Latest News

ന്യൂസിലന്‍ഡില്‍ പ്രാണവായു വില്‍പനയ്ക്ക് എത്തി. നാല് കുപ്പിക്ക് വില 100 ഡോളര്‍, ഏതാണ്ട് 7,350 രൂപ. ഓക്ക് ലാൻഡ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുളള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ‘ശുദ്ധമായ ന്യൂസിലന്‍ഡ് വായു’ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ശ്വസിക്കാനുളള മാസ്‌കുകളോടെയുളള കുപ്പികളിലാണ് ശുദ്ധവായു വില്‍ക്കപ്പെടുന്നത്. കിവിയാന എന്ന കമ്പനിയാണ് വായു കുപ്പികളിലാക്കി വിപണിയിലെത്തിക്കുന്നത്.

കുപ്പികളിലുള്ള ശുദ്ധവായുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 20 ഡോളര്‍ ഓഫറോടെയുളള ടിന്നുകളിലാക്കിയ ശുദ്ധവായുവിന്റെ ചിത്രം വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകനായ ഡാമിയന്‍ ക്രിസ്റ്റി ട്വിറ്ററിലൂടെ പങ്ക് വെച്ചു.

അഞ്ച് ലിറ്ററിന്റെ ടിന്നുകള്‍ 34.50 ഡോളര്‍ വിലയ്ക്കും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ലോകമെമ്പാടും ശുദ്ധവായു വില്‍പനയ്‌ക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ന്യൂസിലന്‍ഡിന്റെ പുരാതനമായ ദക്ഷിണ പര്‍വ്വതമേഖലയില്‍ നിന്നും ശേഖരിച്ച ശുദ്ധവായു നേരിട്ട് ഈ ബോട്ടിലിലാണ് ശേഖരിച്ചതെന്ന്’ കുപ്പിയുടെ പുറത്ത് കുറിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡിന്റെ ദക്ഷിണ ദ്വീപുകളില്‍ ഹിമപാതരേഖയ്ക്ക് മുകളില്‍ നിന്നാണ് തങ്ങള്‍ ശുദ്ധവായു ശേഖരിക്കുന്നതെന്ന് കിവിയാന കമ്പനിയുടെ വെബ്‌സൈറ്റിലും വ്യക്തമാക്കുന്നുണ്ട്. ഈ പ്രദേശങ്ങള്‍ നാഗരികത തൊട്ടുതീണ്ടാത്തവയാണെന്നും മനുഷ്യവാസം നൂറ് കണക്കിന് കി.മീറ്റര്‍ അകലെയാണെന്നും കമ്പനി അവകാശപ്പെടുന്നു.

കള്ളന്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. മോഷണ ശ്രമങ്ങള്‍ക്കിടയില്‍ പറ്റുന്ന ചെറിയ ചെറിയ അബദ്ധങ്ങള്‍ മുതല്‍ വലിയ പണികള്‍ വരെ അക്കൂട്ടത്തില്‍ വരാറുണ്ട്. ഇപ്പോള്‍ ഇതാ അമേരിക്കയിലെ മെരിലാന്‍ഡില്‍ നിന്ന് ഒരു കള്ളന്റെ വീഡിയോ ആണ് കാഴ്ചക്കാരെ ചിരിപ്പിക്കാന്‍ എത്തിയിരിക്കുന്നത്.

മോഷണത്തിനിറങ്ങുന്നവരും കള്ളന്മാരെ പിടികൂടാന്‍ തന്ത്രം മെനയുന്നവരും ഒരുപോലെ കണ്ടിരിക്കേണ്ട വീഡിയോ എന്നാണ് ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നത്. മെരിലാന്‍ഡിലുള്ള ഒരു റസ്‌റ്റോറന്റില്‍ ആണ് ഈ മോഷണ ശ്രമം നടന്നത്. രാത്രി മുഖംമൂടി ധരിച്ച് മോഷണത്തിനുവേണ്ട എല്ലാ മുന്‍കരുതലുകളുമായെത്തിയ കള്ളന്റെ കണക്കുകൂട്ടലുകളെല്ലാം ഒറ്റ കല്ലേറില്‍ തകര്‍ന്നതാണ് വീഡിയോ.

