Latest News

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശിയായ സുജിത്ത് വേണുഗോപാല്‍ (26) ആണ് കൊല്ലപ്പെട്ടത്. സഹോദരിയെ ശല്യം ചെയ്തത് ചോദിച്ച സുജിത്തിനെ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ സുജിത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള മിഥുന്‍, സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ശല്യം ചെയ്തിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന സുജിത്തിനെ മിഥുന്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാരാകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കും മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് സുജിത്തിന്റെ അന്ത്യം സംഭവിച്ചത്.

സുജിത്തിനെ മര്‍ദ്ധിച്ച ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയച്ഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന സുജിത്ത് നാട്ടിലെത്തിയ ശേഷം കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി നോക്കിവരികയായിരുന്നു.

സഹോദരിയുടെ ഫഌറ്റില്‍നിന്ന് എഞ്ചിനിറിംഗ് വിദ്യാര്‍ത്ഥിനിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. 23 കാരിയായ എന്‍ അനുഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മര്‍ദ്ദനമേറ്റ് മൂന്ന് ദിവസം മുമ്പാണ് അനുഷ മരിച്ചതെന്നാണ് പൊലീസ് നിരീക്ഷണം. മോത്തിലാല്‍ എന്ന യുവാവുമായി അനുഷയുടെ വിവാഹ ഏപ്രിലില്‍ നടക്കാനിരിക്കെയാണ് മരണം.

നല്‍ഗൊണ്ട ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം കോണ്‍സ്റ്റബിള്‍ ടെസ്റ്റിന് വേണ്ടിയുള്ള പഠനത്തിലാണ്. മൂന്ന് ദിവസം മുമ്പാണ് അനുഷ സഹോദരിയുടെ മിധാനിയിലെ ബന്‍ജാര കോളനിയിലുള്ള ഫഌറ്റിലെത്തിയത്.

സഹോദരിയും കുടുംബവും ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഫഌറ്റില്‍ അനുഷ ഒറ്റയ്ക്കായിരുന്നു. ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ സഹോദരന്‍ ശ്രീകാന്ത് അന്വേഷിക്കാനെത്തിയപ്പോഴാണ് അനുഷയുടെ അഴുകിയ നിലയിലുള്ള മൃതദേഹം ഫഌറ്റില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മരണം കൊലപാതകമാണെന്നും പ്രതികള്‍ക്കായുളള തെരച്ചില്‍ ആരംഭിച്ചതായും വ്യക്തമാക്കി.

ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് ചാടിയ യുവാവിനെ യുവതി അതിസാഹസികമായി രക്ഷപ്പെടുത്തി. സ്റ്റേഷനിലെ സിസിടിവി ക്യാമറയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. സ്‌റ്റേഷന്‍ പരിസരത്ത് അതീവ നിരാശയില്‍ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന യുവാവ് പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു ഇത് കണ്ടു നിന്ന യുവതി അതി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു

വീഡിയോ കാണാം.

ഡ്രൈവറും സഹായിയുമില്ലാതെ ഓടുന്ന പാചകവാതക ലോറി തടയാൻ എംഎൽഎയുടെ നിർദേശം. മണിക്കൂറുകൾക്കംതന്നെ ദേശീയപാത വഴി സഹായിയില്ലാതെ ഓടിയെത്തിയ ടാങ്കർലോറികൾ നാട്ടുകാർ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇവയിലെ ഡ്രൈവർമാർക്കു താക്കീതു നൽകി വിട്ടു. കാവുംപുറത്ത് ഇന്നലെ ഉച്ചയ്ക്ക്, എംഎൽഎ കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ, വട്ടപ്പാറ വളവിനെ അപകടമുക്തമാക്കുന്നതിനു യോഗം വിളിച്ചുകൂട്ടിയിരുന്നു.

യോഗത്തിൽ പ്രസംഗിച്ച ഐഒസി ഉദ്യോഗസ്ഥൻ ക്യാപ്സ്യൂൾ ടാങ്കർ അടക്കമുള്ള പാചകവാതക ലോറികളിൽ ഡ്രൈവർക്കൊപ്പം സഹായിയും നിർബന്ധമാണെന്നു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേലിൽ പാചകവാതക ലോറികളിൽ ഡ്രൈവർ മാത്രമാണെന്നു കണ്ടാൽ അവ നാട്ടുകാർക്കു തടയാമെന്ന് എംഎൽഎ അറിയിച്ചിരുന്നു.

യോഗതീരുമാനങ്ങൾക്കുശേഷം പുറത്തിറങ്ങിയ നാട്ടുകാർ വട്ടപ്പാറ അടിയിൽനിന്നു ഡ്രൈവർ മാത്രമായി ഓടിയെത്തിയ രണ്ടു ലോറികൾ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ട്രാൻസ്പോർട്ടിങ് കമ്പനികൾ ലാഭമുണ്ടാക്കുന്നതിനു മിക്കപ്പോഴും ടാങ്കർലോറികളിൽ ഒരാളെ മാത്രമാണു നിയോഗിക്കുന്നത്.

