മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജെസ്‌നാ കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിപോയ ജസ്നയെ അവസാനമായി കണ്ടത് എരുമേലിയില്‍ വെച്ചാണെന്ന ആരോപണങ്ങളില്‍ പോലീസ് തട്ടിതടഞ്ഞ് നില്‍ക്കുമ്പോഴാണ് മുണ്ടക്കയത്ത് ജസ്ന എത്തിയെന്ന് സംശയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ ആണ്‍സുഹൃത്തിനേയും കൂടെ കണ്ടെത്തിയതോടെ ജസ്ന തിരോധാനം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. കാണാതായ ദിവസം 11.44 ന് ജസ്‌ന മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ തട്ടം ധരിച്ച് മുഖം മറച്ച രീതിയിലാണ് ജസ്‌നയെ പോലെ തോന്നുന്ന പെണ്‍കുട്ടിയെ കാണുന്നത്. ജീന്‍സും തട്ടവും ധരിച്ച നിലയില്‍ കയ്യില്‍ രണ്ടു ബാഗുകളുമായി പോകുന്നതാണ് ദൃശ്യത്തിലുളളത്. കൈയ്യില്‍ രണ്ടു ബാഗുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് കൈയ്യില്‍ പിടിക്കുന്ന ലഗേജ് ബാഗും മറ്റൊന്നും ഹാന്റ് ബാഗുമാണ്.
കാണാതായ ദിവസം ചൂരിദാറാണ് ധരിച്ചിരുന്നത് എന്നായിരുന്നു ജസ്‌നയെ അവസാനമായി കണ്ടെന്ന് പറഞ്ഞവര്‍ പോലീസിന് നല്‍കിയ മൊഴി. ബാഗുകള്‍ ജസ്‌ന ഏതെങ്കിലും യാത്രയ്ക്ക് പോകാന്‍ ഒരുങ്ങിയതാണോ എന്ന സംശയവും പോലീസിന് ഉയര്‍ത്തുന്നുണ്ട്. മുണ്ടക്കയത്തെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. എന്നാല്‍ ദൃശ്യത്തിലുള്ളത് ജസ്‌നയെ പോലെയുള്ള അലിഷയാണ് എന്ന സംശയം ഉയര്‍ന്നതോടെ ആശങ്കയിലായ പോലീസ് പിന്നീട് അലിഷയേയും മാതാവിനേയും നേരില്‍ കണ്ട് സംസാരിച്ചതോടെയാണ് കേസിന് വീണ്ടും ജീവന്‍ വെച്ചത്. ദൃശ്യങ്ങളില്‍ കാണുന്ന തരം ടോപ്പ് തന്റെ മകള്‍ക്കില്ലെന്നായിരുന്നു അലീഷയുടെ മാതാവ് റംലത്ത് പറഞ്ഞത്. ഇതോടെ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌ന തന്നെയാവാമെന്ന സംശയം ഇവര്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ദൃശ്യത്തില്‍ കാണുന്നത് ജസ്‌ന തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.
ദൃശ്യങ്ങള്‍ കടയില്‍ നിന്ന് നഷ്ടമായിരുന്നെങ്കിലും ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ദൃശ്യങ്ങള്‍ വീണ്ടെടുത്തത്. ജസ്‌ന ചൂരിദാര്‍ ധരിച്ചാണ് ഇറങ്ങിയതെങ്കില്‍ എന്തിനാണ് ജസ്‌ന വസ്ത്രം മാറിയത്. എവിടെ നിന്ന് വസ്ത്രം മാറി തുടങ്ങിയ കാര്യങ്ങളില്‍ പോലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ആണ്‍സുഹൃത്ത് എങ്ങനെയാണ് ദൃശ്യങ്ങളില്‍ എത്തിയതെന്ന സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്. ജസ്‌നയാണെന്ന് ഉറപ്പായതോടെ ദൃശ്യത്തിലെ കുട്ടിക്കായുള്ള തിരച്ചിലിലാണ് പോലീസ്.
