Latest News

കൊച്ചി: മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ആദിയിലെ രംഗങ്ങള്‍ റിലീസ് ചെയ്ത ദിവസം തന്നെ ചോര്‍ന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ചോര്‍ന്ന രംഗങ്ങള്‍ കണ്ടു കഴിഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ പുറത്തായ രംഗങ്ങള്‍ ഇതിനാലകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. മകന്റെ ആദ്യസംരംഭം കൊഴുപ്പിക്കാനായി റസ്റ്റോറന്റിന്റ സീനിലാണ് അച്ഛനും അമ്മയുമെത്തുന്നത്. ഇതാദ്യമായിട്ടാണ് മോഹന്‍ലാലും സുചിത്രയും ഒരേ സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ട്. ഈ രംഗമാണ് പുറത്തായിരിക്കുന്നത്.

ആദിയുടെ പ്രദര്‍ശനം മുടങ്ങിയതിനെതുടര്‍ന്ന് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് ആര്‍പി മാളിലെ പിവിആര്‍ മൂവിസിലാണ് പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധം നഷ്ടമായതിനെതുടര്‍ന്ന് ഇന്റര്‍വെല്ലിന് ശേഷം പ്രദര്‍ശനം മുടങ്ങുകയായിരുന്നു. ഷോ മുടങ്ങിയതോടെ ബഹളം വെച്ച പ്രേക്ഷകരെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്. തുടര്‍ന്ന് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.

അതേസമയം റിലീസ് ചെയ്ത ആദ്യ ദിനം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ആദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിക്കുന്ന ചിത്രം കൂടിയാണ്. പ്രണവിനെ കൂടാതെ അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കേരള പോലീസിന് ഇനി മുതല്‍ ലാത്തിചാര്‍ജ് നടത്തിന്നതിന് പുതിയ സ്റ്റൈല്‍. ബ്രിട്ടിഷുകാര്‍ പഠിപ്പിച്ച പഴഞ്ചന്‍ രീതിയിലുള്ള ലാത്തിചാര്‍ജ് ഇനി പഴങ്കഥയാവും. പുതിയ സ്റ്റൈലില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡിജിപിക്ക് മുന്നില്‍ പ്രകടനം നടത്തി.

പ്രതിഷേധകരെ വയറ്റിലും തലയ്ക്കും കഴുത്തിനുമൊക്കെ യാതൊരു ദയയുമില്ലാതെ പെരുമാറുന്ന ബ്രിട്ടിഷ് രീതി ഇനി മാറും. ഹെല്‍മെറ്റും ഷീല്‍ഡും ഉപയോഗിച്ച് പ്രതിഷേധകരെ പ്രതിരോധിക്കുന്ന പുതിയ രീതി യൂറോപ്പിയന്‍ സ്റ്റൈല്‍ ലാത്തിചാര്‍ജാണ്. പുതിയ പരിശീലന മുറപ്രകാരം ആക്രമണത്തേക്കാള്‍ പ്രതിരോധത്തിനായിരിക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുക. കളരിയും ചൈനീസ് ആയോധന കലയുമൊക്കെ ഉള്‍ച്ചേര്‍ന്ന പരിശീലനമാണ് പുതിയ ബാച്ചിന് നല്‍കിയിരിക്കുന്നത്.

യൂറോപ്യന്‍, കൊറിയന്‍ പൊലീസ് മാതൃകയില്‍ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. പുതിയ രീതിക്ക് പെട്രോള്‍ ബോംബും പാറച്ചീളുകളും ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടാകുമോയെന്ന് കണ്ടറിയാം. സേതുരാമന്‍ വികസിപ്പിച്ചെടുത്ത് ശൈലിയിലാകും ഇനി വരുന്ന ബാച്ചുകളിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുക.

വീഡിയോ കാണാം.

 

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക വെട്ടിപ്പ് ആരോപണത്തില്‍ ഇന്റര്‍പോള്‍ കേസ് ഏറ്റെടുത്തുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഏജന്‍സി ഇന്റര്‍പോളാണെന്നു കരുതി പ്രമുഖ സംഗീത ബാന്റായ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ബാന്റിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകള്‍ക്ക് തീഴെയാണ് ചീത്തവിളിയും പരിഹാസവുമായി മലയാളി ഫേക്ക് ഐഡികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല ഐഡികളാണ് പൊങ്കാലയ്ക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി മുദ്രാവാക്യം മുതല്‍ തെറിവിളിയും ഭീഷണിയും വരെ ആളുകള്‍ കമന്റായി രേഖപ്പെടുത്തുന്നുണ്ട്.

രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതിനു പിന്നാലെ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ ഫേക്ക് ഐഡികള്‍ തെറിവിളിയും ബഹളവുമായി എത്തിയിരുന്നു. സിപിഎം അണികളെന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചായിരുന്നു തെറിവിളിയും പരിഹാസവും. ഇപ്പോള്‍ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്നതും സമാന സൈബര്‍ ആക്രമണമാണ്.

ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ബിനോയ് കോടിയേരിക്കെതിരായി ഉയര്‍ന്ന ആരോപണം. എന്നാല്‍ ബിനോയ്‌ക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്ന് ദൂബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരുന്നു.

ചെന്നൈ: തടവുകാര്‍ക്കും ലൈംഗികാവകാശങ്ങളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പ്രതിക്ക് രണ്ടാഴ്ച പരോള്‍ അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുനെല്‍വേലി, പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ സിദ്ദിഖ് അലി എന്നയാള്‍ക്കാണ് ജസ്റ്റിസുമാരായ എസ്.വിമലാ ദേവി, ടി. കൃഷ്ണ വല്ലി എന്നിവര്‍ അവധി നല്‍കിയത്. തടവുകാര്‍ക്ക് അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വിധിച്ചു.

സിദ്ദിഖ് അലിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സക്ക് വിധേയനാകുന്നതിനായി സിദ്ദിഖ് അലിക്ക് 60 ദിവസത്തെ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ 2017ല്‍ കോടതിയെ സമീപിച്ചിരുന്നു. തടവുകാരന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രൊബേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയതിനാല്‍ സെപ്റ്റംബറില്‍ ഈ ഹര്‍ജി കോടതി തള്ളി. ഇതോടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി അവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

അസാധാരണമായ സാഹചര്യങ്ങളാല്‍ നല്‍കപ്പെട്ട അപേക്ഷയായി പരിഗണിച്ച് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ഇളവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം കൂടുതസല്‍ സമയം കഴിയാനാകാത്തത് ചികിത്സക്ക് തടസമാകുന്നുണ്ടെന്ന് കോടതിക്ക് ബോധ്യമായി. ചികിത്സ നടത്തിയാല്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.

ഇണയുമായുള്ള ലൈംഗികത തടവുകാരുടെ അവകാശമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ ഉണ്ടാകുന്നതും കുടുംബത്തിന്റെ സാന്നിധ്യവും കുറ്റവാളികളുടെ തിരുത്തല്‍ പ്രക്രിയയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന രണ്ടാഴ്ച അവധിയില്‍ നടക്കുന്ന ചികിത്സയിലൂടെ കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ രണ്ടാഴ്ച കൂടി സിദ്ദിഖ് അലിക്ക് അവധി നല്‍കാനും കോടതി ഉത്തരവിട്ടു.

ദുബായ്: ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട ശ്രീജിത്ത് ദുബായ് വിട്ട സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തെ തടവായിരുന്നു ശ്രീജിത്തിന് കോടതി വിധിച്ചത്. 11 കോടി രൂപയുടെ ചെക്ക് മടങ്ങിയതാണ് കേസ്. ദുബായിലെ ഒരു ടൂറിസം കമ്പനിയില്‍ നിന്നുമാണ് ശ്രീജിത്ത് ഇത്രയും തുക തട്ടിച്ചത്.

ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് 2003 മുതല്‍ തവണകളായാണ് ഇത്രയും തുക കമ്പനിയില്‍ നിന്ന് വാങ്ങിയത്. തുകയ്ക്കുള്ള ചെക്ക് കമ്പനിക്ക് നല്‍കിയിരുന്നു. പിന്നീട് കമ്പനി ഈ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ മടങ്ങുകയായിരുന്നു. കമ്പനി നല്‍കിയ കേസില്‍ ദുബായ് കോടതി ശ്രീജിത്ത് കുറ്റക്കാരനെന്നു കണ്ടെത്തുകയും രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു.

എന്നാല്‍ കോടതി വിധി വരുന്നതിനു മുമ്പേ ശ്രീജിത്ത് ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലും ശ്രീജിത്ത് 10 കോടി രൂപയുടെ ചെക്ക് നല്‍കിയത് മടങ്ങിയിരുന്നു. ഈ സംഭവത്തില്‍ മാവേലിക്കര കോടതിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. രാഹുല്‍ കൃഷ്ണന്‍ എന്നയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം മകന്‍ സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന ആരോപണം ശരിയെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് എംഎല്‍എ വിജയന്‍പിളള പറഞ്ഞു. മകന്റെ ഇടപാടുകളെക്കുറിച്ച് അറിയില്ല. മക്കളെ മോശമായിട്ടല്ല വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കുക്കൊള്ളുമെന്നും വിജയന്‍ പിള്ള വ്യക്തമാക്കി.