കൊച്ചി: പ്രമുഖ ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം അപമാനിച്ചു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് ആചാര പ്രകാരം അനുവദനീയമല്ല എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ പൊതുദര്‍ശന ചടങ്ങ് തടയുകയായിരുന്നു. അയിത്തം കല്‍പ്പിക്കപ്പെട്ട മൃതദേഹം ഒടുവില്‍ ദര്‍ബാര്‍ ഹാളിന്റെ തിണ്ണയില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ചടങ്ങിനായി കെട്ടിയ പന്തലും പ്രതിഷേധവുമായി എത്തിയവര്‍ അഴിപ്പിച്ചു.

ലളിത കലാ അക്കാദമിയുടെ ഔദ്യോഗിക തീരുമാന പ്രകാരം ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം ചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയത്. അനുശോചനം രേഖപ്പെടുത്തി ദര്‍ബാര്‍ ഹാളിനു സമീപം വെച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രതിഷേധവുമായി എത്തിയവര്‍ കീറിയെറിഞ്ഞു. മൃതദേഹം ഇവിടെ പൊതു ദര്‍ശനത്തിനു വെക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ആള്‍ക്കൂട്ടം കൂടുതല്‍ ആളുകളെ വിളിച്ച് പ്രശ്‌നമുണ്ടാക്കുമെന്ന് സംഘാടകരെ ഭീഷണിപ്പെടുത്തി.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്‍വശത്തെ വഴിയിലൂടെ മൃതദേഹം കൊണ്ടുവരുകയും വരാന്തയില്‍ പൊതുദര്‍ശനത്തിനു വെക്കുകയും ചെയ്തു. നേരത്തെ ചടങ്ങുകള്‍ക്കായി നിര്‍മ്മിച്ച പന്തല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സംഘാടകര്‍ പൊളിച്ച് മാറ്റിയിരുന്നു. ഇടപ്പള്ളിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മഹേഷ് എന്ന അശാന്തന്‍ രണ്ടു തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള ശ്രദ്ധേയനായ കലാകാരനാണ്.

തെന്നിന്ത്യന്‍ പിന്നണി ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വീണ്ടും സിനിമാലോകത്തിന്റെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി, ചിമ്പു, ധനുഷ് തുടങ്ങിയ താരങ്ങളുടെ സ്വകാര്യ വീഡിയോകള്‍ പുറത്തു വിട്ട് കോളിളക്കം സൃഷ്ടിച്ച സുചിയുടെ വീഡിയോകള്‍ സുചി ലീക്ക്‌സ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു വര്‍ഷത്തിനു ശേഷം സുചി ലീക്ക്‌സ് ഒരു രണ്ടാം വരവ് നടത്തിയിരിക്കുകയാണ്.

ഇത്തവണ ഖുശ്ബൂ, സുകന്യ തുടങ്ങിയ സീനിയര്‍ താരങ്ങളാണ് സുചിയുടെ ഇരകള്‍. എന്നാല്‍ സുചിത്രയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വീഡിയോകള്‍ പുറത്തു വന്നതിനു ശേഷം സുചി ലീക്ക്‌സ് എന്ന പേരില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ നിലവില്‍ വന്നിരുന്നു. യഥാര്‍ത്ഥ അക്കൗണ്ടിലുള്ളതിനേക്കാള്‍ ഫോളോവര്‍മാരുള്ള ഈ അക്കൗണ്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്കു മുന്നില്‍ വലിച്ചുകീറുമെന്നാണ് ഇവരുടെ ഭീഷണി.

ധനുഷും ചിമ്പുവും തന്നെ ഉപദ്രവിക്കുന്നുവെന്നും അതിന്റെ വീഡിയോകളാണ് പുറത്തു വിടുന്നതെന്നുമായിരുന്നു സുചിത്ര ആദ്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവകാശപ്പെട്ടത്. പിന്നീട് മറ്റ് വീഡിയോകളും പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് സുചിത്ര അവകാശപ്പെട്ടു. സുചിത്രക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞുകൊണ്ട് ഭര്‍ത്താവ് കാര്‍ത്തിക് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

കഴിഞ്ഞ 21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ മൂലം നീതി ലഭിക്കുന്നില്ലെന്ന് പരാതി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത സി. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറയുന്നത്. പലപ്രാവശ്യം നിയമസഹായം തേടിയെങ്കിലും സിപിഎം സംസ്ഥാന ഓഫീസായ എകെജി ഭവനില്‍ ജോലി ചെയ്യുന്ന ഭര്‍തൃ സഹോദരിയുടെയും ‘ചിന്ത’യില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരീ ഭര്‍ത്താവിന്റെയും അവിഹിത ഇടപെടല്‍ മൂലം നിയമപാലകര്‍ ഏകപക്ഷീയ നിലപാടുകള്‍ എടുക്കുകയാണുണ്ടായതെന്ന് സുനിത പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 9ന് അച്ഛന്റെ മരണാവശ്യങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടലെത്തിയ എന്നെ ഭര്‍ത്താവ് യാതൊരു പ്രകോപനങ്ങളുമില്ലാതെ തല്ലി ചതക്കുകയും വാരിയെല്ലുകള്‍ക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചു പൊളിച്ചു. ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മര്‍ദ്ദനമുറകള്‍. ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് സുനിത പറയുന്നു.

