കൊച്ചി: ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഒരുലക്ഷം രൂപയ്ക്കും രണ്ട് ആള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്. കേസില്‍ സുരേഷ് ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് 2014ലെ വാടകക്കരാറാണ് സുരേഷ് ഗോപി മേല്‍വിലാസത്തിന് തെളിവായി കാട്ടിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
വാഹന രജിസട്രേഷന്‍ കേസില്‍ അമല പോളിനെ ഇന്ന് രണ്ട് മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തട്ടിപ്പ് നടത്തിയെന്ന ആരോപണം നിഷേധിച്ച അമല പോണ്ടിച്ചേരിയിലെ വാടകവീട്ടില്‍ താമസിച്ചപ്പോളാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ആവര്‍ത്തിച്ചത്. അമല നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ അതില്‍ ഒരു തീരുമാനം ഉണ്ടായ ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് ക്രൈബ്രാഞ്ച് സൂചന നല്‍കി.
തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര പേഴ്സണല്‍ കാര്യമന്ത്രി ജിതേന്ദ്ര സിങ് ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയിരിക്കുന്നത്. ഇക്കാര്യം സിബിഐ ഡയറക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേ സമയം അന്വേഷണം ആരംഭിക്കുന്നതു വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു.
ശ്രീജുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 766 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. സാമുഹിക മാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ശ്രീജിത്തിന്റെ സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായി എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും അറിയിച്ചു.
2014 മെയ് 19നാണ് ശ്രീജീവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്.
തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ജസ്റ്റിസുമാര്‍ക്കെതിരെ കടുത്ത ആരോപണവുമായി ആര്‍.എസ്.എസ് രംഗത്ത്. കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്ന ഭീകര പ്രവര്‍ത്തനമാണ് ജഡ്ജിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ആര്‍എസ്എസ് പ്രജ്ഞാപ്രവാഹിന്റെ ദേശീയ തലവന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ആര്‍.എസ്.എസിന് കീഴിലുള്ള ബൗദ്ധിക സംഘടനകളെ നിയന്ത്രിക്കുന്ന ഉന്നതസമിതിയാണ് പ്രജ്ഞാപ്രവാഹ്.
ജഡ്ജിമാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.എസ്. സോധിയുടെ അഭിപ്രായത്തെ ആര്‍.എസ്.എസ് പിന്തുണയ്ക്കുന്നുവെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ പ്രവര്‍ത്തിച്ചെതെന്നും നീതിന്യായ സംവിധാനത്തെ ട്രേഡ് യൂണിയന്‍ വത്കരിക്കുയാണ് ഇവര്‍ ചെയ്‌തെതെന്നും നന്ദകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ സി.പി.ഐ നേതാവ് ഡി. രാജ ജഡ്ജിമാരിലൊരാളെ കണ്ടത് മറ്റാരുടെയോ പ്രതിനിധിയായാണെന്നും ജെ. നന്ദകുമാര്‍ ആരോപിച്ചു.
സിഖ് കലാപം പുനരന്വേഷിക്കാന്‍ പ്രത്യേക സമിതി വേണമെന്ന വിധി വന്ന് രണ്ടു ദിവസത്തിനകമാണ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാര്‍ രംഗത്ത് വന്നിരിക്കുന്നത്. രാമജന്മഭൂമി കേസില്‍ വിധി 2019 ജൂലൈക്കു ശേഷം മതിയെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ആവശ്യം ജസ്റ്റിസ് ദീപക് മിശ്ര തള്ളിയിരുന്നു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഇതുമായും കൂട്ടിവായിക്കണമെന്നും ആര്‍.എസ്.എസ് നേതാവ് പറയുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ചത്. നിവൃത്തികേടുകൊണ്ടാണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്നും ജനാധിപത്യം കാത്തുസൂക്ഷിക്കണമെങ്കില്‍ സുപ്രീംകോടതിയെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ കാമുകനാണ് രഞ്ജിത്ത്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2013 ഒക്ടോബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കുട്ടിയുടെ അമ്മ റാണിക്കും സുഹൃത്ത് ബേസിലിനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയ രഞ്ജിത്ത് വിധിക്കു മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എറണാകുളം സബ് ജയിലില്‍ വെച്ച് വിഷം കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്.
കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയായ റാണിയും സുഹൃത്ത് ബേസിലും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. റാണിയുടെ ഭര്‍ത്താവ് വിനോദ് ഈ സമയത്ത് കഞ്ചാവ് കേസിലകപ്പെട്ട് ജയിലിലായിരുന്നു. വിനോദിന്റെയും റാണിയുടേയും മൂത്ത മകളാണ് കൊല്ലപ്പെട്ട കുട്ടി. റാണിയും ബേസിലും സ്ഥലത്തില്ലാത്ത സമയത്ത് അമ്പാടിമലയിലെ വീട്ടില്‍ വെച്ച് രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്ത കുട്ടിയെ മര്‍ദ്ദിക്കുകയും ചുവരിലേക്ക് എടുത്തെറിയുകയും ചെയ്തു. തലയുടെ പിന്‍ഭാഗത്തായി പരിക്കേറ്റ കുട്ടി തത്സമയം മരണപ്പെട്ടു.
തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. ബേസിലും റാണിയും തിരിച്ചു വന്നതിനു ശേഷം അവരോട് കൊലപാതക വിവരം പറയുകയും മൂന്നു പേരും ചേര്‍ന്ന് മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. കുട്ടിയെ എവിടെ മറവുചെയ്യണമെന്ന് റാണിയാണ് നിര്‍ദേശിച്ചത്. രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു. പിറ്റേന്ന് റാണി മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്.
ചണ്ഡീഗഡ്: ഹരിയാനയില്‍ ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി നേരിട്ടത് നിര്‍ഭയ മോഡല്‍ പീഡനമെന്ന് റിപ്പോര്‍ട്ട്. ജിന്ദ് ജില്ലയില്‍ ശനിയാഴ്ച വൈകിട്ടാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ച ഫൊറന്‍സിക് വിഭാഗം തലവന്‍ ഡോ.എസ്.കെ.ധത്തര്‍വാളിന്റെ റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനാണ് ഇരയായതെന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി 19 മുറിവുകളുണ്ടെന്ന് പരിശോധനാ ഫലം പറയുന്നു. ആന്തരികാവയവങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂര്‍ത്ത വസ്തുക്കള്‍ പ്രതികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറ്റിയിരിക്കാമെന്നും നെഞ്ചില്‍ കയറിയിരുന്നതിന്റെ സൂചനയാണ് തകര്‍ന്ന ശ്വാസകോശം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ആന്തരാവയവങ്ങള്‍ പാടെ തകര്‍ന്ന നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
20 വയസുള്ള യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് കേസുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് മന്ത്രി കെ.കെ.ബേദി ഇവരുടെ ആവശ്യങ്ങള്‍ അംഗകരിച്ച ശേഷം മൃതദേഹം ഏറ്റുവാങ്ങി.
ദുബായ്: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍. എമിറേറ്റ്‌സ് വിമാനസര്‍വ്വീസ് ആര്‍ക്കും സൗജന്യ ടിക്കറ്റുകള്‍ അനുവദിക്കുന്നില്ലെന്നും, ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും എമിറേറ്റ്‌സ് അറിയിച്ചു. നിങ്ങൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് നിങളുടെ വിലയേറിയ പാസ്‌വേഡ്, കാർഡ് ഡീറ്റെയിൽസ് എന്നിവ നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫ്രീ ടിക്കറ്റും കിട്ടുകയുമില്ല എന്നും ആർക്കും ഫോർവേഡ് ചെയ്യരുതെന്നും എമിറേറ്റ്സ് വാർത്താകുറിപ്പിൽ അറിയിച്ചതായി ഗൾഫിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എമിറേറ്റ്‌സ് വിമാന കമ്പനിയുടെ 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഒരു യാത്രക്കാരന് രണ്ട് ടിക്കറ്റ് വീതം ലഭിക്കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് രണ്ട് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
എമിറേറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച വിമാന സര്‍വ്വീസ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയാലേ സൗജന്യ ടിക്കറ്റ് ലഭിക്കുകയുള്ളുവെന്നും ഈ വ്യാജ വാര്‍ത്തിയിലുണ്ടായിരുന്നു. എന്നാല്‍ ഒരു വ്യാജ വെബ്‌സൈറ്റ് പുറത്തുവിട്ട വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് വിമാന കമ്പനി ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്‌സ് വീശദീകരണവുമായി രംഗത്തെത്തിയത്. സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് എമിറേറ്റ്‌സ് ഓഫീസുകളിലേക്ക് വിളിച്ചിരുന്നത്. സൗജന്യമായി ടിക്കറ്റ് ലഭിക്കാന്‍ എന്തുചെയ്യണമെന്നായിരുന്നു ഏവരുടെയും ചോദ്യം.
മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സ്ഫടികത്തിലെ ആടു തോമ എന്ന തോമസ് ചാക്കോ. മോഹന്‍ലാലിന്റെ ഹീറോയിസത്തോടൊപ്പം തന്നെ ചിത്രത്തിലെ കുട്ടി തോമയും തുളസിയുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയിട്ടുണ്ട്. ‘ഉപ്പുകല്ലില്‍ നിന്ന കൂട്ടുകാരന് വെള്ളം തന്ന എന്റെ തുളസിയെ എനിക്ക് വഞ്ചിക്കാന്‍ ആകില്ല’ എന്ന തോമയുടെ ഡയലോഗ് ഇന്നും പേക്ഷകന്‍ മറന്നിട്ടുണ്ടാകില്ല.
അന്ന് ആടു തോമയുടെ കുട്ടിക്കാലം അഭിനയിച്ച കൊച്ചു പയ്യനിന്ന് സംവിധായകനും നടനുമൊക്കെയാണ്. രൂപേഷ് പീതാംബരന്‍. മെക്‌സിക്കന്‍ അപാരതയിലൂടെ അഭിനയത്തിലേക്ക് തിരികെ എത്തിയ രൂപേഷ് വീണ്ടും സിനിമാ ലോകത്ത് സജീവമായിരിക്കുകയാണ്. എന്നാല്‍ ആരാധകരുടെ മനസില്‍ ഒരു ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. എവിടെയാണ് തുളസി?