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാകത്തിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് കേദലിനെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കേദലിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി തുടരവെയാണ് അപകടമുണ്ടായത്.

കേദലിന് തുടരുന്ന ചികിത്സയെ സംബന്ധിച്ച് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ വിലയിരുത്തല്‍ നടത്തി. മരുന്നുകളോട് കേദല്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. വെന്റിലേറ്ററില്‍ കിടത്തി തന്നെ ചികിത്സ നല്‍കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരും.

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് കേദല്‍. അച്ഛനും അമ്മയെയും സഹോദരിയെയുമടക്കം നാലു പേരെയാണ് കേദല്‍ ദാരുണമായി കൊലപ്പെടുത്തിയത്.

ദിസ്പൂര്‍: ആശുപത്രിയില്‍ വെച്ച കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയ സംഭവത്തില്‍ അപൂര്‍വ്വ നിര്‍ദേശം മുന്നോട്ടു വെച്ച് അസം കോടതി. അച്ഛനമ്മമാര്‍ പരസ്പരം മാറി ജീവിച്ച കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വെച്ചാണ് ഒരു ബോഡോ കുടുംബത്തിലും മുസ്ലീം കുടുംബത്തിലും ജനിച്ച കുട്ടികള്‍ പരസ്പരം മാറിപ്പോകുന്നത്.

മാറിപ്പോയ വിവരം ഏതാണ്ട് മൂന്നുവര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞ ഇരു കുടുംബവും കുട്ടികളെ പരസ്പരം കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കൂടെ ജീവിച്ച അച്ഛനെയും അമ്മയേയും വിട്ടുപോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടികള്‍ ഇരു കുടുംബങ്ങളെയും മാനസിക സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ന്ന് കുട്ടികളെ കൈമാറേണ്ടതില്ലെന്ന് രണ്ട് കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.

സ്വന്തമല്ലെങ്കിലും ഇത്രയും നാള്‍ കൂടെ ജീവിച്ച പൊന്നുമക്കളെ ജീവിതകാലം മുഴുവന്‍ തങ്ങളോടൊപ്പം കഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയിലെത്തി. തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കട്ടെയെന്ന നിര്‍ദേശം കോടതി മുന്നോട്ട വെച്ചത്.

2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടികളെ പരസ്പരം മാറിപ്പോകുന്നത്. ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മാറിയതായി ഇവര്‍ക്ക് മനസ്സിലാകുന്നത്. 48 കാരനായ അധ്യാപകന്റെ ഭാര്യയ്ക്കാണ് തങ്ങളുടെ കൂടെ വളരുന്നത് സ്വന്തം കുഞ്ഞല്ലെന്ന് ആദ്യം സംശയം തോന്നുന്നത്. പിന്നീട് തങ്ങള്‍ക്കൊപ്പം വളരുന്ന കുട്ടിക്ക് കുടുംബത്തിലെ ആരുമായും സാദൃശ്യമില്ലെന്നും തനിക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായ ബോഡോ സ്ത്രീയുടെ മുഖച്ഛായയാണെന്നും ഇവര്‍ തിരിച്ചറിയുകയായിരുന്നു.

കുട്ടി മാറിപ്പോയ വിവരം മനസ്സിലാക്കിയ ശേഷം ആശുപത്രിയിലെത്തിയെങ്കിലും അധികൃതര്‍ ഇവരുടെ ആരോപണം നിഷേധിച്ചു. പിന്നീട് ഡിഎന്‍എ ഫലവുമായി ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടികള്‍ മാറിയ വിവരം സ്ഥിരീകരിച്ചത്. ജനുവരി നാലിനാണ് ഇവര്‍ കുട്ടികളെ കൈമാറാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൈമാറ്റ സമയത്ത് അങ്ങേയറ്റം വൈകാരികമായി പ്രതികരിച്ച കുട്ടികള്‍ രണ്ട് കുടുംബങ്ങളുടെയും തീരുമാനത്തെ മാറ്റി മറിക്കുകയായിരുന്നു.