റെസ്‌റ്റോറന്റില്‍ എത്തിയ കള്ളന്‍ തന്റെ പണി തുടങ്ങാനായി ആദ്യം അവിടത്തെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അടിക്ക് തിരിച്ചടി എന്നോണം ചില്ലുപൊട്ടിക്കാന്‍ എറിഞ്ഞ കല്ല് തിരിച്ച് സ്വന്തം മുഖത്തുകൊണ്ട് ബോധം പോയി നിലത്തുകിടക്കേണ്ട അവസ്ഥയായിരുന്നു കള്ളന്.

റെസ്‌റ്റോറന്റിലെ ഗ്ലാസ് ഡോര്‍ ബുള്ളറ്റ് പ്രൂഫാണെന്നറിയാതിരുന്നതാണ് കള്ളന് വിനയായത്. എറിഞ്ഞ കല്ല് വന്ന് തിരിച്ചടിച്ചതോടെ അല്‍പസമയം ബോധം പോയി നിലത്തുകിടന്ന കള്ളന്‍ അവസാനം മോഷണശ്രമം ഉപേക്ഷിച്ച് വന്ന വഴി തിരിച്ചുവിടുകയായിരുന്നു. ഏതായാലും സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ കള്ളനെ പൊലീസ് കൈയ്യോടെ പിടികൂടിയിട്ടുണ്ട്.

 

അറേബ്യന്‍ സമുദ്രത്തില്‍ തെക്ക് കിഴക്ക് ഭാഗത്തായി ഇന്ന് രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറേക്ക് നീങ്ങി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ഒമാന്‍ തീരത്തേയ്ക്ക് നീങ്ങാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കടലിലുള്ളവര്‍ അടിയന്തിരമായി തിരിച്ച് കരയ്‌ക്കെത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് കൊണ്ടുവരുന്ന പേമാരിയുടെ കാണാനിരിക്കുന്ന കൈക്കരുത്തു ഭയന്ന് ചില ഡാമുകള്‍ തുറന്നു. എന്നാല്‍ ചെറുതോണി ഡാം തല്‍ക്കാലത്തേക്ക് തുറക്കേണ്ടെന്നാണ് തീരുമാനം. നേരത്തെ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 1981, 1992, 2018 ഓഗസ്റ്റ് എന്നിങ്ങനെ മൂന്നു തവണയാണ് ഇതിനു മുന്‍പ് ഡാം തുറന്നത്. 81, 92 തുലാമഴക്കാലത്താണ് ഇടുക്കി തുറന്നതെങ്കില്‍ 2018ല്‍ ഇതാദ്യമായി കാലവര്‍ഷത്തിലും തുലാവര്‍ഷത്തിനു തൊട്ടുമുമ്പും ഡാം തുറക്കേണ്ട സ്ഥിതി സംജാതമായി.

നിലവില്‍ 83% വെള്ളമാണ് ഇടുക്കിയില്‍ ഉള്ളതെങ്കിലും വീണ്ടുമൊരു സാഹസത്തിനു സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും ഒരുക്കമല്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാനായി ചെറുതോണി അണക്കെട്ടു തല്‍ക്കാലം തുറക്കില്ലെന്ന നടപടി ഇടുക്കിക്ക് ആശ്വാസമേകുമ്പോള്‍ പെരിയാറിന്റെ താഴ്‌വരയിലും എറണാകുളം ജില്ലയിലും നേരിയ ആശങ്കയുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളം എന്ന കേരളത്തിന്റെ വികസന ഗോപുരവും ഇടുക്കിയിലേക്കു കാതോര്‍ക്കുന്നു എന്നതാണു കാലാവസ്ഥാ മാറ്റക്കാലം സൃഷ്ടിക്കുന്ന പുതിയ ആശങ്ക. ഓഗസ്റ്റ് 15ലെ പ്രളയത്തിനു ശേഷം ആഴ്ചകളോളം സിയാല്‍ അടച്ചിടേണ്ടി വന്നു. ഓഗസ്റ്റ് 15ലെ സ്ഥിതി സംജാതമാകുമോ എന്ന ചിന്ത അസ്ഥാനത്താണെങ്കിലും വരാന്‍ പോകുന്ന മഴയെ അതീവ ജാഗ്രതയോടെയാണു നേരിടേണ്ടത്.

ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ രൂപപ്പെടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റ് അറബിക്കടലിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു വഴിതിരിയുമെങ്കിലും അതിതീവ്ര ന്യൂനമര്‍ദത്തിനും ചുഴലിക്കാറ്റിനും ഇടയിലുള്ള ഘട്ടത്തിലാണ് ഇതു പോകുന്ന വഴിയില്‍ മഴയും കാറ്റും നാശവും വിതയ്ക്കുന്നത്. ഇടുക്കി ജില്ലയാണു കൃത്യം ഈ മഴതീവ്രതയുടെ നിഴലില്‍ എന്നതു വിശദീകരണമില്ലാത്ത പ്രതിഭാസവും.

‘ചുവന്ന ഞായറാഴ്ച’യാണ് വരുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെടുന്നതിനു മുന്നോടിയായുള്ള കനത്ത മഴ അന്നു ജില്ലയില്‍ ലഭിച്ചേക്കോം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അന്ന് 20 സെന്റീമീറ്ററിലധികം വരെ മഴ ലഭിക്കാനാണു സാധ്യത. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മുല്ലപ്പെരിയാറിലും ഇടുക്കിയിലും മൂന്നു സെന്റീമീറ്റര്‍ മഴ മാത്രമാണു ലഭിച്ചത്. ഇതു നേരിയ മഴ മാത്രമാണ്. ശക്തമായ നീരൊഴുക്കിനു സാധ്യതയില്ല. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ 130 അടി വെള്ളമുണ്ട്.

381 സെ.മീ. മഴയാണു ജില്ലയില്‍ കാലവര്‍ഷക്കാലത്തു പെയ്തിറങ്ങിയിരിക്കുന്നത്. ദീര്‍ഘകാല ശരാശരിയുടെ 67% കൂടുതല്‍. രാജ്യത്തു തന്നെ ഇത്രയധികം മഴ കൂടുതലായി ലഭിച്ച ജില്ല വേറെയില്ല. 227 സെ.മീ. കിട്ടേണ്ട സ്ഥാനത്തു ലഭിച്ചിരിക്കുന്ന 150 സെമീയിലേറെ അധികമഴയില്‍ ജില്ലയിലെ മലയോരം കുതിര്‍ന്നു നില്‍ക്കുന്നതിനാല്‍ ഞായറാഴ്ചത്തെ ന്യൂനമര്‍ദ മഴയുടെ രൂക്ഷത താങ്ങാനുള്ള ശേഷി കുറവായിരിക്കും. മണ്ണിടിച്ചിലിനുള്ള സാധ്യത ഏറെയാണ്. വലിയ മണ്ണിടിച്ചില്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഇടുക്കിക്കു കഴിയുകയുള്ളൂ. പലയിടത്തും പ്രത്യേകിച്ചു മൂന്നാറിലും മറ്റും വിവിധ വികസനത്തിന്റെ പേരില്‍ ചെങ്കുത്തായ മലഞ്ചരിവുകള്‍ ഇടിച്ചുനടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതു നിര്‍മിച്ചവര്‍ക്കു തന്നെ വിനയായി മാറുന്ന സ്ഥിതിയാണ്.

തമിഴ്‌നാട് തീരത്തു തിങ്കളാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദമഴയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മേഘങ്ങളും പശ്ചിമതീരത്ത് അറബിക്കടലില്‍ രൂപമെടുക്കുന്ന ചുഴലിക്കാറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മേഘങ്ങളും സംഗമിക്കുന്നത് ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളുടെ കിഴക്കന്‍ മലയോരത്തായിരിക്കും. അങ്ങനെയെങ്കില്‍ ഏതാനും ദിവസം ഈ പ്രദേശത്തെ വനത്തിനുള്ളില്‍ മഴ ലഭിച്ചക്കോം. മുല്ലപ്പെരിയാറിന്റെ മഴപ്രദേശങ്ങളിലും പേമാരി ലഭിച്ചേക്കും. ഇത് മണ്ണിടിച്ചിലിന് ഇടയാക്കുമോ എന്നതാണ് ആശങ്ക.

