Latest News

ബ്രിട്ടനില്‍ അതിസാധാരണമായി ചൂട് വര്‍ദ്ധിക്കുന്നു. 29 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനില. 70 വര്‍ഷങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വ്യക്തമാക്കി. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും രണ്ട് മടങ്ങ് അധിക ചൂട് ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്. 23ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിച്ചതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. സണ്‍ബാത്ത് ചെയ്യാന്‍ ഏറ്റവും അനിയോജ്യമായ സമയമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം അന്തരീക്ഷത്തിലെ പോളണ്‍ കൗണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

ഇതിന് മുന്‍പ് 1949 ഏപ്രിലിലാണ് യുകെയില്‍ 29 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്തെ ഏറ്റവും കടുപ്പമേറിയ വിന്ററിനായിരുന്നു യുകെ സാക്ഷ്യം വഹിച്ചത്. അതിശൈത്യത്തില്‍ പൂര്‍ണമായും മോചിതമായ ബ്രിട്ടനില്‍ ഇത്തവണ സാധാരണ ലഭിക്കുന്നതിനേക്കാളും കൂടുതല്‍ തെളിച്ചമുള്ള കാലാവസ്ഥ ഉണ്ടാകുമെന്നാണ് കരുതുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില 29.1 ഡിഗ്രി സെല്‍ഷ്യസാണ്. സൗത്ത്-ഈസ്റ്റ് ഭാഗങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ ചൂട് ലഭിക്കാന്‍ സാധ്യതയുള്ളതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

രോഗ പ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ പുറത്തിറങ്ങുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കൂട്ടര്‍ക്ക് അലര്‍ജി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സണ്‍ ക്രീമുകളുടെ വില്‍പ്പന 300 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്മാരായ സാലിസ്ബെറി കണക്ക് കൂട്ടുന്നത്. കൂടാതെ ബിയറിന്റെ വില്‍പ്പനയിലും കാര്യമായ വര്‍ദ്ധനവുണ്ടായേക്കും. സമീപകാലത്ത് ഏറ്റവും ചൂടേറിയ കാലാവസ്ഥ വരുന്നതോടെ ഐസ്‌ക്രീം മാര്‍ക്കറ്റുകളിലും മുന്നേറ്റമുണ്ടാകും. ചൂട് ഇഷ്ടപ്പെടുന്നവര്‍ ബാര്‍ബക്യൂ ക്യാമ്പുകളും ബീച്ചുകളും പാര്‍ക്കുകളുമെല്ലാം കൈയടക്കി കൊണ്ടിരിക്കുകയാണ്.

