ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ നായകനായി മോഹന്‍ലാലെത്തുന്നു. ഇതാദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നത്. ചിത്രത്തിനായി 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് മോഹന്‍ലാല്‍ ഒരു വെബ് സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.
2009ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം സ്‌ളം ഡോഗ് മില്യണയറിലൂടെയാണ് മികച്ച സൗണ്ട് മിക്‌സിംഗിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് റസൂലിന് ലഭിച്ചത്. സാവരിയ, യന്തിരന്‍, റാ വണ്‍, കൊച്ചടൈയാന്‍, നന്‍പന്‍, ഹൈവേ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ച റസൂല്‍ പഴശിരാജ, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, കമ്മാരസംഭവം തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി.
മോഹന്‍ലാലിനൊപ്പം ഇതുവരെ ഒരു ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും തന്റെ കന്നി സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാകണമെന്ന് റസൂലിന് മോഹമുണ്ടായിരുന്നു.
‘അമ്മ മഴവില്ല്’ ഷോയ്ക്കുവേണ്ടിയുള്ള മമ്മൂട്ടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു. നിങ്ങള്‍ ഒന്നും ചെയ്യേണ്ട തലയാട്ടിയാല്‍ മതിയെന്ന് കൊറിയോഗ്രാഫര്‍ വീഡിയോയില്‍ പറയുന്നുണ്ട്. മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്.
അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതല്‍ തിരുവനന്തപുരത്തേക്കു റിഹേഴ്‌സല്‍ ക്യാംപ് മാറും. തുടര്‍ന്നു സ്റ്റേജ് റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.
പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും. നടന്‍ മധുവിന്റെ നേതൃത്വത്തിലാണിത്. ഇവര്‍ക്കു മലബാര്‍ ഗോള്‍ഡും മഴവില്‍ മനോരമയും സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദരാണ്.
കൊല്ലത്തിന്റെ കായല്‍ സൗന്ദര്യം മതിയാവോളം ആസ്വദിച്ച് ലോക ക്രിക്കറ്റിലെ മിന്നുംതാരം ക്രിസ് ഗെയ്ല്‍. കുടുംബത്തോടൊപ്പമാണ് ഗെയ്ല്‍ കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. മകൾ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം കായൽ സൗന്ദര്യവും ആയുര്‍വേദ ചികില്‍സയുമാണ് ഗെയ്‌ലിന്റെ ലക്ഷ്യം. ഇന്നലെ കൊല്ലത്തെത്തിയ ഗെയ്‌ലും കുടുംബവും ഇന്ന് രാവിലെയാണു കായൽ യാത്ര നടത്തിയത്. റാവിസ് ഹോട്ടൽ മുതൽ മണ്‍റോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്‌ൽ ഒരുദിനം അഷ്ടമുടി കായലില്‍ വഞ്ചിവീട്ടില്‍ ചെലവഴിച്ചു. അഷ്ടമുടിയുടെയും മണ്‍റോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്‌ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്.

ഭക്ഷണപ്രിയനായ ഗെയ്‌ലിന് കേരളരീതിയിലുള്ള ഭക്ഷണമൊരുക്കുന്നത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ്. കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്ന് ഗെയ്ൽ അവശ്യപ്പെട്ടതായും റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ചക്ക, കരിമീന്‍, മാമ്പഴം, കണവ, കൊഞ്ച്, എന്നവയും ഉള്‍പ്പെടുത്തിയിരുന്നു. ഒരു ദിവസത്തെ വഞ്ചീവീട് യാത്ര അദ്ദേഹം ഏറെ ആസ്വദിച്ചു. യാത്രയ്ക്കിടയില്‍ കണ്ട മല്‍സ്യബന്ധനത്തൊഴിലാളികളോട് സംസാരിക്കാനും ഒപ്പം സെല്‍ഫിയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. കായൽ യാത്ര ഏറെ ഇഷ്ടപ്പെട്ടെന്നു ഗെയ്‌ലിന്റെ ഭാര്യ നതാഷ ബെറിജും പറഞ്ഞു. രണ്ടു വയസുകാരി മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഗെയ്‌ല്‍ കേരളം തിരഞ്ഞെടുത്തത്.

