Latest News

യെമനില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലില്‍ ഒന്നര വര്‍ഷത്തിന് ശേഷം മാതൃരാജ്യത്ത് വിമാനമിറങ്ങി. റോമില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയ അദ്ദേഹം 7.26 ന് ഡല്‍ഹിയില്‍ വിമാനമിറങ്ങി. അദ്ദേഹത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഡല്‍ഹി ബിഷപ്പും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇന്ന് അദ്ദേഹം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയശേഷം നാളെ കേരളത്തില്‍ എത്തും.

വിമാനത്താവളത്തില്‍ നിന്നും ബിഷപ്പ് ഹൗസിലേക്കാണ് അദ്ദേഹം പോകുന്നത്. അവിടെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം പതിനൊന്നു മണിയോടെ പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷമാകും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച. വൈകിട്ട് 4.30 യോടെ മാധ്യമങ്ങളെ കാണും. വത്തിക്കാനില്‍ നിന്നുള്ള പുരോഹിത സംഘവും ടോം ഉഴുന്നാലിനൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. വത്തിക്കാന്‍ എംബസിയുടെ വിരുന്നിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

വൈകിട്ട് ഡോണ്‍ബോസ്‌ക്കോ ഹൗസിലേക്ക് പോകുന്ന അദ്ദേഹം അവിടെ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കാളികളാകും. നാളെ ബാംഗ്‌ളൂരിലേക്കും അവിടെ നിന്നും ഒന്നാം തീയതി കേരളത്തിലേക്കും എത്തും. റോമിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സംയുക്ത ശ്രമങ്ങളില്‍ രണ്ടാഴ്ച മുമ്പാണ് ഉഴുന്നാലിനെ ഒമാന്റെ സഹായത്തോടെ മോചിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം റോമിലേക്ക് പോകുകയായിരുന്നു. കേരളത്തിലേക്ക് നേരിട്ട് പോരാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം പ്രധാനമന്ത്രിയെയും വിദേശകാര്യമന്ത്രിയെയും കാണാന്‍ തീരുമാനം എടുത്തത്.

ഒന്നരവര്‍ഷം മുമ്പ് യെമനില്‍ വെച്ചായിരുന്നു ഐഎസ് തീവ്രവാദികള്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. യെമനില്‍ എംബസി ഇല്ലാതിരുന്നതിനാല്‍ ഇന്ത്യയ്ക്ക് മോചിപ്പിക്കല്‍ ജോലി ഏറെ ദുഷ്‌ക്കരമായിരുന്നു. ഒടുവില്‍ കേന്ദ്രത്തിന്റെയും വത്തിക്കാന്റെയും ഇടപെടലില്‍ ഒമാന്റെ സഹായത്തോടെ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായത്. തട്ടിക്കൊണ്ടു പോകലിന് ഇരയായതിന് പിന്നാലെ കേരളത്തിലെ വിവിധ പള്ളികളില്‍ അദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു

ഗള്‍ഫില്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമായി പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നതാണ് പുതിയ നിയമം.

വീട്ടുജോലിക്കാര്‍, ബോട്ട്‌തൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍ വിഭാഗങ്ങള്‍ക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. പുതിയ നിയമമനുസരിച്ച് നടപടികള്‍ പുനക്രമീകരിക്കാന്‍ ഏജന്‍സികള്‍ക്ക് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എല്ലാവിധ ചൂഷണങ്ങളും പുതിയ നിയമത്തിലൂടെ തടയാനാകും.

നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:

: ഗാര്‍ഹികത്തൊഴിലാളിയുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സ്

: ആഴ്ചയില്‍ ഒരു ദിവസം അവധി

: വര്‍ഷത്തില്‍ 30 ദിവസം ശമ്പളത്തോടുകൂടി അവധി

: പാസ്‌പോര്‍ട്ടടക്കമുള്ള വ്യക്തിഗത രേഖകള്‍ കൈവശം വെയ്ക്കാനുള്ള അവകാശം

: എട്ട് മണിക്കൂര്‍ തുടര്‍ച്ചയായതടക്കം ദിവസം 12 മണിക്കൂര്‍ വിശ്രമ സമയം

: മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

: വര്‍ഷം 30 ദിവസം മെഡിക്കല്‍ ലീവ്

: രണ്ടു വര്‍ഷം കൂടുമ്പോള്‍ വീട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ്

