Latest News

ന്യൂസ് ഡെസ്ക്.

എഡിൻബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാൻസർ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെൻറ് ജോൺസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാൻ, സൂരജ്, സ്നേഹ.

ഷീജാ ബാബുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉന്നവോയിലെയും കത്വവയിലെയും പീഡനങ്ങൾക്ക് പുറമെ രാജ്യത്ത് വീണ്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വീണ്ടും തുടർക്കഥയാകുന്നു. ഗുജറത്തിലും ഉത്തർപ്രദേശിലുമാണ് സംഭവങ്ങൾ…ഗുജറത്തിൽ 11 കാരിയും ഉത്തർ പ്രദേശിൽ ഒരു ഗർഭണിയുമാണ് പീഡനത്തിനിരകളായത്… ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായിയുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത് എഎൻഐ വാർത്താ ഏജൻസിയാണ്.

പിഞ്ചുദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണത്തിന് കീഴടങ്ങും മുന്‍പ് ഒരാഴ്ചക്കാലമെങ്കിലും പെണ്‍കുട്ടി മൃഗീയമായി പീഡനത്തിന് ഇരയായിരുന്നതായാണ് നിഗമനം . ഏപ്രിൽ ആറിനാണ് കുട്ടിയുടെ മൃതദേഹം സൂററ്റിൽ നിന്നും കണ്ടെത്തിയത്.പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ മുറിവുകളിൽ നിന്ന് തടികൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. മൃതദേഹം ചതുപ്പ് നിലത്ത് നിന്നും അഴുകിയ നിലയിലാണ് കാണപ്പെട്ടത്. മരിച്ച പെൺകുട്ടിയെ തിരിച്ചറിയാൻ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

മൃതദേഹത്തിലെ മുറിവുകളില്‍ ചിലത് ഏഴ് ദിവസവും ചിലത് ഒരു ദിവസവും പഴക്കമുള്ളതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതില്‍ നിന്ന് കുട്ടി ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നത്    ലൈംഗിക പീഡനം നടന്നതായുള്ള സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്വകാര്യഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മുറിവുകളും മരം കൊണ്ടുള്ള ആയുധം കൊണ്ടാണെന്ന് സൂറത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ പറഞ്ഞു. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല

അതേ സമയം ഉത്തർപ്രദേശിലെ അമേത്തിയിൽ ഗർഭിണിയെ നാലംഗ സംഘം മാനഭംഗത്തിനിരയാക്കി. വെള്ളിയാഴ്ചയാണു സംഭവം. തിലോയിയിലെ ചികിത്സാകേന്ദ്രത്തിലേക്കുപോയ മുപ്പത്തഞ്ചുകാരിയെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ബോധരഹിതയായ സ്ത്രീയെ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.ഗ്രാമവാസികൾ വിവരമറിച്ചതിനെത്തുടർന്ന് എത്തിയ പോലീസാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ആക്രമണത്തിനിരയായ സ്ത്രീയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു . മാനഭംഗപ്പെടുത്തിയ നാലു പേരെയും തിരിച്ചറിയാമെന്നു സ്ത്രീ അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്. ബോധരഹിതയാകും മുമ്പ് രണ്ടുപേർ രക്ഷപ്പെട്ടുവെന്നും ഇവർ പറഞ്ഞു.

കഠ്‌വ, ഉന്നാവ പീഡനങ്ങളില്‍ രാജ്യമാകെ രോഷം അലയടിക്കവേയാണ് പുതിയ സംഭവം പുറത്തെത്തുന്നത്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുമെന്ന് പ്രധാനമന്ത്രി രണ്ട് സംഭവങ്ങളെയും നേരിട്ട് പരാമര്‍ശിക്കാതെ ഇന്നലെ പറഞ്ഞിരുന്നു. കഠ്‌വയില്‍ അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. യുപിയിലെ ഉന്നാവയിലാകട്ടെ പ്രതി ബിജെപി എംഎല്‍എയും