ഇന്റിമേഷന്‍ പോയി രണ്ടു നാള്‍ കഴിഞ്ഞാണ് അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്. എടുത്ത കേസ് ആകട്ടെ ദുര്‍ബലമായ വകുപ്പുകളും ചേര്‍ത്ത്. സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ഇടപെടല്‍ ഇത്തവണയും അതിശക്തമായിരുന്നു. അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ മറുപടി ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ് മറുപടി ലഭിച്ചതെന്നും സുനിത തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സുനിതയുടെ ഫേസ്ബുക്ക് കുറിപ്പ്;

കൊച്ചി: ഫോണ്‍കെണിക്കേസില്‍ എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മുന്നണിയില്‍ എതിരഭിപ്രായമില്ലാത്തതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങിയ ശശീന്ദ്രന് വിലങ്ങുതടിയായിരിക്കുകയാണ് ഈ ഹര്‍ജി. കീഴ്ക്കോടതി വിധി റദ്ദാക്കി കേസില്‍ നിയമ നടപടി തുടരണമെന്നാണ് ഹര്‍ജി ആവശ്യപ്പെടുന്നത്.

നാളെ ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സത്യപ്രതിജ്ഞക്ക് നിശ്ചയിച്ച സമയത്ത് തന്നെ അത് പരിഗണിക്കും. പുതിയ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം വൈകുമെന്ന് സൂചനയുണ്ട്.

മാധ്യമപ്രവര്‍ത്തക പരാതി പിന്‍വലിച്ച സാഹചര്യത്തിലാണ് ശശീന്ദ്രനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അവസാന നിമിഷം സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജിയും കോടതി തള്ളിയിരുന്നു. മാധ്യമപ്രവര്‍ത്തക നിലപാട് മാറ്റിയതോടെ കേസില്‍ നിന്ന് ഒഴിവാകണമെന്ന് ശശീന്ദ്രന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരക്കഥയില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിശോധിച്ച് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

ആമിയുടെ പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പലകാര്യങ്ങളും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും ഒരാളുടെ ജീവിത കഥ പറയുമ്പോള്‍ അയാളുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ മറച്ചുവെക്കാന്‍ സംവിധായകന് അവകാശമില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വളച്ചൊടിക്കാനോ മനഃപൂര്‍വ്വം മറച്ചു വെക്കാനോ സംവിധായകന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. സിനിമ അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

ന്യൂഡല്‍ഹി: മേഘാലയയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാനെത്തിയ രാഹുല്‍ ഗാന്ധി ധരിച്ചത് 70,000 രൂപയുടെ ജാക്കറ്റെന്ന് പരിഹസിച്ച് ബിജെപി. മോഘാലയ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് രാഹുലിന് പരിഹാസമുയര്‍ന്നത്. നരേന്ദ്ര മോഡി സ്വന്തം പേരെഴുതിയ സ്യൂട്ട് ധരിച്ചതിനെ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന് രാഹുല്‍ വിമര്‍ശിച്ചതിന് തിരിച്ചടിയായാണ് ഈ ട്വീറ്റ്.

മേഘാലയയുടെ ട്രഷറിയില്‍ നിന്നും വലിയ അഴിമതിയിലൂടെ ‘കള്ളപ്പണം’ കൊള്ളയടിച്ച സൂട്ട് ബൂട്ട് സര്‍ക്കാറാണോ എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് രാഹുല്‍ എത്തിയത്. ഞങ്ങളുടെ ദു:ഖങ്ങള്‍ പാട്ടുപാടി അകറ്റുന്നതിനു പകരം നിങ്ങളുടെ കഴിവുകെട്ട സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും നിങ്ങളുടെ അലംഭാവം ഞങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണെന്നും ട്വീറ്റില്‍ ബിജെപി പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദി ധരിച്ചത് 10 ലക്ഷം രൂപ വിലവരുന്ന കോട്ടാണ് ധരിച്ചത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണനൂലുകള്‍ ഉപയോഗിച്ച് കോട്ടില്‍ മോദിയുടെ പേര് തുന്നിയതും വാര്‍ത്തയായിരുന്നു.

RECENT POSTS
Copyright © . All rights reserved