Latest News

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ള ജയിക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി പി എം മത്സരം മുറുക്കി. സി പി എം സ്ഥാനാര്‍ത്ഥി സജി ചെറിയാനെ ജയിപ്പിക്കാന്‍ െ്രെകസ്തവ സഭകളെയും കെ.എം.മാണിയെയും വെള്ളാപ്പള്ളി നടേശനെയും പാളയത്തിലെത്തിക്കാന്‍ സി പി എം ശ്രമം തുടങ്ങി.ഇതിനകം ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ ബഹുദൂരം മുന്നിലെത്തി. അദ്ദേഹം മണ്ഡലത്തിലെത്തുന്നതിന് മുമ്പ് തന്നെ ബിജെപി രംഗം കീഴടക്കിയിരുന്നു. പണത്തിന് പണവും ആളിന് ആളും ഇറക്കിയാണ് ബി ജെ പി പ്രചരണം കൊഴുപ്പിക്കുന്നത്. പാര്‍ലെമെന്റ് ഇലക്ഷന്റെ കര്‍ട്ടന്‍ റെയ്‌സറായാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിനെ സി പി എം കാണുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ രംഗത്തിറക്കിയതിന് പിന്നില്‍ ക്രൈസ്തവ സഭകളിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം കണക്കിലെടുത്താണ്.

കെ എം മാണി തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് സി പി എം കരുതുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി , മാര്‍ പവത്തില്‍, മാര്‍ ക്ലിമിസ് തുടങ്ങിയ പിതാക്കന്‍മാരുടെ പിന്തുണ സി പി എം ഉറപ്പിച്ച് കഴിഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇവരെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കി. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പിന്തുണ സി പി എമ്മിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനമാണ് ഗുണകരമായത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ കോടതി വിധി വന്നിട്ടും അതില്‍ നിന്ന് താളം ചവിട്ടുന്ന സര്‍ക്കാര്‍ നടപടിയാണ് വെള്ളാപ്പള്ളിയുടെ സോഫ്റ്റ് കോര്‍ണറിന്റെ കാരണം.

വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും െ്രെകസ്തവരും വിചാരിച്ചാല്‍ സജി ചെറിയാന്‍ ജയിച്ചു വരും.ചെങ്ങന്നൂരില്‍ ജയിച്ചിരിക്കണമെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. കേന്ദ്ര നേതൃത്വവും ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ ജയിക്കാതിരുന്നാല്‍ അത് വെല്ലുവിളിയായി തീരുമെന്ന് സി പി എം കരുതുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ സര്‍ക്കാരിന് എതിരെ ജനവികാരം ശക്തമായ സാഹചര്യത്തില്‍ വിജയം ഉറപ്പാക്കാനാണ് ശ്രമം. ചെങ്ങന്നൂര്‍ കാരണം വെളളാപ്പളളിയും മാര്‍ ജോര്‍ജ് ആലഞ്ചേരിയും രക്ഷപെട്ടു.

തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ജേക്കബ് തോമസ്. ഇതു സംബന്ധിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി സമര്‍പ്പിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയും പരാതിയില്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി തോമസ് എന്നിവരടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.

പരാതിയുടെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കൈമാറിയിട്ടുണ്ട്. പാറ്റൂര്‍, ബാര്‍കോഴ തുടങ്ങിയ കേസുകള്‍ ഹൈക്കോടതി ഇടപെട്ട് ദുര്‍ബലമാക്കിയതായും. ഇവ പുന:പരിശോധിച്ച് വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി വഴി നല്‍കിയ പരാതിയില്‍ ജേക്കബ് തോമസ് പറയുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ ജുഡീഷ്യറിയുടെ സ്വാധീനം ദൂരുപയോഗം ചെയ്യുന്നതായും പരാതിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പല ഇടപെടലുകളുമെന്നും ജേക്കബ് തോമസ് പറയുന്നു.

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി കച്ചവട വിവാദത്തെ തുടര്‍ന്ന് മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വൈദികരുടെ പ്രതിഷേധം. നേരത്തെ ഭൂമി ഇടപാട് കേസില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇടപാട് വിവാദമായതിനെത്തുടര്‍ന്ന് മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്നാണ് വൈദികരുടെ ആവശ്യം.

