തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ലഭിച്ചത് അപ്രതീക്ഷിത ഗവര്‍ണര്‍ സ്ഥാനം. കേരളത്തിലെ ബിജെപിയുടെ ചുമതല 2015ല്‍ നല്‍കിയതുപോലെ അപ്രതീക്ഷിതമായാണ് ഗവര്‍ണര്‍ സ്ഥാനവും നല്‍കിയിരിക്കുന്നത്. നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്രനേതൃത്വം സ്വീകരിച്ച നടപടിയാണെന്ന വിമര്‍ശനവും കുമ്മനത്തിന്റെ ഗവര്‍ണര്‍ സ്ഥാനബ്ധിയില്‍ ഉയരുന്നുണ്ട്.
മിസോറാം ഗവര്‍ണറായി കുമ്മനം പോയിക്കഴിഞ്ഞാല്‍ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ആരാകും എത്തുക എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. കെ.സുരേന്ദ്രനാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
എം ടി രമേശ്, പി കെ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. യുവമോര്‍ച്ചാ പ്രസിഡന്റായി നടത്തിയ പ്രവര്‍ത്തനങ്ങളും നിലപാടിലെ കണിശതയും സംഘാടനമികവും സുരേന്ദ്രന് അനുകൂലമാകമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളത്തിലെ സംഘടനാതലത്തില്‍ അടിമുടി മാറ്റം വരുത്താനാണ് കേന്ദ്രനേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാൽ നിലവിൽ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള നിർദേശ പ്രകാരണമാണ് ഗവർണർ പദവിയെന്നാണു സൂചന.
നിലവിലെ ഗവർണർ നിർഭയ് ശർമയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണ് കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചതെന്ന് രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ 1987ൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി തിരുവനന്തപുരം ഈസ്റ്റിൽ മൽസരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് സംഘ് പ്രചാരകനായി. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ചു.
1966 ല്‍ ലോകകപ്പ് മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ പ്രശസ്ത ഇറ്റാലിയന്‍ നടി സോഫിയാ ലോറന്‍സിന്റെ 2 ദശലക്ഷം പൗണ്ട് വില വരുന്ന രത്‌നങ്ങളും മരതകങ്ങളും പവിഴക്കല്ലുകളും അടങ്ങിയ ആഭരണം അടിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നു. ലോകകപ്പിന്റെ പഴയ രൂപമായ യൂള്‍സ് റിമേ കപ്പ് മോചനദ്രവ്യത്തിന് വേണ്ടി മോഷ്ടിച്ച കുപ്രസിദ്ധ കള്ളാന്മാരായ സിഡ്‌സി കുഗുലറും സഹോദരന്‍ റെഗ്ഗും തന്നെയാണ് സോഫിയാ ലോറന്‍സിന്റെ സമ്പാദ്യവും അടിച്ചുമാറ്റിയതെന്നാണ് വിവരം.
1960 ല്‍ നടന്ന മോഷണം സോഫിയാ ലോറന്‍സിന് ജീവിതത്തിലുടനീളം ദു:ഖം സമ്മാനിച്ചതും ഒരിക്കല്‍ പോലും തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ കേസായിരുന്നു. ഈ മോഷണത്തിന് പിന്നിലും സിഡ്‌നി ആയിരുന്നെന്നാണ് വിലയിരുത്തല്‍. 1960 ല്‍ പീറ്റര്‍ സെല്ലേഴ്‌സിനൊപ്പം സിനിമ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ആയിരുന്നു സോഫിയയ്ക്ക് ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദു:ഖത്തിന് കാരണമായ മോഷണം നടന്നത്. ഹെര്‍ട്‌സിലെ എല്‍സ്ട്രീയ്ക്ക് സമീപമുള്ള ഹോട്ടലിലെ ഡ്രോയര്‍ തുറന്ന് അതിലെ തുകല്‍ പെട്ടിയില്‍ ഇട്ടിരുന്ന ആഭരണം എടുത്തുകൊണ്ടു പോവുകയായിരുന്നു. ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ ആഭരണ കൊള്ളയായിട്ടും ആരേയും ഇതുവരെ അതിന്റെ രഹസ്യം പുറത്തു വന്നിട്ടില്ല.
