തിരുവനന്തപുരം: അനശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത് കുറച്ചു കാലം മുമ്പാണ്. സീരിയല്‍ നടി ഉമ നായര്‍ ഒരു ചാനല്‍ ഷോയില്‍ കയറി വല്ല്യച്ചനെന്നാണ് ജയനെ വിളിക്കുന്നതെന്ന് പറഞ്ഞതിനെ എതിര്‍ത്ത് ജയന്റെ അനുജന്റെ പുത്രി ലക്ഷ്മി ശ്രീദേവി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയതാണ് വിവാദമായത്. ഈ വിഷയം ഏറ്റുപിടിച്ച് ലക്ഷ്മിയുടെ ജ്യേഷ്ഠനും സീരിയല്‍ താരവുമായ ആദിത്യനും രംഗത്തെത്തിയിരുന്നു. ഇവര്‍ പരസ്പ്പരം ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. ആദിത്യന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ ഫേസ്ബുക്ക് വീഡിയോയില്‍ മുമ്പൊരാള്‍ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.
ജയന്‍ തന്റെ അച്ഛനാണെന്ന് പറഞ്ഞ് രംഗത്തെത്തിയ തേവള്ളി പുത്തന്മഠം കുഴയില്‍ വീട്ടില്‍ മുരളീധരന്‍ എന്ന മുരളിയെയാണ് ആദിത്യന്‍ ഉദ്ദേശിച്ചിരുന്നത്. ആദിത്യന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടതോടെ വിവാദത്തില്‍ പങ്കുചേര്‍ന്ന് മുരളി ജയനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് മുരളി രംഗത്തെത്തിയത്. ജയന്‍ തന്റെ അച്ഛനാണെന്ന് തെളിയിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് മുരളി ജയന്‍ രംഗത്തെത്തിയത്. ജയന്റെ ബന്ധുത്വ തര്‍ക്കം മുറുകുന്നതിനിടെ ഇനി ആരെങ്കിലും അച്ഛനാണെന്നോ വല്ല്യച്ഛനാണെന്നോ അവകാശപ്പെട്ട് രംഗത്തെത്തിയാല്‍ നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു ആദിത്യന്‍ പറഞ്ഞിരുനന്ത്. ഇതിനാണ് മുരളി ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടിയുമായി എത്തിയത്.
എന്റെ അച്ഛന്റെ വീട്ടുകാരുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് മുരളി ജയന്‍ രംഗത്തെത്തിയത്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്. ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചുവെന്നും മുരളി പറയുന്നു.
മുരളിയുടെ വാക്കുകള്‍ ഇങ്ങനെ:
ഞാന്‍ ജയന്റെ മകനാണെന്ന് പറഞ്ഞപ്പോള്‍ എന്റെ അച്ഛന്റെ വീട്ടുകാരായ പൊന്നച്ചന്‍ വീട്ടുകാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്റെ പേരില്‍ കേസ് കൊടുക്കാനോ തയാറായിട്ടില്ല. ഇതില്‍ നിന്നും ഈ സമൂഹത്തിന് മനസ്സിലാക്കാം, ഞാന്‍ പറഞ്ഞ കഥയില്‍ സത്യമുണ്ടെന്ന്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്.
ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചു. നിങ്ങളും നിങ്ങളുടെ കുടുംബവും ചേര്‍ന്ന് വലിയ സത്യത്തെ കുഴിച്ചുമൂടുകയാണ്.ഏതോ ഒരുത്തന്‍ എന്ന് നിങ്ങള്‍ പറഞ്ഞ അതേ നാവ് കൊണ്ട് ഞാന്‍ പറയിപ്പിക്കും ഇത് ഞങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്.