: അനുയോജ്യമായ താമസസ്ഥലം

: തൊഴിലുടമയുടെ ചിലവില്‍ നല്ല ഭക്ഷണം

: വസ്ത്രം വാങ്ങാന്‍ ശേഷിയില്ലെങ്കില്‍ തൊഴിലുടമയുടെ ചിലവില്‍ നല്‍കണം

: ജോലിയുടെ സ്വഭാവം, ജോലിസ്ഥലം, ശമ്പളം തുടങ്ങിയ എല്ലാ കാര്യങ്ങളും സ്വന്തം രാജ്യത്ത് നിന്ന് പോരും മുന്‍പ് തൊഴിലാളിയെ അറിയിച്ചിരിക്കണം. ഇതില്‍ വീഴ്ച വന്നാല്‍ തിരിച്ചു പോകാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. ഇതിനുള്ള ചിലവ് ഏജന്‍സി വഹിക്കണം.

: ആദ്യത്തെ ആറുമാസത്തെ പ്രൊബേഷന്‍ പിരിഡില്‍ തൊഴിലുടമ പിരിച്ചു വിട്ടാല്‍ പൂര്‍ണ്ണ ചിലവ് ഏജന്‍സി വഹിക്കണം.

: എല്ലാ മാസവും പത്താം തിയതിക്ക് മുന്‍പ് ശമ്പളം നല്‍കണം

: ശമ്പളത്തില്‍ നിന്ന് പണം പിടിക്കാന്‍ പാടില്ല. ഏതെങ്കിലും നാശ നഷ്ടത്തിന് പണം ഈടാക്കണമെങ്കില്‍ കോടതിയുടെ അനുമതി തേടണം.

: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ട്രിബ്യൂണലുകളെ സമീപിക്കാം. രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനമായില്ലെങ്കില്‍ കോടതിയിലേയ്ക്ക് കേസ് മാറും. കോടതി ചിലവുകള്‍ സൗജന്യം.

: ജോലി വിടുന്നതിന് മുന്‍പ് മന്ത്രാലയത്തെ 48 മണിക്കൂറിനുള്ളില്‍ അറിയിക്കണം

: ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഏജന്‍സിയുടെ കത്ത് മന്ത്രാലയത്തെ കാണിക്കണം. എന്നാണ് നാട്ടിലേയ്ക്ക് തിരിച്ചു പോകാനാവുക എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു യാതൊരു സത്യങ്ങളും തനിക്കു അറിയില്ലെന്നും, ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും നാദിര്‍ഷ തന്നോട് ഉറപ്പിച്ച് പറഞ്ഞതായി ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി, നാദിര്‍ഷ ഇതുമായി ബന്ധപ്പെട്ട് തന്നോട് മണിക്കൂറുകളോളം സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

“താന്‍ അഞ്ചു നേരം നിസ്കരിക്കുന്ന ഒരു ഇസ്ലാമാണ്, എന്‍റെ വാക്കുകള്‍ സത്യത്തിന്‍റെതാണ്, അതില്‍ കള്ളമില്ല , ജീവിതത്തില്‍ ഒരിക്കലും കള്ളം പറയാന്‍ എനിക്ക് കഴിയില്ല,” തെറ്റ് ചെയ്യാത്ത ദിലീപിനെ ഒരിക്കലും തനിക്ക് വഞ്ചിക്കാന്‍ കഴിയില്ലെന്നും നാദിര്‍ഷ തന്നോട് പറഞ്ഞിരുന്നതായി ഷോണ്‍ ജോര്‍ജ്ജ് പറയുന്നു. ഒരു  ചാനലിലെ ന്യൂസ് അവറില്‍ സംസാരിക്കുമ്പോഴായിരുന്നു നാദിര്‍ഷ പങ്കുവച്ച കാര്യങ്ങളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്ജ് വിശദീകരിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ മൊഴി ദിലീപിനെതിരെ നിര്‍ണ്ണായകമാകുമെന്ന് സൂചന. കേസിന്റെ തുടക്കം മുതല്‍ ദിലീപിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന റിമി ടോമിയെ പോലീസ് കാര്യത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തിയതോടെയാണ് അവര്‍ രഹസ്യ മൊഴി നല്‍കാന്‍ തയാറായത്. ദിലീപും കാവ്യയും ആക്രമിക്കപ്പെട്ട നടിയും റിമിയുമായുള്ള ബന്ധത്തെ സംബന്ധിച്ച് കേസിനെ ബാധിക്കുന്ന ചില വിലപ്പെട്ട വിവരങ്ങള്‍ റിമി ടോമിയ്ക്ക് അറിയാമെന്ന കാര്യം പോലീസിനും മനസിലായിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു റിമിയുടെ മൊഴിയെടുക്കാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും പോലീസുമായി സഹകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഭവിഷ്യത്തുകള്‍ പോലീസ് റിമിയെ ശരിയാംവണ്ണം ബോധ്യപ്പെടുത്തിയതോടെ അവര്‍ പോലീസുമായി സഹകരിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു. കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ റിമിയ്ക്ക് ദിലീപിന്റെ ആള്‍ക്കാരുടെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സിനിമാ രംഗത്ത് എത്തിയ കാലം മുതല്‍ ദിലീപുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നയാളായിരുന്നു റിമി. ദിലീപിന്റെ മിക്ക വിദേശ പര്യടന പരിപാടികളിലും റിമിയുടെ സാന്നിധ്യമുണ്ടായിരുന്നു.