ഇറ്റാലിയന്‍ താരം ലോറന് അന്ന് 24 വയസ്സായിരുന്നു പ്രായം. സൂപ്പര്‍ താരവും തന്റെ 185,000 പൗണ്ട് വില വരുന്ന ആഭരണം കണ്ടെത്തുന്നതിനായി 20,000 പൗണ്ടാണ് അന്ന് ലോറന്‍ സമ്മാനം വാഗ്ദാനം ചെയ്തത്. ഭര്‍ത്താവ് കാര്‍ലോ പോണ്ടിയുമായി സംസാരിച്ചു കൊണ്ടിരിക്കെ രാത്രി 8 മണിക്കും 10 നും ഇടയിലായിരുന്നു മോഷണം. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നു വരികയും വന്‍ നടിയായി മാറുകയും ചെയ്ത ലോറന്റെ അദ്ധ്വാനത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്നു ആ ആഭരണങ്ങള്‍. വിശ്വവിഖ്യാതമായ മോഷണക്കഥയില്‍ 1994 ല്‍ രണ്ടു പേര്‍ ഈ മോഷണത്തിന്റെ അവകാശം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ അവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നില്ല. 77 കാരനായ റേ ജോണ്‍സ് എന്നായാള്‍ വടക്കന്‍ ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കുറ്റം ഏറ്റുപറഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ 63 കാരന്‍ പീറ്റര്‍ സ്‌ക്കോട്ടും മോഷണത്തിന്റെ അവകാശം ഏറ്റെടുത്തു. എന്നാല്‍ ഇതെല്ലാം തട്ടിപ്പായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.
1966 ല്‍ സഹോദരന്‍ റെഗ്ഗിനൊപ്പം ലോകകപ്പ് അടിച്ചു മാറ്റിയ സിഡ്‌നിക്ക് സോഫിയയുടെ നിധി കാണാതാകുമ്പോള്‍ 40 വയസ്സായിരുന്നു. ബ്രിട്ടനില്‍ വന്‍കിട മോഷണങ്ങള്‍ മാത്രം നടത്തുകയും പലതവണ ജയിലില്‍ കയറുകയും ചെയ്തിരുന്ന സിഡ്‌നി റെഗ്ഗ് സഹോദരങ്ങള്‍ പക്ഷേ ഇതിനേക്കാള്‍ വലിയ മോഷണമാണ് പ്‌ളാന്‍ ചെയ്തിരുന്നത്. ടവര്‍ ഓഫ് ലണ്ടനില്‍ സുക്ഷിക്കപ്പെട്ടിട്ടുള്ള അമൂല്യ രത്‌നങ്ങള്‍ പതിച്ച രാജകിരീടമായിരുന്നു മോഷ്ടാക്കളുടെ പട്ടികയില്‍ ഏറ്റവും ഉയരത്തില്‍ എത്താനുള്ള വഴിയായി ഇരുവരും കണ്ടെത്തിയിരുന്നത്.
കണ്ണൂർ പയ്യന്നൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവനടൻ ലോക്കപ്പിൽ തലകറങ്ങി വീണു. സ്വന്തം പീഡനവാർത്ത പത്രത്തിൽ വായിച്ച ഉടനെ ഇയാൾക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വയക്കര മഞ്ഞക്കാട്ടെ പി.എം.അഖിലേഷ് മോൻ എന്ന വൈശാഖാണ് അറസ്റ്റിലായത്.