നമ്മുടെ പ്രശ്‌സതമായ കെപിഎസിയുടെ നാടാകത്തില്‍ ബഷീറിന്റെ കഥയില്‍ എനിക്ക് ഒരു വേഷം ലഭിച്ചിരുന്നു. ഈ നാടകത്തിന് കേരള സര്‍ക്കാറിന് ആറ് അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആ ചടങ്ങില്‍വെച്ച് മാമുക്കോയ സാറിനെ പരിചയപ്പെടുകയും ചെയ്തിരുന്നു. അന്ന് മാമുക്കോയ സാറിനോട് ഞാന്‍ മരിച്ചു പോയ ജയന്റെ മകനാണെന്ന് മകനാണെന്ന് പറയുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം എന്നെ നോക്കി ചോദിച്ചു അതിന് ഓന്‍ കല്യാണം ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന്. ഇതു കേട്ട ഞാന്‍ എന്തു പറയണം എന്നറിയാതെ വിഷമിച്ചു പോയി. അവസാനം ഞാന്‍ എന്നോടു തന്നെ ചോദിച്ചു പോയി ഒരു കുഞ്ഞു ജനിക്കാന്‍ വിവാഹം കഴിക്കണോ എന്ന്.
മോനോ ആദിത്യാ മലയാള സിനിമയുടെ സൂര്യ തേജസാണ് എന്റെ അച്ഛന്‍. ആ സൂര്യ തേജസിനെ അച്ഛനാണെന്ന് ചൂണ്ടിക്കാട്ടിയ സത്യത്തെയാണ് 44 കൊല്ലമായി നിങ്ങളുടെ കുടുംബക്കാര്‍ കുഴിച്ചു മൂടുന്നത്. അതേ എന്നെ കുറിച്ച് ഏതോ ഒരുത്തന്‍ എന്നല്ലേ പറഞ്ഞ്. ആ നിങ്ങളെ കൊണ്ട് ഞാന്‍ പറയിക്കും നിങ്ങളുടെ വല്ല്യച്ഛന്‍ ആണെന്ന്. മക്കളേ, ആദിത്യാ ഇനി ഈ വിഷയത്തില്‍ ഒരു ഡിഎന്‍എ ടെസ്റ്റിന്റെ ആവശ്യമേയൂള്ളൂ. ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നെ ഉമ നായര്‍ക്ക് നന്ദി പറയുന്നു. എന്തായാലും ഞാന്‍ നനഞ്ഞു, ഇനി കുളിച്ചേ കേറുന്നുള്ളൂ..
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലിചെയ്തു വരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കിയതെന്നുമായിരുന്നു അവകാശപ്പെട്ടാണ് മുരളി നേരത്തെ രംഗത്തെത്തിയിരുന്നത്. നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നതെന്ന് വരെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നല്‍കുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയന്‍ തന്റെ മകനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ആ സമയത്ത് ജയന്‍ സിനിമയില്‍ ചുവടുറപ്പിച്ച പ്രശസ്തനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറഞ്ഞിരുന്നു. എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയന്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണ് മരണം വരെ ജയന്‍ അവിവാഹിതനായി ജീവിച്ചത് എന്നായിരുന്നു തങ്കമ്മയുടെ വാദം.
25 വര്‍ഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോള്‍ ഒരിക്കല്‍ ജയന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ കൊല്ലം കോടതിയില്‍ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ അന്ന് ഓര്‍ത്തെടുത്തു പറഞ്ഞിരുന്നു. എസ്എസ്എല്‍സി ബുക്കില്‍ പിതാവിന്റെ പേര് കൃഷ്ണന്‍ നായര്‍ (ജയന്റെ യഥാര്‍ത്ഥ പേര്) എന്ന് മാറ്റിക്കിട്ടാനാണ് മുരളീധരന്‍ കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നത്. മുരളീധരന്‍ ജനിക്കുന്നതിനു മുമ്പ് വിവാഹബന്ധം ഉപേക്ഷിച്ചു പോയ തങ്കമ്മയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ ആചാരിയുടെ പേരായിരുന്നു അതുവരെ എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയരുന്നത്.