അദ്ദേഹത്തിന്റെ ഭക്ഷക്രമത്തില്‍ ഏറെ വ്യത്യസ്ഥമായ കാര്യം പന്ത്രണ്ട് എന്ന സംഖ്യയാണ്. ഐ പി എല്ലില്‍ പന്ത്രണ്ട് സിക്സുകള്‍ കൂടി അടിച്ചാല്‍ ഗെയ്‌ലിന് സിക്സുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം. ആ നേട്ടം മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹത്തിന് പന്ത്രണ്ട് കരീമീന്‍, പന്ത്രണ്ട് കൊഞ്ച് എന്നീ ക്രമത്തിലുള്ള അദ്ദേഹത്തിന് ഭക്ഷണമൊരുക്കിയത്. കായല്‍ കാറ്റേറ്റ് കേരളത്തിന്റെ തനത് ഭക്ഷണം നുകര്‍ന്ന് കളിക്കളത്തിലെ ഇൗ വെടിക്കെട്ട് ബാറ്റ്സ്മാന്‍ മൂന്നുനാള്‍ കൂടി കൊല്ലത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

കരഞ്ഞപേക്ഷിച്ചിട്ടും മകളെ രക്ഷിക്കാന്‍ ആരും സഹായിച്ചില്ലെന്ന് തൃശൂരില്‍ ഭര്‍ത്താവ് തീകൊളുത്തി കൊന്ന ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ മുഴുവന്‍ കാഴ്ചക്കാരായിരുന്നു. പൊളളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും സഹായിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദനന്‍ പറഞ്ഞു.
കണ്ണീരോടെ ജനാര്‍ദനന്‍ പറയുന്നതിങ്ങനെ ‘പലിശ കയറിയാണ് കടം കുമിഞ്ഞത്. ഞങ്ങള്‍ ഒന്നും ഇല്ലാത്തവരാണ്. കൊടുക്കാനില്ലാത്ത പൈസയാണ് ഇതെന്നാണ് മോള് പറഞ്ഞത്. ഒരു ജനപ്രതിനിധിയാണ് അവളെ ഭീഷണിപ്പെടുത്തിയത് പലപ്പോഴും. പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു.
പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ട് തീകൊളുത്തി. എന്റെ മോള് നിന്നു കത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ച് വെള്ളം ഒഴിച്ചു. വാര്‍ഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോര്‍ക്കണം…’
തൃശൂര്‍ ചെങ്ങാലൂരിലാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് ചുട്ടുക്കൊന്നത്. ഭര്‍ത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭര്‍ത്താവിനായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.
ഷാജഹന്‍പൂര്‍: വിവാഹ ദിനത്തില്‍ വരന് ദാരുണാന്ത്യം. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരനെ വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. വരന്‍ വെടിയേറ്റ് വീഴുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിവാഹ ചടങ്ങുകളുടെ ഭാഗമായുളള ആചാരങ്ങള്‍ ചെയ്യുകയായിരുന്നു വരന്‍ സുനില്‍ വര്‍മ്മ. ഇയാള്‍ക്ക് അടുത്തുണ്ടായി ബന്ധുക്കളും ഉണ്ടായിരുന്നു. ഇതിനിടയില്‍ സമീപത്തുനിന്ന ഒരാള്‍ വെടിവയ്ക്കുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വരന്റെ അടുത്ത സുഹൃത്തായ രാംചന്ദ്രയാണ് ഇയാളെന്നാണ് വിവരം.
രാംചന്ദ്ര തന്റെ കൈയ്യിലുളള ലൈസന്‍സ് തോക്കുപയോഗിച്ചാണ് വെടിവച്ചത്. ആദ്യം വെടിവച്ചെങ്കിലും അത് മിസായി. രണ്ടാമത്തെ ഷോട്ട് കൃത്യമായി വരന്‍ സുനിലിന്റെ നെഞ്ചത്ത് കൊണ്ടു. വെടിയേറ്റ സുനില്‍ നെഞ്ചത്ത് കൈവച്ച് താഴെ വീഴുകയായിരുന്നു. സുനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്ത് ഉച്ചത്തില്‍ മ്യൂസിക് വച്ചിരുന്നു. ഈ ശബ്ദത്തില്‍ സുനിലിന് വെടിയേറ്റ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വരന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വെടിവച്ച രാംചന്ദ്ര ഒളിവിലാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്‌നയെയാണ് (27) പൊലീസ് പിടികൂടിയത്. താനൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുനിന്ന് തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥന്‍ കാരയിലും സംഘവും ആണ് ഇവരെ പിടികൂടിയത്. ഏപ്രില്‍ 26ന് രാവിലെ 6.45നാണ് സംഭവം.