സിനിമയിൽ അവസരം നൽകാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഓഡീഷനായി തൃശൂരിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ വെച്ചും ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. നാലോളം സിനിമകളില്‍ വൈശാഖ് എന്ന അഖിലേഷ് മോന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചില ഷോര്‍ട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിലും ഇയാള്‍ക്ക് ചെറിയ വേഷമുണ്ട്. ഇതൊക്കെ കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. സിനിമാ രംഗത്തെ പ്രമുഖരുമായി തനിക്ക് വളരെ അധികം അടുപ്പമുണ്ടെന്നും സ്വാധീനമുണ്ടെന്നും ഇയാള്‍ പെണ്‍കുട്ടിയെ ധരിപ്പിച്ചിരുന്നു.
പയ്യന്നൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വൈശാഖിനെ പിടികൂടിയത്. പ്രതിയെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ലോക്കപ്പിലായിരുന്ന പ്രതി തന്റെ അറസ്റ്റ് വാര്‍ത്ത കണ്ട് ഞെട്ടി. തുടർന്ന് തല കറങ്ങിയ വൈശാഖിനെ പൊലീസ് പയ്യന്നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴപ്പമൊന്നും ഇല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നും ഡോക്ടര്‍ പറഞ്ഞ ശേഷമാണ് പൊലീസുകാര്‍ക്കു ശ്വാസം നേരെ വീണത്.
നടനെയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെയും ബഹളം. യുവനടന്റെ അച്ഛനും അമ്മയും സ്‌റ്റേഷനില്‍ എത്തിയിരുന്നു. മകന്‍ നിരപരാധിയാണ് എന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ ബഹളം വെച്ചത്. വൈശാഖിനെ കണ്ടതോടെ ബഹളം കരച്ചിലേക്ക് മാറി. ഇത് കള്ളക്കേസാണെന്ന് വൈശാഖിന്റെ മാതാപിതാക്കൾ ആരോപിച്ചു. പൊലീസിന് ആള് മാറിയതാണെന്നും മകൻ നിരപരാധിയാണെന്നും മാതാപിതാക്കൾ പറയുന്നു
നിപ്പാ വൈറസ് രോഗബാധയുടെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാഫലം. ഭോപ്പാലില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നാല് സാംപിളുകള്‍ പരിശോധിച്ചതില്‍ നാലും നെഗറ്റീവ്. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് മൃഗസംരക്ഷണവകുപ്പ്. ചെങ്ങരോത്തെ മൂസയുടെ കിണറ്റിലെ വവ്വാലുകളില്‍ നിന്നുളള നാല് സാംപിളാണ് പരിശോധിച്ചത്.
അതേസമയം നിപ്പ വൈറസ് രോഗ ചികില്‍സയ്ക്ക് കൂടുതല്‍ ഫലപ്രദമായ മരുന്ന് ഓസ്ട്രേലിയയില്‍നിന്ന് ഉടനെത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. നിരീക്ഷണത്തിലുള്ള 21പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ പന്ത്രണ്ടുപേരാണ് മരിച്ചത്. ചികില്‍സയിലുള്ള മൂന്നുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോഴിക്കോട്ടെ സര്‍വകക്ഷിയോഗത്തിനുശേഷം ആരോഗ്യമന്ത്രി പറഞ്ഞു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കും. നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ കണക്കിലെടുക്കാതെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒരു ദിവസം 21 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി.
ബോളിവുഡ് ഉള്‍പ്പെടെ സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും അസ്വാഭാവികത ഇല്ലെന്ന കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.
ശ്രീദേവിയുടെ മരണത്തില്‍ അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമിയുടെ ആരോപണത്തിനു പിന്നാലെ അതേ ആരോപണം ഉയര്‍ത്തി രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹി പോലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍. ശ്രീദേവിയുടെ മരണം പുനസൃഷ്ടിച്ച ശേഷം ദുബായില്‍ പോയി അന്വേഷണം നടത്തി തിരിച്ചു വന്നാണ് മരണത്തില്‍ ദുരൂഗത ആരോപിച്ചിരിക്കുന്നത്. വേദ് ഭൂഷണ്‍ നിലവില്‍ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തി വരികയാണ്.
