Latest News

ലോകത്തിലെ തന്നെ മികച്ച അധ്യാപനത്തിലുളള അവാര്‍ഡ് പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് ആന്‍ഡ്രിയ സാഫിറാക്കോ. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ സ്ഥിതിചെയ്യുന്ന ആല്‍പ്പേര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കുളിലെ അധ്യാപികയാണ് ആന്‍ഡ്രിയ സാഫിറാക്കോ. ആന്‍ഡ്രിയ പഠിപ്പിക്കുന്ന കുട്ടികളില്‍ പലരും ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഇവരില്‍ പലരും തങ്ങളുടെ ഹോം വര്‍ക്കുകള്‍ ചെയ്യുന്നത് ബാത്‌റൂമുകളില്‍ വെച്ചാണ്. നാലാമത് വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് ആന്‍ഡ്രിയ സാഫിറോക്കോ. അവാര്‍ഡിനെപ്പറ്റി വായിച്ചറിഞ്ഞതിനു ശേഷമാണ് ആപ്ലിക്കേഷന്‍ അയക്കാന്‍ തീരുമാനിച്ചത്. അധ്യാപകര്‍ സമൂഹത്തില്‍ വലിയ മൂല്യങ്ങള്‍ സൂക്ഷിക്കുന്നവരാണ്. നന്മയോടെയുള്ള പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജോലിയെടുക്കുന്നവരാണ് അധ്യാപകര്‍. അത്തരത്തിലുള്ള കാര്യങ്ങള്‍ സമൂഹം അറിയേണ്ടതുണ്ട്; ആന്‍ഡ്രിയ പറയുന്നു.

രാജ്യത്തെ തന്നെ ഏറ്റവും ദരിദ്ര വിഭാഗങ്ങള്‍ ജീവിക്കുന്ന പ്രദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആന്‍ഡ്രിയയുടെ സ്‌കൂളില്‍ പഠിക്കുന്നത്. സാംസ്‌കാരികപരമായും ഭാഷാപരമായും വ്യത്യസ്ഥത പുലര്‍ത്തുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളില്‍ പഠനത്തിനായി എത്തുന്നുണ്ട്. ഗുജറാത്തിയും ഹിന്ദിയും തമിഴും പോര്‍ച്ചുഗീസും ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളാണിവര്‍. ആന്‍ഡ്രിയക്ക് 35 ഭാഷകളില്‍ കുട്ടികളെ അഭിസംബോധന ചെയ്യാറുണ്ട്. മാതൃ ഭാഷയില്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നത് സാംസ്‌കാരികപരമായി കുട്ടികളോടുള്ള അടുപ്പം സൂക്ഷിക്കാന്‍ സഹായിക്കുമെന്ന് ആന്‍ഡ്രിയ കരുതുന്നു. കൂടാതെ തനത് ഭാഷയില്‍ കുട്ടികളോട് സംവദിക്കുന്നത് കുട്ടികളും സ്‌കൂളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും ആന്‍ഡ്രിയ പറയുന്നു.

സ്‌കൂളിലെ മറ്റു അധ്യാപകരുമായി ചേര്‍ന്ന് കുട്ടികളുടെ ജീവിതാവസ്ഥയ്ക്ക് അനുസൃതമായ രീതിയില്‍ പാഠ്യപദ്ധതി ഉടച്ചു വാര്‍ക്കുകയും കുട്ടികളുമായി കൂടുതല്‍ അടുപ്പം ഉണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ആന്‍ഡ്രിയയുടെ നേതൃത്വത്തില്‍ നടക്കുന്നു. കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുക, കുട്ടികളുമായി ഒന്നിച്ചു യാത്ര ചെയ്യുക, അവരെ സ്‌കൂളിലേക്ക് സ്വീകരിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ആന്‍ഡ്രിയയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകര്‍ക്കായി നല്‍കുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസ് അധ്യാപകര്‍ക്കായി നല്‍കുന്ന നോബേല്‍ പ്രൈസായിട്ടാണ് കണക്കാക്കപ്പെടുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകരെ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യമാണ് വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ചെയ്യുന്നത്.

