ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ നടത്തി വരുന്ന സമരം സംസ്ഥാന വ്യാപകമാക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. 2013 ലെ മിനിമം വേജസും ത്രീ ഷിഫ്റ്റ് സമ്പ്രദായവും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് സമരം തുടരവേ പ്രതികാര നടപടിയായി പരിചയ സമ്പന്നരായ രണ്ടു നേഴ്സുമാരെ ട്രെയിനികളാണെന്ന് പറഞ്ഞ് മാനേജ്മെന്റ് പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തി പിരിഞ്ഞു പോയവരെ നഴ്സുമാര്‍ക്ക് നേരം പോലീസ് ലാത്തി ചാര്‍ജ് നടത്തി. യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ അടമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചും സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നേഴ്സിങ് സമൂഹം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
സൂചനാ പണിമുടക്കില്‍ പങ്കെടുത്ത് ആയിരക്കണക്കിന് നഴ്സുമാരാണ് വിവിധയിടങ്ങളില്‍ നിന്നായി ചേര്‍ത്തലയിലേക്ക് എത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന് ബലമില്ലാതെ ഇത്രയും പേരെ അണി നിരത്തി ഒരു സമരം നടത്തിയത് കേരള ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണെന്നാണ് വിലയിരുത്തല്‍. 15-ാം തിയതി നടന്ന സമരത്തില്‍ 20 ശതമാനം നഴ്സുമാരെ അത്യാഹിത വിഭാഗങ്ങളിലെ ഡ്യൂട്ടിക്ക് വിട്ടു നല്‍കിയെങ്കിലും അനിശ്ചിതകാല സമരത്തില്‍ ആരെയും നല്‍കില്ലെന്നാണ് ജാസ്മിന് ഷാ അറിയിച്ചത്. ഇങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ബാങ്കില്‍ പണമിട്ടാല്‍ നീരവ് മോഡിയെയും വീട്ടില്‍ പണം സൂക്ഷിച്ചാല്‍ നരേന്ദ്ര മോഡിയെയും പേടിക്കണമെന്ന് പരിഹസിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിവ്വ് കോടികള്‍ തട്ടി നീരവ് മോഡി രാജ്യം വിട്ട സംഭവത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്. ട്വിറ്റര്‍ സന്ദേശത്തിലാണ് പരിഹാസം.
നീരവ് മോദിയുമായി ബന്ധപ്പെട്ട 12 ഓഫീസുകളിലും
മുംബൈയിലെ കലഘോദയിലെ ഓഫീസും കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ നീരവ് മോദിക്കെതിരെ കേസും ചാര്‍ജു ചെയ്തു. 11,400 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ നക്ഷത്ര, ഗീതാഞ്ജലി, ഗിന്നി എന്നീ ജ്യൂവലറികളുടെ വ്യാപാരങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസിനേക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച് വരികയാണ്. സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് എന്നിവയ്ക്ക് പുറമേ സെബിയും കേസ് അന്വേഷിക്കും.
बैंक में पैसा रखो तो निरव मोदी का डर और घर में पैसा रखो तो नरेंद्र मोदी का डर !!
आम जनता का सवाल है जाए तो जाए कहाँ— Hardik Patel (@HardikPatel_) February 16, 2018
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കെ. സുധാകരന് 48 മണിക്കൂര്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചു. ശുഹൈബിന്റെ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സുധാകരന് പറഞ്ഞു.
ഇന്നു ചേര്‍ന്ന ഡിസിസി യോഗമാണ് നിരാഹാരസമരം സംബന്ധിച്ച തീരുമാനം കൈകൊണ്ടിരിക്കുന്നത്. സിപിഎം ചൂണ്ടിക്കാണിക്കുന്ന പ്രതികളെയല്ല, കൃത്യം നടത്തിയ യഥാര്‍ത്ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് സുധാകരന് ആവശ്യപ്പെട്ടു. ജനാധിപത്യ വിശ്വാസികളായ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ സമരത്തിനുണ്ടാവണമെന്ന് സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അനിശ്ചിതകാല നിരാഹാര സമരമാണ് നേരത്തെ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ കെപിസിസി ഇടപെട്ട് സമരം 48 മണിക്കൂറായി ചുരുക്കുകയായിരുന്നു. പൊലീസ് അനാസ്ഥ തുടരുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെ കടുത്ത സമരമാര്‍ഗങ്ങളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശുഹൈബിന്റെ കൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര് തുടരുന്ന മൗനത്തെ സുധാകരന് നിശിതമായി വിമര്‍ശിച്ചു. മരം മുറിച്ചാല്‍ പോലും പ്രതികരിക്കുന്നവര്‍ ഇപ്പോള്‍ നിശബ്ദരാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു: കുഞ്ഞനുജനെ ആക്രമിക്കാന്‍ ശ്രമിച്ച പശുവിനെ നേരിടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കുട്ടികള്‍ വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്തര കര്‍ണാടകയിലാണ് ആരതിയെന്ന പെണ്‍കുട്ടിയുടെ ധീരമായ പ്രവൃത്തി നാല് വയസ്സുകാരന്റെ ജീവന് രക്ഷിച്ചത്.