ദുരൂഹസാഹചര്യത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍നിന്നു കാണാതായ കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന(22) ഗര്‍ഭിണിയല്ലെന്നു പോലീസ്. ഗര്‍ഭിണിയല്ലെന്നു വീട്ടുകാര്‍ അറിയുന്നതുമൂലമുണ്ടാകുന്ന നാണക്കേടു ഭയന്നു യുവതി നാടുവിടുകയായിരുന്നുവെന്നാണു നിഗമനം. ഇന്നലെ ഉച്ചകഴിഞ്ഞു കരുനാഗപ്പള്ളി നഗരത്തില്‍നിന്നാണ് അവശയായി അലഞ്ഞുതിരിയുകയായിരുന്ന ഷംനയെ കണ്ടെത്തിയത്. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ വിവരമനുസരിച്ചു പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഷംനയെ തിരുവനന്തപുരത്ത് എത്തിച്ചു… വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ തുടരും. ഷംനയുടെ ആറാഴ്ച പ്രായമുള്ള ഗര്‍ഭം നേരത്തെ അലസിപ്പോയിരുന്നു. എന്നാല്‍, ഭര്‍ത്തൃവീട്ടുകാരെയും മറ്റും ഗര്‍ഭിണിയാണെന്നാണ് ധരിപ്പിച്ചിരുന്നത്. അതിനിടെയാണ് ഭര്‍ത്താവ് കടയ്ക്കല്‍ കൊല്ലായില്‍ മുനിയിരുന്നകാല തടത്തുവിള വീട്ടില്‍ അന്‍ഷാദിനും ബന്ധുക്കള്‍ക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30-നു പ്രസവചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയിലെത്തിയത്. ഗര്‍ഭിണിയല്ലെന്ന് അറിയാമായിരുന്ന ഷംന കൂടെയെത്തിയവരുടെ കണ്ണുവെട്ടിച്ചു ട്രെയിനില്‍ ചെെന്നെയിലേക്കു മുങ്ങുകയായിരുന്നു. അവിടെനിന്നു മടങ്ങിവരുന്നതിനിടെയാണു കരുനാഗപ്പള്ളിയില്‍ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ കണ്ണില്‍പ്പെട്ടത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടന്ന െവെദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്.ഐ. ഉമര്‍ ഫറൂഖ് അറിയിച്ചു. ശാരീരികമായി തളര്‍ന്ന അവസ്ഥയിലായതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ സാധിക്കാത്തതിനെത്തുടര്‍ന്നു ഷംനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പതിനൊന്നരയോടെ എസ്.എ.ടി. ആശുപത്രിയിലേക്കു കയറിപ്പോയ ഷംന ഒന്നര മണിക്കൂറായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്. വിവിധ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തുമ്ബോഴെല്ലാം ഭര്‍ത്താവ് പുറത്തുകാത്തിരിക്കുകയാണ് പതിവ്. പരിഭ്രാന്തരായ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു ഷംനയുടെ മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലും വെല്ലൂരും യുവതിയെത്തിയതായി കണ്ടെത്തി. അതിനിടെ, ഷംന ഒരു ബന്ധുവിനെ വിളിച്ചു താന്‍ സുരക്ഷിതയെന്നു പറയുകയും ചെയ്തു.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ലോഡ്ജുകളിലും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും എത്തിയെന്ന നിഗമനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടു മൊെബെല്‍ ഓഫായി.കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു ഫോണ്‍ വീണ്ടും ഓണ്‍ ആയപ്പോള്‍ പോലീസും ബന്ധുക്കളും വിളിച്ചു. ആരും ഫോണെടുത്തില്ല. പരിധിക്കു പുറത്താണെന്ന സന്ദേശം തമിഴിലാണു ലഭിച്ചത്. തുടര്‍ന്നു ഫോണ്‍ ഓഫായി. വീണ്ടും പല തവണ വിളിച്ചെങ്കിലും തമിഴിലുള്ള മറുപടിമാത്രം. രാത്രിയോടെ ഇവരുടെ ടവര്‍ ലൊക്കേഷന്‍ വെല്ലൂരില്‍ കണ്ടെത്തിയതായതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അങ്ങോട്ടുപോയത്.

അവിടെയെത്തിയപ്പോഴാണ് യുവതി ചെെന്നെയില്‍നിന്നു വീണ്ടും യാത്രയിലാണെന്നും കേരളത്തിലേക്ക് മടങ്ങിയതാകാനാണ് സാധ്യതയെന്നും പോലീസിനു വിവരം ലഭിച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണു ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കു ഷംനയെ കണ്ടെത്താന്‍ സഹായകമായത്. തീര്‍ത്തും അവശനിലയിലായിരുന്ന ഷംനയ്‌ക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ദുരൂഹത അഴിയാനുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഷംന ഉപയോഗിക്കുന്ന മൊെബെല്‍ ഫോണ്‍ നമ്ബറുകളില്‍നിന്നു കുറച്ചുകാലമായുള്ള ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പോലീസ് വിശദമായി ശേഖരിച്ചു പരിശോധിച്ചു. ഇതില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവിനെയും ബന്ധുക്കളെയും തന്നെയാണ് ഷംന കൂടുതല്‍ തവണ വിളിച്ചിട്ടുള്ളത്. ഷംനയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ വിഷമമോ ഉണ്ടായിരുന്നതായി ഭര്‍ത്താവിനും അറിയില്ല.