ഈ വിവാദം മാധ്യമങ്ങളില്‍ അന്ന് വാര്‍ത്തയായിരുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാജന്‍ ജോസഫ് എന്ന കളക്ടര്‍ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ എത്തുന്നത്. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടീ എന്നി ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്.
കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണ മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്.
ജിദ്ദ ഇന്ത്യന്‍ തീരത്തു നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെയോ അവരുടെ മൃതദേഹങ്ങളോ സൗദി സമുദ്ര മേഖലയിലോ തീരത്തോ കണ്ടെത്താനായിട്ടില്ലെന്ന് സൗദി തീരദേശസുരക്ഷാ അധികൃതര്‍ അറിയിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ക്ഷേമവിഭാഗം കോണ്‍സല്‍ അനില്‍ നോട്ടിയാല്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചതനുസരിച്ചു റിയാദിലെ എംബസി സൗദി അധികൃതരുടെ സഹായം തേടുകയായിരുന്നു. അതിനുള്ള മറുപടിയിലാണ് സൗദി കോസ്റ്റല്‍ ഗാര്‍ഡ് ഇതുവരെയുള്ള സ്ഥിതി എംബസിയെ അറിയിച്ചത്.
തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സൗദി സമുദ്ര മേഖലയിലും തീരത്തും കൂടി ഓഖി ഇരകളെ കണ്ടെത്തുന്നതില്‍ എംബസി മുഖേന സൗദി അധികൃതരുടെ സഹകരണം വിദേശകാര്യ മന്ത്രാലയം തേടിയത്. ദമാം, അല്‍ഖോബാര്‍, അല്‍ഖഫ്ജി, ജുബൈല്‍ എന്നീ സൗദി തീരങ്ങളിലെ അധികൃതരുടെ സഹകരണം എംബസി തേടിയതായും അവിടങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച് അത്തരം യാതൊരു മൃതദേഹവും സൗദി കടലില്‍നിന്നോ തീരത്തുനിന്നോ കണ്ടെത്താനായിട്ടില്ലെന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് അറിയിച്ചതെന്നും കോണ്‍സല്‍ നോട്ടിയാല്‍ പറഞ്ഞു.
ഇനിയും ഓഖി ഇരകളായ നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയോ അവരുടെ മൃതദേഹങ്ങളോ കണ്ടുകിട്ടാനുണ്ട്. മാത്രമല്ല, ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലുണ്ടായിരുന്ന മല്‍സ്യബന്ധന ബോട്ടുകള്‍ നിയന്ത്രണം വിട്ട് ഗള്‍ഫ് തീരങ്ങളിലേയ്ക്കു നീങ്ങിപ്പോകാനും മൃതദേഹങ്ങള്‍ അവിടങ്ങളിലെ കരയ്ക്കണയാനുമുള്ള സാധ്യത നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം, സൗദി തീരങ്ങളില്‍ ഏതാനും മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായും അവ ഓഖി ഇരകളുടേതാണെന്നുമുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
ഇതിനെ തുടര്‍ന്നായിരുന്നു സൗദി തീര്‍ത്ത് തിരച്ചില്‍ നടത്തേണ്ടതിന്റെ ആവശ്യകത തമിഴ്‌നാട് സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ഇന്ത്യന്‍ എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ട് വ്യക്തത തേടിയതും. ഓഖി ഇരകള്‍ക്കായുള്ള സൗദി തീര്‍ത്തെ തിരച്ചിലും ഇക്കാര്യത്തില്‍ സൗദി കോസ്റ്റ് ഗാര്‍ഡുമായുള്ള തുടര്‍ നടപടികളും അവരില്‍ നിന്നുള്ള വിവര ശേഖരണവും എല്ലാ ദിവസവും തുടരുന്നതായും ഇന്ത്യന്‍ കോണ്‍സല്‍ പറഞ്ഞു.