ദോഹ: ദോഷകരമായ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിന്റെ ഉല്‍പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അമിതമായ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവ് വരുന്നതുവരെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുകയോ കടകളില്‍ വില്‍ക്കുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടെ ഖത്തര്‍ മാര്‍ക്കറ്റുകളിലെ പതഞ്ജലി ഉല്‍പന്നങ്ങള്‍ കമ്പനിക്ക് പിന്‍വലിക്കേണ്ടതായി വരും.

ഖത്തറിലെ വില്‍പ്പന ശാലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ പതഞ്ജലി ആയുര്‍വേദിക്ക് ഉല്‍പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയും അനുവദനീയമായതിലും കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയുമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പരിശോധനയ്ക്ക് വിധേയമാക്കിയ മരുന്നുകള്‍ ഖത്തര്‍ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരമില്ലെന്ന് ബോധ്യപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതും വില്‍ക്കുന്നതും രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഗുണനിലവാരമില്ലയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതഞ്ജലിയുടെ ആറ് ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നേപ്പാള്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പതഞ്ജലിയുടെ ആംല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിനോടൊപ്പം ബാക്ടോക്ലേവ് എന്ന ഒരു മരുന്നും നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

കോഴിക്കോട്: പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയുടെ പ്രദര്‍ശനം മുടങ്ങിയതിനെതുടര്‍ന്ന് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷം. കോഴിക്കോട് ആര്‍പി മാളിലെ പിവിആര്‍ മൂവിസിലാണ് പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധം നഷ്ടമായതിനെതുടര്‍ന്ന് ഇന്റര്‍വെല്ലിന് ശേഷം പ്രദര്‍ശനം മുടങ്ങുകയായിരുന്നു. ഷോ മുടങ്ങിയതോടെ ബഹളം വെച്ച പ്രേക്ഷകരെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്. തുടര്‍ന്ന് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

അതേസമയം ഇന്ന് തീയേറ്ററുകളില്‍ എത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിക്കുന്ന ചിത്രം കൂടിയാണ്. പ്രണവിനെ കൂടാതെ അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ മാതാവിനെക്കുറിച്ച് സിനിമ നിര്‍മിക്കുമെന്ന് രജപുത്ര സംഘടനയായ കര്‍ണിസേന. സംഘടനയുടെ ചിത്തോര്‍ഗഡ് ഘടകമാണ ്ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പദ്മാവത് എന്ന ചിത്രം രജപുത്ര രാജ്ഞിയായിരുന്ന പദ്മാവതിയുടെ ചരിത്രത്തെ വികലമായ വ്യാഖ്യാനം ചെയ്യുന്നതാണെന്ന് ആരോപിച്ചാണ് സംവിധായകന്റെ അമ്മയെക്കുറിച്ച് സിനിമ നിര്‍മിക്കാന്‍ സംഘടന ഒരുങ്ങുന്നത്.

ലീല കീ ലീല എന്ന പേരിലായിരിക്കും ചിത്രം നിര്‍മിക്കുകയെന്നാണ് സംഘടന അറിയിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ചിത്രീകരണം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രജപുതി കര്‍ണി സേന, കല്‍വി ഘടകം പ്രസിഡന്റ് ഗോവിന്ദ് സിങ് ഖാന്‍ഗറോട്ട് പറഞ്ഞു. ഞങ്ങളുടെ അമ്മയെ ബന്‍സാലി അപമാനിച്ചു. ഇനി ബന്‍സാലിയുടെ അ്മ്മയെക്കുറിച്ച് ഞങ്ങളും സിനിമയെടുക്കുകയാണ്. അതില്‍ ബന്‍സാലിക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടാകുമെന്നും തങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഉപയോഗിക്കുന്നതെന്നുമാണ് ഗോവിന്ദ് സിങ് ന്യായീകരിക്കുന്നത്.

പദ്മാവത് വന്‍ വിവാദമാണ് റിലീസിനു മുമ്പ് സൃഷ്ടിച്ചത്. ചിത്രം തങ്ങളുടെ മാതാവിന് തുല്യയായ പദമാവതിയെ അപമാനിക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ആരോപിച്ച് വന്‍ പ്രതിഷേധങ്ങളുമായി കര്‍ണി സേനയുള്‍പ്പെടെയുള്ള രജപുത്ര സംഘടനകളും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തി. റിലീസ് ദിവസം സ്‌കൂള്‍ ബസിന് കല്ലെറിഞ്ഞു വരെയായിരുന്നു പ്രതിഷേധം. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടത്തിയ ശ്രമവും ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved