യുകെയിലെ സ്പോർട്സ് പ്രേമികളുടെ നഗരമായ ലിവർപൂളിൽ ആദ്യമായി 12 ക്രിക്കറ്റ് ടീമുകളെ അണിനിരത്തി കൊണ്ട് ടെന്നീസ് ബോൾ ക്രിക്കറ്റ് മത്സരങ്ങൾ അരങ്ങേറുന്നു. വിജയിക്കുന്ന ടീമിന് ആയിരം പൗണ്ട് ഒന്നാം സമ്മാനം നൽകുന്ന “The Great Indian Dhabha” കപ്പിനു വേണ്ടിയുള്ള പ്രഥമ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ 12/05/2024 ഞായർ രാവിലെ 9 മണിമുതൽ യുകെയുടെ സാംസ്‌കാരിക നഗരമായ ലിവർപൂളിലെ ന്യൂഷം പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന നോർത്ത് വെസ്റ്റിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകൾ
Team United Liverpool
Nortwales outlaws
Plattfield cc
Southport Warriors
Liverpool Rangers B
Whythynshaw warriors
Golden Eagle’s Sheffield
Stock CC
Liverpool Rangers A
Preston Striker’s
Manchester Knights
The Great Indian Dhaba CC
കലാശ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഒന്നാം സമ്മാനമായി നൽകുന്നത് £1000 +ട്രോഫി +മെഡൽ +ഒരു കുപ്പി ഒറ്റക്കൊമ്പനും, രണ്ടാം സ്ഥാനക്കാർക്ക് സമ്മാനമായി നൽകുന്നത് £600+ട്രോഫി +മെഡൽസ്.
കൂടാതെ മത്സരത്തിലെ മികച്ച ബാറ്റ്സ്മാൻ,മികച്ച ബൗളർ . Player of the tournament എന്നിവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നു.
കളി കാണുവാനായി ഏവരെയും ലിവർ പൂൾ ന്യൂഷം പാർക്കിലേക്ക് സംഘാടകർ (post code – L67UN) സ്വാഗതം ചെയ്യുന്നു.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണറുടെ അടുത്തിരിക്കുന്നതുപോലും പാപമാണെന്നും അതിനാല്‍ താന്‍ രാജ്ഭവനില്‍പോകില്ലെന്നും മമത പറഞ്ഞു. വേണമെങ്കില്‍ അദ്ദേഹത്തെ തെരുവില്‍വെച്ച് കാണാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്ഭവന്‍ കരാര്‍ജീവനക്കാരിയുടെ മാനഭംഗപരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്ന് മമത ആരോപിച്ചു. സംഭവം നടന്ന ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും തന്റെ കൈയിലുണ്ടെന്നും കൂടുതല്‍ വീഡിയോയുള്ള ഒരു പെന്‍ഡ്രൈവും തന്റെ കൈയിലുണ്ടെന്നും മമത അവകാശപ്പെട്ടു. ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്ന് മമത ആവശ്യപ്പെട്ടു. സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ നിങ്ങളാരാണെന്ന് ഗവര്‍ണറോട് ചോദിച്ച മമത, കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും ആരോപിച്ചു.
ദൃശ്യങ്ങള്‍ കൈമാറാന്‍ രാജ്ഭവന്‍ വിസമ്മതിക്കുന്നുവെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഗവര്‍ണര്‍ ആനന്ദബോസ് തീരുമാനിച്ചത്. മേയ് രണ്ടിന് വൈകീട്ട് 5.30 മുതലുള്ള ഒരു മണിക്കൂര്‍നീണ്ട ദൃശ്യങ്ങളാണ് രാജ്ഭവന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്.
തോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. സേനാപതി കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലെ പ്ലാവിൽ നിന്ന് ചക്ക പറക്കുന്നതിനിടെയാണ് അപകടം.
രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉടുമ്പൻചോല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു . സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയിൽ. ഭാര്യ സിനി (ജോസി). മകൻ ഗോഡ് വിൻ .