മലയാളം സിനിമയ്ക്ക് യുകെ യൂറോപ്പ് മേഖലകളില്‍ വ്യവസായ പ്രചാരണത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ത്യവുഡ്‌സ് ഫിലിം കാര്‍ണിവല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് ആര്‍എഫ്ടി ഫിലിംസ് ഡയറക്ടര്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ അര്‍ഹനായി. ഇന്ത്യന്‍ സിനിമകളെ ലോകോത്തര വ്യവസായങ്ങളുമായി കോര്‍ത്തിണക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 1 മുതല്‍ 4 വരെ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഫിലിം കാര്‍ണിവലില്‍ വെച്ച് യാഷ് ചോപ്ര ഫിലിം കമ്പനി സിഇഒ അവാര്‍ഡ് സമ്മാനിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ യുകെ യൂറോപ്പ് മേഖലകളില്‍ വിതരണം ചെയ്യുന്നതില്‍ ആര്‍എഫ്ടി ഫിലിംസ് മുഖ്യ പങ്ക് വഹിക്കുന്നു. പുലിമുരുകന്‍, ചാര്‍ലി, ടു കണ്‍ട്രീസ്, ഉദാഹരണം സുജാത എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ യുകെ മലയാളികള്‍ക്ക് മുന്നില്‍ എത്തിച്ച് ആര്‍എഫ്ടി ഫിലിംസ് ക്രിസ്തുമസ് ന്യൂഇയര്‍ റിലീസ് ആയി ഒരുപിടി നല്ല ചിത്രങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരും നാളുകളില്‍ മലയാള സിനിമ യുകെയില്‍ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നതിനോടൊപ്പം യുകെയിലെ സിനിമാ അഭിനയ പ്രേമികള്‍ക്കായി മലയാള സിനിമയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി സിനിമ വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിനായി ആലോചിക്കുന്നതായും അവാര്‍ഡിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ പറഞ്ഞു.
മലയാള സിനിമയെ സ്‌നേഹിക്കുന്ന യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു പൊന്‍തൂവലാണ് ഈ അവാര്‍ഡ്. മറ്റു ബിസിനസുകളോടൊപ്പം സിനിമാ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന റൊണാള്‍ഡ് തൊണ്ടിക്കല്‍ പാലാ കടപ്ലാമറ്റം സ്വദേശിയാണ്. യുകെയില്‍ ലിവര്‍പൂളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.
നടന്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരിഷ് വാസുദേവന്‍. മാതൃഭൂമി ചാനല്‍ സംഘത്തിനെ തടഞ്ഞ നടന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂെയാണ് ഹരിഷ് തന്റെ നിലപാടറിയിച്ചത്. സ്വകാര്യത പൗരന്റെ മൗലികാവകാശമാക്കിയ ഒരു രാജ്യത്ത്, പൊതുജനത്തിന് അറിയാന്‍ ആഗ്രഹമുള്ള വാര്‍ത്തയുണ്ടെങ്കില്‍ ഇഷ്ടമുള്ളയിടത്ത് കയറി ഇഷ്ടമുള്ളതെന്തും ചോദിക്കും അത് മാധ്യമധര്‍മ്മമാണ്, അത് ഞങ്ങള്‍ സംപ്രേഷണം ചെയ്യും, വേണമെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തോ എന്ന തരത്തിലുള്ള നിലപാടാണ് പൊതുവില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു വരുന്നത്. അത് ശരിയല്ല- ഹരിഷ് പറഞ്ഞു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം……….