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ നിയമപാലകരുടെ കൈകളില്‍ വിലങ്ങു വീഴുമെന്ന് സൂചന. ശ്രീജിത്തിനെ മര്‍ദ്ദിച്ചവരുടെ എല്ലാം പേരില്‍ കൊലക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്. വരാപ്പുഴ സ്‌റ്റേഷന്‍ ലോക്കപ്പിലും ശ്രീജിത്തിന് ക്രൂരമായ മര്‍ദ്ദനമേറ്റ സ്ഥിതിക്ക് ഉത്തരവാദികളെ മുഴുവന്‍ അഴിക്കുള്ളിലാക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.

ഇതിനു മുന്നോടിയായ റൂറല്‍ എസ്.പി എ.വി ജോര്‍ജ്, വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍, വരാപ്പുഴ എസ്.ഐ ദീപക് എന്നിവരെ അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുക്കും. സി.ഐയ്ക്ക് ഗുരുതരമായ വീഴ്ച വന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം, ശ്രീജിത്തിനെ മര്‍ദ്ദിച്ചവരില്‍ സി.ഐ ഇല്ല. വരാപ്പുഴ സ്‌റ്റേഷനില്‍ ഇദ്ദേഹം എത്തിയിരുന്നുവെങ്കിലും ശ്രീജിത്തിനെ നേരില്‍ കണ്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

അതിനിടെ, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ്. വരാപ്പുഴ എസ്.ഐയെ അറസ്റ്റു ചെയ്യണമെന്നും അല്ലാത്തപക്ഷം എസ്.ഐയുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.

ശ്രീജിത്തിന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നുവെന്ന് വ്യക്തമാക്കി പ്രദേശത്തെ സ്വകാര്യ ആശുപത്രി ഡോക്ടറും രംഗത്തെത്തി. അവശനിലയില്‍ ആയിരുന്ന ശ്രീജിത്തിനെ പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വരാപ്പുഴ മെഡിക്കല്‍ സെന്ററിലെ ഡോ.ജോസ് സഖറിയാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴിന് രാവിലെ എട്ടരയോടെ ശ്രീജിത്തിനെ തന്റെ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. റോഡില്‍ നിന്ന് ആശുപത്രിയിലേക്ക് നടന്നാണ് ശ്രീജിത്ത് വന്നത് എന്നതു ശരിയാണ്. പക്ഷേ കടുത്ത വയറുവേദനയും മൂത്രതടസ്സവും നടുവിന് വേദനയും ഉണ്ടെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു.

പ്രാഥമിക പരിശോധനയില്‍ ചെറുകുടലിന് ക്ഷതമേറ്റതായി കണ്ടെത്തിയില്ല. ആന്തരികമായ മുറിവുകള്‍ ഉണ്ടെന്ന് സംശയം തോന്നിയിരുന്നു. അതിനാല്‍ വിദഗ്ധമായ ചികിത്സ വേണമെന്നും സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും നിര്‍ദേശിച്ചതായും ഡോ.ജോസ് സഖറിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആറിന് രാത്രി പത്തരയോടെ ആര്‍.ടി.എഫ് കസ്റ്റഡിയില്‍ എടുത്ത് പോലീസിന് കൈമാറിയ ശ്രീജിത്തിന് അന്നു രാത്രി തന്നെ ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നു എന്ന സൂചനയാണ് ഡോക്ടറുടെ മൊഴിയും നല്‍കുന്നത്.

