ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടയില്‍ മുസ്ലിം പണ്ഡിതനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് ആര്‍എസ്എസ് തത്വചിന്തകന്‍ സംഗീത് രാഗി. ന്യൂസ് 24 ചാനലിന്റെ ചര്‍ച്ചക്കിടയിലാണ് ആര്‍എസ്എസ് നേതാവിന്റെ കൈയ്യേറ്റ ശ്രമം. ചാനല്‍ ചര്‍ച്ചക്കിടയിലെ ഇടവേള സമയത്താണ് തെറിവിളിയുമായി സംഗീത് രാഗി മൗലാന സാജിദ് റഷീദിയുടെ നേര്‍ക്ക് തിരിഞ്ഞത്.
കാശ്മീരിലെ സൈനികര്‍ക്കെതിരായ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ന്യൂസ് 24 ചര്‍ച്ച. ആര്‍എസ്എസ് തത്വചിന്തകന്‍ സംഗീത് രാഗി, മുസ്ലിം പണ്ഡിതനായ മൗലാന സാജിദ് റഷീദി, കോണ്‍ഗ്രസ് നേതാവ് രാജിവ് ത്യാഗി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം 35 ഉം തള്ളിക്കളയണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംഗീത് രാഗി പറഞ്ഞു. ഇനിനു മറുപടിയായി നിങ്ങളുടെ സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് സാജിദ് റഷീദി പറഞ്ഞു. തുടര്‍ന്ന് പ്രകോപിതനായി സംഗീത് രാഗി റഷീദിയെ വിഡ്ഢിയെന്നും നിരക്ഷരനെന്നും പാകിസ്ഥാന്‍ ചാരനെന്നും വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് മനസ്സിലാക്കിയ ചാനല്‍ അവതാരക പെട്ടന്ന് ഇടവേള ആവശ്യപ്പെട്ടു. തുടര്‍ന്ന് രാഗി റഷീദിയെ കൈയ്യേറ്റം ചെയ്യാനായി ഇരുന്ന സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു. ചാനലിലെ ജീവനക്കാര്‍ ഇടപെട്ടാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്.
മകന്റെ മരണത്തില്‍ തളര്‍ന്നിരിക്കാന്‍ തയ്യാറാകാതെ ആ അമ്മ കാണിച്ച് മനസിന്റെ ഉറപ്പാണ് അവരെ ഇപ്പോള്‍ ഒരു മുത്തശിയാക്കിയത്. 27ാം വയസില്‍ ബ്രയിന്‍ ട്യൂമര്‍ വന്നാണ് പൂനെ സ്വദേശിയായ പ്രതമേഷ് മരിക്കുന്നത്. മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ യുവാവ് ഇരട്ടകുട്ടികളുടെ അച്ഛനായി. രോഗാവസ്ഥയിലായ സമയത്ത് യുവാവിന്റെ ബീജത്തെ ഐവിഎഫ് ചികിത്സയിലൂടെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. അങ്ങനെയാണ് പ്രതമേഷ് മരണാനന്തരം ഒരച്ഛനാകുന്നതും 48കാരിയായ അമ്മ രാജശ്രീ രണ്ട് വര്‍ഷങ്ങള്‍ക്ക ശേഷം പ്രിയപ്പെട്ട മകന്റെ കുഞ്ഞിന് അമ്മൂമ്മയുമായത്.
രോഗം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് മകന് ബ്രയിന്‍ ട്യൂമറാണെന്ന് കുടുംബം തിരിച്ചറിയുന്നത്. യാതൊരു ചികിത്സയും ഫലം കാണാത്ത വിധത്തില്‍ രോഗം മൂര്‍ഛിച്ചിരുന്നു. മകനെ വിട്ടുപിരിയുന്നതില്‍ ദുഃഖിതയായ അമ്മയ്ക്ക് ആശുപത്രി അധികൃതരാണ് പ്രതമേഷിന്റെ ബീജം സൂക്ഷിച്ചുവെക്കാമെന്നും അങ്ങനെ മകനിലൂടെയുള്ള കുഞ്ഞിനെ കാണാമെന്നും നിര്‍ദേശം വെച്ചത്. അങ്ങനെയെങ്കിലും തന്റെ മകന്റെ ഓര്‍മകളെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആ അമ്മ. അങ്ങനെ സൂക്ഷിച്ചുവെച്ച ബീജങ്ങള്‍ക്ക് ഐവിഎഫിലൂടെ പുതുജീവന്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ രാജശ്രീക്കൊപ്പം നിന്നു.
ആദ്യം മകന്റെ കുഞ്ഞിനെ സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. പ്രായം തടസമായതിനാല്‍ അത് സഫലമായില്ല. തുടര്‍ന്ന് കുടുംബത്തിലെ അകന്ന ബന്ധു ഗര്‍ഭം ധരിക്കാമെന്ന സമ്മതത്തോടെ രാജശ്രീയെ സമീപിച്ചു. അങ്ങനെ അവരുടെ കാരുണ്യത്താല്‍ മറ്റൊരു ഗര്‍ഭപാത്രത്തില്‍ പ്രതമേഷിന്റെ ജീവന് തുടര്‍ച്ചയുണ്ടാവുകയായിരുന്നു. ആ സന്തോഷം ഇരട്ടിയാക്കാന്‍ ഇരട്ട കുഞ്ഞുങ്ങളെയാണ് കുടുംബത്തിന് ദൈവം സമ്മാനിച്ചത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ആണ്‍കുട്ടിക്ക് രാജശ്രീ മകന്റെ പേരിട്ടു. പ്രതമേഷ്. പെണ്‍കുട്ടിക്ക് പ്രീഷയെന്നും. ദൈവത്തിന്റെ സമ്മാനമെന്നാണ് പ്രീഷയുടെ അര്‍ഥം.
‘ഞാനും മകനും തമ്മില്‍ വളരെ അടുത്ത കൂട്ടുകാരെ പോലെയായിരുന്നു. ജര്‍മനിയില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനൊരുങ്ങുമ്പോഴാണ് അവന് രോഗം സ്ഥിരീകരിക്കുന്നത്. കീമോതെറാപ്പിയും റേഡിയേഷനും ആരംഭിക്കുന്നതിന് മുമ്പ് അവന്റെ ബീജങ്ങള്‍ സൂക്ഷിക്കാമെന്ന നിര്‍ദേശം ഡോക്ടര്‍മാരാണ് മുന്നോട്ടുവെക്കുന്നത്. പ്രതമേഷ് അതിന് സമ്മതം മൂളി’, രാജശ്രീ പറയുന്നു.
അമ്മ രാജശ്രീയെയും സഹോദരി ധ്യാന ശ്രീയെയും ആണ് മരണാനന്തരം ബീജമുപയോഗിക്കാന്‍ അവകാശപ്പെടുത്തിയിരുന്നത്. അപ്പോഴും മരിച്ചു പ്രതമേഷിനെ വീണ്ടെടുക്കാമെന്ന സ്വപ്നതുല്യമായ അവസ്ഥയിലെത്തുമെന്ന് അവരാരും പ്രതീക്ഷിച്ചതേയില്ല. 2016ലാണ് പ്രതമേഷിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. സെപ്റ്റംബറില്‍ അവന്‍ മരിക്കുകയും ചെയ്തു.
‘എന്റെ മകളെ അവന്റെ മരണ ശേഷം സന്തോഷവതിയായി കണ്ടിട്ടേയില്ല. എന്റെ ലോകവും ചുരുങ്ങി. അങ്ങനെയാണ് സൂക്ഷിച്ചുവെച്ച ബീജങ്ങളിലൂടെ അവനെ വീണ്ടെടുക്കാമെന്ന ആ തീരുമാനം ഞങ്ങളെടുക്കുന്നത്’, രാജശ്രീ പറഞ്ഞു.
മുംബൈ: നവമാധ്യമങ്ങളില്‍ വൈറലായി മാറിയ അഡാറ് ലവിലെ ഗാനത്തിന് പിന്നാലെ വിവാദങ്ങളും. ലക്ഷകണക്കിന് ആലുകളാണ് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാണിക്ക മലരായ പൂവി യെന്ന അഡാറ് ലവിലെ ഗാനം കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഗാനത്തിന് പിന്നാലെ വിവാദങ്ങളും കൊഴുക്കുകയാണ്.
ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഗാനത്തിനെതിരെ പരാതിയുമായി എത്തിയതിന് പിന്നാലെ മുംബൈയിലെ റാസാ അക്കാദമിയും ഗാനത്തെ എതിര്‍ത്തു രംഗത്തു വന്നു. പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്ത വൃണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റാസാ അക്കാദമി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കി. ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് തടയാനുള്ള നടപടി സിബിഎഫ്സി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകള്‍ മതവികാരത്തെ ഹനിക്കുന്നതാണ്. ഇത് നീക്കാനാവശ്യമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് റാസാ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന്‍ ജിയായി കത്തില്‍ അറിയിച്ചിട്ടുണ്ട്.
അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്ന തമിഴ് നടന്‍ കമല്‍ ഹാസന്റെ പ്രഖ്യാപനത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രമുഖ സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍. താങ്കള്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കള്‍.
താങ്കള്‍ ഒരു യുക്തിവാദി ആയിരിക്കാം. പക്ഷേ, മൗലികമായി താങ്കള്‍ അസാമാന്യമായ സര്‍ഗ്ഗശേഷിയുള്ള കലാകാരനാണ്. അത്തരമൊരു കലാകാരന്‍ അടിസ്ഥാനപരമായി അരാജകവാദി ആയിരിക്കും, സന്ദേഹി ആയിരിക്കും. താങ്കള്‍ക്ക്, കലയിലൂടെ താങ്കളെ പ്രകാശിപ്പിക്കും പോലെ ദീപ്തമായി മറ്റൊന്നിലും സ്വയം ആവിഷ്‌ക്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം മാറ്റണമെന്നല്ല, ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന തീരുമാനം ഒന്ന് പുന:രാലോചിക്കണമെന്നു മാത്രമാണ് അങ്ങയോടഭ്യര്‍ത്ഥിക്കാനുള്ളത് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആദരണീയനായ ശ്രീ.കമല്‍ഹാസന്‍,
താങ്കള്‍ അഭിനയം നിറുത്തുന്നു എന്ന പ്രസ്താവന നടുക്കത്തോടേയും ദു:ഖത്തോടേയുമാണ് വായിച്ചത്. സിനിമ കാണാന്‍ തുടങ്ങിയനാള്‍ മുതല്‍ താങ്കള്‍ എന്റെ ഇഷ്ടനടനാണ്. ഞാന്‍ ആദ്യം കണ്ട കമല്‍ ചിത്രം വിഷ്ണുവിജയം എന്ന ബ്ലാക്ക് ആന്റ് വൈറ്റ് മലയാളചിത്രമാണ്. ഷീലയെ വശീകരിക്കുന്ന പ്രതിനായക സ്വഭാവമുള്ള വിഷ്ണുവിന്റെ കട്ടഫാനായി ആദ്യ കാഴ്ച്ചയില്‍തന്നെ ഞാന്‍ മാറി. മലയാളികള്‍ കണ്ടന്തം വിട്ട ആദ്യ സിക്‌സ് പാക്ക് നടന്‍ താങ്കളാണല്ലോ. പിന്നെ, വയനാടന്‍ തമ്പാനും, ആനന്ദം പരമാനന്ദവും, ഈറ്റയും അടക്കം എത്ര മലയാള പടങ്ങള്‍. താങ്കള്‍ തമിഴിന്റെ പ്രിയ നായകനായപ്പോഴും, എന്നെപ്പോലെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് താങ്കള്‍ ഇഷ്ടനടനായി തുടര്‍ന്നു. കേരളവും താങ്കളും തമ്മിലുള്ള ബന്ധം അന്നും ഇന്നും വളരെ, വളരെ സ്‌പെഷ്യല്‍ ആണ്. പതിനാറു വയതിനിലേയും, സിഗപ്പു റോജാക്കളും, വരുമയില്‍ നിറം സിഗപ്പും, ഇന്നും എന്റെ ഇഷ്ടചിത്രങ്ങളാണ്. സകലകലാ വല്ലഭന്‍, കോട്ടയം രാജ്മഹാളില്‍ ചുരുങ്ങിയത് പത്ത് തവണയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്. മൂന്നംപിറ കണ്ട് ‘ഡെസ്പ’ടിച്ചു കിടന്നിട്ടുണ്ട്. പുഷ്പക വിമാനം, ഇന്ദ്രന്‍ ചന്ദ്രന്‍, മൈക്കള്‍ മദന കാമരാജന്‍, അപൂര്‍വ്വസഹോദരങ്ങള്‍, തെന്നാലി– അങ്ങ് നടത്തിയ വേഷപകര്‍ച്ചകള്‍ മറ്റാര്‍ക്കും കഴിയുന്നതല്ല. ശ്രീ.ഭരതന്‍ സംവിധാനം ചെയത തേവര്‍മകനില്‍, താങ്കളും മഹാനടനായ ശ്രീ.ശിവാജി ഗണേശനും ചേര്‍ന്നുള്ള കോംബോ സീന്‍സ്! ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കോരിത്തരിപ്പുണ്ടാവുന്നുണ്ട്, സര്‍.