ഉണ്ണി മുകുന്ദന്‍ എന്ന നടനെ എനിക്കറിയില്ല. മേജര്‍ രവിക്കിട്ട് ഒരെണ്ണം കൊടുത്തു എന്നറിയുംവരെ എനിക്കീ ഉണ്ണിമുകുന്ദനോട് ഒരു മതിപ്പും ഉണ്ടായിരുന്നുമില്ല. ആ നടന്റെ ചോദ്യോത്തരം ചിത്രീകരിക്കാന്‍ സ്വകാര്യ ഇടത്തില്‍ (സിനിമാ സെറ്റ്) പോയ മാതൃഭൂമി ചാനല്‍ സംഘത്തിനെ, അയാള്‍ക്കിഷ്ടമില്ലാത്ത ചോദ്യം ചോദിച്ചതിന് തടഞ്ഞു വെയ്ക്കുകയും ചിത്രീകരിച്ച വീഡിയോ മായ്പ്പിക്കുകയും ചെയ്തതായി അറിയുന്നു. മാധ്യമ സ്വതന്ത്ര്യത്തിനു നേരെ ഉണ്ണി മുകുന്ദന്‍ എന്തോ കടന്നുകയറ്റം നടത്തിയെന്ന മട്ടില്‍ അതിന്റെ മാതൃഭൂമി വേര്‍ഷന്‍ ആണ് വാര്‍ത്തയായി വന്നത്. അതങ്ങനെയല്ലേ വരൂ, വാര്‍ത്തയുടെ ഒരു വശത്ത് വാര്‍ത്ത കൊടുക്കുന്ന സ്ഥാപനം തന്നെ ആകുമ്പോള്‍, എതിര്‍ഭാഗത്തിന്റെ വേര്‍ഷന്‍ കൊടുക്കണം എന്ന സാമാന്യമര്യാദ ഒരു മാധ്യമസ്ഥാപനത്തിനും ഉണ്ടാവാറില്ല. ഒരു മാധ്യമനൈതികതാ ചര്‍ച്ചയിലും ഇത് കാണാറുമില്ല. അതില്‍ പുതുമയില്ല.
ഈ വിഷയത്തില്‍ ഉണ്ണി മുകുന്ദന്റെ വേര്‍ഷന്‍ അറിയാന്‍ ‘മാതൃഭൂമി വായനക്കാരന്‍’ ഏത് പത്രം വായിക്കണം സാര്‍?
സ്വകാര്യത പൗരന്റെ മൗലികാവകാശമാക്കിയ ഒരു രാജ്യത്ത്, പൊതുജനത്തിന് അറിയാന്‍ ആഗ്രഹമുള്ള വാര്‍ത്തയുണ്ടെങ്കില്‍ ഇഷ്ടമുള്ളയിടത്ത് കയറി ഇഷ്ടമുള്ളതെന്തും ചോദിക്കും അത് മാധ്യമധര്‍മ്മമാണ്, അത് ഞങ്ങള്‍ സംപ്രേഷണം ചെയ്യും, വേണമെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തോ എന്ന തരത്തിലുള്ള നിലപാടാണ് പൊതുവില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു വരുന്നത്. അത് ശരിയല്ല. ഭരണാധികാരികളോട് ജനങ്ങള്‍ക്കറിയേണ്ട വിഷയങ്ങളില്‍ ഇഷ്ടവിരുദ്ധമായി ചോദ്യം ചോദിക്കുന്നതുപോലെയല്ല ഒരു പബ്ലിക് ഡ്യുട്ടിയും ഇല്ലാത്ത ആളുകളോട് അങ്ങനെ പെരുമാറുന്നത്. അതില്‍ വ്യക്തിയുടെ മൗലികാവകാശം സ്വകാര്യമാധ്യമത്തിന്റെ അറിയാനുള്ള അവകാശത്തിനു മേലെയാണ്.
