ഒമാനിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം. ദുരൂഹതയെന്ന് ബന്ധുക്കൾ. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. മാര്‍ച്ച് 23നാണ് ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി അയ്യപ്പന്‍കാവ് നെല്ലിക്കാട്ട് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ദയാനന്ദന്‍ (34) ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. കടയുടമയായ പരപ്പനങ്ങാടി ചെറുമംഗലം സ്വദേശി അജയന്റെ മുഖത്ത് ആസിഡൊഴിച്ച് പരുക്കേല്‍പിച്ച ശേഷമാണ് ദയാനന്ദന്‍ ജീവനൊടുക്കിയത്. അജയന്റെ രണ്ടു കണ്ണുകള്‍ക്കും ഗുരുതര പൊള്ളലേറ്റു.
എംബസി അധികൃതര്‍ പരാതി പൊലിസിന് കൈമാറി. അന്വേഷണം നടക്കുന്നതിനാല്‍ അജയന് വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാനാകാത്ത സാഹചര്യമാണ്. അജയന്റെ സുഹൃത്തിന്റെ അനുജനായ ദയാനന്ദന്‍ രണ്ടു വര്‍ഷമായി മസ്‌കത്തില്‍ പ്രവാസിയായിരുന്നു. ഭാര്യ: സുജിത.
ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നെന്നും അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത ചിലര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ സിനിമയാണതെന്നും സംവിധായകന്‍ എം.എ നിഷാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആസിഫ് അലി, റിമ കല്ലിങ്കല്‍, അര്‍ച്ചന കവി, കൈലേഷ് എന്നിവര്‍ ചേര്‍ന്ന് ആഭിനയിച്ച ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. ഇതേ തുടര്‍ന്ന് നിഷാദിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഇപ്പോഴിതാ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുമായി നിഷാദ് വീണ്ടും എത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിഷാദിന്റെ പ്രതികരണം. ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണെന്നു നിഷാദ് പറയുന്നു. എന്നാല്‍ ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ എന്നതാണ് സത്യം.
അവിടെയാണ്, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. നിഷാദ് പറയുന്നു. കൂടാതെ ഉദയനാണ് താരം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേടേയ് എന്ന ഡയലോഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
സിനിമ ഒരു തമാശക്കളിയല്ല, അവിടെ വിജയവും പരാജയവുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്. ഏറ്റവും വലിയ തമാശ എന്താണെന്നു വച്ചാല്‍ ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണ്. ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ.
അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. അതൊരു സത്യം മാത്രം. സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ..അത് അപ്രിയമാണെങ്കില്‍.
കടുവയുടെ ആക്രമണത്തിൽ നിന്ന് അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇരുപത്തിമൂന്നുകാരിയായ രുപാലി മിശ്രാമും അമ്മയുമാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. സ്വന്തം ആടുകളെ കടുവ ആക്രമിക്കാന്‍ വന്നപ്പോൾ അവയെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് രുപാലി. വടിയുമായി കടുവയെ എതിരിട്ട രുപാലി ഇപ്പോള്‍ പ്രദേശത്ത് താരമായിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് സംഭവം.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:
‘കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഞാനും അമ്മയും വീടിനകത്ത് ഓരോ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് ആടുകളെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്ന് അവയുടെ കൂട്ടക്കരച്ചിൽ കേട്ടത്. എന്തോ അപകടം ഉണ്ടെന്ന് അപ്പോൾ തന്നെ തോന്നി. ഏതെങ്കിലും മൃഗങ്ങള്‍ അവയെ ആക്രമിക്കാൻ വന്നതായിരിക്കുമെന്ന് കരുതി ഒരു വടിയെടുത്ത് ഞാൻ പുറത്തിറങ്ങി. ആടുകളെ കെട്ടിയ സ്ഥലത്തെത്തിയപ്പോഴാണ് ആക്രമിക്കാനെത്തിയത് കടുവയാണെന്ന് കണ്ടത്. എന്നാൽ എന്നെ കണ്ടപ്പോൾ കടുവ എന്റെ നേർക്ക് വന്നു. വടിയുപയോഗിച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും അത് ആക്രമിക്കുകയായിരുന്നു’. രൂപാലിയുടെ കരച്ചിൽ കേട്ട് അമ്മ എത്തുകയായിരുന്നു. തുടർന്ന് അവളെ വലിച്ച് അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
കടുവയുടെ ആക്രമണത്തില്‍ രൂപാലിയുടെ തലയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. രുപാലിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് അമ്മയും മകളും രക്ഷപ്പെട്ടതെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. എന്നാൽ, ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കങ്ങളും നടക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. ഗ്രാമത്തിലേക്ക് തിരികെ പോകാൻ ഭയമാണെന്നും അവർ പറയുന്നു. പരുക്കേറ്റ ഇരുവരും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.