സാഗരസംഗമം, എക്കാലത്തേയും എന്റെ പ്രിയപ്പെട്ട പ്രണയചിത്രങ്ങളില്‍ ഒന്നാണ്. കമല്‍-ശ്രീദേവി ആണ് പലര്‍ക്കും പിടിച്ച ജോടി. എനിക്കത് കമല്‍-ജയപ്രദയാണ്. സാഗരസംഗമവും, നിനത്താലെ ഇനിക്കും എന്ന കെ ബാലചന്ദര്‍ സിനിമയും തന്ന പ്രണയാനുഭവം നിസ്തുലമാണ്. ഇന്ത്യന്‍, നായകന്‍, മഹാനദി, അന്‍പേശിവം: താങ്കളുടെ ഏറ്റവും ഗംഭീരമായ നാലു ചിത്രങ്ങള്‍. താങ്കള്‍ക്ക് തുല്യം താങ്കള്‍ മാത്രമെന്ന് വിളിച്ചു പറയുന്നുണ്ടവ. മഹാനദി, അന്‍പേശിവം,തേവര്‍മകന്‍, പുഷ്പകവിമാനം….താങ്കളെഴുതിയ തിരക്കഥകളും തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചവ തന്നെ. ബാലചന്ദര്‍, ഭാരതിരാജ, മണിരത്‌നം, ശങ്കര്‍, കെ വിശ്വനാഥ്, ഐ വി ശശി, ഭരതന്‍….ഇവരോടൊക്കെ ഒപ്പം താങ്കള്‍ ചേര്‍ന്നപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളാണ്. ഇളയരാജയുടെ സംഗീത മാന്ത്രികത ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞതും കമല്‍ ചിത്രങ്ങളില്‍ തന്നെ. കൂട്ടത്തില്‍ പറയട്ടെ, താങ്കളും ജാനകിയമ്മയും ചേര്‍ന്ന് പാടിയ ഗുണയിലെ ‘കണ്മണി…’ what a song! താങ്കളെ ഒന്ന് പരിചയപ്പെടണമെന്നുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചത് ട്രാഫിക് സിനിമയുടെ വിജയാഘോഷങ്ങള്‍ക്കായി താങ്കള്‍ കൊച്ചിയില്‍ വന്നപ്പോഴാണ്. അതിനു ശേഷം, ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി, ഫിക്കിയുമായി ചേര്‍ന്ന് ചില കാര്യങ്ങള്‍ ചെയ്യാന്‍ താങ്കള്‍ തീരുമാനിച്ചപ്പോള്‍ കൂടിയാലോചനകള്‍ക്കായി എന്നെ വിളിച്ചു. അന്ന് എന്തെല്ലാം വിഷയങ്ങളെകുറിച്ചാണ് താങ്കള്‍ സംസാരിച്ചത്. സാഹിത്യം, തത്ത്വശാസ്ത്രം, മനോവിജ്ഞാനീയം, മാജിക്ക്…എല്ലാം വന്നവസാനിക്കുന്നത് സിനിമയിലും.