അടിമാലി: ഹോട്ടല്‍ ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞതിനേത്തുടര്‍ന്ന് ഉള്ളിലകപ്പെട്ട യുവതിയെ ഒന്നര മണിക്കൂറിനു ശേഷം രക്ഷിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെ അമ്പലപ്പടിയിലാണു സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് ഹോട്ടല്‍ നടത്തിയിരുന്ന കാംകോ ജങ്ഷനില്‍ വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത (27) യെയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്.
ദേശീപാതയോരത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ശൗചാലയത്തില്‍ കയറിയ ഉടന്‍ കെട്ടിടത്തിനു പിന്‍ഭാഗത്തെ കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞ് കോണ്‍ക്രീറ്റ് സ്ലാബടക്കം പ്രമീതയുടെ ദേഹത്തേക്കു വീഴുകായിരുന്നു. ഇവരുടെ നിലവിളി കേട്ടു കടയിലെ ജീവനക്കാര്‍ വിവരം ഫയര്‍ഫോഴ്‌സിലും പോലീസിലും അറിയിച്ചു. മൂന്നു മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ഒന്നര മണിക്കൂര്‍ കഠിന പരിശ്രമത്തിനൊടുവിലാണ് യുവതിയെ പുറത്തെടുത്തത്. ഇടതു കാലിന്റെ അസ്ഥിക്കു പൊട്ടലും തലയ്ക്കും ശരീരഭാഗങ്ങള്‍ക്കും ചതവുമേറ്റ പ്രമീതയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െഹെവേ ജാഗ്രതാ സമിതി പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.
ഓട്ടോറിക്ഷാ ്രൈഡവറായ ശ്രീജേഷും കുടുംബവും മാസങ്ങള്‍ക്കുമുമ്പാണ് ഈ ഹോട്ടല്‍ വാടക വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്നത്. ഹോട്ടല്‍ കെട്ടിടത്തിനു സമീപം പുറത്തായിരുന്നു ശൗചാലയം നിര്‍മിച്ചിരുന്നത്. കെട്ടിടനിര്‍മാണത്തിനായി അന്‍പത് അടിയോളം ഉയരത്തില്‍ മണ്ണ് അരിഞ്ഞു മാറ്റിയ കട്ടിങ് നിലനിന്നിരുന്നു. ഇവിടെ നിന്നാണ് ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞത്. സംഭവ സ്ഥലത്ത് ജനം തടിച്ചുകൂടിയതുമൂലം ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും സ്തംഭിച്ചു.
മരണത്തെ മുഖാമുഖം കണ്ടാണ് മണ്ണിനടിയില്‍ ഒന്നര മണിക്കൂറോളം തള്ളി നീക്കിയതെന്നു പറയുമ്പോഴും പ്രമീതയുടെ കണ്ണുകളില്‍ ഭീതിയുടെ നിഴലാട്ടം. ഇന്നലെ രാവിലെ ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞ് മണ്ണിനടിയില്‍ അകപ്പെട്ട വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും തന്റെ രണ്ടാം ജന്മമാണിതെന്നാണ് ആശ്വസിക്കുന്നത്. ആറു മാസം മുമ്പാണ് ശ്രീജേഷും കുടുംബവും ടൗണിനു സമീപം അമ്പലപ്പടിയില്‍ തുരങ്കം ഹോട്ടല്‍ എന്നറിയപ്പെട്ടിരുന്ന ഭക്ഷണശാല വാടകയ്‌ക്കെടുത്ത് നടത്താന്‍ ആരംഭിച്ചത്. ഉച്ചവരെ പ്രമീതയും ഒരു ജീവനക്കാരിയുമാണ് കടയിലുള്ളത്. ഉച്ചയോടെ ഭര്‍ത്താവും അമ്മയും സഹായത്തിനെത്തും.