ജയ്പ്പൂര്‍: രാജസ്ഥാനില്‍ മഹാത്മാ ഗാന്ധി പ്രതിമക്കു നേരം ആക്രമണം. അജ്ഞാതരായ അക്രമികള്‍ പ്രതിമയുടെ തലയും സ്ഥാപിച്ചിരുന്ന പീഠവും തകര്‍ത്തു. നാഥ്ദ്വാരിയിലാണ് സംഭവം. അര്‍ദ്ധകായ പ്രതിമയാണ് തകര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ത്രിപുരയില്‍ ബിജെപി അധികാരമേറ്റെടുത്തതിനു പിന്നാലെ ലെനിന്‍ പ്രതിമ തകര്‍ക്കുകയും അതിനു ശേഷം തമിഴ്‌നാട്ടിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും പ്രതിമകള്‍ക്കു നേരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായിരുന്നു. പെരിയാര്‍, അംബേദ്കര്‍ പ്രതിമകളാണ് വ്യാപകമായി ആക്രമിക്കപ്പെട്ടത്.
കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയിലാകുകയും ചെയ്തു. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ ആക്രമിക്കപ്പെട്ടത്.
ബോജ്പുരി സൂപ്പര്‍സ്റ്റാറും പാട്ടുകാരനുമായ പവന്‍ സിങ് മര്‍ദ്ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത് സഹതാരം അക്ഷര സിംഗാണ്. പരാതിയെ തുടര്‍ന്ന് പവന്‍ സിങിനെതിരെ പോലീസ് കേസെടുത്തു. പാതിരാത്രിയില്‍ സൂപ്പര്‍ സ്റ്റാറിന്റെ പ്രകടനം കണ്ട് നടി ഞെട്ടിപ്പോയി. മദ്യപിച്ച് ബോധമില്ലാതെ വന്ന പവന്‍ അക്ഷരയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് തന്റെ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പവനെ അക്ഷര തടഞ്ഞതാണ് പ്രകോപന കാരണമായത്. അക്ഷരയെ പവന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. അക്ഷരയെ രക്ഷിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെയും പവന്‍ തല്ലിയതായി പരാതിയുണ്ട്. കൈകള്‍ക്ക് സാരമായി പരുക്കേറ്റ അക്ഷരയെ ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയല്‍ എത്തിച്ചത്.
ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. സില്‍വാസ എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അക്ഷര മുംബൈയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും, അടുത്തിടെ പവന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. പവന്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഇല്ലാതാക്കുകയാണെന്ന ആരോപണവുമായി അക്ഷര നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു.