താങ്കള്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നു, സര്‍. എന്തിനാണ് ഈ തീരുമാനം, സര്‍? അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കള്‍. താങ്കള്‍ ഒരു യുക്തിവാദി ആയിരിക്കാം. പക്ഷേ, മൗലികമായി താങ്കള്‍ അസാമാന്യമായ സര്‍ഗ്ഗശേഷിയുള്ള കലാകാരനാണ്. അത്തരമൊരു കലാകാരന്‍ അടിസ്ഥാനപരമായി അരാജകവാദി ആയിരിക്കും, സന്ദേഹി ആയിരിക്കും. താങ്കള്‍ക്ക്, കലയിലൂടെ താങ്കളെ പ്രകാശിപ്പിക്കും പോലെ ദീപ്തമായി മറ്റൊന്നിലും സ്വയം ആവിഷ്‌ക്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം മാറ്റണമെന്നല്ല, ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന തീരുമാനം ഒന്ന് പുന:രാലോചിക്കണമെന്നു മാത്രമാണ് അങ്ങയോടഭ്യര്‍ത്ഥിക്കാനുള്ളത്.
യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷികൾ . നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്. ഇന്റർനെറ്റ് കോളിലൂടെ ശുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികിൽസയിൽ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് ഇ.നൗഷാദ് പറഞ്ഞു.
ശുഹൈബും സുഹൃത്തുക്കളും തട്ടുകടയിൽനിന്ന് ചായ കുടിക്കുമ്പോഴാണ് ഫോർ റജിസ്ട്രേഷൻ കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ട് ശുഹൈബിന്റെ കാലിൽ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ടുപേർ ചേർന്ന് നിരവധിതവണ വെട്ടി.
വെട്ടിവീഴ്ത്തിയശേഷം ഒരാൾ ഇരുന്ന് വെട്ടി രണ്ടാമൻ കുനിഞ്ഞ് നിന്ന് വെട്ടി, തടഞ്ഞപ്പോൾ കൈയ്ക്ക് വെട്ടി, ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരയ്ക്ക് മുകളിലേക്ക് വെട്ടിയില്ല.
കൊല്ലണമെന്ന ഉദ്യേശത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാരുടെ നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞത്.
അതേസമയം ഷുഹൈബ് വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഇന്നവസാനിപ്പിക്കും. എന്നാല്‍ ഇതേയാവശ്യമുന്നയിച്ച് രാവിലെ 10 മണിക്ക് യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം ആരംഭിക്കും. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം കൊലപാതകത്തില്‍ നാല് പേര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. എന്നാല്‍ വിവരങ്ങളൊന്നും പുറത്തുപറയാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ടോക്യോ: ജപ്പാന്‍ തീരത്ത് സമുദ്രത്തിനടിയില്‍ ഭീമന്‍ അഗ്നിപര്‍വതം രൂപം കൊള്ളുന്നതായി ഗവേഷകര്‍. 7300 വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്ന കിയാകി അഗ്നിപര്‍വതം വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതായാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. കിയാകിയുടെ ക്രേറ്ററിനു മുകളിലായി 10 കിലോമീറ്ററോളം വിസ്തൃതിയില്‍ ലാവ ഉറഞ്ഞുകൂടുന്നതായാണ് കണ്ടെത്തിയത്. അഗ്നിപര്‍വത മുഖത്ത് ഉറഞ്ഞു കൂടിയിരിക്കുന്നത് 32 ക്യുബിക് കിലോമീറ്റര്‍ മാഗ്മയാണത്രേ. ഈ ലാവാ ഗോപുരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പത്ത് കിലോമീറ്റര്‍ വൃസ്തൃതിയും 600 മീറ്റര്‍ ഉയരവും ഇതിനുണ്ട്. അതായത് ചരിത്രാതീതകാലത്ത് നാശം വിതച്ച അഗ്നിപര്‍വതം ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ തയ്യാറെടുക്കുന്നു.
യാതൊരു സൂചനകളുമില്ലാതെയായിരിക്കും അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ നല്‍കുന്ന സൂചന. അപ്രകാരം സംഭവിച്ചാല്‍ 100 മില്യണ്‍ ജനങ്ങളെങ്കിലും കൊല്ലപ്പെട്ടേക്കും. ഒരു വൊള്‍കാനിക് വിന്ററിനും ഇത് കാരണമാകുമെന്നാണ് നിഗമനം. ഈ അതിശൈത്യമായിരിക്കും ജനങ്ങളെ കൊന്നൊടുക്കുക. കോബെ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 7300 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിയാകിയിലുണ്ടായ സ്‌ഫോടനമായിരുന്നു സതേണ്‍ ജപ്പാനിലെ യോമോന്‍ സംസ്‌കാരത്തിന് അന്ത്യം കുറിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൂടുമ്പോളാണ് ഇത്തരം സൂപ്പര്‍ അഗ്നിപര്‍വതങ്ങള്‍ സജീവമാകാറുള്ളത്. എന്നാല്‍ കിയാകി ഇപ്പോള്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചനയാണ് ശാസ്ത്രലോകം നല്‍കുന്നത്.