കാര്‍ബണ്‍ ക്രെഡിറ്റ്, ഹെല്‍ത്ത് കെയര്‍ നിക്ഷേപങ്ങളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിന് തടവ്ശിക്ഷ. ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സംഘം മുന്നൂറോളം പേരില്‍ നിന്നായി 1.4 ദശലക്ഷം പൗണ്ടാണ് തട്ടിയത്. നാല് പേര്‍ക്കാണ് കെന്റിലെ മെയിഡ്‌സ്റ്റോണ്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ വംശജനായ സമ്രാട്ട് ഭണ്ഡാരിയായിരുന്നു സംഘത്തലവന്‍. ഇയാള്‍ക്ക് മൂന്നര വര്‍ഷം തടവാണ് ശിക്ഷയായി ലഭിച്ചത്.

മാനര്‍ റോസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് കാര്‍ബണ്‍ ക്രെഡിറ്റ് നിക്ഷേപങ്ങള്‍ സ്വീകരിച്ച പോള്‍ മൂര്‍ ബര്‍ബാങ്ക് ഓഫ് ലണ്ടന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച ഇയാളുടെ സഹോദരന്‍ മൈക്കിള്‍ എന്നിവര്‍ക്ക് ഏഴ് വര്‍ഷം വീതം ശിക്ഷ ലഭിച്ചു. മറ്റൊരു തട്ടിപ്പിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതിന്റെ പശ്ചാത്തലത്തില്‍ മൈക്കിളിന് 15 മാസവും പോളിന് 9 മാസവും അധിക ശിക്ഷയും നല്‍കിയിട്ടുണ്ട്.

ആല്‍ബെര്‍ട്ട് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് വിളിക്കുന്നു എന്ന് പരിചയപ്പെടുത്തി പ്രായമായവരെ തെരഞ്ഞുപിടിച്ച് ഫോണ്‍കോളുകള്‍ നടത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സിംബയോസിസ് ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയില്‍ നിക്ഷേപത്തിനെന്ന പേരിലായിരുന്നു ഈ മൂന്നാമത്തെ തട്ടിപ്പ്. ദുബായില്‍ ക്ലിനിക്കുകളുടെ ശൃംഖലയിലേക്കാണ് നിക്ഷേപം എന്നായിരുന്നു ഇരകളെ അറിയിച്ചിരുന്നത്. മുന്നൂറോളം പേരില്‍ നിന്നായി 1.4 മില്യന്‍ പൗണ്ടാണ് ഈ വിധത്തില്‍ തട്ടിയത്. മുഹമ്മദ് അലി മിശ്രയെന്ന മറ്റൊരാള്‍ക്ക് 15 മാസത്തെ തടവാണ് കോടതി നല്‍കിയത്.

സിറ്റി ഓഫ് ലണ്ടന്‍ പോലീസിന്റെ ഫിനാന്‍ഷ്യല്‍ കോണ്‍ഡക്റ്റ് അതോറിറ്റിയാണ് കേസ് അന്വേഷിച്ചത്. ഭണ്ഡാരിയാണ് ഈ സംഘത്തിന്റെ തലച്ചോറായി പ്രവര്‍ത്തിച്ചതെന്നും കോര്‍പറേറ്റ് അഡൈ്വസര്‍ എന്ന തന്റെ പദവി ദുരുപയോഗം ചെയ്ത് ഇയാള്‍ നൂറുകണക്കിനാളുകളെ കബളിപ്പിച്ചുവെന്ന് എഫ്‌സിഎ പറഞ്ഞു. 2009 മുതല്‍ 2014 വരെയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ എഫ്‌സിഎ ആരംഭിച്ചു.

സ്വന്തം ലേഖകന്‍

ആലപ്പുഴ : നഴ്സുമാരുടെ സമരത്തില്‍ ഞെട്ടിവിറച്ച് ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയും സര്‍ക്കാരും. പണിമുടക്കില്‍ വന്‍ ജനകീയ പങ്കാളിത്തം . രാവിലെ മുതല്‍ ചേര്‍ത്തലയിലേയ്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാരുടെ ഐതിഹാസിക പണിമുടക്ക് . യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്നില്‍ നഴ്സുമാര്‍ മാസങ്ങളായി തുടരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വകാര്യ , സഹകരണ ആശുപത്രികളിലെ അമ്പതിനായിരത്തോളം നഴ്‌സുമാരാണ് പണിമുടക്കി ഒന്നടങ്കം ചേര്‍ത്തലയിലേക്ക് എത്തി അധികാരികളെ ഞെട്ടിച്ചത്. പണിമുടക്കുന്ന നഴ്‌സുമാര്‍ ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്നില്‍ സംഘടിച്ച് സമരം ഇപ്പോഴും തുടരുകയാണ്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കി ദേശീയപാതയോരത്തെ കെവിഎം ആശുപത്രിക്കു മുന്നില്‍ സംഘടിച്ചത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ കെവിഎം ആശുപത്രിയില്‍ നിന്നു പുറത്താക്കിയ മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് യുഎന്‍എ.

നഴ്‌സുമാരുടെ പണിമുടക്ക് സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യ , സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. ഒപി പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലടക്കം ശസ്ത്രക്രിയകള്‍ മുടങ്ങി. പണിമുടക്കുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ആം ആദ്മി , കെഎസ്‌യു , എഐവൈഫ് സംഘടനകളും സമരവേദിയിലെത്തി. സമരത്തെ തുടര്‍ന്ന് ചേര്‍ത്തല ദേശീയപാതയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടു.

മിനിമം വേതനം നല്‍കുക , അന്യായമായി പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കുക, അമിതജോലി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 179 ദിവസമായി കെവിഎം ആശുപത്രിക്ക് മുന്നില്‍ നഴ്സുമാര്‍ സമരം നടത്തുകയാണ്. എന്നാല്‍ യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ ആശുപത്രി അധികൃതര്‍ മര്‍ക്കടമുഷ്ടി തുടരുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ 24 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചത്.

പണിമുടക്കില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ ചേര്‍ത്തലയിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാവിലെ മുതല്‍ തന്നെ ദേശീയപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെവിഎം ആശുപത്രിയ്ക്ക് മുന്നിലെ സമരപ്പന്തലിലേക്ക് നഴ്സുമാരുടെ ഒഴുക്കായിരുന്നു. തിരുവനന്തപുരം മുതല്‍ മലബാര്‍ മേഖലയില്‍ നിന്നുവരെ സമരത്തിന് പിന്തുണയുമായി നഴ്സുമാരെത്തി. സമരപ്പന്തലില്‍നിന്ന് ദേശീയപാതയുടെ വശങ്ങളില്‍ ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ നഴ്സുമാര്‍ നിറഞ്ഞു. രാവിലെ മുതല്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച നഴ്സുമാര്‍ ഉച്ചയ്ക്ക് വമ്പന്‍ പ്രതിഷേധ പ്രകടനവും നടത്തി.

സമരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിട്ടുണ്ടെങ്കിലും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പോലീസിന്റെ വന്‍ സന്നാഹവും രാവിലെ മുതല്‍ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കെവിഎം ആശുപത്രിയ്ക്കും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യായമായ ആവശ്യങ്ങള്‍ക്കാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും എന്നാല്‍ മാനേജ്മെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് കടുത്ത സമരമുറയിലേക്ക് തങ്ങളെ എത്തിച്ചതെന്നും യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സര്‍ക്കാരും മാനേജ്മെന്റും പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കെവിഎം സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കുക , ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക , ട്രെയിനിങ് സമ്പ്രദായം നിര്‍ത്തലാക്കുക , പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്‍എ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ കാണുക

റെയില്‍ വേ ട്രാക്കില്‍ വീണ കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ട് വയസ്സുകാരനായ മുഹമ്മദ് തന്റെ മാതാവിനൊപ്പം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിനടുത്ത് ഇരിക്കുകയായിരുന്നു. പെട്ടന്ന് റെയില്‍വേ ട്രാക്കിന്റെ സമീപത്തേക്ക് ഓടിയ മുഹമ്മദ് കാല്‍ തെറ്റി താഴെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് തീവണ്ടി സമീപത്തു കൂടി കടന്നു പോകാത്തത് വന്‍ ദുരന്തമാണ് ഒഴിവായത്.