വികസിത ലോകത്ത് വരാനിരിക്കുന്ന ഓട്ടോമേഷന്‍ വിപ്ലവം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്. പാശ്ചാത്യലോകത്തെ മുന്‍നിര തിങ്ക്ടാങ്കായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ ഡവലപ്‌മെന്റ് (ഒഇസിഡി) ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഓട്ടോമേഷന് അനുസൃതമായി പരിശീലനം നല്‍കിയില്ലെങ്കില്‍ 66 ദശലക്ഷം തൊഴിലാളികള്‍ക്ക് അത് ദുരിതമായിരിക്കും സമ്മാനിക്കുക. വരും വര്‍ഷങ്ങളില്‍ ഇത്രയും ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കും. അതായത് 14 ശതമാനം ജോലികളും ഓട്ടോമേറ്റഡ് ആയി മാറും. മറ്റൊരു 32 ശതമാനം ജോലികളുടെ സ്വഭാവം തന്നെ മാറുമെന്നും തിങ്ക്ടാങ്ക് പറയുന്നു.
32 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ വളരെ ദുര്‍ബല വിഭാഗത്തില്‍പ്പെടുത്താവുന്ന ഏഴിലൊന്ന് ജീവനക്കാര്‍ക്ക് പുതിയ രീതികള്‍ക്ക് അനുസൃതമായ പരിശീലനം ലഭ്യമാകില്ല. മറ്റുള്ളവരുടെ ജോലി സുരക്ഷിതമാകുകയും ചെയ്യുമെന്ന് പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. ഓട്ടോമേഷനില്‍ രാജ്യങ്ങളനുസരിച്ച് വ്യത്യാസങ്ങളുണ്ട്. സ്ലോവാക്യയിലെ 33 ശതമാനം ജോലികളും ഓട്ടോമേഷന് വിധേയമാകാന്‍ സാധ്യതയുള്ളവയാണ്. അതേസമയം നോര്‍വേയില്‍ ഇത് 6 ശതമാനം മാത്രമാണ്.
ആംഗ്ലോ-സാക്‌സണ്‍, നോര്‍ഡിക് രാജ്യങ്ങളിലെയും നെതര്‍ലാന്‍ഡ്‌സിലെയും തൊഴിലുകള്‍ സൗത്ത്, ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ജര്‍മനി, ചിലി, ജപ്പാന്‍ എന്നിവയേക്കാള്‍ ഓട്ടോമേഷന്‍ സാധ്യത കൂടുതലുള്ളവയാണ്. ഓട്ടോമേഷന്‍ വളരെ കുറച്ചു മാത്രമുണ്ടാകാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ബ്രിട്ടനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കിലും പത്തിലൊന്ന് ജോലികള്‍ പ്രതിസന്ധിയിലാണെന്നും നാലിലൊന്ന് ജോലികളുടെ സ്വഭാവത്തില്‍ മാറ്റം വരാമെന്നും തിങ്ക്ടാങ്ക് പറയുന്നു.
വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് കുറ്റം സമ്മതിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബിബീഷിന്റെ ഏറ്റുപറച്ചില്‍. സ്റ്റുഡിയോയില്‍ നിന്ന് അഞ്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമാണ് താന്‍ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കിയത്. രണ്ടായിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫിംഗ് നടത്തിയെന്നും ബിബീഷ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്. വടകരയില്‍ മോര്‍ഫിംഗ് വീഡിയോകളുമായി ബന്ധപ്പെട്ട് വിവാദത്തിലായ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്.
ഇടുക്കിയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വടകരയിലെ സ്റ്റുഡിയോ ഉടമയടക്കം രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മൂന്ന് പ്രതികളും അറസ്റ്റിലായിട്ടുണ്ട്. ബിബിഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ 13 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു. വിവാഹ വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത്, ബിബീഷ് ബ്ലാക്ക്‌മെയ് ലിംങിന് ഉപയോഗിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. ബിബീഷിനെ അറസ്റ്റ് ചെയ്തത് കേസന്വേഷണത്തില്‍ വന്‍ വഴിത്തിരിവാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ബിബീഷ് കോഴിക്കോട് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
വടകര പ്രദേശങ്ങളിലെ കല്യാണ ഫോട്ടോകളും വീഡിയോകളും റെക്കോര്‍ഡ് ചെയ്യാന്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നത് ബിബിഷാണ്. ഇങ്ങനെ നിര്‍മിക്കുന്ന വിവാഹ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളടേയും ഫോട്ടോകള്‍ അടര്‍ത്തി മാറ്റി അശ്ലീല ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് ബിബീഷാണെന്നാണ് ആരോപണം. നാല് മാസം മുമ്പ് തന്നെ ഇത് സംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിന് മുമ്പ് തന്നെ ബിബീഷിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാമായിരുന്ന ഉടമയും നടപടിയെടുത്തില്ല. നാട്ടുകാരില്‍ നിന്നും പരാതിയുണ്ടായപ്പോള്‍ ചിത്രങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചുവെന്നായിരുന്നു സ്റ്റുഡിയോ ഉടമയുടെ നിലപാട്.