Image result for rimi bhavana kavya image

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന അമേരിക്കന്‍ പര്യടനത്തിലും റിമി അംഗമായിരുന്നു. ഇരയായ നടിയും പ്രതിയായ ദിലീപും തമ്മില്‍ പിണങ്ങാനിടയായ സംഭവത്തിന് റിമിയും സാക്ഷിയായിരുന്നു എന്നതാണ് കേസില്‍ റിമിയുടെ മൊഴിയ്ക്കുള്ള പ്രാധാന്യം. മഞ്ജുവാര്യര്‍ ദിലീപിന്റെ ഭാര്യയായിരിക്കെ ഇവരെല്ലാം ഉള്‍പ്പെട്ട ഒരു സ്റ്റേജ് പരിപാടിക്കിടെ ദിലീപും കാവ്യയുമായി അടുത്ത് ഇടപഴകുന്നത് ശ്രദ്ധിക്കാനിടയായ ആക്രമിക്കപ്പെട്ട നടി ഇക്കാര്യം മഞ്ജുവിനെ അറിയിക്കണമെന്ന് റിമിയോട് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ വ്യക്തമായി കാണാത്ത കാര്യം പറയാനാകില്ലെന്നു പറഞ്ഞു റിമി ഇതിനെ എതിര്‍ത്തു. അന്ന് മുതല്‍ ആക്രമിക്കപ്പെട്ട നടിയും റിമിയും തമ്മിലുള്ള സൗഹൃദം വഷളായി. ഇരയായ നടിയും ദിലീപും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനാണ് പോലീസിന് റിമിയുടെ മൊഴി പ്രയോജനം ചെയ്യുക. നടിയും ദിലീപുമായി പിണങ്ങിയ ഈ സംഭവത്തില്‍ റിമിയും ഭാഗമായിരുന്നു. മാത്രമല്ല റിമിയും ഇതോടുകൂടി നടിയുമായി പിണങ്ങി. പിന്നീട് നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞയുടന്‍ റിമി കാവ്യാ മാധവനെ ഫോണില്‍ വിളിച്ച് കൂടുതല്‍ സമയം സംസാരിച്ചു. ഇരയ്ക്ക് ഒരു സന്ദേശം അയച്ചതല്ലാതെ നാട്ടുകാരിയായിട്ടും വിളിക്കാനോ പോയി കാണാനോ റിമി തയാറായില്ല. നടി ആക്രമിക്കപ്പെട്ടത് അറിഞ്ഞ രാത്രിയില്‍ തന്നെ കൃത്യമായി പിന്നീട് പ്രതിയായി മാറിയ ദിലീപിന്റെ വീട്ടിലേക്ക് റിമി വിളിച്ചത് തുടക്കം മുതല്‍ പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. 164ാം വകുപ്പ് പ്രകാരം റിമി ടോമി ഉള്‍പ്പെടെ സിനിമാരംഗത്തുനിന്നുള്ള നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിന്റെ അപേക്ഷ.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ തുടര്‍ന്നുള്ള വാദത്തിലും ഇക്കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപ് അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാവുന്നത് അടുത്തമാസം ഏഴാം തീയ്യതിയാണ്. അതിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുള്ളതിനാല്‍ അവസാനഘട്ട മൊഴിയെടുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം. അതേസമയം ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ് ഹൈക്കോടതി.