സമീപത്തുണ്ടായിരുന്ന യുവാവിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കുട്ടി വീണ ട്രാക്കിലേക്ക് എടുത്തു ചാടിയ യുവാവ് നിലത്തു വീണ് കിടക്കുകയായിരുന്ന രണ്ട് വയസ്സുകാരനെ ട്രാക്കില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. യുവാവിന്റെ ധീരമായ പ്രവര്‍ത്തിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ രംഗത്തു വന്നു.

സ്വന്തം ലേഖകന്‍

ഹരിയാന : മോദിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കൊണ്ടുള്ള  കൃഷിക്കാരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹരിയാനയിലെ സാധാരണക്കാരും കൃഷിക്കാരും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നോട്ട് നിരോധനം കൊണ്ടും , കാര്‍ഷിക തകര്‍ച്ച കൊണ്ടും തകര്‍ന്ന ഹരിയാനയിലെ ഒരു കൂട്ടം കര്‍ഷകരാണ് പ്രതീകാത്മകമായി മോദിയുടെ ശവമടക്ക് നടത്തി പ്രതിക്ഷേധിച്ചത് . ആയിരങ്ങളാണ് ഈ പ്രതിക്ഷേധ റാലിയില്‍ പങ്കെടുത്തത് .

നൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരെ ക്രൂരമായ ആക്രമങ്ങളാണ് ഹരിയാനയും യുപിയും ഗുജറാത്തും അടക്കമുള്ള നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. മോദി ഭരണത്തില്‍ എത്തിയതിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നതും , രാജ്യവ്യാപകമായി വര്‍ഗ്ഗീയ കലാപങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതും ഒക്കെ സാധാരണ ജനങ്ങള്‍ മോദിക്കെതിരെ തിരിയുന്നതിനുള്ള കാരണമായി. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ വിറ്റഴിച്ച മോദി സാധാരണക്കാരുടെ മുന്‍പില്‍ നിരത്തുന്നത് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് മഹാഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ മോദിക്കെതിരെയുള്ള പ്രതിക്ഷേധം രാജ്യവ്യാപകമായി ദിനംപ്രതി കൂടി വരുകയാണ്. ഈ പ്രതിക്ഷേധ റാലിയില്‍ പങ്കെടുത്തവര്‍ വളരെ മോശമായ ഭാഷയിലാണ് മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.

വീഡിയോ കാണുക

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിയ ശേഷം മുങ്ങിയ നീരവ് മോഡിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരുമിച്ചുള്ള ചിത്രം പുറത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. രത്‌നവ്യാപാരിയായ നീരവ് മോഡി ദാവോസില്‍ വെച്ച് നരേന്ദ്ര മോഡിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് യെച്ചൂരി പുറത്തു വിട്ടത്.

നീരവ് മോഡി രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനു പിന്നാലെയാണ് ചിത്രം ട്വിറ്ററിലെത്തിയത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ദാവോസില്‍ വെച്ച് നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍വെച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലാണ് നീരവ് മോഡി പ്രധാനമന്ത്രിക്കൊപ്പമുള്ളത്. ഇയാള്‍ക്ക് ബെല്‍ജിയം പാസ്‌പോര്‍ട്ടും സ്വന്തമായുണ്ടെന്നാണ് വിവരം.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗ്യാരന്റിയില്‍ വിദേശ ബാങ്കുകളില്‍ നിന്ന് കോടികള്‍ പിന്‍വലിച്ച ശേഷം തിരിച്ചടക്കാതെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പില്‍ വന്‍ ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 2011 മുതല്‍ നടത്തിയ തട്ടിപ്പില്‍ 11,343 കോടി രൂപയാണ് ഇയാളും കുടുംബവും സ്വന്തമാക്കിയത്.

ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. പാലാ രൂപതയിലെ ഇടവക വികാരി കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ്താന്നിനില്‍ക്കും തടത്തിലിനെതിരെയാണ് വിദേശ വനിത പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു അതേത്തുടര്‍ന്ന് ഫാ. തോമസ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ നൈജീരിയക്കാരായ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍.

