Latest News

മലയാളക്കര കടന്ന് ഇന്ത്യയിലും വിദേശത്തും വരെ കുതിച്ച ‘ജിമിക്കി കമ്മല്‍’ പാട്ടിന് പുതിയ ആരാധകര്‍. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ വെളിപാടിന്റെ പുസ്തകത്തിലെ ഗാനം അങ്ങ് ദൂരെ റഷ്യയിലും ഹിറ്റായിരിക്കുകയാണ്. പാട്ടിനൊത്ത് ചുവടുവെച്ച് റഷ്യന്‍ സുന്ദരിമാരും പൊളിച്ചടുക്കി.

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ എത്തിയ റഷ്യന്‍ സുന്ദരികള്‍ ചുവടുവെച്ച ജിമിക്കി കമ്മല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ് ഈ വേര്‍ഷന്‍. ദേവ്ദാന്‍ ഡാന്‍സ് ഗ്രൂപ്പാണ് പാട്ടിനൊത്ത് ചുവടുകള്‍ വെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ജിമിക്കി കമ്മല്‍ ഒട്ടേറെ ഡാന്‍സ് പതിപ്പുകള്‍ ഹിറ്റായിട്ടുണ്ട്. ബിബിസി റിപ്പോര്‍ട്ടര്‍, ടീച്ചേഴ്‌സ് എല്ലാവരും ഈ പാട്ടിനൊത്ത് ചുവട് വെച്ചവരാണ്. പക്ഷെ അതില്‍ നിന്നൊക്കെ അടിമുടി വ്യത്യസ്തമാണ് ഈ ഡാന്‍സ് എന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്.

അമ്മ ഇനി ഉണരില്ലെന്നറിയാതെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി ഉണരുന്നത് കാത്തിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളലിയിക്കുന്നു. തിരുപ്പൂര്‍ ഊത്തുക്കുളിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപത്താണ് അമ്മയുടെ മൃതദേഹത്തിനരികില്‍ ഇരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് വഴിയരികില്‍ കണ്ടെത്തിയത്. സമീപത്ത് കരഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു വയസ്സുകാരനും ഉണ്ടായിരുന്നു.

മരിച്ച യുവതി ഉത്തരേന്ത്യക്കാരിയാണെന്നും സമീപമുണ്ടായിരുന്നത് മകനാണെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആരോ ലോറിയില്‍ കൊണ്ട് വന്ന് ഉപേക്ഷിച്ചതായി കരുതുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ട സ്ഥലത്തിന് സമീപം ദൂരയാത്ര പോകുന്ന ലോറികള്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കാറുള്ളതായി പോലീസ് പറയുന്നു.

മൃതദേഹത്തിന് സമീപം കണ്ട രണ്ട് വയസ്സുകാരനെ പോലീസ് ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഷില്ലോങ്∙ ഫാദർ ടോം ഉഴുന്നാലിലിനെ രക്ഷപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ നിശ്ചയദാർഢ്യമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ‘അമേരിക്കയ്ക്കോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിനോ പോലും അതിനു സാധിച്ചില്ല. പക്ഷേ നമ്മൾ അദ്ദേഹത്തെ തിരികെ കൊണ്ടു വന്നു’ മേഘാലയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായെത്തിയ മന്ത്രി പറഞ്ഞു.

വിദേശകാര്യമന്ത്രിയെയും ഇക്കാര്യത്തിൽ അൽഫോൻസ് അനുമോദിച്ചു. മതമോ പ്രത്യേക വിഭാഗമോ നോക്കാതെ എല്ലാ പരൗന്മാരുടെയും സംരക്ഷണം ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. യെമനിൽ നിന്നു കഴിഞ്ഞ വർഷം മാർച്ചിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഫാദർ ടോം ഉഴുന്നാലിൽ മോചിതനായ ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.