കഴിഞ്ഞ വർഷം ജൂണിലാണ് ബിജെപി എംഎൽഎയായ സെന്‍ഗാറും അനുയികളും ചേർന്ന് ഉത്തർപ്രദേശിലെ ഉന്നാവയിൽ പെൺകുട്ടയെ പീഡിപ്പിച്ചത് . എന്നാൽ പരാതി നല്‍കിയ യുവതിയുടെ കുടുംബത്തെ ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. മാഖി പോലീസില്‍ പരാതി നൽകിയിട്ടും എം എല്‍ എക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. എം എല്‍ എയെ ഒഴിവാക്കി പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും തുടർന്ന് ഉന്നാവോ എസ് പി ഉള്‍പ്പെടെയുള്ളവരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നാലെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പെൺ‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കൾ ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയ്‌ക്കൊപ്പം ജീവനൊടുക്കി യുവാവ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയത്തിന് കണ്ണില്ലെന്നും പറയുമെങ്കിലും ഇതുപോലുള്ള പ്രണയം തലയ്ക്കുപിടിച്ചാല്‍ അത് കുടുംബ ജീവിതങ്ങള്‍ തന്നെ തകര്‍ക്കുന്ന കാഴ്ച്ചകളാണ് ദിവസവും ഉണ്ടാകുന്നത്.

ഇന്നലെ ആലുവയിലുണ്ടായ സംഭവം അതിന് മറ്റൊരു ഉദാഹരണമാണ്. വിവാഹേതര പ്രണയം മരണത്തിലാണ് പലപ്പോഴും കലാശിക്കുക എന്ന സന്ദേശവും. കാമുകനെ അയാള്‍ ജോലിചെയ്യുന്ന കമ്ബനിയില്‍ ചെന്ന് ഭര്‍തൃമതിയായ യുവതി വിളിച്ചുകൊണ്ടുപോയതിന് പിന്നാലെയാണ് സംഭവം.
പിന്നീട് രണ്ടുപേരും ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് ബന്ധുക്കളേയും നാട്ടുകാരേയും തേടിയെത്തിയത്. ശ്രീമൂലനഗരം കല്ലയം ഏത്താപ്പിള്ളി വീട്ടില്‍ കുഞ്ഞന്റെയും ബേബിയുടെയും മകന്‍ രാഗേഷ് (32), ശ്രീമൂലനഗരം എടനാട് അമ്ബാട്ടുതറ വീട്ടില്‍ ദിവ്യന്റെ ഭാര്യ ശ്രീകല (28) എന്നിവരാണ് മരിച്ചത്. ആലുവ തുരുത്തിന് സമീപം റെയില്‍പാളത്തില്‍ ഇരുവരേയും ട്രെയിനിനു മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ ആറിനാണു മൃതദേഹങ്ങള്‍ കണ്ടത്. തലഭാഗം ചിതറിപ്പോയിരുന്നു.

രാഗേഷിന്റെ ബൈക്കില്‍ തുരുത്തില്‍ എത്തിയ ഇവര്‍ ട്രെയിന്‍ വന്നപ്പോള്‍ പാളത്തിലേക്കു ചാടുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. രാഗേഷിന്റെ സംസ്‌കാരം നടത്തി. ശ്രീകലയുടെ മൃതദേഹം സ്വദേശമായ നെടുവന്നൂരിലേക്കു കൊണ്ടുപോയി. വീടിനടുത്തുള്ള പൈപ്പ് കമ്പനിയിൽ പ്ലംബറാണ് രാഗേഷ്. ഇയാള്‍ അവിവാഹിതനാണ്.  രണ്ടു കുട്ടികളുടെ അമ്മയാണ് മരണമടഞ്ഞ ശ്രീകല. വെള്ളിയാഴ്ച ഉച്ചയ്ക്കു ശ്രീകല കമ്പനിയില്‍ച്ചെന്നു രാഗേഷിനെ വിളിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കും വിവരമില്ല. രാഗേഷിന്റെ വീടിനടുത്താണ് ശ്രീകലയുടെ ഭര്‍തൃവീട്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച്‌ ജീവിക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും കരുതുന്നതായി പൊലീസ് പറയുന്നു.