 

ന്യുഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പിടികിട്ടാപുള്ളിയും കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രഹിമിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ദാവൂദിന്റെ മുംബൈയിലെ ആസ്തികള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയുടെ പിന്തുണ. ആസ്തി പിടിച്ചെടുക്കുന്നതിനെതിരെ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറും അമ്മ അമീന ബി കര്‍സകറും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

മുംബൈയിലെ നാഗ്പാഡയിലാണ് ദാവുദിന്റെയും അമ്മയുടേയും സഹോദരിയുടേയും പേരില്‍ കോടികള്‍ മൂല്യമുള്ള ആസ്തികള്‍ ഉള്ളത്. കള്ളക്കടത്തുകാരുടെയും ക്രിമിനലുകളുടെയും അവരുടെ കുടുംബത്തിന്റെയും ആസ്തി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് 1988ല്‍ സര്‍ക്കാര്‍ മുദ്രവച്ചിരുന്നു. ഇതിനെതിരെയാണ് അമ്മയും സഹോദരിയും കോടതിയെ സമീപിച്ചത്. ഇവര്‍ മരണപ്പെട്ടുവെങ്കിലും അവകാശികള്‍ കേസുമായി മുന്നോട്ടുപോകുകയായിരുന്നൂ.

1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കു ശേഷം ദാവൂദ് രാജ്യം വിട്ടിരുന്നു. ഇതോടെയാണ് അമ്മയും സഹോദരിയും ഹര്‍ജി നല്‍കിയത്. 1998 ജൂലായില്‍ ഇവരുടെ പരാതികള്‍ ട്രൈബ്യൂണലും മുംബൈ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2012ല്‍ സുപ്രീം കോടതി കേസില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരുന്നു.

അതേസമയം, നിയമപരമായുള്ള വരുമാനം തെളിയിക്കുന്നതിന് അമ്മയ്ക്കും സഹോദരിക്കും നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നുവെന്നും അവര്‍ക്ക് അതിനു കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അമ്മ അമീന ബിയുടെ പേരില്‍ രണ്ടും ഹസീന പാര്‍ക്കറുടെ പേരില്‍ അഞ്ചും പാര്‍പ്പിട സമുച്ചയങ്ങളാണുള്ളത്. കോടിക്കണക്കിന് രൂപ വില മതിക്കുന്നവയാണവ. ദാവൂദിന്റെ അനധികൃതമായ ഇടപാടിലൂടെ സമ്പാദിച്ചവയാണ് ഇവയെന്ന് സര്‍ക്കാര്‍ പറയുന്നു. ദാവൂദിന്റെ പേരില്‍ ദക്ഷിണ മുംബൈയിലുണ്ടായിരുന്ന ഹോട്ടലും ഗസ്റ്റ് ഹൗസും അടക്കമുള്ള ആസ്തികള്‍ സര്‍ക്കാര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.

 

അഹമ്മദാബാദ്: നരോദപാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത്  മുന്‍ മന്ത്രി മായ കോട്‌നാനിയെ വെറുതെ വിട്ടു.  സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിട്ടയ്ക്കുന്നതെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബംജ്‌റംഗിയുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ജീവപര്യന്തം തടവായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്.

നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്‌നാനിയടക്കം 29 പേര്‍ക്ക് വിചാരണ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 28 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച മായാ കോട്‌നാനി ഇപ്പോള്‍ ജാമ്യത്തിലാണ്.

2002 ഗുജറാത്ത് കലാപത്തിനിടയില്‍ മായ കോട്‌നാനിയുടെ നേതൃത്വത്തില്‍ അക്രമികള്‍ നരോദപാട്യ മേഖലയില്‍ 97 പേരെ കൂട്ടക്കൊല ചെയ്തുവെന്നാണ് കേസ്. ഗുജറാത്ത് കലാപത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടതും നരോദ്യ പാട്യയിലായിരുന്നു. കലാപം നടക്കുന്ന സമയത്ത്, ഗൈനക്കോളജിസ്റ്റായ മായ കോട്‌നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ തീവണ്ടി കത്തിച്ചതിന്റെ പിറ്റേദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു അഹമ്മദാബാദിലെ നരോദാ ഗാമില്‍ അഞ്ചായിരത്തോളം പേരടങ്ങുന്ന ആള്‍ക്കൂട്ടം കലാപമുണ്ടാക്കിയത്. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. പലരെയും ജീവനോടെ കത്തിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു.