പതിവുപോലെ ഇന്നലെയും രാവിലെ കടയിലെത്തി. ഒന്‍പതരയോടെ ജീവനക്കാരിയോട് ശൗചാലയത്തില്‍ പോവുകയാണെന്നു പറഞ്ഞ് അകത്തു കയറി. നിമിഷങ്ങള്‍ക്കുള്ളിലാണ് വന്‍ ശബ്ദത്തോടെ അന്‍പത് അടിയോളം ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞ് കെട്ടിടത്തിനു മുകളില്‍ പതിച്ചത്. പ്രമീതയുടെ മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബും ഭിത്തിയും തകര്‍ന്നു വീണു. എന്തു ചെയ്യണമെന്നറിയാതെ അലറിക്കരയുകയായിരുന്നു ആദ്യ നിമിഷങ്ങളില്‍. അനങ്ങാന്‍ പോലുമാകാതെ മുട്ടുകുത്തിയ നിലയില്‍ ഒന്നര മണിക്കൂര്‍.
ഇതിനിടെ സമചിത്തത വീണ്ടെടുത്ത് ഒരു െകെ മാത്രം ചലിപ്പിച്ച് ഒരു വശത്ത് ചെറിയ ദ്വാരമുണ്ടാക്കി ശ്വാസം കിട്ടാന്‍ അവസരമൊരുക്കി. ദ്വാരത്തിലൂടെ െകെ പുറത്തേക്ക് നീട്ടി നിലവിളിച്ചു. സംഭവം അറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പാഞ്ഞെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ദ്വാരത്തിലൂടെ ഓക്‌സിജന്‍ ട്യൂബ് അകത്തേക്കു നല്‍കിയത് ആശ്വാസം പകര്‍ന്നു. ഇതിനിടെ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് ആരൊക്കെയോ വിളിച്ചു പറയുന്നതു നേര്‍ത്ത ശബ്ദത്തില്‍ കേട്ടതോടെ പകുതി ജീവന്‍ പോയ നിലയിലായി. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും മനസില്‍ കണ്ട് പ്രാര്‍ത്ഥനയോടെ മനഃശക്തി വീണ്ടെടുക്കുകയായിരുന്നെന്ന് പ്രമീത ഓര്‍മിച്ചു.
എട്ടു വർഷത്തെ തെരച്ചിലിനൊടുവിൽ 600 കിലോഗ്രാം(1328 പൗണ്ട്) തൂക്കമുള്ള ഭീമൻ മുതല പിടിയിൽ. ഓസ്ട്രേലിയയിലെ കാതറിൻ നഗരപ്രാന്തത്തിലാണ് 4.7 മീറ്റർ നീളമുള്ള മുതല പിടിയിലായത്. 2010-ലാണ് മുതല നഗരത്തിലെ ജനവാസകേന്ദ്രത്തിനു സമീപമുള്ളതായി ശ്രദ്ധയിൽപ്പെടുന്നത്. ഇതിനെ പിടിക്കുന്നതിനായി അധികൃതർ ശ്രമിച്ചുവരികയായിരുന്നു. പിടിയിലായ മുതലയ്ക്ക് 60 വയസ് പ്രായമുണ്ടെന്നാണു കരുതപ്പെടുന്നത്. മുതലയെ ജനവാസകേന്ദ്രത്തിനു സമീപത്തുനിന്ന് മാറ്റിപ്പാർപ്പിക്കുമെന്ന് നോർത്തേണ്‍ ടെറിട്ടറി വൈൽഡ് ലൈഫ് ഓപ്പറേഷൻസ് മേധാവി ട്രേസി ഡൽഡിഗ് അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വീണ്ടും പാകിസ്താന്‍ നീക്കം. ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് വ്യോമതാവളം തുറന്നാണ് പാകിസ്താൻ പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഗൂജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലയ്ക്ക് സമീപമാണ് താവളം തുറന്നിരിക്കുന്നത്.
ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന പാകിസ്താന്റെ സിന്ദ് പ്രവശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഭോലാരിയില്‍ അത്യാധുനിക എയര്‍ ഫീല്‍ഡും തുറന്നിട്ടുണ്ട്. ഇവിടെ ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്നാണ് സൂചന.