ഭൂമി ഇടപാട് വിവാദമാകുകയും സംഭവത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലെ സ്ഥാനത്ത് നിന്ന് അദ്ദേഹം മാറി നില്‍ക്കണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രൂപത വൈദിക സമിതി ചെയര്‍മാനും അങ്കമാലി ഫൊറോന പള്ളി വികാരിയുമായ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപ്പെട്ടു. മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വികാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍ ആലഞ്ചേരി അനുശോചനം അറിയിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം സംഘടിപ്പിച്ച വൈദികര്‍ മാര്‍ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് അതിരൂപതയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നേരത്തെ ആലഞ്ചേരിയെ അനുകൂലിച്ച് രംഗത്തു വന്ന ഒരുപറ്റം വൈദികര്‍ പ്രതിഷേധകരെ തടയാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ മറ്റു വൈദികര്‍ ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.

തിരുവനന്തപുരം: കേരളാ പോലീസില്‍ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഗുരുതര സ്വഭാവദൂഷ്യത്തിന് നടപടി നേരിടുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 365 പോലീസുകാര്‍ക്കെതിരെയാണ് സ്വഭാവ ദൂഷ്യത്തിന് നടപടി സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സ്ത്രീ പീഡനക്കേസുകളില്‍ അകപ്പെട്ട ഏതാണ്ട് 73 പോലീസുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി അറിയിച്ചു. പുതിയ കണക്കുകള്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന് തെളിയിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സ്ത്രീ പീഡനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട 73 പേരില്‍ 33 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. കൊല്ലം ജില്ലയില്‍ നിന്ന് മൂന്നു പേര്‍, പത്തനംതിട്ട ജില്ലയില്‍ നിന്ന് നാലു പേര്‍, ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു പേര്‍, ഇടുക്കി ജില്ലയില്‍ നിന്ന് രണ്ടു പേരും സ്ത്രീ പീഡന കേസില്‍ പ്രതികളാണ്. എറണാകുളം സിറ്റിയില്‍ ആറു പേര്‍, എറണാകുളം റൂറലില്‍ ഒരാള്‍, തൃശൂര്‍ ജില്ലയില്‍ നിന്ന് രണ്ടു പേര്‍, പാലാക്കാട് ജില്ലയില്‍ നിന്ന് ഏഴു പേര്‍, മലപ്പുറം ജില്ലയില്‍ നിന്ന് നാലു പേര്‍, കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍, വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍, കണ്ണൂരില്‍ നിന്ന് മൂന്ന് പേരും ക്രിമനല്‍ കേസ് പ്രതികളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിനെതിരെ പോലീസ് കേസെടുത്തു. അയോധ്യക്ഷേത്ര നിര്‍മാണം സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനക്കെതിരെ മുസ്ലിം പണ്ഡിതര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.

അയോധ്യ കേസില്‍ ക്ഷേത്രത്തിനു എതിരായി വിധിയുണ്ടായാല്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ഇന്ത്യയില്‍ സിറിയയിലേതുപോലുള്ള അവസ്ഥ ഉണ്ടാക്കരുതെന്നുമായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. എന്നാല്‍ ഇത് രാജ്യത്തെ മുസ്ലിം മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് പണ്ഡിതര്‍ ആരോപിച്ചു.

കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകുമോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ അയോധ്യക്ഷേത്ര നിര്‍മാണം സംബന്ധിച്ച് രൂക്ഷമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രവിശങ്കറിന്റെ പ്രസ്താവനെയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് ദയാവധം നടപ്പിലാക്കുന്നതിന് സുപ്രീം കോടതി അനുമതി. ഉപാധികളോടെയാണ് പുതിയ അനുമതി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന തീരുമാനം കൈകൊണ്ടിരിക്കുന്നത്. യാതൊരുവിധ ചികിത്സയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍പ്പിച്ചു പറഞ്ഞിരിക്കുന്ന രോഗികള്‍ മരണ താത്പര്യം അറിയിക്കുകയാണെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമെ ദയാവധം നടപ്പിലാക്കാന്‍ കഴിയൂ. ഒരു വ്യക്തി മരണ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും അതിനു ശേഷം ഹൈക്കോടതിയുടെയും അനുമതിക്കായി കാത്തു നില്‍ക്കേണ്ടി വരും.

