ന്യൂഡല്‍ഹി: തന്ത്രപരമായി പ്രാധാന്യമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. അരുണാചലിലെ ടൂറ്റിംഗില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ യുദ്ധേതര വിമാനമായ സി 17 ഗ്ലോബ്മാസ്റ്റര് ഇറക്കിക്കൊണ്ടാണ് ഈ ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വ്യോമസേനാ കേന്ദ്രമാണ് ടൂറ്റിംഗ്. വന്‍മലകള്‍ക്കും ഇടുങ്ങിയ താഴ്വരകള്‍ക്കുമിടയിലുള്ള ഈ വ്യോമത്താവളം വിമാനങ്ങളുടെ ലാന്‍ഡിംഗിന് ഏറ്റവും വിഷമം പിടിച്ച പ്രദേശങ്ങളിലൊന്നാണ്. ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കമെന്ന് ശ്രദ്ധേയമാണ്.

ലാന്‍ഡിംഗിനെ ചരിത്രപരം എന്നാണ് വ്യോമസേന ട്വിറ്റര്‍ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. തന്ത്രപ്രാധാന്യമുള്ള മേഖലയില്‍ ഈ വിധത്തിലുള്ള പ്രകടനത്തെ തന്ത്രപരമായ കുതിച്ചുചാട്ടമാണെന്നും എയര്‍ഫോഴ്സ് വിശേഷിപ്പിക്കുന്നു. പരീക്ഷണ ലാന്‍ഡിംഗിനു ശേഷം 18 ടണ്‍ വസ്തുക്കളും സി17 വിമാനത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ വ്യോമത്താവളത്തില്‍ എത്തിച്ചു. അരുണാചലിലെ വെസ്റ്റ് സിയാങ് ജില്ലയിലെ മെചുകയിലുള്ള അഡ്വാന്‍ഡ്സ് ലാന്‍ഡിംഗ് ഗ്രൗണ്ട്സില് 2016 നവംബറില്‍ സി17 വിമാനം ലാന്‍ഡ് ചെയ്തിരുന്നു.
ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയാണ് മെചുക വ്യോമത്താവളം. 2013 മുതല്‍ പ്രവര്‍ത്തനരഹിതമായിരുന്ന മെചുക, ആലോ, സിറോ, ടൂറ്റിംഗ്, പാസിഘട്ട്, തേസു തുടങ്ങിയ വ്യോമത്താവളങ്ങള്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1962ലെ ചൈനാ യുദ്ധത്തില്‍ മെചുക വ്യോമത്താവളം പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ ദിബ്രുഗഡില്‍ നിന്ന് രണ്ട് ദിവസം യാത്ര ചെയ്താല്‍ മാത്രമേ മെചുകയില്‍ എത്താന്‍ സാധിക്കൂ.
ഫ്ലോറിഡയില്‍ നിര്‍മ്മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നുവീണു. സംഭവത്തില്‍ നാലു പേര് മരിച്ചു. ഫ്ലോറിഡ ഇന്റര്‍നാഷനല്‍ യൂണിവേഴ്സിറ്റിയിലാണ് അപകടമുണ്ടായത്. എട്ട് കാറുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റ പത്തു പേരെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ആശുപത്രിയില്‍ ചികിത്സലായിരുന്ന വ്യക്തികള്‍ക്കായി പ്രാര്‍ത്ഥിക്കുയാണെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റിക്ക് സ്കോട്ട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹം, ജനനം, മരണം, യാത്രകള്‍ തുടങ്ങി എന്തുമാകട്ടെ, ബ്രിട്ടീഷുകാര്‍ക്ക് അവ ക്യാമറയില്‍ പകര്‍ത്താനാണ് ഏറ്റവും കൂടുതല്‍ താല്പര്യമെന്ന് പഠനം. ഇത്തരം ജീവിതമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറവാണെന്ന് 2000 പേര്ക്കിടയില് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ നാലുപേരും ഫോട്ടോകള്‍ നന്നായെടുക്കാനുള്ള ശ്രമത്തിനിടെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. സുഹൃത്തുക്കളുമായി രാത്രി കറങ്ങാന്‍ പോയ പലര്‍ക്കും അത്തരം യാത്രകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ചെയ്യാവുന്ന ചിത്രങ്ങള്‍ എടുക്കാനായിരുന്നത്രേ അവര്‍ സമയം ചെലവഴിച്ചത്.

കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയോ സ്വന്തം കുഞ്ഞിന്റെ ആദ്യ ചുവടുവെയ്പോ പോലും ക്യാമറ്ക്കു പിന്നിലായതിനാല്‍ വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും ചിലര്‍ പറഞ്ഞു. വധൂവരന്മാരുടെ ആദ്യചുംബനവും കുട്ടികള്‍ ആദ്യമായി സംസാരിച്ചതും ഫുട്ബോള്‍ മത്സരത്തില്‍ ആദ്യം നേടുന്ന ഗോളിന്റെ ആവേശവും പോലും ഈ വിധത്തില്‍ നഷ്ടമായിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തിയത്. ഗ്യാലക്സി എസ് 9, എസ് 9 പ്ലസ് ഫോണുകളുടെ ലോഞ്ചിനോട് അനുബന്ധിച്ച് സാംസങ്ങാണ് ഈ പഠനം നടത്തിയത്.

മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും യാത്രകളിലും ഔട്ടിംഗുകളിലും മറ്റും ശരാശരി 12 ഫോട്ടോകള്‍ എടുക്കുന്നുണ്ട്. അത്തരത്തില്‍ ഫോട്ടോയെടുപ്പിന് മാത്രം കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ അത്തരം സന്ദര്‍ഭങ്ങളുടെ യഥാര്‍ത്ഥ അനുഭവം ആസ്വദിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് 43 ശതമാനം പേര് അറിയിക്കുന്നു. ഫോട്ടോയെടുക്കാന്‍ പോയതിലൂടെ ആസ്വദിക്കാനുള്ള സമയം തങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പകുതിയോളം പേര് സമ്മതിച്ചു. ചിത്രമെടുത്തു കഴിഞ്ഞാല്‍ നാലിലൊന്നു പേര് മാത്രമാണ് അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക. പത്തില്‍ നാല് പേര് അവയുടെ പ്രിന്റുകള്‍ എടുത്ത് ഫ്രെയിം ചെയ്യുകയോ ആല്‍ബങ്ങളാക്കി സൂക്ഷിക്കുകയോ ചെയ്യാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
മറയൂര്‍ ഉടുമലൈക്കടുത്ത് പല്ലടം മന്ത്രിപാളയം ഭാഗത്ത് നിയന്ത്രണംവിട്ട കാര്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറു യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്നാട്ടില്‍, അണ്ണാ ഡി.എം.കെ യുടെ മുന്‍ മന്ത്രിയും മടത്തുകുളം എംഎല്‍എ യുമായിരുന്ന ഷണ്‍മുഖവേലുവിന്റെ മകളുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറയുന്നു. കിണറ്റില്‍ വെള്ളമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുന്‍ മന്ത്രിയുടെ മകള്‍ മീനാക്ഷി ,ഭര്‍ത്താവ് മോഹന്‍രാജ്, ബന്ധുക്കളായ സുന്ദരരാജന്, രാധാമണി, തങ്കവേല്‍, ഒപ്പം ഡ്രൈവര്‍ മോഹന്‍രാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. സോമന്നൂരില്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരവെയാണ് അപകടം. ഡ്രൈവര്‍ മോഹന്‍രാജ് കാറില്‍ നിന്ന് ഇറങ്ങി സമീപവാസികളെ കൂട്ടിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
ലോകത്തിന് അദ്ഭുതമായി തോന്നുന്ന ഒരു മനുഷ്യ പ്രതിഭാസമായിരുന്നു വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്. മനുഷ്യന്റെ സങ്കീര്‍ണമായ വിശ്വാസങ്ങളെക്കുറിച്ച് കൃത്യമായ ഫിലോസഫിക്കല്‍ ഉത്തരങ്ങളും അഭിപ്രായങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. വിധി തളര്‍ത്തിയിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗത്തോട് പടവെട്ടി കോടിക്കണക്കിന് ആളുകളെ വിസ്മയിപ്പിച്ച ജീവിതത്തിനുടമ. ദൈവത്തോടും മരണത്തോടും പലപ്പോഴും കലഹിച്ച തത്വങ്ങളാണ് അദ്ദേഹത്തിന്റേത്. ലോകത്തിന് അമൂല്യങ്ങളായി സൂക്ഷിക്കാവുന്ന നിരവധി ആശയങ്ങളും ചിന്തകളും സംഭാവന ചെയ്തതിനു ശേഷമാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.

