ പുളിപ്പറമ്പില്‍ ഗോപിനാഥിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഗോപിനാഥന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ഗോപിനാഥനും സംഘവും ആക്രമിച്ചത്. മേത്തല വലിയപണിക്കന്‍ തുരുത്തിലാണ് സംഭവം . ‘ഇത് ഹിന്ദു രാഷ്ട്രം, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു പാസ്റ്ററെ ആക്രമിച്ചത്.

മേത്തല വിപി തുരുത്തില്‍ പാസ്റ്ററും വിദ്യാര്‍ഥികളും ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു. ഇവിടെ സംഘടിച്ച് എത്തിയ ബിജെപി പ്രവര്‍ത്തകരാണ് പാസ്റ്ററെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആക്രമികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ റോയി തോമസ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം ഗോപിനാഥിനെതിരെ കേസെടുത്തത്. ഗോപിനാഥന്‍ മറ്റ് നിരവധി കേസുകളും പ്രതിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം: കോണ്‍ഗ്രസ് കോട്ടയത്ത് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാരാണ് അങ്ങിനെ ചിന്തിക്കേണ്ടതെന്നും അങ്ങിനെ വന്നാല്‍ പിന്തുണ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും കോടിയേരി വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹം മാത്രമാണ്. അതിനാലാണ് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. ജോസ് കെ മാണി കോട്ടയശത്ത ജനങ്ങളെ വെല്ലുവിളിച്ചെന്നും ഏഴുകോടിയോളം മണ്ഡലത്തിന് നഷ്ടം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

ജോസ്‌കെ മാണി നിലവില്‍ കേരളാകോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിയാണ്. ഈ കാലാവധി 2019 ലാണ് കഴിയുക. എംപി സ്ഥാനം രാജിവെച്ചാണ് രാജ്യസഭയിലേക്ക മത്സരിക്കുന്നതെന്നും പറഞ്ഞു.

കേരളാ കോണ്‍ഗ്രസി(എം)നു രാജ്യസഭാ സീറ്റ് നല്‍കിയതിനേത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് തുടങ്ങുന്ന കെ.പി.സി.സി. നേതൃയോഗങ്ങളില്‍ വിഷയമാകും. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രാഷ്ട്രീയകാര്യസമിതിയും നാളെ ഭാരവാഹി യോഗവും ചേരും. യോഗങ്ങളില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. ഇന്നു ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശകരുടെ വിഭാഗത്തിനു ഭൂരിപക്ഷമുള്ളതിനാല്‍ നേതൃത്വം പ്രതിരോധത്തിലാകും.

യോഗങ്ങള്‍ക്കു മുമ്പ് പ്രശ്‌നങ്ങള്‍ തണുപ്പിക്കാനാണു കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍ പത്രസമ്മേളനം നടത്തിയത്. ഇടഞ്ഞുനില്‍ക്കുന്ന പി.ജെ. കുര്യനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതും ഇതേ ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍, പ്രശ്‌നം ഗ്രൂപ്പ് പോരിന്റെ തലത്തിലേക്കാണു നീങ്ങുന്നത്.

 

കൊച്ചിയില്‍ യുവനടി സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് യുവനടിക്ക് പരിക്ക്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയ മേഘ മാത്യൂസിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ഒരുമണിക്കൂര്‍ ശ്രമത്തിനു ശേഷമാണ് നടിയെ രക്ഷിക്കാനായത്. കാറിനുള്ളില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.

മേഘ എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്ന. കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. കൈക്ക് ചെറിയ പരുക്കേറ്റതല്ലാതെ മേഘയ്ക്ക് മറ്റു കുഴപ്പങ്ങളില്ല. ഇന്നു തന്നെ പാലക്കാട്ട് നടക്കുന്ന ദിലീഷ് പോത്തന്‍- ഹരീഷ് പേരടി ടീമിന്റെ ലീയാന്‍സിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മേഘ മടങ്ങും.