ദാവൂദ് ഇബ്രാഹിമിന്റെ ശക്തി കേന്ദ്രമായ ദൂബായില്‍ നടന്ന ശ്രീദേവിയുടെ മരണം ദാവൂദ് അറിഞ്ഞു തന്നെയാകണം എന്നാണ് വേദ് ഭൂഷന്റെ വിലയിരുത്തല്‍. മാത്രമല്ല ശ്രീദേവി താമസിച്ചിരുന്ന ജുമേറ എമിറേറ്റ്‌സ് ടവര്‍ ദാൂവദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വേദ് പറയുന്നു. മരണം അന്വേഷിക്കാന്‍ താന്‍ ചെന്ന തനിക്ക് ശ്രീദേവിയുടെ രക്തസാമ്പിളുകളും, ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും നല്‍കാന്‍ ദുബായ് പോലീസ് തയാറായില്ലെന്നും വേദ് ഭൂഷണ്‍ വെളിപ്പെടുത്തി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ദാവൂദിന്റെ പങ്കിലേയ്ക്കാണെന്നും വേദ് പറയുന്നു.
കടുത്ത സംശയങ്ങള്‍ക്കിടെയാക്കുന്നത് ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് വേദ് ഭുഷണ്‍. നേരത്തേയും ശ്രീദേവിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് സംശയം ഉന്നയിച്ച് മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുനില്‍ സിങ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം: നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച ഡോ.കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് വരേണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനാലാണ് അവസാന നിമിഷം യാത്ര റദ്ദാക്കിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗജന്യ സേവനത്തിന് തയ്യാറാണെന്നായിരുന്നു കഫീല്‍ ഖാന്‍ അറിയിച്ചിരുന്നത്.
എയിംസില്‍ നിന്നുള്ള വിഗദ്ധ സംഘം എത്തുന്നതിനാല്‍ വരേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ താന്‍ വിദഗ്ദ്ധ സംഘം വരുന്ന കാര്യത്തിനല്ല എത്തുന്നതെന്നും സൗജന്യ സേവനത്തിനാണെന്നും വ്യക്തമാക്കിയിട്ടും വിശദീകരണം ലഭ്യമായില്ല. ഇന്ന് കൊച്ചിയിലേക്ക് താന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ സ്വാഗതം ചെയ്യുകയും ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദേശം വരട്ടെയെന്നായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡോ.കഫീല്‍ ഖാന് മറ്റൊരാശുപത്രിയില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്താനാവില്ലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
നിപ്പ രോഗബാധയ്ക്ക് ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയ ഓസ്ട്രേലിയൻ മരുന്ന് കേരളത്തിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. ഓസ്ട്രേലിയയിൽ മോണോക്ലോണൽ ആന്റിബോഡീസ് എം 102.4 എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്ന് ഉപയോഗിച്ച എല്ലാവരും ഹെൻഡ്ര വൈറസ് രോഗബാധ തരണം ചെയ്തിരുന്നു. വൈറസ് രോഗബാധയെ തുടർന്ന് ഓസ്ട്രേലിയ സ്വയം വികസിപ്പിച്ചെടുത്തതാണിത്. കേന്ദ്ര സർക്കാർ ശ്രമം നടത്തിയാൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽനിന്നു മരുന്ന് എത്തിക്കാനാകും. ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനു കത്തെഴുതിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ ചീഫ് ഹെൽത്ത് ഓഫിസറുമായി ആരോഗ്യ സെക്രട്ടറിയും വിഷയം സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ വഴി മരുന്നു സൗജന്യമായും പെട്ടെന്നും ലഭ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഹെൻഡ്ര വൈറസ് ബാധയെ തുടർന്നാണ് ക്വീൻസ്‌ലൻഡ് ആരോഗ്യവകുപ്പിലെ ഹെൻഡ്ര വൈറസ് ദൗത്യ സംഘം 2013 ൽ മരുന്ന് കണ്ടെത്തുന്നത്. മരുന്നുപയോഗിച്ച 11 പേരിൽ പത്തു പേരും രോഗം തരണം ചെയ്തു. ശരീരത്തിൽ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുവാണിത്.