മദ്രസയിലേക്ക് പോയ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന ശേഷം ബസില്‍ കുട്ടിയേയും കൊണ്ടുപോയി കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. ചെമ്മാട് കൊടിഞ്ഞി സ്വദേശിനിയായ കുട്ടിയുടെ മുക്കാല്‍ പവന്റെ വളയാണ് കവര്‍ന്നത്. കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോകുന്ന സജ്‌നയുടെ ദൃശ്യങ്ങള്‍ ഒരു കെട്ടിടത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
രാവിലെ മദ്രസയിലേക്ക് പുറപ്പെട്ട കുട്ടിയെ പര്‍ദയിട്ട സ്ത്രീ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വള മുറിച്ചെടുത്ത് കുട്ടിയെ മെഡിക്കല്‍ കോളേജ് പരിസരത്ത് ഉപേക്ഷിച്ചു. ഇതിനിടെ കുട്ടി മദ്രസ വിട്ട് വരുന്നത് കാണാതിരുന്ന മാതാപിതാക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ ഒറ്റയ്ക്ക് റോഡില്‍ നിന്ന് കരയുകയായിരുന്ന കുട്ടിയോട് നാട്ടുകാരിലൊരാള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവം പറഞ്ഞത്. പിതാവിന്റെ മൊബൈല്‍ നമ്പര്‍ കുട്ടി നാട്ടുകാര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വിളിച്ചറിയിച്ച് കുട്ടിയെ മെഡിക്കല്‍ കോളേജ് പൊലീസില്‍ ഏല്‍പ്പിച്ചു. ചെമ്മാടും പരിസരങ്ങളിലും മറ്റുമായി സ്ഥാപിച്ച സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ ഹെല്‍മറ്റ് ധരിച്ച് പര്‍ദയിട്ട സ്ത്രീ കുട്ടിയുമായി ബൈക്കില്‍ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
തിരുവനന്തപുരം ∙ ചെയ്യാത്ത ജോലിക്കു കൂലി വാങ്ങുന്ന നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്ത് ഇന്നുമുതൽ നിരോധിച്ചു തൊഴിൽവകുപ്പ് ഉത്തരവിറക്കി. ചില മേഖലകളിൽ തൊഴിലാളികളെ വിതരണം ചെയ്യുന്നതിനുള്ള അവകാശം തൊഴിലാളി സംഘടനകൾ ഏറ്റെടുക്കുന്നതു തടയുമെന്നും ഉത്തരവിൽ പറയുന്നു. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നു തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിൽ വ്യക്തമാക്കി.
നോക്കുകൂലി തടയുന്നതിനും പരാതികൾ കൈകാര്യം ചെയ്യുന്നതിനും ജില്ലകളിൽ കലക്ടർ ചെയർമാനും ജില്ലാ ലേബർ ഓഫിസർ കൺവീനറുമായി പ്രത്യേക സമിതികൾ പ്രവർത്തനം തുടങ്ങി. ഉത്തരവു നടപ്പാക്കുന്നതു ചർച്ചചെയ്യാൻ മിക്ക ജില്ലകളിലും യോഗം ചേർന്നു; തൊഴിലാളി യൂണിയനുകൾ പിന്തുണ ഉറപ്പുനൽകി. ഉത്തരവിനെക്കുറിച്ചു ചുമട്ടുതൊഴിലാളികളെ ബോധവൽക്കരിക്കുന്നതിനും നടപടി തുടങ്ങി.
നോക്കുകൂലി നിരീക്ഷണത്തിനും പരാതികൾ പരിഹരിക്കാനും ലേബർ കമ്മിഷണറേറ്റിൽ പ്രത്യേക സെൽ തുടങ്ങി. 155214, 1800 4255214 എന്നീ ടോൾ ഫ്രീ നമ്പരുകൾ വഴി പരാതി റജിസ്റ്റർ ചെയ്യാം. മിനിറ്റുകൾക്കുള്ളിൽ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കൈമാറും. ചിലയിടങ്ങളിൽ ജില്ലാതല ഹെൽപ് ലൈനുകളും പരിഗണിക്കുന്നുണ്ട്.
നോക്കുകൂലി ഉൾപ്പെടെ ചുമട്ടുതൊഴിൽ മേഖലയിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കാൻ 10 നിർദേശങ്ങളടങ്ങിയ ഉത്തരവാണു തൊഴിൽവകുപ്പു പുറത്തിറക്കിയത്. ഇതിലെ മറ്റു നിർദേശങ്ങൾ.
∙ കയറ്റിറക്കിന് അതതു ജില്ലയിൽ ജില്ലാ ലേബർ ഓഫിസർമാർ പുറത്തിറക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലാവണം കൂലി നൽകേണ്ടത്. പട്ടികയിൽപ്പെടാത്ത ഇനങ്ങൾക്ക് ഉഭയകക്ഷി കരാർ പ്രകാരം കൂലി.