വ്യോമതാവളം ഒരുങ്ങിയിട്ട് ഏറെ നാളായെങ്കിലും അടുത്തിടെയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ ജെഎഫ്-17 വിമാനങ്ങള്‍ ഇവിടെ എത്തിക്കാനാണ് പാകിസ്താന്‍ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
ജലമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്ക് ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ക്ക് പരീശലനം നല്‍കുന്നെന്ന ആരോപണമുള്ള പാക് നേവിയുടെ പ്രത്യേക ദൗത്യസേനയേയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദം ഒത്തുതീര്‍ക്കാന്‍ നീക്കം.പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിക്ത. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്നിഗ്ധ മാപ്പ് പറയാന്‍ സന്നദ്ധത അറിയിച്ചത്.
എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് ഗവാസ്‌കറിന്റെ കുടുംബം പ്രതികരിച്ചതെന്നാണ് സൂചന. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗാവാസ്‌കറിന്റെ അഭിഭാഷകന്‍ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു.
ഈ കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് എഡിജിപിയുടെ മകള്‍ മാപ്പ് പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുന്നത്. കേസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സ്നിഗ്ധക്കെതിരാണെന്ന സൂചനകളുണ്ട്.
രാവിലെ വ്യായാമത്തിനായി എ.ഡി.ജി.പിയുടെ ഭാര്യയേയും മകള്‍ സ്നിക്തയേയും കനകക്കുന്നില്‍ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. തലേ ദിവസം സ്നിഗ്ധയുടെ കായിക പരിശീലകനുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്നിഗ്ധ അപ്പോള്‍ മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു.
രാവിലെ കനകക്കുന്നില്‍വച്ചും സ്നിഗ്ധ അസഭ്യം പറയല്‍ തുടര്‍ന്നു. ഇത് ഗവാസ്‌കര്‍ എതിര്‍ക്കുകയും അസഭ്യം പറയല്‍ തുടര്‍ന്നാല്‍ വാഹനം എടുക്കില്ലെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതയായ സ്നിഗ്ധ ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ സ്നിഗ്ധ ഓട്ടോയില്‍ കയറി പോയി.
വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തിയ സ്നിഗ്ധ വാഹനത്തില്‍ മറന്നു വച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഗവാസ്‌കറിന്റെ അടുത്ത് വന്ന് പ്രകോപനമില്ലാതെ മൊബൈല്‍ വച്ച് കഴുത്തിന് താഴെ മുതുകിലായി ഇടിക്കുകയുമായിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസുകാരെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥർ ദാസ്യപ്പണി ചെയ്യിക്കുകയാണെന്ന വിവരങ്ങൾ പുറത്തുവന്നതും നടപടിയിലേക്ക് നീങ്ങിയതും.
തൃശൂരില്‍ ഒരേ രജിസ്ട്രേഷന്‍ നമ്പറുമായി രണ്ട് സ്വകാര്യ കാറുകള്‍. ആലുവ സ്വദേശിനിയുടെയും അവരുടെ ബന്ധുവിന്റെയും കാറുകള്‍ക്കാണ് ഒരേ രജിസ്ട്രേഷന്‍ നമ്പറുകള്‍ ഉള്ളത്. തൃശൂര്‍ കാസിനോ ഹോട്ടലിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ നമ്പര്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ശ്രദ്ധിച്ചത്.
രണ്ടുകാറുകള്‍ക്കും ഒരേ നമ്പര്‍ കണ്ട് പന്തികേട് തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ ഒരു കാറില്‍ രണ്ട് യുവതികളും മറ്റൊരു കാറില്‍ അവരുടെ ബന്ധുവായ യുവാവുമായിരുന്നു വന്നതെന്ന് കണ്ടെത്തി. കാറുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രമുഖ പത്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലീസ് മൂവരെയും ചോദ്യം ചെയ്തപ്പോഴാണ് രണ്ടു കാറുകള്‍ക്കും ഒരേ നമ്പര്‍ എങ്ങിനെ വന്നു എന്നതിന്റെ കാരണം പുറത്തു വന്നത്. ആലുവ സ്വദേശിനിയുടെ മനസ്സില്‍ തെളിഞ്ഞ ഒരു ആശയമായിരുന്നു ഇത്. പോണ്ടിച്ചേരി റജിസ്‌ട്രേഷനിലുള്ള കാര്‍ പണം കൊടുത്ത് വാങ്ങിയെങ്കിലും ഇടനിലക്കാരന്‍ ആര്‍സി ബുക്ക് കൈക്കലാക്കി. കൂടുതല്‍ പണം തന്നാലെ ആര്‍സി ബുക്ക് നല്‍കുകയുള്ളു എന്ന് അയാള്‍ പറഞ്ഞു.