സ്പേസിനെക്കുറിച്ചും ബ്ലാക്ക് ഹോളുകളെക്കുറിച്ചും മനുഷ്യനുണ്ടായിരുന്ന എല്ലാ ചിന്തകളെയും മാറ്റി മറിച്ച വിഖ്യാതനായ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതീക്ഷിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് നല്ലതാണ് വര്‍ത്തമാന കാലത്ത് നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.സ്വര്‍ഗമോ അതല്ലെങ്കില്‍ മരണാനന്തര ജീവിതമോ ഇല്ല! അതെല്ലാം മുത്തശ്ശിക്കഥകള്‍ മാത്രമാണെന്ന് അദ്ദേഹം പറയുമായിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ അട്ടിമറിക്കുന്ന അദ്ദേഹത്തിന്റെ കഴ്ച്ചപ്പാടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധയാകര്‍ശിച്ച വാക്കുകളിലൊന്നാണ്.
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് അപൂര്‍വ്വ രോഗം പിടിപെടുന്നത്. 1963ല്‍ രോഗം കണ്ടെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിധിച്ചിരുന്ന ആയൂര്‍ദൈര്‍ഘ്യം വെറും രണ്ട് വര്‍ഷമായിരുന്നു. അസുഖത്തോട് തോല്ക്കാന് മനസ്സുകാണിക്കാതിരുന്ന അദ്ദേഹം പിന്നീടുള്ള ഒരുപാട് വര്‍ഷങ്ങള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ചിന്തകള്‍ പങ്കുവെച്ചു. പെട്ടന്ന് മരണം സംഭവിക്കുമെന്ന മെഡിക്കല്‍ റെക്കോര്‍ഡ്സുമായി ഞാന്‍ കഴിഞ്ഞ 49 കൊല്ലമായി ഇവിടെ ജീവിക്കുന്നു ഹോക്കിംഗ് 2011ല്‍ ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ദൈവം ലോകം സൃഷ്ടിച്ചുവെന്ന് പറയുന്നവരുടെ ചോദ്യങ്ങള്‍ തന്നെ അപ്രസക്തമാണ് എന്നാണ് ഹോക്കിംഗ് പ്രതികരിച്ചിരുന്നത്. ബിഗ് ബാങിന് മുന്‍പ് ടൈം കണ്ടുപിടിക്കപ്പെട്ടിട്ടില്ല, അതുകൊണ്ടു തന്നെ പ്രപഞ്ചം നിര്‍മ്മിക്കാനുള്ള സമയവും ദൈവത്തിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു.

എനിക്ക് മരണത്തെക്കുറിച്ച ഭയമില്ല, പക്ഷെ പെട്ടന്ന് മരിക്കാനുള്ള തയ്യാറെടുപ്പിലല്ല ഞാന്‍. ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ശാസ്ത്രം നിര്‍ണയിച്ചിട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത്. ഒരു പക്ഷേ ദൈവ കല്‍പ്പനയിലൂടെയായിരിക്കും ഈ നിയമങ്ങള്‍ ഉണ്ടായത്. പക്ഷേ ഈ നിയമങ്ങള്‍ തെറ്റിക്കാന്‍ ദൈവം ശ്രമിക്കുകയില്ലെന്നതാണ് വാസ്തവം 2007ല്‍ റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ഈ പ്രപഞ്ചം എത്ര വൈവിധ്യമാണെന്ന് നിങ്ങള്‍ നോക്കുക. അതില്‍ വളരെ നിസ്സാരമായൊരു ജീവിതം മാത്രമെ മനുഷ്യനുള്ളുവെന്നാണ് തോന്നുന്നത്. പ്രപഞ്ചം തന്നെ അപ്രാപ്യമായ ഒന്നായിട്ടാണ് പ്രതിഫലിക്കുന്നത് അദ്ദേഹം പറയുന്നു. മതം അതോറിറ്റിയെ അടിസ്ഥാനമാക്കി ഉണ്ടാകുന്നു. ശാസ്ത്രം നിരീക്ഷണങ്ങളും കാരണങ്ങളും നോക്കി രചിക്കപ്പെടുന്നുവെന്നതാണ് എന്നതാണ് തമ്മിലുള്ള പ്രധാന വ്യത്യാസം. പ്രപഞ്ചത്തിലെ ദൈവത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത വീക്ഷണങ്ങളായിരുന്നു ഹോക്കിംഗ് ലോകത്തോട് പങ്കുവെച്ചത്.
കൊച്ചി: ഒരു വര്‍ഷം മുമ്പ് കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി പിറവം പെരിയപ്പുറം സ്വദേശി എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജി(18) യുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് നിയമസാധ്യത തേടി. മകളുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുന്ന അന്വേഷണ സംഘത്തിന്റെ നടപടിയെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ഷാജിയും ബന്ധുക്കളും.മിഷേലിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിക്കുന്ന ബന്ധുക്കള്‍ സിബിഐ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് ഷാജി പറയുന്നു. മിഷേലിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള വ്യഗ്രത തുടക്കം മുതലേ അന്വേഷണ സംഘത്തിനുണ്ടായിരുന്നതായി ഷാജി ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 5 ന് എറണാകുളം കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍ നിന്നും വൈകിട്ട് മിഷേലിനെ കാണാതാവുകയും പിറ്റേന്ന് വൈകിട്ട് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തുകയുമായിരുന്നു. മകളെ കാണാതായതു മുതല്‍ മൃതദേഹം കണ്ടെത്തുന്നതു വരെയുള്ള മണിക്കൂറുകളില്‍ നടന്ന കാര്യങ്ങളാണു വെളിച്ചത്തു വരേണ്ടതെന്നു പിതാവ് ഷാജി പറയുന്നു. കൊച്ചി കായലില്‍ 22 മണിക്കൂര്‍ മൃതദേഹം കിടന്നതായാണു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മൃതദേഹത്തില്‍ യാതൊരുവിധ തകരാറും സംഭവിക്കാത്തതു മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഷാജി ചൂണ്ടിക്കാട്ടുന്നു.
22 മണിക്കൂറിലധികം സമയം വെള്ളത്തില്‍ കിടന്നിട്ടും തകരാര്‍ സംഭവിക്കാത്ത ഒരു മൃതദേഹമെങ്കിലുമുണ്ടോയെന്നു തങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഷാജി പറയുന്നു. മിഷേലിന്റെ ജഡം കായല്‍ കരയിലെടുത്തുവച്ചപ്പോള്‍ മൃതദേഹത്തിന്റെ വയറ്റില്‍ പോലും വെള്ളം നിറഞ്ഞ് വീര്‍ത്തിട്ടില്ലായിരുന്നുവെന്നും പിതാവ് ചൂണ്ടിക്കാട്ടി. സാധാരണ ഗതിയില്‍ മണിക്കൂറുകള്‍ സമയം വെള്ളത്തില്‍ കിടക്കുന്ന മൃതശരീരം കടല്‍ ജീവികളുടെ ആക്രമണത്തിനു ഇരയാവാറുള്ളതായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നുണ്ട്. കൊച്ചി കായലില്‍ പല രീതിയിലുള്ള മൃതദേഹം കണ്ടെത്തുന്ന മത്സ്യതൊഴിലാളികളുടെ അനുഭവജ്ഞാനം അന്വേഷണ സംഘം ഉപയോഗിക്കാത്തത് വലിയ വീഴ്ചയായി മാറിയെന്നും ഷാജിക്ക് ആക്ഷേപമുണ്ട്.
മിഷേലിന്റെ മൃതദേഹം കായലില്‍ നിന്നും കിട്ടിയതു മുതല്‍ അടക്കം ചെയ്യുന്നതു വരെയുള്ള ചിത്രങ്ങള്‍ തങ്ങളുടെ കൈവശമുണ്ട്. ഇതിന് സമാന രീതിയില്‍ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും പരിശോധിക്കുമ്പോള്‍ വൈരുദ്ധ്യം മനസിലാക്കാന്‍ കഴിയുമെന്നും ബന്ധുക്കള്‍ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലാതിരിക്കെ ഗോശ്രീ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വിചിത്രമാണ്. ശരീരത്തിലുണ്ടായിരുന്ന, വാച്ച്, ഷോള്, ബാഗ്, മൊബൈല്‍ ഫോണ്‍ മുതലായ വസ്തുക്കള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതെല്ലാം ഗോശ്രീ പാലത്തിലെ ഉയരത്തില്‍ നിന്നും കായലിലേക്ക് ചാടിയപ്പോള്‍ അപ്രത്യക്ഷമായെന്ന് എങ്ങനെ വിശ്വസിക്കുമെന്നും പിതാവ് ചോദിക്കുന്നു.
മാര്‍ച്ച് 5 ന് വൈകിട്ട് 6.10 ന് കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേലിനെ നിരീക്ഷിക്കുന്ന ബൈക്ക് യാത്രികരെ ഇനിയും പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണ കാലയളവില്‍ തങ്ങള്‍ അക്കമിട്ട് സമര്‍പ്പിച്ച സംശയങ്ങളും ആശങ്കകളും മുഖവിലയ്ക്കുപോലും എടുത്തില്ലെന്ന് പിതാവ് ഷാജിയുടെ തുറന്നു പറച്ചിൽ. മിഷേലിന്റെ മരണം ഉയര്‍ത്തുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും പിതാവ് കൂട്ടിച്ചേർത്തു.
കരിക്കിനേത്ത് സില്‍ക്ക്സിന്റെ കോട്ടയം ഷോറൂം യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇന്ന് രാവിലെ തുറക്കാതിരുന്നത്. മുന്നറിയിപ്പില്ലാതെ കടപൂട്ടിയ മാനേജ്മെന്റിന്റെ ക്രൂരതയ്ക്കെതിരെ സ്ഥാപനത്തിലെ 140 ഓളം ജീവനക്കാര്‍ സമരം ചെയ്യുകയാണ്. അടച്ചിട്ട കടയുടെ മുന്നില്‍ കുത്തിയിരുന്നാണ് ജീവനക്കാരുടെ സമരം.
സ്ഥാപനത്തിന് സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഉള്ളതായുള്ള സൂചനകള്‍ നേരത്തെ മാനേജ്മെന്റിന്റെ ഭാഗത്ത്നിന്ന് ഉണ്ടായിരുന്നെങ്കിലും കടപൂട്ടുമെന്ന കാര്യത്തില്‍ മുന്നറിയിപ്പോ നോട്ടീസോ മാനേജ്മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നില്ല. ശമ്പളം, പിഎഫ് ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് നല്‍കാനുള്ള സാമ്പത്തിക ഇടപാടുകള്‍ മുടക്കം വരുത്തിയാണ് ഇപ്പോള്‍ ഷോറൂം അടച്ചു പൂട്ടിയിരിക്കുന്നത്. ഇന്ന് രാവിലെ ജോലിക്ക് വന്നപ്പോള്‍ മാത്രമാണ് കട അടച്ചിട്ടിരിക്കുകയാണെന്ന കാര്യം ജീവനക്കാര്‍ അറിയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണിത്. ആദ്യ കാലങ്ങളില്‍ പിഎഫ് അടച്ചിരുന്നെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷമായി ജീവനക്കാരുടെ പിഎഫ് അടച്ചിരുന്നില്ല.
ഓര്‍ത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സഭയ്ക്ക് വാടക നല്‍കിയിട്ടില്ല. വാടകയിനത്തില്‍ 15 ലക്ഷത്തോളം രൂപയാണ് കരിക്കിനേത്ത് സഭയ്ക്ക് നല്‍കാനുള്ളത്. ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ കൂടി വന്നപ്പോഴാണ് ഷോറൂം അടച്ചത്.
കോഴിക്കോട് ഫറൂഖ് കോളജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആറു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഒരു വിദ്യാര്‍ഥിയുടെ കണ്ണിനു സാരമായി പരുക്കേറ്റിട്ടുണ്ടെന്ന്. രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റിരിക്കുന്നത്. കോളജില്‍ ഹോളി ആഘോഷം നേരത്തെ തന്നെ വിലക്കിയിരുന്നുവെന്നും വിദ്യാര്‍ഥികള്‍ കോളജ് മാനേജ്മെന്റ് പറയുന്നു. ഇത് അനുസരിക്കാതിരുന്ന വിദ്യാര്‍ഥികള്‍ കോളജിലേക്ക് അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച് കയറ്റിയതുമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.
എന്നാല്‍ തങ്ങള്‍ ഹോളി ആഘോഷിച്ചതാണ് അധ്യാപകരെ പ്രകോപിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ക്യാമ്പസിനുള്ളിലെ മര്‍ദനത്തിന് ശേഷം ഹോസ്റ്റലില്‍ കയറിയും അധ്യാപകര്‍ ആക്രമിച്ചുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കണ്ണിന് പരുക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സംഘം കോളജിലെത്തി അന്വേഷണം ആരംഭിച്ചു.
കൊച്ചി കുമ്പളത്തു വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തിരിച്ചറിഞ്ഞതോടെ മരിച്ച ശകുന്തളയുടെ മകളെ കോടതി അനുമതി ലഭിച്ചാലുടൻ നുണ പരിശോധനക്കു വിധേയമാക്കാൻ പോലീസ്. കൊലപാതകത്തിനു പിന്നിൽ ഇവർക്കു പങ്കുണ്ടോയെന്നതു സംബന്ധിച്ചും മൊഴികളിലെ വൈരുദ്ധ്യവുമാണു പോലീസ് അന്വേഷിക്കുന്നത്.
കൊലപാതകം നടത്തിയതു എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എസ്പിസിഐ ഇൻസ്പെക്ടർ ആയി ജോലി ചെയ്തുവന്നിരുന്ന എരൂർ സ്വദേശി ടി.എം. സജിത്താണെന്നും (34) ശകുന്തളയുടെ മകളുമായി ഇയാൾ പുലർത്തിയിരുന്ന ബന്ധം ശകുന്തള പുറത്തറിയിക്കുമെന്ന സംശയമാണു കൊലപാതകത്തിൽ കലാശിച്ചതെന്നുമാണു പോലീസ് കണ്ടെത്തിയത്. ഇയാളെകൂടാതെ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുകയാണെന്നു അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി എട്ടിനു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നുമാണു ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ചത്. നിരവധി അന്വേഷണങ്ങൾക്കുശേഷമാണു മരിച്ചത് ശകുന്തളാണെന്നും ഇവരുടെ മകളുടെ കാമുകനാണു കൊലപാതകിയെന്നും പോലീസ് കണ്ടെത്തിയത്. അസ്ഥികൂടം കണ്ടെത്തിയതിന്റെ പിറ്റേന്നു വീടിനുള്ളിൽ സജിത്തിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തത്. ഭാര്യാഭർത്താക്കൻമാരെ പോലെ കഴിഞ്ഞുവന്നിരുന്ന ഇവരുടെ ബന്ധത്തിൽ ശകുന്തള എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇവരുടെ ബന്ധത്തെ എതിർത്തിരുന്ന ശകുന്തള സജിത്തിന്റെ ഭാര്യയോടും മാതാപിതക്കളോടും ഇക്കാര്യം പറയുമെന്നു ഭീഷണിപ്പെടുത്തി. ഇതിനിടെയാണു ശകുന്തളയ്ക്കു സ്കൂട്ടർ അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്ക് പറ്റി കാലിൽ ഓപ്പറേഷൻ നടത്തി വീട്ടിൽ വിശ്രമിക്കുന്നതിനിടെ സജിത്തിന്റെ പേരു പറഞ്ഞു ശകുന്തളയും മകളും നിരന്തരം കലഹിച്ചു. ഈ സമയത്തു ശകുന്തളയ്ക്കു ചിക്കൻപോക്സും പിടിപെട്ടു.
ഇതോടെ ബാധ്യതയായ ശകുന്തളയെ ഇല്ലാതാക്കാൻ സജിത്ത് പ്ലാനിട്ടു. മകളെ അടുത്തുള്ള ലോഡ്ജ് മുറിയിലേക്കു മാറ്റിയ സജിത്ത് ശകുന്തളയെ കോട്ടയത്തുള്ള അവരുടെ ബന്ധുവീട്ടിൽ കൊണ്ടാക്കാൻ പോകുകയാണെന്നു നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്നു വീട്ടിൽ തനിച്ചായിരുന്ന ശകുന്തളയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. സജിത്തിന്റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിയാവുന്ന ഓട്ടോറിക്ഷ ഡ്രൈവർ മുഖാന്തിരമാണു വീപ്പ സംഘടിപ്പിച്ചത്. വീപ്പയ്ക്കുള്ളിൽ മൃതദേഹം വച്ചു കോണ്‍ക്രീറ്റ് ചെയ്തശേഷം ദിവസങ്ങളോളം വീപ്പ വീട്ടിൽ സൂക്ഷിച്ചു.
പിന്നീടു ക്ലീനിംഗ് ജോലി ചെയ്യുന്ന അഞ്ചു തൊഴിലാളികളെ ഉപയോഗിച്ചു വീപ്പ കായലിൽ തള്ളി. മൃഗങ്ങളുടെ അസ്ഥിയും തലയോട്ടിയുമാണു വീപ്പയ്ക്കുള്ളിലെന്നാണു സജിത്ത് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും വീപ്പയ്ക്കുള്ളിൽ മൃതദേഹമായിരുന്നുവെന്ന് അറിയില്ലായിരുന്നെന്നും ഇറിഡിയം എന്ന ലോഹം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ അവശിഷ്ടങ്ങളാണെന്നാണു പറഞ്ഞിരുന്നതെന്നുമാണു മൊഴി നൽകി.
ഇതു സത്യമാണോയെന്നും കൊലപാതകം സംബന്ധിച്ച് മകൾക്ക് ഏതെങ്കിലും തരത്തിൽ അറിവുണ്ടോയെന്നതും അന്വേഷണത്തിലാണെന്നു അധികൃതർ പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മകൾക്ക് അറിയാമെന്ന നിഗമനത്തിൽതന്നെയാണു പോലീസ്. നുണ പരിശോധനയ്ക്കു അനുമതി ലഭിക്കുന്നതിന് എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അധികൃതർ അപേക്ഷ നൽകിയിട്ടുണ്ട്.
തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലെ റെക്ടർ ഫാ.സേവ്യർ തേലക്കാട്ട് മരിച്ച സംഭവത്തിൽ അറസ്റ്റിലായ മലയാറ്റൂർ തേക്കുംതോട്ടം വട്ടപ്പറന്പൻ ജോണിയെ (56) സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇന്ന് പുലർച്ചെ ആറിനാണ് സിഐ സജി മാർക്കോസ്, എസ്ഐ എൻ.എ. അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ സത്താർ, സെബാസ്റ്റ്യൻ, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘം മലയാറ്റൂർ അടിവാരത്ത് പ്രതിയെ പോലീസ് വാഹനത്തിൽ എത്തിച്ചത്.

റെക്ടറെ കുത്താൻ ഉപയോഗിച്ച കത്തിയെടുത്ത അടിവാരത്തുള്ള സ്റ്റാളും സ്ഥലവും പ്രതി പോലീസിനു കാണിച്ചുകൊടുത്തു. തുടർന്ന് ഓടിച്ചുകൊണ്ടുവന്ന ഇരുചക്ര വാഹനം നിർത്തിയ സ്ഥലവും പോയ വഴികളും പ്രതി കാണിച്ചു.
അടിവാരത്തുനിന്നു കുരിശുമുടിയിലേക്കു പോയ നിരപ്പ് സ്ഥലവും ഒന്നാം സ്ഥലവും റെക്ടറെ കുത്തിയ സംഭവവുമെല്ലാം പ്രതി വിശദീകരിച്ച് ശേഷമാണ് തെളിവെടുപ്പ് അവസാനിപ്പിച്ചത്.
റിമാൻഡിലായിരുന്ന പ്രതിയെ രണ്ട് ദിവസത്തേക്കാണ് കാലടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ബുധനാഴ്ച കാലടി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അതീവ രഹസ്യമായാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. വലിയ പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു.
മാർച്ച് ഒന്നിനാണ് റെക്ടറായ ഫാ.സേവ്യർ തേലക്കാട്ട് മലയാറ്റൂർ മലയിലെ ആറാം സ്ഥലത്ത് വച്ച് കുത്തേറ്റ് മരിച്ചത്. രണ്ടാം തീയതി ഉച്ചയോടെ മലയാറ്റൂർ കുരിശുമുടിയിലെ ഒന്നാം സ്ഥലത്തിനു സമീപം ഇഞ്ചിക്കുഴിയിലുള്ള തോട്ടത്തിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജോണിയെ അറസ്റ്റ് ചെയ്തത്.