∙ ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിൽപ്പെടാത്ത ഗാർഹിക ആവശ്യങ്ങൾക്കും കാർഷികോൽപന്നങ്ങളുടെ കയറ്റിറക്കിനും ഇഷ്ടമുള്ളവരെ നിയോഗിക്കാം. അംഗീകൃത തൊഴിലാളികളെ നിയോഗിച്ചാൽ അതതു മേഖലയിലെ കൂലി നൽകണം.
∙ ജില്ലാതല കൂലി നിരക്കിന്റെ പട്ടിക മാധ്യമങ്ങൾ വഴി ജില്ലാ ലേബർ ഓഫിസർമാർ പ്രസിദ്ധപ്പെടുത്തണം.
∙ ജോലിക്കിടെ തൊഴിലാളികൾ തൊഴിൽവകുപ്പ്, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് എന്നിവ നൽകുന്ന തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണം ∙ കയറ്റിറക്കിനു വാങ്ങുന്ന കൂലിക്കു കൺവീനർ / പൂൾ ലീഡർ ഒപ്പിട്ട ഇനം തിരിച്ചുള്ള രസീത് തൊഴിലുടമയ്ക്കു നൽകണം.
∙ അമിത കൂലി കൈപ്പറ്റിയതു ശ്രദ്ധയിൽപ്പെട്ടാൽ പണം തിരികെ വാങ്ങിക്കൊടുക്കാൻ ലേബർ ഓഫിസർമാർ നടപടി സ്വീകരിക്കണം. ക്ഷേമ ബോർഡിനു കീഴിൽ അംഗങ്ങളായവരാണെങ്കിൽ ബോർഡ് മുഖേനയും അല്ലെങ്കിൽ റവന്യു റിക്കവറി വഴിയും പണം ഇൗടാക്കാൻ നടപടിയെടുക്കണം.
∙ തൊഴിലെടുക്കാനുള്ള അവകാശം, ഉയർന്ന കൂലി എന്നിവ ആവശ്യപ്പെട്ടു തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയോ വസ്തുവകകൾ നശിപ്പിക്കുകയോ മറ്റു തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ലേബർ ഓഫിസർമാർ വിവരം പൊലീസിനെ അറിയിക്കണം.
കാഴ്‌ചക്കാരായി നിന്ന് അമിതമായ തോതിൽ പണം പിടിച്ചുവാങ്ങുന്ന ഒറ്റപ്പെട്ട പ്രവണത സംസ്ഥാനത്തെ തൊഴിലാളികളെയാകെ മോശക്കാരാക്കി. കേരളത്തിലെ തൊഴിലാളികൾ മോശക്കാരെന്നു വരുത്താനും സംസ്ഥാനത്തു നിക്ഷേപങ്ങൾക്കു സുരക്ഷിതത്വമുണ്ടാകില്ലെന്നു പ്രചരിപ്പിച്ചു നിക്ഷേപകരെ അകറ്റാനും അത് ഇടയാക്കി. ഇൗ ദുഷ്പ്രവണത അവസാനിപ്പിക്കണം എന്ന് നോക്കുകൂലി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു..
ചെന്നൈ: അഴിമതിക്കും ജനകീയ പ്രശ്‌നങ്ങളും അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ പുതിയ ആപ്പ് അവതരിപ്പിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ക്ക് വേണ്ടി പുറത്തിറക്കിയ മിയാം വിസില്‍ എന്ന പുതിയ ആപ്പിലൂടെ അഴിമതിയും മറ്റ് പ്രശ്‌നങ്ങളും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാവുമെന്നാണ് കമല്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ആപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മന്ത്രവടിയല്ലെന്നും. പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും പകരമല്ലെന്നും അഴിമതിക്കെതിരെയുള്ള ആദ്യ പടി മാത്രമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഒരു ഇടനിലക്കാരനെ പോലെ, പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളില്‍ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ ആപ്പെന്നും കമല്‍ അറിയിച്ചു.
അഴിമതി, പരിസ്ഥിതി പ്രശ്‌നങ്ങള്‍, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ആപ്പ് ഉപയോഗിക്കാം. വീഡിയോ, ഫോട്ടോ തുടങ്ങിയ തെളിവുകളും പരാതിയില്‍ ഉപയോഗിക്കാം. ശേഷം സംഘടനയുടെ വളണ്ടിയല്‍ സ്ഥലം സന്ദര്‍ശിച്ച് പരാതി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും.