മരുന്ന് കുത്തിവെച്ചുള്ള മരണത്തിന് കോടതി അനുമതി നല്‍കിയിട്ടില്ല. മറിച്ച് നിഷ്‌ക്രിയ മരണം തെരെഞ്ഞെടുക്കാനുള്ള അവകാശത്തിന് മാത്രമെ അനുമതി നല്‍കുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനൊപ്പം പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. അന്തസ്സോടെ മരിക്കുന്നത് മനുഷ്യന്റെ അവകാശമാണെന്നും വിധി പ്രസ്താവിച്ച കോടതി വ്യക്തമാക്കി.

ലക്ഷദ്വീപിലുണ്ടായ കപ്പൽ അപകടത്തിൽ നിന്ന് രക്ഷപെട്ട പത്തൊൻപത് പേരെ കൊച്ചിയിലെത്തിച്ചു.കപ്പൽ മാർഗം പുറകടലിലെത്തിച്ച ശേഷം കോസ്റ്റ്ഗാർഡിന്റെ ബോട്ടിലാണ് ഇവരെ കരയ്ക്കെത്തിച്ചത്. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹവും കൊച്ചിയിലെത്തിച്ചു.

പുലർച്ചെ ഒരുമണിയോടെയാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടവരെ കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടില്‍ എറണാകുളം വാര്‍ഫിലെത്തിച്ചത്. എല്ലാവരെയും ഉടന്‍ തന്നെ നഗരത്തിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.ഇതില്‍ മലായാളികളും ഉൾപ്പെടും.കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് ലക്ഷദ്വീപിൽ നിന്ന് മുന്നൂറ്റി നാൽപത് നോട്ടിക്കൽ മൈൽ അകലെ കപ്പൽ അപകടത്തിൽപെട്ടത്.

സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കപ്പലിൽ മലയാളികളടക്കം ഇരുപത്തിയേഴ് പേരാണുണ്ടായിരുന്നത്. പ്രാണരക്ഷാർഥം കടലിൽ ചാടിയ ഇരുപത്തിമൂന്ന് പേരെ മറ്റു കപ്പലിലുള്ളവർ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ മുന്നു പേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.രാസപദാര്‍ഥങ്ങളില്‍ തീപിടിച്ചണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാണാതായ മൂന്നു പേർക്കുള്ള തിരച്ചിൽ തുടരുകയാണ്.

ഇന്റര്‍നെറ്റ് ഷോയുടെ സ്വാധീനത്തിൽ വിദ്യാർഥിനി സ്കൂള്‍ ടോയ്‌‌ലറ്റില്‍ ജീവനൊടുക്കി. വിവാദമായ നെറ്റ്ഫ്ലിക്സ് ഷോയുടെ ഒടുവിലത്തെ ഇരയാണ് പതിമൂന്നുകാരി. യുഎസിലെ കൗമാരക്കാര്‍ക്കിടയിൽ നെറ്റ്ഫ്ലിക്സ് ഷോയ്ക്ക് വലിയ സ്വാധീനമാണുള്ളത്. ഷോയുടെ സമൂഹിക പ്രതിഫലനമായി യുഎസിൽ കൗമാരക്കാർ ആത്മഹത്യ ചെയ്യുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

നെറ്റ്ഫ്ലിക്സ് ഷോ നിർത്തലാക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ സ്കൂൾ ടോയ്ലറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റ്ഫ്ലിക്സ് ഷോയിൽ കാണുന്ന രീതിയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ മെയിൽ പെൺകുട്ടി സ്വന്തം വീട്ടിലും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെൺകുട്ടി സ്ഥിരമായി നെറ്റ്ഫ്ലിക്സ് വിഡിയോ കാണുമായിരുന്നു എന്ന് അമ്മ കോടതിയെ അറിയിച്ചു. മകൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ ഉണ്ടായിരുന്നതായും അമ്മ കോടതിയെ അറിയിച്ചു.