പണം നല്‍കാന്‍ ആലുവ സ്വദേശിനി വിസമ്മതിച്ചു. ഇടനിലക്കാരന്‍ ആര്‍ സി ബുക്ക് വിട്ടുനല്‍കാതെ കാര്‍ കൈക്കലാക്കാന്‍ നോക്കി. ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഒരു രക്ഷയുമില്ലെന്നു തോന്നിയപ്പോഴാണ് ഇടനിലക്കാരനെ പറ്റിക്കാന്‍ രജിസ്ട്രേഷന്‍ നമ്പര്‍ തന്നെ മാറ്റിയത്. പിന്നീട് ഏതു നമ്പര്‍ ഇടുമെന്ന് ആലോചിച്ചു. അങ്ങനെയാണ് ബന്ധുവിന്റെ ഹോണ്ടാ സിറ്റിയുടെ നമ്പര്‍ തന്നെ തിരഞ്ഞെടുത്തത്. ഇത് സുരക്ഷിതമാണെന്ന് അവര്‍ കരുതി.
എന്‍ജിന്‍ നമ്പറും ചെയ്സ് നമ്പറും മാറ്റിയിട്ടില്ലാത്തതിനാല്‍ കള്ളവണ്ടിയെന്ന പേരില്‍ കേസെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. ആര്‍ സി ബുക്ക് ആര് ഹാജരാക്കുന്നോ അവര്‍ക്ക് കാര്‍ കൊടുക്കാനാണ് പൊലീസിന്റെ തീരുമാനം. നിലവിലുള്ള നമ്പര്‍ പ്ലേറ്റ് മാറ്റി യഥാര്‍ത്ഥ നമ്പര്‍ പതിക്കുമെന്നും പൊലീസ് പറഞ്ഞു.
അമ്മയിൽ ജനാധിപത്യമുണ്ടെന്നുള്ള അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ വാദങ്ങൾ ശരിയല്ലെന്ന് നടി പത്മപ്രിയ. ഇന്നലെ മോഹൻലാൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പത്മപ്രിയ രംഗത്തെത്തിയത്. അമ്മ ഭാരവാഹികളെ എല്ലാം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർവതി ആഗ്രഹിച്ചിരുന്നു. അമ്മ സെക്രട്ടറിയെ സന്നദ്ധത അറിയിച്ചതുമാണ്. എന്നാൽ സെക്രട്ടറി പാർവതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാവനയ്ക്കും രമ്യ നമ്പീശനും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നൽകിയിരുന്നുവെന്നും മോഹന്‍ലാലിന്റെ വാദങ്ങള്‍ ഖണ്ഡിച്ച് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പത്മപ്രിയ വ്യക്തമാക്കി.
അമ്മയിൽ ജനാധിപത്യമുണ്ടെന്നും ആർക്കും മൽസരിക്കാമെന്നുമാണ് മോഹൻലാൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. രണ്ട് പേർ മാത്രമാണ് രാജിക്കത്ത് തന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഈ വാക്കുകൾ സത്യമല്ലെന്നാണ് പത്മപ്രിയ പറയുന്നത്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അമ്മ സംഘടനയുടെ ഷോയില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സ്കിറ്റ് സംഘടിപ്പിച്ചത് തമാശയായി കാണാനാകില്ലെന്നും പത്മപ്രിയ തുറന്നു പറഞ്ഞു.
അമ്മ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തുനിഞ്ഞ പാർവതിയെ താൻ പിന്തിരിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് അമ്മ സെക്രട്ടറി ഇടവേള ബാബുവും രംഗത്തെത്തി. പാർവതിയെ പാനലിൽ ഉൾപ്പെടുത്തി ഭാരവാഹിയാക്കാനാണ് താൻ ശ്രമിച്ചതെന്നാണ് ഇടവേള ബാബു പറയുന്നത്. മറ്റൊരു നടിയോട് വൈസ് പ്രിസിഡന്റ് ആകണമെന്ന് പറഞ്ഞിരുന്നു. അവര്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഇടവേള ബാബു വിശദീകരിച്ചു.