തലകീഴായി മറിഞ്ഞ വാഹനത്തിനുളളില്‍ ഒരുമണിക്കൂറോളം നടി പെട്ടുപോയി. കാഴ്ചക്കാരായി എത്തിയ ആളുകള്‍ സഹായിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എറണാകുളം മുളന്തുരുത്തിക്ക് സമീപം മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് റോഡരികില്‍ തലകീഴായി മറിയുകയായിരുന്നു. മേഘയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടസമയത്ത് കാറില്‍ മേഘ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി യുകെയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്. രാഷ്ട്രീയ അഭയം നൽകണമെന്നാവശ്യപ്പെട്ടാണ് നീരവ്മോദി യുകെ കോടതിയെ സമീപിച്ചതെന്നാണ് വിവരം. റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വ്യാജ രേഖകൾ നൽകി പിഎൻബിയിൽ നിന്ന് 13,000 കോടിരൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ഇ‍യാൾ യുകെയിലേക്ക് കടന്നത്.

കേസിൽ അറസ്റ്റ് ഭയന്ന് ജനുവരിയിലാണ് നീരവ് മോദി ഇന്ത്യവിട്ടത്. ആദ്യം യുഎഇയിലേക്കും പിന്നീട് ഹോങ്കോംഗിലേക്കും കടന്നതിനു ശേഷമാണ് ഇയാൾ ഇപ്പോൾ യുകെയിൽ അഭയം തേടിയിരിക്കുന്നത്. അതേസമയം, സ്വകാര്യ കേസുകളിലെ വിവരങ്ങൾ കൈമാറാൻ ആകില്ലെന്ന് ബ്രിട്ടൻ, ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാൽ നീരവ് യുകെയിലെത്തിയെന്നതിന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

സമാനമായ തട്ടിപ്പു കേസിൽ കിംഗ്ഫിഷർ എയർലൈൻസ് ഉടമയും മദ്യവ്യവസായിയുമായിരുന്ന വിജയ്മല്യയും യുകെഎയിലേക്ക് കടന്നിരിന്നു. മല്യയെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രം പരിശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.

വ്യക്തികളെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് ബ്രിട്ടീഷ് ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത് എന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നീരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയുടേയും ഉടമസ്ഥതയിലുള്ള ജ്വല്ലറി ഗ്രൂപ്പുകളാണ് തട്ടിപ്പ് നടത്തിയത്. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മേധാവി ഉഷ അനന്ത സുബ്രഹ്മണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രിട്ടനോട് എക്‌സ്ട്രാഡിഷന്‍ നടപടി ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണ ഏജന്‍സികള്‍ തങ്ങളെ ബന്ധപ്പെടുന്നതിനായി കാത്തിരിക്കുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞിരിക്കുന്നത്. നേരത്തെ വായ്പ എടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നിരുക്കെയാണ് മറ്റൊരു സാമ്പത്തിക കുറ്റവാളി കൂടി ബ്രിട്ടനില്‍ അഭയം തേടുന്നത്.

വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന മുത്തശ്ശൻ മരണത്തിന് കീഴടങ്ങിയപ്പോൾ പിണക്കങ്ങളെല്ലാം മറന്ന് മുത്തശ്ശനെ അവസാനമായി ഒരു നോക്ക് കാണാന്‍ പുളളിലുളള വീട്ടിൽ മീനാക്ഷിയെത്തി. അതും അച്ഛന്‍റെ കൈപിടിച്ചു തന്നെ. മഞ്ജുവിന്റെ വസതിയില്‍ എത്തിയ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ കുടുംബത്തിനെ ആശ്വസിപ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം ഇരുവരും അവിടെ ചെലവഴിച്ചു.

കാന്‍സര്‍ രോഗബാധിതനായിരുന്ന മഞ്ജുവിന്റെ അച്ഛന്‍ വളരെക്കാലമായി അതിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം തീവ്രമായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാന്‍സര്‍ ബാധിതയാണ് . മാതാപിതാക്കള്‍ രണ്ടു പേരും കാന്‍സറിന്റെ കരങ്ങളില്‍ പെട്ട് പോയത് കണ്ടത് കൊണ്ടാവാം, കാന്‍സര്‍ പ്രതിരോധ സംബന്ധിയായ പരിപാടികളിലെല്ലാം മഞ്ജു വാര്യര്‍ സജീവമായി പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്.

വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ചലച്ചിത്ര താരങ്ങള്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്. അച്ഛന്‍ ദിലീപിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ മീനാക്ഷി അമ്മയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു കഴിയുകയാണ് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വലിയ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനാകുകയും മഞ്ജു ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നിലകൊള്ളുകയും ചെയ്തത് ഇരുവരേയും വീണ്ടും രണ്ടു ചേരികളിലാക്കി.