ഇടുക്കിയുടെ ഉള്‍പ്രദേശങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന പല തടയണകളും കനത്ത മഴയില്‍ കവിഞ്ഞൊഴുകുന്നത് ആശാസ്യമല്ല. അവയിലെ വെള്ളവും സമീപത്തെ തോടുകളിലേക്കോ മറ്റോ കുറേശ്ശയായി തിരിച്ചുവിടുന്നതാകും നല്ലതെന്നു ജലവിഭവ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മൂന്നാറില്‍ അഞ്ചു സെന്റിമീറ്ററോളം മഴ ഇന്നു ലഭിച്ചു. ഇതോടെ നീലക്കുറിഞ്ഞി സഞ്ചാരികളുടെ വരവു നിലചിട്ടുണ്ട്. ഇതിനൊപ്പമാണു റെഡ് അലര്‍ട്ട്. ഇതുകൂടി ആയതോടെ സഞ്ചാരികളുടെ വരവ് പിന്നെയും കുറയും. തുടര്‍ച്ചയായ മഴയില്‍ കുറിഞ്ഞിക്കും ഉലച്ചില്‍ തട്ടും. ഇടുക്കി ഇന്നു മുതല്‍ തന്നെ ഓറഞ്ച് അലര്‍ട്ടിന്റെ നിഴലിലാണ്. രാത്രി സഞ്ചാരവും ജലാശയങ്ങളിലേക്കുള്ള യാത്രയും കുറച്ചു സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടുക എന്നതാണ് റെഡ് അലര്‍ട്ടിന്റെ അര്‍ഥം. ഓറഞ്ച് അലര്‍ട്ട് തയാറെടുപ്പോടെ മുന്‍കരുതലെല്ലാം ക്രമീകരിച്ച് ഒരുങ്ങി ഇരിക്കാനുള്ള മുന്നറിയിപ്പും.

വിജയാഘോഷം തുടങ്ങിയ ബ്ളാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോൾ. ഇനിയും വിശ്വസിക്കാനാകാെത ബ്ളാസ്റ്റേഴ്സ് താരങ്ങളും ആരാധകരും.കളിയുടെ തുടക്കത്തിൽ വ്യക്തമായ ആധിപത്യം നേടിയ ബ്ളാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. 24ാം മിനിറ്റിൽ സെയ്‌മിലൻ ദുംഗലിന്റെ ബുദ്ധിപൂർവമായ പാസ് സ്വീകരിച്ച് കൃത്യമായി നർസാരി മുംബൈയുടെ വലകുലുക്കി.

മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ ഒരു സുവർണാവസരം പാഴാക്കിയതിനു ശേഷമായിരുന്നു ദുംഗലിന്റെ പാസിൽനിന്നുള്ള നർസാരിയുടെ ഗോൾ. അനാവശ്യമായി വാങ്ങിയ രണ്ടു മഞ്ഞക്കാർഡുകൾ ഒഴിച്ചുനിർത്തിയാൽ ബ്ലാസ്റ്റേഴ്‌സിനു സ്വന്തമായിരുന്നു മൽസരത്തിന്റെ ആദ്യപകുതി. നിക്കോള ക്രമാരവിച്ച്, മതായ് പോപ്ലാട്നിക് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിൽ മഞ്ഞക്കാർഡ് കണ്ടത്.

രണ്ടാം പകുതിയിൽ മതേയ് പൊപ്ളാട്നിക്കിനെ പിൻവലിച്ച് കറേജ് പെക്കൂസണനെ ഇറക്കി കോച്ച് ഡേവിഡ് ജെയിംസിന്റെ പരീക്ഷണം. പെക്കൂസന്റെ അതിവേഗ നീക്കങ്ങൾ പലപ്പോഴും മുംബൈയ്ക്കു തലവേദന സൃഷ്ടിച്ചു. ഗോൾ മടക്കാൻ മുംബൈ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഗോളിയും പ്രതിരോധനിരയും തീർത്ത മതിൽ മറികടക്കാൻ സാധിച്ചില്ല. ദൗർഭാഗ്യം കൂടിയായപ്പോൾ മുംബൈയുടെ പതനം പൂർണം.

ഗോളെന്നുറച്ച പല ഷോട്ടുകളും പോസ്റ്റിനു പുറത്തു കൂടി പാഞ്ഞു. ഇതിനിടെ ദുംഗലിനു പകരക്കാരനായി സി.കെ. വിനീത് കളത്തിലെത്തിയതോടെ കാണികളുടെ ആവേശംഇരട്ടിച്ചു. ലീഡ് വർധിപ്പിക്കാൻ ബ്ളാസ്റ്റേഴ്സും പരമാവധി ശ്രമിച്ചു. ഒടുവിൽ മുംബൈയുടെ കഠിനാധ്വാനത്തിനു ഫലം കണ്ടു. ഇൻജുറി ടൈമിൽ ബൂമിജിന്റെ ലോങ് റേഞ്ചർ ബ്ളാസ്റ്റേഴ്സ് വലയിലേക്ക് തുളഞ്ഞിറങ്ങി (1-1)

രാജ്യാന്തര പൊലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ് വെയ് യെ കാണാനില്ല. പരാതിയില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ച്‌ കഴിഞ്ഞു. ചൈനയിലേക്ക് യാത്രപോയ മെങിനെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസമായി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.