എഡിറ്റിംഗില്‍ മിടുക്കനായിരുന്നതിനാലാണ് ബിബീഷിനെതിരെ സ്റ്റുഡിയോ ഉടമകള്‍ നടപടിയെടുക്കാതിരുന്നത്. എന്നാല്‍ ഇയാള്‍ ഇവിടെ നിന്നും മാറി മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബിബീഷ് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത വിവരം അറിഞ്ഞ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഒരു ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയതാണ് നിര്‍ണായകമായത്. ഇതില്‍ പ്രദേശത്തെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത 46,000ത്തോളം ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും പ്രതികളുടെ അറസ്റ്റിലേക്ക് വഴിവച്ചതും.
ബിന്റോയുടെ വേർപാട് നൽകിയ വേദനയിൽ നിന്നും മുക്തമായിട്ടില്ല വാഴൂർ പതിനാലാംമൈൽ പൊടിപാറയിലെ ബിന്റോയുടെ വീടും മാതാപിതാക്കളും. എന്തിനാണ് എന്റെ കുഞ്ഞിനെ ഒന്നര മാസം പത്താം ക്ലാസ്സിൽ ഇരുത്തിയത്? തിരിച്ചു വാങ്ങാൻ ആയിരുന്നെങ്കിൽ എന്തിനാണ് അവനു പുതിയ പാഠപുസ്തകങ്ങൾ നൽകിയത്? എന്ന് ബിന്റോയുടെ പിതാവ് ഈപ്പൻ വർഗീസ് വേദനയോടെ ചോദിക്കുന്നു.പൊതിഞ്ഞു വച്ച പുസ്തങ്ങൾ തിരിച്ചു നൽകേണ്ടി വന്നപ്പോൾ മകൻ തളർന്നു പോയി എന്നും ഇനി ഒരു കുഞ്ഞിനും ഈ അവസ്ഥ വരരുത് എന്നും ആ പിതാവ് അപേക്ഷിക്കുന്നു.
ബിന്റോ പോയതോടെ പൊടിപാറയിലെ വീടും കണ്ണീരിൽ ആയ അവസ്ഥയിലാണ് . അവന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ, പഠനമുറി, മേശ ഇതൊന്നും അവന്റെ വേർപാടിൽ നിന്ന് മുക്തരായിട്ടില്ല. പഠിച്ചിരുന്ന സ്കൂളിൽ നിന്നും മാറേണ്ടി വരും എന്നറിഞ്ഞതോടെ മറ്റു പല സ്കൂളുകളിലും അഡ്മിഷനായി ശ്രമിച്ചു എങ്കിലും എവിടെയും കിട്ടിയിരുന്നില്ല. ഒടുവിൽ വാഴയൂർ സെന്റ് പീറ്റേഴ്‌സ് സ്കൂളിൽ പ്രവേശനം നൽകാം എന്ന് സ്കൂൾ അധികൃതർ സമ്മതിച്ചു എങ്കിലും അതിനു കത്ത് നിൽക്കാതെ അവൻ യാത്ര ആവുകയായിരുന്നു. ബാഡ്മിന്റനും ഫുട്‌ബോളുമൊക്കെ മിടുക്കനായിരുന്ന ബിന്റോ പള്ളിയിലെ അൾത്താര ശുശ്രൂഷിയും ആയിരുന്നു.