‘യെമനിൽ ഇന്ത്യൻ എംബസി ഇല്ലാതിരുന്നതിനാൽത്തന്നെ ഫാദറിന്റെ രക്ഷപ്പെടുത്തൽ ഏറെ സങ്കീർണതകൾ നിറ‍ഞ്ഞതായിരുന്നു. അവിടെ നയതന്ത്ര ഇടപെടൽ ഏറെയുണ്ടായി. എല്ലാ അയൽരാജ്യങ്ങളുമായും കൂടിക്കാഴ്ചകൾ നടത്തി’– അൽഫോൻസ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശി ഫാദർ അലക്സിസ് പ്രേംകുമാറിനെ 2015ൽ മോചിപ്പിച്ചതും ലിബിയയിൽ നിന്ന് നഴ്സുമാരെ തിരികെയെത്തിച്ച സംഭവവും സർക്കാരിന്റെ നേട്ടമായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ, മേഘാലയയിലെ കോൺഗ്രസ് സർക്കാരിനെതിരെയും അൽഫോൻസ് ആഞ്ഞടിച്ചു. മുകുൾ സാങ്മയുടെ കീഴിലുള്ള സർക്കാർ അഴിമതി നിറഞ്ഞതാണ്. സര്‍ക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകുന്നില്ല. ലോകത്ത് വേറെ എവിടെയെങ്കിലും കാണുമോ ഇങ്ങനെയൊരു സർക്കാർ?

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഏഴാം ശമ്പള കമ്മിഷന്റെ ആനുകൂല്യം ആസ്വദിക്കുമ്പോഴും അ‍ഞ്ചാം ശമ്പള കമ്മിഷൻ ശുപാർശ പോലും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും അൽഫോൻസ് വിമർശിച്ചു. ക്രിസ്ത്യൻ വിഭാഗത്തെ പ്രീണിപ്പിക്കാനാണ് തന്നെ മന്ത്രിയാക്കിയതെന്ന ആരോപണം തെറ്റാണെന്നും അൽഫോൻസ് പറഞ്ഞു.

 ന്യൂഡൽഹി ∙ രാജസ്ഥാനിലെ ബിക്കാനീറിൽ 23 പേർ ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ യുവതിയുടെ മാതാപിതാക്കൾ കേരളീയരെന്ന് രാജസ്ഥാൻ പൊലീസ്. പെണ്‍കുട്ടി ഡൽഹിയിൽ ജനിച്ചുവളർന്നെങ്കിലും ഇവരുടെ മാതാപിതാക്കൾ കേരളീയരാണെന്ന് ബിക്കാനീർ എസ്പി എസ്.എസ്. ഗോദര പറഞ്ഞു. ഡൽഹി സ്വദേശിയായ ഭർത്താവിനൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിലെന്നും എസ്പി വ്യക്തമാക്കി. യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് കണ്ടാലറിയാവുന്ന രണ്ടുപേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. ബിക്കാനീറിൽ രണ്ടു വർഷം മുൻപ് വാങ്ങിയ സ്ഥലം സന്ദർശിച്ചശേഷം മടങ്ങാനായി ജയ്പുർ റോഡിൽ ഖാട്ടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. അതുവഴി കാറിൽ വന്ന രണ്ടുപേർ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞു ക്ഷണിച്ചെങ്കിലും താൻ അതു നിരസിച്ചതായി യുവതി പറയുന്നു. ഇതോടെ അവരുടെ മട്ടുമാറി. തുടർന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

 തുടർന്ന് ഇരുവരും ചേർന്ന് ഓടുന്ന വാഹനത്തിൽ യുവതിയെ മാനഭംഗപ്പെടുത്തി. മണിക്കൂറുകളോളം ഇതു തുടർന്നു. അതിനുശേഷം വേറെ ആറു പേരെ വിളിച്ചുവരുത്തി അവർക്കും തന്നെ കൈമാറിയതായി ജയ് നാരായൺ വ്യാസ് കോളനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. അതിനുശേഷം സർക്കാർ ഉടമസ്ഥതയിലുള്ള പവർ സബ്സ്റ്റേഷൻ സ്ഥിതിചെയ്യുന്ന പലാന ഗ്രാമത്തിലെത്തിച്ചു. അവിടെവച്ച് കൂടുതൽ പേർ ചേർന്നു മാനഭംഗപ്പെടുത്തി. തുടർന്ന് സെപ്റ്റംബർ 26നു പുലർച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് അവിടെ ഉപേക്ഷിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