സെപ്റ്റംബര്‍ 29 നാണ് മെങ് ഫ്രാന്‍സില്‍ നിന്ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയത്. പിന്നീട് മെങിനെക്കുറിച്ച്‌ വിവരമൊന്നും ഇല്ലാതായതിനാല്‍ ഭാര്യ ഇന്റര്‍പോള്‍ തലസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണ്‍സ് നഗരത്തിലെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഫ്രഞ്ച് റേഡിയോ യൂറോപ്പ് 1 ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.

ചൈനയില്‍ പൊതു സുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രി സ്ഥാനമുള്‍പ്പടെയുള്ള ഉയര്‍ന്ന പദവികള്‍ വഹിച്ച വ്യക്തിയാണ് മെങ് ഹോങ്വെയ്. 2016ലാണ് അദ്ദേഹം ഇന്റര്‍പോള്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ചൈന സ്വദേശിയായ മെങ് പ്രസിഡന്റ് ആകുന്നതിനെതിരെ വലത് രാഷ്ട്രീയമുള്ള രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജന്‍സിയുടെ പ്രസിഡന്റിന്റെ തിരോധാനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചൈനീസ് ഭരണകൂടം മെങിന്റെ തിരോധാനത്തെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെ വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി പോലീസും. ഈ മണ്ഡലകാലം മുതല്‍ ശബരിമലയില്‍ വനിതാ പോലീസും സുരക്ഷാജോലിക്ക് ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കും. ജോലിയും വിശ്വാസവും രണ്ടാണ്. സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ഡി.ജി.പി. പറഞ്ഞു.

ശബരിമലയില്‍ 500 വനിതാ പോലീസുകാരെയെങ്കിലും സുരക്ഷയ്ക്ക് വേണ്ടിവരുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വനിതാ പോലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് കത്ത് അയച്ചുകഴിഞ്ഞു. വിധി നടപ്പാക്കുന്നതില്‍ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കോടതി നിര്‍ദേശവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. വിധിയോട് സര്‍ക്കാരും പൂര്‍ണ്ണമായ യോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ പോലീസിന് സംശയിച്ചുനില്‍ക്കേണ്ട കാര്യവുമില്ല. അതിനാല്‍തന്നെ എത്രയുംവേഗത്തില്‍ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തിങ്കളാഴ്ചയോടെ പോലീസ് വിന്യാസം സംബന്ധിച്ച് അന്തിമ ധാരണയിലെത്തുമെന്നാണ് കരുതുന്നത്.

ഈ മാസം 18നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ഈ സമയത്തുതന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി സ്ത്രീകള്‍ ശബരിമലയില്‍ എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. വനിതാപോലീസിനെ ഈ സമയത്തുതന്നെ ശബരിമലയില്‍ വിന്യസിക്കാനാണ് തീരുമാനം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വനിതാ പോലീസിന്റെ സേവനം തേടിയിരിക്കുന്നത്.

കേരള സേനയില്‍ നിന്നും 400 ഓളം വനിതാ പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുക. മറ്റ് സംസ്ഥാനങ്ങളോട് കുറഞ്ഞത് ഓരോ പ്ലറ്റൂണ്‍ പോലീസിനെയെങ്കിലും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ചാല്‍ 150 ഓളം വനിതാ പോലീസുകാര്‍ അയല്‍നാടുകളില്‍ നിന്നും ഇവിടെയെത്തും.

സന്നിധാനത്ത് വനിതാ പോലീസ് സാന്നിധ്യമുണ്ടാകുമെങ്കിലും പതിനെട്ടാംപടിയിലും തിരക്ക് കൂടുതലുള്ള ഇടങ്ങളിലും പുരുഷ പോലീസ് തന്നെയായിരിക്കും ഡ്യൂട്ടിയിലുണ്ടാകുക. അതേസമയം, ശബരിമല ഡ്യൂട്ടിയോട് വനിതാ പോലീസില്‍ ചിലര്‍ക്ക് എതിര്‍പ്പുള്ളതായും രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്. ഇവരെ ഒഴിവാക്കി വിമണ്‍ ബറ്റാലിയനില്‍നിന്നും കൂടുതല്‍ വനിതകളെ കണ്ടെത്താന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

 

ഇടുക്കി: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ വളരെ ചെറിയ തോതില്‍ തുറക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിയാണ്.

മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നാല്‍ ആ വെള്ളം ഇടുക്കി ഡാമിലേക്കാണ് എത്തുക. ചെറുതോണി അണക്കെട്ടില്‍ അപകടമില്ലാത്ത തരത്തില്‍ ജലനിരപ്പ് നിലനിര്‍ത്താനായിരിക്കും അധികൃതര്‍ ശ്രമിക്കുക. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ഇല്ലാത്തതുകൊണ്ടു തന്നെ സാധാരണഗതിയിലുള്ള നീരൊഴുക്ക് മാത്രമെയുള്ളു. ഇതേ സ്ഥിതി തുടര്‍ന്നാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് എത്തുന്ന വെള്ളവും താങ്ങാന്‍ ചെറുതോണിക്ക് കഴിയും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഇന്ന് ജില്ലാ കളക്ടറുമായി കളക്ടറേറ്റില്‍ യോഗം ചേരുന്നുണ്ട്.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമായിരിക്കുന്നത്. കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചു. ഏറോഡ്രാം ലൈസന്‍സ് ഇന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുവദിച്ചു. ഡിജിസിഎ വിമാനത്താവളത്തിലെ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നുള്ള പരീക്ഷണപ്പറക്കല്‍ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും കഴിഞ്ഞ സെപ്തംബര്‍ 20 ന് വിജയം കണ്ടിരുന്നു. രാവിലെ 9.45 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 738 വിമാനം 11.38ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു.

ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസിൽ പി.സി.ജോർജ് എംഎൽഎ നേരിട്ടു ഹാജരാകുക തന്നെ വേണമെന്ന് ദേശീയ വനിതാ കമ്മിഷൻ അറിയിച്ചു. ജോർജിനു വേണ്ടി അഭിഭാഷകൻ ഹാജരായതിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. ഈ മാസം 13–ന് നേരിട്ടു ഹാജരാകാൻ കമ്മിഷൻ നിർദേശം നൽകി.

അപകീർത്തികരമായ പരാമർശം നടത്തിയെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പി.സി.ജോർജിനെതിരെ കേസെടുത്തിരുന്നു. കുറവിലങ്ങാട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 509 –ാം വകുപ്പു പ്രകാരം എടുത്ത കേസിൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം. അടുത്ത ദിവസം പി.സി. ജോർജിന്റെ മൊഴി എടുക്കും. അറസ്റ്റു ചെയ്താലും ജാമ്യം ലഭിക്കും. അറസ്റ്റ് അടക്കമുള്ള നടപടികൾക്കു നിയമസഭാ സ്പീക്കറുടെ അനുമതി പൊലീസ് തേടും.

കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിൽ ദുഃഖമുണ്ടെന്നു പി.സി.ജോർജ് പറഞ്ഞിരുന്നു. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണത്. വൈകാരികമായി നടത്തിയ പരാമർശത്തിൽ ദുഃഖമുണ്ട്. എന്നാൽ, മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. നിരന്തരം കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനാണ് നടപടി. ചാലക്കുടി ഡി. സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന കേസിലാണ് നടപടി. ചിലവിനത്തില്‍ ആയിരം രൂപ അടക്കാനാണ് കോടതി വിധിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി. സിനിമാസ് തിയേറ്റര്‍ സമുച്ചയം നിര്‍മ്മിച്ചത് ഭൂമി കയ്യേറിയാണെന്ന ആരോപണം ഉയര്‍ന്നുവന്നത്.

ഭൂമി കയ്യേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചാലക്കുടി ഡി. സിനിമാസ് എന്ന തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിന് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി നടന്‍ ദിലീപ് വ്യാജരേഖ ചമച്ചു കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

ഡി. സിനിമാസ് കയ്യേറ്റം നടന്നുവെന്നു കാണിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു അന്വേഷണം നടന്നത്. ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭഊമി വര്‍ഷങ്ങള്‍ക്കു മുമ്പ് കൊട്ടാരം വകയായിരുന്നെന്നും പിന്നീട് ദേവസത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ദിലീപിന് മുമ്പ് സ്ഥലം വാങ്ങിയയാള്‍ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.

Copyright © . All rights reserved