ന്യൂസ് ഡെസ്ക് . മലയാളം യുകെ
സൗത്ത് ഇന്ത്യൻ മലയാളി അസ്സോസിയേഷനായ സൈമ പ്രസ്റ്റൺ 2023 ഡിസംബറിൽ പ്രശസ്ത ദക്ഷിണേന്ത്യൻ നടനും സംവിധായകനും നിർമ്മാതാവുമായ ശങ്കർ ഉദ്ഘാടനം ചെയ്തു. പ്രസ്റ്റണിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന ദക്ഷിണേന്ത്യൻ മലയാളി കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക എന്നതാണ് ഈ സുപ്രധാന സംരംഭം ലക്ഷ്യമിടുന്നത്. യുകെയിലെ ദക്ഷിണേന്ത്യൻ കമ്മ്യൂണിറ്റിയിൽ ഗണ്യമായ വർദ്ധനയുണ്ടായതിനാൽ അവരെ ഒരു കമ്മ്യൂണിറ്റി പ്ലാറ്റ് ഫോമിൻ്റെ കുടക്കീഴിൽ ഒന്നിപ്പിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് രൂപികരിക്കപ്പെട്ടതാണ് സൈമ എന്ന ആശയം. സാംസ്കാരിക കൈമാറ്റം സാമൂഹിക പിന്തുണ കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു പ്ലാറ്റ് ഫോമായി പ്രവർത്തിക്കാൻ സൈമ പ്രൈസ്റ്റൺ ലക്ഷ്യമിടുന്നു. അതിനായി സന്തോഷ് ചാക്കോ പ്രസിഡൻ്റായ ദീർഘവീക്ഷണമുള്ള എട്ടംഗ എക്സിക്യൂട്ടിവ് കമ്മറ്റി രൂപീകരിക്കപ്പെട്ടു. ബിനുമോൻ ജോയ്, മുരളി നാരായണൻ, അനിഷ വി ഹരിഹരൻ, നിഥിൻ ടി എൻ, നിഖിൽ ജോസ് പാലത്തിങ്ങൽ, ഡോ. വിഷ്ണു നാരായണൻ, ബെസിൽ ബൈജു എന്നിവർ സൈമയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്സാണ്.
എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഓരോ അംഗവും അവരുടെ പ്രവർത്തി മേഖലയിലെ വൈദഗ്ദ്ധ്യം അനുഭവ സമ്പത്തുകൾ അഭിനിവേശം എന്നിവ സൈമയുടെ പ്രവർത്തനങ്ങൾക്ക് വൈവിധ്യം കൊണ്ടുവരുന്നു. ഇത് സൗത്ത് ഇന്ത്യൻ മലയാളി കമ്മ്യൂണിറ്റിയുടെ വിജയത്തിനും വളർച്ചയ്ക്കും അധിക സംഭാവന ചെയ്യും. നാട്ടിൽ നിന്നകന്നിരിക്കുന്ന വ്യക്തികളെ പിന്തുണക്കുന്നതിലും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അതിന് പരിഹാരം കാണാനും അതിലൂടെ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് സൈമയിലൂടെ ഞങ്ങളുടെ ലക്ഷ്യമെന്ന് സൈമയുടെ പ്രസിഡൻ്റ് സന്തോഷ് ചാക്കോ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
പ്രസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഭക്ഷിണേന്ത്യൻ മലയാളികളേയും ഈ മഹത്തായ ഉദ്യമത്തിൽ പങ്ക് ചേരാൻ സൈമ ഭാരവാഹികൾ ആഹ്വാനം ചെയ്തു.
യുഎസിലെ ഡാലസിൽ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം 20ന് നാട്ടിലെത്തിക്കും.
തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ അന്ന് പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതിക ശരീരം 21ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കും. സമയക്രമം പിന്നീട് അറിയിക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.
യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ സംസ്കാര ശുശ്രൂഷകൾ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ നേരത്തെ അറിയിച്ചിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കുകയാണെന്നും സഭാ അധികൃതർ പറഞ്ഞു.
പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതുവരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവൽ മാർ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്കാര ശുശ്രൂഷകൾക്കും നേതൃത്വം നൽകും. ബിഷപ്പുമാരായ ഡോ. സാമുവൽ മാർ തെയോഫിലോസ്, ജോൺ മാർ ഐറേനിയോസ്, ജോഷ്വ മാർ ബർന്നബാസ്, മാർട്ടിൻ മാർ അപ്രേം, മാത്യൂസ് മാർ സിൽവാനിയോസ്, ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതീക്ഷയോടെ കാത്തിരുന്ന ജീവിതസൗഭാഗ്യങ്ങൾ ഗോപികയെ തേടിയെത്തിയതിനു തൊട്ടുപിന്നാലെയാണ് വെള്ളിടിപോലെ ദുരന്തമെത്തിയത്. പതിനൊന്നുദിവസംമുൻപ് ജന്മംകൊടുത്ത പെൺകുഞ്ഞിനെക്കണ്ടു കൊതിതീരാതെയും ജീവിതാഭിലാഷമായ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെയും വാഹനാപകടത്തിന്റെ രൂപത്തിൽ മരണമെത്തുകയായിരുന്നു.
പത്തനംതിട്ട ഏനാത്തിനു സമീപം എം.സി.റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന കാറപകടത്തിൽ പൊലിഞ്ഞത് ഒരു സാധാരണകുടുംബത്തിന്റെ പ്രതീക്ഷയാണ്. കൊല്ലം കുന്നിക്കോട് ശ്രീശൈലത്തിൽ (ഇരുപ്പക്കൽവീട്) മോഹനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളായ എം.ആർ.ഗോപിക (27) രണ്ടുദിവസംമുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. പ്രസവത്തിനു തൊട്ടുപിന്നാലെയാണ് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചത്. കൃഷി അസിസ്റ്റന്റ് തസ്തികയിൽ കണ്ണൂരിലായിരുന്നു നിയമനം. കുഞ്ഞിനെ വീട്ടിലാക്കി കണ്ണൂരിലെത്തി ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്ത് പ്രസവാനന്തര ശുശ്രൂഷകൾ തുടരാനായി നാട്ടിലെത്തുകയായിരുന്നു.
വ്യാഴാഴ്ച വീട്ടിലെത്തി ഏറെക്കഴിയുംമുൻപേ കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഗോപികയും അമ്മയും ഭർത്താവ് രഞ്ജിത്തും ഭർത്തൃപിതാവുംകൂടിയാണ് കുഞ്ഞിനെ രാത്രിയിൽ അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പുലർച്ചെ മൂന്നുമണിയോടെ രഞ്ജിത്ത് ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിയോടെ ഗോപിക മരിച്ചു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
മോഹനൻ പിള്ളയും രാധാമണിയമ്മയും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് രണ്ടുമക്കളെ വളർത്തിയത്. പലചരക്കുകടയിലെ ജോലിയും കന്നുകാലിവളർത്തലുമായിരുന്നു ഉപജീവനമാർഗം. പഠിക്കാൻ സമർത്ഥരായിരുന്നു ഗോപികയും സഹോദരൻ രാജ്‌മോഹനും. ബി.എസ്‌സി. അഗ്രികൾച്ചറിനു പഠിച്ചശേഷം സർക്കാർ ജോലി ലക്ഷ്യമിട്ട് പി.എസ്.സി. പരീക്ഷയെഴുതുകയായിരുന്നു ഗോപിക. സഹോദരന് നേരത്തേ പോലീസിൽ ജോലി ലഭിച്ചിരുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറിവരുന്നതിനിടെയാണ് ദുരന്തമെത്തിയത്.
