ന്യൂയോര്‍ക്ക്: ഫ്ളോറിഡയിലെ സ്കൂളില്‍ നടന്ന വെടിവെപ്പില്‍ നിരവധി കുട്ടികളെ രക്ഷിച്ചത് ഇന്ത്യ വംശജയായ അധ്യാപികയുടെ സമയോചിതമായ ഇടപെടല്‍ മൂലം. 17 പേര് ദാരുണമായി കൊലചെയ്യപ്പെട്ട വെടിവെപ്പില്‍ തന്റെ ക്ലാസ്റൂം പുര്‍ണ്ണമായും അടച്ചു പൂട്ടിയ ശാന്തി വിശ്വനാഥന് എന്ന അധ്യാപിക നടത്തിയ ഇടപെടല്‍ നിരവധി കുട്ടികളെയാണ് അക്രമികളില്‍ നിന്നും രക്ഷിച്ചത്.
ബുധനാഴ്ച്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ആ സമയത്ത് അലാറം ശബ്ദം ഉയര്‍ന്നതോടെ ക്ലാസ് മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശാന്തി കുട്ടികളെ തറയില്‍ കിടത്തി. കുട്ടികളെ ക്ലാസ് മുറിയില്‍ ഒളിപ്പിച്ചതോടെ അക്രമിക്ക് ഇവരെ അപായപ്പെടുത്താന്‍ കഴിഞ്ഞില്ല. സമയോചിതമായ ഈ ഇടപെടല്‍ അപകടത്തിന്റെ തോത് കുറച്ചതായി സണ്‍ സെന്റിനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധ്യാപിക ശാന്തി വിശ്വനാഥന്റെ ധൈര്യപൂര്‍വ്വവും സമയോചിതവുമായ ഇടപെടല്‍ മൂലം ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടികളെ തിരിച്ചുകിട്ടി. ബുദ്ധിയും ധൈര്യവും ഒരുപോലെ പ്രകടിപ്പിച്ച അധ്യാപികയ്ക്ക് നന്ദിയെന്നും കുട്ടികളുടെ അമ്മമാരില്‍ ഒരാള്‍ പറഞ്ഞു. പ്രശ്നങ്ങള്‍ അവസാനിച്ചതിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതുവരെ കുട്ടികളെ സംരക്ഷിക്കാന്‍ അധ്യാപികയായ ശാന്തി വിശ്വനാഥന് കഴിഞ്ഞു.
ബസ്തര്‍: മരണാന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പണമില്ലാത്തതിനാല്‍ മകന്റെ ശരീരം മെഡിക്കല്‍ കോളേജിന് നല്കി അമ്മ. ഛത്തീസ്ഗഡ് ബാസ്തറിലെ ജഗദല്‍പുര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മകന്റെ മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാനും അന്ത്യകര്‍മ്മങ്ങള്‍ നടത്താനുമുള്ള പണം തികയാത്തതിനെ തുടര്‍ന്നാണ് അമ്മയും സഹോദരിയും ഈ തീരുമാനത്തില്‍ എത്തിയത്.
ഫെബ്രുവരി 12നാണ് ബാമന് എന്ന യുവാവിനെ വാഹനം ഇടിച്ചുവീഴ്ത്തിയത്. അപകടമുണ്ടായുടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാമന് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള പണം പോലും തങ്ങളുടെ കയ്യിലില്ലെന്ന് മനസിലാക്കിയതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ കുടുംബം എത്തിച്ചേര്‍ന്നത്.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയുടെ ചുമതല വഹിക്കുന്ന ആളാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കുന്നതിനെ കുറിച്ച് ഇവരെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ മൃതദേഹം നല്കാന് തീരുമാനിക്കുകയായിരുന്നു.
ഇന്ന് ഫെബ്രുവരി 17, കേരളത്തിന്റെ സിനിമാ മേഖലയെ നടുക്കിക്കൊണ്ട് നടി അക്രമിക്കപ്പട്ടെ ദിവസം. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടിക്കൊപ്പമെന്ന് ആവര്‍ത്തിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടു കൂടിയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനവും പോസ്റ്റിലുണ്ട്.