കുട്ടികളെയും കൗമാര പ്രായക്കാരെയും ഏകാന്ത തടവറകളിലാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. കുട്ടികളെയും കൗമാരക്കാരെയും ഏകാന്ത തടവകളിലാക്കുന്ന നിയമങ്ങള്‍ നിരോധിക്കണമെന്ന് യുകെയിലെ പ്രമുഖ ഡോക്ടര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം ശിക്ഷാ നടപടികള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുകെയിലെ തടവറകളില്‍ കഴിയുന്ന 40 ശതമാനത്തോളം ആണ്‍കുട്ടികള്‍ ഏകാന്ത തടവറകളിലാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ദിവസമോ അല്ലെങ്കില്‍ 22 മണിക്കൂറോ ഒരാളെ മനുഷ്യ സംസര്‍ഗം ഇല്ലാത്ത ഇടങ്ങളില്‍ പാര്‍പ്പിക്കുന്നതിനെയാണ് ഏകാന്ത കാരാഗൃഹവാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ് ലോ നിര്‍വ്വചിക്കുന്നു. ഇത്തരം ശിക്ഷാവിധികള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യമുന്നയിച്ച് മുമ്പ് മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

ഏകാന്ത കാരഗൃഹങ്ങള്‍ കുട്ടികള്‍ക്ക് ശിക്ഷാ വിധിയായി നല്‍കുന്നത് അവരില്‍ ആത്മഹത്യ പ്രവണതകള്‍ ഉണ്ടാക്കുമെന്നും ഇത്തരക്കാര്‍ സ്വയം ഉപദ്രവം ഏല്‍പ്പിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും പ്രമുഖ മെഡിക്കല്‍ ഓര്‍ഗനൈസേഷനുകള്‍ അറിയിച്ചു. ഇത്തരം ശിക്ഷാ നടപടികള്‍ നിര്‍ത്താലക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരം തടവറകള്‍ മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിന് ആധികാരികമായ തെളിവുകളുണ്ട്. ഇത് ആത്മഹത്യ പ്രവണതയും അക്രമവാസനയും വര്‍ദ്ധിപ്പിക്കുമെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, ദി റോയല്‍ കോളേജ് ഓഫ് പീഡിയാട്രീഷ്യസ്റ്റ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് എന്നിവര്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ചെറു പ്രായത്തിലാണ് നമ്മള്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണായ ഘട്ടത്തിലൂടെ കടന്നു പോവുന്നത്. ഈ ഘട്ടത്തിലാണ് മാനസികവും സാമൂഹികവും ശാരീരകവുമായി വളര്‍ച്ചയുണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഈ സമയത്തുണ്ടാകുന്ന ഏകാന്തവാസം ദീര്‍ഘകാലത്തെ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനിയോജ്യമായ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം കസ്റ്റഡിയിലുള്ള കുട്ടികളുടെയും കൗമാര പ്രായക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഉയര്‍ന്ന പരിഗണന നല്‍കുന്നതായി മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ വക്താവ് അറിയിച്ചു. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ കഴിയുന്ന ചെറുപ്പക്കാരായ ആളുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 100 അധിക ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതായും മിനിസ്ട്രി ഓഫ് ജസ്റ്റിസ് അറിയിച്ചു.

ജനത്തിന് ഇരുട്ടടി നൽകി കെഎസ്ഇബിയുടെ പുതിയ തീരുമാനം നിലവിൽ വരുന്നു. സേവനങ്ങള്‍ക്കുള്ള ജിഎസ്ടിക്കു പിന്നാലെ മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താനുള്ള നീക്കവുമായി കെഎസ്ഇബി രംഗത്തെത്തിയതായി റിപ്പോര്‍ട്ട് . ഓരോ ഗാര്‍ഹിക കണക്ഷന്‍ മീറ്ററുകള്‍ക്കും 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായി ബില്ലിങ് സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.

നിലവില്‍ കെഎസ്ഇബിയുടെ സേവനങ്ങള്‍ക്കു ജിഎസ്ടിയുണ്ട്. ഉടമസ്ഥത, മീറ്റര്‍, പോസ്റ്റ്, സര്‍വീസ് വയര്‍, കണക്ട് ലോഡ് എന്നിവയുടെ മാറ്റം, കണക്ഷന്‍ കൊടുക്കല്‍, ഇന്‍സ്റ്റലേഷന്‍ ടെസ്റ്റിങ്, താരിഫ് ചേഞ്ച് തുടങ്ങിയ 111 ഇനങ്ങള്‍ക്ക് അഞ്ചു മുതല്‍ 18 ശതമാനം വരെയാണ് ജിഎസ്ടി.

കൂടുതല്‍ ഗുണഭോക്താക്കളും സിംഗിള്‍ ഫേസ് മീറ്ററാണ് ഉപയോഗിക്കുന്നത്. 15 രൂപയാണു മീറ്റര്‍ വാടക. ഇതിനൊപ്പമാണ് 18 ശതമാനം ജിഎസ്ടി ചുമത്തുന്നത്. ബില്ലില്‍ മൂന്നു രൂപയുടെ വരെ വ്യത്യാസമുണ്ടാകും. എന്നാല്‍ വൈദ്യുതി ചാര്‍ജിന്‍മേല്‍ നികുതിയില്ല.

മടവൂര്‍ സ്വദേശി റേഡിയോ ജോക്കി രാജേഷ് ഭവനില്‍ രാജേഷിനെ കൊന്ന കേസില്‍ മുഖ്യസൂത്രധാരനും മൂന്നാംപ്രതിയുമായ അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിലായി. കൊലക്കേസ് പ്രതിയാണെന്നറിഞ്ഞിട്ടും സാമ്പത്തികമായി സഹായിക്കുകയും ഒളിവില്‍ കഴിയുന്നതിനായി സൗകര്യമൊരുക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ ആദ്യമായാണ് സ്ത്രീകള്‍ അറസ്റ്റിലാകുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. എറണാകുളം വെണ്ണല അംബേദ്കര്‍ റോഡില്‍ വട്ടച്ചാനല്‍ ഹൗസില്‍ സെബല്ല ബോണി (38), അപ്പുണ്ണിയുടെ സഹോദരിയും കഴിഞ്ഞദിവസം അറസ്റ്റിലായ സുമിത്തിന്റെ ഭാര്യയുമായ ചെന്നിത്തല മതിച്ചുവട് വീട്ടില്‍ നിന്നും ചെന്നൈ മതിയഴകന്‍ നഗര്‍ അണ്ണാ സ്ട്രീറ്റ് നമ്പര്‍18ല്‍ താമസിക്കുന്ന ഭാഗ്യശ്രീ (29) എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ അപ്പുണ്ണി സെബല്ലയെ മാത്രമാണ് ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. പൊലീസിന്റെ നീക്കങ്ങള്‍ യഥാസമയം അപ്പുണ്ണിക്ക് നല്‍കിക്കൊണ്ടിരുന്നത് സെബല്ലയാണ്. കൊലക്കുള്ള പദ്ധതി ആസൂത്രണംചെയ്യാന്‍ ബംഗളൂരുവില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് 21നെത്തിയ അപ്പുണ്ണിക്കും സുഹൃത്ത് സ്വാലിഹിനും എറണാകുളത്ത് സ്വന്തംപേരില്‍ മുറിയെടുത്ത് കൊടുത്തത് സെബല്ലയാണ്. പൊലീസ് തന്നെ അന്വേഷിച്ച് തമിഴ്‌നാട്ടിലെത്തിയതറിഞ്ഞ അപ്പുണ്ണി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചശേഷം എല്ലാദിവസവും രാത്രിയില്‍ സെബല്ലയെ ലാന്‍ഡ്‌ഫോണിലൂടെ ബന്ധപ്പെടുമായിരുന്നതായി പൊലീസ് പറഞ്ഞു. അപ്പുണ്ണിയെ സഹായിക്കാനായി ഭര്‍ത്താവിനെ ചുമതലപ്പെടുത്തുകയും അത് മറച്ചുവെക്കുകയും ചെയ്ത കുറ്റത്തിനാണ് ഭാഗ്യശ്രീയെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനാകുറ്റമാണ് ചുമത്തിയത്. അപ്പുണ്ണിയെയും സുമിത്തിനെയും ചോദ്യംചെയ്തതില്‍നിന്നും ഇരുവര്‍ക്കും കുറ്റകൃത്യത്തിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ ഓഫിസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

അതേസമയം അപ്പുണ്ണിയെ കൊല്ലം വള്ളിക്കീഴില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച വാള്‍ പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപ്പുണ്ണിയെ വള്ളിക്കീഴ് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ഇതേകേസില ആറാംപ്രതി സനുവിന്റെ വീടിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലനടത്തിയ ശേഷം കാറില്‍ സനുവിന്റെ വീടിന് സമീപം എത്തുകയും കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം കൃത്യത്തിന് ഉപയോഗിച്ച വാള്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ വലിച്ചെറിയുകയുമായിരുന്നെന്ന് അപ്പുണ്ണി പൊലീസിനോട് പറഞ്ഞു.

എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണി ഷംന തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ്പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. എന്നാൽ യുവതിയുടെ അപ്രത്യക്ഷമാകലിന് പിന്നിൽ എന്താണ് കാരണമെന്ന് ഇപ്പോളും വ്യക്തമായിട്ടില്ല. ഷംനയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് ക്രൈം മെമ്മോ പുറപ്പെടുവിച്ചിട്ടുണ്ട്. ആരുടെയെങ്കിലും സഹായമില്ലാത്ത ഈ അവസ്ഥയില്‍ യുവതിക്ക് യാത്ര ചെയ്യാനോ മറ്റോ ബുദ്ധിമുട്ടാണ്. യുവതി ചികില്‍സയ്ക്ക് വന്നതിന്റെയും ആശുപത്രിയില്‍ ഇരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടറെ കാണാനായി ആശുപത്രിക്ക് അകത്തേക്ക് പോയ ശേഷം യുവതിയെ കാണാതാകുകയായിരുന്നു. പരിശോധനയ്ക്ക് വേണ്ടി ലേബര്‍ റൂമിലേക്ക് പോയ ഷംനയെ പിന്നീട് കണ്ടിട്ടില്ല.

കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് സ്വദേശിനിയായ ഷംനയെയാണ് കഴിഞ്ഞദിവം ആശുപത്രിയില്‍ നിന്ന് കാണാതായത്. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് അന്‍ഷാദിനും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അപ്രത്യക്ഷമാകല്‍. ഷംനയുടെ മൊബൈല്‍ ഫോണുള്ള ടവര്‍ സാന്നിധ്യം പോലീസ് കൃത്യമായി പിന്തുടരുന്നുണ്ട്. എന്നാല്‍ ഇടക്കിടെ ഫോണ്‍ ഓഫാക്കുന്നത് പോലീസിനെ കുഴക്കുന്നു. ഏറ്റവും ഒടുവില്‍ മൊബൈല്‍ സിഗ്നല്‍ ലഭിച്ചത് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നാണ്. അതിനിടെ ഷംനയെ എറണാകുളത്ത് വച്ച് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴയിലേക്ക് പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായി ടിടിഇ പോലീസിനെ അറിയിച്ചെന്നാണ് വിവരം. ആലപ്പുഴയിലും തിരച്ചില്‍ നടക്കുന്നുണ്ട്. കോട്ടയത്ത് മൊബൈലിന്റെ സിഗ്നല്‍ കണ്ടിരുന്നു. പിന്നീട് എറണാകുളത്തും കണ്ടു. ഈ സാഹചര്യത്തില്‍ ഈ രണ്ടിടങ്ങളിലെയും ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