ചിരിച്ച മുഖത്തോടെമാത്രം സംസാരിക്കുന്ന ഗോപിക നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു. ഒരുവർഷംമുൻപാണ് തലവൂർ പാണ്ടിത്തിട്ട സ്വദേശിയായ രഞ്ജിത്തുമായി ഗോപികയുടെ വിവാഹം നടന്നത്. താമരക്കുടിയിൽ സ്റ്റുഡിയോ നടത്തുകയാണ് രഞ്ജിത്ത്. ചെങ്ങന്നൂരിൽ നടത്തിയ മൃതദേഹപരിശോധനയ്ക്കുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗോപികയുടെ മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.
യുകെയിലേക്കുള്ള ഏറ്റവും വലിയ മലയാളി കുടിയേറ്റത്തിന്റെ കാലഘട്ടത്തിൽ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ക്രിസ്‌തുവിന്റെ സാന്നിധ്യം പകർന്നുനൽകുകയും ചെയ്‌ത ഫാ. സജി മലയിൽ പുത്തൻപുരയിൽ 19 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വമ്പിച്ച യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസി സമൂഹം.
യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യഘട്ടങ്ങളിൽ നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു മലയാളികളായ വിശ്വാസി സമൂഹം കടന്നുപോയത്. ആ കാലയളവിൽ സജിയച്ചൻ യുകെയിലെ പലഭാഗങ്ങളിലും വിശ്രമില്ലാതെ യാത്രചെയ്‌തുകൊണ്ട് മലയാളികളായ വിശ്വാസി സമൂഹത്തിനു വേണ്ടി വിശുദ്ധകുർബാനും മറ്റു ശുശ്രൂഷകളും ഒരുക്കിക്കൊണ്ട് അവരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിന് സഹായിച്ചു. ക്‌നാനായ സമുദായത്തെ എന്നും ഹൃദയത്തോട് ചേർത്തുനിറുത്തിയ സജിയച്ചൻ ആദ്യകാലം മുതൽ തന്നെ യുകെയിലെ ക്നാനായ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ക്നാനായ കുടുംബങ്ങളുടെ കെട്ടുറപ്പിനും വിശ്വാസ പാരമ്പര്യ സംരക്ഷണത്തിനും ഉതകുന്ന നിരവധി പദ്ധതികൾ നടപ്പിൽ വരുത്തി.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിതമാകുന്നതിനു മുൻപുതന്നെ, യുകെയിലെ ക്‌നാനായ സമൂഹം ഒരു ആട്ടിൻപറ്റവും ഒരു ഇടയനുമായി ഏകമനസ്സോടെ വളരുന്നതിനുവേണ്ടി ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്‌നാനായ ചാപ്ലൻസി ലഭ്യമാക്കിയതിനും, ഇത്തരം സംവിധാനങ്ങൾ യുകെ മുഴുവൻ നിലവിൽ വരുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതിനും, പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ 15 ക്‌നാനായ മിഷനുകൾ സ്ഥാപിക്കുന്നതിനും അത് വളർത്തിയെടുക്കുന്നതിനും സജിയച്ചൻ നടത്തിയ മഹത്തായ സേവനങ്ങൾ ക്‌നാനായ സമൂഹം എന്നും നന്ദിയോടെ ഓർമ്മിക്കും.
എല്ലാ കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കാണുകയും ഏതു പ്രതിസന്ധികളെയും ക്രിസ്‌തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ അതിജീവിച്ചുകൊണ്ട് വിശ്വാസി സമൂഹത്തിന് ആവശ്യമായ കാര്യങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യുന്ന സജിയച്ചൻ പുതിയ തലമുറയിലെ വൈദികർക്ക് എന്നും ഒരു മാതൃകയാണ്. ഇപ്രകാരം അദ്ദേഹം തുടക്കം കുറിച്ച നിരവധി ആത്മീയ സംരംഭങ്ങൾ പിന്നീട് യുകെയിൽ അനേകർക്ക് വലിയ ക്രൈസ്‌തവ സാക്ഷ്യത്തിനുള്ള വേദികളായി മാറി എന്നതിന് ചരിത്രം സാക്ഷിയാണ്.