നടിയെ ആക്രമിച്ച കേസ് റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തേ റിമി ടോമിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍  എന്നിവയുടെ വിശദാംശങ്ങളാണ് ഫോണില്‍ ആരാഞ്ഞത്.  ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് പൊലീസ് തേടുന്നത്. ദിലീപുമായും കാവ്യയുമായും ആക്രമിക്കപ്പെട്ട നടിയുമായും റിമി ടോമിക്ക് നേരത്തെ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇവരുടെ ചില വിദേശയാത്രകളിലുണ്ടായ പ്രശ്നങ്ങളാണ് ദിലീപിന്റെ വിവാഹമോചനത്തിലേക്കും നടിയുമായുളള തര്‍ക്കത്തിലേക്കും നയിച്ചത്.

ഇത് സംബന്ധിച്ച് ടിമി ടോമിക്ക് അറിയാവുന്ന കാര്യങ്ങളാണ് അന്ന് പൊലീസ് ചോദിച്ചത്. നടിയെ ആക്രമിച്ച സംഭവം എപ്പോഴറിഞ്ഞു, സംഭവത്തിനുശേഷം ദിലിപീനേയും കാവ്യയേയും വിളിച്ചിരുന്നോ, എന്തുകൊണ്ട് വിളിച്ചു, അവരുടെ പ്രതികരണം എന്തായിരുന്നു, ഇതു സംബന്ധിച്ച് എന്തൊക്കെ അറിയാം എന്നാണ് ആരാഞ്ഞത്. റിമി ടോമിയും ദിലീപോ കാവ്യയുമായോ എതെങ്കിലും വിധത്തിലുളള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

 

 

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന തുറന്നുപറച്ചിലിനെ ന്യായീകരിച്ച് സുരേഷ് ഗോപി. ഇത് തന്റെ ആഗ്രഹമാണെന്നും കപട മനുഷ്യസ്‌നേഹികളാണ് ഇതിനെതിരെ രംഗത്തുവരുന്നതെന്നുമാണ് പ്രമുഖ ന്യൂസ് ചാനലിന്  നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്.
ഈ അഭിപ്രായ പ്രകടനം ബ്രാഹ്മണിക്കല്‍ ചിന്തകളെ ഊട്ടി ഉറപ്പിക്കുന്നതും ജാതി ചിന്തകളെ വാഴ്ത്തുന്നതുമല്ലേയെന്ന ചോദ്യത്തോട് ‘അങ്ങനെ കുരുതുന്നവര്‍ക്ക് അങ്ങനെ കരുതാം’ എന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. ഈ ഉടച്ചുവാര്‍ക്കല്‍ ഹിന്ദുമതത്തില്‍ മാത്രം മതിയോയെന്നും സുരേഷ് ഗോപി ചോദിക്കുന്നു.
‘ചര്‍ച്ചിലും മോസ്‌കിലുമെല്ലാം പുരോഹിതന്മാരുടെ രീതികളും ചിട്ടകളും ഉണ്ട്. അതൊന്നും മാറ്റാന്‍ പറയുന്നില്ലല്ലോ? നിസ്‌കാരം പഠിച്ചവരെല്ലാം ഇമാമാകുന്നില്ലാലോ? തന്ത്രവും മന്ത്രവുമെല്ലാം പഠിച്ചുവരുന്നവര്‍ കര്‍മ്മം കൊണ്ട് ബ്രാഹ്മണരാകട്ടെ, അതിന് ഞാന്‍ എതിര് പറഞ്ഞിട്ടില്ല.’ അദ്ദേഹം പറയുന്നു.

ആര്‍.എസ്.എസിലും ബി.ജെ.പിയിലും പിടിച്ച് നില്‍ക്കാന്‍ ബ്രാഹ്മണനാകണമെന്ന തിരിച്ചറിവില്‍ നിന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന കോടിയേരിയുടെ ആരോപണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത് പുള്ളി സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘അത് പുള്ളിയുടെ അഭിപ്രായം. അത് അദ്ദേഹം സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെ. എന്നോട് വേണ്ട. ഇനിയിപ്പോ രാജ്യസഭാംഗം അമ്പലത്തില്‍ പോകരുത് എന്നുകൂടി പറയുമോ ഇവര്‍? ഇതൊക്കെ ഒരു ഭക്തന്റെ ഹൃദയവികാരമാണ്. വെറുതേ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു.’ അദ്ദേഹം പറഞ്ഞു.
താന്‍ ആദിവാസികള്‍ക്കുവേണ്ടിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. കാടിന്റെ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവനാണ് താന്‍. പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പ്രഖ്യാപിക്കുന്നതിനു മുമ്പ് പൊങ്ങാട് കാട്ടിനകത്ത് കിലോമീറ്ററുകളോളം നടന്ന് ആദിവാസികള്‍ക്കുവേണ്ടി ശുചിമുറി നിര്‍മ്മിച്ച് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയെന്നു ഹൈക്കോടതി. കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതി ഏറ്റവും നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ എവിടെയെന്നു പ്രോസിക്യൂഷനോടു ചോദിച്ചത്.