ബാങ്കോക്ക്: തായ്‌ലന്‍ഡ് ഗുഹയില്‍ ശേഷിക്കുന്ന 5 പേരെക്കൂടി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ എട്ട് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇനി നാല് കുട്ടികളും കോച്ചും മാത്രമാണ് ഗുഹയ്ക്കുള്ളിലുള്ളത്.
കാലാവസ്ഥ അനുകൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അത്ര ദുഷ്‌കരമാകില്ലെന്നാണ് കരുതുന്നത്. ബാക്കിയുള്ളവരെക്കൂടി അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തെത്തിക്കാനാണ് ശ്രമം. എന്നാല്‍ ഗുഹയക്കുള്ളില്‍ അടിയൊഴുക്ക് ശക്തമായത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ഇവരുടെ മാനസിക നിലയിലും പ്രശ്‌നങ്ങളില്ല. രണ്ടു കുട്ടികള്‍ക്ക് ന്യുമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മരുന്നുകള്‍ നല്‍കി. ഒരാഴ്ചയോളം ഇവര്‍ നിരീക്ഷണത്തില്‍ തുടരും.
സോണി കെ. ജോസഫ്
വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി സംബന്ധമായ കാര്യങ്ങള്‍ സൗകര്യപ്രദവും വേഗത്തിലും പഠിക്കാന്‍ സഹായിക്കുന്ന കൃഷി പഠനോപകരണ കിറ്റ് സ്വയം തയാറാക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആദിത്യ ജിനോ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ‘ബോട്ടണി ലാബ് ഫോര്‍ കിഡ്‌സ്’ എന്നാണ് കിറ്റിന്റെ പേര്. മാന്നാനം കെ.ഇ സ്‌ക്കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആദിത്യ ജിനോ. എങ്ങനെയാണ് വിത്ത് കിളിര്‍ത്തു വരുന്നത്, വളരാനായി ചെടികള്‍ക്ക് എന്തെല്ലാം വേണം, വിത്ത് പാകുന്നത്, ചെടികളുടെ നന, ചെടിയുടെ വേരുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, ചെടികള്‍ വെളിച്ചം കിട്ടുന്ന ഭാഗത്തേക്കു വളരുന്നതെന്തുകൊണ്ട്, ചെടിയുടെ വേരും തൈയും കാഴ്ചയില്‍ എങ്ങനെയിരിക്കും തുടങ്ങിയവ പരീക്ഷണത്തിലൂടെ കുട്ടികള്‍ക്കു സ്വയം പഠിക്കാനാവുന്ന രീതിയിലാണ് കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ മണ്ണിനങ്ങള്‍, കൃഷികള്‍ ഏതെല്ലാം, കൃഷിക്കനുകൂലമായ കാലാവസ്ഥ, ഫലങ്ങള്‍ ഉണ്ടാകുന്ന സമയം തുടങ്ങിയ വിവരങ്ങളും പരീക്ഷണങ്ങള്‍ ചെയ്യേണ്ട രീതികള്‍ അടങ്ങിയ പുസ്തകവും ഏഴ് തരം വിത്തിനങ്ങളും, പരീക്ഷണങ്ങള്‍ക്കായുള്ള ചെറിയ പാത്രങ്ങള്‍, ഡ്രോപ്പര്‍, മരത്തവി, മണ്‍കുട്ട, മോണാ ബോക്‌സ് എന്നിവയും കിറ്റിലുണ്ടാകും. ഈ ആശയം ആദിത്യ തന്റെ പിതാവ് ഡോ. ജിനോ ശ്രീനിവാസയുമായി പങ്കുവെച്ചപ്പോള്‍ ഡോ.ജിനോ ആദിത്യയ്ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കി കൂടെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കൃഷിയും അവയുടെ വിവരങ്ങളും ചേര്‍ത്ത് കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് തയാറാക്കാമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയും ‘ബോട്ടണി ലാബ് ഫോര്‍ കിഡ്‌സ്’ എന്ന ആശയം വിദഗ്ധരുമായി ചര്‍ച്ചചെയ്തു നടപ്പാക്കുകയുമായിരുന്നു.