മുറ്റത്ത് കുഞ്ഞനുജനെ സൈക്കിളോടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു ആരതി. സമീപത്തെ നിരത്തിലൂടെ വിരണ്ടോടി വന്ന പശു ഇരുവരെയും അക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. ആക്രമിക്കാന്‍ പാഞ്ഞടുത്ത പശുവിന്റെ മുമ്പില്‍ നിന്ന് കുട്ടിയെ വലിച്ചുമാറ്റിയ ആരതി സ്വന്തം ശരീരത്തിലേക്ക് ചേര്‍ത്തു പിടിച്ചു.
സംഭവം കണ്ടു നിന്ന മുതിര്‍ന്ന ഒരാള്‍ പശുവിനെ ഓടിച്ച് വിടുകയായിരുന്നു. അനിയനെ സാഹസികമായി രക്ഷപ്പെടുത്തിയ ആരതിയെ അഭിനന്ദിച്ച് നിരവധി പേര് നവമാധ്യങ്ങളില്‍ രംഗത്തു വന്നു. കുട്ടിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. പാകിസ്ഥാന് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളില്‍ ബിജെപി പ്രാദേശിക നേതാവ് രാജസ്ഥാനിലെ കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. ബി.ജെ.പിയുടെ ഒ.ബി.സി വിങ് നേതാവായ അശോക് ചൗധരിയാണ് പരാതിക്കാരന്.
അയ്യര്‍ പാകിസ്ഥാനോട് സ്നേഹം പ്രകടിപ്പിക്കുകയും പുകഴ്ത്തുകയും ചെയ്തുവെന്നും ഇത് തന്റെ ദേശസ്നേഹത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ വിശദീകരിക്കുന്നു. മണിശങ്കര്‍ അയ്യരുടെ പ്രവൃത്തി ദേശദ്രോഹപരമായതിനാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പരാതി ആവശ്യപ്പെടുന്നു. ഐ.പി.സി 124 (എ),500, 504 എന്നീ വകുപ്പുകളനുസരിച്ചാണ് പരാതി.
പാകിസ്ഥാന് സന്ദര്‍ശനത്തിനിടെ കറാച്ചിയില്‍ വെച്ച് സംസാരിച്ചപ്പോള്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. പാകിസ്ഥാനില്‍ നിന്ന് കിട്ടുന്ന സ്നേഹത്തേക്കാള്‍ കൂടുതല്‍ വെറുപ്പ് ഇന്ത്യയില്‍ നിന്ന് നേരിടുന്നുവെന്നായിരുന്നു മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. ഇന്ത്യയെ പോലെ തന്നെ പാകിസ്താനെയും സ്നേഹിക്കുന്നുവെന്നും നിരന്തരമായ ചര്‍ച്ചയിലൂടെ അല്ലാതെ ഇന്ത്യ പാക് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും അയ്യര്‍ പറഞ്ഞു.
ഇന്ത്യയോടുള്ള സമീപനത്തില്‍ പാക്കിസ്ഥാന് ഏറെ മുന്നേറിയിട്ടുണ്ട് എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നാമമാത്രമായ മാറ്റം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും അയ്യര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വീഡിയോ ഡിസ്പ്ലേ സംവിധാനം(വിഡിഎസ്) തകരാറിലായി. ജീവനക്കാരുടെ സമയോചിത ഇടപെടൽമൂലം അപകടം ഒഴിവായി.
ഇന്നലെ രാവിലെ 8.27 ന് ഡൽഹിയിൽ നിന്നു കൊച്ചി വിമാനത്താവളത്തിൽ എത്തി ദുബായ്ക്കു പോകേണ്ട എയർ ഇന്ത്യയുടെ ഡ്രീം ലൈനർ എഐ 933 വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുതിയ ടി 3 ടെർമിനലിന്റെ പാർക്കിംഗ് ബേയിലായിരുന്നു സംഭവം.
ഇതേത്തുടർന്ന് വിമാനം നിൽക്കേണ്ട പരിധിയിൽനിന്ന് ഏഴ് മീറ്ററോളം മുന്നോട്ടുനീങ്ങിയാണു നിന്നത്. ഈ സമയം റൺവേ പരിസരത്ത് ജോലി ചെയ്തിരുന്ന ജീവനക്കാർ വിമാനത്തിന്റെ വരവ് കണ്ട് ബഹളം വച്ചാണ് വിമാനം നിർത്തിച്ചത്. ഒരടികൂടി നീങ്ങിയിരുന്നെങ്കിൽ വിമാനത്തിന്റെ ചിറക് ഏയ്റോ ബ്രിഡ്ജിലിടിച്ച് അപകടം സംഭവിക്കുമായിരുന്നു.
ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്കി വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ വൈദികന് പൊലീസില്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.തോമസ് താന്നിനില്‍ക്കും തടത്തിലാണ് വൈക്കം കോടതിയില്‍ കീഴടങ്ങിയത്. ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ ബംഗ്ലാദേശ് യുവതിയാണ് വൈദികനെതിരെ പീഡനാരോപണവുമായി രംഗത്ത് വന്നത്. വൈദികനെ പാലാ രൂപത ഇന്നലെ പുറത്താക്കിയിരുന്നു.
ബംഗ്ലാദേശില്‍ ജനിച്ച് ബ്രിട്ടണില്‍ താമസിക്കുന്ന 42 വയസ്സുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്കി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതി. കടുത്തുരുത്തി പോലീസിനാണ് പരാതി ലഭിച്ചത്. വൈദികന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞ മാസം ഏഴിനാണ് യുവതി സുഹൃത്തുമൊത്ത് കല്ലറയില്‍ എത്തിയത്. കല്ലറയില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൊണ്ടുപോയും തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
16,000 രൂപയും ഏഴരപ്പവനോളം സ്വര്‍ണ്ണവും വൈദികന് തട്ടിയെടുത്തതായും പരാതിയില്‍ യുവതി വ്യക്തമാക്കി. കുമരകത്തെ റിസോര്‍ട്ടില്‍ കുളിക്കാന്‍ കയറിയപ്പോള്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം വൈദികന് മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ ബഹളം വെച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വൈദികനെ വിളിച്ചെങ്കിലും ഉടന്‍ വരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
റോഷന് ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക് പുറത്ത് വിട്ട് സംവിധായകന്. ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുറ്റി തലമുടിയും പരുക്കന്‍ രൂപവുമായി വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം.
കഴിഞ്ഞ ദിവസമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ മോഹന്‍ലാല്‍ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് നിവിന്‍ പോളിയാണ്.
നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ചിത്രം ഇതാദ്യമാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗസ്റ്റ് റോളിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കായംകുളം കൊച്ചുണ്ണിയുടെ ഒറ്റ ചങ്ങാതിയാണ് ഇത്തിക്കര പക്കി. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ന്യൂഡൽഹി: ഡൽഹിയിൽ മധ്യവയസ്കയുടെ ചെവി മുറിച്ച് കമ്മൽ മോഷണം. ഉത്തംനഗര്‍ മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വന്ദന ശിവ എന്ന സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവത്തിൽ സമീപത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും നിർദേശിക്കുക മാത്രമാണ് മറ്റുള്ളവർ ചെയ്തത്.
പിന്നീട് ഒറ്റയ്ക്ക് ആശുപത്രിയിലെത്തിയ ഇവരുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടി വന്നു. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന ശിവ. അപ്പോഴാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച് പറിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
കടുത്ത വേദനയില്‍ മിണ്ടാനോ കരയാനോ പോലും പറ്റിയില്ല. അഞ്ചു മിനിട്ടോളം വന്ദന സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി. കാഴ്ച്ചയില്‍ 20 വയസ്സു തോന്നിക്കുന്ന അക്രമിയെ പിടിക്കാനോ ഇവരെ ആസ്പത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ലെന്ന് ഇവർ പറഞ്ഞു. സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
മാര്‍ച്ചില്‍ മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനായി അഡാറ് ലവ് മാതൃകയിലുള്ള പോസ്റ്ററും. വിവാദങ്ങളില്‍ പെട്ടിരിക്കുന്ന അഡാറ് ലവിലെ ഗാനത്തിന് ഒപ്പമാണ് പാര്‍ട്ടിയും എന്ന സന്ദേശ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഷ്റഫലി പറയുന്നു.
അഡാറ് ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രിയ കണ്ണിറുക്കി കാണിക്കുന്ന ചിത്രമാണ് സിപിഐ വളാഞ്ചേരി വലിയ കുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പോസ്റ്ററുകള്‍ സ്ഥാപിക്കണമെന്ന സിപിഐ മണ്ഡലം കമ്മറ്റിയുടെ നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് ഈ ‘അഡാറ്’ പോസ്റ്ററും പുറത്തിറങ്ങിയിരിക്കുന്നത്.
മാറുന്ന നാടിന് നേരിന്റെ ചുവപ്പ് എന്ന മുദ്രാവാക്യവും പോസ്റ്ററില്‍ കാണാം. അഡാറ് ലവിലെ ചിത്രത്തിന്റെ പേര് എഴുതിയിരിക്കുന്ന അതേ രീതിയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്നെഴുതിയിരിക്കുന്നത്. സുകുമാര്‍ അഴിക്കോടും കമല സുറയ്യയും ഉള്‍പ്പെടുന്ന സാംസ്ക്കാരിക നായകന്മാരുടെ കൂട്ടത്തിലേക്കാണ് കണ്ണിറുക്കല്‍ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്.