ആഴ്ചയില്‍ അഞ്ച് ഗ്ലാസിലേറെ വൈന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം. ഗവണ്‍മെന്റ് മാനദണ്ഡങ്ങള്‍ അനുസരിച്ച് 5 ഗ്ലാസ് എന്നത് സുരക്ഷിതമായ പരിധിയിലാണ്. എന്നാല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനും ലോകമൊട്ടാകെ 6 ലക്ഷം പേരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരക്കാരുടെ ആയുസ്സിലെ ദിനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നത്. അളവില്ലാതെ ബിയര്‍ കഴിക്കുന്നതും സമാന ഫലമാണേ്രത ഉളവാക്കുക.

ആഴ്ചയില്‍ പത്തോ അതിലധികമോ ഡ്രിങ്കുകള്‍ കഴിക്കുന്നവരുടെ ജീവിതത്തില്‍ നിന്ന് രണ്ട് വര്‍ഷങ്ങള്‍ ഇല്ലാതാകുമത്രേ. ഓരോ യൂണിറ്റിനും 15 മിനിറ്റ് വീതമാണ് നഷ്ടമാകുന്നത്. ഒരു സിഗരറ്റ് വലിച്ചാലും ഇതേ ഫലം തന്നെയാണ് ഉണ്ടാകുക. മദ്യപാനം കുറയ്ക്കുന്നത് നിരവധി കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ഇതിലൂടെ ജീവിത ദൈര്‍ഘ്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാമെന്നും ഗവേഷണം നയിച്ച കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഡോ.ആന്‍ജല വുഡ് പറയുന്നു.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ജോസഫിന്റെ നിര്‍ദേശമനുസരിച്ച് 2016ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മാനദണ്ഡങ്ങള്‍ പുതുക്കിയിരുന്നു. ഇതനുസരിച്ച് സുരക്ഷിതമെന്ന് കരുതുന്നത് ആഴ്ചയില്‍ 14 യൂണിറ്റ് ആല്‍ക്കഹോള്‍ മാത്രമാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പൊതുവായുള്ള നിര്‍ദേശമാണ് ഇത്. പുരുഷന്‍മാര്‍ 28 യൂണിറ്റിനു സ്ത്രീകള്‍ 21 യൂണിറ്റിനു മുകളില്‍ ആല്‍ക്കഹോള്‍ കഴിക്കരുതെന്നും ഇതില്‍ പറയുന്നു.

എന്നാല്‍ പുതിയ പഠനമനുസരിച്ച് 5 ഡ്രിങ്കുകള്‍ മാത്രമാണ് സുരക്ഷിത പരിധി. 12.5 യൂണിറ്റുകള്‍ വരും ഇത്. 4 ശതമാനം വീര്യമുള്ള ബിയറിന്റെ 5 പൈന്റുകളും 13 ശതമാനം വീര്യമുള്ള അഞ്ച് 175 മില്ലി ഗ്ലാസ് വൈനും മാത്രമേ സുരക്ഷിതമായി കഴിക്കാനാകൂ. സ്‌ട്രോക്ക്, ഹൃദ്രോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളാണ് ഇതിനു മേല്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ഭൂമിക്കടിയില്‍ നിന്നും പുക ഉയര്‍ന്നുവന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കുട്ടനാട് ചമ്പക്കുളം നടുഭാഗം ഗവ. എല്‍പിഎസിന് സമീപത്തുള്ള നെടുമുടി കൃഷിഭവന്‍ പരിധിയിലെ കല്ലമ്പള്ളി പാടശേഖരത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്ന് രാവിലെയാണ് പാടശേഖരത്തില്‍ നിന്നും ഉയര്‍ന്ന പുകയും വെള്ളം തിളച്ചു മറിഞ്ഞതുമാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈദ്യുതി ബന്ധം വിച്ഛേദിച്ച ഇലക്ട്രിക് വയറില്‍ നിന്നായിരുന്നു പുക ഉയര്‍ന്നതെന്ന് പിന്നീട് നാട്ടുകാര്‍ കണ്ടെത്തി. പുക ഉയര്‍ന്ന ചതുപ്പിലേക്ക് ആളുകള്‍ ഇറങ്ങാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഒന്‍പത് മണിയോടെ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. നെടുമുടി പഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി 14 വര്‍ഷമായി തരിശായി കിടന്ന പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