ഒടുവില്‍ തന്‍റെ പ്രിയപ്പെട്ട പിതാവിന്‍റെ വിയോഗത്തിന്‍റെ വേദനയില്‍ ആശ്വാസമായി മകളും ദിലീപും എത്തിയത് ഇരുവരും തമ്മിലുളള പ്രശ്നങ്ങളുടെ സംഘര്‍ഷകരമായ അന്തരീക്ഷത്തിന് താത്കാലികമായെങ്കിലും വിരാമമിട്ടേക്കും എന്നാണ് കരുതുന്നത്.

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ യുവ മിമിക്രി താരം നവീനെയാണ് വിവാഹ ദിവസം പോലീസ് കയ്യോടെ പൊക്കിയത്. ദിവ്യ എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2016ല്‍ ദിവ്യയോടൊപ്പം നവീന്റെ വിവാഹം കഴിഞ്ഞതായിരുന്നു. അന്ന് നവീന്‍ പറഞ്ഞതു പ്രകാരം സംഭവം മറച്ചു വെയ്ക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ച് മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നറിഞ്ഞതോടെ തെളിവുകള്‍ സഹിതം ദിവ്യ പോലീസിനെ സമീപിക്കുകയായിരുന്നു.  ഇതോടെ കല്ല്യാണ ദിവസം രാവിലെ ഹോട്ടലിലെത്തി നവീനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നവീന്‍ 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യതയോടെ അനുകരിച്ചാണ് കയ്യടി നേടിയത്.

ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ മഹാമാരിയായ, 1348-ല്‍ യൂറോപ്പില്‍ നടമാടിയ ‘ കറുത്ത മരണം’ എന്നറിയപ്പെട്ട പ്ലേഗുമായി താരതമ്യം ചെയ്യുമ്പോള്‍ നിപ്പയൊക്കെ എത്ര നിസാരം  ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന ഭീകരാവസ്ഥ ലണ്ടനിലെ ജനസംഖ്യ പാതിയായി കുറയാനിടയാക്കി. അന്നു കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണു ലണ്ടനില്‍ മറവു ചെയ്തിരുന്നത്. അതിനു മുന്‍പ് അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും അഞ്ചു കോടിയിലേറെ ജനങ്ങളെ കൊന്നൊടുക്കിയതിനു ശേഷമായിരുന്നു സര്‍വസംഹാരിയായ ആ മൂന്നാം വരവ്.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരക പാൻഡെമിക്കുകളിൽ ഒന്നായിരുന്നു 1348-നും 1350-നും ഇടയിൽ യൂറോപ്പിൽ മൂർദ്ധന്യത്തിലെത്തിയ പ്ലേഗ് ബാധയായ ബ്ലാക്ക് ഡെത്ത് (Black Death). ഏഴരക്കോടിക്കും 20 കോടിക്കും ഇടയിൽ മരണങ്ങൾ ഇതുമൂലമുണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. [1][2][3] ഇതിനു മുൻപ് യൂറോപ്പിൽ വ്യാപകമായി പ്ലേഗ് ബാധയുണ്ടായത് 800 വർഷങ്ങൾക്കപ്പുറമായിരുന്നു.

ചെള്ളുകളിലൂടെയായിരുന്നു പ്ലേഗിനു (bubonic plague) കാരണമായ ബാക്ടീരിയം യെര്‍സിനിയ പെസ്റ്റിസ് (വൈ പെസ്റ്റിസ്) പടര്‍ന്നിരുന്നത്. ചെള്ളുകളിലൂടെ എലികളിലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും മറ്റു സസ്തനികളിലേക്കുമെല്ലാം പടര്‍ന്നു. എന്നാല്‍ മാരകമായ പകര്‍ച്ചവ്യാധിയാകും വിധം വൈ പെസ്റ്റിസിന് എന്നാണു രൂപാന്തരം സംഭവിച്ചതെന്നതില്‍ ഗവേഷകര്‍ക്കു കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. ആ കുഴക്കുന്ന പ്രശ്‌നത്തിലേക്കു വെളിച്ചം വീശുന്ന ഒരു കണ്ടെത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ഈ പകർച്ചവ്യാധിയുടെ കാരണം എന്താണെന്നതിനെപ്പറ്റി പല ഊഹങ്ങളുണ്ടായിരുന്നെങ്കിലും ദക്ഷിണ യൂറോപ്പിൽ മരണമടഞ്ഞവരുടെ മൃതശരീരത്തിൽ നിന്നു ശേഖരിച്ച ഡി.എൻ.എ. സമീപകാലത്ത് പരിശോധിച്ചതിൽ നിന്നും ബ്യൂബോണിക് പ്ലേഗ് ഉണ്ടാക്കുന്ന യെർസീനിയ പെസ്റ്റിസ് എന്ന രോഗകാരിയാണ് ഇതിനു കാരണം എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ കണ്ടെത്തപ്പെട്ടിട്ടുള്ള പ്ലേഗ് രോഗകാരികളിൽ നിന്നും വളരെ വ്യത്യസ്തമായവയായിരുന്നു ബ്ലാക്ക് ഡെത്തിനു കാരണമായത്.