പിരമല്‍ ഹെല്‍ത്ത് സെന്ററുമായി ചേര്‍ന്നാണ് ഇപ്പോള്‍ കിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. അബുദാബിയിലെ സ്‌ക്കുളില്‍ പഠിക്കുമ്പോള്‍ ജൂനിയര്‍ സയന്റിസ്റ്റ് എന്ന നിലയില്‍ ആദിത്യയ്ക്ക് യുഎസിലെ നാസയില്‍ പോകാന്‍ അവസരം കിട്ടിയിട്ടുണ്ട്. ആദിത്യ ജിനോയുടെ കൃഷിയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരുന്ന ഈ പഠനോപകരണ കിറ്റ് കേന്ദ്രമന്ത്രി കൃഷ്ണ രാജയ്ക്ക് കൈമാറി. മന്ത്രി കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തിയപ്പോഴാണ് കിറ്റ് നല്‍കിയത്. മന്ത്രി എല്ലാ പിന്തുണയും ആദിത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ സ്‌കുളുകളില്‍ കൃഷിയുമായി ബന്ധപ്പെട്ട ഈ കിറ്റ് കുട്ടികളുടെ പ്രോജക്ടായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജിനോ ശ്രിനിവാസയുടെയും മകന്‍ ആദിത്യയുടെയും ആഗ്രഹം.
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. താന്‍ ധനകാര്യ മന്ത്രിയല്ലല്ലോ എന്നായിരുന്നു ഇതിനോട് ചേര്‍ത്ത് അദ്ദേഹം പറഞ്ഞത്. എങ്കിലും എന്‍ഡിഎ സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ അഞ്ച് വര്‍ഷം കൂടി ആവശ്യമുണ്ടെന്നും സ്വാമി പറഞ്ഞു.
മുംബൈയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച ‘ഇന്ത്യാസ് ഗ്രാന്‍ഡ് നരേറ്റീവ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പുരോഗതി വോട്ട് കൊണ്ടുവരാന്‍ പോകുന്നില്ല. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിജി തന്റെ സര്‍ക്കാരിന്റെ നേട്ടമായി ഇന്ത്യ തിളങ്ങുന്നു എന്ന കാമ്പയിന്‍ നടത്തി. പക്ഷേ അത് ഏറ്റില്ല, പരാജയപ്പെട്ടു. ഹിന്ദുത്വ അജണ്ടയിലൂന്നിയും അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്തതുമാണ് 2014 ലില്‍ ഇത്രയധികം സീറ്റ് കിട്ടാന്‍ സഹായിച്ചത്.
തുടര്‍ന്നും ഹിന്ദുത്വ അജണ്ട ബിജെപിയെ സഹായിക്കാന്‍ പോകുകയാണ്. 2014 ലില്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചുവെന്ന ഞാന്‍ പറയില്ല, പക്ഷേ ജനത്തെ മാനിച്ച് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടി വേണം അത് പൂര്‍ണമായും പാലിക്കാന്‍.
ഉദ്യോഗസ്ഥവൃന്ദം സര്‍ക്കാരിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അഴിമതി നടത്തിയതിന് ഇത്രയധികം പേര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ചില പേരുകള്‍ പറയാമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ പാര്‍ലമെന്റ് സമ്മേളനം നടക്കാന്‍ പോകുന്നതിനാല്‍ കോണ്‍ഗ്രസിന് അത് ആയുധം നല്‍കുമെന്നതിനാല്‍ തത്കാലം പേരുകള്‍ പറയുന്നില്ല. സമ്മേളനം കഴിഞ്ഞാല്‍ വാര്‍ത്താസമ്മേളനം നടത്തി പേരുകള്‍ പറയും-സ്വാമി കൂട്ടിച്ചേര്‍ത്തു