കോടതിയില്‍ നിന്നും അന്വേഷണ സംഘം ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ചോദ്യവും ഇതായിരുന്നു. ഈ അവസ്ഥ തന്നെയാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഫോണ്‍ എവിടെ എന്നതാണ് അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യമെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഫോണ്‍ കിട്ടിയില്ലെങ്കിലും കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പത്താം പ്രതിയുടെ മൊഴിയില്‍ ദിലീപ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നു പറയുന്നുണ്ട്. ഒന്നരക്കോടിയായിരുന്നു വാഗ്ദാനം. കേസ് വന്നാല്‍ പ്രതിഫലം മൂന്നുകോടിയാക്കാമെന്നും പറഞ്ഞിരുന്നതായി പത്താംപ്രതിയുടെ മൊഴിയില്‍ ഉണ്ട്. കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യ മാധവന്റെ ഡ്രൈവര്‍ ശ്രമിച്ചതായും പ്രോസിക്യൂഷന്‍ പറയുന്നു. ലക്ഷ്യയുടെ മനേജറായ സുധീറിനെ കാവ്യയുടെ ഡ്രൈവര്‍  40 തവണയോളം ഫോണില്‍ വിളിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഞ്ചാമത് ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. പ്രതിഭാഗത്തിന്റെ വാദം ഇന്നലെ കഴിഞ്ഞതിനാല്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുന്നത്. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയെ മൊബൈല്‍ എവിടേയെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പ്രോസിക്യൂഷന്‍ ഇത് തന്നെയാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ ചോദ്യമെന്ന് മറുപടി നല്‍കി.
ക്വട്ടേഷന്‍ ദിലീപിന്റെയാണെന്ന് 10ാം പ്രതി വെളിപ്പെടുത്തിയിട്ടുള്ളതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നു പോലീസ്. കോടതിയില്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്‍ വാദം നടക്കവേ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുമെന്നാണു വിവരം.

അതേസമയം, ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. പോലീസ് പിടികൂടിയാല്‍ മൂന്നു കോടി നല്‍കാമെന്നും സുനിക്ക് ദിലീപ് ഉറപ്പുനല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഹൈക്കോടതിയില്‍ മൂന്നാമതും നല്‍കിയ ജാമ്യഹര്‍ജിയില്‍ ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. ദിലീപിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം പലകാര്യങ്ങളും മറച്ചു വച്ചിരിക്കുകയാണെന്നും അന്വേഷണവിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. പോലീസ് നിയമപരമല്ലാതെ തെളിവുകള്‍ ഉണ്ടാക്കുന്നു. പള്‍സര്‍ സുനി പറയുന്ന കഥകള്‍ക്കു പിന്നാലെ പോലീസ് പായുകയാണ്. യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഏഴുമാസം കഴിഞ്ഞിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു പോലീസിന്‍ന്റെ വീഴ്ചയാണ്. ഇതിന്റെ പേരിലാണ് ദിലീപിന്റെ ജാമ്യം നിഷേധിക്കുന്നത്. മൊബൈല്‍ നശിപ്പിച്ചെന്ന മൊഴിയില്‍ അന്വേഷണം നടന്നിട്ടില്ല. തനിക്കെതിരേ എന്തൊക്കെ കുറ്റങ്ങളാണു പോലീസ് ആരോപിക്കുന്നതെന്നു ദിലീപിന് അറിയില്ല.

സുനിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുമ്പോള്‍ തെളിവായി ഒരു ഫോണ്‍കോള്‍ പോലും ഇല്ല. ദിലീപിനെ വിചാരണത്തടവുകാരനാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇന്നലെ രാവിലെ സിംഗിള്‍ബെഞ്ച് ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്റെ വാദങ്ങള്‍ക്കായി ഒന്നര മണിക്കൂര്‍ വേണമെന്നു ദിലീപിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കോടതി ഇതനുവദിച്ചു. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയാക്കി പ്രോസിക്യൂഷന്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടെ നടന് ജാമ്യം ലഭിക്കുന്നത് തടയാന്‍ പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ ജാമ്യം നല്‍കരുതെന്നും കുറ്റപത്രം ഉടനെ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. നേരത്തെ രണ്ടുതവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

RECENT POSTS
Copyright © . All rights reserved