ഇന്നലെ രാവിലെ ആറരയോടെ പ്രദേശത്തുകൂടി കടന്നുപോയ കൊരട്ടിയില്‍ ബിജു ആന്റണിയാണ് പോളയും പുല്ലും നിറഞ്ഞുകിടക്കുന്ന പാടശേഖരത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. സംഭവം കേട്ടറിഞ്ഞ് നൂറുകണക്കിനാളുകള്‍ പ്രദേശത്ത് ഒത്തുകൂടിയിരുന്നു. ചിലര്‍ ജിയോളജിസ്റ്റിനെ വിവരം അറിയിക്കുകയും ചെയ്തു. എട്ടുമണിയോടെ നാട്ടുകാരില്‍ ചിലര്‍ മുളകൊണ്ട് പുല്ല് നീക്കിയപ്പോള്‍ പഴയ ഇലക്ട്രിക് സര്‍വീസ് വയര്‍ ദൃശ്യമായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളിലേക്ക് വൈദ്യുതി ലഭ്യമാക്കുവാന്‍ സ്ഥാപിച്ച വയറാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പാടശേഖരം കൃഷിയില്ലാതായതോടെ സര്‍വീസ് വയര്‍ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിലായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളിലെ വൈദ്യുതി ബന്ധം നിലച്ചപ്പോള്‍ നിലവിലുള്ള സര്‍വീസ് വയറില്‍ നിന്നുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പോസ്റ്റില്‍ നിന്നും സര്‍വീസ് വയര്‍ സ്ഥാപിച്ചായിരുന്നു സ്‌കൂളിലേക്കുള്ള വൈദ്യുതി ലഭ്യമാക്കിയിരുന്നത്.

വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പാടശേഖരത്തില്‍ നിന്നുരുന്ന പോസ്റ്റില്‍ മരങ്ങളും വള്ളികളും പടന്നുകയറി ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിലായി. പാടശേഖരത്തില്‍ പുല്ലും നിറഞ്ഞതോടെ സര്‍വീസ് വയര്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇലക്ട്രിക് ലൈനുകളിലേക്ക് പടര്‍ന്നു പന്തലിച്ച വള്ളികളില്‍ കൂടിയായിരുന്നു സര്‍വീസ് വയറില്‍ വൈദ്യുതി പ്രവഹിച്ചത്.

ഇനി ഒരു പെൺകൊടിയേയും  വേട്ടനായ്ക്കൾ ഭക്ഷണമാക്കാതിരിക്കട്ടെ, ഏവർക്കും വിഷു ആശംസകൾ……

മലയാളിയ്ക്ക് കണികാണാനുള്ള കാലമായി. പതിവ് പോലെ പൂത്തുലഞ്ഞ കണിക്കൊന്നകള്‍ വിഷു ദിനം ആയപ്പോഴേക്കും കൊഴിഞ്ഞ് തുടങ്ങി. വീട്ടിലുള്ള കൊന്നപ്പൂവ് മതിയെന്ന് ആശ്വസിച്ചിരുന്നവര്‍ പൂവിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. നഗരങ്ങളിലാണ് ഈ വിഷുപ്പാച്ചിലുകാരുടെ എണ്ണം കൂടുതല്‍.ഈ അവസരം മുതലാക്കി കണിക്കൊന്ന പാക്കറ്റുകളിലാക്കി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എറണാകുളത്തെ പ്രമുഖ ഷോപ്പിംഗ് മാളില്‍ കണിക്കൊന്നയ്ക്ക് കിലോയ്ക്ക് 250 രൂപയാണ് വില. അതും പറിച്ച് വെച്ചിട്ട് വാടിത്തുടങ്ങിയ പൂവുകളാണ് പാക്കറ്റിലുള്ളത്.പക്ഷെ കണികാണാന്‍ കൊന്നപ്പൂവ് അന്വേഷിച്ച് നടക്കാന്‍ നേരമില്ലാത്ത മലയാളി ഇത് വില കൊടുത്ത് വാങ്ങുന്നു. പൂവ് മാത്രമല്ല കണിവെയ്ക്കാനുള്ള കണിവെള്ളരിയും, ചക്കയും, പഴവുമൊക്കെയുള്ള കോമ്പോ പാക്കിന് 279 രൂപയാണ് വില. ഇവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നു. സദ്യ വരെ ബുക്ക് ചെയ്യുന്ന ഉണ്ണുന്ന കാലത്ത് കണിക്കൊന്ന ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന കാലം വിദൂരമല്ല.