ഒരു വര്‍ഷം മുമ്പ് മലയാള ചലച്ചിത്ര മേഖലയെ പിടിച്ചു കുലുക്കിയ സംഭവത്തെ ദുഖത്തോടെയും നടുക്കത്തോടെയും വിമന്‍ ഇന്‍ സിനി് കളക്ടീവ് സ്മരിക്കുന്നു. മാനസികവും ശാരീരികവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങളില്‍ പതറാതെ പിടിച്ചുനിന്ന സഹപ്രവര്‍ത്തകയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പോരാട്ടം ഇപ്പോള്‍ ഞങ്ങളുടേതാണ്, ചലച്ചിത്ര മേഖലയിലെ ഓരോ പ്രവര്‍ത്തകരുടെയും, ഈ മേഖലയെ സമത്വമുള്ളതാക്കാനും ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തിലാക്കാനും. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതിയാണ് ആവശ്യമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഈ ദിവസത്തില്‍ ഒന്നു കൂടി ഓര്‍മിപ്പിക്കുകയാണ്. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. #അവള്‍ക്കൊപ്പം. എന്നാണ് പോസ്റ്റ് പറയുന്നത്.
ഒരു വര്‍ഷം മുന്‍പ് സിനിമാ മേഖലയാകെ നടുക്കത്തോട് കൂടിയായിരുന്നു നടി ആക്രമിക്കപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ചത്. ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ചായിരുന്നു നടി അക്രമിക്കപ്പെടുന്നത്. മലയാള സിനിമാ രംഗത്ത് സൂപ്പര്‍ താരങ്ങളിലൊരാളായ ദിലീപ് കേസില്‍ അകപ്പെട്ടതോടെ ഉന്നതരായ പലരും കേസില്‍ ഉള്‍പ്പെട്ടതായി വാദങ്ങള്‍ ഉയര്‍ന്നിരുന്നു. നടന് ദിലീപിനെ കൂടാതെ 11 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍ കുമാറാണ്. അതേസമയം കേസ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കുറ്റവാളികളായ മുഴുവന്‍ പേരെയും നീതി പീഠത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമാണ്.
കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതു സംബന്ധിച്ച് ആദ്യ പരാമര്‍ശം നടത്തുന്നത് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നടന് ദിലീപ് ഉള്‍പ്പെടെ കുടുങ്ങിയത്. നീണ്ട ചോദ്യചെയ്യലിനും തെളിവ് ശേഖരിക്കലിനും ഒടുവിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ ജാമ്യത്തിലുള്ള ദിലീപ് നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട നല്കിയ ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാലത്തെന്ന് സിബിഐ റിപ്പോര്‍ട്ട്. ജനുവരി 31ന് സിബിഐ സമര്‍പ്പിച്ച എഫ്ഐആറിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശങ്ങളുള്ളത്. നീരവ് മോഡിക്ക് ഭൂരിപക്ഷം വായപകളും അനുവദിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.
നീരവ് മോഡിക്ക് ലഭിച്ച എട്ട് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകളേക്കുറിച്ചാണ് സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. വിദേശ ബാങ്കുകളില്‍ നിന്ന് വായ്പകള്‍ എടുക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുകള്‍ നല്കുന്ന ഗ്യാരന്റികളാണ് ഇവ. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന എട്ട് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകളും 2017ല്‍ നല്കിയവയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ഇവ നല്‍കിയെന്നത് വ്യക്തം. മറ്റ് 293 ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകളും നീരവ് മോഡിയുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അവയ്ക്ക് മുമ്പ് വേറെ അനുവദിച്ചിട്ടുള്ളതായി വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
വിദേശത്ത് നിന്ന് സംസ്കരിക്കാത്ത വജ്രങ്ങള്‍ വാങ്ങുന്നതിനാണ് വദ്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ ഇവ അനുവദിക്കു്ന്നത്. ഇവയ്ക്ക് ഈട് വാങ്ങുകയും ചെയ്യാറുണ്ടെങ്കിലും നീരവ് മോഡിയുടെ കാര്യത്തില്‍ ഈട് വാങ്ങിയിരുന്നില്ല. കൂടുതല്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകള്‍ മോഡി വാങ്ങിയിരിക്കാനിടയുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്. തട്ടിപ്പില്‍ കുറ്റാരോപിതരായിരിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവയ്ക്ക് രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. നിരവധി ഓഡിറ്റുകള്‍ നടന്നിട്ടും ഈ തട്ടിപ്പുകള്‍ ബാങ്കിന് കണ്ടെത്താനും കഴിഞ്ഞില്ല.
ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ നടത്തി വരുന്ന സമരം സംസ്ഥാന വ്യാപകമാക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. 2013 ലെ മിനിമം വേജസും ത്രീ ഷിഫ്റ്റ് സമ്പ്രദായവും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് സമരം തുടരവേ പ്രതികാര നടപടിയായി പരിചയ സമ്പന്നരായ രണ്ടു നേഴ്സുമാരെ ട്രെയിനികളാണെന്ന് പറഞ്ഞ് മാനേജ്മെന്റ് പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തി പിരിഞ്ഞു പോയവരെ നഴ്സുമാര്‍ക്ക് നേരം പോലീസ് ലാത്തി ചാര്‍ജ് നടത്തി. യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ അടമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചും സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നേഴ്സിങ് സമൂഹം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
സൂചനാ പണിമുടക്കില്‍ പങ്കെടുത്ത് ആയിരക്കണക്കിന് നഴ്സുമാരാണ് വിവിധയിടങ്ങളില്‍ നിന്നായി ചേര്‍ത്തലയിലേക്ക് എത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന് ബലമില്ലാതെ ഇത്രയും പേരെ അണി നിരത്തി ഒരു സമരം നടത്തിയത് കേരള ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണെന്നാണ് വിലയിരുത്തല്‍. 15-ാം തിയതി നടന്ന സമരത്തില്‍ 20 ശതമാനം നഴ്സുമാരെ അത്യാഹിത വിഭാഗങ്ങളിലെ ഡ്യൂട്ടിക്ക് വിട്ടു നല്‍കിയെങ്കിലും അനിശ്ചിതകാല സമരത്തില്‍ ആരെയും നല്‍കില്ലെന്നാണ് ജാസ്മിന് ഷാ അറിയിച്ചത്. ഇങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ബാങ്കില്‍ പണമിട്ടാല്‍ നീരവ് മോഡിയെയും വീട്ടില്‍ പണം സൂക്ഷിച്ചാല്‍ നരേന്ദ്ര മോഡിയെയും പേടിക്കണമെന്ന് പരിഹസിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിവ്വ് കോടികള്‍ തട്ടി നീരവ് മോഡി രാജ്യം വിട്ട സംഭവത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്. ട്വിറ്റര്‍ സന്ദേശത്തിലാണ് പരിഹാസം.
നീരവ് മോദിയുമായി ബന്ധപ്പെട്ട 12 ഓഫീസുകളിലും
മുംബൈയിലെ കലഘോദയിലെ ഓഫീസും കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ നീരവ് മോദിക്കെതിരെ കേസും ചാര്‍ജു ചെയ്തു. 11,400 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ നക്ഷത്ര, ഗീതാഞ്ജലി, ഗിന്നി എന്നീ ജ്യൂവലറികളുടെ വ്യാപാരങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസിനേക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച് വരികയാണ്. സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് എന്നിവയ്ക്ക് പുറമേ സെബിയും കേസ് അന്വേഷിക്കും.
बैंक में पैसा रखो तो निरव मोदी का डर और घर में पैसा रखो तो नरेंद्र मोदी का डर !!
आम जनता का सवाल है जाए तो जाए कहाँ— Hardik Patel (@HardikPatel_) February 16, 2018
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കെ. സുധാകരന് 48 മണിക്കൂര്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചു. ശുഹൈബിന്റെ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സുധാകരന് പറഞ്ഞു.
ഇന്നു ചേര്‍ന്ന ഡിസിസി യോഗമാണ് നിരാഹാരസമരം സംബന്ധിച്ച തീരുമാനം കൈകൊണ്ടിരിക്കുന്നത്. സിപിഎം ചൂണ്ടിക്കാണിക്കുന്ന പ്രതികളെയല്ല, കൃത്യം നടത്തിയ യഥാര്‍ത്ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് സുധാകരന് ആവശ്യപ്പെട്ടു. ജനാധിപത്യ വിശ്വാസികളായ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ സമരത്തിനുണ്ടാവണമെന്ന് സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അനിശ്ചിതകാല നിരാഹാര സമരമാണ് നേരത്തെ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ കെപിസിസി ഇടപെട്ട് സമരം 48 മണിക്കൂറായി ചുരുക്കുകയായിരുന്നു. പൊലീസ് അനാസ്ഥ തുടരുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെ കടുത്ത സമരമാര്‍ഗങ്ങളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശുഹൈബിന്റെ കൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര് തുടരുന്ന മൗനത്തെ സുധാകരന് നിശിതമായി വിമര്‍ശിച്ചു. മരം മുറിച്ചാല്‍ പോലും പ്രതികരിക്കുന്നവര്‍ ഇപ്പോള്‍ നിശബ്ദരാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു: കുഞ്ഞനുജനെ ആക്രമിക്കാന്‍ ശ്രമിച്ച പശുവിനെ നേരിടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കുട്ടികള്‍ വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്തര കര്‍ണാടകയിലാണ് ആരതിയെന്ന പെണ്‍കുട്ടിയുടെ ധീരമായ പ്രവൃത്തി നാല് വയസ്സുകാരന്റെ ജീവന് രക്ഷിച്ചത്.