അഡ്മിറ്റാകാന്‍ ആശുപത്രിയിലെ ഗൈനക്കോളജി ഒപിയില്‍ നിന്ന് ഡോക്ടര്‍ നേരത്തെ തിയ്യതി കുറിച്ചുനല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്എടിയില്‍ എത്തിയത്. ഒപിയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. രക്തപരിശോധന നടത്തി. ശേഷം ബന്ധുക്കളുടെ അടുത്ത് വന്നു. ഡോക്ടറില്‍ നിന്ന് അടുത്തദിവസം വരേണ്ട തിയ്യതി എഴുതിവാങ്ങിയ ശേഷം വരാമെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിക്ക് അകത്തേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല.

കാമുകനായ ഡോക്ടറെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍. തിരുവല്ല കീഴ് വായ്പ്പൂര്‍ സ്വദേശിയായ ടീന ജോണ്‍സ് ആണ് അറസ്റ്റിലായത്. ചിക്കാഗോയിലെ മേവുഡിലെ ലയോള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നഴ്‌സാണ് ടീന ജോണ്‍സ്. കരിഞ്ചന്തക്കാരും കച്ചവടക്കാരും ഊഹക്കച്ചവടക്കാരും ഉപയോഗിക്കുന്ന ഡാര്‍ക്ക് വെബിലൂടെ ബിറ്റ് കോയിന്‍ ഉപയോഗിച്ചാണ് ടീന ക്വട്ടേഷന്‍ നല്‍കിയത്. അമേരിക്കയില്‍ ഈ രീതിയിലുള്ള ക്രിമിനല്‍ കേസുകള്‍ അപൂര്‍വമായേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കേസ് തെളിഞ്ഞാല്‍ ടീനയ്ക്ക് 20 വര്‍ഷം തടവ് ലഭിക്കും.

ലയോള മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അനസ്‌ത്യേഷ്യസ്റ്റായ ടോബിയും   പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിന് ഭാര്യ തടസമാകുമന്ന് കണ്ടപ്പോഴാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ കൊലപാതകം നടക്കുമെന്ന വിവരം സി.ബി.എസ് ന്യൂസില്‍ ആരോ അറിയിച്ചു. അവരാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് അറിയുന്നു. കഴിഞ്ഞ ജനുവരിയില്‍ പതിനായിരം ഡോളറാണ് ടീന ക്വട്ടേഷന് കൈമാറിയത്.

ഇത് പൊലീസ് മണത്തറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. തടവിലായ ടീനയെ മേയ് 15ന് കോടതിയില്‍ ഹാജരാക്കും. ജാമ്യം ലഭിച്ചാല്‍ കാമുകനുമായോ ഭാര്യയുമായോ ബന്ധപ്പെടെരുതെന്ന കര്‍ശന ഉപാധി നല്‍കും. പാസ്‌പോര്‍ട്ടും കണ്ടുകെട്ടും.തിരുവല്ല വാളക്കുഴ സ്വദേശിയായ ടോബിയുടെ മാതാപിതാക്കള്‍ ചിക്കാഗോയില്‍ സ്ഥിരതാമസക്കാരാണ്. 2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു ടോബിയുടെ വിവാഹം.

Copyright © . All rights reserved