റഷ്യയിലാണ് ചരിത്രപ്രാധാന്യമുള്ള ആ കണ്ടെത്തല്‍. അവിടെ വെങ്കലയുഗത്തിലെ ചില കല്ലറകള്‍ ഗവേഷകര്‍ കണ്ടെത്തി. അതായത് നാലായിരം വര്‍ഷം മുന്‍പു വരെ പഴക്കമുള്ളത്. തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ സമാറയില്‍ പത്തോളം കല്ലറകളാണ് ഗവേഷകര്‍ പരിശോധിച്ചത്. അവയിലൊന്ന് ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് അടക്കം ചെയ്തതായിരുന്നു. അവര്‍ക്ക് ഇരുവര്‍ക്കും പ്ലേഗ് ബാധിച്ചിരുന്നുവെന്ന് വിശദമായ പരിശോധനയിലാണ് വ്യക്തമായത്. വെറും പ്ലേഗല്ല അവരെ ബാധിച്ചത്, പിന്നെയും അനേക വര്‍ഷങ്ങള്‍ക്കു ശേഷം കോടിക്കണക്കിനു പേരെ കൊന്നൊടുക്കാനിടയാക്കിയ അതേ വൈ പെസ്റ്റിസ് ബാധിച്ചുണ്ടായ പ്ലേഗ് ആയിരുന്നു അവരെ ബാധിച്ചിരുന്നത്.

ഗവേഷകര്‍ കണ്ടെത്തിയ ബാക്ടീരിയത്തിന്റെ ഡിഎന്‍എയില്‍ പോലുമുണ്ടായിരുന്നില്ല വ്യത്യാസം. പല കാലങ്ങളിലായി ജസ്റ്റിനിയന്‍ പ്ലേഗ്, ബ്ലാക്ക് ഡെത്ത്, ഗ്രേറ്റ് പ്ലേഗ് ഓഫ് ലണ്ടന്‍, ചൈനയില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലുണ്ടായ പ്ലേഗ് തുടങ്ങിയ മഹാമാരികള്‍ക്കെല്ലാം കാരണമായി പ്രവര്‍ത്തിച്ച ബാക്ടീരിയത്തിന്റെ പൂര്‍വികര്‍ റഷ്യയില്‍ കണ്ടെത്തിയ ബാക്ടീരിയം തന്നെയാണെന്നു ചുരുക്കം.  ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ് സയന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. ഇതോടെ പ്ലേഗ് എന്ന മഹാമാരിയ്ക്ക് കരുതിയതിലും കൂടുതല്‍ പ്രായമുണ്ടെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അപ്പോഴും ആ സ്ത്രീക്കും പുരുഷനും ബാധിച്ച വൈ പെസ്റ്റിസിന്റെ യഥാര്‍ഥ ഉറവിടം എവിടെന്ന കാര്യം അവ്യക്തമായി തുടരുന്നു. അത് റഷ്യയാണെന്ന് ഉറപ്പിക്കാന്‍ തക്ക തെളിവുകളുമില്ല. എന്നിരുന്നാലും പുതിയ കണ്ടെത്തല്‍ പ്ലേഗിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തിന് പ്രേരകശക്തിയാകുമെന്നുറപ്പ്.