മുറ്റത്ത് കുഞ്ഞനുജനെ സൈക്കിളോടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു ആരതി. സമീപത്തെ നിരത്തിലൂടെ വിരണ്ടോടി വന്ന പശു ഇരുവരെയും അക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. ആക്രമിക്കാന്‍ പാഞ്ഞടുത്ത പശുവിന്റെ മുമ്പില്‍ നിന്ന് കുട്ടിയെ വലിച്ചുമാറ്റിയ ആരതി സ്വന്തം ശരീരത്തിലേക്ക് ചേര്‍ത്തു പിടിച്ചു.
സംഭവം കണ്ടു നിന്ന മുതിര്‍ന്ന ഒരാള്‍ പശുവിനെ ഓടിച്ച് വിടുകയായിരുന്നു. അനിയനെ സാഹസികമായി രക്ഷപ്പെടുത്തിയ ആരതിയെ അഭിനന്ദിച്ച് നിരവധി പേര് നവമാധ്യങ്ങളില്‍ രംഗത്തു വന്നു. കുട്ടിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. പാകിസ്ഥാന് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളില്‍ ബിജെപി പ്രാദേശിക നേതാവ് രാജസ്ഥാനിലെ കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. ബി.ജെ.പിയുടെ ഒ.ബി.സി വിങ് നേതാവായ അശോക് ചൗധരിയാണ് പരാതിക്കാരന്.
അയ്യര്‍ പാകിസ്ഥാനോട് സ്നേഹം പ്രകടിപ്പിക്കുകയും പുകഴ്ത്തുകയും ചെയ്തുവെന്നും ഇത് തന്റെ ദേശസ്നേഹത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ വിശദീകരിക്കുന്നു. മണിശങ്കര്‍ അയ്യരുടെ പ്രവൃത്തി ദേശദ്രോഹപരമായതിനാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പരാതി ആവശ്യപ്പെടുന്നു. ഐ.പി.സി 124 (എ),500, 504 എന്നീ വകുപ്പുകളനുസരിച്ചാണ് പരാതി.
പാകിസ്ഥാന് സന്ദര്‍ശനത്തിനിടെ കറാച്ചിയില്‍ വെച്ച് സംസാരിച്ചപ്പോള്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. പാകിസ്ഥാനില്‍ നിന്ന് കിട്ടുന്ന സ്നേഹത്തേക്കാള്‍ കൂടുതല്‍ വെറുപ്പ് ഇന്ത്യയില്‍ നിന്ന് നേരിടുന്നുവെന്നായിരുന്നു മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. ഇന്ത്യയെ പോലെ തന്നെ പാകിസ്താനെയും സ്നേഹിക്കുന്നുവെന്നും നിരന്തരമായ ചര്‍ച്ചയിലൂടെ അല്ലാതെ ഇന്ത്യ പാക് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും അയ്യര്‍ പറഞ്ഞു.
ഇന്ത്യയോടുള്ള സമീപനത്തില്‍ പാക്കിസ്ഥാന് ഏറെ മുന്നേറിയിട്ടുണ്ട് എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നാമമാത്രമായ മാറ്റം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും അയ്യര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വീഡിയോ ഡിസ്പ്ലേ സംവിധാനം(വിഡിഎസ്) തകരാറിലായി. ജീവനക്കാരുടെ സമയോചിത ഇടപെടൽമൂലം അപകടം ഒഴിവായി.
ഇന്നലെ രാവിലെ 8.27 ന് ഡൽഹിയിൽ നിന്നു കൊച്ചി വിമാനത്താവളത്തിൽ എത്തി ദുബായ്ക്കു പോകേണ്ട എയർ ഇന്ത്യയുടെ ഡ്രീം ലൈനർ എഐ 933 വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുതിയ ടി 3 ടെർമിനലിന്റെ പാർക്കിംഗ് ബേയിലായിരുന്നു സംഭവം.
ഇതേത്തുടർന്ന് വിമാനം നിൽക്കേണ്ട പരിധിയിൽനിന്ന് ഏഴ് മീറ്ററോളം മുന്നോട്ടുനീങ്ങിയാണു നിന്നത്. ഈ സമയം റൺവേ പരിസരത്ത് ജോലി ചെയ്തിരുന്ന ജീവനക്കാർ വിമാനത്തിന്റെ വരവ് കണ്ട് ബഹളം വച്ചാണ് വിമാനം നിർത്തിച്ചത്. ഒരടികൂടി നീങ്ങിയിരുന്നെങ്കിൽ വിമാനത്തിന്റെ ചിറക് ഏയ്റോ ബ്രിഡ്ജിലിടിച്ച് അപകടം സംഭവിക്കുമായിരുന്നു.