സമ്മതമില്ലാതെ ചിത്രീകരിച്ച വീഡിയോ ആണെങ്കില്‍, ആ സീനുകള്‍ ഡിലീറ്റ് ചെയ്തിട്ട് സീന്‍ വിട്ടു പോയാല്‍ മതി എന്ന നിലപാട് സ്വീകരിച്ച ഉണ്ണി മുകുന്ദന്റെ കൂടെയാണ് ഞാന്‍. പരസ്പര ബഹുമാനത്തിന്റെ പേരില്‍ ആദ്യം ചോദ്യം ചോദിയ്ക്കാന്‍ അനുവദിച്ചാല്‍, ഉത്തരം പറയാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞാലും, ഇത് സംപ്രേഷണം ചെയ്യരുത് എന്ന് പറഞ്ഞാലും, രാത്രിയിലെ കോമഡി പരിപാടിക്കായി ‘ഓഫ് ദ റെക്കോര്‍ഡ്’ സീനുകള്‍ വെട്ടിക്കണ്ടിച്ച് ഇട്ട് വിലകുറഞ്ഞ ഹാസ്യം ഉത്പാദിപ്പിക്കുന്ന ചാനലുകളുടെ പൊതുവിലുള്ള മര്യാദയില്ലായ്മ കണ്ണന്താനത്തിന്റെ ഭാര്യയുടെ അനുഭവം ഒക്കെ നമുക്ക് മുന്നില്‍ ഉണ്ടല്ലോ.
Prevention is better than cure എന്ന് ഉണ്ണി മുകുന്ദന്‍ തീരുമാനിച്ചു കാണും. പബ്ലിക് ഇമേജ് കൊണ്ട് മാത്രം ജീവിക്കുന്ന സിനിമാ വ്യവസായത്തില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ആവശ്യമായ ബലമേ അയാള്‍ പ്രയോഗിച്ചുള്ളൂ എങ്കില്‍, തടഞ്ഞുവെച്ചു എന്ന IPC ഒഫന്‍സ് പോലും നില്‍ക്കില്ല എന്നാണ് എന്റെ പക്ഷം. അങ്ങനെയെങ്കില്‍ ഇത് ഒരു പുതിയ അധ്യായമാണ്. നൈതികത കൈമോശം വരുത്തിയും ന്യൂസ് ചാനലുകള്‍ TRP റേറ്റിംഗ് ഉണ്ടാക്കുമ്പോള്‍ സോഴ്സസ് ഇങ്ങനെ കടന്ന കൈ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മാധ്യമങ്ങളും കരുതേണ്ടിയിരിക്കുന്നു.
കൊടുത്താല്‍ കൊല്ലത്തും കിട്ടും….
താമസിക്കാന്‍ സ്ഥലം ഇല്ലാതെ കമല്‍ഹാസന്‍റെ ആദ്യ ഭാഗ്യ സരിക. കഴിഞ്ഞ നവംബറിലാണ് സരികയുടെ അമ്മ കമല്‍ താക്കൂര്‍ മരിച്ചത്. ഫ്ളാറ്റ് ഉള്‍പ്പെടെ മുഴുവന്‍ സ്വത്തുക്കളും കുടുംബ സുഹൃത്തായ ഡോ: വിക്രം താക്കൂറിനാണ് അമ്മ എഴുതിവച്ചിരുന്നത്. ഇതോടെ താമസിക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുകയാണ് ഈ മുന്‍ നായിക.
സരികയുടെ ഈ അവസ്ഥയറിഞ്ഞ് ആമീര്‍ ഖാന്‍ സഹായവുമായി എത്തിയതായാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ആമീറിന്റെ ഇളയ സഹോദരിയുടെ അടുത്ത സുഹൃത്താണ് സരിക. ഇപ്പോൾ കാര്യമായ വരുമാനമോ സ്വത്തോ ഇല്ലാതെ ആയ അവസ്ഥയിലാണ് സരികയെന്നും താമസിക്കാൻ ഒരിടമില്ലാതെ കഷ്ടപ്പെടുകയാണ് ഇവരെന്നും സഹോദരിയിൽ നിന്നാണ് ആമിർ അറിയുന്നത്.