കൊച്ചി: നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിച്ചു. ചിലവന്നൂര്‍ കായലില്‍ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ബോട്ട് ജെട്ടിയാണ് പൊളിച്ചു നീക്കിയത്. കൊച്ചി കോര്‍പറേഷനാണ് കയ്യേറ്റത്തിനെതിരെ നടപടിയെടുത്തത്. ഇതി പൊളിക്കുന്നതിനെതിരെ ജയസൂര്യ തദ്ദേശ ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.
പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ജയസൂര്യ കായല്‍ കയ്യേറിയെന്ന പരാതി നല്‍കിയത്. കയ്യേറ്റം പൊളിച്ചു മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഹര്‍ജിയില്‍ അനുകൂല വിധി വന്നിരുന്നെങ്കിലും ജയസൂര്യ അപ്പീല്‍ നല്‍കിയതിനാല്‍ തുടര്‍നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബോട്ട്‌ജെട്ടിയും ചുറ്റുമതിലും അനധികൃതമായി നിര്‍മിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഈ അനധികൃത നിര്‍മാണം പൊളിച്ചുനീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പറേഷന്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
ലാന്‍കാസ്റ്റര്‍: ലാന്‍കാസ്റ്ററിലെ ഗാല്‍ഗേറ്റിലുള്ള ലിറ്റില്‍ ലേണേഴ്‌സ് നഴ്‌സറി ആന്‍ഡ് പ്രീസ്‌കൂളിലെ കുട്ടികളില്‍ മെനിഞ്‌ജൈറ്റിസ് ബാധ. മെനിഞ്‌ജൈറ്റിസ് ബി രോഗബാധയെത്തുടര്‍ന്ന് മൂന്ന് വയസുള്ള ആണ്‍കുട്ടി മരിച്ചു. മറ്റൊരു കുട്ടിയെ രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെക്ടര്‍ കിര്‍ഖാം എന്ന മൂന്ന് വയസുകാരനാണ് റോയല്‍ ലാന്‍കാസ്റ്റര്‍ ഇന്‍ഫേമറിയില്‍ ചികിത്സക്കിടെ മാര്‍ച്ച് 27ന് മരിച്ചത്. കുട്ടിക്ക് മെനിഞ്‌ജോകോക്കല്‍ സെപ്റ്റിസീമിയ സ്ഥിരീകരിച്ചിരുന്നു.
ശിശുക്കള്‍ മുതല്‍ നാല് വയസ് വരെയുള്ള കുട്ടികളെയാണ് ഈ പ്രീസ്‌കൂളില്‍ പരിപാലിക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി സുഖം പ്രാപിച്ചു വരികയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. മെനിഞ്‌ജോകോക്കല്‍ അണുബാധയാണ് മെനിഞ്‌ജൈറ്റിസ് ബിയ്ക്ക് കാരണമാകുന്നത്. രോഗം അത്ര സാധാരണമല്ലെങ്കിലും ബാധിച്ചു കഴിഞ്ഞാല്‍ മാരകമാകാനിടയുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഈ രോഗബാധ കാണാറുണ്ട്. ഇത് സെപ്റ്റിസീമിയക്ക് കാരണമാകുകയും ചെയ്യും.
വെറും 12 മണിക്കൂര്‍ മാത്രമായിരുന്നു ഹെക്ടര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കാര്യമായി ശ്രദ്ധിക്കണമെന്ന് ഹെക്ടറിന്റെ മാതാപിതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര ചികിത്സ തേടുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഈ രോഗം അത്ര വേഗത്തില്‍ പടരുന്നതല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നഴ്‌സ് കണ്‍സള്‍ട്ടന്റ് ഗ്രെയിന്‍ നിക്‌സണ്‍ പറഞ്ഞു. മുന്നറിയിപ്പെന്ന നിലയില്‍ നഴ്‌സറിയിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചതായും അവര്‍ പറഞ്ഞു.