ആധുനിക കാലഘട്ടത്തിൽ ക്‌നാനായ യുവതലമുറ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ സജിയച്ചൻ കുട്ടികൾക്ക് നൽകേണ്ട കത്തോലിക്കാ വിശ്വാസത്തിന്റെയും ക്നാനായ പാരമ്പര്യത്തിന്റെയും പരിശീനത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നു. അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അദ്ദേഹം UKKCYL, സാന്തോം യൂത്ത് തുടങ്ങിയ യുവജന സംഘടനകൾക്ക് തുടക്കം കുറിച്ചു. അങ്ങനെ ക്‌നാനായ കത്തോലിക്കാ വിശ്വാസി സമൂഹം യുകെയിലെ ഏറ്റവും ശക്തമായ പ്രവാസി സമൂഹമായി വളർന്നു വരുന്നതിനും, വിശ്വസത്തിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും സുപ്രധാന പങ്കുവഹിച്ച ഫാ. സജി മലയിൽ പുത്തൻപുരയിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് ഈ മാസം പതിനൊന്നാം തിയതി ശനിയാഴ്ച, മാഞ്ചസ്‌റ്റർ ക്‌നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ വമ്പിച്ച യാത്രയയപ്പ് നൽകുവാൻ യുകെയിലെ ക്‌നാനായ സമൂഹം തയ്യാറെടുക്കുന്നു.
തഴക്കരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലിൽ ചാൽ പുഞ്ചയിൽ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം. 70 ദിവസം പ്രായമുള്ള 10000 താറാവുകൾ ആണ് ഇവിടെ ഉള്ളത്. ഇതിൽ 3000 എണ്ണം ചത്തു.
തിരുവല്ല മഞ്ഞാടി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ അറിഞ്ഞത്. ഭോപ്പാലിലെ കേന്ദ്ര ലാബിലെ റിസൾട്ട് കിട്ടിയാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ആവുകയുള്ളൂ. വെട്ടിയാർ ആശുപത്രിയിലെ ഡോ. രേണു കെ രാജ് സ്ഥലത്തെത്തി. റിപ്പോർട്ട് കിട്ടിയാലുടൻ പക്ഷികളെ നശിപ്പിക്കാൻ വേണ്ട നടപടികൾ ക്രമീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് പറഞ്ഞു.
മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തിനുശേഷം ബസിലെ ക്യാമറുയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. വൈകീട്ടോടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്തത്. തമ്പാനൂര്‍ പോലീസ് അന്വേഷിക്കുന്ന കേസില്‍ വെള്ളിയാഴ്ച രാവിലെ സ്‌റ്റേഷന്‍ മാസ്റ്ററേയും ബസിലെ കണ്ടക്ടറേയും ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടുംവിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിനെ പോലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തത്.
തര്‍ക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നല്‍കാന്‍ യദു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാല്‍, ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതുസംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസില്‍ കയറി യദു മെമ്മറി കാര്‍ഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് ചോദ്യംചെയ്തത്.
കെ.എസ്.ആര്‍.ടി.സിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്. പോലീസിന്റെ ബസ് പരിശോധനയില്‍ ക്യാമറയുടെ ഡി.വി.ആര്‍. ലഭിച്ചു. എന്നാല്‍, ഡി.വി.ആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല.
ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി.ജെസ്നയുടെ പിതാവ്‍ ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവ്.
പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി സിബിഐയ്ക്ക് നിർദേശം നൽകി. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്.പിക്ക് കോടതി കൈമാറി.
തുടരന്വേഷണത്തിൽ തെളിവുകൾ ഗുണകരമാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജസ്നയുടെ പിതാവ്‍ ജെയിംസ് പറഞ്ഞു. ജസ്ന തിരോധാനത്തിന് പിന്നാലെ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും നൽകിയിട്ടുണ്ടെന്നും പിതാവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ജസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജെയിംസ് ജോസഫ് ഹർജി സമർപ്പിച്ചത്. ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സി.ബി.ഐ. അന്വേഷണം എത്തിയില്ലെന്നും മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേസിൽ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കോടതിയെ അറിയിക്കുകയും കേസിൽ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.