മരുന്നു കേരളത്തിനു ലഭ്യമാക്കുന്നതു സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഇന്നലെ ആരോഗ്യ വകുപ്പു അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമായി ഫോണിൽ സംസാരിച്ചു. നിലവിൽ റൈബവൈറിൻ എന്ന മലേഷ്യൻ മരുന്നാണു നിപ്പ രോഗബാധിതരായവർക്കു നൽകുന്നത്. റൈബവൈറിൻ പൂർണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പു വേറെ മരുന്നിനായി അന്വേഷണം ആരംഭിച്ചത്.
സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരേ നടന്ന സമരത്തെത്തുടർന്നുള്ള ഭീകരാന്തരീക്ഷം തുടരുന്നു. സമരക്കാർക്കു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. നൂറുകണക്കിന് ആളുകളെയാണു കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് പാതിരാത്രി വീടുകയറി അറസ്റ്റ് ചെയ്തത്.
വെടിവയ്പ്പിൽ പരിക്കേറ്റ് തൂത്തുക്കുടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തിയ ബന്ധുക്കളെയും ഇന്നലെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഇത് ആശുപത്രിയിൽ ചെറിയ സംഘർഷത്തിനുമിടയാക്കി. കൂടാതെ കറുത്ത ടീ ഷർട്ട് ധരിച്ചു നഗരത്തിൽ വാഹനങ്ങളിലോ കാൽനടയായോ സഞ്ചരിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനു പിന്തുണ നൽകിയവരാണു കറുത്ത ടീ ഷർട്ട് ധരിച്ചതെന്ന വാദമായിരുന്നു പോലീസിന്റേത്. എന്നാൽ, സമരവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധിപേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്.
സമരത്തിൽ പങ്കെടുത്ത 300ൽ അധികം ആളുകളെ ഇപ്പോൾ കാണാനില്ലെന്നും ഇവർ പോലീസ് കസ്റ്റഡിയിലുണ്ടെന്നുമാണു സമരസമിതി ഭാരവാഹികൾ പറയുന്നത്. എന്നാൽ, പോലീസ് ഇവരെക്കുറിച്ചു വ്യക്തമായ മറുപടിയൊന്നും നൽകുന്നില്ല. നിരോധനാജ്ഞ നിലനിൽക്കുന്നതിൽ ഇന്നലെയും തൂത്തുക്കുടിയിലെ വ്യാപര സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിച്ചില്ല. ശക്തമായ പോലീസ് സന്നാഹം നഗരത്തിലുടനീളം ദൃശ്യമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പുതിയ ബസ് സ്റ്റാൻഡിനു സമീപം ചെറിയ സംഘർഷം ഉടലെടുത്തു. വൻ പോലീസ് സംഘം ഇവിടെയെത്തിയാണു രംഗം ശാന്തമാക്കിയത്. സ്റ്റെർലൈറ്റ് ഫാക്ടറിക്കു മുന്നിൽ ശക്തമായ പോലീസ് കാവൽ തുടരുകയാണ്. ഫാക്ടറി അടയ്ക്കാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം ഇന്നലെ വിച്ഛേദിച്ചു.
തൂത്തുക്കുടി അണ്ണാ നഗറിൽ ബുധനാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം പോലീസിനു നേർക്കു നാട്ടുകാർ കല്ലേറു നടത്തിയെന്ന കാരണത്താലാണ് ഇന്നലെ പോലീസ് പുലർച്ചെ വീടുകൾ കയറി ലാത്തിച്ചാർജ് നടത്തുകയും പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം വ്യാപകമാകുന്നു എന്ന കാരണത്താൽ തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു.
ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇന്നു തമിഴ്നാട്ടിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉളളതിനാൽ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.