കണിക്കൊന്ന……

വിഷുവിന്‌ കണിവയ്‌ക്കാനുപയോഗിക്കുന്നതുകൊണ്ടാണ്‌ ഇതിന്‌ കണിക്കൊന്ന എന്ന പേരുവന്നത്‌. പ്രധാനമായും ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ കണിക്കൊന്ന പൂക്കുന്നത്‌. പൂങ്കുലയ്‌ക്ക് ഒരടിയില്‍ കൂടുതല്‍ നീളമുണ്ടാകും.
നേര്‍ത്ത തണ്ടില്‍ അനേകം മൊട്ടുകളും പൂക്കളും ഒരുമിച്ച്‌ കാണും. കേരളത്തിലങ്ങളോമിങ്ങോളം കൊന്നമരം കാണപ്പെടുന്നു. നമ്മുടെ സംസ്‌ഥാന പുഷ്‌പം കൂടിയാണ്‌ കണിക്കൊന്ന.
കൊന്നപ്പൂവ്‌ വിഷുവിന്റെ അഴകും കാഴ്‌ചയും വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന മരം എന്നു കൊന്നയെപ്പറ്റി ഇതിഹാസങ്ങളിലുണ്ട്‌.
കൊന്നകള്‍ വിവിധ തരമുണ്ട്‌. കടക്കൊന്ന, കണിക്കൊന്ന, മണിക്കൊന്ന, ചെറുകൊന്ന എന്നിവ മുഖ്യം. മ്യാന്‍മര്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഇലകൊഴിയും കാടുകളിലും നാട്ടിന്‍പുറങ്ങളിലുമായി ഇവ വളരുന്നു. രാജവൃക്ഷം, സുവര്‍ണക, രാജതരു, ഗിരിമാല, സുന്ദലി എന്നിവ കൊന്നയുടെ ഭാരതീയ നാമങ്ങളാണ്‌. ലെഗുമിനോസ സസ്യകുടുംബത്തില്‍ അംഗമാണ്‌ കണിക്കൊന്ന. കാഷ്യഫിസ്‌റ്റുലലിന്‍ എന്നാണ്‌ ശാസ്‌ത്രീയനാമം. സസ്യശാസ്‌ത്രജ്‌ഞനായ ഡയസ്‌ കോറിഡസ്‌ നല്‍കിയ ഗ്രീക്കു പേരാണ്‌ കാഷ്യ. കുഴല്‍ പോലെയിരിക്കുന്നതുകൊണ്ട്‌ ഫിസറ്റുല എന്നു ജാതിപ്പേര്‌. ഇംഗ്ലീഷില്‍ ഇന്ത്യന്‍ ലംബര്‍നം എന്നും കണിക്കൊന്നയ്‌ക്ക് പേരുണ്ട്‌. സംസ്‌കൃതത്തില്‍ കര്‍ണികാരം.
മറ്റു ഇന്ത്യന്‍ ഭാഷകളില്‍ കണിക്കൊന്ന ഇനിപ്പറയുന്ന പേരുകളില്‍ അറിയപ്പെടുന്നു. അമല്‍ടാസ്‌ (ഹിന്ദി), സുനാരി (ഉറുദു), റെല (തെലുങ്ക്‌) ആവാരംപൂ (തമിഴ്‌) കക്കെ (കന്നട).
കൊന്നത്തൊലിയില്‍ ടാനിന്‍ അടങ്ങിയിട്ടുണ്ട്‌. തുകല്‍ സംസ്‌കരിക്കാന്‍ ഇതുപയോഗിക്കുന്നു. ബംഗാളില്‍ കണിക്കൊന്നയുടെ ഫലത്തിനുള്ളിലെ പള്‍പ്പ്‌ ഉപയോഗിച്ച്‌ പുകയിലയുടെ രുചി വര്‍ധിപ്പിക്കാറുണ്ട്‌. സന്താള്‍ വര്‍ഗക്കാര്‍ കണിക്കൊന്നയുടെ പൂവും ആഹാരമായി ഉപയോഗിക്കാറുണ്ട്‌. കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത്‌ പൂക്കുമ്പോള്‍ പട്ടിണി എന്നു പഴമൊഴിയുണ്ട്‌. കൃഷിയുടെ കാലം വിളിച്ചറിയിക്കുന്നു കൊന്ന. അപ്പോള്‍ മടിപിടിച്ചാല്‍ ശിഷ്‌ടകാലം ദാരിദ്ര്യമായിരിക്കും ഫലം എന്നു സാരം.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണകുതിപ്പ് 25 ആയി.ഗെയിംസിന്റെ പത്താംദിനം എട്ട് സ്വര്‍ണം ഉള്‍പ്പടെ 14 മെഡലുകളാണ് ഇന്ത്യ നേടിയത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം ഇരുപത്തിയഞ്ചിലെത്തിയത്.

75 കിലോഗ്രാം വിഭാഗത്തിലാണ് വികാസ് കൃഷ്ണന്റെ നേട്ടം. കാമറൂണിന്റെ വില്‍ഫ്രഡിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വികാസ് സ്വര്‍ണം നേടിയത്.

2010ലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലും നേടിയിട്ടുള്ള വികാസ് കൃഷ്ണന്റെ മികച്ച പ്രകടനമായിരുന്നു ഇന്ന് ഗോള്‍ഡ് കോസ്റ്റ് സാക്ഷ്യം വഹിച്ചത്.

മോസ്‌കോ: സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമക്രമണത്തില്‍ വിമര്‍ശനവുമായി റഷ്യ. അമേരിക്കയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനു പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യ വ്യക്തമാക്കി. അമേരിക്കന്‍ നീക്കം രാജ്യാന്തര ബന്ധങ്ങളെ ഉലയ്്ക്കുന്നതാണ്. യു.എന്നിന്റെ അനുമതിയില്ലാതെ സഖ്യസേന ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ അടിയന്തര യോഗം ചേരണം. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. സിറിയയിലെ ജനതയുടെ ദുരിതം വര്‍ധിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദീമീര്‍ പുടിന്‍ പറഞ്ഞൂ.

സിറിയയില്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന സംശയത്തിന്റെ പേരില്‍ യു.എസ് സഖ്യസേന നടത്തിയ ആക്രമണത്തിനെതിരെ യു.എസിലെ റഷ്യന്‍ അംബാസഡറും രംഗത്തെത്തി. വീണ്ടും ഭീഷണി നേരിടുകയാണെന്ന് അംബാസഡര്‍ അനാട്ടോലി അന്റൊനോവ് പറഞ്ഞു. ഇത്തരം ഭീഷണികള്‍ തിരിച്ചടികള്‍ ഇല്ലാതെ പോകില്ല. ഇതിന്റെയെല്ലാം ഉത്തരവാദിത്തം വാഷിംഗ്ടണിലും ലണ്ടനിലും പാരീസിലും നിക്ഷിപ്തമാണെന്നും അന്റൊനോവ് പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റിനെ അപമാനിക്കുന്ന ഇത്തരം നടപടികള്‍ അംഗീകാരിക്കനോ അനുവദിച്ചുകൊടുക്കാനോ കഴിയില്ലെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. സിറിയയിലെ ആസാദ് ഭരണകൂടത്തിനെതിരായ നടപടിക്ക് റഷ്യയുടെ സഹായം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അംബാസഡറുടെ ഈ പ്രതികരണം.