വില്‍പ്പത്രം നിലനില്‍ക്കുന്നതിനാല്‍ സരികയ്ക്ക് സ്വത്തുക്കളുടെമേല്‍ അവകാശം സ്ഥാപിക്കാനാവില്ല. ഈ അവസ്ഥയിൽ സുഹൃത്തുക്കളായുള്ള താരങ്ങളല്ലാതെ മറ്റാരും സരികയെ സഹായിക്കാനുമില്ല. ആമിർ ഇവർക്ക് താമസ സൗകര്യമുൾപ്പെടെ സഹായങ്ങൾ ചെയ്തെന്നാണ് വാർത്ത. 2004 ലാണ് സരിക കമല്‍ഹാസനുമായി വേര്‍പിരിയുന്നത്.
ഇവരുടെ ഇളയ മകൾ ശ്രുതി ഹാസനും താമസിക്കുന്നത് മുംബൈയിലാണ്. അക്ഷര ചെന്നൈയില്‍ കമല്‍ഹാസനൊപ്പമാണ് താമസിക്കുന്നത്.
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടിടിവി ദിനകരന് വമ്പന്‍ ലീഡ്. എഐഎഡിഎംകെ, ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്തള്ളി പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് ദിനകരന്‍ നേടിയത്. ലീഡ് നിലയില്‍ നോട്ടക്കും പിന്നിലായി ബിജെപിയും സ്ഥാനം പിടിച്ചിട്ടുണ്ട്.
എണ്ണിയ വോട്ടുകളില്‍ 20298 വോട്ടുകള്‍ ദിനകരന് ലഭിച്ചു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി മധുസൂദനന് 9672 വോട്ടുകളും ഡിഎംകെ സ്ഥാനാര്‍ത്ഥി മരുത് ഗണേഷിന് 5091 വോട്ടുകളുമാണ് ലഭിച്ചത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍ അനുകൂലികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ അരമണിക്കൂറോളം നിര്‍ത്തിവെച്ചു. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
ഹോസ്റ്റലില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ ദളിത് ഗവേഷണ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആര്‍ത്തവ പരിഹാസങ്ങള്‍ വരെ ഉപയോഗിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നും സര്‍വകാലശാല മാറണം. വിദ്യാര്‍ത്തിനികളുടെ സമരം സന്ദര്‍ശിച്ച ആം ആദ്മി പാര്‍ട്ടി സംസ്ഥാന കന്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ കുറ്റക്കാര്‍ക്കെതിരെ പട്ടിക ജാതി/പട്ടിക വര്‍ഗ പീഡനം, സ്ത്രീ പീഡനം എന്നീ നിയമ പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല തന്നെ മുന്‍കയ്യെടുത്ത് ആറു ദിവസമായി നിരാഹാരം തുടരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
ഇടതുപക്ഷമാണ് ഭരണത്തില്‍ എന്ന ധാര്‍ഷ്ട്യത്തിലാണ് എസ്.എഫ്.ഐ ഇത്തരത്തില്‍ ആക്രമണത്തിനു മുതിരുന്നത്. കാമ്പസുകളില്‍ ജനാധിപത്യം വേണമെന്ന കോടിയേരിയുടെ ഉപദേശം കേവലം രാഷ്ട്രീയ കസര്‍ത്ത് മാത്രമാണെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ തെളിയിക്കുന്നു. ജനകീയ സമരങ്ങളെയും, ദളിത് ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന സി.പി.എം അജണ്ട ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പോലെയുള്ള യുവ സംഘടനകളിലൂടെയും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമാണ് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്നത്.
വിദ്യാര്‍ത്ഥികളില്‍ പോലും വളരുന്ന ഈ ഫാസിസ്റ്റ് മനോഭാവം ചെറുക്കേണ്ടത് അനിവാര്യമാണ്. നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യവും നീതിയും സര്‍വകലാശാലയുടെ മാത്രം ഉത്തരവാദിത്വമല്ല, സര്‍ക്കാരിന്റെ കൂടിയാണ്.