സെപ്റ്റംബർ 27നാണ് പരാതി ലഭിച്ചത്. 23 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ മിക്കവരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ മൊഴിയനുസരിച്ച് നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭൻവർ ലാൽ, മനോജ് കുമാർ, ജുഗൽ, മദൻ എന്നിവരാണു പിടിയിലായത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാനഭംഗം നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ. 2015ലെ റിപ്പോർട്ട് അനുസരിച്ച് 3,644 മാനഭംഗ കേസുകളാണ് രാജസ്ഥാനിൽ മാത്രം റജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

ന്യൂഡല്‍ഹി: വിമാനങ്ങളുടെ ടേക്ക്ഓഫ് വൈകുന്നത് തടയാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എയര്‍ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ടേക്ക്ഓഫ് ചെയ്തില്ലെങ്കില്‍ അവസരം നഷ്ടമാകുന്ന വിധത്തിലുള്ള പുതിയ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമയക്രമം തെറ്റിച്ചാല്‍ പിന്നീട് ക്യൂവിലുള്ള മറ്റു വിമാനങ്ങള്‍ പറന്നുയര്‍ന്നതിനു ശേഷം മാത്രമേ ടേക്ക് ഓഫ് അനുവദിക്കൂ.

സമയക്രമം തെറ്റിക്കുന്ന വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് മാറ്റാനുള്ള ഉത്തരവാദിത്തം എയര്‍ലൈന്‍ ജീവനക്കാര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കുമാണ് ഉള്ളത്. ടേക്ക്ഓഫുകള്‍ താമസിക്കുന്നത് മൂലം റണ്‍വേകളില്‍ ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനാണ് ഈ നിര്‍ദേശങ്ങള്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

ക്യാബിന്‍ പരിശോധനകളും മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ശേഷമേ ഇനി മുതല്‍ വിമാനങ്ങള്‍ റണ്‍വേയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. അനുമതി ലഭിച്ചാലുടന്‍ ടേക്ക് ഓഫ് ചെയ്യാന്‍ വിമാനം തയ്യാറായിരിക്കണം. 20 മിനിറ്റിനുള്ളില്‍ ഒരേ പാര്‍ക്കിംഗ് ബേയിലുള്ള രണ്ട് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാന്‍ പാടില്ല, തുടര്‍ച്ചയായി സമയക്രമം തെറ്റിക്കുന്നവര്‍ക്ക് പീക്ക് ടൈമുകളില്‍ മുന്‍ഗണന നഷ്ടമാകും തുടങ്ങിയവയാണ് പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നത്.

ചെര്‍പ്പുളശേരി: ദളിതനായ ക്ഷേത്രപൂജാരിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമം. പാലക്കാട് ചെര്‍പ്പുളശേരി കുന്നക്കാവ് പടുവാന്‍തൊടി വീട്ടില്‍ ബിജുവിനെ(32)യാണു ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മംഗലാംകുന്നിലെ വാടകവീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ബിജുവിന്റെ െകെയിലും കാലിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. അടുക്കള വാതില്‍ പൊളിച്ച് അകത്തുകയറിയ അക്രമി മുഖംമൂടി ധരിച്ചിരുന്നു.

ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ബിജു പറഞ്ഞു. ഭാര്യ അമൃതയും രണ്ടു കുട്ടികളും നിലവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരെ വിളിച്ച് ശ്രീകൃഷ്ണപുരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ച് ബിജുവിനെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ കൊപ്പം വിളയൂരില്‍ വെച്ചും ബിജുവിനുനേരേ വധശ്രമം ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ പൂജയ്ക്ക് പോകുന്നതിനിടെ അജ്ഞാതനായ ആള്‍ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ദേഹമാസകലം പൊള്ളലേറ്റ ബിജു ചികിത്സക്കു ശേഷം പൂജാ കര്‍മങ്ങളൊന്നും ചെയ്തിരുന്നില്ല.താന്ത്രിക വിദ്യകള്‍ അഭ്യസിച്ചിട്ടുള്ള ബിജു കുട്ടികള്‍ക്ക് വേദപഠനം നല്‍കിയിരുന്നു. ദളിതരെ ഉള്‍പ്പെടുത്തി ചണ്ഡിക ഹോമം നടത്തുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടതിനെത്തുടര്‍ന്ന് തനിക്ക് വധഭീഷണി ഉണ്ടായിരുന്നതായി ബിജു പറഞ്ഞു.

