കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന നിലപാട് പൊലീസ് വീണ്ടും കോടതിയിൽ ആവർത്തിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
ലക്ഷ്മി പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ വ്യാജ കേസ് സൃഷ്ടിച്ചെന്നും, പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് അൻസിബ പരാതി നൽകിയത്. നേരത്തെ പരാതി തള്ളിയ പൊലീസ് നടപടിയെ ചോദ്യം ചെയ്ത് അൻസിബ കോടതിയെ സമീപിച്ചതിനെ തുടർന്ന് അന്വേഷണത്തിന് കോടതി നിർദേശം നൽകിയിരുന്നു.
പുതിയ റിപ്പോർട്ടിലും കേസെടുക്കാൻ സാഹചര്യമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി ഹർജിയിൽ വിധി പറയുന്നത് ജൂലൈ 27-ലേക്ക് മാറ്റി. കോടതിയുടെ അന്തിമ തീരുമാനത്തിനായി ബന്ധപ്പെട്ടവർ കാത്തിരിക്കുകയാണ്.











Leave a Reply