തുളസിയായി ചിത്രത്തിലെത്തിയ ഉര്‍വ്വശി ഇന്നും അഭിനയ രംഗത്തുണ്ടെങ്കിലും ഉര്‍വ്വശിയുടെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയെ മാത്രം നാം പിന്നീട് കണ്ടില്ല. ഇപ്പോഴിതാ ആ അന്വേഷണവും അവസാനിച്ചിരിക്കുകയാണ്. തുളസിയുടെ കുട്ടിക്കാലം അഭിനയിച്ച ആര്യ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തോമസ് ചാക്കോയുടെയും തുളസിയുടേയും കൂടിക്കാഴ്ച്ച രൂപേഷ് പീതാംബരനാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. ആര്യയ്‌ക്കൊപ്പമുള്ള ചിത്രവും രൂപേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യയിന്ന് സിനിമയില്‍ നിന്നെല്ലാം വളരെ അകലെയാണ്.
അജമാനില്‍ ഷോപ്പിംഗ് വിസ്മയം തീര്‍ക്കാന്‍ 865 കോടി രൂപ മുതല്‍ മുടക്കില്‍ മാള്‍ വരുന്നു. മിര്‍കാസ് മാള്‍ എന്നു പേരിട്ടിരിക്കുന്ന ഈ മാള്‍ ഇതിനാലകം ലോകത്തിലെ തന്നെ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മാളുകളുടെ പട്ടികയിലെത്തിക്കഴിഞ്ഞു. വിസ്മയിപ്പിക്കുന്ന ക്രമീകരണങ്ങളുമായാണ് മിര്‍കാസ് മാള്‍ ഉപഭോക്താക്കളിലേക്ക് എത്തുക.
മാളില്‍ സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളുണ്ടാകും. രാത്രിയിലെ ആകാശം നേരിട്ട് ദൃശ്യമാകുന്ന വിധത്തിലാണ് മാളിന്റെ റൂഫ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ മാളിനകത്തു തന്നെ സസ്യങ്ങള്‍ നേരിട്ട് വളര്‍ത്താനുള്ള സംവിധാനങ്ങളുണ്ടാകുമെന്നും അധികൃതര്‍ അറിയിക്കുന്നു. ഇവയൊക്കെ ഒന്നിച്ചു ചേര്‍ന്ന് ഷോപ്പിംഗ് അനുഭവം യുഎഇയില്‍ തന്നെ ആദ്യമാണ്. അറബ് രാജ്യങ്ങളിലെ ഷോപ്പിംഗ് നഗരമായി അറിയപ്പെടുന്ന ദുബൈയിലെ മാളുകളെക്കാളും മികവുറ്റതായിരിക്കും മിര്‍കാസെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
ഒരു മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണ് മിര്‍കസ് മാള്‍ ക്രമീകരിച്ചിരിക്കുന്നത്. ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍ ലോക പ്രസിദ്ധ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് മിര്‍കസ് മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. മാളിലെ 38,000 സ്‌ക്വയര്‍ മീറ്റ് വ്യാപര സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്കു കൊടുക്കും. അജ്മാന്‍ ഹോള്‍ഡിങിന്റെ ഉടമസ്ഥതയിലാണ് മിര്‍കാസ് മാള്‍.
തിരുവനന്തപുരം: അനുജന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജും രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ശ്രീജിത്തിന് പിന്തുണയറിയിച്ചത്.
നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്യിരാജ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നീ ഇത് ചെയ്യുന്നത് നിനക്ക് വേണ്ടിയും നിന്റെ കുടുംബത്തിന് വേണ്ടിയും നിന്റെ സഹോദരന് വേണ്ടിയുമാണെങ്കിലും വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ഇരിക്കുന്നതിന്റെ ചിത്രത്തോട് കൂടിയാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നേരത്തെ നടന്‍ ടോവിനോ തോമസ് ശ്രീജിത്തിന് പിന്തുണയുമായി സമര പന്തലില്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വന്‍ ജന പിന്തുണയാണ് ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഞാറാഴ്ച്ച പുലര്‍ച്ചയാണ് സംഭവം. ഹാക്ക് ചെയ്തവര്‍ പാകിസ്താനില്‍ നിന്നാണെന്നാണ് സൂചന, ഹാക്കര്‍മാരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ടുകളെ സൂചിപ്പിക്കുന്ന ബ്ലു ടിക്ക് മാര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് അപ്രത്യക്ഷമായിരുന്നു. ഹാക്ക് ചെയ്തതിനു ശേഷം പാകിസ്താന്‍ പ്രസിഡന്റ് മമ്നൂന്‍ ഹുസൈന്റെയും പാകിസ്താന്റെ പതാകയുടെയും ഫോട്ടോകള്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി മനസ്സിലായത്. മണിക്കുറുകള്‍ക്ക് ശേഷം അക്കൗണ്ട് തിരികെ ലഭിക്കുകയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.