ബിജുവിന്റെ പരാതിയില്‍ ശീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വേദപഠനം പൂര്‍ത്തിയാക്കിയ ബിജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള തന്ത്രിയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിജു ഉപനയനത്തിനുശേഷം ബിജു നാരായണ ശര്‍മ്മ എന്ന പേരും സ്വീകരിച്ചിരുന്നു.

മറ്റൊരു സംഭവത്തില്‍ അബ്രാഹ്മണനാണെന്ന പേരില്‍ നിയമനം നിഷേധിക്കപ്പെട്ട ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിക്കു നേര്‍ക്കു വധഭീഷണിയുണ്ടായി. കായംകുളം ചേരാവള്ളി പാലാഴിയില്‍ സുധികുമാ(36)റിനെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രണ്ടംഗ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. വിവാദങ്ങള്‍ക്കൊടുവില്‍ സുധികുമാറിനെ കീഴ്ശാന്തിയാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തതിനു പിന്നാലെയാണ് ഭീഷണി.

ഭാര്യ സുബിമോള്‍, മക്കളായ നിരഞ്ജന, നിരഞ്ജന്‍, പിതാവ് സുകുമാരന്‍(68) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പത്തിയൂര്‍ സ്വദേശി നാരായണശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ചുമതലയേറ്റാല്‍ വെട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നു സുധികുമാറിന്റെ ഭാര്യ സുബിമോളുടെ പരാതിയില്‍ പറയുന്നു. പോലീസിലും കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ ഇന്നലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ മുമ്പാകെ സുധികുമാര്‍ കീഴ്ശാന്തിയായി ചുമതലയേറ്റെടുത്തു. അബ്രാഹ്മണനാണെന്ന പേരില്‍ സുധികുമാറിനെ കീഴ്ശാന്തിയാക്കുന്നതിനെ എതിര്‍ത്തു ക്ഷേത്ര ഭരണസമിതിയും ക്ഷേത്ര തന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നത് വന്‍വിവാദമായിരുന്നു. ചെട്ടികുളങ്ങരയിലെ പ്രശ്‌നം പരിഹരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം സുധികുമാറിന് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ഫേസ്ബുക്കില്‍ വനിതാ സുഹൃത്തിനു സ്വന്തം നഗ്നസെല്‍ഫി ചിത്രങ്ങള്‍ കൈമാറിയ യുവാവ് നാട്ടിലെങ്ങും വൈറലായി. ചിത്രങ്ങള്‍ കണ്ട യുവതി ഇവ നാടാകെ പ്രചരിപ്പിച്ചതോടെയാണ് യുവാവ് ആപ്പിലായത്. എരുമേലിക്കടുത്തുള്ള ഗ്രാമത്തിലെ യുവാവിനാണ് ഈ പണികിട്ടിയത്.

യുവതിയുടെ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് അയച്ച തന്റെ സ്വകാര്യ ചിത്രങ്ങള്‍ നാട്ടിലെങ്ങും പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണു യുവാവ്. നേരിട്ടു പരിചയമില്ലാത്ത ഈ യുവതിയുമായി ഇയാള്‍ നിരന്തരം മെസഞ്ചര്‍ വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നു. യുവതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ചിത്രങ്ങള്‍ അയച്ചു കൊടുത്തതെന്നും പറയപ്പെടുന്നു. ആകര്‍ഷകമായ പേരാണ് യുവതി തന്റെ പ്രൊഫയിലിന് നല്‍കിയിരിക്കുന്നത്.

ഇതു വ്യാജ ഫേസ്ബുക്ക് അകൗണ്ടാണോ എന്നതും യുവാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നു പണി കൊടുത്തതാണോയെന്നുമാണ് ഇപ്പോഴത്തെ സംശയം. ചിത്രം ലഭിച്ച യുവതി ഗ്രാമത്തിലെ യുവാവിന്റെ സുഹൃത്തുക്കളുടെ ഫേസ്ബുക്ക് ഇന്‍ബോക്‌സിലേക്ക് പടം അയച്ചുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് എരുമേലിയിലും പരിസരത്തുമുള്ളവര്‍ക്കും പടം കിട്ടിയത്.