ഇത്രയും ഭീമാകാരനായ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ അതില്‍ നിന്ന് അന്തരീക്ഷത്തിലെത്തുന്ന വന്‍തോതിലുള്ള അവശിഷ്ടങ്ങളും ചാരവും മറ്റും സൂര്യപ്രകാശത്തെ കാലങ്ങളോളം തടഞ്ഞുവെക്കുകയും അത് അഗ്നിപര്‍വതജന്യ ശൈത്യത്തിന് കാരണമാകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. സ്‌ഫോടനം സൃഷ്ടിക്കുന്ന സുനാമി ജപ്പാന്റെ ദക്ഷിണ തീരത്തെയും തായ്‌വാന്‍ ചൈന തീരങ്ങളെയും ഇല്ലാതാക്കും. പിന്നീട് നോര്‍ത്ത് സൗത്ത് അമേരിക്കന്‍ തീരങ്ങളില്‍ വരെ രാക്ഷസത്തിരമാലകള്‍ എത്തുമെന്നാണ് കരുതുന്നത്.
ഭിക്ഷയെടുക്കാനോ ബെനഫിറ്റുകള്‍ കൈപ്പറ്റാനോ തയ്യാറല്ലാത്ത സ്റ്റീഫന്‍ പോപ് ഇപ്പോള്‍ ജീവിക്കുന്നത് ഒരു പഴയ ടെലിഫോണ്‍ ബൂത്തിനകത്താണ്. ബര്‍മിംഗ്ഹാമിലെ മൂന്നടി മാത്രം വിസ്താരമുള്ള ബിടി കിയോസ്‌കിനുള്ളിലാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇയാള്‍ താമസിക്കുന്നത്. വഴിയാത്രക്കാര്‍ നല്‍കുന്ന ചില്ലറകളാണ് ഇയാളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മുന്‍ ഡിമോളിഷന്‍ ജീവനക്കാരനായ പോപ് ഈ വിന്റര്‍ മുഴുവന്‍ ഈ കിയോസ്‌കിനുള്ളില്‍ കഴിച്ചുകൂട്ടിയെന്നത് അതിശയകരമാണ്.
മാതാപിതാക്കളുടെ മരിച്ചതോടെയാണ് ഇയാള്‍ക്ക് വീടില്ലാതായത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. മാസങ്ങളുടെ വ്യത്യാസത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ വീട്ടില്‍ നിന്ന് ഇയാള്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. തന്റെ ജീവിത സാഹചര്യങ്ങള്‍ ഭീതിദമാണെങ്കിലും അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നാണ് പോപ് പറയുന്നത്. പോകാന്‍ മറ്റിടങ്ങളില്ല, അതുകൊണ്ട് താന്‍ ഈ കിയോസ്‌കിനുള്ളില്‍ ചുരുണ്ടു കൂടുന്നു. പുറത്തെ മഞ്ഞുവീഴ്ചയില്‍ നിന്നും മഴയില്‍ നിന്നും തന്നെ രക്ഷിക്കുന്നത് ഈ കിയോസ്‌കാണ്.