മൂന്നു പേരുടെ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഒരു പരാതി അംഗീകരിക്കപ്പെടുക. ശേഷം അഡ്മിന്‍ കൂടെ അംഗീകരിച്ചാല്‍ പരാതി എല്ലാവര്‍ക്കുമായി കാണാന്‍ സാധിക്കും. മൊബൈല്‍ ആപ്പ് എന്ന ആശയം മുമ്പേ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അത് യാഥാര്‍ത്ഥ്യമായതെന്ന് കമല്‍ പറയുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന വിമാനങ്ങള്‍ക്ക് പക്ഷിക്കൂട്ടങ്ങള്‍ സുരക്ഷ ഭീഷണിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിമാനം ഇറക്കുമ്പോഴും പറന്നുയരുമ്പോഴും പക്ഷിക്കൂട്ടങ്ങള്‍ അപകടം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന് പൈലറ്റുമാര്‍ പറയുന്നത്. പക്ഷികള്‍ കൂട്ടമായി വിമാനത്തിലിടിക്കുന്നത് വലിയ അപകടങ്ങളുണ്ടാക്കും. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഒരു വിമാനത്തില്‍ 3 കിലോ ഭാരം വരുന്ന പരുന്തിടിച്ചിരുന്നു. വിമാനത്തിലിടിച്ച് ചത്തുപോയ പരുന്ത് വിമാനത്തിന്റെ ചിറകിലെ ഫ്‌ളാപ്പില്‍ ഒട്ടിയ നിലയിലായിരുന്നു. വലിയ അപകടമാണ് ഒഴിവായതെന്ന് അധികൃതര്‍ പ്രതികരിച്ചു.
ലാന്‍ഡിം?ഗിന്റെ സമയത്തും പറന്നുയരുന്ന സമയത്തും പക്ഷികള്‍ തടസം സൃഷ്ടിക്കുന്നതായി നേരത്തെയും പൈലറ്റുമാര്‍ വിമാനത്താവള അതോറിറ്റികളോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്‌ന പരിഹാരം കൃത്യമായി നടന്നില്ല. വിമാനം ഇറങ്ങുന്ന സമയത്ത് പടക്കം പൊട്ടിച്ച് പക്ഷികളെ ഓടിക്കുന്നത് പോലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ നാലുമാസത്തിനിടെ 35 പക്ഷിയിടി ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എഞ്ചിനുള്ളില്‍ പക്ഷികള്‍ കുടുങ്ങിയാല്‍ അപകടം നിശ്ചയമാണ്.
വിമാനത്താവളത്തിന് സമീപമുണ്ടായിരുന്ന മാലിന്യ പ്ലാന്റാണ് പ്രദേശത്തേക്ക് കൂടുതല്‍ പക്ഷികളെ ആകര്‍ഷിക്കുന്നതെന്ന് മനസിലാക്കിയ അധികൃതര്‍ പ്ലാന്റ് പാര്‍ക്കാക്കി മാറ്റി. ഇതിനായി ഏകദേശം 54 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ നീക്കം വേണ്ടത്ര വിജയം കണ്ടില്ല. വിമാനത്താവളത്തിന് സമീപത്തായിട്ടുള്ള മാംസ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യമാണ് പക്ഷികളെ പ്രദേശത്തേക്ക് എത്തിക്കുന്നതിന് പ്രധാന കാരണം. മൂന്ന് കിലോ മുതല്‍ അഞ്ച് കിലോ വരെ ഭാരമുള്ള പരുന്തുകള്‍, പ്രാവുകള്‍, വിവിധതരം കൊറ്റികള്‍, കാക്കകള്‍ തുടങ്ങിയവയാണ് വിമാനങ്ങള്‍ക്കു ഭീഷണിയുണ്ടാക്കുന്നത്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടു തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. മൂന്നുമാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.
ഇതേ തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനഗതാഗതം പൂര്‍ണമായി സ്തംഭിച്ച നിലയിലാണ്. വിമാനങ്ങളില്‍നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്ക് നീക്കവും പൂര്‍ണമായും സ്തംഭിച്ചു.
രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍, ഒരു ഇന്‍ഡിഗോ വിമാനം, ജെറ്റ് എയര്‍വേസ് എന്നീ വിമാനങ്ങളാണ് താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഷാര്‍ജയില്‍നിന്നും അബുദാബിയില്‍നിന്നും എത്തിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.
ആയിരത്തിലധികം യാത്രക്കാര്‍ കസ്റ്റംസ് ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ശമ്പളക്കുടിശ്ശികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധികൃതര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തുമെന്നും ഉടന്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.