ഫോട്ടോയ് കണ്ടപ്പോള്‍ തന്നെ ആളെ നാട്ടുകാര്‍ തിരിച്ചറിയുകയും ചെയ്തു. പെണ്‍കുട്ടി അയച്ചുകൊടുത്ത ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് വാട്‌സ്അപ്പ് വഴി പ്രചരിച്ചത്. ഇനി സ്വന്തമായി ഒരു നല്ല സെല്‍ഫിയെടുക്കാന്‍ പോലും യുവാവ് ധൈര്യപ്പെടില്ലെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്.

മ​ഹാ​രാ​ഷ്‌ട്രക്കാ​രി​ക്കു മ​ല​യാ​ളി ’കൈ​ കൊ​ടു​ത്തു’ അപകടത്തിൽ കൈകൾ മുറിഞ്ഞ പെൺകുട്ടിക്കു മരിച്ച മലയാളി യുവാവിന്റെ കൈകൾ ബസ്സ് അപകടത്തെ തുടർന്നു കൈകൾ മുറിച്ചുമാറ്റപ്പെട്ട പുണെ സ്വദേശി ശ്രേയ സിദ്ധനാഗൗഡർക്ക് (19) പുതിയ കൈകൾ. വാഹനാപകടത്തിൽ മരിച്ച രാജഗിരി കോളജിലെ വിദ്യാർഥി സച്ചിന്റെ കൈകളാണു ശ്രേയയ്ക്ക് അമൃത ആശുപത്രിയിൽ തുന്നിച്ചേർത്തു നൽകിയ കൈ മുട്ടിന് മുകളിൽനിന്നു കൈപ്പത്തിവരെയുള്ള ഭാഗം പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ മാറ്റിവച്ചു.

ഏഷ്യയിലെ ആദ്യത്തെ ‘അപ്പർ ആം ഡബിൾ ട്രാൻസ്പ്ലാന്റേഷൻ’ ശസ്ത്രക്രിയയാണിതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുൻപ് ഇത്തരം ശസ്ത്രക്രിയ നടന്നിട്ടുള്ളത് അമേരിക്കയിലും ജർമനിയിലും പോളണ്ടിലും മെക്സിക്കോയിലും മാത്രമാണ്. എന്നാൽ, പുരുഷന്റെ കൈകൾ സ്ത്രീക്കു വച്ചുപിടിപ്പിക്കുന്ന ലോകത്തിലെ ആദ്യ ശസ്ത്രക്രിയയാണ് ഇതെന്നും ഡോക്ടർമാർ അറിയിച്ചു. ഫക്കിർഗൗഡ സിദ്ധനാഗൗഡരുടെയും സുമ നാഗിഹള്ളിയുടെയും മകളായ ശ്രേയ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

വീട്ടിൽനിന്നു കോളജിലേക്കുള്ള യാത്രയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഞെരിഞ്ഞമർന്ന ശ്രേയയുടെ കൈകൾ മുട്ടിനു തൊട്ടു താഴെവച്ചു മുറിച്ചുമാറ്റിയിരുന്നു. അമൃതയിൽ 20 സർജൻമാരും 16 അംഗ അനസ്തീസിയ സംഘവും 14 മണിക്കൂറെടുത്താണ് കൈകൾ മാറ്റിവച്ച ശസ്ത്രക്രിയ പൂർത്തീകരിച്ചത്. ആശുപത്രി വിട്ടെങ്കിലും ഫിസിയോ തെറപ്പി ചെയ്യുന്നതിനായി ശ്രേയയും കുടുംബവും ഇപ്പോൾ കൊച്ചിയിലാണു താമസം. കൈകൾക്കു ചലനശേഷി ലഭിച്ചു തുടങ്ങി.

ആഴ്ചകൾക്കുള്ളിൽ കൈമുട്ടുകൾ ചലിപ്പിക്കാനാകും. നാഡികൾ വളരുമ്പോൾ ഒന്നര വർഷത്തിനുള്ളിൽ കൈകൾക്കു സ്പർശനശേഷി ലഭിക്കും. പുരുഷന്റെ കൈകളായതിനാൽ അൽപം വണ്ണക്കൂടുതലും നിറവ്യത്യാസവുമുണ്ട്. പക്ഷേ, ഭാവിയിൽ ഇതെല്ലാം പരിഹരിച്ചു ശ്രേയയുടെ കരങ്ങളായിത്തന്നെ ഇൗ കൈകൾ മാറും.

RECENT POSTS
Copyright © . All rights reserved