ഏഷ്യയിൽ (ചൈനയിലോ മദ്ധേഷ്യയിലോ) ആരംഭിച്ച അസുഖം[6] 1348-ൽ യൂറോപ്പിലെത്തി. സിൽക്ക് റോഡുവഴിയാവണം 1346-ൽ ഈ അസുഖം ക്രിമിയയിൽ എത്തിയത്. ക്രിമിയയിൽ നിന്ന് രക്ഷപെട്ട ഇറ്റാലിയൻ കച്ചവടക്കാരിലൂടെയാവണം ഇത് യൂറോപ്പിലെത്തിയത്. വ്യാപാരക്കപ്പലുകളിലെ സഞ്ചാരികളായ കറുത്ത എലികളിൽ വസിക്കുന്ന പൗരസ്ത്യ എലിച്ചെ‌ള്ളുകൾ വഴിയാവണം ക്രിമിയയിൽ നിന്ന് മെഡിറ്ററേനിയൻ പ്രദേശത്തേയ്ക്ക് അസുഖം പടർന്നത്. യൂറോപ്പിലെ ജനസംഖ്യയുടെ 30–60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. [7]ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. [8] മൊത്തത്തിൽ ആ സമയത്തെ (പതിനാലാം നൂറ്റാണ്ട്) ലോക ജനസംഖ്യയായിരുന്ന 45 കോടി ഈ അസുഖം മൂലം 35 കോടിക്കും 37.5 കോടിക്കും ഇടയിലെത്തി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെ പട്ടണപ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ ജനസംഖ്യയുടെ പകുതി മരണമടഞ്ഞുവെന്നാണ് കണക്ക്. [9]

ബ്ലാക്ക് ഡെത്തിന്റെ മതപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ജനസംഖ്യ പഴയ നിലയിലെത്താൻ 150 വർഷങ്ങളെടുത്തു. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു. [10] ഈ സമയത്ത് നൂറിൽ കൂടുതൽ പ്ലേഗ് പകർച്ചവ്യാധികൾ യൂറോപ്പിനെ ബാധിച്ചു. [11] 1361 മുതൽ 1480 വരെയുള്ള കാലത്ത് രണ്ടു മുതൽ അഞ്ചു വർഷം വരെ ഇടവേളകളിൽ ഇംഗ്ലണ്ടിൽ പ്ലേഗ് ബാധയുണ്ടാകുമായിരുന്നു. [12] 1370കളോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യ ഈ അസുഖം കാരണം 50% കണ്ട് കുറയുകയുണ്ടായി.[13] ലണ്ടനിൽ 1665–66 കാലത്തുണ്ടായ പ്ലേഗ് ബാധ ഒരു ലക്ഷം ആൾക്കാരുടെ മരണത്തിനിടയാക്കി. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20% ആയിരുന്നു.

 

മലപ്പുറത്ത് കിണറ്റിൽ കാല് തെറ്റിവീണ് പ്ലസ് ടൂ വിദ്യാർത്ഥി രാഹുൽ മരിച്ചു. കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ കൂടെ ചാടിയ കൗമാരക്കാരനെ രക്ഷപ്പെടുത്തി. വീണു മരിച്ച കൂട്ടുകാരനുമായി കിണറ്റിനകത്ത് കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവനും ആയിരുന്നു. പുലര്‍ച്ചെ കിണറിന് സമീപമെത്തിയ നാട്ടുകാര്‍ നിലവിളി കേട്ടാണ് പ്‌ളസ് ടൂവിന് പഠിക്കുന്ന പയ്യനെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇയാള്‍ നല്‍കിയ വിവരം വെച്ച്‌ കൂട്ടുകാരന്റെ മൃതദേഹം അഗ്നിശമനസേനാ വിഭാഗം കണ്ടെത്തി.

എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറേ കളത്തില വേലുക്കുട്ടിയുടെ മകന്‍ രാഹുലാണ് സംഭവത്തില്‍ മരണമടഞ്ഞത്. അരുണാണ് കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെ മൃതദേഹവുമായി കിണറ്റില്‍ 12 മണിക്കൂറിലധികം ചെലവഴിച്ചത്. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു. ഇരുവരും നടന്നു വരുമ്പോൾ അടങ്ങുംപുറം ക്ഷേത്രപരിസരത്തുളള ആള്‍മറയില്ലാത്ത കിണറ്റില്‍ രാഹുല്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ഉടന്‍ രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടിയെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല.

പകച്ചുപോയ അരുണ്‍ രാവിലെ ഏഴരവരെ കിണറ്റിനകത്ത് കഴിച്ചു കൂട്ടുകയായിരുന്നു. രാവിലെ കിണറ്റിനുള്ളില്‍ നിന്നും രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേട്ട സമീപവാസികളായ സ്ത്രീകള്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി അരുണിനെ രക്ഷപ്പെടുത്തി. അരുണ്‍നല്‍കിയ വിവരം അനുസരിച്ച്‌ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തുകയും ഒമ്ബതു മണിയോടെ രാഹുലിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അരുണിനെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Copyright © . All rights reserved