തനിക്ക് വഴിയാത്രക്കാര്‍ നല്‍കുന്ന പണം മദ്യം കഴിക്കാനോ മയക്കുമരുന്നുകള്‍ക്കോ ഉപയോഗിക്കുന്നില്ല. ഭക്ഷണത്തിന് മാത്രമാണ് ഇത് താന്‍ ചെലവാക്കുന്നത്. താനൊരു മനുഷ്യ മൃഗശാലയിലാണ് കഴിയുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും പോപ്പ് പറഞ്ഞു. തനിക്ക് ഒരു സലഹോദനും സുഹൃത്തുക്കളുമുണ്ട്. എന്നാല്‍ അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനും സ്വന്തമായി ഫ്‌ളാറ്റ് വാങ്ങാനുമുള്ള സ്വപ്‌നങ്ങളും ഇയാള്‍ക്കുണ്ട്. ഹോസ്റ്റലുകളില്‍ താമസിക്കാനും തനിക്ക് താല്‍പര്യമില്ലെന്ന് പോപ്പ് പറയുന്നു. അവിടങ്ങളില്‍ താമസിക്കുന്നവര്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്നാണ് ഇദ്ദേഹം ന്യായീകരിക്കുന്നത്. അത്തരമൊരു ചുറ്റുപാട് തനിക്ക് യോജിച്ചതല്ലെന്നും പോപ്പ് വ്യക്തമാക്കി.
40 വര്‍ഷം മുന്‍പ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടെഴുതുമ്പോള്‍ ജബ്ബാര്‍ അറിഞ്ഞില്ല, വര്‍ഷങ്ങള്‍ക്കപ്പുറം അതിന് ഇങ്ങനെയൊരു നിയോഗമുണ്ടാകുമെന്ന് ഒരു യുവതയുടെ നാവില്‍ ആ ഗാനം ഇങ്ങനെ തത്തിക്കളിക്കുമെന്ന്… ഒമറിന്റെ ‘ഒരു അഡാറ് ലവ്വി’ലെ ഗാനം മലയാളിയുടെ ചുണ്ടിന്റെ താളമാകുമ്പോള്‍ അതെഴുതിയ ജബ്ബാര്‍ അങ്ങകലെ സൗദിയിലെ റിയാദിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കസ്റ്റമേഴ്‌സിനെ തൃപ്തനാക്കുകയാണ്. അഞ്ചു വര്‍ഷമായി റിയാദിലെ മലസ് ഏരിയയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് ജബ്ബാര്‍. കൂട്ടുകാര്‍ക്കിടയില്‍ ‘ഉസ്താദ്’ എന്നാണ് അറിയപ്പെടുന്നത്. ഷാന്‍ റഹ്മാനാണ് പാട്ടിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആലാപനം വിനീത് ശ്രീനിവാസന്‍. യുട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്ന ഗാനം ലക്ഷങ്ങളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്.
കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശി ജബ്ബാര്‍ ഖത്തറില്‍ നിന്നാണ് സൗദിയില്‍ എത്തുന്നത്. 15 വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2013ല്‍ സൗദിയില്‍ എത്തി. 1978 ല്‍ ആകാശവാണിയില്‍ പാടുന്നതിനാണ് ഈ വരികള്‍ രചിച്ചത്. മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വര്‍ഷം മുമ്പ് ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിക്കപ്പെട്ടു. 1992 ല്‍ ‘ഏഴാം ബഹര്‍’ എന്ന ഓഡിയോ ആല്‍ബത്തില്‍ ‘മാണിക്യ മലരായ’ ഇടം പിടിച്ചു. ആദ്യം ഈ വരികള്‍ ആലപിച്ച് ഹിറ്റാക്കിയത് റഫീഖ് തലശ്ശേരിയാണ്. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകര്‍ ഈ ഗാനം പാടി. വര്‍ഷങ്ങള്‍ കഴിഞ്ഞും പുതു തലമുറ ഏറ്റു പാടുമ്പോള്‍ താന്‍ അനുഭവിക്കുന്ന ആഹ്‌ളാദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയുമാണെന്ന് ജബ്ബാര്‍. എഴുത്ത് മാത്രമല്ല, ജബ്ബാര്‍ നന്നായി പാടുകയുെ ചെയ്യും.
പതിനാറ് വയസ്സ് മുതല്‍ പാട്ട് എഴുതുന്നുണ്ട്. മദ്രസയിലെ സാഹിത്യ പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് പാട്ട് എഴുതിയാണ് തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ ഗാനം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് റഫീഖ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ പാട്ട് യുവ തലമുറ ഏറ്റുവാങ്ങിയതോടെ ജബ്ബാറും സെലിബ്രിറ്റിയായി. മക്കളും സുഹൃത്തുക്കളും വിളിച്ചു. അവരുടെ സന്തോഷവും പങ്കുവച്ചപ്പോള്‍ ഏഴാം സ്വര്‍ഗത്തിലായി ജബ്ബാര്‍.