കോഴിക്കോട് : പാക് പോലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കിങ് കൂട്ടായ്മയായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്’. കഴിഞ്ഞ ഓഗസ്റ്റ് 14 ന് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പോലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. എന്നാല്‍, സ്വന്തം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം അഞ്ചു മാസം പിന്നിട്ടിട്ടും കറാച്ചി പോലീസ് അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.
നാളുകള്‍ക്ക് ശേഷം പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കറാച്ചി പോലീസ് വിവരം അറിഞ്ഞത്. കറാച്ചി പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റ് താറുമാറാക്കിയ ഹാക്കര്‍മാര്‍ മലയാള സിനിമയിലെ വിവിധ കലാപാത്രങ്ങളെ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെച്ചു. സിഐഡി മൂസയിലെ സലീംകുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്‌സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പോലീസ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടം പിടിച്ചത്.
ഇതോടെ പാക് ഇന്റലിജന്‍സിന്റെ വന്‍ പരാജയത്തെ കുറിച്ച് അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഉത്തര കേരളത്തിലെ കമ്മാടം ഭവതി ക്ഷേത്രത്തിലെ ലക്ഷം ദീപം സമര്‍പ്പണത്തിനാണ് മണ്ഡപം സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോണ്‍ മുല്ലക്കര ക്ഷേത്ര നടയിലെ കല്‍വിളക്കില്‍ ദീപം കൊളുത്തി ക്ഷേത്രാങ്കണം മത സൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയാക്കിയത്. കാസര്‍കോട് കിഴക്കന്‍ മലയോരത്തെ കമ്മാടം ക്ഷേത്രത്തില്‍ നാടിന്റെ ഐശ്വര്യത്തിനും ലോകശാന്തിക്കും വേണ്ടിയാണ് ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായി ലക്ഷം ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്.
ഒരുനാടിന്റെ ഉത്സവമായ ചടങ്ങില്‍ വ്രത ശുദ്ധിയില്‍ സ്ത്രീകളും കുട്ടികളും അമ്മമാരും ദീപം തെളിച്ചു കൊണ്ടിരിക്കെയാണ് പുരോഹിത വേഷമണിഞ്ഞ് കയ്യില്‍ ദീപവുമായി ഫാ.ജോണ്‍ മുല്ലക്കരയും ക്ഷേത്ര നടയില്‍ നിലകൊണ്ടത്. മണിക്കൂറുകള്‍ നീണ്ട ക്ഷേത്ര ചടങ്ങുകളെല്ലാം കഴിഞ്ഞാണ് ഇടവക വികാരി മടങ്ങിയത്. ലക്ഷം ദീപം സമര്‍പ്പണ ചടങ്ങിലേക്ക് ക്ഷേത്ര ഭാരവാഹികള്‍ ഇടവക വികാരിയെയും ക്ഷണിച്ചിരുന്നു.
ക്ഷണിക്കാനെത്തിയവരോട് ലക്ഷം ദീപം സമര്‍പ്പിക്കുന്ന ചടങ്ങിനെ കുറിച്ച് ചോദിച്ചറിഞ്ഞ ജോണ്‍ മുല്ലക്കരയച്ചന്‍ അന്നേദിവസം നേരത്തെ തന്നെ കമ്മാടം ക്ഷേത്രത്തിലെത്തി. ഭാരവാഹികള്‍ സ്വീകരിച്ചിരുത്തിയ വികാരിയോട് പൗരാണിക ക്ഷേത്രത്തിലെ കല്‍വിളക്ക് തന്നെ തിരിയിട്ട് തെളിയിക്കാന്‍ അവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര മുറ്റം ഒരു ലക്ഷം ദീപം തെളിയുന്നത് വരെ ഫാ.ജോണ്‍ മുല്ലക്കര, കമ്മാടം ഭവതിയുടെ മുന്നിലായിരുന്നു. തിരിച്ചും സഹകരണം അഭ്യര്‍ത്ഥിച്ചാണ് ഇടവക വികാരി മടങ്ങിയത്.