 

ചങ്ങാതികൂട്ടം, സമ്മര്‍ പാലസ്‌ അടക്കം നിരവധി മലയാള സിനിമയിലെ സംവിധായകനായിരുന്ന കോഴിക്കോട് സ്വദേശി എം കെ മുരളീധരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. മുകളേല്‍ കെ മുരളീധരന്‍ എന്നാണു പൂര്‍ണ്ണ നാമം. അടിമാലിയിലെ ലോഡ്ജിലാണു മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട്‌ നടുക്കണ്ണിപ്പാറ പേരാമ്പ്ര ചേനോളി സ്വദേശിയാണ്. ഇന്നലെ വൈകിട്ട്‌ അഞ്ചുമണിയോടെ ടൗണിലുള്ള ഹോട്ടലിലാണ്‌ സംഭവം. സിനിമാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ്‌ ഇദ്ദേഹം ഇടുക്കിയിലെത്തിയതെന്നാണ്‌ സൂചന. സിനിമാ രംഗത്തുള്ള മറ്റു മൂന്നു സുഹൃത്തുക്കള്‍ ആദ്യം എത്തി ടൗണില്‍ ദേശീയ പാതയോരത്തെ പ്രമുഖ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. വൈകിട്ട്‌ മൂന്നു മണിയോടെയാണ്‌ മുരളീധരന്‍ ഇവിടെയെത്തിയതെന്ന്‌ ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞു. നാലരയോടെ ശരീരം വിയര്‍ത്ത്‌ അസ്വസ്‌ഥത അനുഭവപ്പെട്ടതോടെ സമീപത്തെ ആശുപത്രിയില്‍ നിന്നും ഡോക്‌ടര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്കു മാറ്റുവാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അഞ്ചുമണിയോടെ മോര്‍ണിങ്‌ സ്‌റ്റാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. കോട്ടയം സ്വദേശിയായിരുന്ന ഇദ്ദേഹം പതിറ്റാണ്ടുകളായി സിനിമാ ജോലിയുമായി ബന്ധപ്പെട്ട്‌ ബാംഗ്ലൂരിലായിരുന്നു താമസം. പത്തു വര്‍ഷത്തോളമായി കോഴിക്കോട്‌ താമസിച്ചു വരികയായിരുന്നു. പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഇടുക്കിയിലെ ലൊക്കേഷന്‍ കാണുന്നതിനായി ഇന്ന്‌ ഡയറക്‌ടര്‍ക്കൊപ്പം പോകാനിരിക്കുകയായിരുന്നുവെന്ന്‌ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ദീര്‍ഘനാളുകളായി കിഡ്‌നി രോഗബാധയയെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്നതിന്റെ രേഖകള്‍ പോലീസ്‌ കണ്ടെടുത്തു. ബന്ധുക്കള്‍ രാത്രി തന്നെ അടിമാലിക്കു തിരിച്ചിട്ടുണ്ട്‌.

കൊച്ചി: സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം വരുന്നു. മലയാളി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് അന്തിക്കാട് ഇക്കര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫഹദ് ഫാസിലായിരിക്കും ചിത്രത്തില്‍ നായക വേഷത്തിലെത്തുക. ചിത്രങ്ങള്‍ക്ക് വൈകി പേരിടുന്ന രീതിയും ഈ സിനിമയില്‍ മാറുകയാണെന്നും പോസ്റ്റില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടായിരിക്കും ചിത്രം നിര്‍മ്മിക്കുക. ജൂലൈ ആദ്യവാരം ചിത്രീകരണം ആരംഭിക്കുമെന്ന് അന്തിക്കാട് ഫെയിസ്ബുക്കില്‍ കുറിച്ചു. എസ്.കുമാര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കും.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്‍ തന്നെ വിട്ടു. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്’ ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന്‍ ശാന്തനായി ഇരിക്കുന്നു. ‘കഥ കിട്ടി’ ശ്രീനി പറഞ്ഞു. ‘കഥക്ക് വേണ്ടി നമ്മള്‍ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍. ‘ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

‘നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, ‘പി ആര്‍ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.’
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്‍.

‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മ്മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

‘മലയാളി’ എന്നാണ് സിനിമയുടെ പേര്.

RECENT POSTS
Copyright © . All rights reserved