‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ രാവിലെ പത്തു മുതലാണ് യോഗം. മോഹന്‍ലാല്‍ പ്രസിഡന്റായ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. നടി ആക്രമിക്കപ്പെട്ടശേഷമുള്ള സംഭവങ്ങളും യുവതാരങ്ങളുടെ നിലപാടുകളും ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്യും. അതേസമയം, യോഗത്തിനുശേഷമുള്ള പതിവ് വാര്‍ത്തസമ്മേളനം ഇക്കുറി ഒഴിവാക്കി. 17 വര്‍ഷം പ്രസിഡന്റായിരുന്ന ഇന്നസന്റെ് ഒഴിയുന്നതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ ചുമതലയേല്‍ക്കുന്നത്.

പൊതുസ്വീകാര്യന്‍ എന്ന നിലയിലാണ് വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലിനെ പരിഗണിച്ചത്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകും. മമ്മൂട്ടിയായിരുന്നു ജനറല്‍ സെക്രട്ടറി. സിദ്ദീഖ് (സെക്രട്ടറി), മുകേഷ്, ഗണേഷ്‌കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ജഗദീഷ് (ട്രഷറര്‍) എന്നിവരും ഞായറാഴ്ച ചുമതലയേല്‍ക്കും. ദിലീപായിരുന്നു ട്രഷറര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയശേഷം പകരം ആരെയും നിയോഗിച്ചിരുന്നില്ല. ദിലീപിനെ കുറ്റവിമുക്തനായശേഷം തിരിച്ചെടുത്താല്‍ മതിയെന്ന പൊതുനിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ സാധ്യതയില്ല.

വനിത സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘വിമന്‍ ഇന്‍ സിനിമ കലക്ടീവി’ന്റെ (ഡബ്ല്യു.സി.സി) രൂപവത്കരണം കണക്കിെലടുത്ത് നിര്‍വാഹക സമിതിയില്‍ വനിത പ്രാതിനിധ്യം വര്‍ധിപ്പിച്ചേക്കും. നിലവില്‍ രമ്യ നമ്പീശനും, കുക്കു പരമേശ്വരനുമാണ് സമിതിയിലുള്ളത്. തിരുവനന്തപുരത്തു നടന്ന അമ്മയുടെ സ്‌റ്റേജ് ഷോയിലെ ഏതാനും യുവതാരങ്ങളുടെ അഭാവം ഉള്‍പ്പെടെ ചര്‍ച്ചയാകും. ശനിയാഴ്ച രാത്രി നടന്ന നിര്‍വാഹക സമിതി യോഗത്തിലാണ് യോഗത്തിലെ അജണ്ട തീരുമാനിച്ചത്.

അനാവശ്യ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ യോഗത്തിന്റെയും ചര്‍ച്ചയുടെയും രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നാണ് അംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ജനറല്‍ ബോഡിക്കുശേഷമുള്ള വാര്‍ത്തസമ്മേളനവും ഒഴിവാക്കി.