ഇത്രയധികം പാട്ടെഴുതിയിട്ടുണ്ടെങ്കിലും ജബ്ബാറിന് അതില്‍ നിന്ന് കാര്യമായ പുരസ്!കാരങ്ങളോ പ്രതിഫലമോ ലഭിച്ചിട്ടില്ല. പക്ഷേ അതിലൊന്നും അദ്ദേഹത്തിന് തെല്ലും പരിഭവമില്ല. നാലു പതിറ്റാണ്ടിനു ശേഷവും തന്റെ വരികള്‍ തലമുറ ഏറ്റുവാങ്ങുമ്പോള്‍ അതിനേക്കാള്‍ വലിയ എന്തു നേട്ടമെന്താണ് കിട്ടാന്‍ എന്ന ഭാവമാണ് അദ്ദേഹത്തിന്. മകന്‍ അമീന്‍ മുഹമ്മദ് റിയാദില്‍ ഗ്രാഫിക് ഡിസൈനറായിയിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ ഐഷാബി. മകനെ കടാതെ ഒരു മകള്‍ കൂടിയുണ്ട്, റഫീദ.
[ot-video][/ot-video]
ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ക്കെതിരെ മുസ്ലീം മതപുരോഹിതര്‍ ഫത്വ ഇറക്കിയെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലീകള്‍. സിനിമകളോടും കലയോടുമുള്ള അസഹിഷ്ണുത ‘ഞങ്ങള്‍ക്ക്’ മാത്രമല്ല ‘അവര്‍ക്കുമുണ്ട്’ എന്ന് കാണിക്കാനുളള്ള മനപ്പൂര്‍വ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണങ്ങള്‍ എന്ന് ആക്ഷേപം ഉയര്‍ന്നു.
ടൈംസ് നൗവിന്റെ ലോഗോ അനുകരിച്ച് ഉണ്ടാക്കിയ ടൈംസ് ഹൗ എന്ന വ്യാജ ട്വിറ്റര്‍ പ്രൊഫൈലില്‍നിന്നാണ് ഈ വ്യാജസന്ദേശങ്ങളുടെ തുടക്കം. സര്‍ക്കാസമായി തുടങ്ങിയതാണെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും വാട്ട്‌സ്ആപ്പിലും ഇതിന് പരമാവധി പ്രചാരം നല്‍കുന്നുണ്ട്.
‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സംഘപരിവാറുകാര്‍ മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി ഈ വാര്‍ത്തയെ ഉള്‍പ്പെടെ ഉപയോഗിക്കുന്നത്.
പത്മാവത് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ ഇന്ത്യയിലാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയോ ഗാനമോ എന്ന് വേണ്ട ജനശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ എന്തും വര്‍ഗ്ഗീയത കലര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഇപ്പോള്‍ തുടര്‍ക്കഥ ആവുകയാണ്.
ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തിന്റെ ടാക്‌സിവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടെര്‍മിനല്‍ 5നടുത്ത് പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. 40 വയസുള്ള പുരുഷനാണ് മരിച്ചത്. ഇയാള്‍ ഒരു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അപകടത്തില്‍പെട്ട രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തോളെല്ലിന് പരിക്കുണ്ടെന്നാണ് വിവരം. അപകടത്തെത്തുടര്‍ന്ന് ഇരുപതോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങളുടെ സര്‍വീസ് വൈകി. ഒരു വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കേണ്ടി വന്നതായി വിമാനത്താവളം വക്താവ് പറഞ്ഞു.
അപകടമുണ്ടായതിനു പിന്നാലെയുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നാണ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിക്കുന്നത്. ഇയാളെ പരിക്കുകളോടെ വെസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവില്‍ അപകടത്തേക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മെറ്റ് പോലീസ് വ്യക്തമാക്കി.
മരിച്ചയാളേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തേത്തുടര്‍ന്ന് റണ്‍വേ അടച്ചില്ലെങ്കിലും സര്‍വീസുകളെ ബാധിച്ചു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നു ഹീത്രൂ അറിയിക്കുന്നു.