കൊച്ചി: നടന്‍ പൃഥ്വിരാജ് സിനിമാ നിര്‍മ്മാണ മേഖലയിലേക്ക്. പുതിയ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്. പുതിയ നിര്‍മ്മാണ സംരഭം ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിക്കുമെന്ന് പൃഥ്വിരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്ക് ഒടുവിലാണ് പൃഥ്വിയുടെ സിനിമാ കമ്പനി പ്രഖ്യാപനം. കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് നിലവില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കമ്പനി പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് എഴുതിയ കുറിപ്പ്.

കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. ഇപ്പോള്‍ അത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിര്‍മാണ കമ്പനി കൂടി! എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്തുകൊണ്ട് ഈ സംരംഭം ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഈ ദൗത്യം മലയാള സിനിമ നിര്‍മാണ മേഖലക്ക് ഒരു പുത്തന്‍ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നു? മലയാള സിനിമയെ കുറിച്ച് ഞാന്‍ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലൂടെ നമ്മള്‍ എങ്ങനെ ഒരു പടി കൂടുതല്‍ അടുക്കുന്നു?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തുടര്‍ന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, സുപ്രിയയും ഞാനും അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

പുതിയ വീഡിയോ ഗെയിമായ ഫോര്‍ട്ട്‌നൈറ്റ് രക്ഷിതാക്കളില്‍ ആശങ്ക പടര്‍ത്തുന്നു. ലോകമൊട്ടാകെ കുട്ടികളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ ഗെയിം ജ്വരം കുടുംബങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. പ്ലേസ്റ്റേഷന്‍ 4, എക്‌സ്‌ബോക്‌സ് വണ്‍, വിന്‍ഡോസ്, മാക് പ്ലാറ്റ്‌ഫോമുകളില്‍ കളിക്കാവുന്ന ഈ ഗെയിം ഒരു സര്‍വൈവല്‍ ഷൂട്ടിംഗ് ഗെയിമാണ്. ഇതിന്റെ ഫ്രീ ടു പ്ലേ ബാറ്റില്‍ റോയാല്‍ മോഡാണ് ഗെയിമിനെ ജനപ്രിയമാക്കുന്നത്. നൂറുകണക്കിന് അപരിചിതരുമായി നേര്‍ക്കുനേര്‍ വെടിവെക്കുകയും ഒരാള്‍ മാത്രം ശേഷിക്കുന്ന വിധത്തില്‍ എതിരാളികളെ വെടിവെച്ച് വീഴ്ത്തുന്നതുമാണ് ഗെയിം.

കുട്ടികള്‍ ഇതില്‍ പൂര്‍ണ്ണമായും മുഴുകുന്നു എന്ന പാര്‍ശ്വഫലമാണ് പ്രധാനമായും ഉള്ളത്. ഗെയിമില്‍ തോല്‍ക്കുന്ന കുട്ടികളില്‍ ദേഷ്യം അനിയന്ത്രിതമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫിഫ, റോക്കറ്റ് ലീഗ് തുടങ്ങിയ ഗെയിമുകളിലും ഇത് സാധാരണമാണെങ്കിലും ഫോര്‍ട്ട്‌നൈറ്റില്‍ ഒരു ലൈഫ് മാത്രമാണുള്ളത്. രണ്ടാമത് തോല്‍ക്കുന്നതോടെ ഗെയിമില്‍ നിന്ന് പുറത്താകുമെന്നതിനാല്‍ കുട്ടികളുടെ ദേഷ്യം വര്‍ദ്ധിക്കും. കുട്ടികള്‍ ഈ ഗെയിമിന്റെ അടിമകളായി മാറിയിരിക്കുകയാണെന്നും കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ വിഷണ്ണരാകുകയാണെന്നും മാതാപിതാക്കള്‍ പറയുന്നു..

ഐടിവിയുടെ ദിസ് മോര്‍ണിംഗ് ടുഡേ എന്ന പരിപാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികളുടെ സ്വഭാവം തന്നെ മാറുന്നുവെന്നാണ് ഒരു മാതാവ് വെളിപ്പെടുത്തിയത്. ഗെയിം 12 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായി മാറ്റണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു.

RECENT POSTS
Copyright © . All rights reserved