മാണിക്യമലരായ പൂവിയെന്ന ഗാനത്തിനെതിരെ ഉയര്‍ന്ന പരാതി സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയെന്ന് പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഹിന്ദു വര്‍ഗീയവാദികളും മുസ്ലീം വര്‍ഗീയവാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് കുറച്ചുപേര്‍ ഹൈദരാബാദില്‍ പരാതി നല്‍കിയതായി മനസിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാര്‍ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. ‘മാണിക്യമലര്‍’ പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.

ബാര്‍ ഹോട്ടലിലെ പതിവുകാരനായ കുരങ്ങന്‍ കഴിച്ചത് കൂടിയപ്പോള്‍ അക്രമാസക്തനായി. പതിവായി ബാര്‍ ഹോട്ടലിലെത്തി ബാക്കി വരുന്ന മദ്യവും കഴിക്കുന്ന ശീലമുള്ള കുരങ്ങന്‍ ഇത്തവണ അക്രമാസക്തനാവുകയായിരുന്നു. കുടിച്ചത് കൂടിപ്പോയ കുരങ്ങന്‍ ബാറിലെത്തിയ നാല് പേരെ ആക്രമിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കുരങ്ങന്‍ ബാറിലുണ്ടായിരുന്ന കുറച്ചു പേരെ വിരട്ടിയോടിക്കുകയും ചെയ്തു.

ബാറിലെ പതിവുകാര്‍ പഴവും മറ്റു ശീതള പാനീയങ്ങളും നല്‍കി അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുരങ്ങന്‍ അതിനൊന്നും വഴങ്ങിയില്ല. തുടര്‍ന്ന് പോലീസും, അഗ്‌നിശമന സേനയും എത്തി വലയുപയോഗിച്ചാണ് കുരങ്ങനെ പിടികൂടിയത്. കുരങ്ങന് മദ്യം കൊടുത്തതിനെ തുടര്‍ന്ന് ബാറിനെതിരെ വന്യമൃഗ സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു.

പാര്‍ക്ക് ലാന്‍ഡ്, ഫ്ളോറിഡ: ഫ്‌ളോറിഡയിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ബുധനാഴ്ച്ച നടന്ന വെടിവെപ്പിനിടെ നിരവധി കുട്ടികളെ മരണത്തില്‍ നിന്നും രക്ഷിച്ച് സ്‌കൂളിലെ ഫുട്ബോള്‍ കോച്ച് ആരണ്‍ ഫീസ്. സ്‌കുളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിക്ക് മുന്നില്‍ സ്വയം കവചമായി നിന്ന ഇദ്ദേഹം നിരവധി കുട്ടികളെയാണ് രക്ഷിച്ചത്.

ആരോണിനെ അക്രമി വെടിവെച്ചു വീഴ്ത്തിയെങ്കിലും മരിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.  വെടിവെപ്പില്‍ സാരമായി പരിക്കേറ്റ ആരണ്‍ ഫീസ് ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. നിലവില്‍ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡ് കൂടിയാണ് ആരണ്‍. സ്വയം കവചമായി നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ ആരണിന് ആദരവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വന്നിരിക്കുന്നത്.

കുട്ടികളെ രക്ഷിച്ച ആരണിന്റെ ധീരമായ പ്രവൃത്തിയെ നിരവധി പേര്‍ നവമാധ്യങ്ങളില്‍ അഭിനന്ദിച്ചു. സ്‌കൂളിന്റെ സുരക്ഷക്കായി സ്വയം സമര്‍പ്പിച്ചയാളാണ് ആരണ്‍ എന്ന് ഒരു വിദ്യാര്‍ത്ഥി ട്വീറ്റ് ചെയ്തു. അച്ചടക്ക നടപടി നേരിട്ടതിനേത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ത്ഥിയാണ് കൂട്ടക്കൊല നടത്തിയത്. ക്രൂസ് നടത്തിയ വെടിവെപ്പില്‍ ഏതാണ്ട് പതിനേഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.

RECENT POSTS
Copyright © . All rights reserved